Thursday 13 September 2012

സിവില്‍ സമൂഹവും രാഷ്ട്രീയപാര്‍ട്ടികളും: അണ്ണാഹസാരെ പ്രസ്ഥാനത്തിന്റെ പതനം


അണ്ണാഹസാരെയും സംഘവും ആരംഭിച്ച അഴിമതിക്കെതിരായ പ്രസ്ഥാനം ഒരു ചുരുങ്ങിയ സമയത്തിനുള്ളില്‍ അഖിലേന്ത്യാതലത്തില്‍ പ്രതികരണം സൃഷ്ടിക്കുകയും സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ ഇതുവരെ ദൃശ്യമല്ലാത്ത തരത്തിലുള്ള ഒരു സാമൂഹ്യചലനത്തിന് തുടക്കം കുറിക്കുകയുകയും ചെയ്തിരുന്നു. അവര്‍ അറബ് കലാപങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ട സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സാധ്യതകള്‍ ഇവിടത്തെ സാഹചര്യത്തിലും ഫലപ്രദമായി ഉപയോഗപ്പെടുത്തപ്പെടുകയുണ്ടായി. അണ്ണാഹസാരെയുടെ ഒന്നും രണ്ടും നിരാഹാര സമരത്തോടുള്ള ജനങ്ങളുടെ പ്രതികരണത്തില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായ സിവില്‍ സമൂഹപ്രതികരണത്തിന്റെ സ്വഭാവം വളരെ പ്രകടമായിരുന്നു. പക്ഷേ, ഈ സ്വഭാവത്തിന്റെ രാഷ്ട്രീയ പ്രാധാന്യം തിരിച്ചറിയാന്‍ കഴിയാതെ പോയത് അണ്ണാ സംഘത്തിന് തന്നെ ആയിരുന്നു.
ലോക്പാല്‍ ബില്‍ പാസാക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വാഗ്ദാന ലംഘനത്തില്‍ പ്രതിഷേധിച്ച് ഹരിയാനയിലെ ഹിസ്സാര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തുക എന്ന് പ്രഖ്യാപിച്ചുകൊണ്ട് അണ്ണാടീം രംഗത്തെത്തിയപ്പോള്‍ കക്ഷിരാഷ്ട്രീയത്തീനതീതമായ പ്രസ്ഥാനം എന്ന പ്രതിച്ഛായയാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്.
അണ്ണാടീം രാഷ്ട്രീയ പക്വതയില്ലായ്മയുടെ കാര്യത്തിലാണ് മുന്‍കൈ നേടിയിരിക്കുന്നതെന്ന് സമീപകാല സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. പുതിയ പ്രസിഡണ്ടിനും പ്രധാനമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടും അവയെക്കുറിച്ച് അന്വേഷണങ്ങളും തുടര്‍നടപടികളും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഇക്കഴിഞ്ഞ ജൂലൈ 25-നു കെജ്‌റിവാളും ടീമംഗങ്ങളില്‍ ചിലരും നിരാഹാരം ആരംഭിച്ചു. നാലാംദിവസം അണ്ണാഹസാരെയും അതില്‍ ചേരുകയും ചെയ്തു. പുതിയൊരു രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് 10-ാം ദിവസം നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തു.
അണ്ണാഹസാരെ പുതിയ പാര്‍ട്ടി രൂപീകരണപ്രഖ്യാപനം നടത്തിയപ്പോള്‍ താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയില്ലെങ്കിലും അതിന് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രഖ്യാപിച്ചു. അണ്ണാടീമിനെ പിരിച്ചുവിട്ടതായും പറഞ്ഞു. കേന്ദ്രത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും അഴിമതിയ്‌ക്കെതിരെയും മറ്റും ആത്മാര്‍ത്ഥമായി ഒന്നും ചെയ്യുകയില്ലെന്ന് ജനങ്ങളുടെ മുന്നില്‍ തെളിയിച്ചു കാണിക്കാനുള്ള ഒരു നിമിത്തമായിട്ടാണ് ഈ സമരനാടകം അരങ്ങേറിയത്. അപ്പോള്‍ പിന്നെ മറ്റൊരു രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കുകയല്ലാതെ സംശുദ്ധരാഷ്ട്രീയത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാവില്ലല്ലോ. ഈ സമരങ്ങളിലൂടെ പുതിയ രാഷ്ട്രീയപാര്‍ട്ടിരൂപീകരണം ഒഴിച്ചുകൂടാനാകാത്ത ഒരു നടപടിയായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നാണ് ഈ സംഘം വിലയിരുത്തുന്നത്. സ്വാഭാവികമായും രാഷ്ട്രീയപാര്‍ട്ടിക്കാര്‍ ചെയ്യുന്നതുപോലുള്ള അനുഷ്ഠാനസമരങ്ങള്‍ പ്രവര്‍ത്തകര്‍ ആരംഭിക്കുകയും ചെയ്തു.
ലോകമെമ്പാടും ആധുനിക ജനാധിപത്യവ്യവസ്ഥകള്‍ നേരിടുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍, ജനാധിപത്യപ്രക്രിയയ്ക്ക് തന്നെ പുതിയ മാനം നല്‍കാന്‍ സാധ്യതകള്‍ സൃഷ്ടിച്ചുകൊണ്ട്, ഇന്ത്യന്‍ ജനാധിപത്യ സമ്പ്രദായത്തിനുള്ളില്‍ നിന്നുതന്നെ ഏറെക്കുറെ സ്വയോത്ഭവമെന്ന് തോന്നിക്കുംവിധം ഉയര്‍ന്നുവന്ന ഒരു സിവില്‍ സമൂഹപ്രസ്ഥാനം ഒരു ഈര്‍ക്കില്‍ പാര്‍ട്ടിയായി രൂപാന്തരപ്പെടുന്ന ദുരന്തദൃശ്യമാണ് നാമിവിടെ കണ്ടത്. ജനലോക്പാല്‍ ബില്ലിന് വേണ്ടി അണ്ണാഹസാരെ നിരാഹാരം ആരംഭിച്ചപ്പോള്‍ ദില്ലിയില്‍ പ്രത്യക്ഷത്തില്‍ രൂപംകൊണ്ട വിപുലമായ ജനപിന്തുണയും സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെയും മറ്റും ലഭിച്ച ദശലക്ഷങ്ങളുടെ പിന്തുണയും വോട്ടുബാങ്ക് ആയി മാറ്റാമെന്നും അതുവഴി ഇന്ത്യയിലെ സിവില്‍ സമൂഹത്തെ ഒരു പുതിയ രാഷ്ട്രീയപ്രസ്ഥാനമായി പുനസ്സംഘടിപ്പിച്ചെടുക്കാമെന്നുമാണ് കെജ്‌റിവാളും പ്രശാന്ത്ഭൂഷണുമൊക്കെ കണക്കുകൂട്ടുന്നത്. ആദ്യഘട്ടത്തില്‍ ഏറെക്കുറെ അവര്‍ ആസൂത്രണം ചെയ്ത രീതിയില്‍ കാര്യങ്ങള്‍ നീങ്ങിയപ്പോള്‍, രണ്ടാം ഘട്ടത്തിലും തങ്ങളുടെ കണക്കുകൂട്ടലുകള്‍ വിജയിക്കുമെന്നാണ് അവര്‍ കരുതിയത്. അവിടെയാണ് അവര്‍ക്ക് തെറ്റിയത്. അറബ് കലാപങ്ങളുടെ പശ്ചാത്തലവും ഇന്ത്യന്‍ സാഹചര്യങ്ങളും തമ്മിലുള്ള ഗൗരവമേറിയ വ്യത്യാസം അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അറബ് രാജ്യങ്ങളില്‍ ജനാധിപത്യം ഇതുവരെ നിലവില്‍ വന്നിട്ടില്ല. സ്വേച്ഛാധിപത്യങ്ങള്‍ക്ക് കീഴില്‍ ദീര്‍ഘകാലമായി വീര്‍പ്പുമുട്ടിയ ജനങ്ങള്‍ അത്തരം രാഷ്ട്രീയവ്യവസ്ഥകളെ തകര്‍ത്തെറിയുക എന്ന ലക്ഷ്യംവെച്ച് മുന്നേറുകയായിരുന്നു. അത്തരമൊരു അണിനിരത്തലില്‍ രാസത്വരകത്തിന്റെയും ചിലപ്പോള്‍ സംഘാടനത്തിന്റെയും കടമകളാണ് സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ ഏറ്റെടുത്ത്.
ഇന്ത്യന്‍ സാഹചര്യം ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ്. ആറു പതിറ്റാണ്ടിന്റെ വളര്‍ച്ചയും അനുഭവസമ്പത്തുമുള്ള പാര്‍ലമെന്ററി ജനാധിപത്യവും പയറ്റിത്തെളിഞ്ഞ രാഷ്ട്രീയപാര്‍ട്ടികളുടെ വന്‍ നിരയുമാണ് ഇവിടെയുള്ളത്. ഈ രാഷ്ട്രീയപാര്‍ട്ടികളുടെ വോട്ടുബാങ്കുകളില്‍ നിന്നും അതിനു പുറത്തുമായി സിവില്‍ സമൂഹത്തിന്റെ രൂപീകരണവും വളര്‍ച്ചയും സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയിലൂടെ മാത്രമേ ഉരുത്തിരിയുകയുള്ളു. ഈ പാര്‍ലമെന്ററി വ്യവസ്ഥയെയും രാഷ്ട്രീയപാര്‍ട്ടികളെയും തകര്‍ക്കാനല്ല, മെച്ചപ്പെടുത്താനാണ് ജനങ്ങളെ അണിനിരത്തേണ്ടത്. രാഷ്ട്രീയപാര്‍ട്ടികളോട് ഇഞ്ചോടിഞ്ഞ് സമരം ചെയ്തുകൊണ്ടേ മുന്നോട്ടു നീങ്ങാനാകൂ. ഈ സമരത്തില്‍ സോഷ്യല്‍ നെറ്റുവര്‍ക്കുകളെയും മറ്റും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. സോഷ്യല്‍നെറ്റ് വര്‍ക്കുകളെ ഉപയോഗിക്കുന്ന കാര്യത്തില്‍ കെജ്‌റിവാളും കൂട്ടരും രണ്ടാം ഘട്ടത്തില്‍ പരാജയപ്പെട്ടത് എന്തെങ്കിലും സാങ്കേതികമായ വീഴ്ചകള്‍ കൊണ്ടല്ല. ഒന്നാംഘട്ടത്തില്‍ അവര്‍ സൃഷ്ടിച്ച കക്ഷിരാഷ്ട്രീയത്തിനതീതമായ പ്രസ്ഥാനം എന്ന പ്രതിച്ഛായ, കക്ഷിരാഷ്ട്രീയ ഇടപെടലിലൂടെ രണ്ടാം ഘട്ടത്തില്‍ അവര്‍തന്നെ തകര്‍ത്തതുകൊണ്ടാണ്. ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന മുദ്രാവാക്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ ജനങ്ങളെ അണിനിരത്താന്‍ തക്കവിധം സജീവമാവുകയുള്ളു. രാഷ്ട്രീയപാര്‍ട്ടികളുടെ എണ്ണംകൊണ്ടും വൈവിധ്യംകൊണ്ടും ജനങ്ങള്‍ പൊറുതിമുട്ടിനില്‍ക്കുന്ന അവസ്ഥയുള്ള നമ്മുടെ രാജ്യത്ത് പുതിയൊരു രാഷ്ട്രീയപാര്‍ട്ടി എന്ന ആശയം ഒട്ടും ആകര്‍ഷണീയമല്ല. അതുകൊണ്ടാണ് കെജ്‌റിവാളിന്റെയും കൂട്ടരുടെയും പുതിയ രാഷ്ട്രീയപാര്‍ട്ടി എന്ന ലക്ഷ്യപ്രഖ്യാപനത്തോട് ജനങ്ങള്‍ പ്രത്യക്ഷത്തിലും നെറ്റുവര്‍ക്കിലൂടെയും കാര്യമായി മുന്നോട്ടുവരാതിരുന്നത്. ദില്ലിയില്‍ ആയിരത്തിലധികം പേരും വിവിധ സംസ്ഥാനകേന്ദ്രങ്ങളില്‍ ഏതാനും നൂറുകളും മാത്രമാണ് അണിനിരന്നത്. ഒരു ചെറിയ രാഷ്ട്രീയഗ്രൂപ്പ് എന്നതിനപ്പുറം മുന്നോട്ടുപോകാന്‍ അവര്‍ക്കാവില്ല.
രാഷ്ട്രീയം എന്നത് ഒരു സമൂഹത്തിന്റെ എല്ലാ ജീവിതമേഖലകളെയും ക്രമീകരിക്കുന്ന ഭരണകൂടാധികാരം കയ്യാളുന്ന പ്രക്രിയയാണ്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഓരോ രാഷ്ട്രീയപാര്‍ട്ടിയും ഈ പൊതു അധികാരം തങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുന്ന പരിപാടിയാണ് മുന്നോട്ടുവെയ്ക്കുന്നത്. പക്ഷേ, പ്രയോഗത്തില്‍ ഓരോ പാര്‍ട്ടിയും തങ്ങളുടെ അധികാരപങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും ഉറപ്പിക്കാനും ഉതകുന്ന തന്ത്രങ്ങളിലേയ്ക്കും പരിപാടികളിയേക്കും ചുരുങ്ങുന്നു. ഇതാണ് കക്ഷിരാഷ്ട്രീയം. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഈ കക്ഷിരാഷ്ട്രീയം അനിവാര്യമായ തിന്മയായി മാറിയിരിക്കുന്നു. ഈ കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിതത്വം ഏറിയും കുറഞ്ഞും പ്രകടമാവുന്നതു കാണാം. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അപചയത്തില്‍ ഇതൊരു പ്രധാനപങ്കുവഹിക്കുന്നു. ആഗോളതലത്തില്‍തന്നെ പാര്‍ലമെന്ററി ജനാധിപത്യം നേരിടുന്ന ഘടനാപരമായ പ്രതിസന്ധിയിലെ ഒരു ഘടകം ഇതാണ്. ഈ കക്ഷിരാഷ്ട്രീയ പ്രവണതയെപ്പറ്റി ജനങ്ങള്‍ക്ക് വ്യക്തമായ തിരിച്ചറിവുണ്ട്. അതുകൊണ്ടാണ് പുതിയൊരു രാഷ്ട്രീയപാര്‍ട്ടി എന്തെല്ലാം ഉദാത്തമായ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ചാലും ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കാത്തത്.
ഓരോ തിരഞ്ഞെടുപ്പിലും അധികാരത്തിലെത്തുന്ന ജനപ്രതിനിധികള്‍ അടുത്ത തിരഞ്ഞെടുപ്പുവരെയുള്ള ഇടവേളയില്‍ തങ്ങളുടേത് കുത്തകാധികാരമെന്ന രീതിയിലാണ് പെരുമാറുന്നത്. ജനപ്രതിനിധികളെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് അവരുടെ ഇടുങ്ങിയ താല്പര്യങ്ങള്‍ക്കനുസരിച്ച് ഈ അധികാരം ഉപയോഗിക്കുന്ന കാര്യത്തില്‍ നേതൃത്വം നല്‍കുന്നത്. പലപ്പോഴും ജനവിരുദ്ധം തന്നെ ആയിപ്പോകുന്ന ഈ അധികാരപ്രയോഗത്തിന് മുന്നില്‍ അവരെ അധികാരത്തിലേറ്റിയ ജനങ്ങള്‍ നിസ്സഹായരായ കാഴ്ചക്കാരായി മാറുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഘടനാപരമായ പ്രതിസന്ധിയുടെ മറ്റൊരു വശമാണിത്. അണ്ണാടീമിന്റെ മുന്‍കയ്യില്‍ ഉയര്‍ന്നുവന്ന സിവില്‍ സമൂഹപ്രസ്ഥാനം ഇക്കാര്യമാണ് വളരെ സമര്‍ത്ഥമായി തുറന്നുകാട്ടിയത്. ജനാധിപത്യവ്യവസ്ഥയില്‍ വ്യാപകമായിതീര്‍ന്നിട്ടുള്ള അഴിമിതി നിയന്ത്രിക്കാന്‍ വേണ്ടി രൂപം നല്‍കിയ ലോക്പാല്‍ ബില്‍ 43 വര്‍ഷമായിട്ട് പാസാക്കാതെ എട്ട് ലോകസഭകള്‍ തട്ടിക്കളിച്ചുകൊണ്ടിരിക്കുകയാണ്. ജനപ്രതിനിധികളും അവരുടെ രാഷ്ട്രീയപാര്‍ട്ടികളും ജനങ്ങളോട് എത്രമാത്രം നിരുത്തരവാദപരമായിട്ടാണ് പെരുമാറുന്നതെന്ന് തെളിയിക്കപ്പെടുകയായിരുന്നു. കൂടുതല്‍ ഫലപ്രദമായ ഒരു ലോക്പാല്‍ ബില്‍ ലോകസഭ അടിയന്തിരമായി പാസാക്കണമെന്ന ആവശ്യം തത്വത്തിലെങ്കിലും അംഗീകരിക്കാന്‍ പാര്‍ലമെന്റിനെയും ഭരണപ്രതിപക്ഷങ്ങളെയും നിര്‍ബ്ബന്ധിതരാക്കാന്‍ ഈ സിവില്‍ സമൂഹപ്രസ്ഥാനത്തിന് കഴിഞ്ഞു എന്നത് ചരിത്രപ്രാധാന്യമുള്ള കാല്‍വെയ്പ് തന്നെയായിരുന്നു. ജനപ്രതിനിധികളുടെ മേല്‍ പൗരസമൂഹത്തിന്റെ മേല്‍നോട്ടം എന്ന ആശയവും അതിന്റെ പ്രയോഗവും സുദീര്‍ഘമായ ഒരു ചരിത്രപ്രക്രിയയിലൂടെ മാത്രം നേടിയെടുക്കാവുന്ന കാര്യമാണ്.
ഇത്രയും ഗൗരവമേറിയ ഒരു വിഷയം ലാഘവബുദ്ധിയോടെയും അപക്വമായും കൈകാര്യം ചെയ്ത അണ്ണാടീമിന്റെ സമീപനത്തിന്റെ കാരണങ്ങള്‍ ആ നേതൃത്വത്തിന്റെ ദൗര്‍ബ്ബല്യങ്ങളില്‍ തന്നെയാണ് കണ്ടെത്തേണ്ടത്. മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ മാത്രം ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുപോന്ന അണ്ണാഹസാരെക്ക് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാനാവാതെ വരുന്നതില്‍ അസ്വാഭാവികതയില്ല. കെജ്‌റിവാളിന്റെ 'അഴിമതിക്കെതിരെ ഇന്ത്യ' എന്ന സംഘടന, ചെറിയ ചെറിയ സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് തപ്പിതടഞ്ഞാണ് ലോക്പാല്‍ ബില്ലിലെത്തിയത്. വിഷയത്തിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ പ്രാധാന്യം തിരിച്ചറിയാനുള്ള പശ്ചാത്തലം അവര്‍ക്കുമുണ്ടായിരുന്നില്ല. ഇന്നത്തെ അവസ്ഥയില്‍ അഖിലേന്ത്യാതലത്തില്‍ പരിഗണന അര്‍ഹിക്കാത്ത വിധം ചെറിയൊരു ഈര്‍ക്കില്‍ പാര്‍ട്ടിയായി ഒതുങ്ങിയേക്കാമെങ്കിലും, അവര്‍ ആരംഭിച്ചുവെച്ച ചരിത്രപ്രധാനമായ സംരംഭത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയില്ല.
ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടികളും വരുത്തുന്ന വീഴ്ചകളും വ്യതിയാനങ്ങളും അപ്പപ്പോള്‍ കണ്ടെത്തി തിരുത്താന്‍ കഴിയുംവിധം ജാഗ്രത പുലര്‍ത്തുന്ന സിവില്‍ സമൂഹത്തിന്റെ പ്രതിനിധികള്‍ പാര്‍ലമെന്റ് മുതല്‍ പഞ്ചായത്ത് വരെ എല്ലാ തലങ്ങളിലും ഉയര്‍ന്നുവരേണ്ടതുണ്ട്. ഒരു രാഷ്ട്രീയപാര്‍ട്ടിയ്ക്ക് ഈ ജോലി നിര്‍വ്വഹിക്കാനാവില്ല. അധികാരത്തില്‍ പങ്കെടുക്കാതെ അധികാരത്തെ തിരുത്താന്‍ കഴിയുന്ന ഒരു ഉപരി രാഷ്ട്രീയശക്തി. സിവില്‍ സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഇത്തരം ഒരു തിരുത്തല്‍ശക്തിയാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.

കെ.വേണു.

(6-9-2012 ലെ മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

Saturday 19 May 2012

ഇനിയും ഇത് തുടര്‍ന്നുകൂടാ


ഇനിയും ഇത് തുടര്‍ന്നുകൂടാ

കെ. വേണു

ആധുനിക കേരളത്തിന്റെ രാഷ്ട്രീയ മുഖം എത്രമാത്രം ഭീബത്സമായിരിക്കുന്നു എന്ന രാഷ്ട്രീയ വസ്തുതയാണ് ടി.പി. ചന്ദ്രശേഖരന്‍  വധത്തിലൂടെ  പ്രകടമായിരിക്കുന്നത്. അവകാശരാഷ്ട്രീയത്തിന്റെയും പ്രബുദ്ധരാഷ്ട്രീയത്തിന്റെയും മികച്ച മാതൃകയായി അഖിലേന്ത്യാതലത്തില്‍ തന്നെ പരിഗണിക്കപ്പെട്ടുപോന്ന കേരളത്തില്‍ ഇന്ന് നടക്കുന്നത് ഭിന്ന രാഷ്ട്രീയക്കാരെയും വിമതരെയുമെല്ലാം മൃഗീയവും നിഷ്ഠൂരവുമായ രീതിയില്‍ ആക്രമിക്കുകയും  കൊന്നൊടുക്കുകയും  ചെയ്യുന്ന രാഷ്ട്രീയപകപോക്കലുകളാണ്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സമൂഹം ഒറ്റക്കെട്ടായി ഉയര്‍ന്ന് നിന്ന് അവയെ അപലപിക്കുന്നതിന് പകരം, പുരോഗമനരാഷ്ട്രീയത്തിന്റെയും വര്‍ഗ്ഗരാഷ്ട്രീയത്തിന്റെയും മറ്റും തുടര്‍ച്ചയാണ് ഇത്തരം സംഭവങ്ങളെന്ന് വരുത്തിതീര്‍ത്ത് അവയെ ന്യായീകരിക്കാനും അല്ലെങ്കില്‍ ചെറിയ പാളിച്ചകളും  വ്യതിയാനങ്ങളുമെന്ന് പറഞ്ഞ് ലഘൂകരിക്കാനും ശ്രമിക്കുന്ന പ്രബലമായ ഒരു ചിന്താഗതി സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നതാണ് സ്ഥിതിഗതികളെ ഗുരുതരമാക്കുന്നത്. ഈ അവസ്ഥാ വിശേഷം പെട്ടെന്ന് ഉയര്‍ന്നുവരുന്നതല്ല. പടിപടിയായി ദശകങ്ങളിലൂടെ വളര്‍ന്ന് വന്ന് ഇപ്പോഴത്തെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നതാണ്. ഇനിയും ഇത്തരം സംഭവങ്ങള്‍ തുടര്‍ന്ന് കൂടെന്ന് നിലപാടെടുക്കുവാനും പ്രഖ്യാപിക്കാനും ശേഷിയുള്ള ഒരു പൊതുസമൂഹം കേരളത്തില്‍ ഇനിയും അവശേഷിക്കുന്നുണ്ടോ എന്നാണ് അന്വേഷിക്കേണ്ടത്. ഇല്ലെങ്കില്‍, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അതീതമായി അത്തരമൊരു പൊതുസമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍, കേരളത്തിന്റെ ജനാധിപത്യഭാവിയില്‍ ആശങ്കയുള്ളവര്‍ മുന്നോട്ടുവരേണ്ടതുണ്ട്. കേരളീയ സമൂഹത്തിന്റെ മനസ്സാക്ഷി മരവിച്ചിട്ടില്ലെന്നും പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും തന്നെയാണ് കോഴിക്കോടും വടകരയിലും മറ്റും ടി.പി.യ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ തടിച്ചുകൂടിയ അഭൂതപൂര്‍വ്വമായ ജനാവലി തെളിയിച്ചത്.

ഇത്തരം രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന പ്രവണതയുടെ അടിവേരുകള്‍ തന്നെ പിഴുതെറിഞ്ഞുകൊണ്ട് കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ ശുദ്ധീകരിക്കാനുള്ള  ഒരു യജ്ഞം തന്നെയാണ് ആവശ്യമായിട്ടുള്ളത്. ഈ രാഷ്ട്രീയപ്രവണതകളും ബന്ധപ്പെട്ട പ്രവര്‍ത്തന ശൈലികളും ശരിയായി തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ഇപ്പോഴത്തെ സംഭവത്തിന് പിന്നില്‍ ആരെന്ന് കൃത്യമായി തെളിയിക്കപ്പെടാതെ ഇത്തരമൊരു അന്വേഷണത്തിന് പ്രസക്തിയുണ്ടോ എന്ന ചോദ്യമുണ്ട്. സംഭവത്തില്‍ പങ്കെടുത്ത പ്രതികളാരൊക്കെ എന്ന് കൃത്യമായി കണ്ടെത്തുന്നതിനേക്കാള്‍ പ്രധാനം രാഷ്ട്രീയപശ്ചാത്തലവും സാഹചര്യങ്ങളും വസ്തുനിഷ്ഠമായി വിലയിരുത്തുക എന്നതാണ്. ടി.പി. കൊല്ലപ്പെടുന്നതിന് കുറച്ച് മുമ്പ്  അവരുടെ പത്രത്തില്‍ അവരുടെ സംഘടന നേരിടുന്ന ആക്രമണ പരമ്പരകളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 2008 ല്‍ സി.പി.എമ്മിനെതിരായി രാഷ്ട്രീയവിമര്‍ശനങ്ങളുന്നയിച്ചതിന്റെ പേരില്‍ നടപടികള്‍ക്ക് വിധേയരാകുകയും  സംഘടിതമായി പുറത്തുവന്ന് ആര്‍.എം.പി രൂപീകരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് തുടര്‍ടച്ചയായ ആക്രമണ പരമ്പരകളെയാണ് അവര്‍ നേരിട്ടത്. കേരളത്തിലെ സാഹചര്യത്തില്‍, സി.പി.എമ്മില്‍നിന്ന് വിഘടിച്ച് വരുന്നവരെ മറ്റേതെങ്കിലും പാര്‍ട്ടിക്കാരോ സംഘടനകളോ ഇങ്ങനെ സംഘടിതമായി ആക്രമിച്ചുകൊണ്ടിരിക്കും എന്ന് കരുതുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. അവര്‍ പുറത്തുവരികയും പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഓഞ്ചിയം പഞ്ചായത്ത് വിമതര്‍ പിടിച്ചെടുക്കുകയും ചെയ്തത് സി.പി.എമ്മിന് വലിയ രാഷ്ട്രീയനഷ്ടമാണ്  ഉണ്ടാക്കിയത്.  സി.പി.എമ്മിന് രാഷ്ട്രീയനഷ്ടമുണ്ടാക്കിയവരെ മറ്റുള്ളവര്‍ എന്തിന് ആക്രമിക്കണം. തങ്ങള്‍ക്ക് രാഷ്ട്രീയനഷ്ടമുണ്ടാക്കുന്നവര്‍ക്ക് നേരെ പ്രതികാര നടപടികളെടുക്കുക എന്നത് സി.പി.എം ഇതുവരെ എക്കാലത്തും സ്വീകരിച്ചുപോന്നിട്ടുള്ള  ശൈലിയുമാണ്.  കൂടുതല്‍ നഷ്ടമുണ്ടാക്കാതിരിക്കാനുള്ള മുന്‍കരുതലും താക്കീതുമാണ് ഇത്തരം നടപടികള്‍. ടി.പി. വിശദീകരിച്ചിട്ടുള്ള ആക്രമണ പരമ്പരയില്‍ ഏറ്റവും പ്രധാനം ഇപ്പോള്‍ ഓഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ടായ ജയരാജനും അവരുടെ യുവജനനേതാവ് ജയനും നേരെ നടന്ന ആക്രമണങ്ങളാണ്. ബോംബേറും വടിവാള്‍കൊണ്ട് ശരീരം മുഴുവന്‍ വെട്ടിമുറിവേല്‍പ്പിക്കുകയും ചെയ്യുന്ന രീതി തന്നെയാണ് രണ്ട് ആക്രമണങ്ങളിലും പ്രയോഗിക്കപ്പെട്ടത്. രണ്ടുപേരും ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെടുകയായിരുന്നു. ജയന്റെ നില തികച്ചും ഗുരുതരമായിരുന്നു. ഇടതുമുന്നണി ഭരിക്കുമ്പോള്‍ ഉണ്ടായ ഈ സംഭവങ്ങളില്‍ വധശ്രമത്തിന് കേസെടുത്തു എന്നല്ലാതെ കാര്യമായ അന്വേഷണമുണ്ടായിട്ടില്ല. പ്രതികള്‍ അറസ്റ്റുചെയ്യപ്പെട്ടുമില്ല. സി.പി.എം അനുഭാവികളായ പോലീസ് ഉദ്യോഗസ്ഥരെയാണ് ആ പ്രദേശത്തെ സ്റ്റേഷനുകളില്‍ നിയമിച്ചിരുന്നതും. ഈ സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള ടി.പി.യുടെ ലേഖനം നല്‍കുന്ന ചിത്രം വളരെ വ്യക്തമാണ്. ജയരാജനും ജയനും നേരെ നടന്ന ആക്രമണരീതി തന്നെ കൂടുതല്‍ ശക്തമായും ഫലപ്രദമായും പ്രയോഗിക്കുകയാണ് ടി.പി.ക്ക് നേരെ ചെയ്തതെന്നും 
വ്യക്തമാണ്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന താരതമ്യേന മെച്ചപ്പെട്ട പോലീസ് അന്വേഷണം  ഫലപ്രദമായ  രീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ മുമ്പുനടന്ന സംഭവങ്ങളുമായുള്ള ബന്ധം വ്യക്തമാവും. പ്രതികളെ കണ്ടെത്താനാവുകയും ചെയ്യും. പക്ഷേ, ഇത്തരം രാഷ്ട്രീയ ആക്രമണപരമ്പരകളുടെ, പിന്നിലുള്ള പ്രേരകശക്തികളെ കണ്ടെത്താന്‍, ആ സംഭവങ്ങളില്‍ പങ്കെടുക്കുന്നവരുടെ പേരും വിലാസവുമൊന്നും ആവശ്യമില്ല. സി.പി.എമ്മില്‍ നിന്ന് രാഷ്ട്രീയവിമര്‍ശനമുന്നയിച്ച് പിരിഞ്ഞുപോവുകയും ഒരു മേഖലയിലെങ്കിലും പാര്‍ട്ടിക്ക് വലിയ നഷ്ടമുണ്ടാക്കുകയും ചെയ്തവരോടുള്ള പ്രതികാര നടപടികള്‍ എന്നതിനേക്കാള്‍ അവര്‍ വളരാതിരിക്കുകയും തകരുകയും ചെയ്യുക എന്നത് സി.പി.എമ്മിന്റെ ആവശ്യമായിരുന്നു. ഓഞ്ചിയം മേഖലയില്‍ ചന്ദ്രശേഖരന്റെയും കൂട്ടരുടെയും ജനപിന്തുണ കുറയുകയല്ല, വളരുകയാണുണ്ടാവുന്നതെന്ന് കണ്ട സി.പി.എം. നേതൃത്വം കോഴിക്കോട്ട് നടന്ന പാര്‍ട്ടികോണ്‍ഗ്രസ്സിന് മുമ്പ് തന്നെ ചന്ദ്രശേഖരനെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ തീവ്രശ്രമം നടത്തുകയുണ്ടായി. തിരിച്ചുവരുന്ന അണികളെ സ്വീകരിക്കാമെങ്കിലും കുലംകുത്തികളായ ചന്ദ്രശേശരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ തിരിച്ചെടുക്കില്ലെന്ന് ഉറക്കെ പ്രഖ്യാപനം നടത്തിയ പിണറായി വിജയന്റെ വാക്കുകള്‍ വിസ്മരിച്ചുകൊണ്ടാണ് അതേ നേതൃത്വം ചന്ദ്രശേഖരനുമായി സംഭാഷണത്തിന് ശ്രമിച്ചത്. പക്ഷേ, ടി.പി.അല്പം പോലും വഴങ്ങിയില്ല., സംഭാഷണത്തിന് നിന്ന് കൊടുത്തതേയില്ല. അപ്പോള്‍ പിന്നെ സി.പി.എമ്മിന്റെ പതിവ് ശൈലിയില്‍ അവരുടെ മുന്നില്‍ മറ്റുമാര്‍ഗ്ഗമില്ല. ശല്യകാരിയായ നേതൃത്വത്തെ തുടച്ചുനീക്കുകതന്നെ. അതാണിപ്പോള്‍ സംഭവിച്ചതെന്ന് കാണാന്‍ വിഷമമില്ല.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ ഇത്തരമൊരു രാഷ്ട്രീയാബദ്ധം സി.പി.എം. ചെയ്യുമോ എന്ന ന്യായമായ ചോദ്യം അവരുടെ നേതൃത്വത്തില്‍ നിന്നുതന്നെ പലരും ഉന്നയിച്ചിട്ടുണ്ട്. സി.പി.എമ്മിനെ പ്രതിരോധിക്കാനായി ഫേസ്ബുക്ക് ചര്‍ച്ചകളിലും മറ്റും ഇടപെടുന്നവര്‍ അധികവും ഉന്നയിക്കുന്നത് ഇത്തരം ചോദ്യങ്ങളാണ്. ഇത്തരം അക്രമസംഭവങ്ങള്‍ ആസൂത്രണം ചെയ്യുകയും നടത്തുകയും ചെയ്യുന്നത് വിശദമായ രാഷ്ട്രീയചര്‍ച്ചകള്‍ നടത്തുകയോ കമ്മിറ്റിതല തീരുമാനങ്ങള്‍ എടുക്കുകയോ ചെയ്തിട്ടല്ലെന്നതാണ് യാഥാര്‍ത്ഥ്യം. സൈനികം എന്നുപറയാവുന്ന ഇത്തരം നടപടികള്‍ അങ്ങിനെ ചര്‍ച്ചചെയ്ത് തീരുമാനിക്കാനോ നടപ്പിലാക്കാനോ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചുകൊണ്ടുള്ള വ്യത്യസ്തമായ ചില പ്രവര്‍ത്തന ശൈലികള്‍ സി.പി.എമ്മില്‍  വളര്‍ന്നുവന്നിട്ടുണ്ട്.  സംഭവങ്ങളുടെ വലിപ്പചെറുപ്പമനുസരിച്ച് വിവിധ തലങ്ങളില്‍ തീരുമാനമെടുക്കുന്നതിന് പ്രത്യേക വ്യക്തികള്‍ക്ക് ചുമതല നല്‍കുന്ന രീതിയാണ് സ്വീകരിച്ചുപോന്നിട്ടുള്ളത്. അതുകൊണ്ട് തീരുമാനമെടുക്കുന്ന വ്യക്തി ഉള്‍പ്പെടുന്ന കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ തീരുമാനത്തെകുറിച്ച് അറിയണമെന്നില്ല. സംഭവം നടക്കുമ്പോള്‍ മാത്രമേ അവരും അത് അറിയുന്നുണ്ടാകു. 1930 കള്‍ മുതല്‍ക്ക് സോവിയറ്റ് പാര്‍ട്ടിയില്‍ സ്റ്റാലിന്‍ വളര്‍ത്തിക്കൊണ്ടുവന്ന തികച്ചും ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റുശൈലിയുടെ ഒരു ചെറുവകഭേദമാണ് കുറച്ചുകാലമായി സി.പി.എം.  സംഘടിപ്പിക്കുന്ന  അക്രമസംഭവങ്ങളില്‍ പ്രയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒരു ജനാധിപത്യസമൂഹത്തില്‍ ഒരു തരത്തിലും അനുവദിക്കപ്പെടാന്‍ പാടില്ലാത്ത തലത്തിലേക്ക് ഈ ശൈലി എത്തിച്ചേര്‍ന്നിരിക്കുന്നു.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തില്‍, പ്രത്യേകിച്ചും സി.പി.എമ്മില്‍ ഇത്തരമൊരു ഫാസിസ്റ്റുശൈലി കടന്നുവരികയും, വേരുറയ്ക്കുകയും ചെയ്തത് എങ്ങിനെ എന്ന് ചരിത്രപരമായിതന്നെ 
പരിശോധിക്കേണ്ട സംഗതിയാണ്. ഇത്തരമൊരു പരിശോധന ഇവിടെ അസാധ്യമാണ്. ഒരു എത്തിനോട്ടം മാത്രമാണ് കരണീയമായിട്ടുള്ളത്.

തെലുങ്കാനാ സമരവും പുന്നപ്രവയലാറും കല്‍ക്കത്താ തിസീസുമെല്ലാം നടപ്പിലാക്കുന്ന കാലത്ത്, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി പാര്‍ലമെന്ററി ജനാധിപത്യമോ നിയമവിധേയ പ്രവര്‍ത്തനമോ അംഗീകരിച്ചിരുന്നില്ല. സായുധ സമരത്തിലൂടെ അധികാരം പിടിച്ചുപറ്റുകയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ മാത്രം മേധാവിത്വത്തിലുള്ള ഭരണത്തെക്കുറിച്ച് സ്വപ്നം കാണുകയും ചെയ്യുന്നവരായിരുന്നു അന്നത്തെ കമ്മ്യൂണിസ്റ്റുകാര്‍. സ്റ്റാലിന്റെ മദ്ധ്യസ്ഥതയില്‍ തെലുങ്കാനാ സമരം പിന്‍വലിച്ച്  പാര്‍ലമെന്ററി  മാര്‍ഗ്ഗം സ്വീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍, രഹസ്യപാര്‍ട്ടിയും വിപ്ലവപ്രവര്‍ത്തനവും ഒരു വശത്ത് നിലനിര്‍ത്തിക്കൊണ്ട് പാര്‍ലമെന്ററി പ്രവര്‍ത്തനം ഏറ്റെടുക്കുകയെന്ന ഇരട്ടത്താപ്പുനയമാണ് അന്ന് സ്വീകരിച്ചത്. രഹസ്യപാര്‍ട്ടി നിലവിലില്ലാതായെങ്കിലും പാര്‍ലമെന്ററി വ്യാമോഹത്തില്‍ കുടുങ്ങിയിട്ടില്ലെന്ന് തെളിയിക്കാനും വിപ്ലവപാര്‍ട്ടിയുടെ മുഖം നിലനിര്‍ത്താനുമായി പാര്‍ലമെന്റേതര സമരങ്ങള്‍ എന്ന പേരില്‍ പല രീതിയിലുള്ള രഹസ്യപ്രവര്‍ത്തനങ്ങളും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും അക്രമങ്ങളും കമ്മ്യൂണിസ്റ്റുകാര്‍ നടത്തിക്കൊണ്ടു പോന്നിരുന്നു. പല രീതിയിലും രൂപത്തിലും ഇപ്പോഴും അതെല്ലാം തുടര്‍ന്നുകൊണ്ടിരിക്കുന്നു. 1957 ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി അധികാരത്തില്‍ വരുന്നതുവരെ, പോലീസിന്റെ ഭാഗത്തുനിന്നും ശത്രുവര്‍ഗ്ഗങ്ങളുടെ ഭാഗത്തുനിന്നും കമ്മ്യൂണിസ്റ്റുകാര്‍  നിരന്തരം  ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു.

1957ല്‍ അധികാരത്തില്‍ വന്നതോടെ, സ്ഥിതിഗതികള്‍ക്ക് മാറ്റം വന്നു. പാര്‍ട്ടിയുടെ രഹസ്യയൂണിറ്റുകള്‍ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി.വിമോചന സമരകാലത്ത് ഈ സെല്‍ഭരണം പ്രധാനവിമര്‍ശന വിഷയങ്ങളില്‍ ഒന്നായിരുന്നു. രണ്ടു ദശകങ്ങള്‍ കൊണ്ടാണ് അധികാര പാര്‍ട്ടിയിലേക്കുള്ള പരിവര്‍ത്തനം നടന്നത്. ചുരുങ്ങിയ സമയത്തേക്കാണെങ്കിലും ഇടയ്ക്കിടയ്ക്ക് അധികാരത്തില്‍ വരാന്‍ കഴിഞ്ഞതിലൂടെയാണ് .ഈ മാറ്റം സാധ്യമായത്. അടിയന്തിരാവസ്ഥയ്ക്കു ശേഷം സി.പി.എമ്മില്‍ ഈ മാറ്റം കൂടുതല്‍ പ്രകടമായിരുന്നു. 1980 കളുടെ ആരംഭത്തില്‍ സജീവമായിരുന്ന നക്‌സലൈറ്റുകള്‍ക്കെതിരെ, രാഷ്ട്രീയ അസഹിഷ്ണുതയുടെ രൂപത്തില്‍ വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. തിരിച്ചടിക്കില്ലെന്ന നക്‌സലൈറ്റു നിലപാടു നിമിത്തമാണ് അന്ന് പരസ്പര സംഘട്ടനങ്ങളും ഒഴിവാക്കപ്പെട്ടത്. എന്നാല്‍ തുടര്‍ന്ന് ആര്‍.എസ്.എസുമായി ആരംഭിച്ച സംഘട്ടനങ്ങള്‍ പരസ്പര ആക്രമണങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും നയിച്ചു.

60കളില്‍ സി.പി.എം. ആരംഭിച്ച ഗോപാലസേന പ്രകടനപരമായിരുന്നെങ്കില്‍ 80കള്‍ ആയപ്പോഴേക്കും വളണ്ടിയര്‍സേന പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും സജ്ജരാക്കപ്പെട്ടവരെകൂടി ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്നു. ഡിഫന്‍സ് വളണ്ടിയര്‍മാര്‍ എന്ന പേരില്‍ ഇത്തരം കാര്യങ്ങള്‍ക്കുവേണ്ടി പ്രത്യേകം പരിശീലിപ്പിക്കപ്പെട്ടു. ആര്‍.എസ്.എസുകാരെയും മറ്റ് എതിരാളികളെയും കൊലപ്പെടുത്തുന്നതിനുവേണ്ടി, ഈ ഡിഫന്‍സ് വളണ്ടിയര്‍മാരില്‍ നിന്ന് പ്രത്യേകം കോര്‍ഗ്രൂപ്പുകളെ പരിശീലിപ്പിക്കാനും തുടങ്ങി. ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് വേണ്ടി സജ്ജരായവരെ വിപ്ലവത്തിന് വേണ്ടി പാര്‍ട്ടി പറയുന്ന ഏത് കൃത്യവും സന്തോഷത്തോടെ ഏറ്റെടുക്കുവാന്‍ കഴിയും വിധം മാനസികമായി തയ്യാറാക്കുന്ന പരിശീലനമാണ് നല്‍കിയിരുന്നത്. തങ്ങളുടെ പാര്‍ട്ടിയുടെമാത്രം ഭരണം വരുന്ന നാളെയെ സ്വപ്നം കണ്ടുകൊണ്ട്, അത്തരം ലക്ഷ്യസാക്ഷാത്ക്കാരത്തിന് വേണ്ടി, എതിരാളികളെ മുഴുവന്‍ അരിഞ്ഞുവീഴ്ത്തുന്നത് പാവനകര്‍ത്തവ്യമായി കണക്കാക്കാനാണ് പരിശീലിപ്പിക്കപ്പെട്ടത്. തങ്ങളുടെ പാര്‍ട്ടിയുടെ മാത്രം ഭരണമുള്ള നാളെയെ ക്കുറിച്ചുള്ള സങ്കല്പം ശക്തമാവുന്നതിനനുസരിച്ച് മറ്റ് പാര്‍ട്ടിക്കാരെയും മറ്റും തുടച്ചുനീക്കുന്നത് ആവശ്യവും ന്യായവുമായിത്തീരുന്നു. ഒരു കുറ്റബോധവും തോന്നേണ്ടതില്ലെന്നു ചുരുക്കം. ആദ്യകാലങ്ങളില്‍ ഇങ്ങനെ മാനസികമായും  ആശയപരമായും സജ്ജമാക്കപ്പെട്ടവരാണ് കൊലപാതകങ്ങള്‍ അടക്കമുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ക്രമേണ ഇത്തരം വിശ്വാസങ്ങള്‍ ദുര്‍ബലമാവുകയും വിപ്ലവത്തിലുള്ള പ്രതീക്ഷതന്നെ നഷ്ടപ്പെടുകയും ചെയ്തപ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിസഖാക്കളെ കിട്ടാതായി തുടങ്ങി. അങ്ങിനെയാണ് ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ക്വട്ടേഷന്‍ സംഘങ്ങളെ ആശ്രയിക്കേണ്ടി വന്നത്. രാഷ്ട്രീയമായി ബന്ധവും താല്പര്യവും ഉള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ തന്നെ വളര്‍ത്തിയെടുക്കാനും സി.പി.എം. ശ്രദ്ധ ചെലുത്തിയിരുന്നു.

അക്രമരാഷ്ട്രീയം സി.പി.എമ്മിന്റെ മാത്രം കുത്തകയായിരുന്നില്ല. മറ്റ് വിവിധ പാര്‍ട്ടികള്‍ ഇതില്‍ പങ്കാളികളായിരുന്നു. സി.പി.എമ്മിനെ നേരിടാന്‍ കെല്പുള്ള ഒരേ ഒരു സംഘടന ആര്‍.എസ്.എസ്. -ബി.ജെ.പി. കൂട്ടുകെട്ടാണ്. രണ്ടുകൂട്ടരുടെയും സ്വഭാവ സമാനതകള്‍ അവര്‍ തമ്മിലുള്ള സംഘട്ടനത്തിന് കാരണമാകുന്നതായി കാണാം. കാഡര്‍ സ്വഭാവം രണ്ടു കൂട്ടര്‍ക്കുമുണ്ട്. രാഷ്ട്രീയസമീപനങ്ങളില്‍ ഫാസിസ്റ്റ് അംശം രണ്ട് കൂട്ടരിലും കാണാം. രണ്ട് ഫാസിസ്റ്റു സംഘടനകള്‍ പരസ്പരം ഏറ്റുമുട്ടിയേ തീരൂ.  രണ്ടുകൂട്ടരും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവില്ല എന്നതാണ്  പ്രശ്‌നം.

കണ്ണൂര്‍ ജില്ലയുടെ ചില മേഖലകളില്‍ സി.പി.എം. ഉണ്ടാക്കിയ പാര്‍ട്ടിഗ്രാമങ്ങളില്‍ കടന്നുചെല്ലാന്‍പോലും മറ്റുള്ളവര്‍ക്ക് കഴിയാതായിരുന്ന സാഹചര്യത്തിലാണ് കെ. സുധാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് അക്രമരാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത്. സി.പി.എമ്മിന്റെ അക്രമണത്തെ നേരിടാനായി മാത്രമായിരുന്നു അത്. ആര്‍.എസ്.എസിനെപ്പോലെ കണ്ണൂരിലെ കോണ്‍ഗ്രസ്സും സി.പി.എമ്മിനെ നേരിടാന്‍ കഴിയുന്ന ശക്തിയായി മാറി. വടക്കന്‍ മലബാറിലെ ചില പോക്കറ്റുകളില്‍ മുസ്ലിലീഗും തങ്ങളുടെ  പാര്‍ട്ടിഗ്രാമങ്ങളുണ്ടാക്കിയത്  അക്രമത്തിന് കാരണമായിതീരുകയുണ്ടായി. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ അങ്ങിങ്ങ് ചെറുതും വലുതുമായ പല സംഘട്ടനങ്ങളിലും ഏര്‍പ്പെടാറുണ്ട്. പക്ഷേ, മൊത്തം സംഘട്ടനങ്ങളുടെ കണക്കെടുത്താല്‍ ബഹുഭൂരിപക്ഷത്തിലും ഒരുപക്ഷത്ത് സി.പി.എം ഉണ്ടെന്ന് കാണാം. മറ്റു പാര്‍ട്ടികള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ അപൂര്‍വ്വവും യാദൃശ്ചികവുമായി സംഭവിക്കുന്നതാണ്. അതേ സമയം സി.പി.എമ്മുമായി ബന്ധപ്പെട്ട സംഘട്ടനങ്ങളില്‍ എല്ലാം ചിട്ടയായി ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളതായി കാണാം.

തലശ്ശേരിയിലെ ഒരു സ്‌കൂളില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന ബി.ജെ.പി നേതാവ് വിജയകൃഷ്ണനെ, ആ കുട്ടികളുടെ മുന്നിലിട്ട് മൃഗീയമായി വെട്ടിക്കൊന്ന സംഭവം കേരളീയ സമൂഹത്തെ ഞെട്ടിക്കുകയുണ്ടായി. എം.എന്‍. വിജയനെപ്പോലുള്ള ഒരു ഒന്നാംനിര ഇടതുപക്ഷ ബുദ്ധിജീവി ആ സംഭവത്തെ കലവറയില്ലാതെ ന്യായീകരിക്കുന്നതുകണ്ടപ്പോള്‍ കേരളീയ സമൂഹം ശബ്ദിക്കാനാകാതെ മിഴിച്ചു നില്കയാണ് ചെയ്തത്. ഇവിടെ ഏറ്റവും നീചമായ രീതിയില്‍ ചവിട്ടിമെതിക്കപ്പെട്ടത് ഒരു ജനാധിപത്യസമൂഹത്തിന്റെ രാഷ്ട്രീയമൂല്യങ്ങളാണ്. സംരക്ഷിക്കപ്പെടേണ്ട ജനാധിപത്യരാഷ്ട്രീയമൂല്യങ്ങള്‍  എന്തെല്ലാം എന്ന് പോലും തിരിച്ചറിയാനാകാത്ത ഒരു സമൂഹമായി കേരളം അധഃപതിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്. ആ പതനത്തില്‍ നിന്ന് കേരളം ഇപ്പോഴും മുക്തിനേടിയിട്ടില്ല. പ്രതിപക്ഷ ബഹുമാനം, ഭിന്നാഭിപ്രായങ്ങളോടുള്ള സഹിഷ്ണുത തുടങ്ങിയവ ഒരു ജനാധിപത്യസമൂഹത്തിന്റെ അടിസ്ഥാനഗുണങ്ങളാണ്. എന്നാല്‍ കേരളത്തില്‍ അത്തരം ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ച് ജനങ്ങള്‍ ഒട്ടും ഉല്‍ക്കണ്ഠപ്പെടാറില്ല.

സമീപകാലത്ത് സംഭവിച്ച ഷുക്കൂര്‍ വധത്തിന്റെ കാര്യം നോക്കുക. നിലവിലുള്ള ജനാധിപത്യവ്യവസ്ഥയുടെ രാഷ്ട്രീയക്രമത്തെ പാടെ വെല്ലുവിളിച്ചുകൊണ്ട് ഒരു സമാന്തരഅധികാര സംവിധാനം നടപ്പിലാക്കുകയാണ് അവിടെ ഉണ്ടായത്. പ്രതിയെന്ന് സംശയിക്കപ്പെടുന്ന ആളുടെ ഫോട്ടോ മൊബൈല്‍ഫോണിലൂടെ കൈമാറി പരിശോധിക്കുകയും ഉറപ്പുവരുത്തുകയും ചെയ്തിട്ട് ഉണ്ടാക്കിയ വിധിനടപ്പിലാക്കുകയാണ് ചെയ്തത്. ഈ രാഷ്ട്രീയവെല്ലുവിളിയുടെ സ്വഭാവം തിരിച്ചറിഞ്ഞ് അത് ആവര്‍ത്തിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കാനായി കേരളീയ സമൂഹം ഒന്നും ചെയ്തില്ല. പ്രശ്‌നം ഗൗരവപൂര്‍വ്വം പരിഗണിക്കാന്‍പോലും നമ്മള്‍ തയ്യാറായില്ല. സി.പി.എമ്മും ലീഗും തമ്മിലുള്ള ചില രാഷ്ട്രീയ പ്രശ്‌നങ്ങള്‍ എന്ന നിലയ്ക്ക് മാത്രമാണ് പലരും ആ പ്രശ്‌നത്തെ നോക്കിക്കണ്ടത്.

ഇടതുമുന്നണി ഭരണത്തിലിരിക്കുമ്പോള്‍ പരിയാരം സഹകരണ മെഡിക്കല്‍ കോളേജിന്റെ സഹകരണസംഘത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പോലീസിനെ ഉപയോഗിച്ച് യഥാര്‍ത്ഥ സഹകാരികളില്‍ ഭൂരിപക്ഷത്തെ വോട്ടു ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും പരസ്യമായി കള്ളവോട്ട് ചെയ്ത് ഭൂരിപക്ഷമുണ്ടാക്കുകയും ചെയ്തത് ടി.വി. ചാനലുകള്‍ യാതൊരു മറയും കൂടാതെ നമുക്കു കാണിച്ചുതന്നിരുന്നു.ഒരു ജനാധിപത്യപ്രക്രിയയില്‍ പോലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് കൃത്രിമമായ ഭൂരിപക്ഷമുണ്ടാക്കി അധികാരം പിടിച്ചെടുക്കുന്ന കാഴ്ചയാണ് ദൃശ്യമാദ്ധ്യമങ്ങള്‍ കാണിച്ചുതന്നത്. വന്‍ഭൂരിപക്ഷം യഥാര്‍ത്ഥത്തില്‍ ഉണ്ടായിട്ടും പരാജയപ്പെടേണ്ടിവന്ന പക്ഷത്തിന് കോടതിയെ സമീപിക്കേണ്ടിവന്നു. ദൃശ്യമാദ്ധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട കോടതി സത്യം മനസ്സിലാക്കി ഉചിതമായ തീരുമാനങ്ങളെടുക്കുമെന്ന് പ്രതീക്ഷിച്ചുപോവുക സ്വാഭാവികം. പക്ഷേ, സംഭവിച്ചത് നേരെ തിരിച്ചും. കണ്ട കാഴ്ചകള്‍ക്ക് വിപരീതമായി പോലീസ് നല്‍കിയ കള്ളറിപ്പോര്‍ട്ടുകളെ മുഖവിലയ്‌ക്കെടുത്തുകൊണ്ടുള്ള വിധിയാണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായത്. ഭൂരിപക്ഷത്തിന്റെ വോട്ടവകാശം പോലീസിനെ ഉപയോഗിച്ച് തടഞ്ഞുവെച്ച് ന്യൂനപക്ഷം അധികാരം പിടിച്ചെടുത്ത്, കോടതിയുടെ സഹായത്തോടെ ഭരണം നടത്തുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മുരത്ത സ്റ്റാലിനിസ്റ്റുകള്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ഫാസിസ്റ്റ് രീതിയാണിത്. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയിലെ പഴുതുകളും ദുര്‍ബലവശങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട്, അധികാരത്തിന്റെ എല്ലാ മേഖലകളിലേക്കും നുഴഞ്ഞുകയറാനും പിടിച്ചുകയറാനുമുള്ള തീവ്രശ്രമങ്ങളാണ് സി.പി.എം. നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് കാണാന്‍ പ്രയാസമില്ല.

ഇടതുമുന്നണി ഇപ്പോള്‍ അധികാരത്തിലില്ലെങ്കിലും കേരളത്തിലെ വിവിധ അധികാരമേഖലകളില്‍, അധികാരത്തിലുള്ള യു.ഡി.എഫിനെയും കോണ്‍ഗ്രസ്സിനെയും അപേക്ഷിച്ച് യഥാര്‍ത്ഥ നിയന്ത്രണാധികാരം സി.പി.എമ്മിന്റെ കയ്യിലാണ്. സാധാരണ സര്‍ക്കാര്‍ ജീവനക്കാരെ കൂടാതെ ഗസറ്റ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ എഞ്ചീനീയര്‍മാര്‍, ബാങ്ക് ഓഫീസര്‍മാര്‍, കോടതി ജീവനക്കാര്‍, പോലീസ് സേന എന്നിവിടങ്ങളിലെല്ലാമുള്ള സംഘടനകളുടെ മേലുള്ള പൊതുമേധാവിത്തം കൂടാതെ, ട്രേഡ് യൂണിയനുകള്‍ക്കുള്ളില്‍ രഹസ്യഫ്രാക്ഷനുകളുണ്ടാക്കി പ്രവര്‍ത്തിക്കുന്ന ജനാധിപത്യവിരുദ്ധശൈലി കൂടി ഉപയോഗിച്ചുകൊണ്ട് , ഈ അധികാര മേഖലകളെയെല്ലാം തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ സി.പി.എം. നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കുറെയെല്ലാം നേട്ടമുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്.

ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ആറുപതിറ്റാണ്ടിലധികം പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഇവിടത്തെ കമ്മ്യൂണിസ്റ്റുകാര്‍ ജനാധിപത്യവിപ്ലവം പൂര്‍ത്തീകരിക്കുന്നതിന്, പാര്‍ലമെന്ററി പാത സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നും അത് ശുഭോദര്‍ക്കുമായ ഒരു നീക്കമാണെന്നും ആണ് ഈ ലേഖകന്‍ ഉള്‍പ്പെടെ ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്ന പലരും കരുതിയിരുന്നത്. കഴിഞ്ഞ അഞ്ചുപത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടിരേഖകളില്‍, അറച്ചറച്ചാണെങ്കിലും വരുത്തിക്കൊണ്ടിരുന്ന മാറ്റങ്ങള്‍ സസുക്ഷ്മം നിരീക്ഷിച്ചുകൊണ്ടാണ് ഈ നിഗമനത്തിലേക്ക് എത്തിയിരുന്നത്. എന്നാല്‍, സംഘടനാരംഗത്തും ബഹുജനസംഘടനകളുടെ തലത്തിലുമെല്ലാം തനി സ്റ്റാലിനിസ്റ്റ് രീതി തന്നെ മുറുക്കെ പിടിയ്ക്കുന്നത് കണ്ടപ്പോള്‍ ഗൗരവമേറിയ പല സംശയങ്ങളും എന്റെ മനസ്സില്‍ ഉയര്‍ന്നുവന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ ജനാധിപത്യത്തിന്റെ പാതയിലാണ് നീങ്ങുന്നതെന്ന എന്റെ വിലയിരുത്തല്‍ ഞാന്‍ തിരുത്തുകയാണ്. ഇത്രയും കാലംകൊണ്ട്് അവര്‍ പഠിച്ചത് പാര്‍ലമെന്ററി ജനാധിപത്യം സൃഷ്ടിക്കുന്ന ഭരണസമ്പ്രദായത്തിന്റെ ദൗര്‍ബല്യങ്ങളും പഴുതുകളുമെല്ലാം എന്താണെന്ന കാര്യമാണ്. ഈ പഠിച്ച കാര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇതുവരെ സ്വീകരിച്ചുപോന്ന ലെനിനിസ്റ്റ് മുന്നണിപ്പടശൈലിയിലെ നേതൃത്വത്തിന്റെ ഗൂഢാലോചനീരീതികളും സ്റ്റാലിന്റെ നിഷ്ഠൂരമായ അധികാരപ്രയോഗരീതികളും പ്രയോഗത്തില്‍ വരുത്തിയാല്‍ നിലവിലുള്ള ഭരണവ്യവസ്ഥയെ തകര്‍ക്കാതെ ജനാധിപത്യവ്യവസ്ഥയിലെ അധികാരമേഖലകള്‍ പലതും കയ്യടക്കാം എന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. ഈ ശൈലി ഉപയോഗിച്ചുകൊണ്ട് ഇപ്പോള്‍ അവര്‍ക്ക് സ്വാധീനമുള്ള മൂന്ന് സംസ്ഥാനങ്ങളിലും  താത്ക്കാലികമായി പലനേട്ടങ്ങളും ഉണ്ടാക്കാന്‍ കഴിഞ്ഞേക്കാമെങ്കിലും അവരുടെ കണക്കുകൂട്ടല്‍ ഒരു വ്യാമോഹമായി അവസാനിക്കാനാണ് സാധ്യത. കാരണം ജനാധിപത്യവ്യവസ്ഥയ്ക്ക് അനവധി ദൗര്‍ബല്യങ്ങളും പഴുതുകളുമൊക്കെയുണ്ടെങ്കിലും അതൊരു തുറന്ന വ്യവസ്ഥയാണ്. ഭരണവ്യവസ്ഥയെ നിരന്തരം സുതാര്യമാക്കിമാറ്റാനള്ള അനവധി സാധ്യതകളാണ് തുറന്നുവന്നുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിന്റെ ഈ അപ്രതിരോധ്യമായ സുതാര്യവല്‍ക്കരണ പ്രക്രിയയ്ക്കു മുന്നില്‍ ലെനിനിസ്റ്റ്, സ്റ്റാലിനിസ്റ്റ് ഗൂഢാലോചനാരീതികള്‍ക്കൊന്നും പിടിച്ചുനില്‍ക്കാനാവില്ല.

പക്ഷേ, താത്ക്കാലികമായും  പരിമിതമായ തലങ്ങളിലും അതിന് സൃഷ്ടിക്കാന്‍ കഴിയുന്ന അപകടങ്ങള്‍ കുറച്ചുകാണേണ്ടതില്ല. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയെ ഗ്രസിച്ചിട്ടുള്ള മാരകമായ കാന്‍സര്‍ തന്നെയാണ് ഈ ലെനിനിസ്റ്റ്, സ്റ്റാലിനിസ്റ്റ്, ഇന്ത്യന്‍ കമ്മ്യൂണിസം. ഭാഗ്യത്തിന് , ഇപ്പോഴുള്ള കേരളം ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങള്‍ക്കപ്പുറത്തേയ്ക്ക് ഒരിഞ്ച്‌പോലും നീങ്ങാനാവാത്ത അവസ്ഥയിലായതുകൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തെ ഗ്രസിക്കാന് അതിനാവില്ല. എങ്കിലും ഈ മൂന്ന് സംസ്ഥാനങ്ങളിലും അതിപ്പോഴും ഒരു മാറാരോഗം തന്നെയാണ്. കേരളത്തില്‍ ഇപ്പോഴിത് സവിശേഷമായ ഒരു ഘട്ടത്തില്‍ എത്തിനില്ക്കുകയാണ്. നെയ്യാറ്റിന്‍കരയിലെ എം. എല്‍.എ. സ്ഥാനം രാജിവെച്ചുകൊണ്ട് ശെല്‍വരാജ് പുറത്തുവിട്ട പ്രസ്ഥാവനയില്‍ കേരളത്തിലെ സി.പി.എം. കണ്ണൂര്‍ ലോബിയുടെ പിടിയിലാണെന്ന് പറയുകയുണ്ടായി. ശരിയാണത്.

ടി.പി.  ചന്ദ്രശേഖരനെപ്പോലെ  സത്യസന്ധനും അര്‍പ്പണബോധവുമുള്ളവനുമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയിട്ട് ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടില്‍, പക്ഷേ, ഞെട്ടിപ്പിക്കുന്ന കൊലച്ചിരിയുമായി ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ കഴിയുന്ന കമ്മ്യൂണിസ്റ്റു ഗുണ്ടാസംഘമാണ് ഈ കണ്ണൂര്‍ ലോബി. അച്ചുതാനന്ദന്മാര്‍ക്കോ തോമസ് ഐസകുമാര്‍ക്കോ ഒന്നും ഈ കഴുകന്മാരുടെ പിടിയില്‍ നിന്ന് അതിനെ മോചിപ്പിക്കാനാവില്ല. അങ്ങിനെ മോചിപ്പിക്കേണ്ട ഒരു സാധനമല്ല അതെന്നും തിരിച്ചറിയണം.
ചന്ദ്രശേഖരനും സഖാക്കള്‍ക്കും തെറ്റിപ്പോയത് ഇവിടെത്തന്നെയാണ്. ലെനിനിസത്തിന്റെയും   സ്റ്റാലിനിസത്തിന്റെയും കണ്ണൂര്‍ലോബിയുടെയുമെല്ലാം ഫാസിസത്തിന്റെ പ്രചോദനകേന്ദ്രം ചന്ദ്രശേഖരനെപ്പോലുള്ള നിഷ്‌കളങ്കരായ സഖാക്കള്‍ താലോലിക്കുകയും മാറോടുചേര്‍ത്തു പിടിക്കുകയും ചെയ്ത ആ ഉദാത്ത സങ്കല്പം അതെ, തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം, അതുതന്നെയാണ് . പാരീസ് കമ്മ്യൂണിന്റെ നൈമിഷികമായ ഉദാത്തപ്രഭയില്‍ തിളങ്ങിനിന്ന തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യസങ്കല്പം ലെനിനിന്റെ കയ്യില്‍ സ്ഥായീരൂപം കൈവരിച്ചപ്പോള്‍, ഏകപാര്‍ട്ടി സ്വേച്ഛാധിപത്യമായി മാറിയത് അനിവാര്യമായ ചരിത്രപ്രക്രിയയുടെ ഫലം തന്നെയായിരുന്നു. അതിന്റെ ഘടനാപരമായ തനതുരൂപം തന്നെയാണ് അതിനെ സ്റ്റാലിനിസ്റ്റ് ഫാസിസത്തിലേക്ക് നയിച്ചതും. ഏകപാര്‍ട്ടി സ്വേച്ഛാധിപത്യത്തിന്റെ ഘടനയ്ക്കുള്ളില്‍ മാവോയുടെ രണ്ടുലൈന്‍ സമരത്തിനിപ്പുറമുള്ള ജനാധിപത്യമൊന്നും പ്രയോഗിക്കാനാവില്ല എന്ന് വിലപ്പെട്ട ചരിത്രാനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. നൂറ്റാണ്ടിലേറെക്കാലം കൊണ്ട് ചരിത്രം കനത്ത വിലനല്‍കിപഠിപ്പിച്ച പാഠങ്ങളെ പാടെ അവഗണിച്ചുകൊണ്ട് ഇത്തരം സങ്കല്പങ്ങള്‍ക്ക് പിന്നാലെ വൈകാരികമായി മുന്നോട്ടുനീങ്ങുന്നതിലര്‍ത്ഥമില്ല.
മനുഷ്യസമൂഹത്തിന്റെ ജനാധിപത്യചരിത്രത്തെ കൂടുതല്‍ തെളിമയോടെ നോക്കിക്കാണാന്‍  സമയമായിരിക്കുന്നു.  ജനാധിപത്യം മുതലാളിത്തത്തിന്റെ സൃഷ്ടിയല്ല. ഗോത്രസമൂഹകാലം മുതല്‍ക്കേ പ്രവര്‍ത്തനമാരംഭിച്ച സാമൂഹ്യസംഘടനാ രൂപമാണത്. മനുഷ്യസമൂഹത്തിന്റെ ചരിത്രത്തിലുടനീളം ഈ സാമൂഹ്യസംഘടനാ രൂപം വിവിധരൂപങ്ങള്‍ കൈവരിച്ചിട്ടുണ്ട്. പാര്‍ലമെന്ററി ജനാധിപത്യം അതിലൊന്നുമാത്രമാണ്.  അത്  ജനാധിപത്യത്തിന്റെ അവസാനരൂപമല്ലതാനും. മനുഷ്യസമൂഹം നിലനില്‍ക്കുന്നിടത്തോളം കാലം ജനാധിപത്യം നിരന്തരം വികസിച്ചുകൊണ്ടിരിക്കും. മനുഷ്യസമൂഹം നേരിടുന്ന എല്ലാവിധ പ്രശ്‌നങ്ങളും, ഉച്ചനീചത്വത്തിന്റെതായാലും, വികസനത്തിന്റെതായാലും, പരിസ്ഥിതിസംരക്ഷണത്തിന്റെതായാലും ലിംഗസമത്വത്തിന്റെതായാലും, മറ്റെന്തു പ്രശ്‌നങ്ങളായാലും ജനാധിപത്യപ്രക്രിയയിലൂടെ തന്നെയാണ് പരിഹരിക്കാനാവുക. ജനാധിപത്യത്തിന്റെ അനുസ്യൂതപ്രവാഹമാണ് മനുഷ്യസമൂഹത്തിന്റെ ഭാവിദിശാസൂചകം.

കമ്മ്യൂണിസ്റ്റുസ്വപ്നവും പ്രത്യയശാസ്ത്രവും


കമ്മ്യൂണിസ്റ്റുസ്വപ്നവും പ്രത്യയശാസ്ത്രവും

- കെ. വേണു

കേരളത്തിലെ വോട്ടര്‍മാരില്‍ 40-45 ശതമാനം സ്ഥിരമായി കമ്മ്യൂണിസ്റ്റിടതുപക്ഷത്തിന് വോട്ടുചെയ്യുന്നവരാണ്. ശേഷിക്കുന്നവരിലും ചെറിയതോതിലൊരു കമ്മ്യൂണിസ്റ്റാഭിമുഖ്യം ദൃശ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ്സുകാരില്‍ ഗണ്യമായ വിഭാഗത്തില്‍ പ്രകടമാവുന്ന സോഷ്യലിസ്റ്റാഭിമുഖ്യമാണ് ഈ ധാരണയ്ക്കടിസ്ഥാനം. 1940കളിലും '50കളിലും കേരളത്തില്‍ ശക്തമായി സ്വാധീനം ചെലുത്തിയ കമ്മ്യൂണിസ്റ്റുസ്വപ്നത്തിന്റെ പിന്‍തുടര്‍ച്ച, ഏറെ ദുര്‍ബലപ്പെട്ട അവസ്ഥയിലാണെങ്കിലും, കേരളാന്തരീക്ഷത്തില്‍ പ്രകടമാണ്. അവ്യക്തരൂപത്തിലാണെങ്കിലും ഇങ്ങിനെയൊരു കമ്മ്യൂണിസ്റ്റു സ്വപ്നം താലോലിക്കുന്ന ഒരു സമൂഹം കേരളത്തിലെ പോലെ (ഒരുപക്ഷേ, പശ്ചിമബംഗാളിലും) ലോകത്ത് മറ്റെവിടെയെങ്കിലും കാണുമെന്ന് തോന്നുന്നില്ല. ഏറെക്കാലം കമ്മ്യൂണിസ്റ്റു ഭരണം നിലനിന്ന സോവിയറ്റു യൂണിയനിലും ചൈനയിലും മറ്റിടങ്ങളിലുമെല്ലാം കമ്മ്യൂണിസ്റ്റു സ്വപ്നം താലോലിക്കുന്നവരെ കാണാന്‍ പ്രയാസമായിരിക്കും. അവിടങ്ങളിലെ പുതിയ തലമുറ കമ്മ്യൂണിസത്തെ താലോലിക്കുകയല്ല, വെറുക്കുകയാണ് ചെയ്യുന്നത്. പഴയ കമ്മ്യൂണിസ്റ്റുകാലത്തെക്കുറിച്ച് ഗൃഹാതുരത്വത്തോടെ ഓര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ വളരെ വിരളമായിട്ടെങ്കിലും ഈ സമൂഹങ്ങളില്‍ കാണാമെങ്കിലും അവര്‍ക്ക് പുതിയ തലമുറയെ പ്രചോദിപ്പിക്കാന്‍ കഴിയാറില്ല.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നടക്കുന്ന സ്വേച്ഛാധിപത്യവിരുദ്ധ, ജനകീയസമരങ്ങളുടെ പേരും പറഞ്ഞ് അവിടങ്ങളില്‍ കമ്മ്യൂണിസം പുനര്‍ജനിക്കുന്നു എന്ന് വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്നവരെ ഇവിടെ കാണാം. ഈ ദിശയിലുള്ള സംഘടിതമായ പ്രചരണം തന്നെ ഇവടെ നടക്കുന്നുണ്ട്. ലാറ്റിനമേരിക്കയില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ നന്നേ കുറവാണ്. ഉള്ളവ തന്നെ, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളെന്ന് പോലും വിളിക്കാന്‍ പറ്റാത്തവിധം പരിഷ്‌ക്കരിക്കപ്പെട്ടവയാണ്. മുഖ്യമായും ജനാധിപത്യത്തിനും സാമൂഹ്യനീതിക്കും വേണ്ടി പോരാടുന്ന പാര്‍ട്ടികളും പ്രസ്ഥാനങ്ങളുമാണ് അവിടെയുള്ളത്. ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പലതരം സാമൂഹ്യകൂട്ടായ്മകളും മറ്റും വളര്‍ത്തിയെടുക്കാനുള്ള പരീക്ഷണങ്ങള്‍ അവിടെ നടക്കുന്നുണ്ട്. ജനാധിപത്യപരമായ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുള്ള അന്വേഷണങ്ങളാണിവ. ക്യൂബന്‍ കമ്മ്യൂണിസം ഇന്ന് ലാറ്റിനമേരിക്കയ്ക്ക് പ്രചോദനമല്ല. ക്യൂബയിലെ സാധാരണക്കാരില്‍ ഗണ്യമായ വിഭാഗം സ്ഥിരം തൊഴുലുണ്ടായിരുന്നത് നഷ്ടപ്പെട്ട് സ്വയംതൊഴില്‍ കണ്ടെത്താനുള്ള ബദ്ധപ്പാടിലാണ്. അവശേഷിക്കുന്നവര്‍ എന്നാണ് തൊഴില്‍ നഷ്ടപ്പെടാന്‍ പോകുന്നതെന്ന ആശങ്കയിലുമാണ്. കമ്മ്യൂണിസ്റ്റുസ്വപ്നമെല്ലാം അവര്‍ എന്നേ വിസ്മരിച്ചുകഴിഞ്ഞിരിക്കുന്നു.

യൂറോപ്പില്‍ ചില കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഇപ്പോഴും ആ പേര് നിലനിര്‍ത്തുന്നുണ്ട്. പക്ഷേ, ഗണ്യമായ തോതില്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ട പാര്‍ട്ടികളാണവ. കമ്മ്യൂണിസം ജനാധിപത്യവിരുദ്ധമാണെന്ന് വിലയിരുത്തി കമ്മ്യൂണിസ്റ്റു സങ്കല്പത്തെ തിരസ്‌കരിച്ചുകൊണ്ട്, ജനാധിപത്യത്തിലൂടെ സോഷ്യലിസം എന്ന സോഷ്യല്‍ ഡെമോക്രാറ്റിക് നിലപാടെടുത്തിട്ടുള്ള പാര്‍ട്ടികളാണ് പിന്നെയുള്ളത്. കമ്മ്യൂണിസ്റ്റു സ്വപ്നം ഇപ്പോഴും കാണുന്നവര്‍ കമ്മ്യൂണിസ്റ്റു തീവ്രവാദികളാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന അവര്‍ക്ക് സാമൂഹ്യശക്തിയായി മാറാന്‍ കഴിയാറില്ല, കഴിയുകയുമില്ല.
ലോകനിലവാരത്തില്‍ കമ്മ്യൂണിസത്തിനേറ്റ തിരിച്ചടിയുടെ വ്യാപ്തി ഇത്ര വിപുലവും ആഴത്തിലുള്ളതും ആയിരിക്കുമ്പോഴാണ്, ഇതൊന്നും അറിയാതെ, പഴയ കമ്മ്യൂണിസ്റ്റു സ്വപ്നം താലോലിക്കാന്‍ മുതിരുന്ന ഒരു സമൂഹം ഇവിടെയുള്ളത്. ആ സ്വപ്നത്തിന് പഴയ കാലത്തെ തീവ്രതയൊന്നും ഇപ്പോഴില്ലെങ്കിലും അതിനെ കയ്യൊഴിയാനാകാത്ത അവസ്ഥയിലുമാണ് കേരളീയ സമൂഹം. '30 കളിലും '40കളിലും സോവിയറ്റ് യൂണിയനില്‍ സ്റ്റാലിന്‍ നടപ്പാക്കിയ ഫാസിസ്റ്റുഭീകരതയെക്കുറിച്ച് ഒന്നുമറിയാതെ അവിടെ നിലനില്‍ക്കുന്നു എന്ന് കരുതപ്പെട്ടിരുന്ന സ്വര്‍ഗ്ഗാന്തരീക്ഷം ഇവിടെ പുനരുല്‍പ്പാദിപ്പിക്കുന്നതിനെക്കുറിച്ചുള്ള സ്വപ്നമാണ് അന്ന് മുതല്‍ മലയാളികള്‍ താലോലിക്കാന്‍ തുടങ്ങിയത്. ക്രമേണ ഈ സ്വപ്നസങ്കല്പം മതവല്‍ക്കരണത്തിന് വിധേയമാവുകയായിരുന്നു. യുക്തിബോധത്തിന് സ്ഥാനമില്ലാതെ വിശ്വാസദാര്‍ഢ്യമായി അത് മാറുകയായിരുന്നു. സ്റ്റാലിന്റെ സോവിയറ്റ് യൂണിയനില്‍ നിലനിന്നുരുന്നത് സ്വര്‍ഗ്ഗമല്ല, നരകമായിരുന്നു എന്ന് തെളിയിക്കുന്ന വസ്തുതകളുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായിട്ടും മലയാളിയുടെ സ്വപ്നസൗധത്തിന് ഒരു ഇളക്കവും തട്ടിയിട്ടില്ല. സോവിയറ്റ് യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള വസ്തുതാപരമായ വെളിപ്പെടുത്തലുകളെല്ലാം അമേരിക്കന്‍ പ്രചരണവും സി.ഐ.എ. ഗൂഢാലോചനയുമെല്ലാമായി ചിത്രീകരിച്ച് സ്വയം സമാശ്വസിക്കാന്‍ മലയാളി പരിശീലിപ്പിക്കപ്പെട്ടു. ഇപ്പോഴും ഈ മൗഢ്യാവസ്ഥയില്‍ നിന്ന് മോചിതനാകാന്‍ ആവാതെ, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം പുറത്തു വന്ന ഞെട്ടിക്കുന്ന വിവരങ്ങളോടെല്ലാം മുഖം തിരിച്ചുനിന്നുകൊണ്ട് അന്ധമായ നിശ്ചയദാര്‍ഢ്യത്തെ അഭിപ്രായസ്ഥിരതയുടെ ഫ്യൂഡല്‍ ധാര്‍മ്മികതയായി ചിത്രീകരിച്ച് മൂഢസ്വര്‍ഗ്ഗത്തില്‍ തുടരാനാണ് 'ഇടതുപക്ഷ' മലയാളി സമൂഹം സജ്ജമായത്. 

രാഷ്ട്രീയവിശ്വാസങ്ങള്‍ മതവല്‍ക്കരണത്തിന് വിധേയമാകുമ്പോള്‍ അത്തരം സമൂഹങ്ങള്‍ക്ക് സംഭവിക്കുന്ന സ്തംഭനാവസ്ഥയുടെ ദൃഷ്ടാന്തമാണ് ഇന്നത്തെ 'ഇടതുപക്ഷ' മലയാളി സമൂഹം.
പൊതുസമൂഹത്തിന്റെ രാഷ്ട്രീയവിശ്വാസം ഇത്തരം മതവല്‍ക്കരണത്തിന്  വിധേയമാകുന്ന  പ്രക്രിയ മനസ്സിലാക്കാവുന്നതേയുള്ളു. എന്നാല്‍ ഈ മതവല്‍ക്കരണത്തോടൊപ്പം നില്ക്കുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്യുന്ന ഒരു നേതൃ, ബുദ്ധിജീവി വിഭാഗം കൂടിയുണ്ട്. നേതൃത്വനിരയിലുള്ളവരും ബുദ്ധിജീവികളും കര്‍ശനമായി പുലര്‍ത്തേണ്ടതായ ബുദ്ധിപരമായ സത്യസന്ധതയാണ് ഇത്തരം പ്രക്രിയയില്‍ കാറ്റില്‍ പറത്തപ്പെടുന്നത്. വര്‍ഗ്ഗപരമായ പക്ഷപാതിത്വത്തിന്റെ പേരും പറഞ്ഞ് വസ്തുനിഷ്ഠതയെയും സത്യദീക്ഷയെയും കയ്യൊഴിയാന്‍ ഇത്തരക്കാര്‍ക്ക് ഒരു മടിയുമില്ല. സോവിയറ്റ് സ്വര്‍ഗ്ഗസങ്കല്പത്തെ ആധാരമാക്കി കെട്ടിപ്പൊക്കിയ സ്വപ്നസൗധം ഏകപാര്‍ട്ടി സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കും. അത് അപകടകരമാണ് എന്നെല്ലാം അവര്‍ സമ്മതിക്കും. എന്നാല്‍ ഈ അപകടം ഒഴിവാക്കാന്‍ മാര്‍ഗ്ഗമെന്ത് എന്ന് ചോദിച്ചാല്‍ ഉത്തരമില്ല. എളുപ്പത്തില്‍ ഉത്തരം കണ്ടെത്താനാവുകയില്ലെന്നതും ശരിതന്നെ. സോഷ്യലിസം അഥവാ സാമ്പത്തിക സ്ഥിതി സമത്വം നടപ്പിലാക്കണമെങ്കില്‍ അത്തരമൊരു സമഗ്രാധിപത്യരാഷ്ട്രീയസംഘടനയല്ലാതെ മറ്റെന്ത് മാര്‍ഗ്ഗമാണ് നിര്‍ദ്ദേശിക്കാനുള്ളത് എന്ന് ചോദിച്ചാലും ഉത്തരമില്ല. ബദല്‍മാര്‍ഗ്ഗമായി പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിക്കാന്‍ അവര്‍ക്കാവുകയുമില്ല. പ്രാതിനിധ്യജനാധിപത്യം, വികേന്ദ്രീകൃതജനാധിപത്യം എന്നിവയൊക്കെ പാര്‍ലമെന്ററി ജനാധിപത്യഘടനയുടെ രൂപാന്തരണങ്ങള്‍ മാത്രമാണെന്ന് അംഗീകരിക്കേണ്ടിവരുമ്പോള്‍, ഇത്തരക്കാര്‍ വീണ്ടും ഏകപാര്‍ട്ടി ഭരണവ്യവസ്ഥയെ ന്യായീകരിക്കാന്‍ തുടങ്ങും. സ്റ്റാലിന്റെ ഫാസിസ്റ്റ് ഭീകരതകളെ ന്യായീകരിക്കാന്‍ തയ്യാറാവുക വരെ ചെയ്യും.

മാനവചരിത്രം നിര്‍ണ്ണായകമായ ഒരു ദശാസന്ധിയെ ആണ് അഭിമുഖീകരിക്കുന്നത്. ജനാധിപത്യത്തിന്റെ മാര്‍ഗ്ഗമാണോ, സ്വേച്ഛാധിപത്യത്തിന്റെ മാര്‍ഗ്ഗമാണോ മനുഷ്യസമൂഹം തിരഞ്ഞെടുക്കേണ്ടത് എന്ന ചോദ്യമാണ് ചരിത്രം ഉയര്‍ത്തിയിരിക്കുന്നത്. ഏത് പക്ഷത്ത് നില്ക്കുന്നു എന്ന് തീരുമാനിക്കാതെ സത്യസന്ധമായ രാഷ്ട്രീയനിലപാടെടുക്കാന്‍ ഈ കാലഘട്ടത്തില്‍ ഒരാള്‍ക്കും കഴിയില്ല. എന്നാല്‍ മുകളില്‍ പറഞ്ഞ രാഷ്ട്രീയനേതൃത്വങ്ങളും ബുദ്ധിജീവികളും ഇക്കാര്യത്തില്‍ നിലപാടെടുക്കില്ല. നിശ്ശബ്ദതകൊണ്ടും അവ്യക്തമായ നിലപാടുകള്‍ക്കൊണ്ടും ഇത്തരക്കാര്‍ അവസരവാദപരമായ രാഷ്ട്രീയക്കളികള്‍ നടത്തിക്കൊണ്ടിരിക്കും.

ഇത്തരം അവസരവാദ രാഷ്ട്രീയത്തിലെ കോമാളികളാവുന്ന ബുദ്ധിജീവികള്‍ ഇവിടെ മാത്രമല്ല ഉള്ളത്. ഇത്തരക്കാരെ ലോകവ്യാപകമായി തന്നെ കാണാം. പാശ്ചാത്യലോകത്ത് ഇത്തരക്കാര്‍ ഏറും. മുതലാളിത്തലോകത്തിന്റെ പ്രതിസന്ധികളുടെയും അപചയത്തിന്റെയും നടുക്കുനിന്ന് അനീതികള്‍ക്കെതിരെ നിലപാടെടുത്ത് പുരോഗമനപക്ഷത്ത്  നില്ക്കാന്‍  ശ്രമിക്കുന്നവരെല്ലാം മുതലാളിത്തവ്യവസ്ഥയെത്തന്നെ തകര്‍ത്ത് പകരം ഒരു സാമൂഹ്യവ്യവസ്ഥ  വളര്‍ത്തിക്കൊണ്ടുവരണമെന്ന് വാദിക്കും. എന്താണീപകരം വ്യവസ്ഥ എന്ന ചോദ്യത്തിന് സോഷ്യലിസം എന്ന അവ്യക്ത മറുപടിയായിരിക്കും ലഭിക്കുക. ഇക്കൂട്ടരില്‍ പലരും സ്റ്റാലിനിസത്തെ വിമര്‍ശിക്കും. പക്ഷേ, ലെനിനെ തൊടില്ല. മാര്‍ക്‌സിനെയും. ജനാധിപത്യത്തെ പിടിച്ച് ആണയിടുകയും ചെയ്യും. മാര്‍ക്‌സും ലെനിനുമൊക്കെ ജനാധിപത്യത്തെ മനസ്സിലാക്കിയതില്‍ സംഭവിച്ച ഗുരുതരമായ പാളിച്ചകള്‍ തിരിച്ചറിയാനോ തിരുത്താനോ ഒന്നും ഇവര്‍ തയ്യാറാവുകയുമില്ല. അറബ് കലാപങ്ങളെ തുടര്‍ന്ന് ഉടലെടുത്ത വാള്‍സ്ട്രീറ്റ് ഉപരോധം പോലുള്ള ജനാധിപത്യകലാപങ്ങളുടെ പുതുരൂപങ്ങളോടൊക്കെ ഇത്തരക്കാര്‍ക്ക് പുച്ഛമാണ്. ജനാധിപത്യത്തിന്റെ പുതിയ സാധ്യതകള്‍ മനസ്സിലാക്കാന്‍ സ്ലോവായ് സിസെക്കിനെപ്പോലുള്ള ബുദ്ധിജീവികള്‍ക്ക് കഴിയുന്നില്ലെന്ന് വാള്‍സ്ട്രീറ്റ് കലാപത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലുകള്‍ കാണിക്കുന്നു. മുതലാളിത്ത വ്യവസ്ഥയെ അടിസ്ഥാപരമായി അത് ചോദ്യം ചെയ്യുന്നില്ല എന്നാണ് വിമര്‍ശനം. മുതലാളിത്തത്തെ അടിയോടെ തകര്‍ക്കാവുന്ന പരിപാടിയിലും കുറഞ്ഞതൊന്നും പുരോഗമനപരമോ റാഡിക്കലോ ആവില്ലെന്നുള്ള ഇവരുടെ വാദം കാണുമ്പോള്‍ മനുഷ്യചരിത്രത്തിന്റെ വളര്‍ച്ചയെ മനസ്സിലാക്കുന്നതില്‍ ഇത്തരക്കാര്‍ എത്ര പിന്നിലാണെന്ന് കാണാം.

 'മാര്‍ക്‌സ് എന്തുകൊണ്ട് ശരിയായിരുന്നു.' എന്ന അടുത്തകാലത്ത് പാശ്ചാത്യലോകത്ത് ഏറെ വിറ്റഴിക്കപ്പെട്ട ടെറി ഈഗിള്‍ട്ടന്റെ പുതിയ (2011) പുസ്തകം നോക്കുക. വളരെ ഉപരിപ്ലവമായി, കമ്മ്യൂണിസ്റ്റ് പ്രയോഗം സൃഷ്ടിച്ച അനുഭവപാഠങ്ങളെ ഗൗരവപൂര്‍വ്വം വിലയിരുത്താന്‍ യാതൊരു ശ്രമവും നടത്താതെ, മുതലാളിത്തത്തിന്റെ പരാധീനതകളെ മുന്‍നിര്‍ത്തി മാര്‍ക്‌സിസത്തെ ന്യായീകരിക്കാനുള്ള ദുര്‍ബലശ്രമമാണ് അതില്‍ നടത്തിയിട്ടുള്ളത്. കമ്മ്യൂണിസ്റ്റു പ്രസ്ഥാനം അഭിമുഖീകരിക്കുന്ന കേന്ദ്രരാഷ്ട്രീയ പ്രതിസന്ധികളെ സ്പര്‍ശിക്കാതെ, ഉപരിതല ചര്‍ച്ചകളില്‍ ഒുതുങ്ങുകയാണ് പാശ്ചാത്യബുദ്ധിജീവികളില്‍ അധികപേരും ചെയ്തുകൊണ്ടിരിക്കുന്നത്.

ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അപചയാവസ്ഥയെക്കുറിച്ച് പരിശോധിക്കാം. ഇന്ത്യയിലെ മുഖ്യധാരാ കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ ഒരുമിച്ച് വന്നിരിക്കുകയാണല്ലോ.  രണ്ടു  പാര്‍ട്ടികളുടെയും സംസ്ഥാനസമ്മേളനങ്ങള്‍വരെയുള്ള സമ്മേളനപരമ്പരകള്‍ ഒരുമിച്ചു നടന്നത് കേരളം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ആ സമ്മേളനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളിലും മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചകളിലും തെളിഞ്ഞു വന്ന ഒരു സംഗതിയുണ്ട്. കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ഭാവി സംബന്ധിച്ച് എന്തെങ്കിലും പരിപാടി മുന്നോട്ടു വെയ്ക്കുകയോ നയസമീപനങ്ങള്‍ ആവിഷ്‌ക്കരിക്കുകയോ ഒന്നും ഈ സമ്മേളനങ്ങളില്‍ ഉണ്ടായിട്ടില്ല. ഔപചാരികമായി വിവിധഘടകങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ ചില പ്രശ്‌നങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നല്ലാതെ, കേരളത്തിന് വേണ്ടി ഒരു സമഗ്രപരിപാടിയും സമീപനവും വികസിപ്പിക്കാന്‍ ഒരു ശ്രമവും നടന്നിട്ടില്ലെന്നത് ഒരു വസ്തുതയാണ്. അതുകൊണ്ടുതന്നെ സംഘടനാപരമായ പ്രശ്‌നങ്ങളും സി.പി.എമ്മിലാണെങ്കില്‍ വിഭാഗീയതയെന്ന് വിളിക്കപ്പെടുന്ന ഗ്രൂപ്പുപോരിന്റെ കഥകളും തര്‍ക്കങ്ങളുമാണ് മുന്നിട്ടുനിന്നതെന് കാണാം. ഈ പാര്‍ട്ടികളെക്കുറിച്ച് ഇത്തരം ഗൗരവപൂര്‍വ്വമായ ഒരു വിമര്‍ശനം ഉന്നയിക്കുന്നതില്‍ അര്‍ത്ഥമില്ല. 

കഴിഞ്ഞ അമ്പതു വര്‍ഷമായി കേരളത്തില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ പ്രധാന പങ്കുവഹിക്കുന്ന മുന്നണി രാഷ്ട്രീയം വേരുറച്ചതിനുശേഷം, കേരളത്തിന്റെ സാമൂഹ്യസാമ്പത്തിക മേഖലകളില്‍ ഏടുത്തുപറയാവുന്ന വളര്‍ച്ചയോ വികാസമോ ഉണ്ടായിട്ടില്ല. ഉണ്ടായത് മുരടിപ്പുമാത്രം. '40-'50കളില്‍ കേരളം നേടിയ രാഷ്ട്രീയ മുന്നേറ്റം വോട്ടുബാങ്ക് രാഷ്ട്രീയമായി അധ:പതിക്കുകയാണ് ഈ അരനൂറ്റാണ്ടുകൊണ്ട് ഉണ്ടായത്. അതില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ പങ്ക് ഒട്ടും ചെറുതല്ല. അധികാരം പങ്കിടുകയും അതില്‍ നിന്ന് ലഭ്യമാവുന്ന ആനുകൂല്യങ്ങള്‍ സമാഹരിക്കുകയും വീതിച്ചെടുക്കുകയും ചെയ്യുക എന്നതിനപ്പുറം മറ്റൊരു രാഷ്ട്രീയമില്ലാത്ത അവസ്ഥയിലേക്ക് കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ എത്തിപ്പെട്ടിരിക്കുന്നു. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ ഈ പാര്‍ട്ടി സമ്മേളനങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
സി.പി.എം. സംസ്ഥാനസമ്മേളനം നടത്താന്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയെ ഏല്പിക്കുകയാണ് ചെയ്തതെന്ന് സി.പി.ഐ. നേതൃത്വം ആരോപിച്ചത് സി.പി.എം. നിഷേധിച്ചെങ്കിലും അതൊരു വസ്തുത ആയിരുന്നു എന്ന് സംഭവങ്ങള്‍ നിരീക്ഷിച്ചവര്‍ക്ക് മനസ്സിലാകും.
സി.പി.ഐയ്ക്കും ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനാവില്ല. അവര്‍ക്കും ബോര്‍ഡുകള്‍ സ്ഥാപിക്കാനും പോസ്റ്ററുകളൊട്ടിക്കാനുമൊക്കെ കൂലിയ്ക്കു ആളുകളെ ഏല്പിക്കേണ്ട സ്ഥിതിയാണുള്ളത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഇത്തരം രീതികളാണ് ഉപയോഗിക്കുന്നത്. സി.പി.എമ്മിന്റെ പക്കല്‍ കൂടുതല്‍ പണമുള്ളതുകൊണ്ട് അവര്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനികളിലേക്ക് എത്തി എന്ന് മാത്രം. സി.പി.ഐ തങ്ങളുടെ കൂടി പ്രശ്‌നമായി ഇതിനെ കാണുകയാണ് വേണ്ടിയിരുന്നത്. രാഷ്ട്രീയം അധികാരം പിടിക്കാനുള്ള പ്രവര്‍ത്തനം മാത്രമാവുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന പരിണാമമാണിത്. കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ തൊഴിലാളിവര്‍ഗ്ഗപാര്‍ട്ടികളെന്ന് സ്വയം അവകാശപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ഈ പ്രക്രിയയിലൂടെ അവര്‍ അധികാര പാര്‍ട്ടികളായി മാറിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

ഈ വര്‍ഗ്ഗപരമായ മാറ്റം കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും തൊഴിലാളി വിഭാഗങ്ങളും തമ്മിലുള്ള ബന്ധത്തിലും പ്രകടമായി കാണാം. ഈ ലേഖകന്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിരുന്ന 'സമീക്ഷ' മാസികയുടെ ഏതാനും വര്‍ഷം മുമ്പത്തെ ഒരു മേയ് ദിനപതിപ്പില്‍ കേരളത്തിലെ തൊഴിലാളികളെക്കുറിച്ചും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെക്കുറിച്ചും ഒരു സര്‍വ്വെ നടത്തി പ്രസിദ്ധീകരിക്കുകയുണ്ടായി. പൊതുവില്‍ മനസ്സിലാക്കപ്പെടാത്ത ഒട്ടേറെ വസ്തുതകള്‍ പുറത്ത് വരികയുണ്ടായി. കാര്‍ഷികമേഖലയില്‍ ഉള്‍പ്പെടെ കേരളത്തില്‍ ഏതെങ്കിലും വിധത്തില്‍ അധ്വാനത്തില്‍ ഏര്‍പ്പെട്ടു ജീവിക്കുന്നവരുടെ എണ്ണം ഒരു കോടിയിലധികം വരുമെന്ന് ഞങ്ങള്‍ കണക്കാക്കുകയുണ്ടായി. അതില്‍ 15 ലക്ഷത്തോളം പേര്‍ മാത്രമേ വിവിധ ട്രേഡ് യൂണിയനുകളിലായി സംഘടിതരായിരുന്നുള്ളൂ. ഇവരില്‍ തന്നെ 5 1/2 ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാര്‍ എയ്ഡഡ് അദ്ധ്യാപകരുമാണ്. വ്യവസായ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും തോട്ടം തൊഴിലാളികളും പരമ്പരാഗത വ്യവസായ തൊഴിലാളികളും ആണ് അവശേഷിക്കുന്ന സംഘടിതര്‍. കാര്‍ഷികതൊഴിലാളികള്‍ ആദ്യകാലത്ത് വിപുലമായി സംഘടിപ്പിക്കപ്പെട്ടിരുന്നു. പക്ഷേ, പിന്നീട് അവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ചെത്ത്, നെയ്ത്ത്, ചകിരി മേഖലകളിലും സംഘടിതശക്തി ഗണ്യമായി കുറഞ്ഞു. കമ്മ്യൂണിസ്റ്റുകാരുടെ ട്രേഡ്‌യൂണിയനുകളുടെ മുഖ്യ അടിസ്ഥാനം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ചുമട്ടുതൊഴിലാളികളും സംഘടിതവ്യവസായ തൊഴിലാളികളുമാണ്.

കേരളത്തിലെ തൊഴില്‍ മേഖല മുഴുവന്‍ സംഘടിതമാണ് എന്ന ധാരണ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത സംഗതിയാണ്. കേരളത്തില്‍ ഉല്‍പ്പാദനത്തിലധിഷ്ഠിതമായ  വ്യവസായങ്ങള്‍  നന്നെ കുറവായതുകൊണ്ടും, ഇവിടത്തെ മുഖ്യ സാമ്പത്തിക പ്രവര്‍ത്തനം ഉല്പന്ന വിപണനമായതുകൊണ്ടും ഏറ്റവും വലിയ തൊഴില്‍ വിഭാഗം വില്പന തൊഴിലാളികളാണ്. പെട്ടിക്കട മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരെയുള്ള വില്പനകേന്ദ്രങ്ങളിലെ തൊഴിലാളികളും ഹോട്ടല്‍ തൊഴിലാളികളും ചേര്‍ന്നാല്‍25-30 ലക്ഷം വരുമെന്നാണ് കണക്കാക്കിയത്. ആശുപത്രി ജീവനക്കാരെ കൂടി ഇതില്‍ ഉള്‍പ്പടുത്താം. നിര്‍മ്മാണ മേഖലയില്‍ 20 ലക്ഷത്തോളം പേര്‍ ഉള്ളതില്‍ പകുതിയോളവും അന്യസംസ്ഥാനക്കാരാണ്. ഇവരെല്ലാം അസംഘടിതരാണ്. സ്വകാര്യവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, സ്വകാര്യസ്ഥാപനങ്ങളിലെ വെള്ളക്കോളര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ ആകെ 20 ലക്ഷത്തിലധികം വരും. ഇവരും അസംഘടിതര്‍. സ്വാശ്രയ, അണ്‍ എയ്ഡഡ്, പാരലല്‍ കോളേജ് അധ്യാപകര്‍ 4 ലക്ഷത്തോളം വരും. തികച്ചും അസംഘടിതര്‍. ചെറുകിട, ഇടത്തരം കര്‍ഷകരാണ് മറ്റൊരു അധ്വാനിക്കുന്ന വിഭാഗം. ഇപ്പറഞ്ഞ വിഭാഗങ്ങളില്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് മാത്രമാണ് ഭേദപ്പെട്ട കൂലിയുള്ളത്. കാര്‍ഷികവിഭാഗങ്ങളെയും മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ള തൊഴിലാളി വിഭാഗങ്ങളുടെ വേതനം ഏറെ താഴ്ന്നതാണ്. നഴ്‌സുമാര്‍ സംഘടിക്കാന്‍ തുടങ്ങിയപ്പോഴാണല്ലോ അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന തുച്ഛമായ വേതനത്തെകുറിച്ച് ജനങ്ങള്‍ അറിയുന്നത്. പീടിക, ഹോട്ടല്‍ തൊഴിലാളികളുടെയും സ്വകാര്യവെള്ളക്കോളര്‍ തൊഴിലാളികളുടെയും വേതനം നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനത്തിന്റെ 25 ശതമാനം പോലും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നിട്ടും ഈ വിഭാഗങ്ങളൊന്നും സംഘടിതരല്ല. ചുരുക്കത്തില്‍ കേരളത്തിലെ ബഹുഭൂരിപക്ഷം തൊഴിലാളികളും അധ്വാനിക്കുന്ന വിഭാഗങ്ങളും അസംഘടിതരും മിനിമം കൂലിപോലും ലഭിക്കാത്തവരുമാണ്. കുറഞ്ഞ വേതനവും കൂലിയും ലഭിക്കുന്ന ഇവരെ സംഘടിപ്പിക്കാന്‍ ട്രേഡ് യൂണിയന്‍ നേതൃത്വങ്ങള്‍ക്ക് താല്പര്യമില്ല. വരുമാനം കിട്ടില്ലെന്നത് ഒരു കാരണം. കൂടാതെ ഈ തൊഴിലാളികള്‍ക്ക്  പണികൊടുക്കുന്ന സ്ഥാപന ഉടമകളില്‍ ഗണ്യമായ വിഭാഗം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവരായിരിക്കും. യൂണിയന്‍ സംഘടിപ്പിച്ച് ആ വരുമാനം നഷ്ടപ്പെടുത്താതിരിക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കുന്നത് സ്വാഭാവികം മാത്രം. കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളിലെ വെള്ളക്കോളര്‍ ജീവനക്കാര്‍ക്ക് 2000 മുതല്‍ 4000 വരെ ലഭിക്കുന്ന വേതനം ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇത്തരം ജോലികള്‍ക്ക് ലഭിക്കുന്ന വേതനത്തെക്കാള്‍ കുറവാണ്. ഉശിരന്‍ തൊഴിലാളി സംഘടനകളുടെയും സമരങ്ങളുടെയും നാടെന്ന് പരക്കെ കണക്കാക്കപ്പെടുന്ന കേരളത്തിലെ തൊഴിലാളി വിഭാഗങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ ഇതെല്ലാമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും അവരുടെ നേതൃത്വത്തിലുള്ള ട്രേഡ് യൂണിയനുകളും ആരുടെ താല്പര്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ഇതില്‍നിന്ന് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്.
കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ അധികാരിവര്‍ഗ്ഗപാര്‍ട്ടികളായി മാറിയിരിക്കുന്നു എന്ന വിലയിരുത്തലിനെ തികച്ചും സാധൂകരിക്കുന്ന വസ്തുതകളാണ് മേല്‍ചൊന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുമായോ അവരുടെ തൊഴില്‍ മേഖലകളുമായോ കേരളത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് താല്‍പ്പര്യപൂര്‍വ്വമായ ബന്ധമില്ലെന്ന വസ്തുത പ്രകടമായിരിക്കെ, കേരളത്തിലെ സാമൂഹ്യസാമ്പത്തിക ഘടനയില്‍ സജീവമായി ഇടപെടാന്‍ അവര്‍ക്ക് താല്‍പ്പര്യമില്ലാതെ വരുന്നത് സ്വാഭാവികം മാത്രം. കഴിഞ്ഞ അരനൂറ്റാണ്ട് കാലമായിട്ട് മുന്നണി രാഷ്ട്രീയത്തിലെ കളികളിലും വോട്ടുബാങ്ക് സംരക്ഷിച്ചു നിര്‍ത്തുന്നതിലും മാത്രമായി കമ്മ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയ പ്രവര്‍ത്തനം ചുരുങ്ങിപ്പോകുന്നത് ഈ യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ടുകൊണ്ടാണ്. വോട്ടുബാങ്ക് നിലനിര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നത് അധികാരസംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ്. വോട്ടുബാങ്ക് വിപുലീകരിക്കുന്നതിനായി ജാതിമതസാമൂഹ്യവിഭാഗങ്ങളെയും മറ്റും കൂടുതല്‍ പ്രകടമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ അവര്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.
ഇന്ത്യയിലെ സങ്കീര്‍ണ്ണമായ സാമൂഹ്യസാഹചര്യങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. യൂറോപ്യന്‍ സാഹചര്യങ്ങളില്‍നിന്ന് മാര്‍ക്‌സ് വികസിപ്പിച്ചെടുത്ത, സാമൂഹ്യപ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിന് ഉപയുക്തമാകുന്ന വര്‍ഗ്ഗസമീപനം തികച്ചും യാന്ത്രികമായി ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രയോഗിക്കാന്‍ ശ്രമിച്ചതിന്റെ പലമായിട്ടാണ്, ആരംഭത്തില്‍ വേരോട്ടമുണ്ടായ രണ്ടുമൂന്ന് സംസ്ഥാനങ്ങളിലൊഴികെ അരനൂറ്റാണ്ടായിട്ടും കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് പുതിയൊരു മേഖലയിലേക്ക് കടന്നുചെല്ലാനാവാതെ വന്നത്. വര്‍ണ്ണജാതിവ്യവസ്ഥയിലധിഷ്ഠിതമായ ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയെ മനസ്സിലാക്കാന്‍ വര്‍ഗ്ഗസമീപനം തികച്ചും അപര്യാപ്തമാണ്. വര്‍ഗ്ഗവും ജാതിയും തമ്മിലുള്ള ബന്ധവും അന്തരവും തിരിച്ചറിഞ്ഞാലേ ഇന്ത്യയിലെ സാമൂഹ്യയാഥാര്‍ത്ഥ്യത്തെ ശരിയായി മനസ്സിലാക്കാനും ഇടപെടാനും കഴിയൂ. എന്നാല്‍ എല്ലാ സാമൂഹ്യപ്രശ്‌നങ്ങളെയും വര്‍ഗ്ഗസമരത്തിലേക്ക് ചുരുക്കിക്കൊണ്ടുവരുന്ന വര്‍ഗ്ഗന്യൂനീകരണസമീപനം സ്വീകരിച്ച ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന് ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാനേ കഴിഞ്ഞില്ല.

കേരളത്തില്‍, കോണ്‍ഗ്രസ്സിലൂടെയും കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റു പാര്‍ട്ടിയിലൂടെയും കടന്നുവന്ന്, വര്‍ണ്ണ,ജാതി പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിചയം നേടിയ ഒരു നേതൃത്വനിരയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയതെന്നതുകൊണ്ട്, അവര്‍ അക്കാലത്ത് കേരളീയസമൂഹത്തെ സാമൂഹ്യനവോത്ഥാനത്തിലേക്ക് നയിച്ചുകൊണ്ടിരുന്ന ശ്രീനാരായണ, അയ്യങ്കാളി പ്രസ്ഥാനങ്ങളില്‍ ഉള്‍ച്ചേര്‍ന്നുകൊണ്ട് ആ സാമൂഹ്യവിഭാഗങ്ങളെ തങ്ങളുടെ സാമൂഹ്യാടിത്തറയാക്കാന്‍ ശ്രമിക്കുകയും വലിയൊരു പരിധിവരെ വിജയിക്കുകയും ചെയ്തു. പക്ഷേ, പ്രായോഗികമായി വിജയിച്ച ഈ ഇടപെടല്‍ കമ്മ്യൂണിസ്റ്റുകാരുടെ വര്‍ഗ്ഗന്യൂനീകരണ നിലപാടില്‍ മാറ്റമുണ്ടാക്കാന്‍ പര്യാപ്തമായില്ല. തങ്ങളോടടുപ്പിച്ച ഈ സാമൂഹ്യവിഭാഗങ്ങളിലെ കര്‍ഷകത്തൊഴിലാളികളുടെയും ചകിരിത്തൊഴിലാളികളുടെയും തൊഴില്‍ അവകാശങ്ങള്‍ വര്‍ഗ്ഗസമരത്തിലൂടെ നേടിക്കൊടുക്കുന്നതില്‍ മാത്രമാണ് പാര്‍ട്ടി ശ്രദ്ധിച്ചത്. സമീപകാലത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അംബ്‌ദേകര്‍ രാഷ്ട്രീയം ശക്തിപ്രാപിക്കുകയും ദളിത്, പിന്നോക്കവിഭാഗങ്ങള്‍ തങ്ങള്‍ക്കര്‍ഹമായ രാഷ്ട്രീയാധികാര പങ്കാളിത്തത്തിന് വേണ്ടി മുന്നേറുകയും ചെയ്തപ്പോള്‍, കേരളത്തിലെ ദളിത് സമൂഹത്തിലെ യുവതലമുറയില്‍ നിന്നുള്ളവര്‍ തങ്ങളിവിടെ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിയാന്‍ തുടങ്ങി. കമ്മ്യൂണിസ്റ്റുകാര്‍ ഇവിടെ തങ്ങള്‍ക്ക് സാമ്പത്തികാവകാശങ്ങള്‍ നേടാന്‍ സഹായിച്ച്, തങ്ങള്‍ക്ക് അര്‍ഹമായ രാഷ്ട്രീയാധികാരപങ്കാളിത്തത്തിന്റെ മേഖലയില്‍നിന്ന് ബോധപൂര്‍വ്വം തങ്ങളെ ഒഴിവാക്കുകയായിരുന്നു എന്ന് തിരിച്ചറിയുകയും അത് തുറന്നുപറഞ്ഞുകൊണ്ടുള്ള ആശയസമരവും സംഘടനാപ്രവര്‍ത്തനവും ആരംഭിക്കുകയും ചെയ്തപ്പോഴാണ് വിഷയത്തിന്റെ ഗൗരവം കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചറിഞ്ഞത്. തങ്ങളുടെ വോട്ടുബാങ്കിലെ പ്രധാനഘടകമായ  ദളിതരെ  പിടിച്ചുനിര്‍ത്താനായി കര്‍ഷകത്തൊഴിലാളികളുടെ ദളിത് സംഘടനയുണ്ടാക്കി റാലി നടത്തുകയുമൊക്കെ ചെയ്‌തെങ്കിലും ജാതിപ്രശ്‌നം കൈകാര്യം ചെയ്യാന്‍ തക്കവിധം തങ്ങളുടെ പ്രത്യയശാസ്ത്രനിലപാടുകളില്‍ തിരുത്തല്‍ വരുത്താന്‍ യാതൊരു ശ്രമവും രണ്ടു കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും നടത്തിയിട്ടില്ല. ഉടനെയൊന്നും അവര്‍ക്കതിന് കഴിയുകയുമില്ല.

ബാബറി മസ്ജിദ് പ്രശ്‌നം സജീവമായിരുന്നപ്പോള്‍പോലും മുസ്ലിം ന്യൂനപക്ഷത്തോട് തത്വാധിഷ്ഠിതമായ സമീപനം സ്വീകരിക്കാന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ല. മതാധിഷ്ഠിത രാഷ്ട്രീയത്തേയും തീവ്രവാദത്തേയും ശക്തമായി നേരിടുകയും പ്രഖ്യാപിത മതേതര ജനാധിപത്യ നിലപാട് സ്വീകരിക്കുകയും ചെയ്തുപോന്നിട്ടുള്ള മുസ്ലീംലീഗിനെ പലപ്പോഴും മുസ്ലിം എന്ന പേരിന്റെ അടിസ്ഥാനത്തില്‍ വര്‍ഗ്ഗീയകക്ഷിയായി മുദ്രകുത്തുന്ന സമീപനം രണ്ട് കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും സ്വീകരിച്ചിരുന്നു. മറ്റു ചിലപ്പോള്‍ അവരുമായി കൂട്ടുകൂടുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ചിലപ്പോള്‍ ലീഗിനെ പിളര്‍ത്ത് ഒരു വിഭാഗവുമായി കൂട്ടുകൂടുക, മറ്റൊരിക്കല്‍ ശരിയത്ത് പ്രശ്‌നമുന്നയിച്ച് മുസ്ലിം വിരുദ്ധ നിലപാടെടുത്ത് ഹിന്ദു വോട്ടുകളെ ആകര്‍ഷിക്കുക, പി.ഡി.പി. വോട്ടു കിട്ടാനായി മ്അദനിയെ മഹാത്മാഗാന്ധിയുമായി തുലനം ചെയ്യുക എന്നിങ്ങനെ അവസരവാദ നിലപാടുകളാണ് സി.പി.എം. സ്വീകരിച്ചു പോന്നിട്ടുള്ളത്. ഗുജറാത്തില്‍ നരേന്ദ്രമോഡി നടത്തിയ വംശീയഹത്യക്ക് വിധേയരായ മുസ്ലിം സമുദായത്തിന്റെ ദൈന്യാവസ്ഥയോട് പ്രതികരിച്ചുകൊണ്ട് ഇരകളുടെ സ്വത്വരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച ചില പാര്‍ട്ടി ബുദ്ധിജീവികള്‍ക്ക് പാര്‍ട്ടി ആദ്യം പിന്തുണ നല്‍കി. എന്നാല്‍ സ്വത്വരാഷ്ട്രീയം വര്‍ഗ്ഗരാഷ്ട്രീയത്തെ ദുര്‍ബ്ബലപ്പെടുത്തുമെന്ന വിമര്‍ശനം ഉയര്‍ന്നുവന്നപ്പോള്‍ ഔദ്യോഗിക നേതൃത്വം നിലപാട് മാറ്റി. ഇപ്പോല്‍ കേന്ദ്രനേതൃത്വം പ്രത്യയശാസ്ത്രപ്രമേയത്തില്‍ സ്വത്വരാഷ്ട്രീയത്തെ പാടെ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.
ഇത്തരം വിഷയങ്ങളില്‍ തത്വാധിഷ്ഠിത സമീപനം സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നതുതന്നെയാണ് പ്രശ്‌നം. ജാതി ഉള്‍പ്പെടെയുള്ള മര്‍ദ്ദിത സാമൂഹ്യവിഭാഗങ്ങള്‍ക്കെല്ലാം സ്വത്വരാഷ്ട്രീയം ഉയര്‍ത്തിപ്പിടിയ്ക്കാന്‍ അര്‍ഹതയും അവകാശവുമുണ്ട്. അതേസമയം മര്‍ദ്ദിതാവസ്ഥയില്‍നിന്ന് മോചനം ലഭിക്കുകയും തുല്യസാമൂഹ്യപദവി യാഥാര്‍ത്ഥ്യമാവുകയും ചെയ്താല്‍ അതിന് ശേഷവും സ്വത്വരാഷ്ട്രീയം തുടരുന്നത് വിഭാഗീയതയിലേക്ക് നയിച്ചേക്കാം എന്ന പ്രശ്‌നമാണ് പരിഗണിയ്‌ക്കേണ്ടതുള്ളത്. ഇപ്പോള്‍ മര്‍ദ്ദിതാവസ്ഥയിലുള്ള സാമൂഹ്യവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഈ വിഭാഗീതയുടെ പ്രശ്‌നം അടിയന്തിര പ്രശ്‌നമല്ല താനും.

കൃസ്ത്യന്‍ സമുദായ വോട്ടില്‍ കണ്ണുനട്ട് മതവിശ്വാസികളായ സ്വതന്ത്രസ്ഥാനാര്‍ത്ഥികളെ പാര്‍ലമെന്റിലേക്കും അസംബ്ലിയിലേക്കും സി.പി.എം. വിജയിപ്പിച്ച് അയച്ചിട്ടുണ്ട്. പക്ഷെ, ഇത്തരം മതവിശ്വാസികള്‍ക്ക് പാര്‍ട്ടി അംഗത്വം കൊടുത്ത് അവര്‍ മതചടങ്ങുകളില്‍ പങ്കെടുത്ത് വിവാദമായപ്പോള്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും മതവും തമ്മിലുള്ള ബന്ധം തത്വാധിഷ്ഠിതമായി നിര്‍വ്വചിക്കാനാവാതെ സി.പി.എം. നേതൃത്വം ആശയക്കുഴപ്പത്തില്‍ പെടുന്നത് കേരളം കണ്ടതാണ്. ഒരു വശത്ത് വിപ്ലവപാര്‍ട്ടിയിലെ കാഡര്‍ സ്വീകരിക്കേണ്ട മതവിരുദ്ധ സമീപനത്തെക്കുറിച്ച് ലെനിന്‍ പറഞ്ഞത് ഉദ്ധരിക്കുക, മറുവശത്ത് ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കുമ്പോള്‍ മതവിശ്വാസികളെകൂടി പാര്‍ട്ടിയില്‍ ചേര്‍ക്കേണ്ടിവരുന്നതിനെ ന്യായീകരിക്കുക. ഈ വൈരുദ്ധ്യത്തിന്റെ കാരണം ഒരേ സമയം വിപ്ലവപാര്‍ട്ടിയും ജനാധിപത്യപാര്‍ട്ടിയും ആണെന്ന കപടധാരണ സൃഷ്ടിക്കാന്‍ ശ്രമിച്ചതാണെന്ന് തുറന്ന് പറഞ്ഞ് തിരുത്തുന്നതിന് പകരം, അത് മൂടിവെയ്ക്കാന്‍ ശ്രമിക്കുകയാണ് കുറച്ചുനാള്‍ മുമ്പ് സി.പി.എം. ചെയ്തത്.
ഇപ്പോള്‍ വീണ്ടും വോട്ടുബാങ്ക് ലക്ഷ്യംവെച്ച് യേശുക്രിസ്തുവിനെ വിപ്ലവകാരിയായി  അവതരിപ്പിച്ചുകൊണ്ട്  സി.പി.എം. രംഗത്തുവന്നിരിക്കുകയാണ്.  ക്രിസ്തുമതത്തിനുള്ളില്‍നിന്ന് വിമോചനദൈവശാസ്ത്രം ഉയര്‍ന്നുവന്നകാലത്ത് അവരാണ് യേശുവിനെ വിപ്ലവകാരിയായി അവതരിപ്പിച്ചത്. ലാറ്റിനമേരിക്കയില്‍ ചില സൈനിക സ്വേച്ഛാധിപത്യങ്ങള്‍ക്കെതിരായി തീവ്രവാദികള്‍ നടത്തിക്കൊണ്ടിരുന്ന ഒളിപ്പോരില്‍ പങ്കുചേരാന്‍ ചില പാതിരിമാര്‍തന്നെ സന്നദ്ധരായി മുന്നോട്ടുവന്ന കാലത്ത് അവരാണ് ഈ ആശയം മുന്നോട്ടുവെച്ചത്. വിശ്വാസികളായി തുടര്‍ന്നുകൊണ്ട് അനീതിക്കെതിരായ പോരാട്ടത്തില്‍ പങ്കുചേരാന്‍ ക്രിസ്തുവിനെ മാതൃകയാക്കുകയാണ് അവര്‍ ചെയ്തത്. കമ്മ്യൂണിസ്റ്റുകാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ലോകനിലവാരത്തില്‍തന്നെ നടക്കുകയുണ്ടായി. ഭൗതികവാദികളായ പോരാളികളും വിശ്വാസികളായ പോരാളികളും എന്ന നിലയ്ക്കാണ് ആ ചര്‍ച്ചകള്‍ നടന്നത്. അത് സ്വാഭാവികവുമായിരുന്നു. ഇപ്പോള്‍ ഭൗതികനിലപാടില്‍ തുടരുന്ന ഒരു കമ്മ്യൂണിസ്റ്റുപാര്‍ട്ടി വിമോചനദൈവശാസ്ത്രനിലപാട് ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകുന്ന പൊരുത്തക്കേട് പ്രകടമാണ്.

വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം ദാര്‍ശനികാടിസ്ഥാനമായി സ്വീകരിക്കുന്ന സി.പി.എം. ഒരു മതേതലപാര്‍ട്ടിയല്ല, മതവിരുദ്ധപാര്‍ട്ടിയാണ്. സി.പി.എം. ഒരു ജനാധിപത്യപാര്‍ട്ടി ആവുന്നതോടെ മാത്രമേ അതിന് മതേതരപാര്‍ട്ടിയാവാനും കഴിയൂ. ഒരു മതേതര ജനാധിപത്യക്രമത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണകൂടത്തെ പ്രതിനിധാനം ചെയ്യാന്‍ അര്‍ഹതയുള്ളവരായതുകൊണ്ട് മതങ്ങളോട് ഭരണകൂടം സ്വീകരിക്കുന്ന തുല്യസമീപനവും ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാത്ത സമീപനവും രാഷ്ട്രീയപാര്‍ട്ടികളും പാലിക്കേണ്ടതുണ്ട്. മതേതരവ്യവസ്ഥയില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിക്കേണ്ട മതേതരസമീപനമാണ് സി.പി.എം. ലംഘിച്ചിരിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മതകാര്യങ്ങളില്‍ അഭിപ്രായം പറയാം. പക്ഷേ, വിശ്വാസികളുടെ വിശ്വാസങ്ങള്‍ക്ക് മുറിവേല്‍പ്പിക്കുംവിധം അഭിപ്രായം പറയുന്നത് കുറ്റകരമാവുകയും ചെയ്യും. അതാണ് ഇവിടെ സംഭവിച്ചിട്ടുള്ളതും. പ്രായോഗികതലത്തില്‍ ഇതൊരു വോട്ടുബാങ്ക് രാഷ്ട്രീയക്കളിയാണെന്ന് സമൂഹം തിരിച്ചറിയുന്നത് സി.പി.എമ്മിന് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്നതാണ് പ്രധാനം.

സി.പി.എം. ഇപ്പോള്‍ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രതിസന്ധി സാഹചര്യങ്ങള്‍ ഈ പാര്‍ട്ടിയെ ഒരു യഥാര്‍ത്ഥ ജനാധിപത്യ പാര്‍ട്ടിയാവാന്‍ നിര്‍ബ്ബന്ധിക്കുന്നുവെങ്കിലും അതിന് അങ്ങനെ ആകാന്‍ കഴിയുന്നില്ലെന്നതാണ്. ആദ്യകാലങ്ങളില്‍ പാര്‍ലമെന്ററി ജനാധിപത്യത്തില് പങ്കെടുക്കുന്നത് അടവുപരമായി അഥവാ താല്‍ക്കാലികമായ നടപടിയായിട്ടാണെന്ന് പറഞ്ഞിരുന്നുവെങ്കില്‍ സമീപകാലത്ത് ആ സമീപനം മാറ്റി. 2002ല്‍ പാര്‍ട്ടി പരിപാടിയില്‍ വരുത്തിയ ഭേദഗതിയില്‍ ജനകീയജനാധിപത്യവിപ്ലവം പൂര്‍ത്തീകരിക്കുന്നതിന് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മാര്‍ഗ്ഗം സ്വീകാര്യമായി പറഞ്ഞുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രാധാന്യം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനനുസൃതമായി പാര്‍ട്ടിയുടെ സമീപനത്തില്‍ മാറ്റം വരുത്താനായിട്ടുമില്ല. പാര്‍ട്ടിയുടെ ഈ ജനാധിപത്യവല്‍ക്കരണ ലക്ഷ്യമാണ് പ്രകാശ് കാരാട്ട് തന്റെ ലണ്ടന്‍പ്രസംഗത്തില്‍ ഉന്നയിച്ചത്. സോഷ്യലിസ്റ്റ് സമൂഹത്തില്‍ പാര്‍ട്ടിയും ഭരണകൂടവും വേറിട്ടുനില്‍ക്കണമെന്നതും  ബഹുകക്ഷി  ജനാധിപത്യ സമ്പ്രദായമായിരിക്കും  രാഷ്ട്രീയരൂപമെന്നതും  ഈ ജനാധിപത്യവല്‍ക്കരണ പ്രക്രിയയിലെ രണ്ട് പ്രധാന ഘടകങ്ങള്‍ തന്നെയാണ്. ജനകീയജനാധിപത്യവിപ്ലവം പാര്‍ലമെന്ററി സമ്പ്രദായത്തിലൂടെ പൂര്‍ത്തീകരിക്കുകയും സോഷ്യലിസ്റ്റു സമൂഹത്തില്‍ ബഹുകക്ഷി ജനാധിപത്യം നിലവില്‍ കൊണ്ടുവരികയും ചെയ്യുമെന്ന് പറഞ്ഞാല്‍ മൊത്തത്തില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിലൂടെ സോഷ്യലിസത്തിലേയ്‌ക്കെത്താമെന്ന രാഷ്ട്രീയ പരിപാടിയാണ് ഉരുത്തിരിഞ്ഞു വരുന്നത്. അത് ഇതുവരെയുള്ള സി.പി.എമ്മിന്റെ പ്രത്യയശാസ്ത്രനിലപാടില്‍നിന്നുള്ള ശ്രദ്ധേയമായ വ്യതിചലനമാണ്. പക്ഷേ, പ്രകാശ് കാരാട്ടിന്റെ ഈ നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുന്ന പ്രത്യയശാസ്ത്രപ്രമേയത്തില്‍ ഉന്നയിച്ചിട്ടേയില്ല.

ചൈനയില്‍ ഇന്ന് നിലനില്‍ക്കുന്ന, വളരെ പരിമിതമായ ജനാധിപത്യാവകാശങ്ങള്‍   അനുവദിച്ചുകൊണ്ട്, കമ്മ്യൂണിസ്‌ററുപാര്‍ട്ടിയുടെ മേധാവിത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണസമ്പ്രദായമാണ് ഇന്ത്യയില്‍ ഭാവിയില്‍ അവര്‍ ലക്ഷ്യം വെക്കുന്ന സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ മാതൃകയായി പ്രത്യയശാസ്ത്ര പ്രമേയം അവതരിപ്പിച്ചിട്ടുള്ളത്. സി.പി.എം. നേതൃത്വം ചെന്നുപെട്ടിട്ടുള്ള ആശയക്കുഴപ്പത്തിന്റെ സ്വഭാവം അതീവഗുരുതരമാണെന്ന് പറയാതെ വയ്യ. ചൈനയുടെ സാമ്പത്തിക മേഖലയില്‍ പൊതുമേഖല ഇപ്പോഴും പകുതിയിലേറെ ഉണ്ടെങ്കില്‍ വിപണി സമ്പദ്‌വ്യവസ്ഥ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. വിപണിയുടെ മേല്‍ കേന്ദ്രീകൃതമായ നിയന്ത്രണവും പാര്‍ട്ടിയുടെ മേല്‍നോട്ടവുമൊക്കെ ഉണ്ടെങ്കിലും മത്സരാധിഷ്ഠിത വിപണിയുടെ പ്രവര്‍ത്തനം അതിന്റേതായ നിയമമനുസരിച്ചുതന്നെ മുന്നേറും എന്ന ചരിത്രപാഠമാണ് സി.പി.എം. നേതൃത്വം  ഉള്‍ക്കൊള്ളാതിരിക്കുന്നത്.  അതായത് മത്സരാധിഷ്ഠിതവിപണിയുടെ നിയമങ്ങള്‍ കേന്ദ്രീകൃത രാഷ്ട്രീയഘടനയെ അധികനാള്‍ തുടരാന്‍ അനുവദിക്കുകയില്ലെന്നത് അനിഷേധ്യമായ നിയമമാണ്. തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ജനാധിപത്യവിരുദ്ധ രാഷ്ട്രീയഘടനയെ ചൂണ്ടിക്കാണിച്ചിട്ട്, ഏറെ പരീക്ഷണങ്ങളെ  അതിജീവിച്ചുകൊണ്ട്  പക്വതയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന് പകരം നിര്‍ദ്ദേശിക്കാന്‍ തയ്യാറാകുന്ന ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ ആശയപരമായ പാപ്പരത്തം അമ്പരപ്പിക്കുന്നതാണ്. ഏകപാര്‍ട്ടി ഭരണസമ്പ്രദായം ചരിത്രത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കാന്‍ കെല്‍പ്പില്ലാത്തതും ഒരു ഘട്ടം കഴിഞ്ഞാല്‍ കടലാസുകൊട്ടാരംപോലെ തകര്‍ന്നടിയുന്നതുമാണെന്നും മുന്‍ സോഷ്യലിസ്റ്റുരാജ്യങ്ങളുടെ തകര്‍ച്ചാപരമ്പരയില്‍നിന്ന് ആര്‍ക്കും കാണാന്‍ കഴിയുന്ന കാര്യമായിരുന്നു. അന്നത്തെ തകര്‍ച്ചകള്‍ മുന്‍കൂട്ടിക്കാണാന്‍ പലര്‍ക്കും കഴിഞ്ഞിരുന്നപ്പോള്‍ അത് കാണാന്‍ കഴിയാതെപോയ ഈ ഹ്രസ്വദൃഷ്ടികള്‍ അതിനുശേഷമെങ്കിലും പാഠം പഠിക്കുമെന്ന് പ്രതീക്ഷിച്ചുപോയിരുന്നു. തെറ്റിപ്പോയി. ഇന്ത്യയിലേതുപോലെ അതിബൃഹത്തും സങ്കീര്‍ണ്ണവും ചലനാത്മകവുമായ ഒരു ജനാധിപത്യസാമൂഹ്യക്രമത്തിന്റെ ഭാവിയെക്കുറിച്ച് എന്തെങ്കിലും പറയാന്‍ ഇത്തരക്കാര്‍ക്ക് യാതൊരു അര്‍ഹതയുമില്ലതന്നെ.
സി.പി.എം. നേതൃത്വം ഇപ്പോള്‍ ചര്‍ച്ചയ്ക്ക് അവതരിപ്പിച്ചിട്ടുള്ള ഈ പ്രത്യയശാസ്ത്രപ്രമേയം മുഖ്യഉള്ളടക്കത്തില്‍ മാറ്റമില്ലാതെ അംഗീകരിക്കപ്പെടുകയാണെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യ സമൂഹത്തിന് അപമാനകരമായ ഒരനുഭവമായിരിക്കും അതെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.

ഇന്ത്യയില്‍ കമ്മ്യൂണിസം എന്തുകൊണ്ട് പരാജയപ്പെട്ടു?


ഇന്ത്യയില്‍ കമ്മ്യൂണിസം എന്തുകൊണ്ട് പരാജയപ്പെട്ടു?

കെ. വേണു

വികസിത മുതലാളിത്ത രാജ്യങ്ങളിലാണ് കമ്മ്യൂണിസ്റ്റു വിപ്ലവം നടക്കുകയെന്ന മാര്‍ക്‌സിന്റെ വിലയിരുത്തല്‍ യാഥാര്‍ത്ഥ്യമാകാതിരുന്ന പശ്ചാത്തലത്തിലാണ്, സാമ്രാജ്യത്വ ശൃംഖലയിലെ ദുര്‍ബല കണ്ണിയെന്ന് ലെനിന്‍ വിലയിരുത്തിയ റഷ്യയില്‍ വിപ്ലവസാധ്യത അദ്ദേഹം പ്രവചിച്ചത്. റഷ്യന്‍ പാത വ്യത്യസ്തരീതിയില്‍ പിന്തുടര്‍ന്ന മാവോയ്ക്ക് ചൈനയിലും വിപ്ലവലക്ഷ്യം നേടാനായി. ചൈനീസ് അവസ്ഥയോട് പല രീതിയില്‍ സാദൃശ്യമുണ്ടായിരുന്ന ഇന്ത്യയിലും ആ രീതിയിലുള്ള ഒരു വിപ്ലവത്തിന്റെ സാധ്യത കാണാന്‍ കഴിയുമായിരുന്നു. റഷ്യയിലും ചൈനയിലും കമ്മ്യൂണിസ്റ്റു ലക്ഷ്യം നേടുന്നതില്‍ വിപ്ലവങ്ങള്‍ വിജയിച്ചില്ലെങ്കിലും ഏറെ പിന്നോക്കാവസ്ഥയിലായിരുന്ന ആ സമൂഹങ്ങളെ സാമ്പത്തിക തലത്തിലെങ്കിലും ഗണ്യമായി മുന്നോട്ടു നയിക്കാന്‍ ആ പരിവര്‍ത്തനങ്ങള്‍ സഹായകമായി. ചൈനയില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി രൂപം കൊണ്ട കാലഘട്ടത്തില്‍ തന്നെ ഇന്ത്യയിലും കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന് തുടക്കം കുറിച്ചുവെങ്കിലും അതിബൃഹത്തും സങ്കീര്‍ണ്ണവുമായ ഇന്ത്യന്‍ സമൂഹത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരു രാഷ്ട്രീയശക്തിയായി വളരാന്‍പോലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിനായില്ലെന്ന യാഥാര്‍ത്ഥ്യം നമ്മുടെ മുന്നിലുണ്ട്.

കമ്മ്യൂണിസ്റ്റ് ലക്ഷ്യം നേടുന്നതിന് മാര്‍ക്‌സിസം അവതരിപ്പിച്ച രാഷ്ട്രീയ സാമ്പത്തിക പദ്ധതികള്‍ അടിസ്ഥാനപരമായി പാളിപ്പോയെങ്കിലും മാര്‍ക്‌സിന്റെ ചരിത്ര, സാമൂഹിക വിശകലനരീതി റഷ്യന്‍, ചൈനീസ് സമൂഹങ്ങളെ മനസ്സിലാക്കുന്നതിനും, താരതമ്യേന ഫലപ്രദമായ രീതിയില്‍ ഇടപെടുന്നതിനും അവിടങ്ങളിലെ കമ്മ്യൂണിസ്റ്റു നേതൃത്വങ്ങളെ സഹായിക്കുകയുണ്ടായി. എന്നാല്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു നേതൃത്വം ആരംഭം മുതല്‍ക്കേ ഇന്ത്യന്‍ സമൂഹത്തിന്റെ ചലനനിയമങ്ങളും സവിശേഷതകളും  മനസ്സിലാക്കുന്നതില്‍  അമ്പേ പരാജയപ്പെടുകയായിരുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ നിന്ന് ഉടലെടുത്ത മാര്‍ക്‌സിന്റെ വര്‍ഗ്ഗസിദ്ധാന്തം തികച്ചും യാന്ത്രികമായി ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിക്കാന്‍ ശ്രമിച്ച ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇവിടത്തെ വര്‍ണ്ണ-ജാതി വ്യവസ്ഥയെ മനസ്സിലാക്കാന്‍ അല്പം പോലും കഴിഞ്ഞില്ല. ലോകനിലവാരത്തില്‍ തന്നെ നോക്കിയാല്‍ താരതമ്യേന ചലനാത്മകമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യപ്രക്രിയയില്‍ സജീവമായി ഇടപെട്ടുകൊണ്ട് മര്‍ദ്ദിത ജാതി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സാമൂഹ്യവിഭാഗങ്ങള്‍ സ്വത്വരാഷ്ട്രീയം ഉപയോഗിച്ചുകൊണ്ട് താന്താങ്ങളുടെ രാഷ്ട്രീയാധികാര പങ്കാളിത്തം പിടിച്ചുപറ്റുന്നത് നോക്കിനിന്ന് അന്തം വിടാന്‍ മാത്രമേ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കഴിയുന്നുള്ളൂ.

മാര്‍ക്‌സും ലെനിനും സൃഷ്ടിച്ച ജനാധിപത്യത്തെക്കുറിച്ചുള്ള വികലമായ ധാരണകള്‍ കുറെകൂടി പ്രാകൃതരൂപത്തില്‍ മനസ്സിലാക്കിയ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍, അരനൂറ്റാണ്ടിലധികം ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രവര്‍ത്തിച്ചിട്ടും മെയ്‌വഴക്കത്തോടെ അതില്‍ ഇടപെടാനോ, അതിനെ മെച്ചപ്പെടുത്തിയെടുക്കുന്നതിന് ക്രിയാത്മകമായി നിര്‍ദ്ദശങ്ങളും പ്രായോഗികപദ്ധതികളും മന്നോട്ടുവെയ്ക്കുന്നതിനോ ആവാതെ നിസ്സഹായരായി നോക്കിനില്‍ക്കുകയാണ് ചെയ്യുന്നത്. കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ അനവധി തവണ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാതെയുള്ള തീരുമാനങ്ങളെടുത്ത് പരാജയമടഞ്ഞതിന്റെ കഥകള്‍ കാണാം. ഇന്നും അതേ ചരിത്രം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

1942ല്‍ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് ക്വിറ്റിന്ത്യാ സമരം ആരംഭിച്ചപ്പോള്‍, രണ്ടാം ലോകയുദ്ധത്തില്‍ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള അച്ചുതണ്ടുശക്തികളുമായി സോവിയറ്റുയൂണിയന്‍ സഖ്യമുണ്ടാക്കിയതിന്റെ പേരില്‍ ഇന്ത്യയുടെ മേല്‍ കൊളോണിയല്‍ ആധിപത്യം ഉറപ്പിച്ചിരുന്ന ബ്രിട്ടന് അനുകൂലമായി ക്വിറ്റിന്ത്യാ സമരത്തെ എതിര്‍ക്കാന്‍ ഇന്ത്യയിലെ അവിഭക്ത കമ്മ്യൂണിറ്റുപാര്‍ട്ടി മുന്നോട്ടുവന്നു. അവരുടെ മുന്നില്‍ ഇന്ത്യയുടെ കൊളോണിയല്‍ അവസ്ഥയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും ഒന്നും പ്രശ്‌നമായിരുന്നില്ല. സ്റ്റാലിന്റെ സോവിയറ്റുയൂണിയന്‍ ലോകയുദ്ധത്തില്‍ സ്വീകരിക്കുന്ന രാഷ്ട്രീയതന്ത്രങ്ങളെ പിന്തുണയ്ക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. മുസ്ലിം ലീഗ് പാകിസ്ഥാന്‍ വിഭജനപ്രശ്‌നം ഉന്നയിച്ച കാലത്ത്, സോവിയറ്റ് യൂണിയന്‍ ഭാഷാദേശീയതകള്‍ക്ക് വിട്ടുപോകാന്‍ ഉള്‍പ്പെടെയുള്ള സ്വയം നിര്‍ണ്ണയാവകാശം നല്‍കിയിട്ട് അവയെ സ്വമേധയാ ഐക്യപ്പെടുത്തുകയാണ് ലെനിന്റെ നേതൃത്വത്തില്‍ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി, നിര്‍ദ്ദേശിക്കപ്പെട്ട പാകിസ്ഥാന്‍ മേഖലകളിലെ ഭാഷാദേശീയതകള്‍ക്ക് അപ്രകാരം ഐക്യപ്പെടാനും വേറിട്ടുപോകാനും അനുവദിക്കണമെന്ന പ്രമേയം കമ്മ്യൂണിസ്റ്റു പാര്‍ട്ടി 1943-ലെ ഒന്നാം കോണ്‍ഗ്രസ്സില്‍ പാസാക്കി. സ്റ്റാലിന്‍ ഭാഷാ ദേശീയതകളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു എന്ന ചരിത്രസത്യം മൂടിവെച്ചു. അധികം താമസിയാതെ ഈ നിലപാട് അവര്‍ വിഴുങ്ങുകയും ചെയ്തു, ഒരു വിശദീകരണവും നല്‍കാതെ.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ പി.സി. ജോഷിയുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി അതിനെ സ്വാഗതം ചെയ്യുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ ദേശീയശക്തി ആയി അംഗീകരിച്ച് പിന്തുണയ്ക്കുകയും ചെയ്തു. പക്ഷേ, ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും 1948 ഫെബ്രുവരിയില്‍ നടന്ന രണ്ടാം കോണ്‍ഗ്രസ്സില്‍ വെച്ച് ബി.ടി.രണദിവയുടെ നേതൃത്വത്തില്‍ അംഗീകരിക്കപ്പെട്ട കല്‍ക്കത്ത തിസീസ് എന്നറിയപ്പെടുന്ന നിലപാടനുസരിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യം മിഥ്യയായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സാമ്രാജ്യത്വസേവ ചെയ്യുന്ന പാര്‍ട്ടിയും. ഉടന്‍ വിപ്ലവത്തിനുള്ള ആഹ്വാനവും. ഒരു കൊല്ലം  കഴിഞ്ഞപ്പോഴേയ്ക്കും, കല്‍ക്കത്താ തിസീസ് സൃഷ്ടിച്ച സാഹസിക സംരംഭങ്ങളുടെ തിക്താനുഭവങ്ങളുടെ പശ്ചാച്ചലത്തില്‍, രാജേശ്വരറാവുവിന്റെ  നേതൃത്വത്തില്‍  തെലുങ്കാനയില്‍ നടന്നുകൊണ്ടിരുന്ന ചൈനീസ് മാതൃകയിലുള്ള ജനകീയ യുദ്ധം ഇന്ത്യയക്ക് മാതൃകയായി പ്രഖ്യാപിക്കപ്പെട്ടു. 1951- ലെത്തിയപ്പോഴേയ്ക്കും സ്റ്റാലിന്റെ ഇടപെടലിലൂടെ, ഇന്ത്യയിലെ പാര്‍ലമെന്ററി സമ്പ്രദായത്തില്‍ സജീവമായി ഇടപെട്ടുകൊണ്ട് വിപ്ലവലക്ഷ്യം നേടുന്നതിനെ കുറിച്ചുള്ള പ്രത്യയ ശാസ്ത്ര നിലപാട് സ്വീകരിക്കുകയും ചെയ്തു. പാര്‍ലമെന്റില്‍ പങ്കെടുക്കുന്നത് അടവുപരമായ താല്ക്കാലിക നടപടിമാത്രമാണെന്നും, വിപ്ലവലക്ഷ്യം കൈവിടാത്ത വിപ്ലവപാര്‍ട്ടിയായി തുടരുമെന്നും അണികളെ ബോധ്യപ്പെടുത്തിക്കൊണ്ടായിരുന്നു തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിലേക്കുള്ള പ്രവേശം. രണ്ടുമൂന്നു വര്‍ഷത്തെ ചുരുങ്ങിയ കാലയളവിനുള്ളില്‍ പരസ്പര വിരുദ്ധമായ നാലു നിലപാടുകള്‍ എടുത്ത മറ്റൊരു നേതൃത്വം എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. കഴിഞ്ഞ അറുപതുകൊല്ലമായിട്ട് ഒരു തിരഞ്ഞെടുപ്പു പാര്‍ട്ടിമാത്രമായി അന്നത്തെ അവിഭക്ത പാര്‍ട്ടിയും ഇപ്പോഴത്തെ രണ്ടു മുഖ്യധാരാ കമ്മ്യുണിസ്റ്റു പാര്‍ട്ടികളും പ്രവര്‍ത്തിച്ചു പോരുന്നുവെങ്കിലും വിപ്ലവപാര്‍ട്ടികളെന്ന പൊയ്മുഖം നിലനിര്‍ത്താന്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിലെ പൊരുത്തക്കേടുകള്‍  പരിഹരിക്കാന്‍ ഇപ്പോഴും അവയ്ക്കായിട്ടുമില്ല.

ഒരു വശത്ത് ഭരണഘടനയെ പിടിച്ച് ആണയിട്ടുകൊണ്ട് എം.എല്‍.എ. മാരും എം.പി.മാരും ആവുക. മറുവശത്ത് പാര്‍ലമെന്റേതര സമരങ്ങള്‍ എന്ന ഓമനപ്പേരിട്ട്, അക്രമസമരങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ട് വിപ്ലവ പാര്‍ട്ടി പരിവേഷം നിലനിര്‍ത്തുക. സത്യദീക്ഷയോ, തത്വദീക്ഷയോ ഇല്ലാത്ത ഇത്തരം പ്രവര്‍ത്തനശൈലികള്‍ ഒരു ജനാധിപത്യസമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല. പക്ഷേ, ഈ കാപട്യം മൂടിവെയ്ക്കാനായി ജനാധിപത്യത്തെ ബൂര്‍ഷ്വാ ജനാധിപത്യമെന്ന് മുദ്രകുത്തുകയും അവഹേളിക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചുപോന്നിട്ടുള്ളത്. അതുവഴി ജനാധിപത്യവിരുദ്ധമായ അക്രമസമരങ്ങള്‍ക്ക് പുരോഗമനപരിവേഷം നിലനിര്‍ത്താനും അവര്‍ ശ്രമിച്ചുപോന്നിട്ടുണ്ട്. പക്ഷേ, ഇത്തരം കാപട്യങ്ങള്‍ അധികനാള്‍ തുടരാനാവില്ലെന്ന യാഥാര്‍ത്ഥ്യമാണ് കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ മുന്നില്‍ പ്രത്യയശാസ്ത്ര പ്രതിസന്ധികളും മറ്റുമായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടിയും ഭരണകൂടവും ഒന്നല്ല രണ്ടായി പ്രവര്‍ത്തിക്കണം എന്ന് പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ട് പറയുകയും, എന്നാല്‍ പ്രത്യയശാസ്ത്ര പ്രമേയം അതേക്കുറിച്ച് ഒന്നും പറയാതെ പഴയ നിലപാടു ആവര്‍ത്തിക്കുകയും ചെയ്യുന്നത് ഈ ആശയക്കുഴപ്പത്തിന്റെ ലക്ഷണമാണ്.

രണ്ടാം ലോകമഹായുദ്ധത്തോടു കൂടി, രാജ്യങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന വെട്ടിപ്പിടുത്ത രാഷ്ട്രീയത്തിന് ചരിത്രപരമായ അന്ത്യം കുറിച്ചുവെന്നും, രാജ്യങ്ങള്‍ക്കിടയിലെ ജനാധിപത്യം എന്ന പുതിയ ചരിത്ര പ്രക്രിയയ്ക്ക് തുടക്കമായി എന്നും യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇപ്പോഴും അംഗീകരിക്കാനാവുന്നില്ല. ഐക്യരാഷ്ട്രസഭയിലെ വീറ്റോ അധികാരവും അമേരിക്കയുടെ ലോകപോലീസ് ചമയലും പഴയ വെട്ടിപ്പിടുത്ത രാഷ്ട്രീയത്തിന്റെ അവശിഷ്ടങ്ങളാണെങ്കിലും, അവയ്ക്ക് അധികനാള്‍ തുടരാനാവില്ല. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധത്തില്‍ നിലനിന്നിരുന്ന കയ്യൂക്കുള്ളവര്‍ കാര്യക്കാര്‍ എന്ന അവസ്ഥയ്ക്ക് അന്ത്യം കുറിക്കുന്ന നടപടിയുടെ തുടക്കമാണ് ലോകവ്യാപാരത്തിന് പൊതുചട്ടങ്ങള്‍ ഉണ്ടാക്കാനുള്ള ലോകവ്യാപാര സംഘടനയുടെ ശ്രമങ്ങള്‍. ഇപ്പോള്‍ വികസിത രാജ്യങ്ങള്‍ക്ക് മേധാവിത്താവസ്ഥയുണ്ടെങ്കിലും, വീറ്റോ അധികാരമില്ലാതെ പൊതുസമ്മതാടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കുന്ന ലോകവ്യാപാരസംഘടനയുടെ രീതികള്‍, വ്യാപാരരംഗത്തും ജനാധിപത്യം അനിവാര്യമാക്കിത്തീര്‍ക്കും.

വെട്ടിപ്പിടുത്ത രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയായി നിലനില്ക്കുന്ന വ്യാപാരരംഗത്തെ കഴുത്തറുപ്പന്‍ മത്സരത്തിനും അതേപടി തുടരാനാവില്ലെന്നാണ് സമീപകാല ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ ലക്ഷ്യം വെച്ചപോലെ വിപണിയെ നിര്‍മ്മാര്‍ജനം ചെയ്യുക അസാധ്യവും അപ്രായോഗികവുമാണ്. കഴുത്തറുപ്പന്‍ മത്സരത്തിനു ചരിത്രമുന്നേറ്റത്തില്‍ പിടിച്ചുനില്‍ക്കാനാവില്ല. ആരോഗ്യകരവും ജനാധിപത്യപരവുമായ സാമൂഹ്യനിയന്ത്രണത്തിന് വിധേയമാകുന്ന വിപണിയുടെ രാഷ്ട്രീയമാണ് 21-ാം നൂറ്റാണ്ടില്‍ നാം കാണാന്‍ പോകുന്നത്. ഈ പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചുകൊണ്ട്, വിപണിക്കു വേണ്ടിയുള്ള വെട്ടിപ്പിടുത്തങ്ങള്‍ ലോകയുദ്ധത്തിലേക്ക് നയിക്കുന്നതിനെക്കുറിച്ച് പറഞ്ഞ ലെനിന്റെ സാമ്രാജ്യത്വ സിദ്ധാന്തങ്ങള്‍ അതേപടി ഉരുവിടാന്‍ ശ്രമിക്കുന്ന സി.പി.എമ്മിന്റെ പുതിയ പ്രത്യയശാസ്ത്ര പ്രമേയം അവരുടെ ആശയപരമായ പാപ്പരത്തത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

ഇതിനേക്കാള്‍ അമ്പരപ്പിക്കുന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള അവരുടെ നിഷേധാത്മക സമീപനം. നേരത്തെ സൂചിപ്പിച്ചതുപോലെ ബൂര്‍ഷ്വാജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് മിഥ്യാപരമായ ജനാധിപത്യാവകാശങ്ങളാണുള്ളതത്രെ. അവ ഉപയോഗപ്പെടുത്താനുള്ള കഴിവുകള്‍ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയും ചെയ്യുന്നുവത്രെ. ഇതിന് പകരം, യഥാര്‍ത്ഥ ജനാധിപത്യം സാധ്യമാവണമെങ്കില്‍, മുവുവന്‍ ജനങ്ങളുടെയും സാമ്പത്തികശാക്തീകരണം സംഭവിക്കണം. പഴയ സോഷ്യലിസ്റ്റ് സങ്കല്പം തന്നെയാണിത്. മുഴുവന്‍ സമൂഹത്തിന്റെയും സാമ്പത്തിക ശാക്തീകരണം എങ്ങനെ സാധ്യമാവും എന്നതാണ് പ്രശ്‌നം. ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ജനാധിപത്യസമ്പ്രദായത്തിന് ആ ലക്ഷ്യം നേടാനാവില്ല എന്നുതന്നെയാണ് വിലയിരുത്തല്‍. പിന്നെയുള്ള ബദല്‍ സോവിയറ്റ് മോഡല്‍ സാമ്പത്തിക കേന്ദ്രീകരണം തന്നെ. പൊതുമേഖലാ കേന്ദ്രീകരണം.  എന്നാല്‍ ചൈനയിലെപ്പോലെ വിപണിയാകാം. പക്ഷേ, അത് കേന്ദ്രീകൃതനിയന്ത്രണത്തിലാകണം. ജനാധിപത്യപരമായ അവകാശങ്ങളും ബഹുസ്വരതയുമെല്ലാം അനുവദിക്കപ്പെടുന്നത്, തൊഴിലാളി വര്‍ഗ്ഗഭരണകൂടത്തിന് കീഴില്‍ സോഷ്യലിസം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരിക്കുമത്രെ. ഇന്ന് ചൈനയില്‍ നിലനില്ക്കുന്നത് ഒരു ടെക്‌നോക്രാറ്റ് നേതൃത്വത്തിന്റെ  സ്വേച്ഛാധിപത്യഭരണമാണ്. അതാകട്ടെ ആന്തരികസംഘര്‍ഷങ്ങള്‍ക്കൊണ്ട് തകര്‍ച്ചയുടെ വക്കിലാണ് താനും. ചൈനയില്‍ നിലനില്‍ക്കുന്ന സ്വേച്ഛ്വാധിപത്യപരമായ മുതലാളിത്തം (Authoritarian Capitalism) കൂടുതല്‍ വികസന സാധ്യത നല്‍കുന്നതുകൊണ്ട് ഇന്ത്യക്ക് പരീക്ഷിക്കാവുന്ന മാതൃകയാണെന്ന് കരുതുന്ന മുതലാളിത്തത്തിന്റെ വക്താക്കളുണ്ട്.  പക്ഷേ  ഈ  മാതൃക അതിജീവനശേഷിയുള്ളതല്ലെന്നതാണ്് ഏറ്റവും പ്രധാന സംഗതി. തൊഴിലാളികള്‍ക്കും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും സംഘാടന അവകാശങ്ങളും മറ്റും നിഷേധിച്ചുകൊണ്ടുള്ള ഭീകരമായ സ്വേച്ഛാധിപത്യഭരണമാണ് നിലനില്ക്കുന്നത്. അത്തരം ഘടനകള്‍ ആന്തരികമായി തകരാന്‍ ബാദ്ധ്യസ്ഥമാണ്. അതുകൊണ്ടുതന്നെ അതിനെ ഒരു മാതൃകയാക്കാന്‍ സാമാന്യബുദ്ധിയുള്ള ആരും തയ്യാറാവുകയുമില്ല.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസ്ഥയെക്കുറിച്ചുനോക്കാം. തുല്യമായ സാമ്പത്തികശാക്തീകരണം ഇല്ലാത്തതുകൊണ്ട് അതിവിപുലമായ ഉച്ചനീചത്വം ജനാധിപത്യത്തെ പ്രഹസനമാക്കുന്നു എന്നു വിമര്‍ശനത്തിന് കാമ്പുണ്ട്. പക്ഷേ, ഈ അവസ്ഥയെ മറികടക്കാനായി, സാമ്പത്തികശാക്തീകരണം കൊണ്ടുവന്നാല്‍ അത് ഒരു തരത്തിലും ജനാധിപത്യാവകാശങ്ങളെ ശക്തിപ്പെടുത്തുന്നില്ല. മറിച്ച് ജനാധിപത്യാവകാശങ്ങളെ പൂര്‍ണ്ണമായി നിഷേധിക്കുന്നതിലേയ്ക്കാണ് അത് നയിക്കുക. കേന്ദ്രീകരണത്തിന് പകരം സഹകരണസംഘങ്ങളും മറ്റ് രൂപങ്ങളും പ്രയോജനപ്രദമല്ല. കാരണം, അവയൊക്കെ പുതിയ അധികാരി വര്‍ഗ്ഗങ്ങളെ സൃഷ്ടിക്കുകയല്ലാതെ, അധികാര വികേന്ദ്രീകരണത്തിലേക്ക് നയിക്കുന്നില്ല എന്നതാണ് വസ്തുത.

ഇന്ത്യയെപ്പോലുള്ള ജനാധിപത്യസമൂഹങ്ങളില്‍ ജനാധിപത്യത്തിന്റെ നാലുതൂണുകള്‍ക്ക് സംഭവിക്കുന്ന അപചയമാണ് മറികടക്കപ്പെടേണ്ടത്. അതിനുള്ള മാര്‍ഗ്ഗം സിവില്‍ സമൂഹത്തിന്റെ ജാഗ്രതയോടുകൂടിയ ഇടപെടലാണെന്നും  ഇന്ത്യന്‍  ജനാധിപത്യസമ്പ്രദായം തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്.  അത്  തീര്‍ച്ചയായും ജനാധിപത്യസമ്പ്രദായത്തിന്റെ ഘടനയില്‍ തന്നെ പുതിയ തലങ്ങള്‍ സൃഷ്ടിച്ചേക്കാം. ജനാധിപത്യ ഭരണസമ്പ്രദായത്തെ പൂര്‍ണ്ണമായും സുതാര്യമാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് അത് നീങ്ങുക. വിപണിയുടെ മേലെയുള്ള ജനാധിപത്യപരമായ സാമൂഹ്യനിയന്ത്രണം കൂടി സാധ്യമായാല്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ സാമൂഹ്യനീതിയുടെ ഘടകം കൂടി പ്രായോഗികതലത്തിലെത്തും. ഇത്തരം പ്രായോഗികമായ സാധ്യതകള്‍ നിലനില്‍ക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന് പകരം ചൈനയിലെ ടെക്‌നോ ക്രാറ്റ് സ്വേച്ഛാധിപത്യത്തെ അവതരിപ്പിക്കാന്‍ തയ്യാറായ സി.പി.എം.നേതൃത്വത്തിന്റെ തൊലിക്കട്ടി അപാരം തന്നെ.

സാമുദായിക രാഷ്ട്രീയവും മതേതര രാഷ്ട്രീയവും


സാമുദായിക രാഷ്ട്രീയവും മതേതര രാഷ്ട്രീയവും

കെ.വേണു

സമീപകാലത്തായി, മത,ജാതി സംഘടനകളെ പ്രതിനിധാനം ചെയ്യുന്ന  സാമുദായിക ശക്തികള്‍ രാഷ്ട്രീയ കാര്യങ്ങളില്‍ കൂടുതല്‍ ശക്തമായും അവിഹിതമായും ഇടപെടുന്നു, നമ്മുടെ ജനാധിപത്യ മതേതര വ്യവസ്ഥയ്ക്ക് തന്നെ അത് ദോഷം ചെയ്യും, അതുകൊണ്ട് ഈ പ്രവണതയെ പ്രോത്സാഹിപ്പിച്ചുകൂടാ എന്നെല്ലാമുള്ള അഭിപ്രായ പ്രകടനങ്ങളും തുടര്‍ന്നുള്ള വിവാദങ്ങളും നമ്മുടെ രാഷ്ട്രീയാന്തരീക്ഷത്തില്‍ സജീവമായിട്ടുണ്ട്. നമ്മുടെ മതേതര ജനാധിപത്യ വ്യവസ്ഥ നിലനില്ക്കുകയും ശക്തിപ്പെടുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരെയെല്ലാം വ്യാകുലപ്പെടുത്തുന്ന സ്ഥിതി വിശേഷമാണിത്. തീര്‍ച്ചയായും, ഗൗരവമുള്ള വിഷയം തന്നെ. സാമുദായിക രാഷ്ട്രീയം ഒരു സുപ്രഭാതത്തില്‍ പൊട്ടിപ്പുറപ്പെട്ടതൊന്നുമല്ല. അതുകൊണ്ടുതന്നെ, നമ്മുടെ ജനാധിപത്യ വ്യവസ്ഥയെ അതങ്ങു വിഴുങ്ങാനൊന്നും പോകുന്നുമില്ല. എങ്കിലും വിഷയം ഗൗരവമുള്ളതാണെന്ന് തിരിച്ചറിയുകയും പരിഹാര സാധ്യതകളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യം തന്നെയാണ്. മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയെന്ന ആവശ്യം ഉന്നയിക്കുകയും നേടിയെടുക്കുകയും ചെയ്ത രീതിയെക്കുറിച്ചെല്ലാമാണ് വിവാദമുണ്ടായതെങ്കിലും, വിഷയത്ത കൂടുതല്‍ വിപുലമായ പശ്ചാത്തലത്തില്‍ തന്നെ പരിശോധിക്കേണ്ടതുണ്ട്.

നേരിയ ഭൂരിപക്ഷത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ തീരുമാനങ്ങളെടുക്കാന്‍ മടിക്കുന്ന യു.ഡി.എഫ് നേതൃത്വത്തിന്റെ പക്വതയില്ലാത്ത നടപടികളാണ് ഈ വിഷയത്തെ വഷളാക്കിയതെന്ന കാര്യത്തില്‍ ഇപ്പോള്‍ ആര്‍ക്കും സംശയമുണ്ടെന്ന് തോന്നുന്നില്ല. ഉചിതമായ തീരുമാനങ്ങളും നടപടികളും ഉണ്ടായിരുന്നെങ്കില്‍ ഈ വിവാദം ഉണ്ടാകുമായിരുന്നില്ലെന്ന് ചുരുക്കം. അതുകൊണ്ടുമാത്രം ആരംഭത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങളുടെ ഗൗരവവും പ്രസക്തിയും കുറയുന്നില്ല. അവ നമ്മുടെ മുന്നില്‍ ഉണ്ടായിരുന്നു; ഇപ്പോഴും ഉണ്ട്. കേരളത്തിലെന്ന പോലെ അഖിലേന്ത്യാ തലത്തിലും.

അടുത്ത കാലത്ത് സാമുദായിക രാഷ്ട്രീയം ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടത് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പു വേളയില്‍, പ്രത്യേകിച്ചും ഉത്തര്‍പ്രദേശിലാണ്. അവിടെ കോണ്‍ഗ്രസ്സിനെപ്പോലുള്ള അഖിലേന്ത്യാ മതേതര പാര്‍ട്ടികള്‍ക്ക് സാമുദായിക പാര്‍ട്ടികളായി കണക്കാക്കപ്പെടുന്നവരുടെ മുന്നില്‍ ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. കഴിഞ്ഞ രണ്ടുദശകത്തിലധികം കാലമായി യു.പി.യിലും ബീഹാറിലുമെല്ലാം ഇതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതാകട്ടെ, ഇന്ത്യയിലെ ജനാധിപത്യ മതേതര സംവിധാനത്തെ തളര്‍ത്തുകയല്ല, വളര്‍ത്തുകയാണ് ചെയ്യുന്നതെന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്.

ഇന്ത്യന്‍ ജനാധിപത്യ മതേതര വ്യവസ്ഥ നിലവില്‍ വന്നിട്ട് ദശകങ്ങള്‍ പിന്നിട്ടിട്ടും ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളായ ദളിത്, ആദിവാസി, പിന്നോക്ക സമുദായങ്ങള്‍, സവര്‍ണ്ണ ഫ്യൂഡല്‍ ശക്തികള്‍  അടക്കി വാണിരുന്ന അധികാരത്തിന്റെ കോട്ട കൊത്തളങ്ങളില്‍ നിന്ന് അയിത്തക്കാരായി അകറ്റി നിര്‍ത്തപ്പെടുക തന്നെയായിരുന്നു. യു.പി., ബീഹാര്‍ പോലുള്ള പ്രമുഖ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ സവര്‍ണ്ണ ഫ്യൂഡല്‍ ശക്തികളിലൂടെയാണ് കോണ്‍ഗ്രസ്സ് തങ്ങളുടെ അധികാരകുത്തക ഉറപ്പിച്ചിരുന്നത്. 1980 കളുടെ രണ്ടാം പകുതിയില്‍, ബാബറി മസ്ജിദ് പ്രശ്‌നം ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍ റാം മനോഹര്‍ ലോഹ്യയുടെയും ഡോ. അംബേദ്കറുടെയും ജാതിവിരുദ്ധ ആശയങ്ങളുടെ സ്വാധീനത്തില്‍ പിന്നോക്ക, ദളിത് ജനവിഭാഗങ്ങള്‍ സ്വയം സംഘടിക്കുകയും അര്‍ഹമായ  അധികാരത്തിന്റെ പങ്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ പിടിച്ചുപറ്റുകയും ചെയ്യുകയാണുണ്ടായത്. ഇന്ത്യയിലെ, സഹസ്രാബ്ധങ്ങള്‍ പഴക്കമുള്ള വര്‍ണ്ണജാതിവ്യവസ്ഥയെ യഥാര്‍ത്ഥ ജനാധിപത്യവല്‍ക്കരണത്തിന് വിധേയമാക്കുന്ന പ്രക്രിയയുടെ ആദ്യത്തെ ചുവടുവെപ്പായിരുന്നു അത്.

സാമുദായിക രാഷ്ട്രീയത്തിലൂടെ ശക്തിപ്പെടുന്ന സ്വത്വരാഷ്ട്രീയം ജനാധിപത്യ മതേതര വ്യവസ്ഥയെ എങ്ങിനെ ബാധിക്കുന്നു എന്ന പ്രശ്‌നം ഗൗരവമുള്ളതാണ്. മര്‍ദ്ദിത ജാതി, സാമൂഹ്യവിഭാഗങ്ങള്‍ സ്വയം സംഘടിച്ച് അധികാരപങ്കാളിത്തം പിടിച്ചുപറ്റുമ്പോള്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നടമാടുന്ന അപചയ പ്രവണതകളെല്ലാം ഈ സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ബാധിക്കുന്നത് സ്വഭാവികം മാത്രം. അധികാര ദുര്‍വിനിയോഗത്തിന്റെയും അഴിമതിയുടെയും മറ്റും കേന്ദ്രങ്ങളായി ഇത്തരം പ്രസ്ഥാനങ്ങളും രൂപാന്തരപ്പെടുന്നു. ഇത്തരം അപഭ്രംശങ്ങളെല്ലാം ഉള്ളപ്പോഴും, യു.പി.യിലെയും ബീഹാറിലെയും അനുഭവങ്ങള്‍ കാണിക്കുന്നത്. അടുത്തകാലം വരെയും ഗ്രാമീണതലങ്ങളിലെ അധികാരകേന്ദ്രങ്ങളിലേക്ക് പോലും പ്രവേശനം നിഷേധിച്ചിരുന്ന ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ക്ക് അധികാരപങ്കാളിത്തം സാധ്യമായതോടെ അത്തരം വിലക്കുളെല്ലാം അപ്രസക്തമായി തീര്‍ന്നു എന്നാണ്. അവരുടെ സാമൂഹ്യപദവിയില്‍ വലിയ പൊളിച്ചെഴുത്തുണ്ടായി എന്നത് വളരെ പ്രധാനപ്പെട്ട സംഗതിയാണ്.

 കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും ഇപ്പോഴും മതേതര ജനാധിപത്യവ്യവസ്ഥയെ മനസ്സിലാക്കുന്നത് പാശ്ചാത്യസങ്കല്പത്തിന്റെ അടിസ്ഥാനത്തിലായതുകൊണ്ട് വര്‍ണ്ണ, ജാതി വ്യവസ്ഥ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയാതെ പകച്ചുനില്ക്കുകയാണ്. സ്വത്വരാഷ്ട്രീയം വിഭാഗീയമാണെന്ന് പറഞ്ഞ് അതിനെ എതിര്‍ക്കുകയും എന്നാല്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വഴങ്ങി ജാതി, മത, സാമൂഹ്യവിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പുനയമാണ് അവര്‍ സ്വീകരിച്ചുപോന്നിട്ടുള്ളത്. യു.പി.യിലും ബീഹാറിലുമെല്ലാം കമ്മ്യൂണിസ്റ്റുകാര്‍ പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ടത് ഈ വിഷയത്തോടുള്ള നിഷേധാത്മകമായ സമീപനം നിമിത്തമാണ്. കോണ്‍ഗ്രസ്സിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. രാഹുല്‍ ഗാന്ധി   യു.പിയില്‍ ഇടപെടാന്‍ നടത്തിയ ശ്രമങ്ങള്‍  പരാജയത്തില്‍  കലാശിക്കുകയാണുണ്ടായത്. വര്‍ണ്ണജാതിവ്യവസ്ഥയുടെ സമൂര്‍ത്ത രൂപങ്ങളെ നേരിടാന്‍ ജനാധിപത്യ മതേതര രാഷ്ട്രീയത്തിന്റെ അമൂര്‍ത്ത മാതൃകകള്‍ തികച്ചും അപര്യാപ്തമാണ് എന്ന വസ്തുതയാണ് രാഹുല്‍ ഗാന്ധി മനസ്സിലാക്കാതെ പോയത്.

കേരളത്തിലേക്ക് കടക്കുമ്പോള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാണ്. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലൊന്നും കാണാത്തവിധം  അടിയില്‍ നിന്നുള്ള സാമൂഹ്യനവോത്ഥാനത്തിന് തുടക്കം കുറിക്കുകയും അത്  ജനാധിപത്യവല്‍ക്കരണത്തിലേക്കും  പ്രബുദ്ധ രാഷ്ട്രീയവല്‍ക്കരണത്തിലേക്കും വളരുകയും ചെയ്ത സമൂഹമാണ് കേരളത്തിലേത്. അഖിലേന്ത്യാതലത്തില്‍ സമീപകാലത്ത് ആരംഭിച്ച സാമുദായിക രാഷ്ട്രീയത്തിന്റെ സംഘടിതമായ മുന്നേറ്റം കേരളത്തില്‍ 1930 കളില്‍ തന്നെ ആരംഭിച്ചതാണ്. മാറുമറയ്ക്കാനും വഴിനടക്കാനും വിദ്യാഭ്യാസം ചെയ്യാനും ആരാധനാ സ്വാതന്ത്ര്യത്തിനും മറ്റുമായി ആരംഭിച്ച സാമൂഹ്യനവോത്ഥാന പ്രക്രിയ, വിദേശ ബ്രാഹ്മണ അധികാര കുത്തകയ്‌ക്കെതിരായി മലയാളി മെമ്മോറിയലും സവര്‍ണ്ണാധികാര കുത്തകയ്‌ക്കെതിരായി ഈവഴ മെമ്മോറിയലും ഉയര്‍ന്നുവന്നതിന്റെ തുടര്‍ച്ചയായിട്ടുതന്നെയാണ് രാഷ്ട്രീയാധികാരം സാമുദായികമായി പങ്കുവെയ്ക്കപ്പെടണമെന്നുള്ള ആവശ്യവുമായി 1930-കളില്‍ നിവര്‍ത്തന പ്രക്ഷോഭം ശക്തിപ്പെട്ടത്. അയിത്തജാതി സമൂഹങ്ങള്‍ക്ക് അധികാരം സംവരണം ചെയ്യണമെന്ന ഡോ.അംബേദ്കറുടെ നിലപാടിനെതിരെ മഹാത്മാഗാന്ധി നിരാഹാരം നടത്തിയതിനെ തുടര്‍ന്ന് ഉണ്ടായ പൂനാകരാറിന്റെ  പശ്ചാത്തലത്തിലാണ്  കേരളത്തിലെ നിവര്‍ത്തനപ്രക്ഷോഭം    ഉയര്‍ന്നുവന്നതെന്നത് അഖിലേന്ത്യാസംഭവവികാസങ്ങളുടെ  സ്വാധീനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. നിവര്‍ത്തന പ്രക്ഷോഭം ഭാഗിക വിജയം നേടിയെങ്കിലും സാമുദായിക രാഷ്ട്രീയം പിന്നീട് മുന്നോട്ടുപോയില്ല. പുതുതായി രംഗത്തുവന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തിരുവിതാംകൂറിലും കൊച്ചിയിലും സജീവമായി തീര്‍ന്ന സ്റ്റേറ്റ് കോണ്‍ഗ്രസ്സും കൂടി ഈ സാമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പങ്കിട്ടെടുക്കുകയായിരുന്നു.

വര്‍ഗ്ഗസമരസമീപനത്തിലൂടെ ദളിത്, പിന്നോക്ക വിഭാഗങ്ങളിലെ ഭൂരിഭാഗം വരുന്ന തൊഴിലാളി, ദരിദ്ര വിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കഴിഞ്ഞു. അവരുടെ മുഖ്യസാമൂഹ്യാടിസ്ഥാനമായി ഈ സമുദായങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതു കാണാം. മറ്റു സമുദായങ്ങളിലെ ദരിദ്ര, തൊഴിലാളി വിഭാഗങ്ങളിലെ ചെറിയൊരു ഭാഗത്തെ മാത്രമേ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞുള്ളൂ. ദളിത് സമുദായത്തിലെ ചെറിയൊരു വിഭാഗവും പിന്നോക്കക്കാരിലെ സമ്പന്ന ഇടത്തരം വിഭാഗങ്ങളിലെ ഗണ്യമായ ഭാഗവും നായര്‍, ക്രിസ്ത്യന്‍ സമുദായങ്ങളിലെ  ഭൂരിഭാഗവുമാണ്  കോണ്‍ഗ്രസ്സിന്റെ സാമൂഹ്യാടിസ്ഥാനമായി മാറിയത്. ഇടക്കാലത്ത് ശ്രദ്ധേയമായ സാന്നിദ്ധ്യമായിരുന്ന  സോഷ്യലിസ്റ്റു പ്രസ്ഥാനത്തിന് സാമുദായികാടിസ്ഥാനം ഉണ്ടായിരുന്നില്ല. ചെറിയ തോതിലാണെങ്കിലും എല്ലാ സമുദായങ്ങളിലുമായി അവര്‍ വ്യാപരിച്ചു കിടക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ്സിലെ ക്രിസ്ത്യന്‍ സമുദായത്തിലെ  ഗണ്യമായ വിഭാഗവും നായര്‍ സമുദായത്തില്‍ നിന്നൊരു ചെറുവിഭാഗവും ചേര്‍ന്നാണ് കേരളാ കോണ്‍ഗ്രസ്സുണ്ടായത്.

നിവര്‍ത്തന പ്രക്ഷോഭത്തിലൂടെ വളര്‍ന്നുവന്ന സാമുദായിക രാഷ്ട്രീയത്തെ ഫലപ്രദമായി മറികടന്നുകൊണ്ട് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും ചേര്‍ന്ന്, കേരളത്തില്‍ ശക്തമായ ഒരു മതേതര ജനാധിപത്യരാഷ്ട്രീയത്തിന് അടിത്തറ പാകി എന്ന് വ്യാഖ്യാനിക്കപ്പെടാറുണ്ട്. തീര്‍ച്ചയായും, ഒട്ടുമൊത്തത്തില്‍  നോക്കിയാല്‍ 1940-കളിലും '50-കളിലും കേരളത്തില്‍ ഉയര്‍ന്നുവന്ന പ്രബുദ്ധ രാഷ്ട്രീയത്തിന്റെ പശ്ചാത്തലം അതുതന്നെയായിരുന്നു. പക്ഷേ, ചരിത്രപരമായി ഈ പ്രക്രിയയെ വിലയിരുത്തുമ്പോള്‍ അതിന്റെ പരിണതഫലം ഗുണാത്മകം മാത്രമായിരുന്നില്ലെന്ന് കാണാം. ജാതിവിവേചനത്തിന്റെ സാമൂഹ്യഘടനയില്‍ നിന്ന് മോചനം നേടണമെങ്കില്‍ മര്‍ദ്ദിതജാതി സമൂഹങ്ങള്‍ തങ്ങള്‍ക്ക് അര്‍ഹമായ അധികാര പങ്കാളിത്തം കൈക്കലാക്കണമെന്ന ഡോ. അംബേദ്കര്‍ നിലപാടിനെ പാടെ അവഗണിച്ചുകൊണ്ടും തമസ്‌ക്കരിച്ചുകൊണ്ടും ദളിത്, പിന്നോക്ക വിഭാഗങ്ങളിലെ അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തെ കൂലികൂടുതലും തൊഴിലവകാശങ്ങളും ലക്ഷ്യമാക്കിയുള്ള സാമ്പത്തിക സമരങ്ങളില്‍ തളച്ചിടുകയാണ് കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തത്. ഡോ. അംബേദ്കര്‍ ബ്രിട്ടീഷ് ഏജന്റായിരുന്നു എന്ന് കേരളത്തിലെ ദളിതരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകാര്‍ ഈ വഞ്ചനയ്ക്ക് കളമൊരുക്കിയത്. കേരളത്തിലെ ദളിതരെ കമ്മ്യൂണിസ്റ്റുകാര്‍ സംഘടിപ്പിച്ചിട്ട് ആറ് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. കേരളീയ സമൂഹത്തിലെ അഞ്ചിലൊന്നോളം വരുന്ന ദളിത് ആദിവാസി സമൂഹത്തിന് കേരളത്തിന്റെ സമ്പത്തില്‍ ഒരു ശതമാനം പോലും പങ്കുകൊള്ളാനായിട്ടില്ല. അധികാരത്തിന്റെ കാര്യത്തില്‍ വട്ടപൂജ്യവും.

കേരളത്തിലെ ദളിതരുടെ ഈ അവസ്ഥയുമായി ഇപ്പോഴത്തെ യു.പി., ബീഹാര്‍ ദളിതരുടെ അവസ്ഥ താരതമ്യം ചെയ്യണം. രാഷ്ട്രീയാധികാരപങ്കാളിത്തം ഗ്രാമതലത്തില്‍ വരെ അനുഭവിച്ചറിയാന്‍ കഴിഞ്ഞ യു.പി.യിലെയും ബീഹാറിലെയും ദളിത്, പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹ്യപദവിയിലുണ്ടായ ശ്രദ്ധേയമായ മുന്നേറ്റം കേരളത്തിലെ ദളിതര്‍ക്ക് തികച്ചും അപ്രാപ്യമാണ്. ഇങ്ങനെ പരിശോധിക്കുമ്പോള്‍ കേരളത്തില്‍ ഇന്ന് സാമുദായിക രാഷ്ട്രീയം ഏറ്റവുമധികം ആവശ്യമായിട്ടുള്ളത് ദളിത് സമൂഹത്തിനും ആദിവാസികള്‍ക്കുമാണെന്നു കാണാം. പക്ഷേ, കേരളത്തിലെ ദളിതരാകട്ടെ, കമ്മ്യൂണിസ്റ്റുകാരുടെ വര്‍ഗ്ഗസമരരാഷ്ട്രീയത്തില്‍ കുടുങ്ങി സാമുദായിക രാഷ്ട്രീയത്തില്‍ നിന്ന് തികച്ചും അകന്നു നില്ക്കുകയും ചെയ്യുന്നു. ഇന്നത്തെ ദളിത് സമൂഹത്തിലെ യുവതലമുറയിലെ ചെറിയൊരു വിഭാഗം  മാത്രമാണ്  ചരിത്രപരമായി  തങ്ങള്‍ വഞ്ചിക്കപ്പെട്ടതെങ്ങിനെയാണെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുള്ളത്. അപ്പോഴും ഭൂരിപക്ഷം ദളിതരും തങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവ് നേടാന്‍ കഴിയാത്തവരുമാണ്. എസ്.എന്‍.ഡി.പിയുടെയും മറ്റും സംഘടിത പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാഭ്യാസരംഗത്തും മറ്റും ഉണ്ടാക്കിയ നേട്ടങ്ങള്‍ കേരളത്തിലെ പിന്നോക്ക  സമുദായത്തിന്റെ സാമൂഹ്യപദവിയില്‍ ഗുണകരമായ മാറ്റമുണ്ടാക്കിയിട്ടുണ്ടെങ്കിലും, രാഷ്ട്രീയാധികാര പങ്കാളിത്തത്തിന്റെ അഭാവം അവരെയും പിന്നോക്കാവസ്ഥയില്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയാധികാര പങ്കാളിത്തത്തിന്റെ പ്രശ്‌നത്തില്‍ കേരളത്തിലെ പിന്നോക്കക്കാര്‍ ഇനിയും ഏറെ മുന്നോട്ടുപോവാനുണ്ട്. ദളിത് പിന്നോക്ക വിഭാഗങ്ങളുടെ രാഷ്ട്രീയാധികാരപങ്കാളിത്തം ഉറപ്പുവരുത്താതിരിക്കുന്നിടത്തോളം കാലം നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാനം ദുര്‍ബലം തന്നെയാണ്.

1940കളിലും '50-കളിലും ഉണ്ടായ പ്രബുദ്ധ മതേതര ജനാധിപത്യ രാഷ്ട്രീയത്തിന്റെ പരിണതഫലമാണ് കേരളത്തിലെ ദളിത്, ആദിവാസി വിഭാഗങ്ങളുടെ തികഞ്ഞ പിന്നോക്കാവസ്ഥയും, പിന്നോക്ക വിഭാഗങ്ങളുടെ ഭാഗികമായ ദുര്‍ബലാവസ്ഥയുമെന്ന് നമ്മള്‍ കണ്ടു. '60കള്‍ മുതല്‍ക്കുള്ള കേരള രാഷ്ട്രീയം മുന്നണി രാഷ്ട്രീയത്തിന്റേതാണ്. ജനാധിപത്യസമ്പ്രദായത്തില്‍ മുന്നണിരാഷ്ട്രീയം മോശമായ സംഗതിയല്ല. അധികാരം ഏതെങ്കിലും ഒറ്റപാര്‍ട്ടിയുടെ കയ്യില്‍ കേന്ദ്രീകരിക്കാതെ ബഹുസ്വരതയ്ക്ക് അത് അവസരമുണ്ടാക്കുന്നു. നല്ലതുതന്നെ. പക്ഷേ, ഒരു നിയോജക മണ്ഡലത്തില്‍ മാത്രം സ്വാധീനമുള്ള ഒരു പാര്‍ട്ടി മുന്നണിയിലെ ഘടകകക്ഷിയായാല്‍ ഏക എം.എല്‍.എയ്ക്ക് മന്ത്രിവരെ ആകാന്‍ കഴിയുന്നു. ഇപ്പോള്‍ സംഭവിച്ചിട്ടുള്ളതുപോലെ നേരിയ ഭൂരിപക്ഷത്തോടെ മുന്നണി ഭരണം നടക്കുമ്പോള്‍ ഇത് ഉറപ്പാണ്. അഥവാ മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിലും കോര്‍പ്പറേഷനുകളിലും മറ്റു സംവിധാനങ്ങളിലുമായി അധികാരപങ്കാളിത്തം ഉറപ്പുവരുത്തപ്പെടുന്നു. ഇത്തരം ഈര്‍ക്കിള്‍ പാര്‍ട്ടികള്‍ ഉള്‍പ്പെടെ എല്ലാ മുന്നണിപാര്‍ട്ടികളും തങ്ങളുടെ വോട്ടുബാങ്ക് സംരക്ഷിക്കാനായി ഏതു മാര്‍ഗ്ഗവും സ്വീകരിക്കാന്‍ തയ്യാറാകുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ഈ വോട്ട് ബാങ്ക് രാഷ്ട്രീയം എത്രമാത്രം അധഃപതിക്കാം എന്നതിന്റെ അനവധി ദൃഷ്ടാന്തങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അവയൊക്കെ എണ്ണിപ്പറയുന്നതില്‍ അര്‍ത്ഥമില്ല.

രണ്ടു മുന്നണികള്‍ക്കും അവരവരുടേതായ സാമൂഹ്യാടിസ്ഥാനമുണ്ടെന്ന് നേരത്തെ കാണുകയുണ്ടായി. ഈ സാമൂഹ്യാടിസ്ഥാനങ്ങളുടെ സ്വഭാവത്തിലുള്ള വ്യത്യാസം ശ്രദ്ധേയമാണ്. ദളിത്, പിന്നോക്ക സമുദായങ്ങളാണല്ലോ ഇടതുപക്ഷത്തിന്റെ മുഖ്യസാമൂഹ്യാടിസ്ഥാനം. ദളിത് സമുദായത്തിന് തനതായ ഒരു സാമൂദായിക അസ്തിത്വമോ നേതൃത്വമോ വളര്‍ന്നുവരാതെ നോക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകാര്‍ പൂര്‍ണ്ണവിജയം നേടി. ഇപ്പോഴും ഈ അവസ്ഥ തുടരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ രംഗത്ത് വരുന്നതിന് മുമ്പുതന്നെ എസ്. എന്‍.ഡി.പി.യുടെ  സംഘടനയും നേതൃത്വവും രൂപംകൊണ്ടുകഴിഞ്ഞിരുന്നതുകൊണ്ട് പിന്നോക്കക്കാരുടെ നേതൃത്വത്തെ  ഇല്ലായ്മചെയ്യാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കായില്ല. പക്ഷേ, വര്‍ഗ്ഗരാഷ്ട്രീയം ഉപയോഗിച്ച് അധ്വാനിക്കുന്ന വര്‍ഗ്ഗത്തില്‍പ്പെട്ട പിന്നോക്ക ഭൂരിപക്ഷത്തെ നേടിയെടുക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കഴിഞ്ഞതോടെ പിന്നോക്ക നേതൃത്വം ദുര്‍ബലമായി. ഏറെകാലത്തേയ്ക്ക് എസ്.എന്‍.ഡി.പി. വിവാഹങ്ങള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കും മേല്‍നോട്ടം വഹിക്കുന്ന സംഘടനയായി ഒതുങ്ങേണ്ടി വന്നു. വിദ്യാഭ്യാസരംഗത്ത് മോശമല്ലാത്ത അടിസ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് അവര്‍ക്ക് വലിയൊരു പരിധിവരെ പിടിച്ചുനില്‍ക്കാനായത്. സമീപകാലത്ത് രാഷ്ട്രീയാധികാരപങ്കാളിത്തത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള ചില നീക്കങ്ങള്‍ അവര്‍ ആരംഭിച്ചുവെങ്കിലും സാമൂഹ്യാടിസ്ഥാനത്തിലെ ഗണ്യമായ പങ്ക് ഇപ്പോഴും കമ്മ്യൂണിസ്റ്റുകാരുടെ നിയന്ത്രണത്തില്‍ ആയതുകൊണ്ട് നേതൃത്വത്തിന്റെ വിലപേശല്‍ ശക്തി ദുര്‍ബലം തന്നെയാണ്. ഇടതുപക്ഷത്തിന്റെ സാമൂഹ്യാടിത്തറയില്‍ സാമുദായിക രാഷ്ട്രീയം ഉന്നയിച്ച് വിലപേശാന്‍ കഴിയുന്നവര്‍ കുറവായതുകൊണ്ടാണ് അവര്‍ക്ക് അത്തരം വിവാദങ്ങളില്‍ അധികം ഏര്‍പ്പെടേണ്ടി വരാത്തത്. ഈ സാമൂഹ്യാടിസ്ഥാനം  അധികാരം  ഉറപ്പിക്കാന്‍ അപര്യാപ്തമാണെന്നറിയാവുന്നതുകൊണ്ട് മറ്റ് വിഭാഗങ്ങളില്‍ നിന്ന് പിന്തുണ നേടാനുള്ള കരുനീക്കങ്ങളില്‍ ഏതറ്റം വരെ പോകാനും അവര്‍ മടിക്കാറുമില്ല. മുസ്ലിം ലീഗില്‍ നിന്നും കേരളാ കോണ്‍ഗ്രസ്സില്‍നിന്നും ഓരോ വിഭാഗങ്ങളെ അടര്‍ത്തിയെടുത്ത് കൂടെ നിര്‍ത്തുന്നതു മുതല്‍ക്ക്, മ്അദനിയെ മഹാത്മാഗാന്ധിയോട് തുല്യപ്പെടുത്തി പി.ഡി.പി. വോട്ടുനേടാനുള്ള നീക്കം വരെയുള്ള അപഹാസ്യമായ സാമുദായിക രാഷ്ട്രീയകളികള്‍ നടത്തിയിട്ടുള്ളതും ഇടതുപക്ഷം തന്നെയാണ്.

പിന്നോക്ക വിഭാഗത്തിലെ ചെറുവിഭാഗത്തോടൊപ്പം ക്രിസ്ത്യന്‍ നായര്‍ സമുദായങ്ങളാണ് കോണ്‍ഗ്രസ്സിന്റെ മുഖ്യസാമൂഹ്യാടിസ്ഥാനം എന്നതുകൊണ്ടും അവര്‍ക്ക് കൂടുതല്‍ വിലപേശല്‍ ശക്തിയുള്ളതുകൊണ്ടും കോണ്‍ഗ്രസ്സ് മുന്നണിയ്ക്ക് സാമുദായിക രാഷ്ട്രീയം കൂടുതല്‍ തുറന്ന രീതിയില്‍ കൈകാര്യം ചെയ്യേണ്ടിവരുന്നു. ജനാധിപത്യപാര്‍ട്ടികള്‍ സാമുദായിക ശക്തികളെ തുറന്ന് അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്നതുകൊണ്ട് ഇത്തരം ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അവര്‍ക്ക് പ്രശ്‌നങ്ങളില്ലാതാനും.

രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ വോട്ടുബാങ്ക് സംരക്ഷിക്കാനും വികസിപ്പിക്കാനും വേണ്ടി തത്വരഹിതവും ഗര്‍ഹണീയവുമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതും സാമുദായിക ശക്തികള്‍ തങ്ങള്‍ക്കില്ലാത്ത സാമുദായിക പ്രാതിധിധ്യം അവകാശപ്പെട്ടുകൊണ്ട് രാഷ്ട്രീയപാര്‍ട്ടികളുമായി അവിഹിതമായ വിലപേശല്‍ നടത്തുന്നതുമാണ് ജനാധിപത്യമതേതര സംവിധാനത്തിന് ദോഷംചെയ്യുക. ഈ രണ്ടു പ്രവണതകളും പരിധിവിട്ടു ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് ജനാധിപത്യ മതേതര ശക്തികളെ ആശങ്കപ്പെടുത്തുന്ന സംഗതി. ആരോഗ്യകരമായ തലത്തില്‍ മതേതര ജനാധിപത്യ ഘടനയെ സംരക്ഷിച്ച് നിര്‍ത്തുന്നതിന് എന്തെങ്കിലും മാനദണ്ഡങ്ങള്‍ കണ്ടെത്താനും നിയന്ത്രണങ്ങള്‍ ചെലുത്താനും ആവുമോ എന്നാണ് പരിശോധിക്കേണ്ടത്.

ഡോ. അംബേദ്കര്‍ സാമുദായിക രാഷ്ട്രീയത്തില്‍ ഊന്നിയത് ഇന്ത്യയിലെ വര്‍ണ്ണ  ജാതിവ്യവസ്ഥയെ  മറികടക്കാന്‍  അത് അനിവാര്യമാണെന്നതുകൊണ്ടാണ്. പക്ഷേ, കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഏറെ വ്യത്യസ്തമായ സംഗതികളാണ്. ഇപ്പോഴും അധികാരത്തിന്റെ പങ്ക് അല്പം പോലും ലഭിച്ചിട്ടില്ലാത്ത ദളിത്, ആദിവാസി വിഭാഗങ്ങളാണ് കേരളത്തില്‍ സാമുദായിക രാഷ്ട്രീയം ശക്തമായി ഉന്നയിക്കേണ്ടത്. പക്ഷേ, അവര്‍, അതിന് തികച്ചും അശക്തരായി മാറിയിരിക്കുന്നു. മറിച്ച്, പണ്ടു മുതല്‍ക്കേ സാമൂഹ്യപദവിയില്‍ മേധാവിത്വപരമായ സ്ഥാനം ശക്തമായിത്തന്നെ നിലനിര്‍ത്തിയിരുന്ന സാമുദായികശക്തികള്‍ ഇപ്പോള്‍ കൂടുതല്‍ ശക്തമായി വിലപേശാനും മറ്റും ശ്രമിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ആരോഗ്യകരമായ ജനാധിപത്യമതേതര അന്തരീക്ഷത്തിന് ഒട്ടും ചേര്‍ന്നതല്ല ഈ സാഹചര്യം. പക്ഷേ, പാര്‍ലമെന്ററി രാഷ്ട്രീയം എത്തിനില്ക്കുന്ന വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ സാഹചര്യത്തില്‍ ഇത്തരം പ്രവണതകളെ തടഞ്ഞുനിര്‍ത്താനോ നിയന്ത്രിക്കാനോ എളുപ്പത്തില്‍ സാധ്യമാവില്ല. തത്വവിചാരം കൊണ്ട് പരിഹരിക്കാവുന്നവയല്ല ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍. ഇത്തരം പ്രവണതകളെ മറികടക്കാന്‍ കഴിയുന്ന പുതിയ സാമൂഹ്യരാഷ്ട്രീയ ഇടപെടലുകളാണാവശ്യം. സാമുദായിക ശക്തികള്‍ രാഷ്ട്രീയത്തില്‍ ഇടപെടരുത് എന്നെല്ലാം ചട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതിലര്‍ത്ഥമില്ല. ജനാധിപത്യസമൂഹത്തില്‍ ഏത് വ്യക്തികള്‍ക്കായാലും സംഘടനകള്‍ക്കായാലും രാഷ്ട്രീയപ്രശ്‌നങ്ങളില്‍ ഇടപെടാനും അഭിപ്രായം പറയാനും സ്വാതന്ത്ര്യമുണ്ട്. അത് തടയുന്നത് ജനാധിപത്യ കീഴ്‌വഴക്കമല്ല.

സാമൂഹ്യമായി അവശതകളുള്ള സമുദായങ്ങള്‍ സംഘടിക്കുന്നതും തുല്യമായ സാമൂഹ്യപദവിക്കുവേണ്ടി സമരം ചെയ്യുന്നതും ന്യായമാണ്. സ്വത്വ രാഷ്ട്രീയത്തിന്റെ പ്രസക്തി അവിടം വരെയാണ്. തുല്യമായ സാമൂഹ്യപദവി ലഭ്യമായവയും ഉള്ളവയുമായ സമുദായങ്ങള്‍ സാമുദായികമായി സംഘടിക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. അത്തരം സാമുദായിക ശക്തികള്‍ പരസ്പരം മത്സരിക്കുമ്പോള്‍ സാമുദായിക രാഷ്ട്രീയം വര്‍ഗ്ഗീയമായി മാറാന്‍ എളുപ്പമാണ്. രാഷ്ട്രീയ പാര്‍ട്ടികളോ സാമുദായിക സംഘടനകളോ ബന്ധപ്പെട്ട മൊത്തം സമുദായത്തെ പ്രതിനിധീകരിച്ച് അവകാശവാദങ്ങള്‍ ഉന്നയിക്കുകയും മറ്റു സമുദായങ്ങളുമായി കണക്കുപറയുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്യുമ്പോള്‍ സമുദായങ്ങള്‍ തമ്മിലുള്ള ശത്രുതയിലേക്കും വൈരത്തിലേയ്ക്കും നയിക്കുന്നു. അത് വര്‍ഗ്ഗീയ വികാരത്തെ വളര്‍ത്തുകയും സംഘട്ടനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.

മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ സംഘടനയുണ്ടാക്കുന്നതല്ല പ്രശ്‌നം. സമീപനാണ് പ്രശ്‌നം. മുസ്ലിം ലീഗിന്റെ പേര് ചൂണ്ടിക്കാട്ടി അവരെ വര്‍ഗ്ഗീയ പാര്‍ട്ടിയായി ചിത്രീകരിക്കുന്ന രീതിയുണ്ട്. അതിലര്‍ത്ഥമില്ല. മതേതര ജനാധിപത്യനിലപാട് തത്വത്തിലും പ്രയോഗത്തിലും അവര്‍ സ്വീകരിക്കുന്നിടത്തോളം കാലം അവര്‍ വര്‍ഗ്ഗീയപാര്‍ട്ടിയാവില്ല. ബാബറി മസ്ജിദ് സന്ദര്‍ഭത്തിലും മുസ്ലിം തീവ്രവാദത്തെ നേരിടുന്നതിലുമെല്ലാം അവര്‍ തങ്ങളുടെ മതേതര ജനാധിപത്യ നിലപാട് തെളിയിച്ചിട്ടുണ്ട്. അത്രത്തോളം നല്ലത്. ഇങ്ങനെ പരിശോധിക്കാന്‍ മിനക്കെടാത്തവരെ സംബന്ധിച്ചിടത്തോളം അവരുടെ പാര്‍ട്ടിയുടെ പേര് വര്‍ഗ്ഗീയധ്വനിയുള്ളതാണ്. ഇത്തരം ധ്വനിയുള്ള പേര് നിലനിര്‍ത്താന്‍ അവര്‍ നിര്‍ബന്ധം പിടിക്കുന്നിടത്തോളം കാലം, സമീപനത്തിലും പെരുമാറ്റത്തിലുമെല്ലാം നിതാന്ത ജാഗ്രത പുലര്‍ത്താന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. പക്ഷേ, അഞ്ചാം മന്ത്രിവിവാദത്തില്‍ അവര്‍ ഈ ജാഗ്രത പുലര്‍ത്തിയതായി  കാണുന്നില്ല.

കോണ്‍ഗ്രസ്സിന് മന്ത്രിമാരെ നല്‍കിയ കണക്കില്‍ തന്നെ തങ്ങള്‍ക്കും മന്ത്രിമാരെ വേണമെന്ന് ലീഗിന് ആവശ്യപ്പെടാം. നേരിയ ഭൂരിപക്ഷത്തില്‍ നില്ക്കുന്ന മുന്നണിഭരണം, ഒരു എം.എല്‍.എ. ഉള്ള പാര്‍ട്ടിക്ക് ഒരു മന്ത്രിയെ വീതം മൂന്ന് മന്ത്രിമാരെ കൊടുക്കാന്‍ നിര്‍ബന്ധിതമായി നില്ക്കുന്ന സാഹചര്യത്തില്‍, അത്തരം സങ്കീര്‍ണ്ണതകളോട് മുഖം തിരിഞ്ഞുനിന്നുകൊണ്ട് ലീഗ് തങ്ങളുടെ ആവശ്യം നേടാനായി സമ്മര്‍ദ്ദതന്ത്രങ്ങള്‍ പ്രയോഗിച്ചത് ആരോഗ്യകരമായ മുന്നണി രാഷ്ട്രീയത്തിന് ചേരുന്നതായിരുന്നില്ല. ആദ്യമേ നേതൃത്വം ഇക്കാര്യത്തില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ മുതല്‍ ഒരു വിഭാഗം അണികളുടെ വൈകാരിക പ്രകടനങ്ങള്‍ക്ക് നേതൃത്വം കീഴ്‌പ്പെടാന്‍ നിര്‍ബന്ധിതമാകുന്നതുവരെയുള്ള കാര്യങ്ങള്‍ അനാരോഗ്യപ്രവണതകള്‍ തന്നെയാണ്. കേരളത്തിലെ ഒരു പ്രധാന സാമുദായിക പാര്‍ട്ടിയായ മുസ്ലിം ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഇത്തരം വ്യതിയാനങ്ങള്‍ കേരളത്തില്‍ നിലനില്‍ക്കുന്ന സൂക്ഷ്മമായ സാമുദായികസന്തുലനത്തെ ദോഷകരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

രാഷ്ട്രീയപാര്‍ട്ടികളുടെയും സമുദായസംഘടനകളുടെയും നേതൃത്വങ്ങള്‍ ഗുരുതരസ്വഭാവമുള്ള പല പാളിച്ചകളും നിരന്തരമായി വരുത്തികകൊണ്ടിരിക്കുന്നുണ്ടെങ്കിലും കേരളത്തിലെ പൊതുസമൂഹം മതേതരജനാധിപത്യശൈലി ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കൂടുതല്‍ പക്വതകാട്ടി പോന്നിട്ടുണ്ട്. ഇത്തരമൊരു പൊതു സമൂഹത്തിന്റെ നിലനില്പും വളര്‍ച്ചയ്ക്കുള്ള സാധ്യതകളുമാണ് ജനാധിപത്യ മതേതര ശക്തികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകം.