Saturday, 21 June 2014

നരേന്ദ്രമോദി സര്‍ക്കാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍


കുറിപ്പ് : മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ എഴുത്തിയ ഈ ലേഖനം ജൂണ്‍ 2-ന്  മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക്് അയച്ചുകൊടുത്തതാണ്. ലേഖനം പക്ഷേ, പ്രസിദ്ധീകരിക്കപ്പെട്ടില്ല. തുടര്‍ന്ന്, പുതിയ ഗവണ്‍മെന്റിന്റെ നയസമീപനം പുറത്തുവന്നതിനുശേഷം അതിനെക്കുറിച്ച് മാതൃഭൂമി പത്രത്തിലേക്ക് അയച്ച ലേഖനവും (12-6-14) പ്രസിദ്ധീകരിച്ചില്ല. മുന്‍പ് സത്‌നാം സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള വസ്തുതകള്‍ വിശദമായി അന്വേഷിച്ചെഴുതി അയച്ചുകൊടുത്ത ലേഖനവും (2-4-2013-ല്‍) മാതൃഭൂമി ആഴ്ചപ്പതില്‍ പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചിട്ടുണ്ട്. അതിനുപക്ഷേ, ആഴ്ചപ്പതിപ്പില്‍ അമ്മയ്‌ക്കെതിരായി ഒന്നും പ്രസിദ്ധീകരിക്കരുതെന്ന് മുകളില്‍നിന്നുള്ള തീരുമാനമുണ്ടെന്ന ന്യായീകരണം മറുപടിയായി ലഭിച്ചിരുന്നു. പക്ഷേ, മോദിക്കെതിരെയുള്ള ലേഖനം പ്രസിദ്ധീകരിക്കാതിരിക്കുന്നതിന് കാരണമെന്തെന്ന് അറിയില്ല...


നരേന്ദ്രമോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ അവസ്ഥയെ യാഥാര്‍ത്ഥ്യ ബോധത്തോടുകൂടി മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. എങ്കില്‍ മാത്രമേ മതേതര ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ക്ക് തങ്ങളുടെ മുന്നിലുള്ള വെല്ലുവിളികള്‍ തിരിച്ചറിയാനും പരിഹാരമാര്‍ഗ്ഗങ്ങള്‍ക്കുവേണ്ടി ഗൗരവപൂര്‍വ്വം അന്വേഷിക്കാനുമാകൂ. ആ ദിശയിലുള്ള ഒരന്വേഷണത്തിന് തുടക്കമിടാനാണ് ഇവിടെ ശ്രമിക്കുന്നത്.

ഇന്ത്യന്‍ മതേതര ജനാധിപത്യം പക്വതനേടിക്കൊണ്ടിരിക്കുകയാണെന്നും, ഈ വ്യവസ്ഥയുടെ സങ്കീര്‍ണ്ണതകള്‍ നിമിത്തം ഹിന്ദുത്വരാഷ്ട്രീയത്തിന് മേധാവിത്വം നേടുക എളുപ്പമാവില്ലെന്നും ഈ ലേഖകനടക്കം പലരും ചിന്തിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തുവന്നതോടെ, ബി.ജെ.പി. മുന്നണിയായിരിക്കും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കുകയെന്നും, മറ്റു ചില കക്ഷികളെക്കൂടി കൂടെ ചേര്‍ത്ത് അവര്‍ക്ക് ഭരിക്കാനാകുമെന്നുമുള്ള ധാരണ ബലപ്പെട്ടിരുന്നു. പക്ഷേ, അത്തരം കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ചുകൊണ്ടാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. കേവല ഭൂരിപക്ഷം നേടിയത്. മാത്രമല്ല, എന്‍.ഡി.എ.യില്‍ ചേരാന്‍ സന്നദ്ധമായേക്കാവുന്ന ഒന്നുരണ്ടു കക്ഷികളെക്കൂടി ചേര്‍ത്താല്‍ ലോകസഭയില്‍ ബി.ജെ.പി. മുന്നണിയ്ക്ക് മുന്നില്‍ രണ്ടു ഭൂരിപക്ഷമാവുകയും ചെയ്യും. നമ്മുടെ മതേതര ജനാധിപത്യവ്യവസ്ഥയ്ക്ക് മുന്നില്‍ ആര്‍ക്കും അവഗണിയ്ക്കാനാവാത്ത വെല്ലുവിളി തന്നെയാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ ചെയ്ത സത്യപ്രതിജ്ഞയെ കാറ്റില്‍ പറത്തിക്കൊണ്ട് വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഏറ്റവും നീചമായ രീതിയില്‍ അധികാര ദുര്‍വിനിയോഗം നടത്തിയ ഒരാള്‍ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ നടത്തിയ സത്യപ്രതിജ്ഞയെ എത്രത്തോളം മുഖവിലയ്‌ക്കെടുക്കാനാവും?.   പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുമ്പോഴും തുടര്‍ ദിവസങ്ങളിലും നരേന്ദ്രമോദി നടത്തിക്കൊണ്ടിരിയ്ക്കുന്ന പ്രസ്ഥാവനകളെ അടിസ്ഥാനമാക്കി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് വിലയിരുത്താനാവില്ല. അദ്ദേഹത്തിന്റെ ചെയ്തികള്‍ തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്.

ഏതായാലും ഈ തിരഞ്ഞെടുപ്പുഫലം ഈ വിധമായത് എന്തുകൊണ്ട്, എങ്ങിനെ എന്നുകൂടി പരിശോധിച്ചുകൊണ്ട് നമുക്ക് പ്രധാന വിഷയത്തിലേയ്ക്ക് കടക്കാം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ 80 കോടിയില്‍പ്പരം വോട്ടര്‍മാര്‍ പങ്കെടുത്ത തിരഞ്ഞെടുപ്പ്, പങ്കെടുത്ത പാര്‍ട്ടികള്‍ക്കോ വോട്ടര്‍മാര്‍ക്കോ പരാതിയില്ലാത്ത വിധം, വിദേശ നിരീക്ഷകരുടെ പ്രശംസ വാങ്ങിക്കൊണ്ട് നടത്താന്‍ ഇലക്ഷന്‍ കമ്മീഷനായി എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ പക്വതയെ തന്നെയാണ് കാണിക്കുന്നത്. അതേ സമയം, 31 ശതമാനം മാത്രം വോട്ടുനേടിയ ബി.ജെ.പിയ്ക്ക് കേവല ഭൂരിപക്ഷം നേടാനായി എന്നത് നമ്മുടെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ വലിയൊരു ദൗര്‍ബ്ബല്യവുമാണ്. ഇതൊരു പുതിയ കാര്യമല്ല. ഇതിന് മുമ്പും പല പാര്‍ട്ടികളും കുറഞ്ഞ വോട്ടുനേടി അധികാരത്തിലെത്തിയിട്ടുണ്ട്. ത്രികോണ, ചതുഷ്‌ക്കോണ, പഞ്ചകോണ മത്സരങ്ങള്‍ നടക്കുമ്പോള്‍ 30 ശതമാനത്തില്‍ താഴെ വോട്ടുകിട്ടിയവര്‍ ജയിക്കുന്നു എന്നത് ജനാധിപത്യത്തെ അപഹാസ്യമാക്കുന്ന സംഗതി തന്നെയാണ്. പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ ദൂഷ്യം തിരുത്താനായി ശ്രമങ്ങളൊന്നും നടന്നിട്ടില്ല.

മത, ജാതി, സാംസ്‌കാരിക വൈജാത്യങ്ങള്‍ കൊണ്ട് സങ്കീര്‍ണ്ണമായ ഇന്ത്യന്‍ സമൂഹത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് എളുപ്പത്തില്‍ മേധാവിത്വം നേടാനാവില്ലെന്ന വിലയിരുത്തല്‍ ഈ തിരഞ്ഞെടുപ്പില്‍ പൊളിഞ്ഞിരിക്കുകയാണ്. ബി.ജെ.പി.യുടെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ മുന്നേറ്റത്തെ കഴിഞ്ഞ രണ്ടുദശകക്കാലമായി ഫലപ്രദമായി തടഞ്ഞുനിറുത്തിയിരുന്ന യു.പി.യിലെയും ബീഹാറിലെയും ജാതിരാഷ്ട്രീയ പാര്‍ട്ടികളെ മറികടക്കാന്‍ ബി.ജെ.പിയ്ക്ക് കഴിഞ്ഞിരിക്കുന്നു. അതേ സമയം ഭാഷാധിഷ്ഠിതവും പ്രാദേശികവുമായ പാര്‍ട്ടികള്‍ തമിഴ്‌നാട്, തെലുങ്കാന, സീമാന്ധ്രാ, ഒഡീസ, പശ്ചിമബാംഗാള്‍ എന്നിവിടങ്ങളിലെ പ്രബല പാര്‍ട്ടികള്‍ ഹിന്ദുത്വരാഷ്ട്രീയത്തിന് വഴങ്ങിയില്ല. ബീഹാറില്‍ ലല്ലുപ്രസാദിന്റെ ആര്‍.ജെ.ഡിയ്ക്ക് വോട്ടുശതമാനം കുറയുകയല്ല, ചെറിയ തോതില്‍ കൂടുകയാണുണ്ടായത്. എന്‍.ഡി.എ. ഘടകകക്ഷിയായിരുന്ന ജെ.ഡി.യു. മുന്നണി വിട്ടപ്പോള്‍ നഷ്ടപ്പെട്ടത് മറ്റ് ഘടകക്ഷികളുടെ വോട്ടുകൂടിയായിരിക്കാം. അതേതായാലും ബി.ജെ.പിയ്ക്ക് ഗുണമായി. യു.പി.യില്‍ മുലായംസിങ്ങ് യാദവിന്റെ എസ്.പി.യ്ക്ക് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടുശതമാനത്തില്‍ നേരിയ കുറവേ ഉണ്ടായുള്ളൂ. പക്ഷേ, ബി.എസ്.പി.യ്ക്ക് വോട്ടുശതമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായി. യു.പി.യില്‍ ശക്തമായ ചതുഷ്‌ക്കോണ മത്സരമാണ് നടന്നത്. ആ സാഹചര്യത്തില്‍ വോട്ട് ശതമാനത്തിലെ നേരിയ ഏറ്റക്കുറച്ചിലുകള്‍ സീറ്റുകളുടെ കാര്യത്തില്‍ വലിയ ഏറ്റക്കുറച്ചിലുകളായി മാറുന്നു. ഏത് നിയോജകമണ്ഡലത്തിലും വോട്ടര്‍മാരുടെ 50 ശതമാനത്തിലധികം വോട്ടുലഭിക്കുന്ന ആളേ സാമാജികനാകൂ എന്ന വ്യവസ്ഥയുണ്ടായാലേ ജനാധിപത്യം സാര്‍ത്ഥകമാകൂ. നമ്മുടെ ജനാധിപത്യത്തില്‍ ഇത്തരമൊരു വ്യവസ്ഥയില്ലാത്തതുകൊണ്ട്, 30 ശതമാനം വോട്ടുകിട്ടുന്നവര്‍ക്ക് ജനാധിപത്യത്തെ തന്നെ തകര്‍ക്കാന്‍ അവസരം ലഭിയ്ക്കുന്ന സാഹചര്യമാണ് ഉടലെടുക്കുന്നത്.
ഉത്തര്‍പ്രദേശില്‍ ജാതിരാഷ്ട്രീയത്തെ മറികടക്കാനായി മോദി മുഖ്യമായും ഉപയോഗിച്ചത് വര്‍ഗ്ഗീയതയുടെ കാര്‍ഡാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം ലഭിച്ച ഉടനെ മോദി ചെയ്തത്, ഗുജറാത്തില്‍ തന്റെ അധികാര ദുര്‍വ്വിനിയോഗങ്ങള്‍ക്കെല്ലാം വലംകയ്യായി നിന്ന അമിത് ഷായെ ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പു ചുമതലക്കാരനായി അയയ്ക്കുകയാണ്. അമിത് ഷായുടെ ആസൂത്രണഫലമായി നടന്നതെന്ന് കരുതപ്പെടുന്ന മുസഫര്‍ നഗര്‍ വര്‍ഗ്ഗീയ കലാപവും തുടര്‍ന്ന് സംഭവിച്ചുകൊണ്ടിരുന്ന ചെറു ചെറു വര്‍ഗ്ഗീയ സംഘട്ടനങ്ങളും യു.പി.യില്‍ പ്രകടമായ വര്‍ഗ്ഗീയചേരിതിരിവ് സൃഷ്ടിച്ചു എന്നതൊരു വസ്തുതയാണ്. ആരംഭത്തില്‍ മുസ്ലിംങ്ങള്‍ സ്വയം സംഘടിക്കാന്‍ നിര്‍ബ്ബന്ധിതമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. മുസ്ലിംങ്ങള്‍ സ്വയം സംഘടിക്കുന്നു എന്നു ചൂണ്ടിക്കാട്ടി ഹിന്ദുക്കളെ സംഘടിപ്പിക്കുന്ന തന്ത്രമാണ് പ്രയോഗിക്കപ്പെട്ടത്. ഇതുകൊണ്ട് ഉത്തര്‍ പ്രദേശില്‍ വര്‍ഗ്ഗീയ ധ്രുവീകരണം പൂര്‍ണ്ണമായി എന്നൊന്നും അര്‍ത്ഥമില്ല. പിന്നോക്ക ദളിത് വിഭാഗങ്ങളില്‍ നിന്ന് ചെറിയൊരു വിഭാഗത്തെ ആകര്‍ഷിക്കാന്‍ ഹിന്ദുത്വരാഷ്ട്രീയത്തിന് കഴിഞ്ഞു എന്നുമാത്രം. ജാതിരാഷ്ട്രീയത്തിന്റെ അടിത്തറ തകര്‍ന്നിട്ടുമില്ല.
മോദിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ മറ്റൊരു പ്രധാനവശം അമിത് ഷാ ഉത്തര്‍പ്രദേശില്‍ സമര്‍ത്ഥമായി നടപ്പിലാക്കുകയുണ്ടായി. വര്‍ഗ്ഗീയ ധ്രുവീകരണ പ്രചരണം ഫലപ്രദമായി ഗ്രാമാന്തരങ്ങളിലേയ്ക്ക് എത്തിക്കുന്നതിനോടൊപ്പം പുതിയൊരു വികസന സങ്കല്‍പ്പവും ജനങ്ങളിലെത്തിയ്ക്കാന്‍ പാകത്തിലുള്ള ഒരു പ്രചരണ പദ്ധതിയാണ് നടപ്പിലാക്കപ്പെട്ടത്. കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് വിദഗ്ധനായ അമിത് ഷാ സോഷ്യല്‍ എഞ്ചിനീയറിങ്ങ് രീതികളാണ് പ്രയോഗിച്ചത്. മുഴുവന്‍ കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്കിടയ്ക്ക് ആയിരക്കണക്കിന് ക്ലാസ്സുകളാണ് നടത്തിയത്. വിദ്യാര്‍ത്ഥികളില്‍നിന്നും യുവാക്കളില്‍നിന്നും തിരഞ്ഞെടുത്ത ഏറ്റവും കഴിവുള്ള നൂറുകണക്കിന് വളണ്ടിയര്‍മാര്‍ക്ക് പ്രത്യേക ക്യാമ്പുകളില്‍ പരിശീലനം. ഇത് കഴിഞ്ഞുപോകുന്ന ഓരോ പ്രവര്‍ത്തകനും ഒരു വാഹനവും ആധുനിക പ്രചരണ സംവിധാനങ്ങളും. പഴയ പാര്‍ട്ടി സംവിധാനമൊന്നും അധികം ഉപയോഗപ്പെടുത്താതെയുള്ള രീതിയായിരുന്നു ഇത്. പരാജയപ്പെട്ട എം.എല്‍.എ.മാരും എം.പി.മാരും എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് കണ്ടെത്തി, അത്തരം വീഴ്ചകള്‍ സംഭവിക്കാത്ത പുതിയ സ്ഥാനാര്‍ത്ഥികളെ അണിനിരത്തുകയാണ് ചെയ്തത്. അവസാനം തിരഞ്ഞെടുപ്പു ദിവസം ഒരു ലക്ഷത്തോളം ബൂത്തുകളുള്ള യു.പി.യില്‍ ഓരോ ബൂത്തിലും പത്തുവീതം വോട്ടര്‍മാരെ എത്തിയ്ക്കാന്‍ ഓരോ ബൊലേറോ കാറും സജ്ജമായിരുന്നത്രെ. തിരഞ്ഞെടുപ്പുകാലത്ത് ആരും ശ്രദ്ധിക്കാതെ പോയ ഇത്തരം സംഗതികള്‍ തിരഞ്ഞെടുപ്പുഫലം വന്നതിനുശേഷമാണ് വാര്‍ത്തകളായി വരാന്‍ തുടങ്ങിയത്.

എല്ലാവരും ശ്രദ്ധിച്ച അച്ചടി, ദൃശ്യ മാധ്യമങ്ങളിലെ അരങ്ങു തകര്‍ക്കുന്ന പ്രചരണത്തിനും സൈബര്‍ മേഖലയിലെ കോലാഹലങ്ങള്‍ക്കും അപ്പുറം ഗ്രാമങ്ങളിലെ  സാധാരണക്കാരിലേയ്ക്കും,  പ്രത്യേകിച്ച് യുവജനങ്ങളിലേയ്ക്കും, എത്തിച്ചേരുന്ന ഒരു പ്രചരണ രീതിയുടെ ചിത്രമാണ് നാം മുകളില്‍ കണ്ടത്. ഇന്ത്യയിലെ വോട്ടര്‍മാരില്‍ 65 ശതമാനവും 35 വയസ്സില്‍ താഴെയുള്ളവരായതുകൊണ്ട് വികസന സാധ്യതകളെയും തൊഴില്‍ സാധ്യതകളെയും കുറിച്ചുള്ള പ്രചരണങ്ങള്‍ അവരെ സ്വാധീനിക്കുക സ്വാഭാവികം തന്നെയാണ്. അഖിലേന്ത്യാ തലത്തില്‍ ബി.ജെ.പിയ്ക്ക് 31 ശതമാനം വോട്ടുലഭിച്ചപ്പോള്‍ യു.പി.യില്‍ അത് 42 ശതമാനമായതും ഈ കേന്ദ്രീകൃത പ്രവര്‍ത്തന പദ്ധതിയുടെ ഫലം തന്നെയായിരുന്നു. അമിത് ഷായുടെ നേതൃത്വത്തില്‍ നടന്നതുപോലുള്ള കേന്ദ്രീകരിച്ച പ്രവര്‍ത്തനം യു.പി.യിലും ഗുജറാത്തിലും മാത്രമേ സാധ്യമായുള്ളൂ. എങ്കിലും, മറ്റ് സംസ്ഥാനങ്ങളിലും മോദി ശൈലിയുടെ സ്വാധീനം പ്രകടമായിരുന്നു. പൊതുവായ രാഷ്ട്രീയാന്തരീക്ഷം ഉണ്ടാക്കുന്നതിന് മോദി ബോധപൂര്‍വ്വം ആസൂത്രിത പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചു. കുറെയെല്ലാം വിജയിക്കുകയും ചെയ്തു. ഇന്ത്യയുടെ തെക്കും കിഴക്കും മേഖലകളിലേയ്ക്ക് മോദി രാഷ്ട്രീയത്തിന് കാര്യമായി കടന്നുചെല്ലാനായിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ട സംഗതിയാണ്. എങ്കിലും ഇതിനുമുമ്പ് ഒരിക്കലും സാധ്യമല്ലാത്ത വിധം ബി.ജെ.പി അഖിലേന്ത്യാ പാര്‍ട്ടി ആവുന്നതിലേയ്ക്ക് അടുത്തിരിയ്ക്കുകയാണെന്നും കാണാതിരുന്നുകൂടാ.

ഇന്ത്യന്‍ ജനാധിപത്യത്തെ ഔപചാരികമായി അംഗീകരിക്കുമ്പോഴും ഇന്ത്യയെ ഒരു ഹിന്ദുമതാധിഷ്ഠിത രാഷ്ട്രമാക്കുമെന്ന് പരസ്യമായി ലക്ഷ്യപ്രഖ്യാപനം നടത്തിയിട്ടുള്ള ഒരു പാര്‍ട്ടി ഈ രീതിയില്‍ മുന്നേറുമ്പോള്‍, മതേതര ജനാധിപത്യ ശക്തികള്‍ നേരിടുന്ന വെല്ലുവിളി ചെറുതല്ല. ഇന്ത്യയില്‍ ഇപ്പോഴും മതേതര ജനാധിപത്യ ശക്തികള്‍ക്ക് വന്‍ ഭൂരിപക്ഷമുണ്ടെങ്കിലും അവരുടെ ശിഥിലീകൃതാവസ്ഥ അവരെ ദുര്‍ബ്ബലരാക്കിയിരിക്കുന്നു. ഇപ്പോഴും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അഖിലേന്ത്യാ പാര്‍ട്ടിയുടെ സംഘടനയും വോട്ടുബാങ്കുമുള്ളത് കോണ്‍ഗ്രസ്സിന് തന്നെയാണ്. പക്ഷേ, കഴിഞ്ഞ പത്തുകൊല്ലത്തെ തുടര്‍ച്ചയായ ഭരണം കൊണ്ട് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പ്രതീകമായി കോണ്‍ഗ്രസ്സ് മാറി. സര്‍ക്കാരിനെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിന് ഒരു നേതൃത്വം പോലുമില്ലാത്ത അവസ്ഥയിലായി. കുടുംബവാഴ്ചയുടെ ഫലമായിട്ടാണെങ്കിലും രാഹുല്‍ഗാന്ധിയ്ക്ക് ലഭിച്ചത് അസുലഭ സന്ദര്‍ഭങ്ങളാണ്. പക്ഷേ, അദ്ദേഹത്തിനോ, അദ്ദേഹത്തിന്റെ ഉപദേശക സംഘത്തിനോ ആ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനായില്ല. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ജനങ്ങള്‍ നല്‍കിയത് അര്‍ഹമായ പ്രഹരം തന്നെയായിരുന്നു. ഒരു വിഭാഗം ഭാഷാധിഷ്ഠിതവും പ്രാദേശികവുമായ പാര്‍ട്ടികള്‍ നടത്തിയ ചെറുത്തുനില്‍പ്പ് ഇന്ത്യന്‍ മതേതര ജനാധിപത്യത്തിന് നല്‍കിയ സംഭാവന ചെറുതല്ല. പരാജയപ്പെട്ടെങ്കിലും സ്വന്തം സാമൂഹ്യാടിത്തറ ഒരു പരിധിവരെയെങ്കിലും പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞ പിന്നോക്ക, ദളിത് പാര്‍ട്ടികളും അവരുടേതായ പങ്ക് വഹിച്ചത് ശ്രദ്ധേയം തന്നെയാണ്. പക്ഷേ, ഈ പാര്‍ട്ടികള്‍ ത്രികോണവും, ചതുഷ്‌ക്കോണവും മത്സരങ്ങള്‍ സൃഷ്ടിച്ച് മതേതര ജനാധിപത്യ ശക്തികളുടെ കരുത്ത് സ്വയം ചേര്‍ത്തിക്കളയുകയായിരുന്നു.

മതേതരജനാധിപത്യ ശക്തികളുടെ ചേരിയില്‍ ഉടലെടുത്ത ആം ആദ്മി പാര്‍ട്ടിയെന്ന നൂതന സംരംഭവും തനതായ ഒരു പങ്ക് വഹിക്കുകയുണ്ടായി. പാര്‍ലമെന്ററി ജനാധിപത്യം, ഇന്ത്യയില്‍ മാത്രമല്ല, ലോക നിലവാരത്തില്‍ തന്നെയും നേരിട്ടുകൊണ്ടിരിക്കുന്ന അപചയ പ്രവണതയ്ക്ക് മറുപടിയെന്നോണം നൂതന ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഒരു മാതൃകയാണ് അവര്‍ അവതരിപ്പിയ്ക്കാന്‍ ശ്രമിച്ചത്. ജനാധിപത്യ ഭരണ സമ്പ്രദായത്തിന്റെ അപചയമുഖങ്ങളായ അഴിമതിയും കെടുകാര്യസ്ഥതയും പരിഹരിക്കുന്നതിന് രാഷ്ട്രീയവും ഭരണവും സുതാര്യമാക്കുകയാണ് വേണ്ടതെന്ന അവരുടെ ഉത്തരം തികച്ചും ശരിയാണ്. സൈദ്ധാന്തിക തലത്തില്‍ ഇത്തരമൊരു ഉത്തരം നല്‍കുന്നതിന്  പകരം രാഷ്ട്രീയം സുതാര്യമാക്കേണ്ടതെങ്ങിനെയെന്ന് ഡല്‍ഹി സംസ്ഥാന തിരഞ്ഞെടുപ്പില്‍ സജീവമായി പങ്കെടുത്തുകൊണ്ട് അവര്‍ തെളിയിക്കുകയാണുണ്ടായത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും തിരഞ്ഞെടുപ്പ്  ഫണ്ട് സമാഹരണവും തികച്ചും സുതാര്യമായി ആര്‍ക്കും നോക്കിക്കാണാന്‍ പറ്റുംവിധം നിര്‍വ്വഹിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് പുതിയൊരു രാഷ്ട്രീയം അവര്‍ കാഴ്ച്ചവെയ്ക്കുകയായിരുന്നു. സ്വന്തമായി ഭൂരിപക്ഷമില്ലാതെയാണെങ്കിലും ഡല്‍ഹിയില്‍ ഭരിക്കാന്‍ കിട്ടിയ അവസരം ഉപയോഗിച്ച് സുതാര്യവും കാര്യക്ഷമവുമായ ഭരണത്തിനുള്ള പുതിയ ശ്രമങ്ങളെങ്കിലും അവതരിപ്പിച്ചിരുന്നുവെങ്കില്‍ ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെയ്ക്കാമായിരുന്നു. ഇപ്പോള്‍ അവര്‍ക്കുലഭിച്ച 2 ശതമാനം വോട്ട് 5-6 ശതമാനോ മറ്റോ ആയി വര്‍ദ്ധിച്ചിരുന്നെങ്കില്‍ ചിത്രം ആകെ മാറുമായിരുന്നു. ഡല്‍ഹിയില്‍ സീറ്റൊന്നും കിട്ടിയില്ലെങ്കിലും വോട്ടുശതമാനം ചെറിയ തോതില്‍ കൂടുകയും എല്ലായിടത്തും രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തതുവഴി ജനകീയ അടിത്തറ ശക്തിപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്നുകാണാം. പഞ്ചാബിലെ മുന്നേറ്റവും എടുത്തുപറയേണ്ടതു തന്നെ. ഒന്നര വര്‍ഷം മാത്രം പ്രായമായ ഒരു പാര്‍ട്ടി നാനൂറില്‍പ്പരം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും നൂറില്‍പ്പരം സീറ്റുകളില്‍ മോശമല്ലാത്ത വോട്ടു നേടുകയും ചെയ്തത് ചെറിയ കാര്യമല്ല. ഡല്‍ഹി ഭരണം കയ്യൊഴിച്ചതുപ്പോലുള്ള രാഷ്ട്രീയാബദ്ധങ്ങളും പക്വതയില്ലായ്മയുടെ  ഫലമായുണ്ടായ  വീഴ്ചകളും ഒഴിവാക്കപ്പെട്ടിരുന്നുവെങ്കില്‍ ഈ പുതിയ പാര്‍ട്ടിയ്ക്ക് സ്ഥിതി മെച്ചപ്പെടുത്താനാകുമായിരുന്നു. രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ലാത്ത തികച്ചും പുതിയ നേതൃത്വത്തിന്‍ കീഴിലുള്ള ശൈശവാവസ്ഥയിലുള്ള ഒരു പാര്‍ട്ടി നേരിടുന്ന പ്രശ്‌നങ്ങളാണിതെല്ലാം. ഈ ബാരാലിഷ്ടതകളെ മറികടക്കാന്‍ ഈ പാര്‍ട്ടിയ്ക്ക് എത്രത്തോളമാവുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും അതിന്റെ ഭാവി.

ഏറ്റവും ആധുനികമായ രീതികളും വന്‍തോതില്‍ പണവും ഉപയോഗിച്ചുകൊണ്ടുള്ള മോദിയുടെ പ്രചരണത്തെയും മുന്നേറ്റത്തെയും ഒരു പരിധിവരെ നേരിടാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിയുമെന്ന് ആ പാര്‍ട്ടിയെ പിന്തുണച്ചവരില്‍ ഒരു വിഭാഗം കരുതിയിരുന്നു. പഴയ രീതിയിലുള്ള സംഘടനാ സംവിധാനങ്ങളൊന്നുമില്ലാതെ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ഇത്തരം ഇടപെടലുകള്‍ സാധ്യമാവുമെന്നും ഇങ്ങിനെ ചിന്തിച്ചവര്‍ കരുതിയിരുന്നു. ഡല്‍ഹിയില്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ ലഭിച്ച വിജയം അഖിലേന്ത്യാ തലത്തില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു എന്നത് ശരിയാണ്. പക്ഷേ, ആ അന്തരീക്ഷം വോട്ടായി മാറണമെങ്കില്‍ ബൂത്ത് തലം വരെ സംഘടനാ സംവിധാനം പ്രവര്‍ത്തിക്കുക തന്നെ വേണം. സോഷ്യല്‍ മാധ്യമങ്ങള്‍ ഉപയോഗിച്ച് സംഘടനാ സംവിധാനമുണ്ടാക്കുന്നതിലും മറ്റൊരു പാര്‍ട്ടിക്കും കഴിയാത്ത വിധം ആം ആദ്മി പാര്‍ട്ടി മുന്നോട്ടുപോയി. പക്ഷേ, അടിസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും, നയിക്കാനും സാമൂഹ്യ മാധ്യമങ്ങള്‍ക്ക് കഴിയില്ലെന്നും, യഥാര്‍ത്ഥ സംഘടനാ പ്രവര്‍ത്തനം തന്നെയാണ് ആവശ്യമെന്നും അനുഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിയ്ക്കുകയാണ്. നിലവിലുള്ള പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ടുതന്നെ സുതാര്യമായ പ്രവര്‍ത്തനം എങ്ങിനെ സാധ്യമാകുമെന്ന പ്രശ്‌നമാണ് ഈ പാര്‍ട്ടി അഭിമുഖീകരിക്കുന്നത്. ഇത് ആം ആദ്മി പാര്‍ട്ടിയുടെ പ്രശ്‌നം മാത്രമല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി നേരിടുന്ന വെല്ലുവിളിയാണ്.

ഹിന്ദുത്വരാഷ്ട്രീയത്തെ എതിരിടാന്‍ പ്രതിജ്ഞാ ബദ്ധരായിട്ടുള്ളവര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ കരുനീക്കങ്ങള്‍ ഈ തിരിഞ്ഞെടുപ്പില്‍ അമ്പെ പാളിപ്പോയി. 2004-ല്‍ ബി.ജെ.പി. ഭരണം ഒഴിവാക്കാനായി യു.പി.എ. സര്‍ക്കാരിന് പിന്തുണ നല്‍കിയതുപോലുള്ള ഒരു നിലപാടിന് പകരം, യു.പി.എ.യ്ക്കും, എന്‍.ഡി.എ.യ്ക്കും എതിരെ ഒരു മൂന്നാം മുന്നണി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തത്. ബി.ജെ.പി. മുന്നണിയ്‌ക്കെതിരെ മറ്റെല്ലാ കക്ഷികളെയും ഒന്നിപ്പിയ്‌ക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് പകരം അത്തരം കക്ഷികളെ ശിഥിലീകരിക്കുന്ന ജോലിയാണ് കമ്മ്യൂണിസ്റ്റുകാര്‍ നിര്‍വ്വഹിച്ചത്. സ്വന്തം അടിത്തറയുള്ള സംസ്ഥാനങ്ങളില്‍ പോലും അഭൂതപൂര്‍വ്വമായ തിരിച്ചടിയാണ് അവര്‍ക്ക് ലഭിച്ചത്. ഭൂതകാല മാറാപ്പിന്‍ കെട്ടുകള്‍ നിമിത്തം, അതിവേഗം മാറിക്കൊണ്ടിരിക്കുകയും പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിയ്ക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ജനാധിപത്യവുമായി പൊരുത്തപ്പെടാനാവാതെ കമ്മ്യൂണിസ്റ്റുകാര്‍ പുറകോട്ടടിച്ചു കൊണ്ടിരിയ്ക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്ററി ജനാധിപത്യത്തിലൂടെ പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായി അധികാരം ലഭിച്ചപ്പോള്‍, ലെനിനിസ്റ്റ് സംഘടനാ ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രാദേശിക തലത്തില്‍ അധികാരി വര്‍ഗ്ഗമായി ജനങ്ങളുടെ മേല്‍ മേധാവിത്തം സ്ഥാപിക്കാന്‍ അധികകാലം വേണ്ടിവന്നില്ല. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സിലൂടെ ഒരു തുറവി ലഭിച്ചപ്പോള്‍ 35 കൊല്ലത്തെ ഇടതുമുന്നണി ഭരണം സൃഷ്ടിച്ച ഫാസിസ്റ്റ് അന്തരീക്ഷത്തില്‍നിന്ന് ജനങ്ങള്‍ മോചിതരാവുകയായിരുന്നു. കേരളത്തിലേതിനേക്കാള്‍ കൂടുതല്‍ മുസ്ലിങ്ങളുള്ള പശ്ചിമ ബംഗാളില്‍ നീണ്ട ഇടതു മുന്നണി ഭരണത്തിനുശേഷവും മുസ്ലിങ്ങളില്‍ ഭൂരിപക്ഷവും ദളിതര്‍ക്ക് സമാനമായ സാമൂഹ്യാവസ്ഥയിലാണെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തെളിയിച്ചിട്ടുണ്ടല്ലോ. തൃണമൂല്‍ കോണ്‍ഗ്രസ്സിലേയ്ക്കുള്ള മുസ്ലിംങ്ങളുടെ മാറ്റം ഈ തിരഞ്ഞെടുപ്പോടെ പൂര്‍ത്തിയായി എന്ന് കണക്കാക്കാം. ഇടതു മുന്നണിയുടെ വോട്ടുബാങ്കായ ദളിത് പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് ഗണ്യമായ ഒഴുക്ക് ബി.ജെ.പി.യിലേയ്ക്കാണ് ഉണ്ടായത്. ഇടതു മുന്നണിയ്ക്ക് നഷ്ടമായ വോട്ടുമുഴുവനും ബി.ജെ.പി.യ്ക്ക് ലഭിച്ചതായി കണക്കുകള്‍ കാണിക്കുന്നു.

കേരളത്തില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനുമെതിരായ ഭരണവിരുദ്ധ വികാരം ഫലപ്രദമായി ഉപയോഗിക്കാന്‍ ഇടതുമുന്നണിയ്ക്ക് കഴിയേണ്ടതായിരുന്നു. പക്ഷേ, ദയനീയമായി പരാജയപ്പെട്ടു. കിട്ടിയ 8 സീറ്റില്‍ രണ്ടെണ്ണം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടു നിമിത്തം കിട്ടിയതാണ്. പശ്ചിമ
ബംഗാളിലെ പോലെ തുടര്‍ച്ചയായി അധികാരം ലഭിക്കാത്തതുകൊണ്ട് ഫാസിസവല്‍ക്കരണം അത്രയ്ക്ക് രൂക്ഷമായിട്ടില്ല. എങ്കിലും അധികാരി വര്‍ഗ്ഗ പ്രവണത ഇവിടെയും പ്രകടമാണ്. അതിലുപരി കൊലപാതക രാഷ്ട്രീയത്തിന് നായകത്വം വഹിയ്ക്കുന്ന ഒരു ഗുണ്ടാ നേതൃത്വത്തിന്റെ പ്രതിച്ഛായയാണ് ഇവിടുത്തെ ഇടതുപക്ഷ മുന്നണി നേതൃത്വത്തിനുള്ളത്. 60 കൊല്ലത്തിലധികമായി ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പങ്കെടുക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക്, ഇന്ത്യന്‍ ജനാധിപത്യത്തിനനുസരിച്ച് സ്വയം രൂപാന്തരപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇതെല്ലാം കാണിക്കുന്നത്. അപ്പോള്‍ പിന്നെ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന സുതാര്യവത്ക്കരണം പോലുള്ള പുതിയ വെല്ലുവിളികളെ നേരിടാന്‍ അവര്‍ക്കെങ്ങിനെ കഴിയും.?

മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും ഭരണശൈലിയും നയസമീപനങ്ങളും വ്യക്തമായി തുടങ്ങുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ഭരണത്തിന്റെ പൊതുദിശ വിലയിരുത്തിക്കൊണ്ടു വേണം മതേതരജനാധിപത്യ പാര്‍ട്ടികള്‍ തങ്ങളുടെ തന്ത്രങ്ങള്‍ മെനയാന്‍. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ മതേതര ജനാധിപത്യ ശക്തികള്‍ ഭയപ്പെട്ടിരുന്നതെല്ലാം തന്നെയാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്.  തിരഞ്ഞെടുപ്പിന്  മുമ്പ് കണക്കുകൂട്ടിയതിലും ഫലപ്രദമായിട്ടാണ് മോദിയും കൂട്ടരും വര്‍ഗ്ഗീയധ്രുവീകരണ സാധ്യതകളെ ഉപയോഗപ്പെടുത്തിയത് എന്നത് പ്രകടമാണ്. ഇനിയും അത് കൂടുതല്‍ ആസൂത്രിതമായി ഉപയോഗപ്പെടും എന്നുതന്നെ കരുതേണ്ടിയിരിക്കുന്നു. മതാധിഷ്ഠിത രാഷ്ട്രീയത്തില്‍ അന്തര്‍ലീനമായ ഫാസിസ്റ്റു പ്രവണത മാത്രമല്ല, ഗുജറാത്തിലെ മോദി ഭരണത്തില്‍ പ്രകടമായിരുന്ന ഫാസിസ്റ്റ് ശൈലിയും പ്രധാനമന്ത്രിയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ മോദിയുടെ ശൈലിയിലും പ്രകടമാവുന്നതു കാണാം.
ഗുജറാത്തില്‍ മോദി ചെയ്തത് സ്വന്തം പാര്‍ട്ടിയിലെ എതിരാളികളെ മാത്രമല്ല, എതിരാളികളോ വിമര്‍ശകരോ ആവാന്‍ സാധ്യതയുള്ളവരെ കൂടി പൂര്‍ണ്ണമായും പിന്തള്ളുകയോ ഒതുക്കുകയോ ആണ്. പ്രധാനമന്ത്രിപദം ഏറ്റെടുത്ത ശേഷം മോദി ചെയ്തതും സമാനമായ കാര്യങ്ങളാണ്. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നത് ശക്തമായി തടയാന്‍ ശ്രമിച്ച അദ്വാനിയെയും, മുരളി മനോഹര്‍ ജോഷിയേയും മന്ത്രിസഭയില്‍ നിന്നൊഴിവാക്കി; വിമര്‍ശകരില്‍ നിന്ന് സുഷമാ സ്വരാജിനെ മാത്രം മന്ത്രിയാക്കുകയും ചെയ്തു. മന്ത്രിമാരുടെ എണ്ണം കുറക്കുകയും പ്രധാന വകുപ്പുകള്‍ വിശ്വസ്ഥര്‍ക്ക് മാത്രം നല്‍കുകയും മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന മന്ത്രിയുടെ മേല്‍നോട്ടം ഉറപ്പുവരുത്തുകയും ചെയ്യുന്നതൊക്കെ കാര്യക്ഷമമായ ഭരണം എന്ന ലക്ഷ്യം നേടാനാണെന്ന് പറയാം. ഡല്‍ഹിയില്‍ ഇരുന്ന് രാജ്യത്തെ ഭരണം മുഴുവന്‍ നിയന്ത്രിക്കുന്നതിനുവേണ്ടി സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസുകള്‍ തുറക്കുന്നതും കാര്യക്ഷമതയ്ക്കുവേണ്ടിയാണെന്ന് പറയാം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം സുഗമമാക്കാന്‍ ഇത് സഹായമാവും. തിരിച്ച് ഇന്ത്യയില്‍ നിലവിലുള്ള ഫെഡറല്‍ സംവിധാനത്തെ തുരങ്കം വെയ്ക്കാന്‍ ഇത് ഉപയോഗപ്പെടുത്തുകയുമാവാം. പക്ഷേ, അത്തരം പ്രകടമായ നടപടികള്‍ ഉണ്ടായാല്‍ മാത്രമേ അങ്ങിനെ വിമര്‍ശന മുന്നയിക്കാനാവൂ.

തന്നിലേയ്ക്ക് തന്നെ അധികാരം കേന്ദ്രീകരിക്കുന്ന മോദിയുടെ പ്രവര്‍ത്തന ശൈലിയെക്കുറിച്ചു പറയുമ്പോള്‍ ഇന്ദിരാഗാന്ധിയ്ക്കും ഈ ശൈലിയാണുണ്ടായിരുന്നതെന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്. ശരിയാണ്, ഇന്ദിരാഗാന്ധിയുടെ ആ ശൈലി അടിയന്തിരാവസ്ഥയിലേയ്‌ക്കെത്തുകയും ചെയ്തു. പക്ഷേ, ഇന്ദിരാഗാന്ധിയുടെയും മോദിയുടെയും രാഷ്ട്രീയം തമ്മിലുള്ള വ്യത്യാസം പ്രധാനമാണ്. മതേതര ജനാധിപത്യത്തില്‍ അടിയുറച്ചു നില്‍ക്കുന്ന ഒരു വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗം മാത്രമായിരുന്നു ഇന്ദിരാഗാന്ധി. ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞിരിക്കുന്ന കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ചെറിയൊരു കാലയളവിലെ അപഭ്രംശം മാത്രമായിരുന്നു ഇന്ദിരാഗാന്ധിയുടെ ശൈലി അടിയന്തിരാവസ്ഥയിലേയ്‌ക്കെത്തിച്ചത് എന്നുകാണാം. എന്നാല്‍ മതാധിഷ്ഠിത രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയുടെ ഒരു നേതാവില്‍ ഇത്തരം വ്യക്തികേന്ദ്രീകൃത ശൈലികൂടി ഉണ്ടാവുമ്പോള്‍ അത് ഉയര്‍ത്തുന്ന ഭീഷണി ഏറെ ഗൗരവസ്വഭാവമുള്ളതു തന്നെയാണ്.

കോര്‍പ്പറേറ്റുകള്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ടും അവരെ ആശ്രയിച്ചുകൊണ്ടും ഗുജറാത്തില്‍ നടപ്പിലാക്കിയ വികസന മാതൃകയുടെ വലിയ പതിപ്പ് തന്നെയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തയ്യാറെടുക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. വന്‍തോതില്‍ വിദേശ മൂലധനംകൂടി ആകര്‍ഷിക്കാന്‍ കഴിയുംവിധം, മന്‍മോഹന്‍ സിങ്ങിനും കൂട്ടര്‍ക്കും കഴിയാതെ പോയ ഉദാരവല്‍ക്കരണ നയമാണ് സ്വീകരിക്കാന്‍ പോകുന്നതെന്നതിന്റെ വ്യക്തമായ സൂചനകള്‍ വന്നുകഴിഞ്ഞു. പ്രതിരോധ മേഖലയില്‍ മുന്‍സര്‍ക്കാര്‍ വിദേശ നിക്ഷേപം 49 ശതമാനത്തില്‍ പരിമിതപ്പെടുത്തി നിറുത്തിയ പശ്ചാത്തലത്തില്‍ മോദി സര്‍ക്കാര്‍, 100 ശതമാനം വിദേശ നിക്ഷേപത്തിന് പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. പ്രതിരോധ മേഖലയായതുകൊണ്ട് വിദേശ നിക്ഷേപം അപകടമാണെന്ന ധാരണയ്ക്ക് സാധുതയൊന്നുമില്ല. ഏറ്റവുമധികം ആയുധങ്ങളും പ്രതിരോധ സാമഗ്രികളും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇവ നല്‍കുന്ന കമ്പനികളോ സമാന സ്ഥാപനങ്ങളോ ഇവിടെ വന്ന് പണം മുടക്കി അത്തരം ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിച്ച് തരുന്നതു കൊണ്ട് നമുക്കു ഗുണമേയുള്ളൂ. ഇവിടെ തൊഴില്‍ സാധ്യത വര്‍ദ്ധിയ്ക്കുന്നു. നമുക്ക് വിദേശ നാണ്യം ലാഭിക്കാനുമാകുന്നു. മറ്റ് ദോഷവശങ്ങളൊന്നുമില്ല താനും. കമ്പോള വ്യവസ്ഥയില്‍ അധിഷ്ഠിതമായ ജനാധിപത്യ ക്രമത്തില്‍ വിപണിയെ അമിതമായി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല. 91-ല്‍ മന്‍മോഹന്‍ സിങ്ങ് ആരംഭിച്ച ഉദാരവല്‍ക്കരണ നയം കാര്യമായ മാറ്റമൊന്നുമില്ലാതെ '98ലെയും, 99-2004 ലെയും വാജ്‌പേയി സര്‍ക്കാരും നടപ്പിലാക്കിയത് നാം കണ്ടതാണ്. ഇപ്പോഴും അതുതന്നെ തുടരുന്നു. മന്‍മോഹന്‍ സിങ്ങിനുണ്ടായിരുന്ന പരിമിതികള്‍ മോദിയ്ക്കില്ലാത്തുകൊണ്ട്, പുതിയ സര്‍ക്കാര്‍ കുറച്ചുകൂടി ധൈര്യം കാണിക്കുന്നു എന്ന് മാത്രം. വിമര്‍ശിക്കപ്പെടേണ്ടത്, നാമമാത്രമായ വിലയ്ക്ക് കോര്‍പ്പറേറ്റുകളുടെ വ്യവസായങ്ങള്‍ക്ക് ആവശ്യമായ ഭൂമി വിട്ടുകൊടുക്കല്‍, ദീര്‍ഘകാലത്തേയ്ക്ക് ഉല്‍പ്പാദന നികുതിയില്‍ വന്‍ ഇളവുകള്‍ നല്‍കല്‍ തുടങ്ങി പൊതു ഖജനാവിന് അഥവാ പൊതു ജനങ്ങള്‍ക്ക് വന്‍ നഷ്ടമുണ്ടാക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെയാണ്. സാധാരണക്കാരായ വ്യാപാര, വ്യവസായ സംരംഭകര്‍ക്കൊന്നും നല്‍കാത്ത ആനുകൂല്യങ്ങളാണിവ. തിരഞ്ഞെടുപ്പ് ഫണ്ടിനും മറ്റുമായി കോര്‍പ്പറേറ്റുകളെ ആശ്രയിക്കുന്ന എല്ലാ അധികാരപാര്‍ട്ടികളും ഇത്തരം ആനുകൂല്യങ്ങള്‍ അവര്‍ക്കു ചെയ്തുകൊടുക്കാറുമുണ്ട്. പക്ഷേ, മറ്റു പാര്‍ട്ടികള്‍ ചെയ്യുന്നതിനെയെല്ലാം വന്‍തോതില്‍ മറികടന്നുകൊണ്ടുള്ള അവിഹിത ആനുകൂല്യങ്ങളാണ് ഗുജറാത്തില്‍ മോദി നല്‍കിയത്. ആ അനുഭവത്തെ പിന്തുടര്‍ന്നുകൊണ്ടുള്ള നീക്കങ്ങളാണ് മോദി അഖിലേന്ത്യാ തലത്തിലും നടത്താന്‍ തുടങ്ങുന്നത്. നിയമവാഴ്ച എല്ലാവര്‍ക്കും ഒരു പോലെ ബാധകമാക്കുകയാണ് ഒരു ജനാധഇപത്യസമൂഹത്തിന്റെ ഉത്തരവാദിത്വം. കമ്പോളത്തെ നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ട് നിയമവ്യവസ്ഥ  കര്‍ക്കശമായി നടപ്പിലാക്കുന്ന പല പാശ്ചാത്യ രാജ്യങ്ങളുമുണ്ട്. ഇത്തരം രാജ്യങ്ങളില്‍ അഴിമതിയും കെടുകാര്യസ്ഥതയും വളരെ കുറവാണെന്നും കാണേണ്ടതുണ്ട്. നമ്മുടേതുപോലുള്ള ഒരു ജനാധിപത്യ വ്യവസ്ഥയിലും കോര്‍പ്പറേറ്റുകളായാലും മറ്റാരായാലും അവിഹിതമായ ആനുകൂല്യങ്ങള്‍ നേടുന്നത് കര്‍ക്കശമായും തടയേണ്ടതുണ്ട്.

പൊതുവില്‍ മോദി സര്‍ക്കാരിന്റെ വികസന നയം നമ്മുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും എന്നതില്‍ സംശയമില്ല. വന്‍കിട വ്യവസായങ്ങള്‍ ഹൈവേകള്‍, റെയില്‍വേ, ഊര്‍ജ്ജോല്‍പ്പാദനം തുടങ്ങി അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ ഊന്നുന്നതുകൊണ്ട് പൊതുവായി വികസനാന്തരീക്ഷം ഉണ്ടാകുകയും ചെയ്യും. യുവാക്കള്‍ക്ക് തൊഴില്‍ സാധ്യത വര്‍ദ്ധിക്കുകയും ചെയ്യും. പക്ഷേ, ഇതിനൊരു മറുവശമുണ്ട്. യു.പി.എ. സര്‍ക്കാര്‍ പെട്രോള്‍ വിലനിയന്ത്രണം പൂര്‍ണ്ണമായി എടുത്തു കളഞ്ഞതുപോലെ ഡീസല്‍ വില നിയന്ത്രണവും എടുത്തുകളയാന്‍ മോദി സര്‍ക്കാര്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. കോര്‍പ്പറേറ്റുകളോടുള്ള ബാധ്യത നിറവേറ്റലാണത്. നിയന്ത്രണമില്ലാതെ ഡീസല്‍ വിലവര്‍ദ്ധിക്കുകയും നിയന്ത്രിക്കാനാവാത്ത വിലക്കയറ്റം മുഴുവന്‍ സമൂഹത്തേയും ബാധിക്കുകയും ചെയ്യും. അപ്പോഴാണ് മോദിയെ രക്ഷകനായി കണ്ടവര്‍ക്ക് യാഥാര്‍ത്ഥ്യബോധം വീണ്ടെടുക്കാനാവുക. അധികാര കേന്ദ്രീകരണത്തിലൂടെ, മെച്ചപ്പെട്ട രീതിയില്‍ ഭരണ നിര്‍വ്വഹണം സാധ്യമാക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ച് ഈ നിഷേധാത്മക വശത്തെ മറികടക്കാനാകുമെന്ന് കണക്കുകൂട്ടാം. പക്ഷേ, അതും താല്‍ക്കാലികമായിരിക്കും. ജനാധിപത്യ വ്യവസ്ഥയിലെ നിയമവാഴ്ചയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യം വെയ്ക്കുന്ന ഒരാള്‍ക്ക് ഒരിക്കലും ഒരു വ്യക്തിയിലേയ്ക്ക്  അധികാരം  കേന്ദ്രീകരിക്കുന്നതിനെ അനുകൂലിയ്ക്കാനാവില്ല. വ്യക്ത്യധിഷ്ഠിത അധികാര കേന്ദ്രീകരണം നിയമവാഴ്ചയുടെ ലംഘനം മാത്രമല്ല, എല്ലാത്തരം അഴിമതിയുടെയും ശ്രോതസ്സുമായിരിക്കും. ഗുജറാത്തിലെ ഭരണ സംവിധാനത്തെ കുറിച്ച് വസ്തുനിഷ്ഠമായ ഒരു പഠനം നടത്തിയാല്‍ ഇതിന്റെ കൃത്യമായ ചിത്രം ലഭിക്കും. അഖിലേന്ത്യാ തലത്തില്‍ ഇത് എന്തെന്ത് സങ്കീര്‍ണ്ണരൂപഭാവങ്ങള്‍
കൈവരിക്കാന്‍ പോകുന്നു എന്നതു കണ്ടുതന്നെ അറിയണം.

വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തുണ്ടായതില്‍ നിന്ന് ഏറെ വ്യത്യസ്തമായ നീക്കങ്ങളൊന്നും വിദേശനയത്തിന്റെ കാര്യത്തില്‍ മോദി സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. കോണ്‍ഗ്രസ്സിന് കഴിയാത്തവിധം പാക്കിസ്ഥാനുമായി നല്ല ബന്ധമുണ്ടാക്കാനും കാശ്മീര്‍ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ കഴിയുംവിധമുള്ള ആലോചനകള്‍ ബന്ധപ്പെട്ട എല്ലാവരുമായി നടത്താനും വാജ്‌പേയി സര്‍ക്കാരിന് ആവുകയുണ്ടായി. മോദി അത് ആവര്‍ത്തിച്ചുകൂടെന്നില്ല. ഇസ്രായേലുമായുള്ള ബന്ധത്തിലും മുന്‍ ബി.ജെ.പി. സര്‍ക്കാര്‍ ചെയ്തത്, കൂടുതല്‍ ആത്മവിശ്വാസത്തോടെ നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചുകൂടെന്നില്ല.
യു.പി., ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പുകളിലേയ്ക്ക് ശ്രദ്ധതിരിക്കാന്‍ മോദി പാര്‍ട്ടിയോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഈ സംസ്ഥാനങ്ങില്‍ വന്‍തോതില്‍ ലോകസഭാംഗങ്ങളെ വിജയിപ്പിച്ച ജനങ്ങള്‍ നിയമസഭയിലേയ്ക്ക് കൂടി ബി.ജെ.പി. മുന്നണിയെ വിജയിപ്പിച്ചാലേ ഇപ്പോള്‍ നേടിയ വിജയത്തിന് ആധികാരികത ലഭിക്കൂ. പക്ഷേ, അത്തരമൊരു വിജയം നേടുക എളുപ്പമല്ലെന്നും മോദിയ്ക്കറിയാം. ലോകസഭാ തിരഞ്ഞെടുപ്പില്‍ ചതുഷ്‌ക്കോണ പഞ്ചകോണ മത്സരങ്ങള്‍ നടന്ന ഈ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അതാവര്‍ത്തിയ്ക്കുമെന്ന് ഉറപ്പിക്കാനാവില്ല. ബീഹാറില്‍ ജെ.ഡി.യു. സര്‍ക്കാരിന്, ബദ്ധവൈരികളായിരുന്ന ലല്ലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി. പിന്തുണയുമായി വന്നത് ശ്രദ്ധേയമാണ്. ലല്ലുവിന്റെ പാര്‍ട്ടിയ്ക്ക് അവരുടെ വോട്ടുശതമാനം 29.5ല്‍നിന്ന് 31 ആയി വര്‍ദ്ധിക്കുകയാണുണ്ടായത്. ജെ.ഡി.യു.വിന് എന്‍.ഡി.എ. വിഹിതം കുറഞ്ഞതിന് പകരംവെയ്ക്കാന്‍ ആര്‍.ജെ.ഡി. വോട്ട് ധാരാളം മതിയെന്ന് ചുരുക്കം. ജെ.ഡി.യുവും ആര്‍.ജെ.ഡിയും ഒരുമിച്ചു നിന്നാല്‍ സംസ്ഥാന ഭരണം അവരുടെ കയ്യില്‍ തന്നെയായിരിക്കും.

യു.പി.യിലെ സ്ഥിതിയും വ്യത്യസ്തമല്ല. ബി.എസ്.പി.യും എസ്.പി.യും തന്നെ ഒരുമിച്ചു നിന്നാല്‍ സംസ്ഥാന ഭരണം ബി.ജെ.പി.യ്ക്ക് വിട്ടുകൊടുക്കാതിരിക്കാം. ബാബറി മസ്ജിദ് തകര്‍പ്പെട്ടതിനുശേഷം 1993- ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ രണ്ടുപാര്‍ട്ടികള്‍ ഒന്നിച്ച് മത്സരിക്കുകയും ഭരണം നേടുകയും ചെയ്യുകയുണ്ടായി. കോണ്‍ഗ്രസ്സുകൂടി ഇത്തരമൊരു സഖ്യത്തില്‍ ചേരുകയാണെങ്കില്‍ അത് ശക്തമായ ഒരു മതേതര ജനാധിപത്യമുന്നണിയായി തീരും. തീര്‍ച്ചയായും ഇത്തരം പാര്‍ട്ടികള്‍ക്ക് എത്രത്തോളം ഒരുമിച്ചു നീങ്ങാനാകും എന്നതൊക്കെ കണ്ടുതന്നെ അറിയേണ്ടതാണ്. പുതിയ രാഷ്ട്രീയ സാഹചര്യത്തിന്റെ ഗൗരവാവസ്ഥ തിരിച്ചറിയുന്നവര്‍ക്ക് മതേതരജനാധിപത്യ ശക്തികള്‍ കെട്ടിപ്പടുക്കേണ്ട ഐക്യത്തിന്റെ ആവശ്യകത ബോധ്യമാവും.

എന്‍.ഡി.എ.യിലേയ്ക്ക് പുതിയ സഖ്യകക്ഷികള്‍ വരാനുള്ള സാധ്യത വര്‍ദ്ധിച്ചിട്ടുള്ളതുകൊണ്ടു, ലോകസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം അവര്‍ക്ക് അസാധ്യമല്ല. ഭരണഘടനാ ഭേദഗതിയെക്കുറിച്ച് അവര്‍ക്ക് ചിന്തിച്ചു തുടങ്ങാം. പക്ഷേ, ഇന്ത്യയുടെ മതേതര ജനാധിപത്യവ്യവസ്ഥയെ തകര്‍ക്കും വിധമുള്ള ഭേദഗതികളൊന്നും ഉടനെ പരിഗണിക്കപ്പെടുകയില്ലെന്ന് കരുതാം. എന്നാല്‍ ആ ലക്ഷ്യത്തിലെയ്ക്ക് നീങ്ങും വിധമുള്ള ചെറുകാല്‍വെയ്പ്പുകള്‍ ഇപ്പോഴേ ആരംഭിക്കുകയുമാവാം. ലോകസഭ പാസാക്കുന്ന ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കുക ഇന്നത്തെ നിലയ്ക്ക് സാധ്യവുമല്ല. രാജ്യസഭയിലെ അവസ്ഥയ്ക്ക് മാറ്റമുണ്ടാവണമെങ്കില്‍ യു.പി., ബിഹാര്‍ നിയമസഭകളില്‍ എന്‍.ഡി.എ. എം.എല്‍.മാരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കേണ്ടതുണ്ട്. അതാണ് മോദി ഈ തിരഞ്ഞെടുപ്പുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നതും. മതേതര ജനാധിപത്യശക്തികളുടെ മുന്നിലും ഈ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നിര്‍ണ്ണായകമാകുന്നതും ഇതുകൊണ്ടുതന്നെ.

ലോകസഭയിലേയും രാജ്യസഭയിലേയും ഭൂരിപക്ഷത്തിന്റെ കണക്കുകള്‍ക്കപ്പുറത്ത്, ഇന്ത്യന്‍ ജനാധിപത്യത്തിന് ആവശ്യമായിട്ടുള്ളത് ഒരു പുതിയ ജനാധിപത്യ രാഷ്ട്രീയമാണ്. നിലവിലുള്ള മതേതര ജനാധിപത്യപാര്‍ട്ടികള്‍ തങ്ങള്‍ക്കിടയില്‍ അധികാരം പങ്കിടാനുള്ള ഒരു ഉപാധി മാത്രമായിട്ടാണ് ജനാധിപത്യത്തെ കാണുന്നത്. ഒരു സാമൂഹ്യ സംഘടനാ രൂപമെന്ന നിലയ്ക്ക് ജനാധിപത്യം നിലവിലുള്ളപ്പോഴെല്ലാം ജനങ്ങളുടെ അധികാര പങ്കാളിത്തം എങ്ങിനെ ഉറപ്പുവരുത്താം എന്നതാണ് സമകാലീന ജനാധിപത്യ രാഷ്ട്രീയം നേരിടുന്ന വെല്ലുവിളി. ഒന്നും ജനങ്ങളുടെ മുന്നില്‍ മറച്ചുവെക്കാനില്ലാത്തവിധം രാഷ്ട്രീയത്തെ പൂര്‍ണ്ണമായും സുതാര്യമാക്കിക്കൊണ്ട് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള അന്വേഷണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതിന് നേര്‍വിപരീത ദിശയിലാണ് മോദിയുടെ വ്യക്തികേന്ദ്രീകൃത രാഷ്ട്രീയത്തിന്റെ പോക്ക്. അതുകൊണ്ട് ഇന്ത്യയിലെ മതേതര ജനാധിപത്യ ശക്തികള്‍ക്ക് മുന്നില്‍ മോദി രാഷ്ട്രീയം ഉയര്‍ത്തുന്ന വെല്ലുവിളിയ്ക്കുള്ള മറുപടി, ഈ പുതിയ സുതാര്യ രാഷ്ട്രീയത്തിനുവേണ്ടിയുള്ള അന്വേഷണത്തിലൂടെയും, ഇവിടുത്തെ മതേതര  ജനാധിപത്യശക്തികളെ  അതില്‍ പങ്കാളികളാക്കുന്നതിലൂടെയുമാണ് കണ്ടെത്തേണ്ടത്.

കെ.വേണു



Sunday, 25 August 2013


സോളാര്‍തട്ടിപ്പും കേരളരാഷ്ട്രീയവും


ആഗസ്റ്റ് 24- ന് തീയതി മനോരമ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം.

സോളാര്‍ തട്ടിപ്പ് കേസുകളില്‍ മുഖ്യമന്ത്രിയുടെ പങ്ക് ആരോപിച്ചുകൊണ്ട് പ്രതിപക്ഷം ആരംഭിച്ച സമരങ്ങള്‍ ചരിത്രപ്രധാനം എന്ന് വിശേഷിപ്പിക്കുകയും ഫലത്തില്‍ ഒന്നുമല്ലാതെ അവസാനിക്കുകയും ചെയ്ത സെക്രട്ടേറിയറ്റ് ഉപരോധത്തിലും തുടര്‍ന്നുള്ള ജുഡീഷ്യല്‍ അന്വേഷണവിവാദത്തിലും എത്തിനില്‍ക്കുകയാണല്ലോ കേരളരാഷ്ട്രീയം. ഈ കോലാഹലങ്ങള്‍ക്കിടയ്ക്ക് ഗൗരവമേറിയ പല രാഷ്ട്രീയപ്രശ്‌നങ്ങളും ഉയര്‍ന്നുവരുന്നുണ്ടെങ്കിലും അവയെ കേന്ദ്രീകരിച്ച് അര്‍ത്ഥവത്തായ രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടക്കുന്നില്ല. ഭരണപ്രതിപക്ഷ ഭേദമില്ലാതെ, ഇടുങ്ങിയ കക്ഷിരാഷ്ട്രീയതാല്‍പര്യക്കനുസരിച്ച് പല വിഷയങ്ങളും ഉന്നയിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന രീതിയാണ് ഇവിടെ ഏറെ പ്രകടിതമാവുന്നത്. ഈ സാഹചര്യത്തെ അല്‍പമെങ്കിലും ഗുണകരമായ അവസ്ഥയിലേക്ക് തിരിച്ചുവിടാന്‍ മാധ്യമങ്ങള്‍ക്ക് കഴിയേണ്ടതായിരുന്നു. പക്ഷേ, അവര്‍ക്കതിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല ദൃശ്യമാധ്യമങ്ങള്‍പോലുള്ളവ സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്.

യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വസ്തുനിഷ്ഠമായിട്ടൊന്ന് പരിശോധിച്ചുനോക്കാം. ആട്, മഞ്ചിയം തുടങ്ങി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാളികള്‍ അകപ്പെട്ടുകൊണ്ടിരിക്കുന്ന തട്ടിപ്പുകേസുകളുടെ നീണ്ടപരമ്പരയിലെ അവസാനത്തേതല്ലാത്ത കണ്ണി മാത്രമാണ് സോളാര്‍ തട്ടിപ്പ്. തട്ടിപ്പുകേസുകളുടെ വിവരങ്ങള്‍ നിരന്തരം പുറത്തുവന്നിട്ടും മലയാളികള്‍ വ്യാപകമായി ഇത്തരം കേസുകളില്‍ കുടുങ്ങുന്നത് എന്തുകൊണ്ട് എന്നത് സാമൂഹ്യശാസ്ത്രപരമായി അന്വേഷിക്കേണ്ട സംഗതിയാണ്. കായികാധ്വാനം മുഴുവന്‍ അന്യസംസ്ഥാനക്കാരെ ഏല്‍പിച്ച് മേലനങ്ങാജോലിയ്ക്കുവേണ്ടി കാത്തിരിയ്ക്കുന്ന മലയാളി അധ്വാനിക്കാതെ പണം വാരിക്കൂട്ടുന്നതിനെക്കുറിച്ച് സദാ ചിന്തിച്ചുകൊണ്ടിരിക്കുന്നു. തട്ടിപ്പ് സംഘങ്ങള്‍ക്ക് ഇരകളാകാന്‍ പറ്റിയ ഒരു സമൂഹമായി മലയാളികള്‍ മാറിയിക്കുന്നു എന്നു ചുരുക്കം.

അന്വേഷണ ഉദ്യോഗസ്ഥര്‍ ഇടതുമുന്നണി ഭരണകാലത്തേതുള്‍പ്പെടെ കണ്ടെത്തിയ സോളാര്‍തട്ടിപ്പുകളുടെ തുക 10 കോടിയോളം വരും. ഇത് ഒരുപക്ഷേ, 15 കോടിവരെ എത്താം. ഇപ്പോള്‍ ഈ കേസന്വേഷണം തുടങ്ങിയതിനുശേഷം പുറത്തുവന്ന ചില തട്ടിപ്പുകള്‍ 400ഉം 500ഉം കോടികളുടേതാണത്രെ. അവയുടെ നേരെ രാഷ്ട്രീയശ്രദ്ധയോ മാധ്യമശ്രദ്ധയോ പതിയുന്നതേയില്ല. കേരളത്തില്‍ ഇതുവരെ നടന്നിട്ടുള്ള തട്ടിപ്പുകേസുകളില്‍ ഏറ്റവും നിസ്സാരമായ തുക ഉള്‍പ്പെട്ടിട്ടുള്ള ഈ കേസ് ഇത്ര പ്രമാദമാവാന്‍ പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. ഒന്ന്, മുഖ്യമന്ത്രിയുടെ ഓഫീസുമായി അതിനുണ്ടെന്ന് ആരോപിക്കപ്പെട്ടിട്ടുള്ള ബന്ധം. രണ്ട്, ഇതിലടങ്ങിയിട്ടുള്ള ആണ്‍-പെണ്‍ ബന്ധം. ഒരാണും പെണ്ണും സംസാരിച്ചാല്‍, അടുത്തിടപഴകിയാല്‍ ഉടനെ അതിനെ ലൈംഗികമായും അവിഹിതമായും വ്യാഖ്യാനിക്കാന്‍ വെമ്പുന്ന മലയാളിയുടെ ഒളിഞ്ഞുനോട്ടമനസ്സ് ഏറെ കുപ്രസിദ്ധമായി കഴിഞ്ഞിട്ടുള്ള സംഗതിയാണല്ലോ. ഈ കേസിലെ രണ്ട് സ്ത്രീകഥാപാത്രങ്ങള്‍ സാമ്പത്തിക തട്ടിപ്പിനായി അനവധി പുരുഷന്മാരെ ഫോണിലൂടെയും നേരിട്ടും ബന്ധപ്പെട്ടിട്ടുണ്ട് എന്നതിന് തെളിവുണ്ട്. പക്ഷേ, അതില്‍ ഒരു ബന്ധം പോലും അവിഹിതമാണെന്ന് കാണിക്കാന്‍ തെളിവില്ല. പക്ഷേ, മാധ്യമങ്ങള്‍, പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍ ഇവയെ അവിഹിതബന്ധങ്ങളെന്ന് സ്ഥിരീകരിക്കപ്പെട്ട രീതിയിലാണ് അവതരിപ്പിച്ചത്. മജിസ്‌ത്രേട്ടിന് മുന്നില്‍ സരിതനായര്‍ നല്‍കിയ രഹസ്യമൊഴിയില്‍ ചില മന്ത്രിമാരുള്‍പ്പെടെയുള്ള പേരുകള്‍ പരാമര്‍ശിക്കപ്പെട്ടു എന്നൊരു അഭ്യൂഹം പുറത്തുവന്നു. ചില പ്രമുഖരുടെ പേരുകള്‍ എന്നതിനപ്പുറം അഭ്യൂഹക്കാരന്‍ ഒരു സൂചനയും നല്‍കിയിരുന്നില്ല. പക്ഷേ, നേതാക്കന്മാരുമായുണ്ടായ അവിഹിത ബന്ധത്തെക്കുറിച്ചാണ് സരിതനായര്‍ പറഞ്ഞതെന്ന് സ്ഥിരീകരിക്കുന്ന മട്ടിലാണ് ദൃശ്യമാധ്യമങ്ങള്‍ അതൊരു ആഘോഷമാക്കി മാറ്റിയത്. അവതാരകരുടെ മുഖത്തു ഒളിഞ്ഞുനോട്ടമനസ്സിന്റെ മിന്നലാട്ടങ്ങള്‍ പ്രകടമായിരുന്നു.

മലയാളിയുടെ ഒളിഞ്ഞുനോട്ടമനസ്സിനെ ഇക്കിളിപ്പെടുത്താന്‍ പാകത്തില്‍ കേരളത്തിലുടനീളം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ആ ഇക്കിളിയെ വോട്ടാക്കി മാറ്റാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന സി.പി.എമ്മിനെ ഓര്‍ത്ത് പരിതപിക്കണോ? അതോ, ഈ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കണ്ട് കക്ഷിരാഷ്ട്രീയത്തിനതീതമായി ഇക്കിളിപ്പെട്ട് നില്‍ക്കുന്ന മലയാളിസമൂഹത്തെ ഓര്‍ത്താണോ പരിതപിക്കേണ്ടത്?

സോളാര്‍തട്ടിപ്പിലെ രാഷ്ട്രീയബന്ധത്തെക്കുറിച്ച് പരിശോധിക്കുമ്പോള്‍ ആദ്യം കാണേണ്ടത് കേരളത്തിലെ ഭരണസംവിധാനത്തിന്റെ അപചയം തട്ടിപ്പുകാര്‍ക്ക് അനുകൂലമായി തീര്‍ന്നിരിക്കുന്നു എന്ന വസ്തുതയാണ്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവരുടെ അധികാരം കുത്തകയായി മാറുകയും സിവില്‍ സമൂഹം കാഴ്ചക്കാരായി മാറുകയും ചെയ്യുന്ന  സാഹചര്യത്തില്‍  രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥമേധാവികളും ചേര്‍ന്നുണ്ടാക്കുന്ന അവിഹിതകൂട്ടുകെട്ടുകള്‍ക്ക് അധികാര ദുര്‍വിനിയോഗത്തെ ഏതുതലത്തില്‍വരെയും എത്തിക്കാമെന്ന സ്ഥിതിയാണുള്ളത്. ഇടതുമുന്നണി അധികാരത്തിലുള്ളപ്പോള്‍തന്നെ സോളാര്‍ തട്ടിപ്പിന്റെ സംഘടിതനീക്കം ആരംഭിച്ചിരുന്നു. അന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ട 14 തട്ടിപ്പുകേസുകളില്‍ ഗൗരവപൂര്‍വ്വം അന്വേഷണം നടന്നില്ലെന്ന് മാത്രമല്ല, ഒരു കേസ്സിലെ പ്രതിയ്ക്ക് സര്‍ക്കാരില്‍ ഉയര്‍ന്ന ഉദ്യോഗം വരെ നല്‍കപ്പെട്ടു. സോളാര്‍ തട്ടിപ്പിന്റെ ഈ ആദ്യഘട്ടത്തിന് മാധ്യമങ്ങള്‍ ആവശ്യമായ പരിഗണന നല്‍കാതിരുന്നത് ദുരൂഹംതന്നെയാണ്. മുന്‍ഭരണകാലത്ത് ഇത്രയും സ്വാധീനം ചെലുത്താനായ ഈ തട്ടിപ്പുകാര്‍ക്ക് ഇപ്പോഴത്തെ ഭരണകാലത്ത് ആ സ്വാധീനം വ്യാപിപ്പിക്കാനായത് തികച്ചും സ്വാഭാവികമായിരുന്നു.
ഭരണസംവിധാനത്തെ കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ അഴിച്ചുപണികള്‍ നടത്തുന്നതിന് പകരം, അതിനെ സുതാര്യമാക്കുന്നു എന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ 'പുറംപൂച്ച്' നടപടിയിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് തുറന്നിടാനിടയായതിലൂടെ തട്ടിപ്പുകാര്‍ക്ക് അതൊരു വിഹാരരംഗമാവുകയാണുണ്ടായത്. ഭരണസംവിധാനത്തിന്റെ കെടുകാര്യസ്ഥതയും കഴിവുകേടും നിമിത്തം പരിഗണിക്കപ്പെടാതെ കിടക്കുന്ന സാധാരണക്കാരുടെ ലക്ഷക്കണക്കിന് പരാതികളും നിവേദനങ്ങളും 'ജനസമ്പര്‍ക്കപരിപാടി' എന്ന രാഷ്ട്രീയ റിയാലിറ്റി ഷോയിലൂടെ പരിഹരിച്ചുകളയാമെന്ന മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടിയുടെ  സമീപനത്തിലടങ്ങിയ നയവൈകല്യംതന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാര്‍ക്ക് തുറന്നുകൊടുക്കുന്നതിലും  പ്രകടമായത്.  ഇതൊരു രാഷ്ട്രീയവിമര്‍ശനമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാനാവില്ല.

മുഖ്യമന്ത്രിയുടെ രാജിയാണല്ലോ സോളാര്‍ വിവാദത്തിലെ കേന്ദ്രബിന്ദു. പക്ഷേ, ഒരു മുഖ്യമന്ത്രി രാജിവെക്കണമെങ്കില്‍ ആവശ്യമായ സാഹചര്യം എന്ത് എന്ന ഗൗരവമായ രാഷ്ട്രീയപ്രശ്‌നം ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ രാജി മാതൃക ഇന്നാരും പിന്തുടരുന്നില്ല. അന്തര്‍വാഹിനി പൊട്ടിത്തെറിയുടെ പേരില്‍ രാജ്യരക്ഷാമന്ത്രി എ.കെ. ആന്റണി രാജിയെക്കുറിച്ച് ചിന്തിക്കുകയോ മറ്റാരെങ്കിലും അതാവശ്യപ്പെടുകയോ ചെയ്തില്ല. അധികാരസ്ഥാനങ്ങളിലുള്ളവര്‍, അവര്‍ക്ക് നേരിട്ട് ബന്ധമില്ലാത്ത പ്രശ്‌നങ്ങളുടെ പേരില്‍ രാജിവെയ്ക്കാന്‍ തുടങ്ങിയാല്‍ ജനാധിപത്യഭരണസംവിധാനങ്ങള്‍ തന്നെ താറുമാറാകും. അധികാരസ്ഥാനങ്ങളിലുള്ളവര്‍,  നിയമവാഴ്ചയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ പ്രതിജ്ഞാലംഘനം നടത്തുകയോ ചെയ്തതായി വസ്തുനിഷ്ഠമായ തെളിവുകള്‍ ഉണ്ടായാല്‍ മാത്രമേ രാജിവെയ്‌ക്കേണ്ടതുള്ളൂ എന്നതാണ് ഇപ്പോള്‍ നിലവിലുള്ള അംഗീകൃതചട്ടം. ഈ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ജീവനക്കാര്‍ക്ക് തട്ടിപ്പുകേസിലുള്ള പങ്ക് മുഖ്യമന്ത്രിയെ ബാധിക്കുന്ന വിഷയമല്ല. ഒരു തട്ടിപ്പുകേസിലെ പരാതിക്കാരന്‍ കേസിലെ പ്രതിയായ സരിത നായരോടൊപ്പം മുഖ്യമന്ത്രിയെ ഓഫീസില്‍ ചെന്നു കണ്ടു എന്ന് പ്രസ്താവിച്ചത് മുഖ്യമന്ത്രി നിഷേധിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിഷേധം തെറ്റാണെന്ന് തെളിയിക്കാന്‍ സാധ്യതയുള്ള ഏക തെളിവായ ഓഫീസ് ക്യാമറയിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ്ധസമിതിയെ നിയമിച്ചപ്പോള്‍ പ്രതിപക്ഷം അതില്‍ സഹകരിക്കാതിരിക്കുക വഴി ആ തെളിവ് അപ്രസക്തമായി.

പരാതിക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും അങ്ങിനെ ചോദ്യം ചെയ്യപ്പെട്ടാല്‍ പിന്നെ മുഖ്യമന്ത്രിയ്ക്ക് അധികാരത്തില്‍ തുടരാനാവില്ലെന്നുമാണ് മറ്റൊരു വാദം. ഇങ്ങിനെയൊരു കീഴ്‌വഴക്കം അംഗീകരിക്കപ്പെടുകയാണെങ്കില്‍ ഏതു ഭരണത്തെയും മറിച്ചിടാന്‍ പ്രതിപക്ഷത്തിന് യാതൊരു പ്രയാസവുമുണ്ടാവില്ലല്ലോ. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെല്ലാമെതിരായി അടിസ്ഥാനരഹിതമായ കേസുകള്‍ ഉണ്ടാക്കുക. പോലീസ് ചോദ്യം ചെയ്യല്‍കൂടി നടന്നാല്‍ എല്ലാവരും രാജിവെയ്ക്കുക. ചോദ്യം ചെയ്യപ്പെടുന്ന ആളെ പ്രതിയാക്കാവുന്ന വിധം ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുമ്പോള്‍ മാത്രമാണ് രാജിയുടെ പ്രശ്‌നം വരുന്നത്. ഇവിടെ വ്യക്തമായ തെളിവുകളൊന്നുമില്ലെന്നത് തന്നെയാണ് മുഖ്യമന്ത്രിയുടെ ബലം.

മുഖ്യമന്ത്രിയുടെ രാജി എന്നത് നേടാന്‍ ഉദ്ദേശിച്ചിട്ടുള്ള ലക്ഷ്യമല്ലെന്ന് ഏറ്റവും വ്യക്തമായി അറിയാവുന്നത് പ്രതിപക്ഷ നേതൃത്വത്തിനാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ കേരളരാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി തുടരേണ്ട ഒരു രാഷ്ട്രീയ മുദ്രാവാക്യം മാത്രമാണ് അവരെ സംബന്ധിച്ചിടത്തോളം അത്. മുഖ്യമന്ത്രിയെ രാജിവെപ്പിക്കത്തക്കവിധം തെളിവുകള്‍ കണ്ടെത്തലൊന്നും അവരുടെ ലക്ഷ്യമല്ലെന്ന് ചുരുക്കം. സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ അസാധാരണമായ പിന്‍മാറ്റത്തില്‍ പ്രകടമായതും ഇത്തരം രാഷ്ട്രീയ പരിഗണനകളാണ്. ഉപരോധം അക്രമാസക്തമായാലുണ്ടായ ഭവിഷത്തിനെക്കുറിച്ചും നേതൃത്വം ബോധവാന്മാരായിരുന്നു. 100-200 പേരെവെച്ച് ബാരിക്കേഡുകള്‍ തകര്‍ക്കുന്ന മോഡല്‍ പാര്‍ലമെന്റേതര സമരമായി പതിനായിരങ്ങള്‍ അണിനിരക്കുന്ന ഇത്തരമൊരു പ്രക്ഷോഭത്തെ കൈകാര്യം ചെയ്യാനായില്ലെന്ന് അവര്‍ക്ക് ബോധ്യമായി. ആദ്യ ദിവസാനുഭവംതന്നെ നേതൃത്വത്തെ പഠിപ്പിച്ചത്, അല്പം കൈവിട്ടുപോയാല്‍ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ്. മാറിയ കാലത്തിനനുസരിച്ച് ഇത്രയധികം പേര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ കഴിയാതെ വന്നതിനേക്കാള്‍ ഈ രാഷ്ട്രീയദുരന്ത സാധ്യതയാണ് നേതൃത്വത്തെ കൂടുതല്‍ സ്വാധീനിച്ചതെന്ന് കാണാം. തങ്ങള്‍ ഒരു നിയമവിധേയ തിരഞ്ഞെടുപ്പുപാര്‍ട്ടിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതിന്റെ രാഷ്ട്രീയ പ്രാധാന്യം സി.പി.എം. നേതൃത്വം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു എന്നത് ശ്ലാഘനീയമാണ്.

സെക്രട്ടേറിയറ്റ് ഉപരോധം വെടിവെപ്പിലെത്തുമെന്നും അങ്ങനെ സംഭവിച്ചാല്‍ അതിന്റെ പേരില്‍ ഭരണമുന്നണിയില്‍നിന്ന് രാജിവെച്ച് മറുപക്ഷം ചേര്‍ന്ന് അധികാരത്തില്‍ തുടരാമെന്നും കണക്കുകൂട്ടിയ ഒരു സംഘത്തെയാണ് ഉപരോധപരാജയം ഏറെ നിരാശപ്പെടുത്തിയത്. നെല്ലിയാമ്പതിയിലെ ചില തോട്ടങ്ങളിലെ വനഭൂമി തിരിച്ചുപിടിക്കാന്‍ മുന്‍ വനംമന്ത്രി വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തപ്പോള്‍ അദ്ദേഹത്തെ വേട്ടയാടാന്‍ ഇറങ്ങിതിരിച്ചവരാണ് ഈ തല്‍പ്പരകക്ഷികള്‍. വനംമന്ത്രിയെ രാജിവെപ്പിച്ചതും പോരാതെ, അദ്ദേഹം വീണ്ടും മന്ത്രിയാകുന്നതു തടയാനായി ബിജു-സരിത സംഘത്തെ രംഗത്തുകൊണ്ടു വന്നതിന്റെ പരിണത ഫലമാണ് ഈ സോളാര്‍ വിവാദവും സെക്രട്ടേറിയറ്റ് ഉപരോധവുമെല്ലാമെന്ന കാര്യം വിസ്മരിച്ചുകൂടാ.
വാല്‍ക്കഷ്ണം : വൈദ്യുതിക്ഷാമത്തിന് മാത്രമല്ല, ആഗോളതാപനത്തിനും പരിഹാരമായി കണക്കാക്കപ്പെടുന്ന സൗരോര്‍ജ്ജം ജനങ്ങളില്‍ വ്യാപകമായി എത്തിയ്‌ക്കേണ്ടത് അത്യാവശ്യമായിട്ടുള്ള ഇന്നത്തെ സാഹചര്യത്തില്‍ സൗരോര്‍ജ്ജത്തോടുതന്നെ ജനങ്ങളില്‍ അവജ്ഞയുണ്ടാക്കുംവിധം സോളാര്‍തട്ടിപ്പ് കേസ് പ്രാചാരം നേടിയതിന് പിന്നില്‍ തല്‍പ്പരകക്ഷികളുടെ ഗൂഡാലോചന വല്ലതും ഉണ്ടോ എന്ന് ചില പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിക്കുന്നതില്‍ അവരെ കുറ്റപ്പെടുത്താനാവില്ല.

- കെ. വേണു




Thursday, 13 September 2012

സിവില്‍ സമൂഹവും രാഷ്ട്രീയപാര്‍ട്ടികളും: അണ്ണാഹസാരെ പ്രസ്ഥാനത്തിന്റെ പതനം


അണ്ണാഹസാരെയും സംഘവും ആരംഭിച്ച അഴിമതിക്കെതിരായ പ്രസ്ഥാനം ഒരു ചുരുങ്ങിയ സമയത്തിനുള്ളില്‍ അഖിലേന്ത്യാതലത്തില്‍ പ്രതികരണം സൃഷ്ടിക്കുകയും സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ ഇതുവരെ ദൃശ്യമല്ലാത്ത തരത്തിലുള്ള ഒരു സാമൂഹ്യചലനത്തിന് തുടക്കം കുറിക്കുകയുകയും ചെയ്തിരുന്നു. അവര്‍ അറബ് കലാപങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ട സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സാധ്യതകള്‍ ഇവിടത്തെ സാഹചര്യത്തിലും ഫലപ്രദമായി ഉപയോഗപ്പെടുത്തപ്പെടുകയുണ്ടായി. അണ്ണാഹസാരെയുടെ ഒന്നും രണ്ടും നിരാഹാര സമരത്തോടുള്ള ജനങ്ങളുടെ പ്രതികരണത്തില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായ സിവില്‍ സമൂഹപ്രതികരണത്തിന്റെ സ്വഭാവം വളരെ പ്രകടമായിരുന്നു. പക്ഷേ, ഈ സ്വഭാവത്തിന്റെ രാഷ്ട്രീയ പ്രാധാന്യം തിരിച്ചറിയാന്‍ കഴിയാതെ പോയത് അണ്ണാ സംഘത്തിന് തന്നെ ആയിരുന്നു.
ലോക്പാല്‍ ബില്‍ പാസാക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വാഗ്ദാന ലംഘനത്തില്‍ പ്രതിഷേധിച്ച് ഹരിയാനയിലെ ഹിസ്സാര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തുക എന്ന് പ്രഖ്യാപിച്ചുകൊണ്ട് അണ്ണാടീം രംഗത്തെത്തിയപ്പോള്‍ കക്ഷിരാഷ്ട്രീയത്തീനതീതമായ പ്രസ്ഥാനം എന്ന പ്രതിച്ഛായയാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്.
അണ്ണാടീം രാഷ്ട്രീയ പക്വതയില്ലായ്മയുടെ കാര്യത്തിലാണ് മുന്‍കൈ നേടിയിരിക്കുന്നതെന്ന് സമീപകാല സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. പുതിയ പ്രസിഡണ്ടിനും പ്രധാനമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടും അവയെക്കുറിച്ച് അന്വേഷണങ്ങളും തുടര്‍നടപടികളും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഇക്കഴിഞ്ഞ ജൂലൈ 25-നു കെജ്‌റിവാളും ടീമംഗങ്ങളില്‍ ചിലരും നിരാഹാരം ആരംഭിച്ചു. നാലാംദിവസം അണ്ണാഹസാരെയും അതില്‍ ചേരുകയും ചെയ്തു. പുതിയൊരു രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് 10-ാം ദിവസം നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തു.
അണ്ണാഹസാരെ പുതിയ പാര്‍ട്ടി രൂപീകരണപ്രഖ്യാപനം നടത്തിയപ്പോള്‍ താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയില്ലെങ്കിലും അതിന് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രഖ്യാപിച്ചു. അണ്ണാടീമിനെ പിരിച്ചുവിട്ടതായും പറഞ്ഞു. കേന്ദ്രത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും അഴിമതിയ്‌ക്കെതിരെയും മറ്റും ആത്മാര്‍ത്ഥമായി ഒന്നും ചെയ്യുകയില്ലെന്ന് ജനങ്ങളുടെ മുന്നില്‍ തെളിയിച്ചു കാണിക്കാനുള്ള ഒരു നിമിത്തമായിട്ടാണ് ഈ സമരനാടകം അരങ്ങേറിയത്. അപ്പോള്‍ പിന്നെ മറ്റൊരു രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കുകയല്ലാതെ സംശുദ്ധരാഷ്ട്രീയത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാവില്ലല്ലോ. ഈ സമരങ്ങളിലൂടെ പുതിയ രാഷ്ട്രീയപാര്‍ട്ടിരൂപീകരണം ഒഴിച്ചുകൂടാനാകാത്ത ഒരു നടപടിയായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നാണ് ഈ സംഘം വിലയിരുത്തുന്നത്. സ്വാഭാവികമായും രാഷ്ട്രീയപാര്‍ട്ടിക്കാര്‍ ചെയ്യുന്നതുപോലുള്ള അനുഷ്ഠാനസമരങ്ങള്‍ പ്രവര്‍ത്തകര്‍ ആരംഭിക്കുകയും ചെയ്തു.
ലോകമെമ്പാടും ആധുനിക ജനാധിപത്യവ്യവസ്ഥകള്‍ നേരിടുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍, ജനാധിപത്യപ്രക്രിയയ്ക്ക് തന്നെ പുതിയ മാനം നല്‍കാന്‍ സാധ്യതകള്‍ സൃഷ്ടിച്ചുകൊണ്ട്, ഇന്ത്യന്‍ ജനാധിപത്യ സമ്പ്രദായത്തിനുള്ളില്‍ നിന്നുതന്നെ ഏറെക്കുറെ സ്വയോത്ഭവമെന്ന് തോന്നിക്കുംവിധം ഉയര്‍ന്നുവന്ന ഒരു സിവില്‍ സമൂഹപ്രസ്ഥാനം ഒരു ഈര്‍ക്കില്‍ പാര്‍ട്ടിയായി രൂപാന്തരപ്പെടുന്ന ദുരന്തദൃശ്യമാണ് നാമിവിടെ കണ്ടത്. ജനലോക്പാല്‍ ബില്ലിന് വേണ്ടി അണ്ണാഹസാരെ നിരാഹാരം ആരംഭിച്ചപ്പോള്‍ ദില്ലിയില്‍ പ്രത്യക്ഷത്തില്‍ രൂപംകൊണ്ട വിപുലമായ ജനപിന്തുണയും സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെയും മറ്റും ലഭിച്ച ദശലക്ഷങ്ങളുടെ പിന്തുണയും വോട്ടുബാങ്ക് ആയി മാറ്റാമെന്നും അതുവഴി ഇന്ത്യയിലെ സിവില്‍ സമൂഹത്തെ ഒരു പുതിയ രാഷ്ട്രീയപ്രസ്ഥാനമായി പുനസ്സംഘടിപ്പിച്ചെടുക്കാമെന്നുമാണ് കെജ്‌റിവാളും പ്രശാന്ത്ഭൂഷണുമൊക്കെ കണക്കുകൂട്ടുന്നത്. ആദ്യഘട്ടത്തില്‍ ഏറെക്കുറെ അവര്‍ ആസൂത്രണം ചെയ്ത രീതിയില്‍ കാര്യങ്ങള്‍ നീങ്ങിയപ്പോള്‍, രണ്ടാം ഘട്ടത്തിലും തങ്ങളുടെ കണക്കുകൂട്ടലുകള്‍ വിജയിക്കുമെന്നാണ് അവര്‍ കരുതിയത്. അവിടെയാണ് അവര്‍ക്ക് തെറ്റിയത്. അറബ് കലാപങ്ങളുടെ പശ്ചാത്തലവും ഇന്ത്യന്‍ സാഹചര്യങ്ങളും തമ്മിലുള്ള ഗൗരവമേറിയ വ്യത്യാസം അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അറബ് രാജ്യങ്ങളില്‍ ജനാധിപത്യം ഇതുവരെ നിലവില്‍ വന്നിട്ടില്ല. സ്വേച്ഛാധിപത്യങ്ങള്‍ക്ക് കീഴില്‍ ദീര്‍ഘകാലമായി വീര്‍പ്പുമുട്ടിയ ജനങ്ങള്‍ അത്തരം രാഷ്ട്രീയവ്യവസ്ഥകളെ തകര്‍ത്തെറിയുക എന്ന ലക്ഷ്യംവെച്ച് മുന്നേറുകയായിരുന്നു. അത്തരമൊരു അണിനിരത്തലില്‍ രാസത്വരകത്തിന്റെയും ചിലപ്പോള്‍ സംഘാടനത്തിന്റെയും കടമകളാണ് സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ ഏറ്റെടുത്ത്.
ഇന്ത്യന്‍ സാഹചര്യം ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ്. ആറു പതിറ്റാണ്ടിന്റെ വളര്‍ച്ചയും അനുഭവസമ്പത്തുമുള്ള പാര്‍ലമെന്ററി ജനാധിപത്യവും പയറ്റിത്തെളിഞ്ഞ രാഷ്ട്രീയപാര്‍ട്ടികളുടെ വന്‍ നിരയുമാണ് ഇവിടെയുള്ളത്. ഈ രാഷ്ട്രീയപാര്‍ട്ടികളുടെ വോട്ടുബാങ്കുകളില്‍ നിന്നും അതിനു പുറത്തുമായി സിവില്‍ സമൂഹത്തിന്റെ രൂപീകരണവും വളര്‍ച്ചയും സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയിലൂടെ മാത്രമേ ഉരുത്തിരിയുകയുള്ളു. ഈ പാര്‍ലമെന്ററി വ്യവസ്ഥയെയും രാഷ്ട്രീയപാര്‍ട്ടികളെയും തകര്‍ക്കാനല്ല, മെച്ചപ്പെടുത്താനാണ് ജനങ്ങളെ അണിനിരത്തേണ്ടത്. രാഷ്ട്രീയപാര്‍ട്ടികളോട് ഇഞ്ചോടിഞ്ഞ് സമരം ചെയ്തുകൊണ്ടേ മുന്നോട്ടു നീങ്ങാനാകൂ. ഈ സമരത്തില്‍ സോഷ്യല്‍ നെറ്റുവര്‍ക്കുകളെയും മറ്റും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. സോഷ്യല്‍നെറ്റ് വര്‍ക്കുകളെ ഉപയോഗിക്കുന്ന കാര്യത്തില്‍ കെജ്‌റിവാളും കൂട്ടരും രണ്ടാം ഘട്ടത്തില്‍ പരാജയപ്പെട്ടത് എന്തെങ്കിലും സാങ്കേതികമായ വീഴ്ചകള്‍ കൊണ്ടല്ല. ഒന്നാംഘട്ടത്തില്‍ അവര്‍ സൃഷ്ടിച്ച കക്ഷിരാഷ്ട്രീയത്തിനതീതമായ പ്രസ്ഥാനം എന്ന പ്രതിച്ഛായ, കക്ഷിരാഷ്ട്രീയ ഇടപെടലിലൂടെ രണ്ടാം ഘട്ടത്തില്‍ അവര്‍തന്നെ തകര്‍ത്തതുകൊണ്ടാണ്. ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന മുദ്രാവാക്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ ജനങ്ങളെ അണിനിരത്താന്‍ തക്കവിധം സജീവമാവുകയുള്ളു. രാഷ്ട്രീയപാര്‍ട്ടികളുടെ എണ്ണംകൊണ്ടും വൈവിധ്യംകൊണ്ടും ജനങ്ങള്‍ പൊറുതിമുട്ടിനില്‍ക്കുന്ന അവസ്ഥയുള്ള നമ്മുടെ രാജ്യത്ത് പുതിയൊരു രാഷ്ട്രീയപാര്‍ട്ടി എന്ന ആശയം ഒട്ടും ആകര്‍ഷണീയമല്ല. അതുകൊണ്ടാണ് കെജ്‌റിവാളിന്റെയും കൂട്ടരുടെയും പുതിയ രാഷ്ട്രീയപാര്‍ട്ടി എന്ന ലക്ഷ്യപ്രഖ്യാപനത്തോട് ജനങ്ങള്‍ പ്രത്യക്ഷത്തിലും നെറ്റുവര്‍ക്കിലൂടെയും കാര്യമായി മുന്നോട്ടുവരാതിരുന്നത്. ദില്ലിയില്‍ ആയിരത്തിലധികം പേരും വിവിധ സംസ്ഥാനകേന്ദ്രങ്ങളില്‍ ഏതാനും നൂറുകളും മാത്രമാണ് അണിനിരന്നത്. ഒരു ചെറിയ രാഷ്ട്രീയഗ്രൂപ്പ് എന്നതിനപ്പുറം മുന്നോട്ടുപോകാന്‍ അവര്‍ക്കാവില്ല.
രാഷ്ട്രീയം എന്നത് ഒരു സമൂഹത്തിന്റെ എല്ലാ ജീവിതമേഖലകളെയും ക്രമീകരിക്കുന്ന ഭരണകൂടാധികാരം കയ്യാളുന്ന പ്രക്രിയയാണ്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഓരോ രാഷ്ട്രീയപാര്‍ട്ടിയും ഈ പൊതു അധികാരം തങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുന്ന പരിപാടിയാണ് മുന്നോട്ടുവെയ്ക്കുന്നത്. പക്ഷേ, പ്രയോഗത്തില്‍ ഓരോ പാര്‍ട്ടിയും തങ്ങളുടെ അധികാരപങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും ഉറപ്പിക്കാനും ഉതകുന്ന തന്ത്രങ്ങളിലേയ്ക്കും പരിപാടികളിയേക്കും ചുരുങ്ങുന്നു. ഇതാണ് കക്ഷിരാഷ്ട്രീയം. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഈ കക്ഷിരാഷ്ട്രീയം അനിവാര്യമായ തിന്മയായി മാറിയിരിക്കുന്നു. ഈ കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിതത്വം ഏറിയും കുറഞ്ഞും പ്രകടമാവുന്നതു കാണാം. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അപചയത്തില്‍ ഇതൊരു പ്രധാനപങ്കുവഹിക്കുന്നു. ആഗോളതലത്തില്‍തന്നെ പാര്‍ലമെന്ററി ജനാധിപത്യം നേരിടുന്ന ഘടനാപരമായ പ്രതിസന്ധിയിലെ ഒരു ഘടകം ഇതാണ്. ഈ കക്ഷിരാഷ്ട്രീയ പ്രവണതയെപ്പറ്റി ജനങ്ങള്‍ക്ക് വ്യക്തമായ തിരിച്ചറിവുണ്ട്. അതുകൊണ്ടാണ് പുതിയൊരു രാഷ്ട്രീയപാര്‍ട്ടി എന്തെല്ലാം ഉദാത്തമായ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ചാലും ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കാത്തത്.
ഓരോ തിരഞ്ഞെടുപ്പിലും അധികാരത്തിലെത്തുന്ന ജനപ്രതിനിധികള്‍ അടുത്ത തിരഞ്ഞെടുപ്പുവരെയുള്ള ഇടവേളയില്‍ തങ്ങളുടേത് കുത്തകാധികാരമെന്ന രീതിയിലാണ് പെരുമാറുന്നത്. ജനപ്രതിനിധികളെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് അവരുടെ ഇടുങ്ങിയ താല്പര്യങ്ങള്‍ക്കനുസരിച്ച് ഈ അധികാരം ഉപയോഗിക്കുന്ന കാര്യത്തില്‍ നേതൃത്വം നല്‍കുന്നത്. പലപ്പോഴും ജനവിരുദ്ധം തന്നെ ആയിപ്പോകുന്ന ഈ അധികാരപ്രയോഗത്തിന് മുന്നില്‍ അവരെ അധികാരത്തിലേറ്റിയ ജനങ്ങള്‍ നിസ്സഹായരായ കാഴ്ചക്കാരായി മാറുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഘടനാപരമായ പ്രതിസന്ധിയുടെ മറ്റൊരു വശമാണിത്. അണ്ണാടീമിന്റെ മുന്‍കയ്യില്‍ ഉയര്‍ന്നുവന്ന സിവില്‍ സമൂഹപ്രസ്ഥാനം ഇക്കാര്യമാണ് വളരെ സമര്‍ത്ഥമായി തുറന്നുകാട്ടിയത്. ജനാധിപത്യവ്യവസ്ഥയില്‍ വ്യാപകമായിതീര്‍ന്നിട്ടുള്ള അഴിമിതി നിയന്ത്രിക്കാന്‍ വേണ്ടി രൂപം നല്‍കിയ ലോക്പാല്‍ ബില്‍ 43 വര്‍ഷമായിട്ട് പാസാക്കാതെ എട്ട് ലോകസഭകള്‍ തട്ടിക്കളിച്ചുകൊണ്ടിരിക്കുകയാണ്. ജനപ്രതിനിധികളും അവരുടെ രാഷ്ട്രീയപാര്‍ട്ടികളും ജനങ്ങളോട് എത്രമാത്രം നിരുത്തരവാദപരമായിട്ടാണ് പെരുമാറുന്നതെന്ന് തെളിയിക്കപ്പെടുകയായിരുന്നു. കൂടുതല്‍ ഫലപ്രദമായ ഒരു ലോക്പാല്‍ ബില്‍ ലോകസഭ അടിയന്തിരമായി പാസാക്കണമെന്ന ആവശ്യം തത്വത്തിലെങ്കിലും അംഗീകരിക്കാന്‍ പാര്‍ലമെന്റിനെയും ഭരണപ്രതിപക്ഷങ്ങളെയും നിര്‍ബ്ബന്ധിതരാക്കാന്‍ ഈ സിവില്‍ സമൂഹപ്രസ്ഥാനത്തിന് കഴിഞ്ഞു എന്നത് ചരിത്രപ്രാധാന്യമുള്ള കാല്‍വെയ്പ് തന്നെയായിരുന്നു. ജനപ്രതിനിധികളുടെ മേല്‍ പൗരസമൂഹത്തിന്റെ മേല്‍നോട്ടം എന്ന ആശയവും അതിന്റെ പ്രയോഗവും സുദീര്‍ഘമായ ഒരു ചരിത്രപ്രക്രിയയിലൂടെ മാത്രം നേടിയെടുക്കാവുന്ന കാര്യമാണ്.
ഇത്രയും ഗൗരവമേറിയ ഒരു വിഷയം ലാഘവബുദ്ധിയോടെയും അപക്വമായും കൈകാര്യം ചെയ്ത അണ്ണാടീമിന്റെ സമീപനത്തിന്റെ കാരണങ്ങള്‍ ആ നേതൃത്വത്തിന്റെ ദൗര്‍ബ്ബല്യങ്ങളില്‍ തന്നെയാണ് കണ്ടെത്തേണ്ടത്. മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ മാത്രം ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുപോന്ന അണ്ണാഹസാരെക്ക് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാനാവാതെ വരുന്നതില്‍ അസ്വാഭാവികതയില്ല. കെജ്‌റിവാളിന്റെ 'അഴിമതിക്കെതിരെ ഇന്ത്യ' എന്ന സംഘടന, ചെറിയ ചെറിയ സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് തപ്പിതടഞ്ഞാണ് ലോക്പാല്‍ ബില്ലിലെത്തിയത്. വിഷയത്തിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ പ്രാധാന്യം തിരിച്ചറിയാനുള്ള പശ്ചാത്തലം അവര്‍ക്കുമുണ്ടായിരുന്നില്ല. ഇന്നത്തെ അവസ്ഥയില്‍ അഖിലേന്ത്യാതലത്തില്‍ പരിഗണന അര്‍ഹിക്കാത്ത വിധം ചെറിയൊരു ഈര്‍ക്കില്‍ പാര്‍ട്ടിയായി ഒതുങ്ങിയേക്കാമെങ്കിലും, അവര്‍ ആരംഭിച്ചുവെച്ച ചരിത്രപ്രധാനമായ സംരംഭത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയില്ല.
ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടികളും വരുത്തുന്ന വീഴ്ചകളും വ്യതിയാനങ്ങളും അപ്പപ്പോള്‍ കണ്ടെത്തി തിരുത്താന്‍ കഴിയുംവിധം ജാഗ്രത പുലര്‍ത്തുന്ന സിവില്‍ സമൂഹത്തിന്റെ പ്രതിനിധികള്‍ പാര്‍ലമെന്റ് മുതല്‍ പഞ്ചായത്ത് വരെ എല്ലാ തലങ്ങളിലും ഉയര്‍ന്നുവരേണ്ടതുണ്ട്. ഒരു രാഷ്ട്രീയപാര്‍ട്ടിയ്ക്ക് ഈ ജോലി നിര്‍വ്വഹിക്കാനാവില്ല. അധികാരത്തില്‍ പങ്കെടുക്കാതെ അധികാരത്തെ തിരുത്താന്‍ കഴിയുന്ന ഒരു ഉപരി രാഷ്ട്രീയശക്തി. സിവില്‍ സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഇത്തരം ഒരു തിരുത്തല്‍ശക്തിയാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.

കെ.വേണു.

(6-9-2012 ലെ മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

Saturday, 19 May 2012

ഇനിയും ഇത് തുടര്‍ന്നുകൂടാ


ഇനിയും ഇത് തുടര്‍ന്നുകൂടാ

കെ. വേണു

ആധുനിക കേരളത്തിന്റെ രാഷ്ട്രീയ മുഖം എത്രമാത്രം ഭീബത്സമായിരിക്കുന്നു എന്ന രാഷ്ട്രീയ വസ്തുതയാണ് ടി.പി. ചന്ദ്രശേഖരന്‍  വധത്തിലൂടെ  പ്രകടമായിരിക്കുന്നത്. അവകാശരാഷ്ട്രീയത്തിന്റെയും പ്രബുദ്ധരാഷ്ട്രീയത്തിന്റെയും മികച്ച മാതൃകയായി അഖിലേന്ത്യാതലത്തില്‍ തന്നെ പരിഗണിക്കപ്പെട്ടുപോന്ന കേരളത്തില്‍ ഇന്ന് നടക്കുന്നത് ഭിന്ന രാഷ്ട്രീയക്കാരെയും വിമതരെയുമെല്ലാം മൃഗീയവും നിഷ്ഠൂരവുമായ രീതിയില്‍ ആക്രമിക്കുകയും  കൊന്നൊടുക്കുകയും  ചെയ്യുന്ന രാഷ്ട്രീയപകപോക്കലുകളാണ്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സമൂഹം ഒറ്റക്കെട്ടായി ഉയര്‍ന്ന് നിന്ന് അവയെ അപലപിക്കുന്നതിന് പകരം, പുരോഗമനരാഷ്ട്രീയത്തിന്റെയും വര്‍ഗ്ഗരാഷ്ട്രീയത്തിന്റെയും മറ്റും തുടര്‍ച്ചയാണ് ഇത്തരം സംഭവങ്ങളെന്ന് വരുത്തിതീര്‍ത്ത് അവയെ ന്യായീകരിക്കാനും അല്ലെങ്കില്‍ ചെറിയ പാളിച്ചകളും  വ്യതിയാനങ്ങളുമെന്ന് പറഞ്ഞ് ലഘൂകരിക്കാനും ശ്രമിക്കുന്ന പ്രബലമായ ഒരു ചിന്താഗതി സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നതാണ് സ്ഥിതിഗതികളെ ഗുരുതരമാക്കുന്നത്. ഈ അവസ്ഥാ വിശേഷം പെട്ടെന്ന് ഉയര്‍ന്നുവരുന്നതല്ല. പടിപടിയായി ദശകങ്ങളിലൂടെ വളര്‍ന്ന് വന്ന് ഇപ്പോഴത്തെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നതാണ്. ഇനിയും ഇത്തരം സംഭവങ്ങള്‍ തുടര്‍ന്ന് കൂടെന്ന് നിലപാടെടുക്കുവാനും പ്രഖ്യാപിക്കാനും ശേഷിയുള്ള ഒരു പൊതുസമൂഹം കേരളത്തില്‍ ഇനിയും അവശേഷിക്കുന്നുണ്ടോ എന്നാണ് അന്വേഷിക്കേണ്ടത്. ഇല്ലെങ്കില്‍, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അതീതമായി അത്തരമൊരു പൊതുസമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍, കേരളത്തിന്റെ ജനാധിപത്യഭാവിയില്‍ ആശങ്കയുള്ളവര്‍ മുന്നോട്ടുവരേണ്ടതുണ്ട്. കേരളീയ സമൂഹത്തിന്റെ മനസ്സാക്ഷി മരവിച്ചിട്ടില്ലെന്നും പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും തന്നെയാണ് കോഴിക്കോടും വടകരയിലും മറ്റും ടി.പി.യ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ തടിച്ചുകൂടിയ അഭൂതപൂര്‍വ്വമായ ജനാവലി തെളിയിച്ചത്.

ഇത്തരം രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന പ്രവണതയുടെ അടിവേരുകള്‍ തന്നെ പിഴുതെറിഞ്ഞുകൊണ്ട് കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ ശുദ്ധീകരിക്കാനുള്ള  ഒരു യജ്ഞം തന്നെയാണ് ആവശ്യമായിട്ടുള്ളത്. ഈ രാഷ്ട്രീയപ്രവണതകളും ബന്ധപ്പെട്ട പ്രവര്‍ത്തന ശൈലികളും ശരിയായി തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ഇപ്പോഴത്തെ സംഭവത്തിന് പിന്നില്‍ ആരെന്ന് കൃത്യമായി തെളിയിക്കപ്പെടാതെ ഇത്തരമൊരു അന്വേഷണത്തിന് പ്രസക്തിയുണ്ടോ എന്ന ചോദ്യമുണ്ട്. സംഭവത്തില്‍ പങ്കെടുത്ത പ്രതികളാരൊക്കെ എന്ന് കൃത്യമായി കണ്ടെത്തുന്നതിനേക്കാള്‍ പ്രധാനം രാഷ്ട്രീയപശ്ചാത്തലവും സാഹചര്യങ്ങളും വസ്തുനിഷ്ഠമായി വിലയിരുത്തുക എന്നതാണ്. ടി.പി. കൊല്ലപ്പെടുന്നതിന് കുറച്ച് മുമ്പ്  അവരുടെ പത്രത്തില്‍ അവരുടെ സംഘടന നേരിടുന്ന ആക്രമണ പരമ്പരകളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 2008 ല്‍ സി.പി.എമ്മിനെതിരായി രാഷ്ട്രീയവിമര്‍ശനങ്ങളുന്നയിച്ചതിന്റെ പേരില്‍ നടപടികള്‍ക്ക് വിധേയരാകുകയും  സംഘടിതമായി പുറത്തുവന്ന് ആര്‍.എം.പി രൂപീകരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് തുടര്‍ടച്ചയായ ആക്രമണ പരമ്പരകളെയാണ് അവര്‍ നേരിട്ടത്. കേരളത്തിലെ സാഹചര്യത്തില്‍, സി.പി.എമ്മില്‍നിന്ന് വിഘടിച്ച് വരുന്നവരെ മറ്റേതെങ്കിലും പാര്‍ട്ടിക്കാരോ സംഘടനകളോ ഇങ്ങനെ സംഘടിതമായി ആക്രമിച്ചുകൊണ്ടിരിക്കും എന്ന് കരുതുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. അവര്‍ പുറത്തുവരികയും പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഓഞ്ചിയം പഞ്ചായത്ത് വിമതര്‍ പിടിച്ചെടുക്കുകയും ചെയ്തത് സി.പി.എമ്മിന് വലിയ രാഷ്ട്രീയനഷ്ടമാണ്  ഉണ്ടാക്കിയത്.  സി.പി.എമ്മിന് രാഷ്ട്രീയനഷ്ടമുണ്ടാക്കിയവരെ മറ്റുള്ളവര്‍ എന്തിന് ആക്രമിക്കണം. തങ്ങള്‍ക്ക് രാഷ്ട്രീയനഷ്ടമുണ്ടാക്കുന്നവര്‍ക്ക് നേരെ പ്രതികാര നടപടികളെടുക്കുക എന്നത് സി.പി.എം ഇതുവരെ എക്കാലത്തും സ്വീകരിച്ചുപോന്നിട്ടുള്ള  ശൈലിയുമാണ്.  കൂടുതല്‍ നഷ്ടമുണ്ടാക്കാതിരിക്കാനുള്ള മുന്‍കരുതലും താക്കീതുമാണ് ഇത്തരം നടപടികള്‍. ടി.പി. വിശദീകരിച്ചിട്ടുള്ള ആക്രമണ പരമ്പരയില്‍ ഏറ്റവും പ്രധാനം ഇപ്പോള്‍ ഓഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ടായ ജയരാജനും അവരുടെ യുവജനനേതാവ് ജയനും നേരെ നടന്ന ആക്രമണങ്ങളാണ്. ബോംബേറും വടിവാള്‍കൊണ്ട് ശരീരം മുഴുവന്‍ വെട്ടിമുറിവേല്‍പ്പിക്കുകയും ചെയ്യുന്ന രീതി തന്നെയാണ് രണ്ട് ആക്രമണങ്ങളിലും പ്രയോഗിക്കപ്പെട്ടത്. രണ്ടുപേരും ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെടുകയായിരുന്നു. ജയന്റെ നില തികച്ചും ഗുരുതരമായിരുന്നു. ഇടതുമുന്നണി ഭരിക്കുമ്പോള്‍ ഉണ്ടായ ഈ സംഭവങ്ങളില്‍ വധശ്രമത്തിന് കേസെടുത്തു എന്നല്ലാതെ കാര്യമായ അന്വേഷണമുണ്ടായിട്ടില്ല. പ്രതികള്‍ അറസ്റ്റുചെയ്യപ്പെട്ടുമില്ല. സി.പി.എം അനുഭാവികളായ പോലീസ് ഉദ്യോഗസ്ഥരെയാണ് ആ പ്രദേശത്തെ സ്റ്റേഷനുകളില്‍ നിയമിച്ചിരുന്നതും. ഈ സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള ടി.പി.യുടെ ലേഖനം നല്‍കുന്ന ചിത്രം വളരെ വ്യക്തമാണ്. ജയരാജനും ജയനും നേരെ നടന്ന ആക്രമണരീതി തന്നെ കൂടുതല്‍ ശക്തമായും ഫലപ്രദമായും പ്രയോഗിക്കുകയാണ് ടി.പി.ക്ക് നേരെ ചെയ്തതെന്നും 
വ്യക്തമാണ്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന താരതമ്യേന മെച്ചപ്പെട്ട പോലീസ് അന്വേഷണം  ഫലപ്രദമായ  രീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ മുമ്പുനടന്ന സംഭവങ്ങളുമായുള്ള ബന്ധം വ്യക്തമാവും. പ്രതികളെ കണ്ടെത്താനാവുകയും ചെയ്യും. പക്ഷേ, ഇത്തരം രാഷ്ട്രീയ ആക്രമണപരമ്പരകളുടെ, പിന്നിലുള്ള പ്രേരകശക്തികളെ കണ്ടെത്താന്‍, ആ സംഭവങ്ങളില്‍ പങ്കെടുക്കുന്നവരുടെ പേരും വിലാസവുമൊന്നും ആവശ്യമില്ല. സി.പി.എമ്മില്‍ നിന്ന് രാഷ്ട്രീയവിമര്‍ശനമുന്നയിച്ച് പിരിഞ്ഞുപോവുകയും ഒരു മേഖലയിലെങ്കിലും പാര്‍ട്ടിക്ക് വലിയ നഷ്ടമുണ്ടാക്കുകയും ചെയ്തവരോടുള്ള പ്രതികാര നടപടികള്‍ എന്നതിനേക്കാള്‍ അവര്‍ വളരാതിരിക്കുകയും തകരുകയും ചെയ്യുക എന്നത് സി.പി.എമ്മിന്റെ ആവശ്യമായിരുന്നു. ഓഞ്ചിയം മേഖലയില്‍ ചന്ദ്രശേഖരന്റെയും കൂട്ടരുടെയും ജനപിന്തുണ കുറയുകയല്ല, വളരുകയാണുണ്ടാവുന്നതെന്ന് കണ്ട സി.പി.എം. നേതൃത്വം കോഴിക്കോട്ട് നടന്ന പാര്‍ട്ടികോണ്‍ഗ്രസ്സിന് മുമ്പ് തന്നെ ചന്ദ്രശേഖരനെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ തീവ്രശ്രമം നടത്തുകയുണ്ടായി. തിരിച്ചുവരുന്ന അണികളെ സ്വീകരിക്കാമെങ്കിലും കുലംകുത്തികളായ ചന്ദ്രശേശരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ തിരിച്ചെടുക്കില്ലെന്ന് ഉറക്കെ പ്രഖ്യാപനം നടത്തിയ പിണറായി വിജയന്റെ വാക്കുകള്‍ വിസ്മരിച്ചുകൊണ്ടാണ് അതേ നേതൃത്വം ചന്ദ്രശേഖരനുമായി സംഭാഷണത്തിന് ശ്രമിച്ചത്. പക്ഷേ, ടി.പി.അല്പം പോലും വഴങ്ങിയില്ല., സംഭാഷണത്തിന് നിന്ന് കൊടുത്തതേയില്ല. അപ്പോള്‍ പിന്നെ സി.പി.എമ്മിന്റെ പതിവ് ശൈലിയില്‍ അവരുടെ മുന്നില്‍ മറ്റുമാര്‍ഗ്ഗമില്ല. ശല്യകാരിയായ നേതൃത്വത്തെ തുടച്ചുനീക്കുകതന്നെ. അതാണിപ്പോള്‍ സംഭവിച്ചതെന്ന് കാണാന്‍ വിഷമമില്ല.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ ഇത്തരമൊരു രാഷ്ട്രീയാബദ്ധം സി.പി.എം. ചെയ്യുമോ എന്ന ന്യായമായ ചോദ്യം അവരുടെ നേതൃത്വത്തില്‍ നിന്നുതന്നെ പലരും ഉന്നയിച്ചിട്ടുണ്ട്. സി.പി.എമ്മിനെ പ്രതിരോധിക്കാനായി ഫേസ്ബുക്ക് ചര്‍ച്ചകളിലും മറ്റും ഇടപെടുന്നവര്‍ അധികവും ഉന്നയിക്കുന്നത് ഇത്തരം ചോദ്യങ്ങളാണ്. ഇത്തരം അക്രമസംഭവങ്ങള്‍ ആസൂത്രണം ചെയ്യുകയും നടത്തുകയും ചെയ്യുന്നത് വിശദമായ രാഷ്ട്രീയചര്‍ച്ചകള്‍ നടത്തുകയോ കമ്മിറ്റിതല തീരുമാനങ്ങള്‍ എടുക്കുകയോ ചെയ്തിട്ടല്ലെന്നതാണ് യാഥാര്‍ത്ഥ്യം. സൈനികം എന്നുപറയാവുന്ന ഇത്തരം നടപടികള്‍ അങ്ങിനെ ചര്‍ച്ചചെയ്ത് തീരുമാനിക്കാനോ നടപ്പിലാക്കാനോ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചുകൊണ്ടുള്ള വ്യത്യസ്തമായ ചില പ്രവര്‍ത്തന ശൈലികള്‍ സി.പി.എമ്മില്‍  വളര്‍ന്നുവന്നിട്ടുണ്ട്.  സംഭവങ്ങളുടെ വലിപ്പചെറുപ്പമനുസരിച്ച് വിവിധ തലങ്ങളില്‍ തീരുമാനമെടുക്കുന്നതിന് പ്രത്യേക വ്യക്തികള്‍ക്ക് ചുമതല നല്‍കുന്ന രീതിയാണ് സ്വീകരിച്ചുപോന്നിട്ടുള്ളത്. അതുകൊണ്ട് തീരുമാനമെടുക്കുന്ന വ്യക്തി ഉള്‍പ്പെടുന്ന കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ തീരുമാനത്തെകുറിച്ച് അറിയണമെന്നില്ല. സംഭവം നടക്കുമ്പോള്‍ മാത്രമേ അവരും അത് അറിയുന്നുണ്ടാകു. 1930 കള്‍ മുതല്‍ക്ക് സോവിയറ്റ് പാര്‍ട്ടിയില്‍ സ്റ്റാലിന്‍ വളര്‍ത്തിക്കൊണ്ടുവന്ന തികച്ചും ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റുശൈലിയുടെ ഒരു ചെറുവകഭേദമാണ് കുറച്ചുകാലമായി സി.പി.എം.  സംഘടിപ്പിക്കുന്ന  അക്രമസംഭവങ്ങളില്‍ പ്രയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒരു ജനാധിപത്യസമൂഹത്തില്‍ ഒരു തരത്തിലും അനുവദിക്കപ്പെടാന്‍ പാടില്ലാത്ത തലത്തിലേക്ക് ഈ ശൈലി എത്തിച്ചേര്‍ന്നിരിക്കുന്നു.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തില്‍, പ്രത്യേകിച്ചും സി.പി.എമ്മില്‍ ഇത്തരമൊരു ഫാസിസ്റ്റുശൈലി കടന്നുവരികയും, വേരുറയ്ക്കുകയും ചെയ്തത് എങ്ങിനെ എന്ന് ചരിത്രപരമായിതന്നെ 
പരിശോധിക്കേണ്ട സംഗതിയാണ്. ഇത്തരമൊരു പരിശോധന ഇവിടെ അസാധ്യമാണ്. ഒരു എത്തിനോട്ടം മാത്രമാണ് കരണീയമായിട്ടുള്ളത്.

തെലുങ്കാനാ സമരവും പുന്നപ്രവയലാറും കല്‍ക്കത്താ തിസീസുമെല്ലാം നടപ്പിലാക്കുന്ന കാലത്ത്, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി പാര്‍ലമെന്ററി ജനാധിപത്യമോ നിയമവിധേയ പ്രവര്‍ത്തനമോ അംഗീകരിച്ചിരുന്നില്ല. സായുധ സമരത്തിലൂടെ അധികാരം പിടിച്ചുപറ്റുകയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ മാത്രം മേധാവിത്വത്തിലുള്ള ഭരണത്തെക്കുറിച്ച് സ്വപ്നം കാണുകയും ചെയ്യുന്നവരായിരുന്നു അന്നത്തെ കമ്മ്യൂണിസ്റ്റുകാര്‍. സ്റ്റാലിന്റെ മദ്ധ്യസ്ഥതയില്‍ തെലുങ്കാനാ സമരം പിന്‍വലിച്ച്  പാര്‍ലമെന്ററി  മാര്‍ഗ്ഗം സ്വീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍, രഹസ്യപാര്‍ട്ടിയും വിപ്ലവപ്രവര്‍ത്തനവും ഒരു വശത്ത് നിലനിര്‍ത്തിക്കൊണ്ട് പാര്‍ലമെന്ററി പ്രവര്‍ത്തനം ഏറ്റെടുക്കുകയെന്ന ഇരട്ടത്താപ്പുനയമാണ് അന്ന് സ്വീകരിച്ചത്. രഹസ്യപാര്‍ട്ടി നിലവിലില്ലാതായെങ്കിലും പാര്‍ലമെന്ററി വ്യാമോഹത്തില്‍ കുടുങ്ങിയിട്ടില്ലെന്ന് തെളിയിക്കാനും വിപ്ലവപാര്‍ട്ടിയുടെ മുഖം നിലനിര്‍ത്താനുമായി പാര്‍ലമെന്റേതര സമരങ്ങള്‍ എന്ന പേരില്‍ പല രീതിയിലുള്ള രഹസ്യപ്രവര്‍ത്തനങ്ങളും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും അക്രമങ്ങളും കമ്മ്യൂണിസ്റ്റുകാര്‍ നടത്തിക്കൊണ്ടു പോന്നിരുന്നു. പല രീതിയിലും രൂപത്തിലും ഇപ്പോഴും അതെല്ലാം തുടര്‍ന്നുകൊണ്ടിരിക്കുന്നു. 1957 ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി അധികാരത്തില്‍ വരുന്നതുവരെ, പോലീസിന്റെ ഭാഗത്തുനിന്നും ശത്രുവര്‍ഗ്ഗങ്ങളുടെ ഭാഗത്തുനിന്നും കമ്മ്യൂണിസ്റ്റുകാര്‍  നിരന്തരം  ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു.

1957ല്‍ അധികാരത്തില്‍ വന്നതോടെ, സ്ഥിതിഗതികള്‍ക്ക് മാറ്റം വന്നു. പാര്‍ട്ടിയുടെ രഹസ്യയൂണിറ്റുകള്‍ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി.വിമോചന സമരകാലത്ത് ഈ സെല്‍ഭരണം പ്രധാനവിമര്‍ശന വിഷയങ്ങളില്‍ ഒന്നായിരുന്നു. രണ്ടു ദശകങ്ങള്‍ കൊണ്ടാണ് അധികാര പാര്‍ട്ടിയിലേക്കുള്ള പരിവര്‍ത്തനം നടന്നത്. ചുരുങ്ങിയ സമയത്തേക്കാണെങ്കിലും ഇടയ്ക്കിടയ്ക്ക് അധികാരത്തില്‍ വരാന്‍ കഴിഞ്ഞതിലൂടെയാണ് .ഈ മാറ്റം സാധ്യമായത്. അടിയന്തിരാവസ്ഥയ്ക്കു ശേഷം സി.പി.എമ്മില്‍ ഈ മാറ്റം കൂടുതല്‍ പ്രകടമായിരുന്നു. 1980 കളുടെ ആരംഭത്തില്‍ സജീവമായിരുന്ന നക്‌സലൈറ്റുകള്‍ക്കെതിരെ, രാഷ്ട്രീയ അസഹിഷ്ണുതയുടെ രൂപത്തില്‍ വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. തിരിച്ചടിക്കില്ലെന്ന നക്‌സലൈറ്റു നിലപാടു നിമിത്തമാണ് അന്ന് പരസ്പര സംഘട്ടനങ്ങളും ഒഴിവാക്കപ്പെട്ടത്. എന്നാല്‍ തുടര്‍ന്ന് ആര്‍.എസ്.എസുമായി ആരംഭിച്ച സംഘട്ടനങ്ങള്‍ പരസ്പര ആക്രമണങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും നയിച്ചു.

60കളില്‍ സി.പി.എം. ആരംഭിച്ച ഗോപാലസേന പ്രകടനപരമായിരുന്നെങ്കില്‍ 80കള്‍ ആയപ്പോഴേക്കും വളണ്ടിയര്‍സേന പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും സജ്ജരാക്കപ്പെട്ടവരെകൂടി ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്നു. ഡിഫന്‍സ് വളണ്ടിയര്‍മാര്‍ എന്ന പേരില്‍ ഇത്തരം കാര്യങ്ങള്‍ക്കുവേണ്ടി പ്രത്യേകം പരിശീലിപ്പിക്കപ്പെട്ടു. ആര്‍.എസ്.എസുകാരെയും മറ്റ് എതിരാളികളെയും കൊലപ്പെടുത്തുന്നതിനുവേണ്ടി, ഈ ഡിഫന്‍സ് വളണ്ടിയര്‍മാരില്‍ നിന്ന് പ്രത്യേകം കോര്‍ഗ്രൂപ്പുകളെ പരിശീലിപ്പിക്കാനും തുടങ്ങി. ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് വേണ്ടി സജ്ജരായവരെ വിപ്ലവത്തിന് വേണ്ടി പാര്‍ട്ടി പറയുന്ന ഏത് കൃത്യവും സന്തോഷത്തോടെ ഏറ്റെടുക്കുവാന്‍ കഴിയും വിധം മാനസികമായി തയ്യാറാക്കുന്ന പരിശീലനമാണ് നല്‍കിയിരുന്നത്. തങ്ങളുടെ പാര്‍ട്ടിയുടെമാത്രം ഭരണം വരുന്ന നാളെയെ സ്വപ്നം കണ്ടുകൊണ്ട്, അത്തരം ലക്ഷ്യസാക്ഷാത്ക്കാരത്തിന് വേണ്ടി, എതിരാളികളെ മുഴുവന്‍ അരിഞ്ഞുവീഴ്ത്തുന്നത് പാവനകര്‍ത്തവ്യമായി കണക്കാക്കാനാണ് പരിശീലിപ്പിക്കപ്പെട്ടത്. തങ്ങളുടെ പാര്‍ട്ടിയുടെ മാത്രം ഭരണമുള്ള നാളെയെ ക്കുറിച്ചുള്ള സങ്കല്പം ശക്തമാവുന്നതിനനുസരിച്ച് മറ്റ് പാര്‍ട്ടിക്കാരെയും മറ്റും തുടച്ചുനീക്കുന്നത് ആവശ്യവും ന്യായവുമായിത്തീരുന്നു. ഒരു കുറ്റബോധവും തോന്നേണ്ടതില്ലെന്നു ചുരുക്കം. ആദ്യകാലങ്ങളില്‍ ഇങ്ങനെ മാനസികമായും  ആശയപരമായും സജ്ജമാക്കപ്പെട്ടവരാണ് കൊലപാതകങ്ങള്‍ അടക്കമുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ക്രമേണ ഇത്തരം വിശ്വാസങ്ങള്‍ ദുര്‍ബലമാവുകയും വിപ്ലവത്തിലുള്ള പ്രതീക്ഷതന്നെ നഷ്ടപ്പെടുകയും ചെയ്തപ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിസഖാക്കളെ കിട്ടാതായി തുടങ്ങി. അങ്ങിനെയാണ് ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ക്വട്ടേഷന്‍ സംഘങ്ങളെ ആശ്രയിക്കേണ്ടി വന്നത്. രാഷ്ട്രീയമായി ബന്ധവും താല്പര്യവും ഉള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ തന്നെ വളര്‍ത്തിയെടുക്കാനും സി.പി.എം. ശ്രദ്ധ ചെലുത്തിയിരുന്നു.

അക്രമരാഷ്ട്രീയം സി.പി.എമ്മിന്റെ മാത്രം കുത്തകയായിരുന്നില്ല. മറ്റ് വിവിധ പാര്‍ട്ടികള്‍ ഇതില്‍ പങ്കാളികളായിരുന്നു. സി.പി.എമ്മിനെ നേരിടാന്‍ കെല്പുള്ള ഒരേ ഒരു സംഘടന ആര്‍.എസ്.എസ്. -ബി.ജെ.പി. കൂട്ടുകെട്ടാണ്. രണ്ടുകൂട്ടരുടെയും സ്വഭാവ സമാനതകള്‍ അവര്‍ തമ്മിലുള്ള സംഘട്ടനത്തിന് കാരണമാകുന്നതായി കാണാം. കാഡര്‍ സ്വഭാവം രണ്ടു കൂട്ടര്‍ക്കുമുണ്ട്. രാഷ്ട്രീയസമീപനങ്ങളില്‍ ഫാസിസ്റ്റ് അംശം രണ്ട് കൂട്ടരിലും കാണാം. രണ്ട് ഫാസിസ്റ്റു സംഘടനകള്‍ പരസ്പരം ഏറ്റുമുട്ടിയേ തീരൂ.  രണ്ടുകൂട്ടരും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവില്ല എന്നതാണ്  പ്രശ്‌നം.

കണ്ണൂര്‍ ജില്ലയുടെ ചില മേഖലകളില്‍ സി.പി.എം. ഉണ്ടാക്കിയ പാര്‍ട്ടിഗ്രാമങ്ങളില്‍ കടന്നുചെല്ലാന്‍പോലും മറ്റുള്ളവര്‍ക്ക് കഴിയാതായിരുന്ന സാഹചര്യത്തിലാണ് കെ. സുധാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് അക്രമരാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത്. സി.പി.എമ്മിന്റെ അക്രമണത്തെ നേരിടാനായി മാത്രമായിരുന്നു അത്. ആര്‍.എസ്.എസിനെപ്പോലെ കണ്ണൂരിലെ കോണ്‍ഗ്രസ്സും സി.പി.എമ്മിനെ നേരിടാന്‍ കഴിയുന്ന ശക്തിയായി മാറി. വടക്കന്‍ മലബാറിലെ ചില പോക്കറ്റുകളില്‍ മുസ്ലിലീഗും തങ്ങളുടെ  പാര്‍ട്ടിഗ്രാമങ്ങളുണ്ടാക്കിയത്  അക്രമത്തിന് കാരണമായിതീരുകയുണ്ടായി. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ അങ്ങിങ്ങ് ചെറുതും വലുതുമായ പല സംഘട്ടനങ്ങളിലും ഏര്‍പ്പെടാറുണ്ട്. പക്ഷേ, മൊത്തം സംഘട്ടനങ്ങളുടെ കണക്കെടുത്താല്‍ ബഹുഭൂരിപക്ഷത്തിലും ഒരുപക്ഷത്ത് സി.പി.എം ഉണ്ടെന്ന് കാണാം. മറ്റു പാര്‍ട്ടികള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ അപൂര്‍വ്വവും യാദൃശ്ചികവുമായി സംഭവിക്കുന്നതാണ്. അതേ സമയം സി.പി.എമ്മുമായി ബന്ധപ്പെട്ട സംഘട്ടനങ്ങളില്‍ എല്ലാം ചിട്ടയായി ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളതായി കാണാം.

തലശ്ശേരിയിലെ ഒരു സ്‌കൂളില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന ബി.ജെ.പി നേതാവ് വിജയകൃഷ്ണനെ, ആ കുട്ടികളുടെ മുന്നിലിട്ട് മൃഗീയമായി വെട്ടിക്കൊന്ന സംഭവം കേരളീയ സമൂഹത്തെ ഞെട്ടിക്കുകയുണ്ടായി. എം.എന്‍. വിജയനെപ്പോലുള്ള ഒരു ഒന്നാംനിര ഇടതുപക്ഷ ബുദ്ധിജീവി ആ സംഭവത്തെ കലവറയില്ലാതെ ന്യായീകരിക്കുന്നതുകണ്ടപ്പോള്‍ കേരളീയ സമൂഹം ശബ്ദിക്കാനാകാതെ മിഴിച്ചു നില്കയാണ് ചെയ്തത്. ഇവിടെ ഏറ്റവും നീചമായ രീതിയില്‍ ചവിട്ടിമെതിക്കപ്പെട്ടത് ഒരു ജനാധിപത്യസമൂഹത്തിന്റെ രാഷ്ട്രീയമൂല്യങ്ങളാണ്. സംരക്ഷിക്കപ്പെടേണ്ട ജനാധിപത്യരാഷ്ട്രീയമൂല്യങ്ങള്‍  എന്തെല്ലാം എന്ന് പോലും തിരിച്ചറിയാനാകാത്ത ഒരു സമൂഹമായി കേരളം അധഃപതിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്. ആ പതനത്തില്‍ നിന്ന് കേരളം ഇപ്പോഴും മുക്തിനേടിയിട്ടില്ല. പ്രതിപക്ഷ ബഹുമാനം, ഭിന്നാഭിപ്രായങ്ങളോടുള്ള സഹിഷ്ണുത തുടങ്ങിയവ ഒരു ജനാധിപത്യസമൂഹത്തിന്റെ അടിസ്ഥാനഗുണങ്ങളാണ്. എന്നാല്‍ കേരളത്തില്‍ അത്തരം ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ച് ജനങ്ങള്‍ ഒട്ടും ഉല്‍ക്കണ്ഠപ്പെടാറില്ല.

സമീപകാലത്ത് സംഭവിച്ച ഷുക്കൂര്‍ വധത്തിന്റെ കാര്യം നോക്കുക. നിലവിലുള്ള ജനാധിപത്യവ്യവസ്ഥയുടെ രാഷ്ട്രീയക്രമത്തെ പാടെ വെല്ലുവിളിച്ചുകൊണ്ട് ഒരു സമാന്തരഅധികാര സംവിധാനം നടപ്പിലാക്കുകയാണ് അവിടെ ഉണ്ടായത്. പ്രതിയെന്ന് സംശയിക്കപ്പെടുന്ന ആളുടെ ഫോട്ടോ മൊബൈല്‍ഫോണിലൂടെ കൈമാറി പരിശോധിക്കുകയും ഉറപ്പുവരുത്തുകയും ചെയ്തിട്ട് ഉണ്ടാക്കിയ വിധിനടപ്പിലാക്കുകയാണ് ചെയ്തത്. ഈ രാഷ്ട്രീയവെല്ലുവിളിയുടെ സ്വഭാവം തിരിച്ചറിഞ്ഞ് അത് ആവര്‍ത്തിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കാനായി കേരളീയ സമൂഹം ഒന്നും ചെയ്തില്ല. പ്രശ്‌നം ഗൗരവപൂര്‍വ്വം പരിഗണിക്കാന്‍പോലും നമ്മള്‍ തയ്യാറായില്ല. സി.പി.എമ്മും ലീഗും തമ്മിലുള്ള ചില രാഷ്ട്രീയ പ്രശ്‌നങ്ങള്‍ എന്ന നിലയ്ക്ക് മാത്രമാണ് പലരും ആ പ്രശ്‌നത്തെ നോക്കിക്കണ്ടത്.

ഇടതുമുന്നണി ഭരണത്തിലിരിക്കുമ്പോള്‍ പരിയാരം സഹകരണ മെഡിക്കല്‍ കോളേജിന്റെ സഹകരണസംഘത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പോലീസിനെ ഉപയോഗിച്ച് യഥാര്‍ത്ഥ സഹകാരികളില്‍ ഭൂരിപക്ഷത്തെ വോട്ടു ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും പരസ്യമായി കള്ളവോട്ട് ചെയ്ത് ഭൂരിപക്ഷമുണ്ടാക്കുകയും ചെയ്തത് ടി.വി. ചാനലുകള്‍ യാതൊരു മറയും കൂടാതെ നമുക്കു കാണിച്ചുതന്നിരുന്നു.ഒരു ജനാധിപത്യപ്രക്രിയയില്‍ പോലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് കൃത്രിമമായ ഭൂരിപക്ഷമുണ്ടാക്കി അധികാരം പിടിച്ചെടുക്കുന്ന കാഴ്ചയാണ് ദൃശ്യമാദ്ധ്യമങ്ങള്‍ കാണിച്ചുതന്നത്. വന്‍ഭൂരിപക്ഷം യഥാര്‍ത്ഥത്തില്‍ ഉണ്ടായിട്ടും പരാജയപ്പെടേണ്ടിവന്ന പക്ഷത്തിന് കോടതിയെ സമീപിക്കേണ്ടിവന്നു. ദൃശ്യമാദ്ധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട കോടതി സത്യം മനസ്സിലാക്കി ഉചിതമായ തീരുമാനങ്ങളെടുക്കുമെന്ന് പ്രതീക്ഷിച്ചുപോവുക സ്വാഭാവികം. പക്ഷേ, സംഭവിച്ചത് നേരെ തിരിച്ചും. കണ്ട കാഴ്ചകള്‍ക്ക് വിപരീതമായി പോലീസ് നല്‍കിയ കള്ളറിപ്പോര്‍ട്ടുകളെ മുഖവിലയ്‌ക്കെടുത്തുകൊണ്ടുള്ള വിധിയാണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായത്. ഭൂരിപക്ഷത്തിന്റെ വോട്ടവകാശം പോലീസിനെ ഉപയോഗിച്ച് തടഞ്ഞുവെച്ച് ന്യൂനപക്ഷം അധികാരം പിടിച്ചെടുത്ത്, കോടതിയുടെ സഹായത്തോടെ ഭരണം നടത്തുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മുരത്ത സ്റ്റാലിനിസ്റ്റുകള്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ഫാസിസ്റ്റ് രീതിയാണിത്. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയിലെ പഴുതുകളും ദുര്‍ബലവശങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട്, അധികാരത്തിന്റെ എല്ലാ മേഖലകളിലേക്കും നുഴഞ്ഞുകയറാനും പിടിച്ചുകയറാനുമുള്ള തീവ്രശ്രമങ്ങളാണ് സി.പി.എം. നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് കാണാന്‍ പ്രയാസമില്ല.

ഇടതുമുന്നണി ഇപ്പോള്‍ അധികാരത്തിലില്ലെങ്കിലും കേരളത്തിലെ വിവിധ അധികാരമേഖലകളില്‍, അധികാരത്തിലുള്ള യു.ഡി.എഫിനെയും കോണ്‍ഗ്രസ്സിനെയും അപേക്ഷിച്ച് യഥാര്‍ത്ഥ നിയന്ത്രണാധികാരം സി.പി.എമ്മിന്റെ കയ്യിലാണ്. സാധാരണ സര്‍ക്കാര്‍ ജീവനക്കാരെ കൂടാതെ ഗസറ്റ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ എഞ്ചീനീയര്‍മാര്‍, ബാങ്ക് ഓഫീസര്‍മാര്‍, കോടതി ജീവനക്കാര്‍, പോലീസ് സേന എന്നിവിടങ്ങളിലെല്ലാമുള്ള സംഘടനകളുടെ മേലുള്ള പൊതുമേധാവിത്തം കൂടാതെ, ട്രേഡ് യൂണിയനുകള്‍ക്കുള്ളില്‍ രഹസ്യഫ്രാക്ഷനുകളുണ്ടാക്കി പ്രവര്‍ത്തിക്കുന്ന ജനാധിപത്യവിരുദ്ധശൈലി കൂടി ഉപയോഗിച്ചുകൊണ്ട് , ഈ അധികാര മേഖലകളെയെല്ലാം തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ സി.പി.എം. നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കുറെയെല്ലാം നേട്ടമുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്.

ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ആറുപതിറ്റാണ്ടിലധികം പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഇവിടത്തെ കമ്മ്യൂണിസ്റ്റുകാര്‍ ജനാധിപത്യവിപ്ലവം പൂര്‍ത്തീകരിക്കുന്നതിന്, പാര്‍ലമെന്ററി പാത സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നും അത് ശുഭോദര്‍ക്കുമായ ഒരു നീക്കമാണെന്നും ആണ് ഈ ലേഖകന്‍ ഉള്‍പ്പെടെ ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്ന പലരും കരുതിയിരുന്നത്. കഴിഞ്ഞ അഞ്ചുപത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടിരേഖകളില്‍, അറച്ചറച്ചാണെങ്കിലും വരുത്തിക്കൊണ്ടിരുന്ന മാറ്റങ്ങള്‍ സസുക്ഷ്മം നിരീക്ഷിച്ചുകൊണ്ടാണ് ഈ നിഗമനത്തിലേക്ക് എത്തിയിരുന്നത്. എന്നാല്‍, സംഘടനാരംഗത്തും ബഹുജനസംഘടനകളുടെ തലത്തിലുമെല്ലാം തനി സ്റ്റാലിനിസ്റ്റ് രീതി തന്നെ മുറുക്കെ പിടിയ്ക്കുന്നത് കണ്ടപ്പോള്‍ ഗൗരവമേറിയ പല സംശയങ്ങളും എന്റെ മനസ്സില്‍ ഉയര്‍ന്നുവന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ ജനാധിപത്യത്തിന്റെ പാതയിലാണ് നീങ്ങുന്നതെന്ന എന്റെ വിലയിരുത്തല്‍ ഞാന്‍ തിരുത്തുകയാണ്. ഇത്രയും കാലംകൊണ്ട്് അവര്‍ പഠിച്ചത് പാര്‍ലമെന്ററി ജനാധിപത്യം സൃഷ്ടിക്കുന്ന ഭരണസമ്പ്രദായത്തിന്റെ ദൗര്‍ബല്യങ്ങളും പഴുതുകളുമെല്ലാം എന്താണെന്ന കാര്യമാണ്. ഈ പഠിച്ച കാര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇതുവരെ സ്വീകരിച്ചുപോന്ന ലെനിനിസ്റ്റ് മുന്നണിപ്പടശൈലിയിലെ നേതൃത്വത്തിന്റെ ഗൂഢാലോചനീരീതികളും സ്റ്റാലിന്റെ നിഷ്ഠൂരമായ അധികാരപ്രയോഗരീതികളും പ്രയോഗത്തില്‍ വരുത്തിയാല്‍ നിലവിലുള്ള ഭരണവ്യവസ്ഥയെ തകര്‍ക്കാതെ ജനാധിപത്യവ്യവസ്ഥയിലെ അധികാരമേഖലകള്‍ പലതും കയ്യടക്കാം എന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. ഈ ശൈലി ഉപയോഗിച്ചുകൊണ്ട് ഇപ്പോള്‍ അവര്‍ക്ക് സ്വാധീനമുള്ള മൂന്ന് സംസ്ഥാനങ്ങളിലും  താത്ക്കാലികമായി പലനേട്ടങ്ങളും ഉണ്ടാക്കാന്‍ കഴിഞ്ഞേക്കാമെങ്കിലും അവരുടെ കണക്കുകൂട്ടല്‍ ഒരു വ്യാമോഹമായി അവസാനിക്കാനാണ് സാധ്യത. കാരണം ജനാധിപത്യവ്യവസ്ഥയ്ക്ക് അനവധി ദൗര്‍ബല്യങ്ങളും പഴുതുകളുമൊക്കെയുണ്ടെങ്കിലും അതൊരു തുറന്ന വ്യവസ്ഥയാണ്. ഭരണവ്യവസ്ഥയെ നിരന്തരം സുതാര്യമാക്കിമാറ്റാനള്ള അനവധി സാധ്യതകളാണ് തുറന്നുവന്നുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിന്റെ ഈ അപ്രതിരോധ്യമായ സുതാര്യവല്‍ക്കരണ പ്രക്രിയയ്ക്കു മുന്നില്‍ ലെനിനിസ്റ്റ്, സ്റ്റാലിനിസ്റ്റ് ഗൂഢാലോചനാരീതികള്‍ക്കൊന്നും പിടിച്ചുനില്‍ക്കാനാവില്ല.

പക്ഷേ, താത്ക്കാലികമായും  പരിമിതമായ തലങ്ങളിലും അതിന് സൃഷ്ടിക്കാന്‍ കഴിയുന്ന അപകടങ്ങള്‍ കുറച്ചുകാണേണ്ടതില്ല. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയെ ഗ്രസിച്ചിട്ടുള്ള മാരകമായ കാന്‍സര്‍ തന്നെയാണ് ഈ ലെനിനിസ്റ്റ്, സ്റ്റാലിനിസ്റ്റ്, ഇന്ത്യന്‍ കമ്മ്യൂണിസം. ഭാഗ്യത്തിന് , ഇപ്പോഴുള്ള കേരളം ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങള്‍ക്കപ്പുറത്തേയ്ക്ക് ഒരിഞ്ച്‌പോലും നീങ്ങാനാവാത്ത അവസ്ഥയിലായതുകൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തെ ഗ്രസിക്കാന് അതിനാവില്ല. എങ്കിലും ഈ മൂന്ന് സംസ്ഥാനങ്ങളിലും അതിപ്പോഴും ഒരു മാറാരോഗം തന്നെയാണ്. കേരളത്തില്‍ ഇപ്പോഴിത് സവിശേഷമായ ഒരു ഘട്ടത്തില്‍ എത്തിനില്ക്കുകയാണ്. നെയ്യാറ്റിന്‍കരയിലെ എം. എല്‍.എ. സ്ഥാനം രാജിവെച്ചുകൊണ്ട് ശെല്‍വരാജ് പുറത്തുവിട്ട പ്രസ്ഥാവനയില്‍ കേരളത്തിലെ സി.പി.എം. കണ്ണൂര്‍ ലോബിയുടെ പിടിയിലാണെന്ന് പറയുകയുണ്ടായി. ശരിയാണത്.

ടി.പി.  ചന്ദ്രശേഖരനെപ്പോലെ  സത്യസന്ധനും അര്‍പ്പണബോധവുമുള്ളവനുമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയിട്ട് ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടില്‍, പക്ഷേ, ഞെട്ടിപ്പിക്കുന്ന കൊലച്ചിരിയുമായി ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ കഴിയുന്ന കമ്മ്യൂണിസ്റ്റു ഗുണ്ടാസംഘമാണ് ഈ കണ്ണൂര്‍ ലോബി. അച്ചുതാനന്ദന്മാര്‍ക്കോ തോമസ് ഐസകുമാര്‍ക്കോ ഒന്നും ഈ കഴുകന്മാരുടെ പിടിയില്‍ നിന്ന് അതിനെ മോചിപ്പിക്കാനാവില്ല. അങ്ങിനെ മോചിപ്പിക്കേണ്ട ഒരു സാധനമല്ല അതെന്നും തിരിച്ചറിയണം.
ചന്ദ്രശേഖരനും സഖാക്കള്‍ക്കും തെറ്റിപ്പോയത് ഇവിടെത്തന്നെയാണ്. ലെനിനിസത്തിന്റെയും   സ്റ്റാലിനിസത്തിന്റെയും കണ്ണൂര്‍ലോബിയുടെയുമെല്ലാം ഫാസിസത്തിന്റെ പ്രചോദനകേന്ദ്രം ചന്ദ്രശേഖരനെപ്പോലുള്ള നിഷ്‌കളങ്കരായ സഖാക്കള്‍ താലോലിക്കുകയും മാറോടുചേര്‍ത്തു പിടിക്കുകയും ചെയ്ത ആ ഉദാത്ത സങ്കല്പം അതെ, തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം, അതുതന്നെയാണ് . പാരീസ് കമ്മ്യൂണിന്റെ നൈമിഷികമായ ഉദാത്തപ്രഭയില്‍ തിളങ്ങിനിന്ന തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യസങ്കല്പം ലെനിനിന്റെ കയ്യില്‍ സ്ഥായീരൂപം കൈവരിച്ചപ്പോള്‍, ഏകപാര്‍ട്ടി സ്വേച്ഛാധിപത്യമായി മാറിയത് അനിവാര്യമായ ചരിത്രപ്രക്രിയയുടെ ഫലം തന്നെയായിരുന്നു. അതിന്റെ ഘടനാപരമായ തനതുരൂപം തന്നെയാണ് അതിനെ സ്റ്റാലിനിസ്റ്റ് ഫാസിസത്തിലേക്ക് നയിച്ചതും. ഏകപാര്‍ട്ടി സ്വേച്ഛാധിപത്യത്തിന്റെ ഘടനയ്ക്കുള്ളില്‍ മാവോയുടെ രണ്ടുലൈന്‍ സമരത്തിനിപ്പുറമുള്ള ജനാധിപത്യമൊന്നും പ്രയോഗിക്കാനാവില്ല എന്ന് വിലപ്പെട്ട ചരിത്രാനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. നൂറ്റാണ്ടിലേറെക്കാലം കൊണ്ട് ചരിത്രം കനത്ത വിലനല്‍കിപഠിപ്പിച്ച പാഠങ്ങളെ പാടെ അവഗണിച്ചുകൊണ്ട് ഇത്തരം സങ്കല്പങ്ങള്‍ക്ക് പിന്നാലെ വൈകാരികമായി മുന്നോട്ടുനീങ്ങുന്നതിലര്‍ത്ഥമില്ല.
മനുഷ്യസമൂഹത്തിന്റെ ജനാധിപത്യചരിത്രത്തെ കൂടുതല്‍ തെളിമയോടെ നോക്കിക്കാണാന്‍  സമയമായിരിക്കുന്നു.  ജനാധിപത്യം മുതലാളിത്തത്തിന്റെ സൃഷ്ടിയല്ല. ഗോത്രസമൂഹകാലം മുതല്‍ക്കേ പ്രവര്‍ത്തനമാരംഭിച്ച സാമൂഹ്യസംഘടനാ രൂപമാണത്. മനുഷ്യസമൂഹത്തിന്റെ ചരിത്രത്തിലുടനീളം ഈ സാമൂഹ്യസംഘടനാ രൂപം വിവിധരൂപങ്ങള്‍ കൈവരിച്ചിട്ടുണ്ട്. പാര്‍ലമെന്ററി ജനാധിപത്യം അതിലൊന്നുമാത്രമാണ്.  അത്  ജനാധിപത്യത്തിന്റെ അവസാനരൂപമല്ലതാനും. മനുഷ്യസമൂഹം നിലനില്‍ക്കുന്നിടത്തോളം കാലം ജനാധിപത്യം നിരന്തരം വികസിച്ചുകൊണ്ടിരിക്കും. മനുഷ്യസമൂഹം നേരിടുന്ന എല്ലാവിധ പ്രശ്‌നങ്ങളും, ഉച്ചനീചത്വത്തിന്റെതായാലും, വികസനത്തിന്റെതായാലും, പരിസ്ഥിതിസംരക്ഷണത്തിന്റെതായാലും ലിംഗസമത്വത്തിന്റെതായാലും, മറ്റെന്തു പ്രശ്‌നങ്ങളായാലും ജനാധിപത്യപ്രക്രിയയിലൂടെ തന്നെയാണ് പരിഹരിക്കാനാവുക. ജനാധിപത്യത്തിന്റെ അനുസ്യൂതപ്രവാഹമാണ് മനുഷ്യസമൂഹത്തിന്റെ ഭാവിദിശാസൂചകം.

കമ്മ്യൂണിസ്റ്റുസ്വപ്നവും പ്രത്യയശാസ്ത്രവും


കമ്മ്യൂണിസ്റ്റുസ്വപ്നവും പ്രത്യയശാസ്ത്രവും

- കെ. വേണു

കേരളത്തിലെ വോട്ടര്‍മാരില്‍ 40-45 ശതമാനം സ്ഥിരമായി കമ്മ്യൂണിസ്റ്റിടതുപക്ഷത്തിന് വോട്ടുചെയ്യുന്നവരാണ്. ശേഷിക്കുന്നവരിലും ചെറിയതോതിലൊരു കമ്മ്യൂണിസ്റ്റാഭിമുഖ്യം ദൃശ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ്സുകാരില്‍ ഗണ്യമായ വിഭാഗത്തില്‍ പ്രകടമാവുന്ന സോഷ്യലിസ്റ്റാഭിമുഖ്യമാണ് ഈ ധാരണയ്ക്കടിസ്ഥാനം. 1940കളിലും '50കളിലും കേരളത്തില്‍ ശക്തമായി സ്വാധീനം ചെലുത്തിയ കമ്മ്യൂണിസ്റ്റുസ്വപ്നത്തിന്റെ പിന്‍തുടര്‍ച്ച, ഏറെ ദുര്‍ബലപ്പെട്ട അവസ്ഥയിലാണെങ്കിലും, കേരളാന്തരീക്ഷത്തില്‍ പ്രകടമാണ്. അവ്യക്തരൂപത്തിലാണെങ്കിലും ഇങ്ങിനെയൊരു കമ്മ്യൂണിസ്റ്റു സ്വപ്നം താലോലിക്കുന്ന ഒരു സമൂഹം കേരളത്തിലെ പോലെ (ഒരുപക്ഷേ, പശ്ചിമബംഗാളിലും) ലോകത്ത് മറ്റെവിടെയെങ്കിലും കാണുമെന്ന് തോന്നുന്നില്ല. ഏറെക്കാലം കമ്മ്യൂണിസ്റ്റു ഭരണം നിലനിന്ന സോവിയറ്റു യൂണിയനിലും ചൈനയിലും മറ്റിടങ്ങളിലുമെല്ലാം കമ്മ്യൂണിസ്റ്റു സ്വപ്നം താലോലിക്കുന്നവരെ കാണാന്‍ പ്രയാസമായിരിക്കും. അവിടങ്ങളിലെ പുതിയ തലമുറ കമ്മ്യൂണിസത്തെ താലോലിക്കുകയല്ല, വെറുക്കുകയാണ് ചെയ്യുന്നത്. പഴയ കമ്മ്യൂണിസ്റ്റുകാലത്തെക്കുറിച്ച് ഗൃഹാതുരത്വത്തോടെ ഓര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ വളരെ വിരളമായിട്ടെങ്കിലും ഈ സമൂഹങ്ങളില്‍ കാണാമെങ്കിലും അവര്‍ക്ക് പുതിയ തലമുറയെ പ്രചോദിപ്പിക്കാന്‍ കഴിയാറില്ല.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നടക്കുന്ന സ്വേച്ഛാധിപത്യവിരുദ്ധ, ജനകീയസമരങ്ങളുടെ പേരും പറഞ്ഞ് അവിടങ്ങളില്‍ കമ്മ്യൂണിസം പുനര്‍ജനിക്കുന്നു എന്ന് വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്നവരെ ഇവിടെ കാണാം. ഈ ദിശയിലുള്ള സംഘടിതമായ പ്രചരണം തന്നെ ഇവടെ നടക്കുന്നുണ്ട്. ലാറ്റിനമേരിക്കയില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ നന്നേ കുറവാണ്. ഉള്ളവ തന്നെ, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളെന്ന് പോലും വിളിക്കാന്‍ പറ്റാത്തവിധം പരിഷ്‌ക്കരിക്കപ്പെട്ടവയാണ്. മുഖ്യമായും ജനാധിപത്യത്തിനും സാമൂഹ്യനീതിക്കും വേണ്ടി പോരാടുന്ന പാര്‍ട്ടികളും പ്രസ്ഥാനങ്ങളുമാണ് അവിടെയുള്ളത്. ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പലതരം സാമൂഹ്യകൂട്ടായ്മകളും മറ്റും വളര്‍ത്തിയെടുക്കാനുള്ള പരീക്ഷണങ്ങള്‍ അവിടെ നടക്കുന്നുണ്ട്. ജനാധിപത്യപരമായ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുള്ള അന്വേഷണങ്ങളാണിവ. ക്യൂബന്‍ കമ്മ്യൂണിസം ഇന്ന് ലാറ്റിനമേരിക്കയ്ക്ക് പ്രചോദനമല്ല. ക്യൂബയിലെ സാധാരണക്കാരില്‍ ഗണ്യമായ വിഭാഗം സ്ഥിരം തൊഴുലുണ്ടായിരുന്നത് നഷ്ടപ്പെട്ട് സ്വയംതൊഴില്‍ കണ്ടെത്താനുള്ള ബദ്ധപ്പാടിലാണ്. അവശേഷിക്കുന്നവര്‍ എന്നാണ് തൊഴില്‍ നഷ്ടപ്പെടാന്‍ പോകുന്നതെന്ന ആശങ്കയിലുമാണ്. കമ്മ്യൂണിസ്റ്റുസ്വപ്നമെല്ലാം അവര്‍ എന്നേ വിസ്മരിച്ചുകഴിഞ്ഞിരിക്കുന്നു.

യൂറോപ്പില്‍ ചില കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഇപ്പോഴും ആ പേര് നിലനിര്‍ത്തുന്നുണ്ട്. പക്ഷേ, ഗണ്യമായ തോതില്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ട പാര്‍ട്ടികളാണവ. കമ്മ്യൂണിസം ജനാധിപത്യവിരുദ്ധമാണെന്ന് വിലയിരുത്തി കമ്മ്യൂണിസ്റ്റു സങ്കല്പത്തെ തിരസ്‌കരിച്ചുകൊണ്ട്, ജനാധിപത്യത്തിലൂടെ സോഷ്യലിസം എന്ന സോഷ്യല്‍ ഡെമോക്രാറ്റിക് നിലപാടെടുത്തിട്ടുള്ള പാര്‍ട്ടികളാണ് പിന്നെയുള്ളത്. കമ്മ്യൂണിസ്റ്റു സ്വപ്നം ഇപ്പോഴും കാണുന്നവര്‍ കമ്മ്യൂണിസ്റ്റു തീവ്രവാദികളാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന അവര്‍ക്ക് സാമൂഹ്യശക്തിയായി മാറാന്‍ കഴിയാറില്ല, കഴിയുകയുമില്ല.
ലോകനിലവാരത്തില്‍ കമ്മ്യൂണിസത്തിനേറ്റ തിരിച്ചടിയുടെ വ്യാപ്തി ഇത്ര വിപുലവും ആഴത്തിലുള്ളതും ആയിരിക്കുമ്പോഴാണ്, ഇതൊന്നും അറിയാതെ, പഴയ കമ്മ്യൂണിസ്റ്റു സ്വപ്നം താലോലിക്കാന്‍ മുതിരുന്ന ഒരു സമൂഹം ഇവിടെയുള്ളത്. ആ സ്വപ്നത്തിന് പഴയ കാലത്തെ തീവ്രതയൊന്നും ഇപ്പോഴില്ലെങ്കിലും അതിനെ കയ്യൊഴിയാനാകാത്ത അവസ്ഥയിലുമാണ് കേരളീയ സമൂഹം. '30 കളിലും '40കളിലും സോവിയറ്റ് യൂണിയനില്‍ സ്റ്റാലിന്‍ നടപ്പാക്കിയ ഫാസിസ്റ്റുഭീകരതയെക്കുറിച്ച് ഒന്നുമറിയാതെ അവിടെ നിലനില്‍ക്കുന്നു എന്ന് കരുതപ്പെട്ടിരുന്ന സ്വര്‍ഗ്ഗാന്തരീക്ഷം ഇവിടെ പുനരുല്‍പ്പാദിപ്പിക്കുന്നതിനെക്കുറിച്ചുള്ള സ്വപ്നമാണ് അന്ന് മുതല്‍ മലയാളികള്‍ താലോലിക്കാന്‍ തുടങ്ങിയത്. ക്രമേണ ഈ സ്വപ്നസങ്കല്പം മതവല്‍ക്കരണത്തിന് വിധേയമാവുകയായിരുന്നു. യുക്തിബോധത്തിന് സ്ഥാനമില്ലാതെ വിശ്വാസദാര്‍ഢ്യമായി അത് മാറുകയായിരുന്നു. സ്റ്റാലിന്റെ സോവിയറ്റ് യൂണിയനില്‍ നിലനിന്നുരുന്നത് സ്വര്‍ഗ്ഗമല്ല, നരകമായിരുന്നു എന്ന് തെളിയിക്കുന്ന വസ്തുതകളുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായിട്ടും മലയാളിയുടെ സ്വപ്നസൗധത്തിന് ഒരു ഇളക്കവും തട്ടിയിട്ടില്ല. സോവിയറ്റ് യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള വസ്തുതാപരമായ വെളിപ്പെടുത്തലുകളെല്ലാം അമേരിക്കന്‍ പ്രചരണവും സി.ഐ.എ. ഗൂഢാലോചനയുമെല്ലാമായി ചിത്രീകരിച്ച് സ്വയം സമാശ്വസിക്കാന്‍ മലയാളി പരിശീലിപ്പിക്കപ്പെട്ടു. ഇപ്പോഴും ഈ മൗഢ്യാവസ്ഥയില്‍ നിന്ന് മോചിതനാകാന്‍ ആവാതെ, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം പുറത്തു വന്ന ഞെട്ടിക്കുന്ന വിവരങ്ങളോടെല്ലാം മുഖം തിരിച്ചുനിന്നുകൊണ്ട് അന്ധമായ നിശ്ചയദാര്‍ഢ്യത്തെ അഭിപ്രായസ്ഥിരതയുടെ ഫ്യൂഡല്‍ ധാര്‍മ്മികതയായി ചിത്രീകരിച്ച് മൂഢസ്വര്‍ഗ്ഗത്തില്‍ തുടരാനാണ് 'ഇടതുപക്ഷ' മലയാളി സമൂഹം സജ്ജമായത്. 

രാഷ്ട്രീയവിശ്വാസങ്ങള്‍ മതവല്‍ക്കരണത്തിന് വിധേയമാകുമ്പോള്‍ അത്തരം സമൂഹങ്ങള്‍ക്ക് സംഭവിക്കുന്ന സ്തംഭനാവസ്ഥയുടെ ദൃഷ്ടാന്തമാണ് ഇന്നത്തെ 'ഇടതുപക്ഷ' മലയാളി സമൂഹം.
പൊതുസമൂഹത്തിന്റെ രാഷ്ട്രീയവിശ്വാസം ഇത്തരം മതവല്‍ക്കരണത്തിന്  വിധേയമാകുന്ന  പ്രക്രിയ മനസ്സിലാക്കാവുന്നതേയുള്ളു. എന്നാല്‍ ഈ മതവല്‍ക്കരണത്തോടൊപ്പം നില്ക്കുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്യുന്ന ഒരു നേതൃ, ബുദ്ധിജീവി വിഭാഗം കൂടിയുണ്ട്. നേതൃത്വനിരയിലുള്ളവരും ബുദ്ധിജീവികളും കര്‍ശനമായി പുലര്‍ത്തേണ്ടതായ ബുദ്ധിപരമായ സത്യസന്ധതയാണ് ഇത്തരം പ്രക്രിയയില്‍ കാറ്റില്‍ പറത്തപ്പെടുന്നത്. വര്‍ഗ്ഗപരമായ പക്ഷപാതിത്വത്തിന്റെ പേരും പറഞ്ഞ് വസ്തുനിഷ്ഠതയെയും സത്യദീക്ഷയെയും കയ്യൊഴിയാന്‍ ഇത്തരക്കാര്‍ക്ക് ഒരു മടിയുമില്ല. സോവിയറ്റ് സ്വര്‍ഗ്ഗസങ്കല്പത്തെ ആധാരമാക്കി കെട്ടിപ്പൊക്കിയ സ്വപ്നസൗധം ഏകപാര്‍ട്ടി സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കും. അത് അപകടകരമാണ് എന്നെല്ലാം അവര്‍ സമ്മതിക്കും. എന്നാല്‍ ഈ അപകടം ഒഴിവാക്കാന്‍ മാര്‍ഗ്ഗമെന്ത് എന്ന് ചോദിച്ചാല്‍ ഉത്തരമില്ല. എളുപ്പത്തില്‍ ഉത്തരം കണ്ടെത്താനാവുകയില്ലെന്നതും ശരിതന്നെ. സോഷ്യലിസം അഥവാ സാമ്പത്തിക സ്ഥിതി സമത്വം നടപ്പിലാക്കണമെങ്കില്‍ അത്തരമൊരു സമഗ്രാധിപത്യരാഷ്ട്രീയസംഘടനയല്ലാതെ മറ്റെന്ത് മാര്‍ഗ്ഗമാണ് നിര്‍ദ്ദേശിക്കാനുള്ളത് എന്ന് ചോദിച്ചാലും ഉത്തരമില്ല. ബദല്‍മാര്‍ഗ്ഗമായി പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിക്കാന്‍ അവര്‍ക്കാവുകയുമില്ല. പ്രാതിനിധ്യജനാധിപത്യം, വികേന്ദ്രീകൃതജനാധിപത്യം എന്നിവയൊക്കെ പാര്‍ലമെന്ററി ജനാധിപത്യഘടനയുടെ രൂപാന്തരണങ്ങള്‍ മാത്രമാണെന്ന് അംഗീകരിക്കേണ്ടിവരുമ്പോള്‍, ഇത്തരക്കാര്‍ വീണ്ടും ഏകപാര്‍ട്ടി ഭരണവ്യവസ്ഥയെ ന്യായീകരിക്കാന്‍ തുടങ്ങും. സ്റ്റാലിന്റെ ഫാസിസ്റ്റ് ഭീകരതകളെ ന്യായീകരിക്കാന്‍ തയ്യാറാവുക വരെ ചെയ്യും.

മാനവചരിത്രം നിര്‍ണ്ണായകമായ ഒരു ദശാസന്ധിയെ ആണ് അഭിമുഖീകരിക്കുന്നത്. ജനാധിപത്യത്തിന്റെ മാര്‍ഗ്ഗമാണോ, സ്വേച്ഛാധിപത്യത്തിന്റെ മാര്‍ഗ്ഗമാണോ മനുഷ്യസമൂഹം തിരഞ്ഞെടുക്കേണ്ടത് എന്ന ചോദ്യമാണ് ചരിത്രം ഉയര്‍ത്തിയിരിക്കുന്നത്. ഏത് പക്ഷത്ത് നില്ക്കുന്നു എന്ന് തീരുമാനിക്കാതെ സത്യസന്ധമായ രാഷ്ട്രീയനിലപാടെടുക്കാന്‍ ഈ കാലഘട്ടത്തില്‍ ഒരാള്‍ക്കും കഴിയില്ല. എന്നാല്‍ മുകളില്‍ പറഞ്ഞ രാഷ്ട്രീയനേതൃത്വങ്ങളും ബുദ്ധിജീവികളും ഇക്കാര്യത്തില്‍ നിലപാടെടുക്കില്ല. നിശ്ശബ്ദതകൊണ്ടും അവ്യക്തമായ നിലപാടുകള്‍ക്കൊണ്ടും ഇത്തരക്കാര്‍ അവസരവാദപരമായ രാഷ്ട്രീയക്കളികള്‍ നടത്തിക്കൊണ്ടിരിക്കും.

ഇത്തരം അവസരവാദ രാഷ്ട്രീയത്തിലെ കോമാളികളാവുന്ന ബുദ്ധിജീവികള്‍ ഇവിടെ മാത്രമല്ല ഉള്ളത്. ഇത്തരക്കാരെ ലോകവ്യാപകമായി തന്നെ കാണാം. പാശ്ചാത്യലോകത്ത് ഇത്തരക്കാര്‍ ഏറും. മുതലാളിത്തലോകത്തിന്റെ പ്രതിസന്ധികളുടെയും അപചയത്തിന്റെയും നടുക്കുനിന്ന് അനീതികള്‍ക്കെതിരെ നിലപാടെടുത്ത് പുരോഗമനപക്ഷത്ത്  നില്ക്കാന്‍  ശ്രമിക്കുന്നവരെല്ലാം മുതലാളിത്തവ്യവസ്ഥയെത്തന്നെ തകര്‍ത്ത് പകരം ഒരു സാമൂഹ്യവ്യവസ്ഥ  വളര്‍ത്തിക്കൊണ്ടുവരണമെന്ന് വാദിക്കും. എന്താണീപകരം വ്യവസ്ഥ എന്ന ചോദ്യത്തിന് സോഷ്യലിസം എന്ന അവ്യക്ത മറുപടിയായിരിക്കും ലഭിക്കുക. ഇക്കൂട്ടരില്‍ പലരും സ്റ്റാലിനിസത്തെ വിമര്‍ശിക്കും. പക്ഷേ, ലെനിനെ തൊടില്ല. മാര്‍ക്‌സിനെയും. ജനാധിപത്യത്തെ പിടിച്ച് ആണയിടുകയും ചെയ്യും. മാര്‍ക്‌സും ലെനിനുമൊക്കെ ജനാധിപത്യത്തെ മനസ്സിലാക്കിയതില്‍ സംഭവിച്ച ഗുരുതരമായ പാളിച്ചകള്‍ തിരിച്ചറിയാനോ തിരുത്താനോ ഒന്നും ഇവര്‍ തയ്യാറാവുകയുമില്ല. അറബ് കലാപങ്ങളെ തുടര്‍ന്ന് ഉടലെടുത്ത വാള്‍സ്ട്രീറ്റ് ഉപരോധം പോലുള്ള ജനാധിപത്യകലാപങ്ങളുടെ പുതുരൂപങ്ങളോടൊക്കെ ഇത്തരക്കാര്‍ക്ക് പുച്ഛമാണ്. ജനാധിപത്യത്തിന്റെ പുതിയ സാധ്യതകള്‍ മനസ്സിലാക്കാന്‍ സ്ലോവായ് സിസെക്കിനെപ്പോലുള്ള ബുദ്ധിജീവികള്‍ക്ക് കഴിയുന്നില്ലെന്ന് വാള്‍സ്ട്രീറ്റ് കലാപത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലുകള്‍ കാണിക്കുന്നു. മുതലാളിത്ത വ്യവസ്ഥയെ അടിസ്ഥാപരമായി അത് ചോദ്യം ചെയ്യുന്നില്ല എന്നാണ് വിമര്‍ശനം. മുതലാളിത്തത്തെ അടിയോടെ തകര്‍ക്കാവുന്ന പരിപാടിയിലും കുറഞ്ഞതൊന്നും പുരോഗമനപരമോ റാഡിക്കലോ ആവില്ലെന്നുള്ള ഇവരുടെ വാദം കാണുമ്പോള്‍ മനുഷ്യചരിത്രത്തിന്റെ വളര്‍ച്ചയെ മനസ്സിലാക്കുന്നതില്‍ ഇത്തരക്കാര്‍ എത്ര പിന്നിലാണെന്ന് കാണാം.

 'മാര്‍ക്‌സ് എന്തുകൊണ്ട് ശരിയായിരുന്നു.' എന്ന അടുത്തകാലത്ത് പാശ്ചാത്യലോകത്ത് ഏറെ വിറ്റഴിക്കപ്പെട്ട ടെറി ഈഗിള്‍ട്ടന്റെ പുതിയ (2011) പുസ്തകം നോക്കുക. വളരെ ഉപരിപ്ലവമായി, കമ്മ്യൂണിസ്റ്റ് പ്രയോഗം സൃഷ്ടിച്ച അനുഭവപാഠങ്ങളെ ഗൗരവപൂര്‍വ്വം വിലയിരുത്താന്‍ യാതൊരു ശ്രമവും നടത്താതെ, മുതലാളിത്തത്തിന്റെ പരാധീനതകളെ മുന്‍നിര്‍ത്തി മാര്‍ക്‌സിസത്തെ ന്യായീകരിക്കാനുള്ള ദുര്‍ബലശ്രമമാണ് അതില്‍ നടത്തിയിട്ടുള്ളത്. കമ്മ്യൂണിസ്റ്റു പ്രസ്ഥാനം അഭിമുഖീകരിക്കുന്ന കേന്ദ്രരാഷ്ട്രീയ പ്രതിസന്ധികളെ സ്പര്‍ശിക്കാതെ, ഉപരിതല ചര്‍ച്ചകളില്‍ ഒുതുങ്ങുകയാണ് പാശ്ചാത്യബുദ്ധിജീവികളില്‍ അധികപേരും ചെയ്തുകൊണ്ടിരിക്കുന്നത്.

ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അപചയാവസ്ഥയെക്കുറിച്ച് പരിശോധിക്കാം. ഇന്ത്യയിലെ മുഖ്യധാരാ കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ ഒരുമിച്ച് വന്നിരിക്കുകയാണല്ലോ.  രണ്ടു  പാര്‍ട്ടികളുടെയും സംസ്ഥാനസമ്മേളനങ്ങള്‍വരെയുള്ള സമ്മേളനപരമ്പരകള്‍ ഒരുമിച്ചു നടന്നത് കേരളം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ആ സമ്മേളനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളിലും മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചകളിലും തെളിഞ്ഞു വന്ന ഒരു സംഗതിയുണ്ട്. കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ഭാവി സംബന്ധിച്ച് എന്തെങ്കിലും പരിപാടി മുന്നോട്ടു വെയ്ക്കുകയോ നയസമീപനങ്ങള്‍ ആവിഷ്‌ക്കരിക്കുകയോ ഒന്നും ഈ സമ്മേളനങ്ങളില്‍ ഉണ്ടായിട്ടില്ല. ഔപചാരികമായി വിവിധഘടകങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ ചില പ്രശ്‌നങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നല്ലാതെ, കേരളത്തിന് വേണ്ടി ഒരു സമഗ്രപരിപാടിയും സമീപനവും വികസിപ്പിക്കാന്‍ ഒരു ശ്രമവും നടന്നിട്ടില്ലെന്നത് ഒരു വസ്തുതയാണ്. അതുകൊണ്ടുതന്നെ സംഘടനാപരമായ പ്രശ്‌നങ്ങളും സി.പി.എമ്മിലാണെങ്കില്‍ വിഭാഗീയതയെന്ന് വിളിക്കപ്പെടുന്ന ഗ്രൂപ്പുപോരിന്റെ കഥകളും തര്‍ക്കങ്ങളുമാണ് മുന്നിട്ടുനിന്നതെന് കാണാം. ഈ പാര്‍ട്ടികളെക്കുറിച്ച് ഇത്തരം ഗൗരവപൂര്‍വ്വമായ ഒരു വിമര്‍ശനം ഉന്നയിക്കുന്നതില്‍ അര്‍ത്ഥമില്ല. 

കഴിഞ്ഞ അമ്പതു വര്‍ഷമായി കേരളത്തില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ പ്രധാന പങ്കുവഹിക്കുന്ന മുന്നണി രാഷ്ട്രീയം വേരുറച്ചതിനുശേഷം, കേരളത്തിന്റെ സാമൂഹ്യസാമ്പത്തിക മേഖലകളില്‍ ഏടുത്തുപറയാവുന്ന വളര്‍ച്ചയോ വികാസമോ ഉണ്ടായിട്ടില്ല. ഉണ്ടായത് മുരടിപ്പുമാത്രം. '40-'50കളില്‍ കേരളം നേടിയ രാഷ്ട്രീയ മുന്നേറ്റം വോട്ടുബാങ്ക് രാഷ്ട്രീയമായി അധ:പതിക്കുകയാണ് ഈ അരനൂറ്റാണ്ടുകൊണ്ട് ഉണ്ടായത്. അതില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ പങ്ക് ഒട്ടും ചെറുതല്ല. അധികാരം പങ്കിടുകയും അതില്‍ നിന്ന് ലഭ്യമാവുന്ന ആനുകൂല്യങ്ങള്‍ സമാഹരിക്കുകയും വീതിച്ചെടുക്കുകയും ചെയ്യുക എന്നതിനപ്പുറം മറ്റൊരു രാഷ്ട്രീയമില്ലാത്ത അവസ്ഥയിലേക്ക് കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ എത്തിപ്പെട്ടിരിക്കുന്നു. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ ഈ പാര്‍ട്ടി സമ്മേളനങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
സി.പി.എം. സംസ്ഥാനസമ്മേളനം നടത്താന്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയെ ഏല്പിക്കുകയാണ് ചെയ്തതെന്ന് സി.പി.ഐ. നേതൃത്വം ആരോപിച്ചത് സി.പി.എം. നിഷേധിച്ചെങ്കിലും അതൊരു വസ്തുത ആയിരുന്നു എന്ന് സംഭവങ്ങള്‍ നിരീക്ഷിച്ചവര്‍ക്ക് മനസ്സിലാകും.
സി.പി.ഐയ്ക്കും ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനാവില്ല. അവര്‍ക്കും ബോര്‍ഡുകള്‍ സ്ഥാപിക്കാനും പോസ്റ്ററുകളൊട്ടിക്കാനുമൊക്കെ കൂലിയ്ക്കു ആളുകളെ ഏല്പിക്കേണ്ട സ്ഥിതിയാണുള്ളത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഇത്തരം രീതികളാണ് ഉപയോഗിക്കുന്നത്. സി.പി.എമ്മിന്റെ പക്കല്‍ കൂടുതല്‍ പണമുള്ളതുകൊണ്ട് അവര്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനികളിലേക്ക് എത്തി എന്ന് മാത്രം. സി.പി.ഐ തങ്ങളുടെ കൂടി പ്രശ്‌നമായി ഇതിനെ കാണുകയാണ് വേണ്ടിയിരുന്നത്. രാഷ്ട്രീയം അധികാരം പിടിക്കാനുള്ള പ്രവര്‍ത്തനം മാത്രമാവുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന പരിണാമമാണിത്. കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ തൊഴിലാളിവര്‍ഗ്ഗപാര്‍ട്ടികളെന്ന് സ്വയം അവകാശപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ഈ പ്രക്രിയയിലൂടെ അവര്‍ അധികാര പാര്‍ട്ടികളായി മാറിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

ഈ വര്‍ഗ്ഗപരമായ മാറ്റം കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും തൊഴിലാളി വിഭാഗങ്ങളും തമ്മിലുള്ള ബന്ധത്തിലും പ്രകടമായി കാണാം. ഈ ലേഖകന്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിരുന്ന 'സമീക്ഷ' മാസികയുടെ ഏതാനും വര്‍ഷം മുമ്പത്തെ ഒരു മേയ് ദിനപതിപ്പില്‍ കേരളത്തിലെ തൊഴിലാളികളെക്കുറിച്ചും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെക്കുറിച്ചും ഒരു സര്‍വ്വെ നടത്തി പ്രസിദ്ധീകരിക്കുകയുണ്ടായി. പൊതുവില്‍ മനസ്സിലാക്കപ്പെടാത്ത ഒട്ടേറെ വസ്തുതകള്‍ പുറത്ത് വരികയുണ്ടായി. കാര്‍ഷികമേഖലയില്‍ ഉള്‍പ്പെടെ കേരളത്തില്‍ ഏതെങ്കിലും വിധത്തില്‍ അധ്വാനത്തില്‍ ഏര്‍പ്പെട്ടു ജീവിക്കുന്നവരുടെ എണ്ണം ഒരു കോടിയിലധികം വരുമെന്ന് ഞങ്ങള്‍ കണക്കാക്കുകയുണ്ടായി. അതില്‍ 15 ലക്ഷത്തോളം പേര്‍ മാത്രമേ വിവിധ ട്രേഡ് യൂണിയനുകളിലായി സംഘടിതരായിരുന്നുള്ളൂ. ഇവരില്‍ തന്നെ 5 1/2 ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാര്‍ എയ്ഡഡ് അദ്ധ്യാപകരുമാണ്. വ്യവസായ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും തോട്ടം തൊഴിലാളികളും പരമ്പരാഗത വ്യവസായ തൊഴിലാളികളും ആണ് അവശേഷിക്കുന്ന സംഘടിതര്‍. കാര്‍ഷികതൊഴിലാളികള്‍ ആദ്യകാലത്ത് വിപുലമായി സംഘടിപ്പിക്കപ്പെട്ടിരുന്നു. പക്ഷേ, പിന്നീട് അവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ചെത്ത്, നെയ്ത്ത്, ചകിരി മേഖലകളിലും സംഘടിതശക്തി ഗണ്യമായി കുറഞ്ഞു. കമ്മ്യൂണിസ്റ്റുകാരുടെ ട്രേഡ്‌യൂണിയനുകളുടെ മുഖ്യ അടിസ്ഥാനം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ചുമട്ടുതൊഴിലാളികളും സംഘടിതവ്യവസായ തൊഴിലാളികളുമാണ്.

കേരളത്തിലെ തൊഴില്‍ മേഖല മുഴുവന്‍ സംഘടിതമാണ് എന്ന ധാരണ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത സംഗതിയാണ്. കേരളത്തില്‍ ഉല്‍പ്പാദനത്തിലധിഷ്ഠിതമായ  വ്യവസായങ്ങള്‍  നന്നെ കുറവായതുകൊണ്ടും, ഇവിടത്തെ മുഖ്യ സാമ്പത്തിക പ്രവര്‍ത്തനം ഉല്പന്ന വിപണനമായതുകൊണ്ടും ഏറ്റവും വലിയ തൊഴില്‍ വിഭാഗം വില്പന തൊഴിലാളികളാണ്. പെട്ടിക്കട മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരെയുള്ള വില്പനകേന്ദ്രങ്ങളിലെ തൊഴിലാളികളും ഹോട്ടല്‍ തൊഴിലാളികളും ചേര്‍ന്നാല്‍25-30 ലക്ഷം വരുമെന്നാണ് കണക്കാക്കിയത്. ആശുപത്രി ജീവനക്കാരെ കൂടി ഇതില്‍ ഉള്‍പ്പടുത്താം. നിര്‍മ്മാണ മേഖലയില്‍ 20 ലക്ഷത്തോളം പേര്‍ ഉള്ളതില്‍ പകുതിയോളവും അന്യസംസ്ഥാനക്കാരാണ്. ഇവരെല്ലാം അസംഘടിതരാണ്. സ്വകാര്യവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, സ്വകാര്യസ്ഥാപനങ്ങളിലെ വെള്ളക്കോളര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ ആകെ 20 ലക്ഷത്തിലധികം വരും. ഇവരും അസംഘടിതര്‍. സ്വാശ്രയ, അണ്‍ എയ്ഡഡ്, പാരലല്‍ കോളേജ് അധ്യാപകര്‍ 4 ലക്ഷത്തോളം വരും. തികച്ചും അസംഘടിതര്‍. ചെറുകിട, ഇടത്തരം കര്‍ഷകരാണ് മറ്റൊരു അധ്വാനിക്കുന്ന വിഭാഗം. ഇപ്പറഞ്ഞ വിഭാഗങ്ങളില്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് മാത്രമാണ് ഭേദപ്പെട്ട കൂലിയുള്ളത്. കാര്‍ഷികവിഭാഗങ്ങളെയും മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ള തൊഴിലാളി വിഭാഗങ്ങളുടെ വേതനം ഏറെ താഴ്ന്നതാണ്. നഴ്‌സുമാര്‍ സംഘടിക്കാന്‍ തുടങ്ങിയപ്പോഴാണല്ലോ അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന തുച്ഛമായ വേതനത്തെകുറിച്ച് ജനങ്ങള്‍ അറിയുന്നത്. പീടിക, ഹോട്ടല്‍ തൊഴിലാളികളുടെയും സ്വകാര്യവെള്ളക്കോളര്‍ തൊഴിലാളികളുടെയും വേതനം നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനത്തിന്റെ 25 ശതമാനം പോലും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നിട്ടും ഈ വിഭാഗങ്ങളൊന്നും സംഘടിതരല്ല. ചുരുക്കത്തില്‍ കേരളത്തിലെ ബഹുഭൂരിപക്ഷം തൊഴിലാളികളും അധ്വാനിക്കുന്ന വിഭാഗങ്ങളും അസംഘടിതരും മിനിമം കൂലിപോലും ലഭിക്കാത്തവരുമാണ്. കുറഞ്ഞ വേതനവും കൂലിയും ലഭിക്കുന്ന ഇവരെ സംഘടിപ്പിക്കാന്‍ ട്രേഡ് യൂണിയന്‍ നേതൃത്വങ്ങള്‍ക്ക് താല്പര്യമില്ല. വരുമാനം കിട്ടില്ലെന്നത് ഒരു കാരണം. കൂടാതെ ഈ തൊഴിലാളികള്‍ക്ക്  പണികൊടുക്കുന്ന സ്ഥാപന ഉടമകളില്‍ ഗണ്യമായ വിഭാഗം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവരായിരിക്കും. യൂണിയന്‍ സംഘടിപ്പിച്ച് ആ വരുമാനം നഷ്ടപ്പെടുത്താതിരിക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കുന്നത് സ്വാഭാവികം മാത്രം. കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളിലെ വെള്ളക്കോളര്‍ ജീവനക്കാര്‍ക്ക് 2000 മുതല്‍ 4000 വരെ ലഭിക്കുന്ന വേതനം ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇത്തരം ജോലികള്‍ക്ക് ലഭിക്കുന്ന വേതനത്തെക്കാള്‍ കുറവാണ്. ഉശിരന്‍ തൊഴിലാളി സംഘടനകളുടെയും സമരങ്ങളുടെയും നാടെന്ന് പരക്കെ കണക്കാക്കപ്പെടുന്ന കേരളത്തിലെ തൊഴിലാളി വിഭാഗങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ ഇതെല്ലാമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും അവരുടെ നേതൃത്വത്തിലുള്ള ട്രേഡ് യൂണിയനുകളും ആരുടെ താല്പര്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ഇതില്‍നിന്ന് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്.
കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ അധികാരിവര്‍ഗ്ഗപാര്‍ട്ടികളായി മാറിയിരിക്കുന്നു എന്ന വിലയിരുത്തലിനെ തികച്ചും സാധൂകരിക്കുന്ന വസ്തുതകളാണ് മേല്‍ചൊന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുമായോ അവരുടെ തൊഴില്‍ മേഖലകളുമായോ കേരളത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് താല്‍പ്പര്യപൂര്‍വ്വമായ ബന്ധമില്ലെന്ന വസ്തുത പ്രകടമായിരിക്കെ, കേരളത്തിലെ സാമൂഹ്യസാമ്പത്തിക ഘടനയില്‍ സജീവമായി ഇടപെടാന്‍ അവര്‍ക്ക് താല്‍പ്പര്യമില്ലാതെ വരുന്നത് സ്വാഭാവികം മാത്രം. കഴിഞ്ഞ അരനൂറ്റാണ്ട് കാലമായിട്ട് മുന്നണി രാഷ്ട്രീയത്തിലെ കളികളിലും വോട്ടുബാങ്ക് സംരക്ഷിച്ചു നിര്‍ത്തുന്നതിലും മാത്രമായി കമ്മ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയ പ്രവര്‍ത്തനം ചുരുങ്ങിപ്പോകുന്നത് ഈ യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ടുകൊണ്ടാണ്. വോട്ടുബാങ്ക് നിലനിര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നത് അധികാരസംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ്. വോട്ടുബാങ്ക് വിപുലീകരിക്കുന്നതിനായി ജാതിമതസാമൂഹ്യവിഭാഗങ്ങളെയും മറ്റും കൂടുതല്‍ പ്രകടമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ അവര്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.
ഇന്ത്യയിലെ സങ്കീര്‍ണ്ണമായ സാമൂഹ്യസാഹചര്യങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. യൂറോപ്യന്‍ സാഹചര്യങ്ങളില്‍നിന്ന് മാര്‍ക്‌സ് വികസിപ്പിച്ചെടുത്ത, സാമൂഹ്യപ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിന് ഉപയുക്തമാകുന്ന വര്‍ഗ്ഗസമീപനം തികച്ചും യാന്ത്രികമായി ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രയോഗിക്കാന്‍ ശ്രമിച്ചതിന്റെ പലമായിട്ടാണ്, ആരംഭത്തില്‍ വേരോട്ടമുണ്ടായ രണ്ടുമൂന്ന് സംസ്ഥാനങ്ങളിലൊഴികെ അരനൂറ്റാണ്ടായിട്ടും കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് പുതിയൊരു മേഖലയിലേക്ക് കടന്നുചെല്ലാനാവാതെ വന്നത്. വര്‍ണ്ണജാതിവ്യവസ്ഥയിലധിഷ്ഠിതമായ ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയെ മനസ്സിലാക്കാന്‍ വര്‍ഗ്ഗസമീപനം തികച്ചും അപര്യാപ്തമാണ്. വര്‍ഗ്ഗവും ജാതിയും തമ്മിലുള്ള ബന്ധവും അന്തരവും തിരിച്ചറിഞ്ഞാലേ ഇന്ത്യയിലെ സാമൂഹ്യയാഥാര്‍ത്ഥ്യത്തെ ശരിയായി മനസ്സിലാക്കാനും ഇടപെടാനും കഴിയൂ. എന്നാല്‍ എല്ലാ സാമൂഹ്യപ്രശ്‌നങ്ങളെയും വര്‍ഗ്ഗസമരത്തിലേക്ക് ചുരുക്കിക്കൊണ്ടുവരുന്ന വര്‍ഗ്ഗന്യൂനീകരണസമീപനം സ്വീകരിച്ച ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന് ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാനേ കഴിഞ്ഞില്ല.

കേരളത്തില്‍, കോണ്‍ഗ്രസ്സിലൂടെയും കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റു പാര്‍ട്ടിയിലൂടെയും കടന്നുവന്ന്, വര്‍ണ്ണ,ജാതി പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിചയം നേടിയ ഒരു നേതൃത്വനിരയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയതെന്നതുകൊണ്ട്, അവര്‍ അക്കാലത്ത് കേരളീയസമൂഹത്തെ സാമൂഹ്യനവോത്ഥാനത്തിലേക്ക് നയിച്ചുകൊണ്ടിരുന്ന ശ്രീനാരായണ, അയ്യങ്കാളി പ്രസ്ഥാനങ്ങളില്‍ ഉള്‍ച്ചേര്‍ന്നുകൊണ്ട് ആ സാമൂഹ്യവിഭാഗങ്ങളെ തങ്ങളുടെ സാമൂഹ്യാടിത്തറയാക്കാന്‍ ശ്രമിക്കുകയും വലിയൊരു പരിധിവരെ വിജയിക്കുകയും ചെയ്തു. പക്ഷേ, പ്രായോഗികമായി വിജയിച്ച ഈ ഇടപെടല്‍ കമ്മ്യൂണിസ്റ്റുകാരുടെ വര്‍ഗ്ഗന്യൂനീകരണ നിലപാടില്‍ മാറ്റമുണ്ടാക്കാന്‍ പര്യാപ്തമായില്ല. തങ്ങളോടടുപ്പിച്ച ഈ സാമൂഹ്യവിഭാഗങ്ങളിലെ കര്‍ഷകത്തൊഴിലാളികളുടെയും ചകിരിത്തൊഴിലാളികളുടെയും തൊഴില്‍ അവകാശങ്ങള്‍ വര്‍ഗ്ഗസമരത്തിലൂടെ നേടിക്കൊടുക്കുന്നതില്‍ മാത്രമാണ് പാര്‍ട്ടി ശ്രദ്ധിച്ചത്. സമീപകാലത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അംബ്‌ദേകര്‍ രാഷ്ട്രീയം ശക്തിപ്രാപിക്കുകയും ദളിത്, പിന്നോക്കവിഭാഗങ്ങള്‍ തങ്ങള്‍ക്കര്‍ഹമായ രാഷ്ട്രീയാധികാര പങ്കാളിത്തത്തിന് വേണ്ടി മുന്നേറുകയും ചെയ്തപ്പോള്‍, കേരളത്തിലെ ദളിത് സമൂഹത്തിലെ യുവതലമുറയില്‍ നിന്നുള്ളവര്‍ തങ്ങളിവിടെ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിയാന്‍ തുടങ്ങി. കമ്മ്യൂണിസ്റ്റുകാര്‍ ഇവിടെ തങ്ങള്‍ക്ക് സാമ്പത്തികാവകാശങ്ങള്‍ നേടാന്‍ സഹായിച്ച്, തങ്ങള്‍ക്ക് അര്‍ഹമായ രാഷ്ട്രീയാധികാരപങ്കാളിത്തത്തിന്റെ മേഖലയില്‍നിന്ന് ബോധപൂര്‍വ്വം തങ്ങളെ ഒഴിവാക്കുകയായിരുന്നു എന്ന് തിരിച്ചറിയുകയും അത് തുറന്നുപറഞ്ഞുകൊണ്ടുള്ള ആശയസമരവും സംഘടനാപ്രവര്‍ത്തനവും ആരംഭിക്കുകയും ചെയ്തപ്പോഴാണ് വിഷയത്തിന്റെ ഗൗരവം കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചറിഞ്ഞത്. തങ്ങളുടെ വോട്ടുബാങ്കിലെ പ്രധാനഘടകമായ  ദളിതരെ  പിടിച്ചുനിര്‍ത്താനായി കര്‍ഷകത്തൊഴിലാളികളുടെ ദളിത് സംഘടനയുണ്ടാക്കി റാലി നടത്തുകയുമൊക്കെ ചെയ്‌തെങ്കിലും ജാതിപ്രശ്‌നം കൈകാര്യം ചെയ്യാന്‍ തക്കവിധം തങ്ങളുടെ പ്രത്യയശാസ്ത്രനിലപാടുകളില്‍ തിരുത്തല്‍ വരുത്താന്‍ യാതൊരു ശ്രമവും രണ്ടു കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും നടത്തിയിട്ടില്ല. ഉടനെയൊന്നും അവര്‍ക്കതിന് കഴിയുകയുമില്ല.

ബാബറി മസ്ജിദ് പ്രശ്‌നം സജീവമായിരുന്നപ്പോള്‍പോലും മുസ്ലിം ന്യൂനപക്ഷത്തോട് തത്വാധിഷ്ഠിതമായ സമീപനം സ്വീകരിക്കാന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ല. മതാധിഷ്ഠിത രാഷ്ട്രീയത്തേയും തീവ്രവാദത്തേയും ശക്തമായി നേരിടുകയും പ്രഖ്യാപിത മതേതര ജനാധിപത്യ നിലപാട് സ്വീകരിക്കുകയും ചെയ്തുപോന്നിട്ടുള്ള മുസ്ലീംലീഗിനെ പലപ്പോഴും മുസ്ലിം എന്ന പേരിന്റെ അടിസ്ഥാനത്തില്‍ വര്‍ഗ്ഗീയകക്ഷിയായി മുദ്രകുത്തുന്ന സമീപനം രണ്ട് കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും സ്വീകരിച്ചിരുന്നു. മറ്റു ചിലപ്പോള്‍ അവരുമായി കൂട്ടുകൂടുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ചിലപ്പോള്‍ ലീഗിനെ പിളര്‍ത്ത് ഒരു വിഭാഗവുമായി കൂട്ടുകൂടുക, മറ്റൊരിക്കല്‍ ശരിയത്ത് പ്രശ്‌നമുന്നയിച്ച് മുസ്ലിം വിരുദ്ധ നിലപാടെടുത്ത് ഹിന്ദു വോട്ടുകളെ ആകര്‍ഷിക്കുക, പി.ഡി.പി. വോട്ടു കിട്ടാനായി മ്അദനിയെ മഹാത്മാഗാന്ധിയുമായി തുലനം ചെയ്യുക എന്നിങ്ങനെ അവസരവാദ നിലപാടുകളാണ് സി.പി.എം. സ്വീകരിച്ചു പോന്നിട്ടുള്ളത്. ഗുജറാത്തില്‍ നരേന്ദ്രമോഡി നടത്തിയ വംശീയഹത്യക്ക് വിധേയരായ മുസ്ലിം സമുദായത്തിന്റെ ദൈന്യാവസ്ഥയോട് പ്രതികരിച്ചുകൊണ്ട് ഇരകളുടെ സ്വത്വരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച ചില പാര്‍ട്ടി ബുദ്ധിജീവികള്‍ക്ക് പാര്‍ട്ടി ആദ്യം പിന്തുണ നല്‍കി. എന്നാല്‍ സ്വത്വരാഷ്ട്രീയം വര്‍ഗ്ഗരാഷ്ട്രീയത്തെ ദുര്‍ബ്ബലപ്പെടുത്തുമെന്ന വിമര്‍ശനം ഉയര്‍ന്നുവന്നപ്പോള്‍ ഔദ്യോഗിക നേതൃത്വം നിലപാട് മാറ്റി. ഇപ്പോല്‍ കേന്ദ്രനേതൃത്വം പ്രത്യയശാസ്ത്രപ്രമേയത്തില്‍ സ്വത്വരാഷ്ട്രീയത്തെ പാടെ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.
ഇത്തരം വിഷയങ്ങളില്‍ തത്വാധിഷ്ഠിത സമീപനം സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നതുതന്നെയാണ് പ്രശ്‌നം. ജാതി ഉള്‍പ്പെടെയുള്ള മര്‍ദ്ദിത സാമൂഹ്യവിഭാഗങ്ങള്‍ക്കെല്ലാം സ്വത്വരാഷ്ട്രീയം ഉയര്‍ത്തിപ്പിടിയ്ക്കാന്‍ അര്‍ഹതയും അവകാശവുമുണ്ട്. അതേസമയം മര്‍ദ്ദിതാവസ്ഥയില്‍നിന്ന് മോചനം ലഭിക്കുകയും തുല്യസാമൂഹ്യപദവി യാഥാര്‍ത്ഥ്യമാവുകയും ചെയ്താല്‍ അതിന് ശേഷവും സ്വത്വരാഷ്ട്രീയം തുടരുന്നത് വിഭാഗീയതയിലേക്ക് നയിച്ചേക്കാം എന്ന പ്രശ്‌നമാണ് പരിഗണിയ്‌ക്കേണ്ടതുള്ളത്. ഇപ്പോള്‍ മര്‍ദ്ദിതാവസ്ഥയിലുള്ള സാമൂഹ്യവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഈ വിഭാഗീതയുടെ പ്രശ്‌നം അടിയന്തിര പ്രശ്‌നമല്ല താനും.

കൃസ്ത്യന്‍ സമുദായ വോട്ടില്‍ കണ്ണുനട്ട് മതവിശ്വാസികളായ സ്വതന്ത്രസ്ഥാനാര്‍ത്ഥികളെ പാര്‍ലമെന്റിലേക്കും അസംബ്ലിയിലേക്കും സി.പി.എം. വിജയിപ്പിച്ച് അയച്ചിട്ടുണ്ട്. പക്ഷെ, ഇത്തരം മതവിശ്വാസികള്‍ക്ക് പാര്‍ട്ടി അംഗത്വം കൊടുത്ത് അവര്‍ മതചടങ്ങുകളില്‍ പങ്കെടുത്ത് വിവാദമായപ്പോള്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും മതവും തമ്മിലുള്ള ബന്ധം തത്വാധിഷ്ഠിതമായി നിര്‍വ്വചിക്കാനാവാതെ സി.പി.എം. നേതൃത്വം ആശയക്കുഴപ്പത്തില്‍ പെടുന്നത് കേരളം കണ്ടതാണ്. ഒരു വശത്ത് വിപ്ലവപാര്‍ട്ടിയിലെ കാഡര്‍ സ്വീകരിക്കേണ്ട മതവിരുദ്ധ സമീപനത്തെക്കുറിച്ച് ലെനിന്‍ പറഞ്ഞത് ഉദ്ധരിക്കുക, മറുവശത്ത് ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കുമ്പോള്‍ മതവിശ്വാസികളെകൂടി പാര്‍ട്ടിയില്‍ ചേര്‍ക്കേണ്ടിവരുന്നതിനെ ന്യായീകരിക്കുക. ഈ വൈരുദ്ധ്യത്തിന്റെ കാരണം ഒരേ സമയം വിപ്ലവപാര്‍ട്ടിയും ജനാധിപത്യപാര്‍ട്ടിയും ആണെന്ന കപടധാരണ സൃഷ്ടിക്കാന്‍ ശ്രമിച്ചതാണെന്ന് തുറന്ന് പറഞ്ഞ് തിരുത്തുന്നതിന് പകരം, അത് മൂടിവെയ്ക്കാന്‍ ശ്രമിക്കുകയാണ് കുറച്ചുനാള്‍ മുമ്പ് സി.പി.എം. ചെയ്തത്.
ഇപ്പോള്‍ വീണ്ടും വോട്ടുബാങ്ക് ലക്ഷ്യംവെച്ച് യേശുക്രിസ്തുവിനെ വിപ്ലവകാരിയായി  അവതരിപ്പിച്ചുകൊണ്ട്  സി.പി.എം. രംഗത്തുവന്നിരിക്കുകയാണ്.  ക്രിസ്തുമതത്തിനുള്ളില്‍നിന്ന് വിമോചനദൈവശാസ്ത്രം ഉയര്‍ന്നുവന്നകാലത്ത് അവരാണ് യേശുവിനെ വിപ്ലവകാരിയായി അവതരിപ്പിച്ചത്. ലാറ്റിനമേരിക്കയില്‍ ചില സൈനിക സ്വേച്ഛാധിപത്യങ്ങള്‍ക്കെതിരായി തീവ്രവാദികള്‍ നടത്തിക്കൊണ്ടിരുന്ന ഒളിപ്പോരില്‍ പങ്കുചേരാന്‍ ചില പാതിരിമാര്‍തന്നെ സന്നദ്ധരായി മുന്നോട്ടുവന്ന കാലത്ത് അവരാണ് ഈ ആശയം മുന്നോട്ടുവെച്ചത്. വിശ്വാസികളായി തുടര്‍ന്നുകൊണ്ട് അനീതിക്കെതിരായ പോരാട്ടത്തില്‍ പങ്കുചേരാന്‍ ക്രിസ്തുവിനെ മാതൃകയാക്കുകയാണ് അവര്‍ ചെയ്തത്. കമ്മ്യൂണിസ്റ്റുകാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ലോകനിലവാരത്തില്‍തന്നെ നടക്കുകയുണ്ടായി. ഭൗതികവാദികളായ പോരാളികളും വിശ്വാസികളായ പോരാളികളും എന്ന നിലയ്ക്കാണ് ആ ചര്‍ച്ചകള്‍ നടന്നത്. അത് സ്വാഭാവികവുമായിരുന്നു. ഇപ്പോള്‍ ഭൗതികനിലപാടില്‍ തുടരുന്ന ഒരു കമ്മ്യൂണിസ്റ്റുപാര്‍ട്ടി വിമോചനദൈവശാസ്ത്രനിലപാട് ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകുന്ന പൊരുത്തക്കേട് പ്രകടമാണ്.

വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം ദാര്‍ശനികാടിസ്ഥാനമായി സ്വീകരിക്കുന്ന സി.പി.എം. ഒരു മതേതലപാര്‍ട്ടിയല്ല, മതവിരുദ്ധപാര്‍ട്ടിയാണ്. സി.പി.എം. ഒരു ജനാധിപത്യപാര്‍ട്ടി ആവുന്നതോടെ മാത്രമേ അതിന് മതേതരപാര്‍ട്ടിയാവാനും കഴിയൂ. ഒരു മതേതര ജനാധിപത്യക്രമത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണകൂടത്തെ പ്രതിനിധാനം ചെയ്യാന്‍ അര്‍ഹതയുള്ളവരായതുകൊണ്ട് മതങ്ങളോട് ഭരണകൂടം സ്വീകരിക്കുന്ന തുല്യസമീപനവും ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാത്ത സമീപനവും രാഷ്ട്രീയപാര്‍ട്ടികളും പാലിക്കേണ്ടതുണ്ട്. മതേതരവ്യവസ്ഥയില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിക്കേണ്ട മതേതരസമീപനമാണ് സി.പി.എം. ലംഘിച്ചിരിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മതകാര്യങ്ങളില്‍ അഭിപ്രായം പറയാം. പക്ഷേ, വിശ്വാസികളുടെ വിശ്വാസങ്ങള്‍ക്ക് മുറിവേല്‍പ്പിക്കുംവിധം അഭിപ്രായം പറയുന്നത് കുറ്റകരമാവുകയും ചെയ്യും. അതാണ് ഇവിടെ സംഭവിച്ചിട്ടുള്ളതും. പ്രായോഗികതലത്തില്‍ ഇതൊരു വോട്ടുബാങ്ക് രാഷ്ട്രീയക്കളിയാണെന്ന് സമൂഹം തിരിച്ചറിയുന്നത് സി.പി.എമ്മിന് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്നതാണ് പ്രധാനം.

സി.പി.എം. ഇപ്പോള്‍ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രതിസന്ധി സാഹചര്യങ്ങള്‍ ഈ പാര്‍ട്ടിയെ ഒരു യഥാര്‍ത്ഥ ജനാധിപത്യ പാര്‍ട്ടിയാവാന്‍ നിര്‍ബ്ബന്ധിക്കുന്നുവെങ്കിലും അതിന് അങ്ങനെ ആകാന്‍ കഴിയുന്നില്ലെന്നതാണ്. ആദ്യകാലങ്ങളില്‍ പാര്‍ലമെന്ററി ജനാധിപത്യത്തില് പങ്കെടുക്കുന്നത് അടവുപരമായി അഥവാ താല്‍ക്കാലികമായ നടപടിയായിട്ടാണെന്ന് പറഞ്ഞിരുന്നുവെങ്കില്‍ സമീപകാലത്ത് ആ സമീപനം മാറ്റി. 2002ല്‍ പാര്‍ട്ടി പരിപാടിയില്‍ വരുത്തിയ ഭേദഗതിയില്‍ ജനകീയജനാധിപത്യവിപ്ലവം പൂര്‍ത്തീകരിക്കുന്നതിന് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മാര്‍ഗ്ഗം സ്വീകാര്യമായി പറഞ്ഞുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രാധാന്യം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനനുസൃതമായി പാര്‍ട്ടിയുടെ സമീപനത്തില്‍ മാറ്റം വരുത്താനായിട്ടുമില്ല. പാര്‍ട്ടിയുടെ ഈ ജനാധിപത്യവല്‍ക്കരണ ലക്ഷ്യമാണ് പ്രകാശ് കാരാട്ട് തന്റെ ലണ്ടന്‍പ്രസംഗത്തില്‍ ഉന്നയിച്ചത്. സോഷ്യലിസ്റ്റ് സമൂഹത്തില്‍ പാര്‍ട്ടിയും ഭരണകൂടവും വേറിട്ടുനില്‍ക്കണമെന്നതും  ബഹുകക്ഷി  ജനാധിപത്യ സമ്പ്രദായമായിരിക്കും  രാഷ്ട്രീയരൂപമെന്നതും  ഈ ജനാധിപത്യവല്‍ക്കരണ പ്രക്രിയയിലെ രണ്ട് പ്രധാന ഘടകങ്ങള്‍ തന്നെയാണ്. ജനകീയജനാധിപത്യവിപ്ലവം പാര്‍ലമെന്ററി സമ്പ്രദായത്തിലൂടെ പൂര്‍ത്തീകരിക്കുകയും സോഷ്യലിസ്റ്റു സമൂഹത്തില്‍ ബഹുകക്ഷി ജനാധിപത്യം നിലവില്‍ കൊണ്ടുവരികയും ചെയ്യുമെന്ന് പറഞ്ഞാല്‍ മൊത്തത്തില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിലൂടെ സോഷ്യലിസത്തിലേയ്‌ക്കെത്താമെന്ന രാഷ്ട്രീയ പരിപാടിയാണ് ഉരുത്തിരിഞ്ഞു വരുന്നത്. അത് ഇതുവരെയുള്ള സി.പി.എമ്മിന്റെ പ്രത്യയശാസ്ത്രനിലപാടില്‍നിന്നുള്ള ശ്രദ്ധേയമായ വ്യതിചലനമാണ്. പക്ഷേ, പ്രകാശ് കാരാട്ടിന്റെ ഈ നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുന്ന പ്രത്യയശാസ്ത്രപ്രമേയത്തില്‍ ഉന്നയിച്ചിട്ടേയില്ല.

ചൈനയില്‍ ഇന്ന് നിലനില്‍ക്കുന്ന, വളരെ പരിമിതമായ ജനാധിപത്യാവകാശങ്ങള്‍   അനുവദിച്ചുകൊണ്ട്, കമ്മ്യൂണിസ്‌ററുപാര്‍ട്ടിയുടെ മേധാവിത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണസമ്പ്രദായമാണ് ഇന്ത്യയില്‍ ഭാവിയില്‍ അവര്‍ ലക്ഷ്യം വെക്കുന്ന സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ മാതൃകയായി പ്രത്യയശാസ്ത്ര പ്രമേയം അവതരിപ്പിച്ചിട്ടുള്ളത്. സി.പി.എം. നേതൃത്വം ചെന്നുപെട്ടിട്ടുള്ള ആശയക്കുഴപ്പത്തിന്റെ സ്വഭാവം അതീവഗുരുതരമാണെന്ന് പറയാതെ വയ്യ. ചൈനയുടെ സാമ്പത്തിക മേഖലയില്‍ പൊതുമേഖല ഇപ്പോഴും പകുതിയിലേറെ ഉണ്ടെങ്കില്‍ വിപണി സമ്പദ്‌വ്യവസ്ഥ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. വിപണിയുടെ മേല്‍ കേന്ദ്രീകൃതമായ നിയന്ത്രണവും പാര്‍ട്ടിയുടെ മേല്‍നോട്ടവുമൊക്കെ ഉണ്ടെങ്കിലും മത്സരാധിഷ്ഠിത വിപണിയുടെ പ്രവര്‍ത്തനം അതിന്റേതായ നിയമമനുസരിച്ചുതന്നെ മുന്നേറും എന്ന ചരിത്രപാഠമാണ് സി.പി.എം. നേതൃത്വം  ഉള്‍ക്കൊള്ളാതിരിക്കുന്നത്.  അതായത് മത്സരാധിഷ്ഠിതവിപണിയുടെ നിയമങ്ങള്‍ കേന്ദ്രീകൃത രാഷ്ട്രീയഘടനയെ അധികനാള്‍ തുടരാന്‍ അനുവദിക്കുകയില്ലെന്നത് അനിഷേധ്യമായ നിയമമാണ്. തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ജനാധിപത്യവിരുദ്ധ രാഷ്ട്രീയഘടനയെ ചൂണ്ടിക്കാണിച്ചിട്ട്, ഏറെ പരീക്ഷണങ്ങളെ  അതിജീവിച്ചുകൊണ്ട്  പക്വതയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന് പകരം നിര്‍ദ്ദേശിക്കാന്‍ തയ്യാറാകുന്ന ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ ആശയപരമായ പാപ്പരത്തം അമ്പരപ്പിക്കുന്നതാണ്. ഏകപാര്‍ട്ടി ഭരണസമ്പ്രദായം ചരിത്രത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കാന്‍ കെല്‍പ്പില്ലാത്തതും ഒരു ഘട്ടം കഴിഞ്ഞാല്‍ കടലാസുകൊട്ടാരംപോലെ തകര്‍ന്നടിയുന്നതുമാണെന്നും മുന്‍ സോഷ്യലിസ്റ്റുരാജ്യങ്ങളുടെ തകര്‍ച്ചാപരമ്പരയില്‍നിന്ന് ആര്‍ക്കും കാണാന്‍ കഴിയുന്ന കാര്യമായിരുന്നു. അന്നത്തെ തകര്‍ച്ചകള്‍ മുന്‍കൂട്ടിക്കാണാന്‍ പലര്‍ക്കും കഴിഞ്ഞിരുന്നപ്പോള്‍ അത് കാണാന്‍ കഴിയാതെപോയ ഈ ഹ്രസ്വദൃഷ്ടികള്‍ അതിനുശേഷമെങ്കിലും പാഠം പഠിക്കുമെന്ന് പ്രതീക്ഷിച്ചുപോയിരുന്നു. തെറ്റിപ്പോയി. ഇന്ത്യയിലേതുപോലെ അതിബൃഹത്തും സങ്കീര്‍ണ്ണവും ചലനാത്മകവുമായ ഒരു ജനാധിപത്യസാമൂഹ്യക്രമത്തിന്റെ ഭാവിയെക്കുറിച്ച് എന്തെങ്കിലും പറയാന്‍ ഇത്തരക്കാര്‍ക്ക് യാതൊരു അര്‍ഹതയുമില്ലതന്നെ.
സി.പി.എം. നേതൃത്വം ഇപ്പോള്‍ ചര്‍ച്ചയ്ക്ക് അവതരിപ്പിച്ചിട്ടുള്ള ഈ പ്രത്യയശാസ്ത്രപ്രമേയം മുഖ്യഉള്ളടക്കത്തില്‍ മാറ്റമില്ലാതെ അംഗീകരിക്കപ്പെടുകയാണെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യ സമൂഹത്തിന് അപമാനകരമായ ഒരനുഭവമായിരിക്കും അതെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.