തൃശൂര്‍ പൗരകൂട്ടായ്മക്കുവേണ്ടി 23-3-2012 ല്‍ നടത്തിയ പത്രസമ്മേളനത്തില്‍ വിതരണം ചെയ്ത കുറിപ്പ്
തൃശൂര്‍ പൗരകൂട്ടായ്മ
ലാലൂര്‍ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി നടന്നുവരുന്ന സമരങ്ങളില്‍നിന്നും, അവസാനമായി നടന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ സന്ദര്‍ഭങ്ങളില്‍നിന്നും ബോധ്യമാവുന്ന ഒരു സംഗതിയുണ്ട്. നേരത്തെ മുനിസിപ്പാലിറ്റി ആയിരുന്നപ്പോഴും ഇപ്പോള്‍ കോര്‍പ്പറേഷന്‍ ആയിരിക്കുമ്പോഴും ജനങ്ങള്‍ തിരഞ്ഞെടുത്തയക്കുന്ന കൗണ്‍സിലുകള്‍, മാലിന്യപ്രശ്‌നത്തില്‍ മാത്രമല്ല, കുടിവെള്ളം, ആരോഗ്യം, ഗതാഗതം, വൈദ്യുതി തുടങ്ങി ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലെല്ലാം ജനനന്മയ്ക്കുവേണ്ടി എന്തെങ്കിലും പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നില്ല എന്നതാണ് കാര്യം. ജനങ്ങളോട് ഉത്തരവാദിത്വമില്ലായ്മ, കെടുകാര്യസ്ഥത, അഴിമതി എന്നിവയെല്ലാമാണ് നടമാടുന്നത്. തങ്ങളെ ചോദ്യം ചെയ്യാനാരുമില്ലെന്ന ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റമാണ് ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് എപ്പോഴും ഉണ്ടാകുന്നത്. കൗണ്‍സിലര്‍മാരെ തിരഞ്ഞെടുത്തയച്ച തൃശൂരിലെ പൗരസമൂഹം നിസ്സഹായരായ കാഴ്ചക്കാരായി മാറുകയാണ് ചെയ്യുന്നത്. തൃശൂര്‍ പൗരസമൂഹം ഇങ്ങനെ കാഴ്ചക്കാരായി നോക്കിനിന്നാല്‍ മതിയോ? പോരെന്നാണ് ഞങ്ങളുടെ അഭിപ്രായം.
കക്ഷിരാഷ്ട്രീയത്തിനതീതമായി തൃശൂര്‍ പൗരസമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു പൗരകൂട്ടായ്മ രൂപീകരിക്കപ്പെടണം. ഈ കൂട്ടായ്മ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി പിന്തുടര്‍ന്ന്, നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും, തെറ്റായ രീതികളെ തുറന്നുകാട്ടുകയും ചെയ്യുന്ന കടമ ഏറ്റെടുക്കുകയും ചെയ്യണം. ഇത്തരമൊരു കൂട്ടായ്മയിലേക്ക്, കക്ഷിരാഷ്ട്രീയപാര്‍ട്ടികളില്‍ സജീവപ്രവര്‍ത്തകരല്ലാത്തവരും, അധികാരവും സമ്പത്തും അവിഹിതമായി ആഗ്രഹിക്കാത്തവരും, സമൂഹനന്മയ്ക്കായി അല്പസമയം സന്നദ്ധപ്രവര്‍ത്തനം നടത്താന്‍ തയ്യാറുള്ളവരുമായ, തൃശൂര്‍ പൗരസമൂഹത്തില്‍ നിന്നുള്ള ഏവരും മുന്നോട്ടുവരണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഈ മാസം 25 മുതല്‍ 30 വരെ കോര്‍പ്പറേഷനിലെ 55 ഡിവിഷനിലും ഒരു പ്രചരണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള ഒരു ലഘുപത്രിക വിതരണം ചെയ്തുകൊണ്ടുള്ള ഒരു വാഹനപ്രചരണ ജാഥയാണ് ഉദ്ദേശിക്കുന്നത്. ഈ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ സന്നദ്ധരായി മുന്നോട്ടുവരുന്നവര്‍ ഏപ്രില്‍ 1-നു സാഹിത്യ അക്കാദമി ബഷീര്‍വേദിയില്‍ ഉച്ചയ്ക്ക് 2.30 മുതല്‍ ഒത്തുചേരുകയും തൃശൂര്‍ പൗരകൂട്ടായ്മയ്ക്ക് രൂപം നല്‍കുകയും ചെയ്യും.
അവിടെ രൂപം കൊള്ളുന്ന പൗരസമൂഹ കൂട്ടായ്മയില്‍നിന്ന് ഓരോ ഡിവിഷനില്‍ നിന്നുമുള്ളവരുടെ ചെറുകൂട്ടായ്മകള്‍ രൂപീകരിച്ച് മാലിന്യപ്രശ്‌നമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ ജനങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുകയും ചെയ്യും. കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി പിന്തുടര്‍ന്ന് നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കാന്‍ ശേഷിയുള്ള വിദഗ്ധസമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്യും.
കക്ഷിരാഷ്ട്രീയപരമോ വിഭീഗീയമോ ആയ യാതൊരു താല്പര്യവുമില്ലാതെ, തികച്ചും, സുതാര്യമായി, തുറന്ന രീതിയില്‍ നടത്തുന്ന ഈ പ്രവര്‍ത്തനങ്ങളില്‍ തൃശൂര്‍ പൗരസമൂഹം മുഴുവനും സഹകരിക്കണമെന്നും എല്ലാ വിഭാഗം മാധ്യമങ്ങളും പിന്തുണ നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.
സംഘാടകസമിതിക്കുവേണ്ടി,
അഡ്വ. ആര്‍.കെ. ആശ (ജോ. കണ്‍വീനര്‍) കെ.വേണു (കണ്‍വീനര്‍) ടി.കെ.വാസു (ജോ.കണ്‍വീനര്‍)