Thursday, 13 September 2012

സിവില്‍ സമൂഹവും രാഷ്ട്രീയപാര്‍ട്ടികളും: അണ്ണാഹസാരെ പ്രസ്ഥാനത്തിന്റെ പതനം


അണ്ണാഹസാരെയും സംഘവും ആരംഭിച്ച അഴിമതിക്കെതിരായ പ്രസ്ഥാനം ഒരു ചുരുങ്ങിയ സമയത്തിനുള്ളില്‍ അഖിലേന്ത്യാതലത്തില്‍ പ്രതികരണം സൃഷ്ടിക്കുകയും സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ ഇതുവരെ ദൃശ്യമല്ലാത്ത തരത്തിലുള്ള ഒരു സാമൂഹ്യചലനത്തിന് തുടക്കം കുറിക്കുകയുകയും ചെയ്തിരുന്നു. അവര്‍ അറബ് കലാപങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ട സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സാധ്യതകള്‍ ഇവിടത്തെ സാഹചര്യത്തിലും ഫലപ്രദമായി ഉപയോഗപ്പെടുത്തപ്പെടുകയുണ്ടായി. അണ്ണാഹസാരെയുടെ ഒന്നും രണ്ടും നിരാഹാര സമരത്തോടുള്ള ജനങ്ങളുടെ പ്രതികരണത്തില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായ സിവില്‍ സമൂഹപ്രതികരണത്തിന്റെ സ്വഭാവം വളരെ പ്രകടമായിരുന്നു. പക്ഷേ, ഈ സ്വഭാവത്തിന്റെ രാഷ്ട്രീയ പ്രാധാന്യം തിരിച്ചറിയാന്‍ കഴിയാതെ പോയത് അണ്ണാ സംഘത്തിന് തന്നെ ആയിരുന്നു.
ലോക്പാല്‍ ബില്‍ പാസാക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വാഗ്ദാന ലംഘനത്തില്‍ പ്രതിഷേധിച്ച് ഹരിയാനയിലെ ഹിസ്സാര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തുക എന്ന് പ്രഖ്യാപിച്ചുകൊണ്ട് അണ്ണാടീം രംഗത്തെത്തിയപ്പോള്‍ കക്ഷിരാഷ്ട്രീയത്തീനതീതമായ പ്രസ്ഥാനം എന്ന പ്രതിച്ഛായയാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്.
അണ്ണാടീം രാഷ്ട്രീയ പക്വതയില്ലായ്മയുടെ കാര്യത്തിലാണ് മുന്‍കൈ നേടിയിരിക്കുന്നതെന്ന് സമീപകാല സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. പുതിയ പ്രസിഡണ്ടിനും പ്രധാനമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടും അവയെക്കുറിച്ച് അന്വേഷണങ്ങളും തുടര്‍നടപടികളും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഇക്കഴിഞ്ഞ ജൂലൈ 25-നു കെജ്‌റിവാളും ടീമംഗങ്ങളില്‍ ചിലരും നിരാഹാരം ആരംഭിച്ചു. നാലാംദിവസം അണ്ണാഹസാരെയും അതില്‍ ചേരുകയും ചെയ്തു. പുതിയൊരു രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് 10-ാം ദിവസം നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തു.
അണ്ണാഹസാരെ പുതിയ പാര്‍ട്ടി രൂപീകരണപ്രഖ്യാപനം നടത്തിയപ്പോള്‍ താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയില്ലെങ്കിലും അതിന് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രഖ്യാപിച്ചു. അണ്ണാടീമിനെ പിരിച്ചുവിട്ടതായും പറഞ്ഞു. കേന്ദ്രത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും അഴിമതിയ്‌ക്കെതിരെയും മറ്റും ആത്മാര്‍ത്ഥമായി ഒന്നും ചെയ്യുകയില്ലെന്ന് ജനങ്ങളുടെ മുന്നില്‍ തെളിയിച്ചു കാണിക്കാനുള്ള ഒരു നിമിത്തമായിട്ടാണ് ഈ സമരനാടകം അരങ്ങേറിയത്. അപ്പോള്‍ പിന്നെ മറ്റൊരു രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കുകയല്ലാതെ സംശുദ്ധരാഷ്ട്രീയത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാവില്ലല്ലോ. ഈ സമരങ്ങളിലൂടെ പുതിയ രാഷ്ട്രീയപാര്‍ട്ടിരൂപീകരണം ഒഴിച്ചുകൂടാനാകാത്ത ഒരു നടപടിയായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നാണ് ഈ സംഘം വിലയിരുത്തുന്നത്. സ്വാഭാവികമായും രാഷ്ട്രീയപാര്‍ട്ടിക്കാര്‍ ചെയ്യുന്നതുപോലുള്ള അനുഷ്ഠാനസമരങ്ങള്‍ പ്രവര്‍ത്തകര്‍ ആരംഭിക്കുകയും ചെയ്തു.
ലോകമെമ്പാടും ആധുനിക ജനാധിപത്യവ്യവസ്ഥകള്‍ നേരിടുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍, ജനാധിപത്യപ്രക്രിയയ്ക്ക് തന്നെ പുതിയ മാനം നല്‍കാന്‍ സാധ്യതകള്‍ സൃഷ്ടിച്ചുകൊണ്ട്, ഇന്ത്യന്‍ ജനാധിപത്യ സമ്പ്രദായത്തിനുള്ളില്‍ നിന്നുതന്നെ ഏറെക്കുറെ സ്വയോത്ഭവമെന്ന് തോന്നിക്കുംവിധം ഉയര്‍ന്നുവന്ന ഒരു സിവില്‍ സമൂഹപ്രസ്ഥാനം ഒരു ഈര്‍ക്കില്‍ പാര്‍ട്ടിയായി രൂപാന്തരപ്പെടുന്ന ദുരന്തദൃശ്യമാണ് നാമിവിടെ കണ്ടത്. ജനലോക്പാല്‍ ബില്ലിന് വേണ്ടി അണ്ണാഹസാരെ നിരാഹാരം ആരംഭിച്ചപ്പോള്‍ ദില്ലിയില്‍ പ്രത്യക്ഷത്തില്‍ രൂപംകൊണ്ട വിപുലമായ ജനപിന്തുണയും സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെയും മറ്റും ലഭിച്ച ദശലക്ഷങ്ങളുടെ പിന്തുണയും വോട്ടുബാങ്ക് ആയി മാറ്റാമെന്നും അതുവഴി ഇന്ത്യയിലെ സിവില്‍ സമൂഹത്തെ ഒരു പുതിയ രാഷ്ട്രീയപ്രസ്ഥാനമായി പുനസ്സംഘടിപ്പിച്ചെടുക്കാമെന്നുമാണ് കെജ്‌റിവാളും പ്രശാന്ത്ഭൂഷണുമൊക്കെ കണക്കുകൂട്ടുന്നത്. ആദ്യഘട്ടത്തില്‍ ഏറെക്കുറെ അവര്‍ ആസൂത്രണം ചെയ്ത രീതിയില്‍ കാര്യങ്ങള്‍ നീങ്ങിയപ്പോള്‍, രണ്ടാം ഘട്ടത്തിലും തങ്ങളുടെ കണക്കുകൂട്ടലുകള്‍ വിജയിക്കുമെന്നാണ് അവര്‍ കരുതിയത്. അവിടെയാണ് അവര്‍ക്ക് തെറ്റിയത്. അറബ് കലാപങ്ങളുടെ പശ്ചാത്തലവും ഇന്ത്യന്‍ സാഹചര്യങ്ങളും തമ്മിലുള്ള ഗൗരവമേറിയ വ്യത്യാസം അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അറബ് രാജ്യങ്ങളില്‍ ജനാധിപത്യം ഇതുവരെ നിലവില്‍ വന്നിട്ടില്ല. സ്വേച്ഛാധിപത്യങ്ങള്‍ക്ക് കീഴില്‍ ദീര്‍ഘകാലമായി വീര്‍പ്പുമുട്ടിയ ജനങ്ങള്‍ അത്തരം രാഷ്ട്രീയവ്യവസ്ഥകളെ തകര്‍ത്തെറിയുക എന്ന ലക്ഷ്യംവെച്ച് മുന്നേറുകയായിരുന്നു. അത്തരമൊരു അണിനിരത്തലില്‍ രാസത്വരകത്തിന്റെയും ചിലപ്പോള്‍ സംഘാടനത്തിന്റെയും കടമകളാണ് സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ ഏറ്റെടുത്ത്.
ഇന്ത്യന്‍ സാഹചര്യം ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ്. ആറു പതിറ്റാണ്ടിന്റെ വളര്‍ച്ചയും അനുഭവസമ്പത്തുമുള്ള പാര്‍ലമെന്ററി ജനാധിപത്യവും പയറ്റിത്തെളിഞ്ഞ രാഷ്ട്രീയപാര്‍ട്ടികളുടെ വന്‍ നിരയുമാണ് ഇവിടെയുള്ളത്. ഈ രാഷ്ട്രീയപാര്‍ട്ടികളുടെ വോട്ടുബാങ്കുകളില്‍ നിന്നും അതിനു പുറത്തുമായി സിവില്‍ സമൂഹത്തിന്റെ രൂപീകരണവും വളര്‍ച്ചയും സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയിലൂടെ മാത്രമേ ഉരുത്തിരിയുകയുള്ളു. ഈ പാര്‍ലമെന്ററി വ്യവസ്ഥയെയും രാഷ്ട്രീയപാര്‍ട്ടികളെയും തകര്‍ക്കാനല്ല, മെച്ചപ്പെടുത്താനാണ് ജനങ്ങളെ അണിനിരത്തേണ്ടത്. രാഷ്ട്രീയപാര്‍ട്ടികളോട് ഇഞ്ചോടിഞ്ഞ് സമരം ചെയ്തുകൊണ്ടേ മുന്നോട്ടു നീങ്ങാനാകൂ. ഈ സമരത്തില്‍ സോഷ്യല്‍ നെറ്റുവര്‍ക്കുകളെയും മറ്റും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. സോഷ്യല്‍നെറ്റ് വര്‍ക്കുകളെ ഉപയോഗിക്കുന്ന കാര്യത്തില്‍ കെജ്‌റിവാളും കൂട്ടരും രണ്ടാം ഘട്ടത്തില്‍ പരാജയപ്പെട്ടത് എന്തെങ്കിലും സാങ്കേതികമായ വീഴ്ചകള്‍ കൊണ്ടല്ല. ഒന്നാംഘട്ടത്തില്‍ അവര്‍ സൃഷ്ടിച്ച കക്ഷിരാഷ്ട്രീയത്തിനതീതമായ പ്രസ്ഥാനം എന്ന പ്രതിച്ഛായ, കക്ഷിരാഷ്ട്രീയ ഇടപെടലിലൂടെ രണ്ടാം ഘട്ടത്തില്‍ അവര്‍തന്നെ തകര്‍ത്തതുകൊണ്ടാണ്. ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന മുദ്രാവാക്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ ജനങ്ങളെ അണിനിരത്താന്‍ തക്കവിധം സജീവമാവുകയുള്ളു. രാഷ്ട്രീയപാര്‍ട്ടികളുടെ എണ്ണംകൊണ്ടും വൈവിധ്യംകൊണ്ടും ജനങ്ങള്‍ പൊറുതിമുട്ടിനില്‍ക്കുന്ന അവസ്ഥയുള്ള നമ്മുടെ രാജ്യത്ത് പുതിയൊരു രാഷ്ട്രീയപാര്‍ട്ടി എന്ന ആശയം ഒട്ടും ആകര്‍ഷണീയമല്ല. അതുകൊണ്ടാണ് കെജ്‌റിവാളിന്റെയും കൂട്ടരുടെയും പുതിയ രാഷ്ട്രീയപാര്‍ട്ടി എന്ന ലക്ഷ്യപ്രഖ്യാപനത്തോട് ജനങ്ങള്‍ പ്രത്യക്ഷത്തിലും നെറ്റുവര്‍ക്കിലൂടെയും കാര്യമായി മുന്നോട്ടുവരാതിരുന്നത്. ദില്ലിയില്‍ ആയിരത്തിലധികം പേരും വിവിധ സംസ്ഥാനകേന്ദ്രങ്ങളില്‍ ഏതാനും നൂറുകളും മാത്രമാണ് അണിനിരന്നത്. ഒരു ചെറിയ രാഷ്ട്രീയഗ്രൂപ്പ് എന്നതിനപ്പുറം മുന്നോട്ടുപോകാന്‍ അവര്‍ക്കാവില്ല.
രാഷ്ട്രീയം എന്നത് ഒരു സമൂഹത്തിന്റെ എല്ലാ ജീവിതമേഖലകളെയും ക്രമീകരിക്കുന്ന ഭരണകൂടാധികാരം കയ്യാളുന്ന പ്രക്രിയയാണ്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഓരോ രാഷ്ട്രീയപാര്‍ട്ടിയും ഈ പൊതു അധികാരം തങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുന്ന പരിപാടിയാണ് മുന്നോട്ടുവെയ്ക്കുന്നത്. പക്ഷേ, പ്രയോഗത്തില്‍ ഓരോ പാര്‍ട്ടിയും തങ്ങളുടെ അധികാരപങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും ഉറപ്പിക്കാനും ഉതകുന്ന തന്ത്രങ്ങളിലേയ്ക്കും പരിപാടികളിയേക്കും ചുരുങ്ങുന്നു. ഇതാണ് കക്ഷിരാഷ്ട്രീയം. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഈ കക്ഷിരാഷ്ട്രീയം അനിവാര്യമായ തിന്മയായി മാറിയിരിക്കുന്നു. ഈ കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിതത്വം ഏറിയും കുറഞ്ഞും പ്രകടമാവുന്നതു കാണാം. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അപചയത്തില്‍ ഇതൊരു പ്രധാനപങ്കുവഹിക്കുന്നു. ആഗോളതലത്തില്‍തന്നെ പാര്‍ലമെന്ററി ജനാധിപത്യം നേരിടുന്ന ഘടനാപരമായ പ്രതിസന്ധിയിലെ ഒരു ഘടകം ഇതാണ്. ഈ കക്ഷിരാഷ്ട്രീയ പ്രവണതയെപ്പറ്റി ജനങ്ങള്‍ക്ക് വ്യക്തമായ തിരിച്ചറിവുണ്ട്. അതുകൊണ്ടാണ് പുതിയൊരു രാഷ്ട്രീയപാര്‍ട്ടി എന്തെല്ലാം ഉദാത്തമായ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ചാലും ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കാത്തത്.
ഓരോ തിരഞ്ഞെടുപ്പിലും അധികാരത്തിലെത്തുന്ന ജനപ്രതിനിധികള്‍ അടുത്ത തിരഞ്ഞെടുപ്പുവരെയുള്ള ഇടവേളയില്‍ തങ്ങളുടേത് കുത്തകാധികാരമെന്ന രീതിയിലാണ് പെരുമാറുന്നത്. ജനപ്രതിനിധികളെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് അവരുടെ ഇടുങ്ങിയ താല്പര്യങ്ങള്‍ക്കനുസരിച്ച് ഈ അധികാരം ഉപയോഗിക്കുന്ന കാര്യത്തില്‍ നേതൃത്വം നല്‍കുന്നത്. പലപ്പോഴും ജനവിരുദ്ധം തന്നെ ആയിപ്പോകുന്ന ഈ അധികാരപ്രയോഗത്തിന് മുന്നില്‍ അവരെ അധികാരത്തിലേറ്റിയ ജനങ്ങള്‍ നിസ്സഹായരായ കാഴ്ചക്കാരായി മാറുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഘടനാപരമായ പ്രതിസന്ധിയുടെ മറ്റൊരു വശമാണിത്. അണ്ണാടീമിന്റെ മുന്‍കയ്യില്‍ ഉയര്‍ന്നുവന്ന സിവില്‍ സമൂഹപ്രസ്ഥാനം ഇക്കാര്യമാണ് വളരെ സമര്‍ത്ഥമായി തുറന്നുകാട്ടിയത്. ജനാധിപത്യവ്യവസ്ഥയില്‍ വ്യാപകമായിതീര്‍ന്നിട്ടുള്ള അഴിമിതി നിയന്ത്രിക്കാന്‍ വേണ്ടി രൂപം നല്‍കിയ ലോക്പാല്‍ ബില്‍ 43 വര്‍ഷമായിട്ട് പാസാക്കാതെ എട്ട് ലോകസഭകള്‍ തട്ടിക്കളിച്ചുകൊണ്ടിരിക്കുകയാണ്. ജനപ്രതിനിധികളും അവരുടെ രാഷ്ട്രീയപാര്‍ട്ടികളും ജനങ്ങളോട് എത്രമാത്രം നിരുത്തരവാദപരമായിട്ടാണ് പെരുമാറുന്നതെന്ന് തെളിയിക്കപ്പെടുകയായിരുന്നു. കൂടുതല്‍ ഫലപ്രദമായ ഒരു ലോക്പാല്‍ ബില്‍ ലോകസഭ അടിയന്തിരമായി പാസാക്കണമെന്ന ആവശ്യം തത്വത്തിലെങ്കിലും അംഗീകരിക്കാന്‍ പാര്‍ലമെന്റിനെയും ഭരണപ്രതിപക്ഷങ്ങളെയും നിര്‍ബ്ബന്ധിതരാക്കാന്‍ ഈ സിവില്‍ സമൂഹപ്രസ്ഥാനത്തിന് കഴിഞ്ഞു എന്നത് ചരിത്രപ്രാധാന്യമുള്ള കാല്‍വെയ്പ് തന്നെയായിരുന്നു. ജനപ്രതിനിധികളുടെ മേല്‍ പൗരസമൂഹത്തിന്റെ മേല്‍നോട്ടം എന്ന ആശയവും അതിന്റെ പ്രയോഗവും സുദീര്‍ഘമായ ഒരു ചരിത്രപ്രക്രിയയിലൂടെ മാത്രം നേടിയെടുക്കാവുന്ന കാര്യമാണ്.
ഇത്രയും ഗൗരവമേറിയ ഒരു വിഷയം ലാഘവബുദ്ധിയോടെയും അപക്വമായും കൈകാര്യം ചെയ്ത അണ്ണാടീമിന്റെ സമീപനത്തിന്റെ കാരണങ്ങള്‍ ആ നേതൃത്വത്തിന്റെ ദൗര്‍ബ്ബല്യങ്ങളില്‍ തന്നെയാണ് കണ്ടെത്തേണ്ടത്. മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ മാത്രം ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുപോന്ന അണ്ണാഹസാരെക്ക് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാനാവാതെ വരുന്നതില്‍ അസ്വാഭാവികതയില്ല. കെജ്‌റിവാളിന്റെ 'അഴിമതിക്കെതിരെ ഇന്ത്യ' എന്ന സംഘടന, ചെറിയ ചെറിയ സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് തപ്പിതടഞ്ഞാണ് ലോക്പാല്‍ ബില്ലിലെത്തിയത്. വിഷയത്തിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ പ്രാധാന്യം തിരിച്ചറിയാനുള്ള പശ്ചാത്തലം അവര്‍ക്കുമുണ്ടായിരുന്നില്ല. ഇന്നത്തെ അവസ്ഥയില്‍ അഖിലേന്ത്യാതലത്തില്‍ പരിഗണന അര്‍ഹിക്കാത്ത വിധം ചെറിയൊരു ഈര്‍ക്കില്‍ പാര്‍ട്ടിയായി ഒതുങ്ങിയേക്കാമെങ്കിലും, അവര്‍ ആരംഭിച്ചുവെച്ച ചരിത്രപ്രധാനമായ സംരംഭത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയില്ല.
ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടികളും വരുത്തുന്ന വീഴ്ചകളും വ്യതിയാനങ്ങളും അപ്പപ്പോള്‍ കണ്ടെത്തി തിരുത്താന്‍ കഴിയുംവിധം ജാഗ്രത പുലര്‍ത്തുന്ന സിവില്‍ സമൂഹത്തിന്റെ പ്രതിനിധികള്‍ പാര്‍ലമെന്റ് മുതല്‍ പഞ്ചായത്ത് വരെ എല്ലാ തലങ്ങളിലും ഉയര്‍ന്നുവരേണ്ടതുണ്ട്. ഒരു രാഷ്ട്രീയപാര്‍ട്ടിയ്ക്ക് ഈ ജോലി നിര്‍വ്വഹിക്കാനാവില്ല. അധികാരത്തില്‍ പങ്കെടുക്കാതെ അധികാരത്തെ തിരുത്താന്‍ കഴിയുന്ന ഒരു ഉപരി രാഷ്ട്രീയശക്തി. സിവില്‍ സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഇത്തരം ഒരു തിരുത്തല്‍ശക്തിയാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.

കെ.വേണു.

(6-9-2012 ലെ മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)