സോളാര്‍തട്ടിപ്പും കേരളരാഷ്ട്രീയവും
ആഗസ്റ്റ് 24- ന് തീയതി മനോരമ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം.
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം.
സോളാര്‍ തട്ടിപ്പ് കേസുകളില്‍ മുഖ്യമന്ത്രിയുടെ പങ്ക് ആരോപിച്ചുകൊണ്ട് പ്രതിപക്ഷം ആരംഭിച്ച സമരങ്ങള്‍ ചരിത്രപ്രധാനം എന്ന് വിശേഷിപ്പിക്കുകയും ഫലത്തില്‍ ഒന്നുമല്ലാതെ അവസാനിക്കുകയും ചെയ്ത സെക്രട്ടേറിയറ്റ് ഉപരോധത്തിലും തുടര്‍ന്നുള്ള ജുഡീഷ്യല്‍ അന്വേഷണവിവാദത്തിലും എത്തിനില്ക്കുകയാണല്ലോ കേരളരാഷ്ട്രീയം. ഈ കോലാഹലങ്ങള്‍ക്കിടയ്ക്ക് ഗൗരവമേറിയ പല രാഷ്ട്രീയപ്രശ്നങ്ങളും ഉയര്‍ന്നുവരുന്നുണ്ടെങ്കിലും അവയെ കേന്ദ്രീകരിച്ച് അര്‍ത്ഥവത്തായ രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടക്കുന്നില്ല. ഭരണപ്രതിപക്ഷ ഭേദമില്ലാതെ, ഇടുങ്ങിയ കക്ഷിരാഷ്ട്രീയതാല്‍പര്യക്കനുസരിച്ച് പല വിഷയങ്ങളും ഉന്നയിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന രീതിയാണ് ഇവിടെ ഏറെ പ്രകടിതമാവുന്നത്. ഈ സാഹചര്യത്തെ അല്പമെങ്കിലും ഗുണകരമായ അവസ്ഥയിലേക്ക് തിരിച്ചുവിടാന്‍ മാധ്യമങ്ങള്‍ക്ക് കഴിയേണ്ടതായിരുന്നു. പക്ഷേ, അവര്‍ക്കതിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല ദൃശ്യമാധ്യമങ്ങള്‍പോലുള്ളവ സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്.
യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വസ്തുനിഷ്ഠമായിട്ടൊന്ന് പരിശോധിച്ചുനോക്കാം. ആട്, മഞ്ചിയം തുടങ്ങി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാളികള്‍ അകപ്പെട്ടുകൊണ്ടിരിക്കുന്ന തട്ടിപ്പുകേസുകളുടെ നീണ്ടപരമ്പരയിലെ അവസാനത്തേതല്ലാത്ത കണ്ണി മാത്രമാണ് സോളാര്‍ തട്ടിപ്പ്. തട്ടിപ്പുകേസുകളുടെ വിവരങ്ങള്‍ നിരന്തരം പുറത്തുവന്നിട്ടും മലയാളികള്‍ വ്യാപകമായി ഇത്തരം കേസുകളില്‍ കുടുങ്ങുന്നത് എന്തുകൊണ്ട് എന്നത് സാമൂഹ്യശാസ്ത്രപരമായി അന്വേഷിക്കേണ്ട സംഗതിയാണ്. കായികാധ്വാനം മുഴുവന്‍ അന്യസംസ്ഥാനക്കാരെ ഏല്പിച്ച് മേലനങ്ങാജോലിയ്ക്കുവേണ്ടി കാത്തിരിയ്ക്കുന്ന മലയാളി അധ്വാനിക്കാതെ പണം വാരിക്കൂട്ടുന്നതിനെക്കുറിച്ച് സദാ ചിന്തിച്ചുകൊണ്ടിരിക്കുന്നു. തട്ടിപ്പ് സംഘങ്ങള്‍ക്ക് ഇരകളാകാന്‍ പറ്റിയ ഒരു സമൂഹമായി മലയാളികള്‍ മാറിയിക്കുന്നു എന്നു ചുരുക്കം.
അന്വേഷണ ഉദ്യോഗസ്ഥര്‍ ഇടതുമുന്നണി ഭരണകാലത്തേതുള്‍പ്പെടെ കണ്ടെത്തിയ സോളാര്‍തട്ടിപ്പുകളുടെ തുക 10 കോടിയോളം വരും. ഇത് ഒരുപക്ഷേ, 15 കോടിവരെ എത്താം. ഇപ്പോള്‍ ഈ കേസന്വേഷണം തുടങ്ങിയതിനുശേഷം പുറത്തുവന്ന ചില തട്ടിപ്പുകള്‍ 400ഉം 500ഉം കോടികളുടേതാണത്രെ. അവയുടെ നേരെ രാഷ്ട്രീയശ്രദ്ധയോ മാധ്യമശ്രദ്ധയോ പതിയുന്നതേയില്ല. കേരളത്തില്‍ ഇതുവരെ നടന്നിട്ടുള്ള തട്ടിപ്പുകേസുകളില്‍ ഏറ്റവും നിസ്സാരമായ തുക ഉള്‍പ്പെട്ടിട്ടുള്ള ഈ കേസ് ഇത്ര പ്രമാദമാവാന്‍ പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. ഒന്ന്, മുഖ്യമന്ത്രിയുടെ ഓഫീസുമായി അതിനുണ്ടെന്ന് ആരോപിക്കപ്പെട്ടിട്ടുള്ള ബന്ധം. രണ്ട്, ഇതിലടങ്ങിയിട്ടുള്ള ആണ്-പെണ് ബന്ധം. ഒരാണും പെണ്ണും സംസാരിച്ചാല്‍, അടുത്തിടപഴകിയാല്‍ ഉടനെ അതിനെ ലൈംഗികമായും അവിഹിതമായും വ്യാഖ്യാനിക്കാന്‍ വെമ്പുന്ന മലയാളിയുടെ ഒളിഞ്ഞുനോട്ടമനസ്സ് ഏറെ കുപ്രസിദ്ധമായി കഴിഞ്ഞിട്ടുള്ള സംഗതിയാണല്ലോ. ഈ കേസിലെ രണ്ട് സ്ത്രീകഥാപാത്രങ്ങള്‍ സാമ്പത്തിക തട്ടിപ്പിനായി അനവധി പുരുഷന്മാരെ ഫോണിലൂടെയും നേരിട്ടും ബന്ധപ്പെട്ടിട്ടുണ്ട് എന്നതിന് തെളിവുണ്ട്. പക്ഷേ, അതില്‍ ഒരു ബന്ധം പോലും അവിഹിതമാണെന്ന് കാണിക്കാന്‍ തെളിവില്ല. പക്ഷേ, മാധ്യമങ്ങള്‍, പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍ ഇവയെ അവിഹിതബന്ധങ്ങളെന്ന് സ്ഥിരീകരിക്കപ്പെട്ട രീതിയിലാണ് അവതരിപ്പിച്ചത്. മജിസ്ത്രേട്ടിന് മുന്നില്‍ സരിതനായര്‍ നല്കിയ രഹസ്യമൊഴിയില്‍ ചില മന്ത്രിമാരുള്‍പ്പെടെയുള്ള പേരുകള്‍ പരാമര്‍ശിക്കപ്പെട്ടു എന്നൊരു അഭ്യൂഹം പുറത്തുവന്നു. ചില പ്രമുഖരുടെ പേരുകള്‍ എന്നതിനപ്പുറം അഭ്യൂഹക്കാരന്‍ ഒരു സൂചനയും നല്‍കിയിരുന്നില്ല. പക്ഷേ, നേതാക്കന്മാരുമായുണ്ടായ അവിഹിത ബന്ധത്തെക്കുറിച്ചാണ് സരിതനായര്‍ പറഞ്ഞതെന്ന് സ്ഥിരീകരിക്കുന്ന മട്ടിലാണ് ദൃശ്യമാധ്യമങ്ങള്‍ അതൊരു ആഘോഷമാക്കി മാറ്റിയത്. അവതാരകരുടെ മുഖത്തു ഒളിഞ്ഞുനോട്ടമനസ്സിന്റെ മിന്നലാട്ടങ്ങള്‍ പ്രകടമായിരുന്നു.
മലയാളിയുടെ ഒളിഞ്ഞുനോട്ടമനസ്സിനെ ഇക്കിളിപ്പെടുത്താന്‍ പാകത്തില്‍ കേരളത്തിലുടനീളം ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ആ ഇക്കിളിയെ വോട്ടാക്കി മാറ്റാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന സി.പി.എമ്മിനെ ഓര്‍ത്ത് പരിതപിക്കണോ? അതോ, ഈ ഫ്ളക്സ് ബോര്‍ഡുകള്‍ കണ്ട് കക്ഷിരാഷ്ട്രീയത്തിനതീതമായി ഇക്കിളിപ്പെട്ട് നില്ക്കുന്ന മലയാളിസമൂഹത്തെ ഓര്‍ത്താണോ പരിതപിക്കേണ്ടത്?
സോളാര്തട്ടിപ്പിലെ രാഷ്ട്രീയബന്ധത്തെക്കുറിച്ച് പരിശോധിക്കുമ്പോള്‍ ആദ്യം കാണേണ്ടത് കേരളത്തിലെ ഭരണസംവിധാനത്തിന്റെ അപചയം തട്ടിപ്പുകാര്‍ക്ക് അനുകൂലമായി തീര്‍ന്നിരിക്കുന്നു എന്ന വസ്തുതയാണ്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവരുടെ അധികാരം കുത്തകയായി മാറുകയും സിവില്‍ സമൂഹം കാഴ്ചക്കാരായി മാറുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥമേധാവികളും ചേര്‍ന്നുണ്ടാക്കുന്ന അവിഹിതകൂട്ടുകെട്ടുകള്‍ക്ക് അധികാര ദുര്‍വിനിയോഗത്തെ ഏതുതലത്തില്‍വരെയും എത്തിക്കാമെന്ന സ്ഥിതിയാണുള്ളത്. ഇടതുമുന്നണി അധികാരത്തിലുള്ളപ്പോള്‍തന്നെ സോളാര്‍ തട്ടിപ്പിന്റെ സംഘടിതനീക്കം ആരംഭിച്ചിരുന്നു. അന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ട 14 തട്ടിപ്പുകേസുകളില്‍ ഗൗരവപൂര്‍വ്വം അന്വേഷണം നടന്നില്ലെന്ന് മാത്രമല്ല, ഒരു കേസ്സിലെ പ്രതിയ്ക്ക് സര്‍ക്കാരില്‍ ഉയര്‍ന്ന ഉദ്യോഗം വരെ നല്കപ്പെട്ടു. സോളാര്‍ തട്ടിപ്പിന്റെ ഈ ആദ്യഘട്ടത്തിന് മാധ്യമങ്ങള്‍ ആവശ്യമായ പരിഗണന നല്‍കാതിരുന്നത് ദുരൂഹംതന്നെയാണ്. മുന്‍ഭരണകാലത്ത് ഇത്രയും സ്വാധീനം ചെലുത്താനായ ഈ തട്ടിപ്പുകാര്‍ക്ക് ഇപ്പോഴത്തെ ഭരണകാലത്ത് ആ സ്വാധീനം വ്യാപിപ്പിക്കാനായത് തികച്ചും സ്വാഭാവികമായിരുന്നു.
ഭരണസംവിധാനത്തെ കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ അഴിച്ചുപണികള്‍ നടത്തുന്നതിന് പകരം, അതിനെ സുതാര്യമാക്കുന്നു എന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ 'പുറംപൂച്ച്' നടപടിയിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് തുറന്നിടാനിടയായതിലൂടെ തട്ടിപ്പുകാര്‍ക്ക് അതൊരു വിഹാരരംഗമാവുകയാണുണ്ടായത്. ഭരണസംവിധാനത്തിന്റെ കെടുകാര്യസ്ഥതയും കഴിവുകേടും നിമിത്തം പരിഗണിക്കപ്പെടാതെ കിടക്കുന്ന സാധാരണക്കാരുടെ ലക്ഷക്കണക്കിന് പരാതികളും നിവേദനങ്ങളും 'ജനസമ്പര്‍ക്കപരിപാടി' എന്ന രാഷ്ട്രീയ റിയാലിറ്റി ഷോയിലൂടെ പരിഹരിച്ചുകളയാമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സമീപനത്തിലടങ്ങിയ നയവൈകല്യംതന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാര്‍ക്ക് തുറന്നുകൊടുക്കുന്നതിലും പ്രകടമായത്. ഇതൊരു രാഷ്ട്രീയവിമര്‍ശനമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാനാവില്ല.
മുഖ്യമന്ത്രിയുടെ രാജിയാണല്ലോ സോളാര്‍ വിവാദത്തിലെ കേന്ദ്രബിന്ദു. പക്ഷേ, ഒരു മുഖ്യമന്ത്രി രാജിവെക്കണമെങ്കില്‍ ആവശ്യമായ സാഹചര്യം എന്ത് എന്ന ഗൗരവമായ രാഷ്ട്രീയപ്രശ്നം ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ രാജി മാതൃക ഇന്നാരും പിന്തുടരുന്നില്ല. അന്തര്‍വാഹിനി പൊട്ടിത്തെറിയുടെ പേരില്‍ രാജ്യരക്ഷാമന്ത്രി എ.കെ. ആന്റണി രാജിയെക്കുറിച്ച് ചിന്തിക്കുകയോ മറ്റാരെങ്കിലും അതാവശ്യപ്പെടുകയോ ചെയ്തില്ല. അധികാരസ്ഥാനങ്ങളിലുള്ളവര്‍, അവര്‍ക്ക് നേരിട്ട് ബന്ധമില്ലാത്ത പ്രശ്നങ്ങളുടെ പേരില്‍ രാജിവെയ്ക്കാന്‍ തുടങ്ങിയാല്‍ ജനാധിപത്യഭരണസംവിധാനങ്ങള്‍ തന്നെ താറുമാറാകും. അധികാരസ്ഥാനങ്ങളിലുള്ളവര്‍, നിയമവാഴ്ചയ്ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ പ്രതിജ്ഞാലംഘനം നടത്തുകയോ ചെയ്തതായി വസ്തുനിഷ്ഠമായ തെളിവുകള്‍ ഉണ്ടായാല്‍ മാത്രമേ രാജിവെയ്ക്കേണ്ടതുള്ളൂ എന്നതാണ് ഇപ്പോള്‍ നിലവിലുള്ള അംഗീകൃതചട്ടം. ഈ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ജീവനക്കാര്‍ക്ക് തട്ടിപ്പുകേസിലുള്ള പങ്ക് മുഖ്യമന്ത്രിയെ ബാധിക്കുന്ന വിഷയമല്ല. ഒരു തട്ടിപ്പുകേസിലെ പരാതിക്കാരന് കേസിലെ പ്രതിയായ സരിത നായരോടൊപ്പം മുഖ്യമന്ത്രിയെ ഓഫീസില്‍ ചെന്നു കണ്ടു എന്ന് പ്രസ്താവിച്ചത് മുഖ്യമന്ത്രി നിഷേധിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിഷേധം തെറ്റാണെന്ന് തെളിയിക്കാന്‍ സാധ്യതയുള്ള ഏക തെളിവായ ഓഫീസ് ക്യാമറയിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ്ധസമിതിയെ നിയമിച്ചപ്പോള്‍ പ്രതിപക്ഷം അതില്‍ സഹകരിക്കാതിരിക്കുക വഴി ആ തെളിവ് അപ്രസക്തമായി.
പരാതിക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും അങ്ങിനെ ചോദ്യം ചെയ്യപ്പെട്ടാല്‍ പിന്നെ മുഖ്യമന്ത്രിയ്ക്ക് അധികാരത്തില്‍ തുടരാനാവില്ലെന്നുമാണ് മറ്റൊരു വാദം. ഇങ്ങിനെയൊരു കീഴ്വഴക്കം അംഗീകരിക്കപ്പെടുകയാണെങ്കില്‍ ഏതു ഭരണത്തെയും മറിച്ചിടാന്‍ പ്രതിപക്ഷത്തിന് യാതൊരു പ്രയാസവുമുണ്ടാവില്ലല്ലോ. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെല്ലാമെതിരായി അടിസ്ഥാനരഹിതമായ കേസുകള്‍ ഉണ്ടാക്കുക. പോലീസ് ചോദ്യം ചെയ്യല്‍കൂടി നടന്നാല്‍ എല്ലാവരും രാജിവെയ്ക്കുക. ചോദ്യം ചെയ്യപ്പെടുന്ന ആളെ പ്രതിയാക്കാവുന്ന വിധം ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുമ്പോള്‍ മാത്രമാണ് രാജിയുടെ പ്രശ്നം വരുന്നത്. ഇവിടെ വ്യക്തമായ തെളിവുകളൊന്നുമില്ലെന്നത് തന്നെയാണ് മുഖ്യമന്ത്രിയുടെ ബലം.
മുഖ്യമന്ത്രിയുടെ രാജി എന്നത് നേടാന്‍ ഉദ്ദേശിച്ചിട്ടുള്ള ലക്ഷ്യമല്ലെന്ന് ഏറ്റവും വ്യക്തമായി അറിയാവുന്നത് പ്രതിപക്ഷ നേതൃത്വത്തിനാണ്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പുവരെ കേരളരാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി തുടരേണ്ട ഒരു രാഷ്ട്രീയ മുദ്രാവാക്യം മാത്രമാണ് അവരെ സംബന്ധിച്ചിടത്തോളം അത്. മുഖ്യമന്ത്രിയെ രാജിവെപ്പിക്കത്തക്കവിധം തെളിവുകള്‍ കണ്ടെത്തലൊന്നും അവരുടെ ലക്ഷ്യമല്ലെന്ന് ചുരുക്കം. സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ അസാധാരണമായ പിന്മാറ്റത്തില് പ്രകടമായതും ഇത്തരം രാഷ്ട്രീയ പരിഗണനകളാണ്. ഉപരോധം അക്രമാസക്തമായാലുണ്ടായ ഭവിഷത്തിനെക്കുറിച്ചും നേതൃത്വം ബോധവാന്മാരായിരുന്നു. 100-200 പേരെവെച്ച് ബാരിക്കേഡുകള്‍ തകര്‍ക്കുന്ന മോഡല്‍ പാര്‍ലമെന്റേതര സമരമായി പതിനായിരങ്ങള്‍ അണിനിരക്കുന്ന ഇത്തരമൊരു പ്രക്ഷോഭത്തെ കൈകാര്യം ചെയ്യാനായില്ലെന്ന് അവര്‍ക്ക് ബോധ്യമായി. ആദ്യ ദിവസാനുഭവംതന്നെ നേതൃത്വത്തെ പഠിപ്പിച്ചത്, അല്പം കൈവിട്ടുപോയാല്‍ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ്. മാറിയ കാലത്തിനനുസരിച്ച് ഇത്രയധികം പേര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ കഴിയാതെ വന്നതിനേക്കാള്‍ ഈ രാഷ്ട്രീയദുരന്ത സാധ്യതയാണ് നേതൃത്വത്തെ കൂടുതല്‍ സ്വാധീനിച്ചതെന്ന് കാണാം. തങ്ങള്‍ ഒരു നിയമവിധേയ തിരഞ്ഞെടുപ്പുപാര്‍ട്ടിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതിന്റെ രാഷ്ട്രീയ പ്രാധാന്യം സി.പി.എം. നേതൃത്വം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു എന്നത് ശ്ലാഘനീയമാണ്.
സെക്രട്ടേറിയറ്റ് ഉപരോധം വെടിവെപ്പിലെത്തുമെന്നും അങ്ങനെ സംഭവിച്ചാല്‍ അതിന്റെ പേരില്‍ ഭരണമുന്നണിയില്‍നിന്ന് രാജിവെച്ച് മറുപക്ഷം ചേര്‍ന്ന് അധികാരത്തില്‍ തുടരാമെന്നും കണക്കുകൂട്ടിയ ഒരു സംഘത്തെയാണ് ഉപരോധപരാജയം ഏറെ നിരാശപ്പെടുത്തിയത്. നെല്ലിയാമ്പതിയിലെ ചില തോട്ടങ്ങളിലെ വനഭൂമി തിരിച്ചുപിടിക്കാന്‍ മുന്‍ വനംമന്ത്രി വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തപ്പോള്‍ അദ്ദേഹത്തെ വേട്ടയാടാന്‍ ഇറങ്ങിതിരിച്ചവരാണ് ഈ തല്‍പ്പരകക്ഷികള്‍. വനംമന്ത്രിയെ രാജിവെപ്പിച്ചതും പോരാതെ, അദ്ദേഹം വീണ്ടും മന്ത്രിയാകുന്നതു തടയാനായി ബിജു-സരിത സംഘത്തെ രംഗത്തുകൊണ്ടു വന്നതിന്റെ പരിണത ഫലമാണ് ഈ സോളാര്‍ വിവാദവും സെക്രട്ടേറിയറ്റ് ഉപരോധവുമെല്ലാമെന്ന കാര്യം വിസ്മരിച്ചുകൂടാ.
വാല്‍ക്കഷ്ണം : വൈദ്യുതിക്ഷാമത്തിന് മാത്രമല്ല, ആഗോളതാപനത്തിനും പരിഹാരമായി കണക്കാക്കപ്പെടുന്ന സൗരോര്‍ജ്ജം ജനങ്ങളില്‍ വ്യാപകമായി എത്തിയ്ക്കേണ്ടത് അത്യാവശ്യമായിട്ടുള്ള ഇന്നത്തെ സാഹചര്യത്തില്‍ സൗരോര്‍ജ്ജത്തോടുതന്നെ ജനങ്ങളില്‍ അവജ്ഞയുണ്ടാക്കുംവിധം സോളാര്‍തട്ടിപ്പ് കേസ് പ്രാചാരം നേടിയതിന് പിന്നില്‍ തല്‍പ്പരകക്ഷികളുടെ ഗൂഡാലോചന വല്ലതും ഉണ്ടോ എന്ന് ചില പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിക്കുന്നതില്‍ അവരെ കുറ്റപ്പെടുത്താനാവില്ല.
- കെ. വേണു