Sunday, 22 January 2012

ബൗദ്ധിക ജീവിതം


M. Sc.വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍  (1966-67) ഭഗവത്ഗീത ഇരുപതാം നൂറ്റാണ്ടില്‍ എന്നൊരു ലേഖന പരമ്പര ജനയുഗം വാരികയില്‍ (20 ലക്കങ്ങളില്‍) പ്രസിദ്ധീകരിച്ചുകൊണ്ടാണ്  തുടക്കം. പ്രധാന ഉപനിഷത്തുകളിലും ഗീതയിലും കാണുന്ന ജീവാത്മ, പരമാത്മാ, ബ്രഹ്മ സങ്കല്പങ്ങളെ യുക്തിപരമായി നിരസിച്ചുകൊണ്ട് ആധുനിക ശാസ്ത്രത്തിനു അവയെക്കുറിച്ച് പറയാനുള്ളത് അവതരിപ്പിക്കുന്ന രീതിയാണ് അതില്‍ സ്വീകരിച്ചിരുന്നത്. അതിലെ ശാസ്ത്ര ഭാഗങ്ങള്‍ വികസിപ്പിച്ചാണ് പിന്നീട് പ്രപഞ്ചവും മനുഷ്യനും പ്രസിദ്ധീകരിച്ചത്. ഈ ഗീതാപരന്പര പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന കാലത്ത് തന്നെയാണ് മദ്രാസില്‍ നിന്ന് ഇറങ്ങിയിരുന്ന ഗൌരവ സ്വഭാവമുള്ള "അന്വേഷണം" മാസികയില്‍ ദാര്‍ശനികസ്വഭാവമുള്ള ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയത്. അക്കാലത്ത് പാശ്ചാത്യ ലോകത്ത് മേധാവിത്വത്തിലുണ്ടായിരുന്ന യുക്തിപരമായ അനുഭവിക വാദ(Logical Empiricism) ത്തെക്കുറിച്ചുള്ള പഠന ലേഖനം ഇവയില്‍ പ്രധാനപ്പെട്ടതായിരുന്നു.
       തുടര്‍ന്നുള്ള പ്രധാന കാല്‍വെയ്പ് "പ്രപഞ്ചവും മനുഷ്യനും" പ്രസിദ്ധീകരിക്കലായിരുന്നു. 1969-ല് അതിന്റെ കയ്യെഴുത്തു പ്രതി തയ്യാറായെങ്കിലും  1970 ലാണ് അത് പ്രസിദ്ധീകരിക്കപ്പെട്ടത്. പ്രപഞ്ചത്തിന്റെ ഉത്ഭവം മുതല്‍ ജീവന്റെ ആരംഭവും പരിണാമവും മനുഷ്യസമൂഹത്തിന്റെ പരിണാമം സാമൂഹ്യവിപ്ലവങ്ങളും കമ്മ്യൂണിസവും വരെ എത്തുന്നതിന്റെ കഥനമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
പ്രപഞ്ചവും മനുഷ്യനും പ്രസിദ്ധീകരിക്കപ്പെട്ടതിനു ശേഷം നക്സലൈറ്റ് പ്രസ്ഥാനവുമായി അടുക്കുകയും '70 നവംബറില്‍ അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. കോടതി ബഹിഷ്കരിക്കുന്ന സമീപനം സ്വീകരിച്ചിരുന്നത് കൊണ്ടു 1975 ജനുവരി വരെ വിചാരണ തടവുകാരനായി ജയിലില്‍ കിടക്കുകയും ചെയ്തു .
ഈ  ജയില്‍ വാസകാലത്ത് പ്രസ്ഥാനത്തിന് വേണ്ടി തയ്യാറാക്കിയ " ഇന്ത്യന്‍ വിപ്ലവത്തിന്റെ കാഴ്ചപ്പാട്" എന്ന ഗ്രന്ഥം പ്രവര്‍ത്തകര്‍ക്കുള്ള വഴികാട്ടി ഗ്രന്ഥമായി ഉപയോഗിക്കപ്പെടുകയും ചെയ്തു.'75 ല് പുറത്ത് വന്നപ്പോള്‍ നേരെ ഒളിവില്‍ പോവുകയും പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുഴുകുകയും ചെയ്തു. അടിയന്തിരാവസ്ഥക്കാലത്ത് പോലിസ് സ്റ്റേഷന്‍ ആക്രമണത്തിലും  മറ്റും പങ്കെടുക്കുകയും '76 ജൂണില്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ഈ രണ്ടാം ജയില്‍ ജീവിതകാലത്താണ് "വിപ്ലവത്തിന്റെ ദാര്‍ശനിക പ്രശ്നങ്ങള്‍" എന്ന ഗ്രന്ഥം തയ്യാറാക്കിയത്. '79 ജൂലൈയില്‍ എല്ലാ കേസുകളില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ടു പുറത്ത് വന്നതിനു ശേഷം '79 നവംബറിലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. മാവോയിസ്റ്റ് നിലപാട് കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് മാര്‍ക്സിസം ലെനിനിസത്തെ കുറിച്ചുള്ള സമഗ്രമായ   ഒരു പാഠപുസ്തകം ഇത് പോലെ ലോക നിലവാരത്തില്‍ തന്നെ ഇല്ലെന്നു പറയാം. "Philosophical Problems of Revolution" എന്ന പേരില്‍ ഇതിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ 1982- ല് പ്രസിദ്ധീകരിക്കപ്പെട്ടു. വൈരുദ്ധ്യാധിഷ്ടിത ഭൌതിക വാദത്തെകുറിച്ച് കേരളത്തിലും ഇന്ത്യന്‍ കമ്മ്യുണിസ്റ്റ്  പ്രസ്ഥാനത്തില്‍ പൊതുവിലും നില നിന്നിരുന്ന സ്റ്റാലിനിസ്റ്റ്  വ്യാഖ്യാനത്തെ പാടെ തള്ളിക്കളഞ്ഞു കൊണ്ടു ലെനിനും മാവോയും അവതരിപ്പിച്ച ചലനാത്മകമായ വൈരുധ്യശാസ്ത്ര വ്യാഖ്യാനമാണ് ഇതിലെ കേന്ദ്ര ഉള്ളടക്കം. മാത്രമല്ല സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരവുമായി ബന്ധപ്പെടുത്തി പ്രകൃതിയിലെ അന്തര്‍ധാരയായി നിലനില്‍ക്കുന്ന  യാദൃശ്ചികത/അനിവാര്യത വൈരുദ്ധ്യത്തിന്റെ പ്രവര്‍ത്തനം അനാവരണം ചെയ്യുകയും ആധുനിക ശാസ്ത്രം ഈ രംഗത്ത് നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട് ഈ പുസ്തകത്തില്‍,

1979  ജൂലൈയില്‍ ജയിലില്‍ നിന്ന് പുറത്തു വന്നു ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വെറുതെ വിട്ട കേസുകളിലൊന്നു ഹൈക്കോടതി പുനര്‍വിചാരണക്കെടുത്ത് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചപ്പോള്‍ വീണ്ടും ഒളിവില്‍ പോവുകയും നാലുവര്‍ഷം ഒളിവില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. സി. പി. ഐ. (എം. എല്‍.) സംസ്ഥാന സെക്രട്ടറിയായും പിന്നീട് സി.ആര്‍. സി. അഖിലേന്ത്യാസെക്രട്ടറിയായും   ഒരു ദശകത്തിലധികം പ്രവര്‍ത്തിച്ച കാലം പാര്‍ട്ടി സംബന്ധമായ രേഖകളും പ്രബന്ധങ്ങളും മറ്റുമാണ് എഴുതിയത്. സോഷ്യലിസ്റ്റു പാതയും മുതലാളിത്ത പാതയും എന്ന ലഘു ഗ്രന്ഥവും ചൈനയിലെ വിദ്യാര്‍ത്ഥി കലാപത്തെക്കുറിച്ച്ചുള്ള ലഘുലേഖയും അവയില്‍ പ്രധാനപ്പെട്ടവയായിരുന്നു. ഇന്ത്യയിലെ വസ്തുനിഷ്ഠ സാഹചര്യങ്ങളിലെ മാറ്റം തിരിച്ചറിയാന്‍ കഴിയും വിധം വൈരുധ്യശാസ്ത്രം പ്രയോഗിക്കാന്‍ പ്രവര്‍ത്തകരെ കെല്‍പ്പുള്ളതാക്കുന്നതിനു വേണ്ടി ചിന്താരീതി ഉടച്ചു വാര്‍ക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടു പാര്ട്ടിമുഖപത്രത്തിന്റെ മുഖപ്രസംഗം എഴുതിയതും, ഇന്ത്യയിലെ ദേശീയ പ്രശ്നത്തെകുറിച്ച്ചുള്ള കമ്മ്യുണിസ്റ്റ് നിലപാട് പുനര്നിര്‍വചിച്ച്ചു കൊണ്ടെഴുതിയ ലേഖനങ്ങളും ജാതി പ്രശ്നത്തോട് ഇന്ത്യയിലെ കമ്മ്യുണിസ്റ്റ്കാര്‍ എടുത്തിരുന്ന സമീപനം അടിസ്ഥാനപരമായി തിരുത്തികൊണ്ട് എഴുതിയ ലേഖനങ്ങളും ലിംഗ പ്രശ്നത്തോടുള്ള കമ്മ്യുണിസ്റ്റ് സമീപനം പുനര്‍നിര്‍വ്വചിച്ചുകൊണ്ടെഴുതിയ ലേഖനങ്ങളും ഈ കാലഘട്ടത്തിന്റെ മുഖമുദ്രകളായിരുന്നു. ദേശീയപ്രശ്നം, ജാതിപ്രശ്നം, ലിംഗപ്രശ്നം, പരിസ്ഥിതിപ്രശ്നം, ജനാധിപത്യത്തിന്റെ പ്രശ്നം തുടങ്ങിയവയൊന്നും വര്‍ഗ്ഗപരമായി മാത്രം വിശകലനം ചെയ്യാനാവില്ലെന്നും, ഇവയിലെല്ലാം വര്‍ഗയിതരമായ തലം പ്രധാന പങ്കു വഹിക്കുന്നെണ്ടെന്നുമുള്ള തിരിച്ചറിവ് നേടിയത് ഈ കാലഘട്ടത്തിലെ വേണുവിന്റെ സൈദ്ധാന്തിക അന്വേഷണത്തിലെ പുതിയ കാല്‍വെയ്പ്പുകള്‍ ആയിരുന്നു.
  വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ മുതല്‍ പല ഘട്ടങ്ങളിലായി എഴുതിയ ഏതാനും ദാര്‍ശനിക സ്വഭാവമുള്ള ലേഖനങ്ങളുടെ ഒരു സമാഹാരം

'സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരം' എന്ന പേരില്‍ 1984- ല് പ്രസിദ്ധീകരിക്കുകയുണ്ടായി. കേരളത്തിന്റെ സാമുഹ്യ സാമ്പത്തിക രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഊന്നിക്കൊണ്ട്എഴുതിയ ലേഖനങ്ങളുടെ ഒരു സമാഹാരം കേരളപഠനത്തിനൊരു മുഖവുര' എന്ന പേരില്‍ 1987- ലും പ്രീസിദ്ധീകൃതമായി. 1989-ലെ ചൈനീസ് വിദ്യാര്‍ഥി കലാപത്തെ തുടര്‍ന്ന് മാര്‍ക്സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ത്തന്നെ പുനപ്പരിശോധന ആവശ്യമുണ്ടെന്ന നിലപാടില്‍ നിന്നുകൊണ്ട് കേന്ദ്രകമ്മിറ്റിക്കുവേണ്ടി തയ്യാറാക്കിയ "തൊഴിലാളിവര്‍ഗ്ഗ ജനാധിപത്യത്തെപ്പറ്റി" എന്ന രേഖ മാവോയിസ്റ്റ്കള്‍ക്കിടയില്‍ സാര്‍വദേശീയ തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് മുമ്പ് തയ്യാറാക്കിയ ആ രേഖയില്‍, സോവിയറ്റുയൂണിയനില്‍ വളര്‍ന്നു  വന്നിട്ടുള്ള ഭരണവര്‍ഗ്ഗം , ഉദ്യോഗസ്ഥ മേധാവിത്വ ബൂര്‍ഷ്വാസിയും പുത്തന്‍ ബൂര്‍ഷ്വാസിയും എന്ന രീതിയില്‍ വേര്‍തിരിഞ്ഞിരിക്കുകയാണെന്നും  അധികാരം നഷ്ടപ്പെടുമെന്ന അവസ്ഥയിലെത്തിയിട്ടുള്ള ഉദ്യോഗസ്ഥ മേധാവിവര്‍ഗ്ഗം സൈനിക അട്ടിമറിക്ക് ശ്രമിക്കാനിടയുണ്ട് എന്നും എന്നാല്‍ ഗോര്‍ബച്ച്ചോവിന്റെ  നേതൃത്വത്തിലുള്ള പുത്തന്‍ ബൂര്‍ഷ്വാ വിഭാഗമാണ്‌ മുന്‍കൈ നേടുകയെന്നും ആ രേഖ വിലയിരുത്തിയിരുന്നു. പിന്നീട് സോവിയറ്റുയൂണിയനില്‍ സംഭവിച്ചതും അതുതന്നെയായിരുന്നു.  ഈ രേഖയെ കേന്ദ്രീകരിച്ചു പിന്നീട് പാര്‍ട്ടിയ്ക്കുള്ളില്‍ ഏതാണ്ട് രണ്ടുവര്‍ഷക്കലത്തോളം നടന്ന ചര്‍ച്ചയുടെ അവസാന ഘട്ടത്തില്‍ സി. ആര്‍. സി. സി. പി. ഐ. (എം. എല്‍.) ന്റെ അഖിലേന്ത്യാ സെക്രട്ടറി സ്ഥാനത്തുനിന്ന്  രാജിവെച്ചു. അവശേഷിച്ച കേന്ദ്രകമ്മിറ്റി സ്വയം പിരിച്ചു വിട്ടു സംസ്ഥാന (ദേശീയ) ഘടകങ്ങളുടെ ഏകോപന സമിതിയായി സ്വയം പുനസ്സംഘടിപ്പിക്കപ്പെട്ടു. കുറച്ചു കാലത്തേയ്ക്ക് കൂടി കേരള സംസ്ഥാനഘടകത്തില്‍ തുടര്‍ന്നെങ്കിലും എം.എല്‍. രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണമായും വിടുതല്‍ നേടി.
പുതിയ നിലപാടുകള്‍ ക്രോഡീകരിക്കുന്നതും മാര്‍ക്സിസ്റ്റ്‌ അടിസ്ഥാന പ്രമാണങ്ങളെ വിമര്‍ശനപരമായി നിശിതമായി വിലയിരുത്തുന്നതുമായ 'ഒരു കമ്മ്യുണിസ്റ്റ് കാരന്റെ ജനാധിപത്യ സങ്കല്‍പം' എന്ന ഗ്രന്ഥം 1992 മേയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. മാര്‍ക്സിസത്തിന്റെ സാമ്പത്തിക രാഷ്ട്രീയ പരിപാടി തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യത്ത്തിന്റെ പേരില്‍  ഏകപാര്‍ട്ടി സ്വേച ച്ഹാധിപത്യത്ത്തിലൂടെ ഫാസിസ്റ്റ് കേന്ദ്രീകരണത്തിലേക്ക് നയിക്കുന്നതുകൊണ്ടു പ്രതിലോമപരമാണെന്നും parliamentary ജനാധിപത്യമാണ് തമ്മില്‍ ഭേദപ്പെട്ട രാഷ്ട്രീയ പരിപാടിയെന്നും ആ കൃതി വിലയിരുത്തി.
 മനുഷ്യസമൂഹത്തിന്റെ ആരംഭം മുതല്‍ക്കേ നിലനില്‍ക്കുന്ന വ്യക്തി/സമൂഹം വൈരുദ്ധ്യത്തിന്റെ  പരിഹാരമെന്ന നിലയ്ക്കുള്ള  രൂപമായിട്ടാണ് നാധിപത്യം ഉടലെടുക്കുകയും നില്‍ക്കുകയും ചെയ്യുന്നതെന്നും  അതിനെ വര്‍ഗ്ഗാധിപത്യ ഭരണകൂട രൂപം മാത്രമായി ചുരുക്കി കാണുക വഴി മാര്‍ക്സിസത്തിന് ജനാധിപത്യ പ്രക്രിയയെ ശരിയായി മനസ്സിലാക്കാനായില്ലെന്നും തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം പോലുള്ള ഫാസിസ്റ്റ് ഘടനയിലേക്ക് അവര്‍ എത്തിപ്പെട്ടത് അതുകൊണ്ടാണെന്നും ആ പുസ്തകം സമര്തിചു. 
ഇ. എം. എസ് ഈ പുസ്തകത്ത്തിനെഴുതിയ സുധീര്‍ഘമായ പ്രതികരണവും പ്രസിദ്ധീകരിക്കപ്പെട്ട മറ്റു പ്രതികരണങ്ങളും സമാഹരിച്ചു കെ. വേണുവിന്റെ മറുപടിയോടുകൂടി "കമ്മ്യുണിസവും ജനാധിപത്യവും"
എന്നൊരു സമാഹാരവും 1992 ല് തന്നെ പ്രസിദ്ധീകൃതമായി. അയോദ്ധ്യാ, ബാബറിമസ്ജിദ് പ്രശ്നത്തിന്റെ അടിസ്ഥാനത്തില്‍, ഇന്ത്യയിലെ ജാതിവ്യവസ്ഥ, സവര്‍ണ്ണ ഫാസിസം, ന്യുനപക്ഷ പീഡനം എന്നീ പ്രശ്നങ്ങളില്‍ ഊന്നിക്കൊണ്ട് എഴുതപ്പെട്ട ലേഖനങ്ങളുടെ ഒരു സമാഹാരം, ദളിത്‌ പിന്നാക്ക ന്യുനപക്ഷ ഐക്യം പ്രശ്നങ്ങളും സാധ്യതകളും എന്ന പേരില്‍ അക്കാലത്ത് തന്നെ പ്രസിദ്ധീകൃതമായി.
 തുടര്‍ന്ന് 1992 -ല് തന്നെ കക്ഷിരഷ്ട്രീയത്തിനതീതമായ ഒരു പൊതു വേദി ഉണ്ടാക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും കാര്യമായി മുന്നോട്ടു പോയില്ല. 1994-ല് ഗൌരിയമ്മയുടെ നേതൃത്വത്തില്‍ ജെ. എസ്.എസ് രുപീകരിക്കുന്നതിലും  വര്‍ഗ്ഗ സമരവും സാമൂഹ്യ നീതിയും കൂട്ടിയിണക്കികൊണ്ടുള്ള ഒരു കാഴ്ചപ്പാട് അതിനു ഉണ്ടാക്കിയെടുക്കുന്നതിലും ഒരു പ്രധാന പങ്കു വഹിക്കുകയുണ്ടായി. 1996-ല് യു. ഡി. എഫ്. പിന്തുണയുള്ള ജെ. എസ്. എസ്. സ്ഥാനാര്‍ഥിയായി സ്വന്തം നാടുകൂടിയായ കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തു. നക്സലൈറ്റ് രാഷ്ട്രീയത്തില്‍ നിന്നുമുള്ള വിടുതല്‍ പൂര്‍ണമാണെന്ന് പ്രായോഗികതലത്തില്‍ തെളിയിക്കുക എന്നതായിരുന്നു ആ മത്സരത്തിന്റെ ഉദ്ദേശം  തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തുടരാന്‍ താല്പര്യമില്ലാതിരുന്നതുകൊണ്ടും ആ സംഘടനയുടെ പ്രവര്‍ത്തന രീതികളുമായി പൊരുത്തപ്പെട്ടു പോകാനാവാത്തതുകൊണ്ടും ആ വര്ഷം മറ്റു പല പ്രവര്ത്തകരോടൊപ്പം ആ സംഘടനയില്‍ നിന്ന് വിട്ടു പോന്നു.
   പിന്നീട് 2010 വരെയുള്ള കാലഘട്ടത്തില്‍ വിവിധ സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. ഇവയില്‍ നിന്ന് 'ഒരു ജനാധിപത്യവാദിയുടെ വീണ്ടു വിചാരങ്ങള്‍' എന്നൊരു ലേഖന സമാഹാരം 2003 ലും 'ഇന്ത്യന്‍ ജനാധിപത്യം പ്രശ്നങ്ങളും സാധ്യതകളും' എന്ന പേരില്‍ മറ്റൊന്ന് 2010 ലും പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.

 1992 ല് 'ഒരു കമ്മ്യുണിസ്റ്റ്കാരന്റെ ജനാധിപത്യ സങ്കല്‍പം' പ്രസിദ്ധീകരിക്കപ്പെട്ടതിനു ശേഷം നടത്തിയ അന്വേഷണങ്ങളുടെയും കണ്ടെത്തലുകളുടെയും സമാഹാരം എന്ന നിലയ്ക്ക് കഥാകൃത്തും എഴുത്തുകാരനുമായ കരുണാകരനുമായി നടത്തിയ സുദീര്‍ഘ സംഭാഷണം മാതൃഭൂമി ആഴ്ചപതിപ്പില്‍ 2010 ഫെബ്രുവരി-ഏപ്രില്‍ മാസങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 2000 ല് പരം പേരാണ് ആഴ്ചപ്പതിപ്പ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത്‌ എഴുതിയത്. അതില്‍ നിന്ന് തിരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ച ഏതാനും പ്രതികരണങ്ങള്‍ക്കുള്ള  മറുപടി ഉള്‍പ്പെടെ ആ സംഭാഷണം പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടു, 'ജനാധിപത്യത്തിന്റെ മനുഷ്യാനുഭവങ്ങള്‍ എന്ന പേരില്‍'
ഒരു കമ്മുണിസ്റ്റുകാരന്റെ 'ജനാധിപത്യ സങ്കല്പത്തില്‍' കമ്മുണിസ്റ്റുസാമ്പത്തിക രാഷ്ട്രീയ പദ്ധതി മൊത്തം നിരാകരിക്കപ്പെട്ടുവെങ്കിലും പകരം ഒന്ന് മുന്നോട്ടു വെയ്ക്കുവാനുണ്ടായിരുന്നില്ല. പാര്‍ലമെന്ററി ജനാധിപത്യവും മത്സരാധിഷ്ടിത വിപണിയും തമ്മില്‍ ഭേദമെന്നു കണക്കാക്കപ്പെട്ടുവെങ്കിലും മനുഷ്യ സമൂഹത്തിന്റെ ഭാവി ഏതു ദിശയിലായിരിക്കും എന്ന് വ്യക്തത ഉണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ വ്യക്തമായ ദിശാബോധം നല്‍കാന്‍ കഴിയുന്നു എന്നതാണ് ഈ സംഭാഷണത്തിന്റെ പ്രാധാന്യം. മനുഷ്യസമൂഹത്തിന്റെ ആരംഭം മുതല്‍ വ്യക്തി/സമൂഹം വൈരുദ്ധ്യത്തില്‍ അധിഷ്ഠിതമായി ഉടലെടുത്ത ജനാധിപത്യ പ്രക്രിയ മനുഷ്യ സമൂഹം ഉള്ളിടത്തോളം കാലം തുടരും; നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇപ്പോള്‍ നിലവിലുള്ള പാര്‍ലമെന്ററി ജനാധിപത്യം ശൈശവാവസ്ഥയിലുള്ള ഒരു ജനാധിപത്യ രൂപം മാത്രമാണ്. നിരന്തരം പരിഷ്കരിച്ചുകൊണ്ട് മാത്രമേ അതിനു അതിജീവിക്കാനാവൂ.
മുതലാളിത്തത്തിന്റെ കഴുത്തറപ്പന്‍ മത്സരത്തെ നിയന്ത്രണമില്ലാതെ കെട്ടഴിച്ചു വിടുന്ന വിപണി മൌലിക വാദം അശാസ്ത്രീയമാണ്. ഡാര്‍വിന്റെ അര്‍ഹതയുള്ളവര്‍ അതിജീവിക്കുന്നു എന്ന പ്രകൃതി നിര്‍ദ്ധാരണ സിദ്ധാന്തമാണ്‌ മുതലാളിത്ത വിപണി മത്സരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും അത് സ്വാഭാവികമാണെന്നും വിപണി മൌലികവാദികള്‍ സമര്‍ഥിക്കുന്നു. മറ്റുജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, സാമൂഹികമായി മാത്രം നിലനില്‍ക്കുന്ന ഭാഷയെ അടിസ്ഥാനമാക്കി രൂപംകൊണ്ട മനുഷ്യസമൂഹത്തില്‍ പ്രകൃതി നിര്‍ദ്ധാരണ സിദ്ധാന്തത്തിനു ചരിത്രപരമായി അതിജീവിക്കാനാവില്ല. സാമൂഹികതയെ അവഗണിച്ചുകൊണ്ട് വ്യക്ത്യധിഷ്ടിത മത്സരത്തില്‍ ഏകപക്ഷീയമായി ഊന്നുന്ന വിപണി മൌലിക വാദത്തിനു കഴിയാത്ത പോലെ സാമൂഹികതയില്‍ ഏക പക്ഷീയമായി ഊന്നുന്ന  കേന്ദ്രീകൃത പദ്ധതികള്‍ക്കും ചരിത്രത്തില്‍ അതിജീവിക്കാനവില്ല. മത്സരത്തെയും വിപണിയെയും നിരോധിക്കുകയല്ല, സാമൂഹ്യനിയന്ത്രണത്തിനു വിധേയമാക്കുകയാണ് വേണ്ടത്. ജനാധിപത്യപ്രക്രിയയിലൂടെ സാധ്യമാവുന്ന സാമൂഹ്യ്നിയന്ത്രനത്തിലൂടെയാണ് സാമൂഹ്യനീതി കൈവരിക്കാനാവുക. മനുഷ്യസമൂഹത്ത്തിനു ഒരിക്കലും അടഞ്ഞ വ്യവസ്ഥയായി നിലനില്‍ക്കാനാവില്ല. അതെന്നും തുറന്ന സമൂഹമായിരിക്കും. ജനാധിപത്യവും സാമൂഹ്യ നീതിയും പരസ്പര ബന്ധിതമായി പരിണമിച്ചുകൊണ്ടിരിക്കും.

No comments:

Post a Comment