Thursday 9 February 2012

ലാലൂര്‍: എന്തുകൊണ്ട് ഇങ്ങിനെ ഒരു അനിശ്ചിതകാല നിരാഹാരസമരം ?


തൃശൂര്‍ കോര്‍പ്പറേഷനിലെ ലാലൂരില്‍ ഏറെക്കാലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അശാസ്ത്രീയമായ മാലിന്യകേന്ദ്രത്തിനെതിരെ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന സമരം ഗുരതരമായ അവസ്ഥയില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വരുന്ന ഫെബ്രുവരി 14 മുതല്‍ സമരസമിതി ആരംഭിക്കുന്ന അനിശ്ചിതകാല നിരാഹാരസമരത്തില്‍ പങ്കെടുത്ത് ഞാന്‍ നിരാഹാരമാരംഭിക്കുകയാണ്. ഈ സമരത്തിന് എല്ലാവരുടെയും ധാര്‍മികമായ പിന്തുണ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

സമരത്തിന്റെ സാഹചര്യം വിശദീകരിക്കുന്ന പ്രസ്താവനയാണ് താഴെ:

ലാലൂര്‍: എന്തുകൊണ്ട് ഇങ്ങിനെ ഒരു അനിശ്ചിതകാല നിരാഹാരസമരം ?


കെ. വേണു


കേരളത്തിലെ ഒരു മാലിന്യസംസ്‌ക്കരണകേന്ദ്രത്തിനെതിരായി ആരംഭിച്ച ആദ്യത്തെ സമരമാണ് ലാലൂരിലേത്. 1988ല്‍ ആരംഭിച്ചശേഷം ഇപ്പോള്‍ 24 വര്‍ഷമായിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, രൂക്ഷമാവുകയും ചെയ്തിരിക്കുന്നു. ഇവിടത്തെ രണ്ടു മുന്നണികളും മുന്‍സിപ്പാലിറ്റിയിലും പഞ്ചായത്തിലും കോര്‍പ്പറേഷനിലുമെല്ലാം അധികാരത്തിലുണ്ടായിരുന്നിട്ടും പ്രശ്‌നപരിഹാരത്തിന്  അധികാരികളുടെ  ഭാഗത്തുനിന്ന് ഉത്തരവാദിത്വപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടായില്ല. നിരന്തരമായ സമരത്തെ നേരിട്ടതുകൊണ്ടുമാത്രം പല പദ്ധതികള്‍ ആവിഷ്‌ക്കരിക്കപ്പെടുകയും കോടിക്കണക്കിന് രൂപ ചിലവഴിക്കപ്പെടുകയുമുണ്ടായെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. സമരസമിതി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍, ജില്ലാ ജഡ്ജിയെക്കൊണ്ട് ലാലൂര്‍ നിവാസികളുടെ കൊടുംദുരിതത്തിന്റെ നേര്‍ക്കാഴ്ചയുടെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിച്ച്, കോര്‍പ്പറേഷനോട് അടിയന്തിരനടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി കര്‍ക്കശ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഒന്നും നടപ്പിലായില്ല. സമരസമിതി സംഘടിപ്പിച്ച നിരന്തരസമരങ്ങളില്‍ തൃശൂരില്‍നിന്ന് മാത്രമല്ല കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സാംസ്‌കാരിക സാമൂഹ്യപ്രവര്‍ത്തകര്‍ പങ്കെടുത്തു. യേശുദാസും സുഗതകുമാരിയുമെല്ലാം ഇതിലുള്‍പ്പെടുന്നു. തൃശൂരില്‍നിന്ന് സുകുമാര്‍ അഴീക്കോടും, സാറാ ജോസഫുമെല്ലാം നിരന്തരസാന്നിദ്ധ്യമായിരുന്നു. അവസാനം അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രി മുന്‍കൈയെടുത്ത് LAMPS എന്ന വികേന്ദ്രീകൃത സംസ്‌ക്കരണപദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചു. ആവശ്യമായ പണം അനുവദിക്കുകയും ചെയ്തു. പക്ഷെ, കോര്‍പ്പറേഷന്‍ ഭരിച്ചിരുന്ന ഇടതുമുന്നണി ആ പദ്ധതി നടപ്പിലാക്കിയില്ല. ലാലൂര്‍പ്രശ്‌നത്തില്‍ ഇടതുമുന്നണിയുടെ നിഷ്‌ക്രിയത്വം ഉയര്‍ത്തിക്കാട്ടി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനെ നേരിട്ട യു.ഡി.എഫിന് വമ്പിച്ച പിന്തുണയാണ് ജനങ്ങള്‍ നല്‍കിയത്. എന്നാല്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ്. LAMPS നടപ്പിലാക്കാന്‍ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല വ്യാപാരി വ്യവസായികളുമായി ചേര്‍ന്ന് അതിനെ തുരങ്കം വെയ്ക്കുകയാണ് ചെയ്തത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയുമെല്ലാം ലാലൂര്‍ സന്ദര്‍ശിക്കുകയും പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കോര്‍പ്പറേഷന്‍ അധികൃതരും എം.എല്‍.എ. തേറമ്പില്‍ രാമകൃഷ്ണനും സമരസമിതി പ്രതിനിധികളും പങ്കെടുക്കുകയും സമവായാടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കുകയും ചെയ്തു. ലാലൂരിലെ മാലിന്യമല കോള്‍പ്പാടത്തുകൂടി പണിയാന്‍ ഉദ്ദേശിക്കുന്ന ഒരു റോഡിനായി ഉപയോഗിച്ചുകൊണ്ട്  പൂര്‍ണ്ണമായി നീക്കം ചെയ്യാനും LAMPS പ്രകാരം തീരുമാനിച്ചിരുന്ന സംസ്‌കരണകേന്ദ്രങ്ങളില്‍ രണ്ടെണ്ണം തുടങ്ങുവാനുള്ള നടപടികള്‍ 2012 ജനുവരി 1നു മുമ്പ് തുടങ്ങാനുമായിരുന്നു തീരുമാനം.
2012 ഫെബ്രുവരി ആയിട്ടും ഈ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഒരു നടപടിയും കോര്‍പ്പറേഷന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഈ അവസ്ഥ സമരസമിതി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ കോര്‍പ്പറേഷനെക്കൊണ്ട് നടപടികളെടുപ്പിക്കാന്‍ കഴിയാതെ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇത്തരമൊരു സാഹചര്യത്തില്‍ മറ്റ് പോംവഴികളൊന്നുമില്ലാതെയാണ് സമരസമിതി ഫെബ്രുവരി 14 മുതല്‍ സമിതി വൈസ് ചെയര്‍മാന്‍ അഡ്വ. രഘുനാഥ് കഴുങ്കിലിന്റെ അനിശ്ചിതകാലനിരാഹാരസമരം ആരംഭിക്കാന്‍ തീരുമാനിച്ചത്. അതിനിടയിലാണ് ലാലൂര്‍ മാലിന്യമലയില്‍ തീപ്പിടുത്തമുണ്ടാവുകയും ഒരാഴ്ചക്കാലം ആ പ്രദേശം മുഴുവന്‍ വിഷപ്പുകയില്‍ മുങ്ങുകയും ചെയ്തത്. എന്നിട്ടും മാലിന്യമല നീക്കം ചെയ്യാനുള്ള ശ്രമങ്ങളൊന്നും കോര്‍പ്പറേഷന്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. സമരത്തിന്റെ തയ്യാറെടുപ്പിനുവേണ്ടിയുള്ള സമരസഹായസമിതിയുടെ യോഗം ചേര്‍ന്നപ്പോള്‍ അതില്‍ പങ്കെടുത്ത എനിക്ക് പുകയില്‍ മുങ്ങിയ ലാലൂര്‍ നിവാസികളുടെ ദുരിതകഥകള്‍ നേരിട്ടു മനസ്സിലാക്കാനാകുകയും കോര്‍പ്പറേഷന്‍ അധികൃതരുടെ നിരുത്തരവാദിത്വത്തിന്റെ ഗൗരവാവസ്ഥ ബോധ്യപ്പെടുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ അഡ്വ. രഘുനാഥിന് പകരം അനിശ്ചിതകാല നിരാഹാരസമരം ഞാന്‍ ആരംഭിക്കാമെന്ന് നിര്‍ദ്ദേശിച്ചത് സമരസമിതി അംഗീകരിക്കുകയും ചെയ്തു. നവംബര്‍ 30ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ എടുത്ത തിരുമാനങ്ങള്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ഉടനടി നടപ്പിലാക്കുക എന്ന ആവശ്യം നേടുന്നതിനുവേണ്ടി ഫെബ്രുവരി 14ന് ആരംഭിക്കുന്ന ഈ അനിശ്ചിതകാല നിരാഹാരസമരത്തിന് കക്ഷിരാഷ്ട്രീയത്തിനതീതമായി മുഴുവന്‍ ജനങ്ങളുടേയും സഹകരണവും പിന്തുണയും അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.


തൃശൂര്‍


8-2-2012
നിരാഹാരം ആറാം ദിവസം






20 comments:

  1. Our full support on this issue. Fifth Estate Alappuzha

    ReplyDelete
  2. മാലിന്യങ്ങൾ പേറുന്ന് ഒരു ജനത എല്ലാ നഗരപ്രാന്തങ്ങളിലുമുണ്ട്. അത് ലാലൂരിലായാലും വിളപ്പിൽശാലയിലോ നെരിയൻപന്മ്പിലോ ഞങ്ങൾ എടപ്പുള്ളി ചക്കം കണ്ടത്തുകാരോ ആകും. 30വർഷത്തിലേറെ പഴകി ഇപ്പോൾ ഒരു പ്ലാന്റ് നിർമ്മാണത്തിന്റെ പേരിൽ ദ്രവിച്ചുനിൽക്കുന്ന സമരമാണ് ഗുരുവായൂരിലേത്.

    മാലിന്യദുരിതതിന് പരിഹാരം കാണുന്നതിനുള്ള സമരങ്ങൾക്ക് ഐക്യദാർഡ്യം

    ReplyDelete
  3. ഒരു സത്യഗ്രഹി തന്റെ മുഴുവൻ ഊർജ്ജവും സംഭരിച്ചു വയ്ക്കേണ്ടിയിരിക്കുന്നു. ജീവന്റെ ബാക്കിനിൽപ്പും വരുന്ന ഒത്തൂതീർപ്പു നിർദ്ദേശങ്ങളും തമ്മിൽ ഒരു ക്രയവിക്രയം നടക്കും. സമയം മാത്രമാണ് യഥാർത്ഥ സുഹൃത്ത്. വന്നു പോകുന്നവർ സ്വന്തം ജീവനു വിലപറയുന്നവർ മാത്രം. അസ്സഹായമായ മനുഷ്യത്വത്തിന്റെ അവസാന നെല്ലിപ്പടിയും കടന്നു പോകവേ സത്യം സത്യഗ്രഹിയെ തുറിച്ചു നോക്കും.
    പ്രിയ വേണു,
    അങ്ങു കിടക്കുന്നു, മിണ്ടാൻ പോലും കഴിയാതെ, ആരൊക്കെയോ ഒത്തുതീർപ്പുകൾ ഉണ്ടാക്കുന്നു. ഒടുവിൽ അവർ വയ്ക്കുന്ന ഒത്തുതീർപ്പുകൾക്ക് വഴങ്ങാനാകാതെ വന്നാൽ, ദയവായി കാലം നമുക്കിനിയുമുണ്ട് എന്നു ഉറപ്പു വരുത്തണം.

    ReplyDelete
  4. നിരാഹാരസമരം മൂന്നാംദിവസം തുടരുകയാണ്. ചെറിയ ക്ഷീണമുണ്ടെങ്കിലും ആത്മവിശ്വാസത്തിന് കുറവൊന്നുമില്ല. എല്ലാ വിഭാഗം മാധ്യമങ്ങളും വിഷയം അല്പം ഗൗരവത്തിലെടുക്കാനിടയായിട്ടുണ്ട് എന്ന് കാണുന്നതില്‍ സന്തോഷമുണ്ട്.
    പ്രശ്‌നപരിഹാരത്തിന് സര്‍ക്കാരും കോര്‍പ്പറേഷനും കുറച്ചൊക്കെ സമ്മര്‍ദ്ദത്തിന് വിധേയമായിട്ടുണ്ട്. അപ്പോഴും ഇത്തരം പ്രശ്‌നങ്ങളോടുള്ള നിരുത്തരവാദപരവും ഉദാസീനവുമായ സമീപനത്തിന് മാറ്റമൊന്നുമുണ്ടായിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസമായി അധികാരത്തിലുള്ളതും അല്ലാത്തതുമായി വിവിധ പാര്‍ട്ടിനേതാക്കളുമായി സംസാരിക്കാനിടയായപ്പോള്‍, മുഖ്യധാര ഉള്‍പ്പെടെ പാര്‍ട്ടികളൊന്നും കേരളത്തിലെ മാലിന്യപ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ടുപോലുമില്ലെന്നതാണ് വാസ്തവം. ഇടതുമുന്നണി ഭരിക്കുമ്പോള്‍ മാലിന്യനിര്‍മ്മാര്‍ജനത്തിന് സംസ്ഥാനതലത്തില്‍ ചില പദ്ധതികള്‍ മുന്നോട്ടുവെക്കുകയുണ്ടായി. അത് സര്‍ക്കാര്‍ തലത്തില്‍ ചില ഉദ്യോഗസ്ഥരുടെ മുന്‍കയ്യില്‍ തട്ടിക്കൂട്ടിയതായിരുന്നു. അതിനപ്പുറം ഭരണപാര്‍ട്ടികള്‍ അത് ഗൗരവപൂര്‍വ്വം എടുത്തിരുന്നില്ല. ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ദേഹത്തിന്റെ അതിവേഗ (?) ഭരണത്തിന്റെ കൂട്ടത്തില്‍ ചില നടപടികളെപ്പറ്റി പറയുകയും മറ്റും ചെയ്യുന്നുണ്ട്. അപ്പോഴും ഭരണപാര്‍ട്ടികള്‍ ഒന്നും പ്രശ്‌നം ഗൗരവത്തിലെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ, പ്രാദേശികനേതാക്കള്‍ പ്രായോഗികതലത്തിലുള്ള സംഗതിയായി ഇത്തരം പ്രശ്‌നങ്ങളെ സമീപിക്കുകയും, പലപ്പോഴും ധനസമ്പാദനത്തിനുള്ള എളുപ്പമാര്‍ഗ്ഗങ്ങളുള്ള മേഖലയായി മാലിന്യപ്രശ്‌നത്തെ കൈകാര്യം ചെയ്യുകയുമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
    ഈ നിരാഹാരസമരത്തിന് നിദാനമായ തശൂരിലെ ലാലൂര്‍ പ്രശ്‌നത്തിനും, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരമാര്‍ഗ്ഗവും അടിയന്തിരമായ പരിഹാരനടപടികളും മൂന്ന് കൊല്ലം മുമ്പ് അച്ചുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്ത് തീരുമാനിക്കപ്പെട്ടതാണ്. പരിഹാരം കണ്ടെത്താന്‍ അസാധ്യമായ പ്രശ്‌നങ്ങളൊന്നും ഇവിടെയില്ല. പക്ഷേ, ഭരണനേതൃത്വങ്ങള്‍ പ്രശ്‌നം പരിഹരിക്കാനുള്ള ദൃഢനിശ്ചയം എടുക്കാത്തതുമാത്രമാണ് പ്രശ്‌നം. അധികാരികളെക്കൊണ്ട്, ഈ ഉദാസീനത മാറ്റി, നടപടികളിലേയ്ക്ക് നിര്‍ബ്ബന്ധിക്കുക എന്നതാണ് എന്റെ സമരലക്ഷ്യം. ആ ലക്ഷ്യം നേടാനാവുമെന്നാണ് എന്റെ വിശ്വാസം.
    പിന്തുണ നല്‍കിയവര്‍ക്കെല്ലാം ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തട്ടെ. തുടര്‍ന്നും പിന്തുണ പ്രതീക്ഷിക്കുന്നു

    ReplyDelete
  5. KV, I support this struggle from here. This is a long over due issue.

    I hope you don't have to go on fasting for long.

    Best of luck! Will talk soon.

    Hari

    ReplyDelete
  6. An effort which needs co-ordination with other waste related movements happening in other parts of Kerala is also needed. This is golden opportunity for a comprehensive solution for Kerala after lot of talk and namesake projects all these years. Never have the state government and local self governments been under so much pressure. Needs this state level co-ordination since Government is going for dangerous solutions. yesterdays newspaper talks about 2 mobile waste management vehicles to be imported at cost of 3 Crore per vehicle to try out mobile incinerator technology as a decentralised solution is also happening. Incinerators are dangerous toxic waste emitting devices.

    A doubt I had. Will road making with waste from Lallur cause environmental problems in the place where it is to be tried?

    Could not solutions like urban organic gardens in various wards of the corporation be proposed for managing biological bio degradable waste. Organopónicos are a system of urban organic gardens in Cuba. They often consist of low-level concrete walls filled with organic matter and soil, with lines of drip irrigation laid on the surface of the growing media. Organopónicos provide access to job opportunities, a fresh food supply to the community, neighborhood improvement and beautification of urban areas

    en.wikipedia.org/wiki/Organopónicos

    http://sustainablecities.dk/en/city-projects/cases/havana-feeding-the-city-on-urban-agriculture

    ReplyDelete
    Replies
    1. Comment posted by sajeerhere@yahoo.co.in

      Delete
  7. അഞ്ചാം ദിവസം
    ക്ഷീണം ചെറുതായിട്ടുണ്ട്. രാവിലെ കുളിച്ചപ്പോള്‍ അതിനും കുറവുണ്ട്. പ്രശ്‌നപരിഹാരത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് പ്രായോഗികമായ നീക്കങ്ങളൊന്നുമുണ്ടായിട്ടില്ല. സമരപ്പന്തലില്‍ വലിയ ആള്‍ക്കൂട്ടങ്ങളില്ലെങ്കിലും ചെറു പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രവര്‍ത്തകര്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നതു സന്തോഷകരമാണ്. വിമലാകോളേജിലെ MSW പെണ്‍കുട്ടികളുടെ ഒരു സംഘം വന്നതും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അവര്‍ കാട്ടിയ താല്പര്യവും പ്രചോദനമുണ്ടാക്കുന്ന അനുഭവമായിരുന്നു. കുറെക്കാലമായി ബന്ധമില്ലാതിരുന്ന പഴയ സുഹൃത്തുക്കള്‍ പലരും അകലെനിന്ന് വരെ, വിവരമറിഞ്ഞ് എത്തിയതും പുതിയൊരു അനുഭവമായിരുന്നു.
    ലാലൂരിലെ മാലിന്യമല നീക്കം ചെയ്യാന്‍ സ്ഥലമില്ലാത്തതല്ല പ്രശ്‌നം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തീരുമാനിച്ച, കോള്‍ റോഡ് മണ്ണടിക്കാന്‍ പാകത്തില്‍ തയ്യാറാക്കാന്‍ സമയമെടുക്കും എന്നാണ് ആ വാദം. പക്ഷെ, മറ്റൊരു കോള്‍ ബണ്ട് മണ്ണടിക്കാന്‍ സജ്ജമായി കിടക്കുന്നത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് പൂര്‍ണ്ണസമ്മതം. പക്ഷേ, കോര്‍പ്പറേഷന്‍ അധികൃതര്‍ അതിനും സാങ്കേതികതടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. അവര്‍ക്ക് മറ്റു ചില ഹിഡന്‍ അജണ്ടുകളുണ്ടെന്ന സംശയം ബലപ്പെടുകയാണ്. ഇത്തരം തടസ്സങ്ങള്‍ മറികടക്കാന്‍ എന്റെ സുഹൃത്തുകൂടിയായ തൃശൂര്‍ എം.പി. പി.സി. ചാക്കോ രംഗത്തു വന്നിട്ടുണ്ട്. ഫലമെന്താവുമെന്ന് പറയാറായിട്ടില്ല.
    ഈ നിരാഹാരം തുടങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞതുപോലെ സമരസമിതിയുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പ്രായോഗികനടപടികള്‍ ആരംഭിച്ചാല്‍ മാത്രമേ ഞാനിത് അവസാനിപ്പിക്കൂ. അതില്‍ ഒരു മാറ്റവുമില്ല. പണ്ട് ജെയിലില്‍ എഴുതാനുള്ള അവകാശത്തിന് വേണ്ടി 21 ദിവസം നിരാഹാരം നടത്തി വിജയിച്ച അനുഭവമാണ് മുതല്‍കൂട്ടായുള്ളത്. അത് 26 വയസ്സുള്ളപ്പോളായിരുന്നു. ഇപ്പോള്‍ വയസ്സ് 66 ആണ്. പക്ഷേ, മനസ്സിപ്പോഴും ചെറുപ്പമാണ്. ശരീരത്തേക്കാള്‍ മനസ്സ് തന്നെയാണ് പ്രധാനം. ആത്മവിശ്വാസത്തിന് ഒരു കുറവുമില്ല.
    പ്രതികരിച്ചവര്‍ക്കെല്ലാം നന്ദി.

    ReplyDelete
  8. കെ.വി,ആത്മവിശ്വാസവും,ദ്രുഢനിശ്ച്ഛയവും മുതല്‍ക്കൂട്ടായുളള കെ.വി യുടെ ഈ സമരത്തിന് എല്ലാ ധാര്‍മ്മികപിന്തുണയും ആശംസിക്കുന്നു...

    ReplyDelete
  9. ഇന്ന് വൈകിട്ട് നടന്ന പ്രകടനം നന്നായിരുന്നു. അതിനുശേഷം നടന്ന പൊതുയോഗവും. വേണുജി തങ്കളുടെ ലക്‌ഷ്യം വിജയിത്തിലെത്തും. ഭരണാധികാരികള്‍ തല താഴ്ത്തുന്ന സ്ഥിതി സംജാതമായിരിക്കുന്നു എന്ന് ആശിക്കാം.
    http://joyvarocky.blogspot.com

    ReplyDelete
  10. ധീരമായ ഈ പോരാട്ടത്തിനു എല്ലാ വിധ ആശംസകളും.

    ReplyDelete
  11. ഏഴാം ദിവസം


    ശരീരത്തിന് ക്ഷീണം ബാധിച്ചിട്ടുണ്ട്. മനസ്സിനെ ബാധിച്ചിട്ടില്ല. രണ്ടു ദിവസമായി അനവധി സംഘടനകള്‍ അഭിവാദ്യമര്‍പ്പിച്ച് പ്രകടനങ്ങളുമായി വന്നത് സന്തോഷമുണ്ടാക്കിയ കാര്യമാണ്. ലാലൂരിന് ചുറ്റുമുള്ള റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും പല ഭാഗങ്ങളിലുള്ള ചെറു ചെറു സംഘടനകളുമാണ് അധികവും വന്നത്. ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്റ തൃശൂര്‍ ഘടകം മുന്നൂറിലധികം പേരെ (ഭൂരിപക്ഷം സ്ത്രീകള്‍) സംഘടിപ്പിച്ചുവന്നത് ആവേശം തരുന്നതായിരുന്നു. എസ്.എന്‍.ഡി.പി.ക്കാര്‍, വിശ്വകര്‍മ്മസഭ, കൊടുങ്ങല്ലൂരിലെ സ്ത്രീകൂട്ടായ്മ തുടങ്ങി നിരവധി ചെറുപാര്‍ട്ടികളുമാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ വൈകുന്നേരം സാറാടീച്ചറുടെ നേതൃത്വത്തില്‍ നടന്ന ഐക്യദാര്‍ഢ്യപ്രകടനവും അവരുടെയും മറ്റു പലരുടെയും പ്രസംഗങ്ങളും നന്നായിരുന്നു.
    ഇന്നലെ സിനിമാ സംവിധായകന്‍ രണ്‍ജിത്തും സാംസ്‌കാരിക വേദി നാടകങ്ങളിലൂടെ ശ്രദ്ധേയനായ ജോയ് മാത്യുവും സഹപ്രവര്‍ത്തകരോടൊപ്പം വന്നത് സന്തോഷമുണ്ടാക്കിയ കാര്യമാണ്. പ്രത്യേകിച്ചും രണ്‍ജിത്ത് പറഞ്ഞ കാര്യം ആലോചിക്കാന്‍ വകനല്‍കി. സാമൂഹ്യരാഷ്ട്രീയപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് എഴുതിക്കൊണ്ടിരിക്കുന്ന ഞാന്‍ സിനിമാ രംഗത്തെക്കുറിച്ച്കൂടി എഴുതുന്നത് നന്നായിരിക്കുമെന്നാണ് രണ്‍ജിത്ത് പറഞത്. സിനിമകള്‍ കാണാറുണ്ടെങ്കിലും, സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറച്ച് തികച്ചും നിരക്ഷരനായതുകൊണ്ടും, കലാസാഹിത്യ രംഗങ്ങള്‍ എന്റെ മേഖലയല്ലന്ന തിരിച്ചറിവുള്ളതുകൊണ്ടും ആ മേഖലകളില്‍ ഇടപെടുകയില്ലെന്ന തീരുമാനമുള്ളതുകൊണ്ടുമാണ് എഴുതാത്തതെന്ന് ഞാന്‍ പറഞ്ഞു. അതു മനസ്സിലാവുന്നുണ്ടെന്നും, എങ്കിലും ഏറെ സാമൂഹ്യ സ്വാധീനം ചെലുത്തുന്ന മേഖലയായ സിനിമയെക്കുറിച്ച് പറയണമെന്ന് രണ്‍ജിത്ത് പറഞ്ഞപ്പോള്‍ അതേകുറിച്ച് ആലോചിക്കണമെന്ന് തോന്നി.
    രണ്ടുമൂന്നു ദിവസങ്ങള്‍കൊണ്ട് മാലിന്യമല നീക്കാനുള്ള നടപടികളും ദീര്‍ഘകാല പദ്ധതികളും തുടങ്ങുമെന്നെല്ലാം അധികൃതര്‍ പലരും വഴി അറിയിക്കുന്നുണ്ട്. രാവിലെ എം.എല്‍.എ. തേറമ്പില്‍ രാമകൃഷ്ണന്‍ വന്നു പറഞ്ഞത്, തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നാണ്. അഡ്വ. ജയശങ്കര്‍ വന്നു. '89-ല്‍ എ.വി.ആര്യനുവേണ്ടി ലാലൂര്‍ പ്രശ്‌നത്തിന്റെ കാര്യത്തില്‍ കോടതിയില്‍ ഹാജരായ കാര്യമാണ് ഓര്‍മ്മവരുന്നതെന്ന് പറഞ്ഞു. ഈ സമരത്തിന്റെ പഴക്കമാണ് ജയശങ്കറിന്റെ വാക്കുകള്‍ തെളിയിച്ചത്. കവി അന്‍വറും അനിതയും കൂടി വന്നു. അനിത നേരത്തെ വീട്ടില്‍ വന്നു സംസാരിച്ചിട്ടുണ്ട്. മുബൈയില്‍ മാലിന്യപ്രശ്‌നത്തെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് അവര്‍. വിഷയത്തെക്കുറിച്ച് ഏറെ സംസാരിച്ചു.

    ReplyDelete
  12. തൃശൂരില്‍ നടക്കാനിരിക്കുന്ന വിബ്ജിയോര്‍ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ വന്ന ആസ്‌ട്രേലിയയില്‍നിന്നു വന്ന സിനിമാ സംവിധായകന്‍ ഡേവിഡ് ബ്രാഡ്ബറിയും, അദ്ദേഹത്തിന്റെ കൂടെ ബാംഗ്ലൂരില്‍നിന്നുവന്ന ഛായാഗ്രാഹകനും ഡോക്യുമെന്ററി സംവിധായകനുമായ നവ്‌റോസ് കണ്‍ട്രാറ്ററും സമരപ്പന്തലില്‍ വന്നു. സിനിമാ നിരൂപകനായ ഐ.ഷണ്‍മുഖദാസ് ആണ് അവരെ കൂട്ടിക്കൊണ്ടുവന്നതും എനിക്ക് അവരെ പരിചയപ്പെടുത്തിയതും. ബ്രാഡ്ബറി ലാറ്റിനമേരിക്കയിലെ മുന്‍കാല സൈനികസ്വേച്ഛാധിപത്യ രാജ്യങ്ങളില്‍ പോയി രഹസ്യമായി ചെറുത്തുനില്പ് സമരങ്ങളെക്കുറിച്ച് ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ച് പ്രസിദ്ധനായ ആളാണ്. വിവിധ രാജ്യങ്ങളിലെ മാലിന്യപ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ് അതേക്കുറിച്ചുള്ള ഡോക്യുമെന്ററികളും അദ്ദേഹം ചെയ്യുന്നുണ്ട്. എന്റെ രാഷ്ട്രീയപശ്ചാത്തലം മനസ്സിലായപ്പോള്‍ അതിനെക്കുറിച്ച് അറിയാന്‍ താല്‍പര്യമായി. അതേക്കുറിച്ച് കൂടുതല്‍ സംസാരിച്ചത് നവ്‌റോസാണ്. അദ്ദേഹം പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോണ്‍ എബ്രഹാമിന്റെ കൂടെ ഒന്നരകൊല്ലം താമസിച്ച കാര്യം പറഞ്ഞു. കമ്യൂണിസം ഞാന്‍ ഉപേക്ഷിക്കാന്‍ ഇടയായതിന്റെ കാരണങ്ങളും ഇപ്പോഴത്തെ ലോകസാഹചര്യത്തില്‍ മുന്നോട്ടുള്ള ദിശ എന്താണെന്നതിനെക്കുറിച്ചുള്ള എന്റെ അഭിപ്രായവും ആണ് അവര്‍ ചോദിച്ചത്. അധികം സംസാരിക്കാന്‍ അനുവാദമില്ലാത്തതുകൊണ്ട് ചുരുക്കിപ്പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യം മാത്രമേ രാഷ്ട്രീയ രൂപമായി നമ്മുടെ മുന്നിലുള്ളു എന്നും അതിനൊരു തിരുത്തല്‍ ശക്തിയായി ഫിഫ്ത്ത് എസ്റ്റേറ്റ് പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്നും ഞാന്‍ വിശദീകരിച്ചപ്പോള്‍ അവരുടെ പ്രതികരണം അത്തരം നിലപാടുകളെ അനുകൂലിക്കുന്നവിധത്തിലായിരുന്നു.
    ഡേവിഡ് ബ്രാഡ്ബറിയുടെ ക്യാമറക്കണ്ണിന്റെ കൂര്‍മ്മത എന്നെ അതിശയിപ്പിക്കുകയുണ്ടായി. കുറച്ചുനേരം എന്നെയും ചുറ്റുപാടിനെയും ക്യാമറയില്‍ പകര്‍ത്തിയശേഷമാണ്, ഇവിടെ വന്നുപോയിട്ടുള്ള അനവധി ക്യാമറക്കാരാരും ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു ദൃശ്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഞാന്‍ കിടക്കുന്നതിന് പിന്നില്‍ തുണികൊണ്ട് ഉണ്ടാക്കിയിട്ടുള്ള മറയും അതിന്‍മേലുള്ള ബാനറുകളും പോസ്റ്ററുകളുമൊക്കെ കഴിഞ്ഞ് മുകളിലേയ്ക്ക് നോക്കിയാല്‍ ബാക്കിയുള്ള ചെറിയ വിടവിലൂടെ പിന്നിലുള്ള കോര്‍പ്പറേഷന്‍ കെട്ടിടത്തിനു മുകളിലുള്ള ദേശീയ പതാക കാണാം. ആ പതാകയില്‍നിന്ന് തുടങ്ങി ഞാന്‍ കിടക്കുന്നിടം വരെ അദ്ദേഹം വീഡിയോ ക്യാമറ ചലിപ്പിക്കുകയായിരുന്നു. രണ്ടുമൂന്നാവര്‍ത്തി താഴോട്ടും മുകളിലോട്ടും ക്യാമറ ചലിപ്പിച്ചു. ഒരപൂര്‍വ്വ ദൃശ്യം കിട്ടിയതിന്റെ ആവേശം അദ്ദേഹം വാക്കുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു.

    ReplyDelete
  13. കുറച്ചു ദിവമായി ഇവിടെ നടക്കുന്ന രാഷ്ട്രീയ കളിയെക്കുറിച്ചുകൂടി പറയേണ്ടതുണ്ട്. ലാലൂരിനെക്കുറിച്ച് ഒരു മണിക്കൂര്‍ പ്രത്യേക പ്രോഗ്രാം ചെയ്യാനായി റിപ്പോര്‍ട്ടര്‍ ചാനലുകാര്‍ വന്നു. ലാലൂര്‍ മാലിന്യമലയ്ക്കു സമീപം തന്നെ ഷൂട്ട് ചെയ്യാനായിരുന്നു പ്ലാന്‍. ഇടയ്ക്ക് എന്നെ ഫോണില്‍ വിളിക്കുമെന്ന് പറഞ്ഞിട്ടാണ് പോയത്. കുറെ നാട്ടുകാരേയും വിവിധ പാര്‍ട്ടിക്കാരേയും അണിനിരത്തി പരിപാടി തുടങ്ങി. കുറച്ചുകഴിഞ്ഞ് എന്നെ വിളിച്ച് കണക്ട് ചെയ്യുകയാണെന്ന് പറഞ്ഞു. അല്പം കഴിഞ്ഞപ്പോള്‍ ഫോണ്‍ കട്ടാവുകയും ചെയ്തു. കുറച്ചുകഴിഞ്ഞപ്പോഴാണ് അവിടെനിന്നും വിവരം കിട്ടിയത്. ഒരുവട്ടം സംസാരം കഴിഞ്ഞപ്പോള്‍ ചാനലുകാര്‍ എന്നെ ഫോണില്‍ ബന്ധപ്പെടുകയാണെന്ന് പറഞ്ഞതോടെ സി.പി.എം. മുന്‍ ജില്ലാ സെക്രട്ടറി ബേബി ജോണ്‍ ക്ഷുഭിതനായി ചോദിച്ചുവെത്ര; ഏതു വേണു? അയാള്‍ക്കിതിലെന്ത് കാര്യം? എന്നൊക്കെ. ഉടനെ അയാളുടെ പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെ അവിടെയുണ്ടായിരുന്ന ലാലൂര്‍ക്കാര്‍ ക്ഷുഭിതരാവുകയും ബേബി ജോണ്‍ തുടര്‍ന്ന് പങ്കെടുക്കരുതെന്ന് വിളിച്ചുപറയുകയും ചെയ്തു. ബേബി ജോണ്‍ ഇറങ്ങിയതോടെ മറ്റു ചില പാര്‍ട്ടിക്കാരും ഇറങ്ങി. പക്ഷേ, മറ്റു പാര്‍ട്ടിക്കാര്‍ ഉടനെ തിരിച്ചുവന്ന് പങ്കെടുക്കാമെന്ന് പറഞ്ഞു. അപ്പോഴേയ്ക്കും ചാനലുകാര്‍ പരിപാടി റദ്ദാക്കി. എന്റെയടുത്ത് വന്ന് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാണ് അവര്‍ പോയത്.
    രണ്ടു ദിവസമായി സി.പി.എം. ലാലൂര്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ചുകൊല്ലം ഇടതുമുന്നണി കോര്‍പ്പറേഷന്‍ ഭരിച്ചപ്പോള്‍ ലാലൂര്‍ പ്രശ്‌നപരിഹാരത്തിനായി ഒന്നും ചെയ്യാതിരിക്കുകയും, അന്നത്തെ മുഖ്യമന്ത്രി അച്യുദാനന്ദന്റെ നേതൃത്വത്തില്‍ 'ലാലൂര്‍ മാതൃക വികേന്ദ്രീകൃത മാലിന്യ സംസ്‌കരണപദ്ധതി' ആവിഷ്‌കരിച്ച് കോര്‍പ്പറേഷന്റെ സമ്മതത്തോടെ അടിയന്തിരമായി നടപ്പിലാക്കാന്‍ തീരുമാനിച്ചതാണ്. ഒരു വര്‍ഷത്തിലധികം ഒന്നും ചെയ്യാതെ ആ പദ്ധതിയെ തുരങ്കം വെച്ചു. അന്നു ജില്ലാ സെക്രട്ടറിയായിരുന്ന ബേബിജോണും മേയറായിരുന്ന ബിന്ദുവൊക്കെയാണ് ഇപ്പോള്‍ ലാലൂര്‍ സമരത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഞങ്ങളുടെ സമരപ്പന്തലിന് തൊട്ടപ്പുറത്ത് വന്ന് അവരുടെ മഹിളാസംഘടനയുടെ ലാലൂര്‍ സമരപ്രകടനം ഉദ്ഘാടനം ചെയ്തു. ഈ സമരപ്പന്തലിന് മുന്നിലൂടെ പോകുമ്പോള്‍ ഇങ്ങോട്ടൊന്നും നോക്കുകപോലും ചെയ്തില്ല. ബേബിജോണിനോടും ബിന്ദുവിനോടുമൊക്കെ എനിക്ക് സഹതാപമേയുള്ളു. അവരുടെ പ്രവര്‍ത്തികള്‍ ജനാധിപത്യ രാഷ്ട്രീയ സംസ്‌കാരത്തിന് വിരുദ്ധമാണെന്ന് തിരിച്ചറിയാത്ത അവരുടെ രാഷ്ട്രീയസമീപനത്തിനോടുള്ള സഹതാപം.

    ReplyDelete
  14. "അന്നു ജില്ലാ സെക്രട്ടറിയായിരുന്ന ബേബിജോണും മേയറായിരുന്ന ബിന്ദുവൊക്കെയാണ് ഇപ്പോള്‍ ലാലൂര്‍ സമരത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്." സത്യത്തിൽ ഇതൊക്കെ തന്നെയാണ്‌ സർ യതാർഥ മാലിന്യങ്ങൾ

    ReplyDelete
  15. ഇന്ന് രാവിലെ 6.30 ന് കെ. വേണുവിനെ അറസ്റ്റ് ചെയ്ത് തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ നിരാഹാരം തുടരുന്നു.
    നിരാഹാരം തുടരുന്ന വേണുജിക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രക്യാപിക്കുന്നു.

    ReplyDelete
  16. കെ.വി ക്ക് അഭിവാദ്യങ്ങള്‍!!

    ReplyDelete
  17. സമരാന്ത്യം
    ആരോഗ്യം വീണ്ടെടുത്തുവരുന്നു. സുഹൃത്തുക്കളും സമരത്തിന്റെ കൂടെ നില്ക്കുന്നവരുമായ ഡോക്ടര്‍മാര്‍ എം.ആര്‍.ജി, ഇ.ദിവാകരന്‍, ബ്രഹ്മപുത്രന്‍, ആനന്ദ് തുടങ്ങിയവരുടെ ടീമിന്റെ അഭിപ്രായം എനിയ്ക്ക് 15 ദിവസം തുടരാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നായിരുന്നു. 20 ദിവസം വരെ തുടരാനും മാനസികമായി ഞാന്‍ തയ്യാറിലായിരുന്നു. വിശപ്പ് ആദ്യത്തെ രണ്ടുമൂന്നു ദിവസം മാത്രമേ അനുഭവപ്പെട്ടിരുന്നുള്ളു. പിന്നെ ഒരുതരം മരവിപ്പായിരുന്നു. വെള്ളം തന്നെ ഇടയ്ക്കിടെ കുടിയ്ക്കുന്നത് ഒരുതരം അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. സോഡിയവും ഷുഗറും ക്രമാതീതമായി കുറഞ്ഞിരിക്കുന്നു, പ്രഷര്‍ അത്യധികം വര്‍ദ്ധിച്ചിരുന്നു എന്നും പറഞ്ഞാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റിച്ചത്. ആശുപത്രിയിലെത്തിയാല്‍ നിരാഹാരം തുടങ്ങുന്നതിന് ക്ലേശകരമായ ചെറുത്തുനില്പ് ആവശ്യമായി വരുമെന്ന ആശങ്ക ഉണ്ടായിരുന്നു. പക്ഷേ, ജില്ലാ ആശുപത്രി ഡോക്ടര്‍മാര്‍ എന്റെ സമ്മതമില്ലാതെ മരുന്നോ ഫഌയിഡുകളോ എനിയ്ക്ക് നല്‍കാന്‍ പാടില്ലെന്ന് കര്‍ശനമായ നിലപാട് ഞാനെടുത്തപ്പോള്‍ നിയമവിരുദ്ധമായി അങ്ങിനെ ചെയ്യാന്‍ മുതിര്‍ന്നില്ല. അത് വലിയൊരു സംഘര്‍ഷാവസ്ഥയാണ് ഒഴിവാക്കിയത്. പതിനൊന്നാം ദിവസമായപ്പോഴേയ്ക്കും എം.ജി.എസ്.നാരായണന്‍, ബി.ആര്‍.പി. ഭാസ്‌കര്‍, സുഗതകുമാരി ഡോ.കെ.കെ.ജോര്‍ജ് തുടങ്ങി അനവധിപേര്‍ നിരാഹാരം പിന്‍വലിക്കാന്‍ എന്നെ നിര്‍ബ്ബന്ധിച്ചുകൊണ്ടിരുന്നു. ചിലര്‍ മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയും ബന്ധപ്പെടുകയും ചെയ്തിരുന്നു. വൈകുന്നേരമായപ്പോഴേയ്ക്കും സമരം അവസാനിപ്പിക്കാവുന്ന അന്തരീക്ഷം സജ്ജമാവുകയും ചെയ്തു. മോശമല്ലാത്ത ഒരു സമരാന്ത്യം തന്നെയായിരുന്നു അത്. തൃശൂര്‍ കോര്‍പ്പറേഷന്റെ നിഷ്‌ക്രിയത്വത്തെ മറികടക്കാന്‍ മുഖ്യമന്ത്രി സ്വീകരിച്ചത് കടുത്ത നടപടിതന്നെയാണ്. മാലിന്യമല നിക്ഷേപിക്കാനുള്ള റോഡുപണി നേരിട്ട് PWD യെ ഏല്പിച്ചത് അങ്ങിനെയാണ്. അതിനിയും തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെട്ടുകൂടെന്നില്ല.
    ലാലൂര്‍ പ്രശ്‌നവും മാലിന്യപ്രശ്‌നവും കൂടുതല്‍ വിപുലമായ തലത്തില്‍ ശ്രദ്ധിക്കാനിടയായി എന്നതാണ് ഈ സമരത്തിന്റെ പ്രധാന ഫലം. അതിനപ്പുറമുള്ള പ്രായോഗിക നേട്ടങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തുടര്‍ന്നു സമരങ്ങള്‍ വേണ്ടിവരും. ജനങ്ങള്‍ തിരഞ്ഞെടുത്തയച്ച കോര്‍പ്പറേഷന്‍ കൗണ്‍സില്‍ എത്രമാത്രം നിരുത്തരവാദപരമായും സത്യസന്ധതയില്ലാതെയും വഞ്ചനാപരവുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന തീവ്രാനുഭവമാണ് ഈ നിരാഹാരനാളുകളില്‍ എനിയ്ക്കുണ്ടായത്. ജനങ്ങള്‍ തിരഞ്ഞെടുത്തയയ്ക്കുന്ന ജനപ്രതിനിധികള്‍ അധികാരം തങ്ങളുടെ കുത്തകയാക്കുന്നതു വഴി പാര്‍ലമെന്ററി ജനാധിപത്യം നേരിടുന്ന ഘടനാപരായ പ്രതിസന്ധിയെക്കുറിച്ച് സമീപകാല ലേഖനങ്ങളില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. അതിന്റെ പ്രായോഗിക രൂപമാണ് ഇവിടെ കണ്ടത്. ഈ അവസ്ഥയെ നേരിടാന്‍ തൃശൂര്‍ സിവില്‍ സമൂഹത്തിന് എന്തു ചെയ്യാന്‍ കഴിയുമെന്നതിനെക്കുറിച്ചാണ് ഞാനും സുഹൃത്തുക്കളും ചിന്തിച്ചുകൊണ്ടിരിക്കുന്നത്. താമസിയാതെതന്നെ ചില പ്രായോഗിക പദ്ധതികള്‍ക്ക് രൂപം നല്‍കും. അതിനെക്കുറിച്ച് വഴിയെ.

    ReplyDelete
  18. Abhivadyangal Sre K. Venu

    ReplyDelete