Saturday, 21 June 2014

നരേന്ദ്രമോദി സര്‍ക്കാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍


കുറിപ്പ് : മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ എഴുത്തിയ ഈ ലേഖനം ജൂണ്‍ 2-ന്  മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക്് അയച്ചുകൊടുത്തതാണ്. ലേഖനം പക്ഷേ, പ്രസിദ്ധീകരിക്കപ്പെട്ടില്ല. തുടര്‍ന്ന്, പുതിയ ഗവണ്‍മെന്റിന്റെ നയസമീപനം പുറത്തുവന്നതിനുശേഷം അതിനെക്കുറിച്ച് മാതൃഭൂമി പത്രത്തിലേക്ക് അയച്ച ലേഖനവും (12-6-14) പ്രസിദ്ധീകരിച്ചില്ല. മുന്‍പ് സത്‌നാം സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള വസ്തുതകള്‍ വിശദമായി അന്വേഷിച്ചെഴുതി അയച്ചുകൊടുത്ത ലേഖനവും (2-4-2013-ല്‍) മാതൃഭൂമി ആഴ്ചപ്പതില്‍ പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചിട്ടുണ്ട്. അതിനുപക്ഷേ, ആഴ്ചപ്പതിപ്പില്‍ അമ്മയ്‌ക്കെതിരായി ഒന്നും പ്രസിദ്ധീകരിക്കരുതെന്ന് മുകളില്‍നിന്നുള്ള തീരുമാനമുണ്ടെന്ന ന്യായീകരണം മറുപടിയായി ലഭിച്ചിരുന്നു. പക്ഷേ, മോദിക്കെതിരെയുള്ള ലേഖനം പ്രസിദ്ധീകരിക്കാതിരിക്കുന്നതിന് കാരണമെന്തെന്ന് അറിയില്ല...


നരേന്ദ്രമോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ അവസ്ഥയെ യാഥാര്‍ത്ഥ്യ ബോധത്തോടുകൂടി മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. എങ്കില്‍ മാത്രമേ മതേതര ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ക്ക് തങ്ങളുടെ മുന്നിലുള്ള വെല്ലുവിളികള്‍ തിരിച്ചറിയാനും പരിഹാരമാര്‍ഗ്ഗങ്ങള്‍ക്കുവേണ്ടി ഗൗരവപൂര്‍വ്വം അന്വേഷിക്കാനുമാകൂ. ആ ദിശയിലുള്ള ഒരന്വേഷണത്തിന് തുടക്കമിടാനാണ് ഇവിടെ ശ്രമിക്കുന്നത്.

ഇന്ത്യന്‍ മതേതര ജനാധിപത്യം പക്വതനേടിക്കൊണ്ടിരിക്കുകയാണെന്നും, ഈ വ്യവസ്ഥയുടെ സങ്കീര്‍ണ്ണതകള്‍ നിമിത്തം ഹിന്ദുത്വരാഷ്ട്രീയത്തിന് മേധാവിത്വം നേടുക എളുപ്പമാവില്ലെന്നും ഈ ലേഖകനടക്കം പലരും ചിന്തിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തുവന്നതോടെ, ബി.ജെ.പി. മുന്നണിയായിരിക്കും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കുകയെന്നും, മറ്റു ചില കക്ഷികളെക്കൂടി കൂടെ ചേര്‍ത്ത് അവര്‍ക്ക് ഭരിക്കാനാകുമെന്നുമുള്ള ധാരണ ബലപ്പെട്ടിരുന്നു. പക്ഷേ, അത്തരം കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ചുകൊണ്ടാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. കേവല ഭൂരിപക്ഷം നേടിയത്. മാത്രമല്ല, എന്‍.ഡി.എ.യില്‍ ചേരാന്‍ സന്നദ്ധമായേക്കാവുന്ന ഒന്നുരണ്ടു കക്ഷികളെക്കൂടി ചേര്‍ത്താല്‍ ലോകസഭയില്‍ ബി.ജെ.പി. മുന്നണിയ്ക്ക് മുന്നില്‍ രണ്ടു ഭൂരിപക്ഷമാവുകയും ചെയ്യും. നമ്മുടെ മതേതര ജനാധിപത്യവ്യവസ്ഥയ്ക്ക് മുന്നില്‍ ആര്‍ക്കും അവഗണിയ്ക്കാനാവാത്ത വെല്ലുവിളി തന്നെയാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ ചെയ്ത സത്യപ്രതിജ്ഞയെ കാറ്റില്‍ പറത്തിക്കൊണ്ട് വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഏറ്റവും നീചമായ രീതിയില്‍ അധികാര ദുര്‍വിനിയോഗം നടത്തിയ ഒരാള്‍ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ നടത്തിയ സത്യപ്രതിജ്ഞയെ എത്രത്തോളം മുഖവിലയ്‌ക്കെടുക്കാനാവും?.   പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുമ്പോഴും തുടര്‍ ദിവസങ്ങളിലും നരേന്ദ്രമോദി നടത്തിക്കൊണ്ടിരിയ്ക്കുന്ന പ്രസ്ഥാവനകളെ അടിസ്ഥാനമാക്കി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് വിലയിരുത്താനാവില്ല. അദ്ദേഹത്തിന്റെ ചെയ്തികള്‍ തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്.

ഏതായാലും ഈ തിരഞ്ഞെടുപ്പുഫലം ഈ വിധമായത് എന്തുകൊണ്ട്, എങ്ങിനെ എന്നുകൂടി പരിശോധിച്ചുകൊണ്ട് നമുക്ക് പ്രധാന വിഷയത്തിലേയ്ക്ക് കടക്കാം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ 80 കോടിയില്‍പ്പരം വോട്ടര്‍മാര്‍ പങ്കെടുത്ത തിരഞ്ഞെടുപ്പ്, പങ്കെടുത്ത പാര്‍ട്ടികള്‍ക്കോ വോട്ടര്‍മാര്‍ക്കോ പരാതിയില്ലാത്ത വിധം, വിദേശ നിരീക്ഷകരുടെ പ്രശംസ വാങ്ങിക്കൊണ്ട് നടത്താന്‍ ഇലക്ഷന്‍ കമ്മീഷനായി എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ പക്വതയെ തന്നെയാണ് കാണിക്കുന്നത്. അതേ സമയം, 31 ശതമാനം മാത്രം വോട്ടുനേടിയ ബി.ജെ.പിയ്ക്ക് കേവല ഭൂരിപക്ഷം നേടാനായി എന്നത് നമ്മുടെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ വലിയൊരു ദൗര്‍ബ്ബല്യവുമാണ്. ഇതൊരു പുതിയ കാര്യമല്ല. ഇതിന് മുമ്പും പല പാര്‍ട്ടികളും കുറഞ്ഞ വോട്ടുനേടി അധികാരത്തിലെത്തിയിട്ടുണ്ട്. ത്രികോണ, ചതുഷ്‌ക്കോണ, പഞ്ചകോണ മത്സരങ്ങള്‍ നടക്കുമ്പോള്‍ 30 ശതമാനത്തില്‍ താഴെ വോട്ടുകിട്ടിയവര്‍ ജയിക്കുന്നു എന്നത് ജനാധിപത്യത്തെ അപഹാസ്യമാക്കുന്ന സംഗതി തന്നെയാണ്. പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ ദൂഷ്യം തിരുത്താനായി ശ്രമങ്ങളൊന്നും നടന്നിട്ടില്ല.

മത, ജാതി, സാംസ്‌കാരിക വൈജാത്യങ്ങള്‍ കൊണ്ട് സങ്കീര്‍ണ്ണമായ ഇന്ത്യന്‍ സമൂഹത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് എളുപ്പത്തില്‍ മേധാവിത്വം നേടാനാവില്ലെന്ന വിലയിരുത്തല്‍ ഈ തിരഞ്ഞെടുപ്പില്‍ പൊളിഞ്ഞിരിക്കുകയാണ്. ബി.ജെ.പി.യുടെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ മുന്നേറ്റത്തെ കഴിഞ്ഞ രണ്ടുദശകക്കാലമായി ഫലപ്രദമായി തടഞ്ഞുനിറുത്തിയിരുന്ന യു.പി.യിലെയും ബീഹാറിലെയും ജാതിരാഷ്ട്രീയ പാര്‍ട്ടികളെ മറികടക്കാന്‍ ബി.ജെ.പിയ്ക്ക് കഴിഞ്ഞിരിക്കുന്നു. അതേ സമയം ഭാഷാധിഷ്ഠിതവും പ്രാദേശികവുമായ പാര്‍ട്ടികള്‍ തമിഴ്‌നാട്, തെലുങ്കാന, സീമാന്ധ്രാ, ഒഡീസ, പശ്ചിമബാംഗാള്‍ എന്നിവിടങ്ങളിലെ പ്രബല പാര്‍ട്ടികള്‍ ഹിന്ദുത്വരാഷ്ട്രീയത്തിന് വഴങ്ങിയില്ല. ബീഹാറില്‍ ലല്ലുപ്രസാദിന്റെ ആര്‍.ജെ.ഡിയ്ക്ക് വോട്ടുശതമാനം കുറയുകയല്ല, ചെറിയ തോതില്‍ കൂടുകയാണുണ്ടായത്. എന്‍.ഡി.എ. ഘടകകക്ഷിയായിരുന്ന ജെ.ഡി.യു. മുന്നണി വിട്ടപ്പോള്‍ നഷ്ടപ്പെട്ടത് മറ്റ് ഘടകക്ഷികളുടെ വോട്ടുകൂടിയായിരിക്കാം. അതേതായാലും ബി.ജെ.പിയ്ക്ക് ഗുണമായി. യു.പി.യില്‍ മുലായംസിങ്ങ് യാദവിന്റെ എസ്.പി.യ്ക്ക് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടുശതമാനത്തില്‍ നേരിയ കുറവേ ഉണ്ടായുള്ളൂ. പക്ഷേ, ബി.എസ്.പി.യ്ക്ക് വോട്ടുശതമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായി. യു.പി.യില്‍ ശക്തമായ ചതുഷ്‌ക്കോണ മത്സരമാണ് നടന്നത്. ആ സാഹചര്യത്തില്‍ വോട്ട് ശതമാനത്തിലെ നേരിയ ഏറ്റക്കുറച്ചിലുകള്‍ സീറ്റുകളുടെ കാര്യത്തില്‍ വലിയ ഏറ്റക്കുറച്ചിലുകളായി മാറുന്നു. ഏത് നിയോജകമണ്ഡലത്തിലും വോട്ടര്‍മാരുടെ 50 ശതമാനത്തിലധികം വോട്ടുലഭിക്കുന്ന ആളേ സാമാജികനാകൂ എന്ന വ്യവസ്ഥയുണ്ടായാലേ ജനാധിപത്യം സാര്‍ത്ഥകമാകൂ. നമ്മുടെ ജനാധിപത്യത്തില്‍ ഇത്തരമൊരു വ്യവസ്ഥയില്ലാത്തതുകൊണ്ട്, 30 ശതമാനം വോട്ടുകിട്ടുന്നവര്‍ക്ക് ജനാധിപത്യത്തെ തന്നെ തകര്‍ക്കാന്‍ അവസരം ലഭിയ്ക്കുന്ന സാഹചര്യമാണ് ഉടലെടുക്കുന്നത്.
ഉത്തര്‍പ്രദേശില്‍ ജാതിരാഷ്ട്രീയത്തെ മറികടക്കാനായി മോദി മുഖ്യമായും ഉപയോഗിച്ചത് വര്‍ഗ്ഗീയതയുടെ കാര്‍ഡാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം ലഭിച്ച ഉടനെ മോദി ചെയ്തത്, ഗുജറാത്തില്‍ തന്റെ അധികാര ദുര്‍വ്വിനിയോഗങ്ങള്‍ക്കെല്ലാം വലംകയ്യായി നിന്ന അമിത് ഷായെ ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പു ചുമതലക്കാരനായി അയയ്ക്കുകയാണ്. അമിത് ഷായുടെ ആസൂത്രണഫലമായി നടന്നതെന്ന് കരുതപ്പെടുന്ന മുസഫര്‍ നഗര്‍ വര്‍ഗ്ഗീയ കലാപവും തുടര്‍ന്ന് സംഭവിച്ചുകൊണ്ടിരുന്ന ചെറു ചെറു വര്‍ഗ്ഗീയ സംഘട്ടനങ്ങളും യു.പി.യില്‍ പ്രകടമായ വര്‍ഗ്ഗീയചേരിതിരിവ് സൃഷ്ടിച്ചു എന്നതൊരു വസ്തുതയാണ്. ആരംഭത്തില്‍ മുസ്ലിംങ്ങള്‍ സ്വയം സംഘടിക്കാന്‍ നിര്‍ബ്ബന്ധിതമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. മുസ്ലിംങ്ങള്‍ സ്വയം സംഘടിക്കുന്നു എന്നു ചൂണ്ടിക്കാട്ടി ഹിന്ദുക്കളെ സംഘടിപ്പിക്കുന്ന തന്ത്രമാണ് പ്രയോഗിക്കപ്പെട്ടത്. ഇതുകൊണ്ട് ഉത്തര്‍ പ്രദേശില്‍ വര്‍ഗ്ഗീയ ധ്രുവീകരണം പൂര്‍ണ്ണമായി എന്നൊന്നും അര്‍ത്ഥമില്ല. പിന്നോക്ക ദളിത് വിഭാഗങ്ങളില്‍ നിന്ന് ചെറിയൊരു വിഭാഗത്തെ ആകര്‍ഷിക്കാന്‍ ഹിന്ദുത്വരാഷ്ട്രീയത്തിന് കഴിഞ്ഞു എന്നുമാത്രം. ജാതിരാഷ്ട്രീയത്തിന്റെ അടിത്തറ തകര്‍ന്നിട്ടുമില്ല.
മോദിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ മറ്റൊരു പ്രധാനവശം അമിത് ഷാ ഉത്തര്‍പ്രദേശില്‍ സമര്‍ത്ഥമായി നടപ്പിലാക്കുകയുണ്ടായി. വര്‍ഗ്ഗീയ ധ്രുവീകരണ പ്രചരണം ഫലപ്രദമായി ഗ്രാമാന്തരങ്ങളിലേയ്ക്ക് എത്തിക്കുന്നതിനോടൊപ്പം പുതിയൊരു വികസന സങ്കല്‍പ്പവും ജനങ്ങളിലെത്തിയ്ക്കാന്‍ പാകത്തിലുള്ള ഒരു പ്രചരണ പദ്ധതിയാണ് നടപ്പിലാക്കപ്പെട്ടത്. കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് വിദഗ്ധനായ അമിത് ഷാ സോഷ്യല്‍ എഞ്ചിനീയറിങ്ങ് രീതികളാണ് പ്രയോഗിച്ചത്. മുഴുവന്‍ കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്കിടയ്ക്ക് ആയിരക്കണക്കിന് ക്ലാസ്സുകളാണ് നടത്തിയത്. വിദ്യാര്‍ത്ഥികളില്‍നിന്നും യുവാക്കളില്‍നിന്നും തിരഞ്ഞെടുത്ത ഏറ്റവും കഴിവുള്ള നൂറുകണക്കിന് വളണ്ടിയര്‍മാര്‍ക്ക് പ്രത്യേക ക്യാമ്പുകളില്‍ പരിശീലനം. ഇത് കഴിഞ്ഞുപോകുന്ന ഓരോ പ്രവര്‍ത്തകനും ഒരു വാഹനവും ആധുനിക പ്രചരണ സംവിധാനങ്ങളും. പഴയ പാര്‍ട്ടി സംവിധാനമൊന്നും അധികം ഉപയോഗപ്പെടുത്താതെയുള്ള രീതിയായിരുന്നു ഇത്. പരാജയപ്പെട്ട എം.എല്‍.എ.മാരും എം.പി.മാരും എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് കണ്ടെത്തി, അത്തരം വീഴ്ചകള്‍ സംഭവിക്കാത്ത പുതിയ സ്ഥാനാര്‍ത്ഥികളെ അണിനിരത്തുകയാണ് ചെയ്തത്. അവസാനം തിരഞ്ഞെടുപ്പു ദിവസം ഒരു ലക്ഷത്തോളം ബൂത്തുകളുള്ള യു.പി.യില്‍ ഓരോ ബൂത്തിലും പത്തുവീതം വോട്ടര്‍മാരെ എത്തിയ്ക്കാന്‍ ഓരോ ബൊലേറോ കാറും സജ്ജമായിരുന്നത്രെ. തിരഞ്ഞെടുപ്പുകാലത്ത് ആരും ശ്രദ്ധിക്കാതെ പോയ ഇത്തരം സംഗതികള്‍ തിരഞ്ഞെടുപ്പുഫലം വന്നതിനുശേഷമാണ് വാര്‍ത്തകളായി വരാന്‍ തുടങ്ങിയത്.

എല്ലാവരും ശ്രദ്ധിച്ച അച്ചടി, ദൃശ്യ മാധ്യമങ്ങളിലെ അരങ്ങു തകര്‍ക്കുന്ന പ്രചരണത്തിനും സൈബര്‍ മേഖലയിലെ കോലാഹലങ്ങള്‍ക്കും അപ്പുറം ഗ്രാമങ്ങളിലെ  സാധാരണക്കാരിലേയ്ക്കും,  പ്രത്യേകിച്ച് യുവജനങ്ങളിലേയ്ക്കും, എത്തിച്ചേരുന്ന ഒരു പ്രചരണ രീതിയുടെ ചിത്രമാണ് നാം മുകളില്‍ കണ്ടത്. ഇന്ത്യയിലെ വോട്ടര്‍മാരില്‍ 65 ശതമാനവും 35 വയസ്സില്‍ താഴെയുള്ളവരായതുകൊണ്ട് വികസന സാധ്യതകളെയും തൊഴില്‍ സാധ്യതകളെയും കുറിച്ചുള്ള പ്രചരണങ്ങള്‍ അവരെ സ്വാധീനിക്കുക സ്വാഭാവികം തന്നെയാണ്. അഖിലേന്ത്യാ തലത്തില്‍ ബി.ജെ.പിയ്ക്ക് 31 ശതമാനം വോട്ടുലഭിച്ചപ്പോള്‍ യു.പി.യില്‍ അത് 42 ശതമാനമായതും ഈ കേന്ദ്രീകൃത പ്രവര്‍ത്തന പദ്ധതിയുടെ ഫലം തന്നെയായിരുന്നു. അമിത് ഷായുടെ നേതൃത്വത്തില്‍ നടന്നതുപോലുള്ള കേന്ദ്രീകരിച്ച പ്രവര്‍ത്തനം യു.പി.യിലും ഗുജറാത്തിലും മാത്രമേ സാധ്യമായുള്ളൂ. എങ്കിലും, മറ്റ് സംസ്ഥാനങ്ങളിലും മോദി ശൈലിയുടെ സ്വാധീനം പ്രകടമായിരുന്നു. പൊതുവായ രാഷ്ട്രീയാന്തരീക്ഷം ഉണ്ടാക്കുന്നതിന് മോദി ബോധപൂര്‍വ്വം ആസൂത്രിത പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചു. കുറെയെല്ലാം വിജയിക്കുകയും ചെയ്തു. ഇന്ത്യയുടെ തെക്കും കിഴക്കും മേഖലകളിലേയ്ക്ക് മോദി രാഷ്ട്രീയത്തിന് കാര്യമായി കടന്നുചെല്ലാനായിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ട സംഗതിയാണ്. എങ്കിലും ഇതിനുമുമ്പ് ഒരിക്കലും സാധ്യമല്ലാത്ത വിധം ബി.ജെ.പി അഖിലേന്ത്യാ പാര്‍ട്ടി ആവുന്നതിലേയ്ക്ക് അടുത്തിരിയ്ക്കുകയാണെന്നും കാണാതിരുന്നുകൂടാ.

ഇന്ത്യന്‍ ജനാധിപത്യത്തെ ഔപചാരികമായി അംഗീകരിക്കുമ്പോഴും ഇന്ത്യയെ ഒരു ഹിന്ദുമതാധിഷ്ഠിത രാഷ്ട്രമാക്കുമെന്ന് പരസ്യമായി ലക്ഷ്യപ്രഖ്യാപനം നടത്തിയിട്ടുള്ള ഒരു പാര്‍ട്ടി ഈ രീതിയില്‍ മുന്നേറുമ്പോള്‍, മതേതര ജനാധിപത്യ ശക്തികള്‍ നേരിടുന്ന വെല്ലുവിളി ചെറുതല്ല. ഇന്ത്യയില്‍ ഇപ്പോഴും മതേതര ജനാധിപത്യ ശക്തികള്‍ക്ക് വന്‍ ഭൂരിപക്ഷമുണ്ടെങ്കിലും അവരുടെ ശിഥിലീകൃതാവസ്ഥ അവരെ ദുര്‍ബ്ബലരാക്കിയിരിക്കുന്നു. ഇപ്പോഴും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അഖിലേന്ത്യാ പാര്‍ട്ടിയുടെ സംഘടനയും വോട്ടുബാങ്കുമുള്ളത് കോണ്‍ഗ്രസ്സിന് തന്നെയാണ്. പക്ഷേ, കഴിഞ്ഞ പത്തുകൊല്ലത്തെ തുടര്‍ച്ചയായ ഭരണം കൊണ്ട് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പ്രതീകമായി കോണ്‍ഗ്രസ്സ് മാറി. സര്‍ക്കാരിനെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിന് ഒരു നേതൃത്വം പോലുമില്ലാത്ത അവസ്ഥയിലായി. കുടുംബവാഴ്ചയുടെ ഫലമായിട്ടാണെങ്കിലും രാഹുല്‍ഗാന്ധിയ്ക്ക് ലഭിച്ചത് അസുലഭ സന്ദര്‍ഭങ്ങളാണ്. പക്ഷേ, അദ്ദേഹത്തിനോ, അദ്ദേഹത്തിന്റെ ഉപദേശക സംഘത്തിനോ ആ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനായില്ല. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ജനങ്ങള്‍ നല്‍കിയത് അര്‍ഹമായ പ്രഹരം തന്നെയായിരുന്നു. ഒരു വിഭാഗം ഭാഷാധിഷ്ഠിതവും പ്രാദേശികവുമായ പാര്‍ട്ടികള്‍ നടത്തിയ ചെറുത്തുനില്‍പ്പ് ഇന്ത്യന്‍ മതേതര ജനാധിപത്യത്തിന് നല്‍കിയ സംഭാവന ചെറുതല്ല. പരാജയപ്പെട്ടെങ്കിലും സ്വന്തം സാമൂഹ്യാടിത്തറ ഒരു പരിധിവരെയെങ്കിലും പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞ പിന്നോക്ക, ദളിത് പാര്‍ട്ടികളും അവരുടേതായ പങ്ക് വഹിച്ചത് ശ്രദ്ധേയം തന്നെയാണ്. പക്ഷേ, ഈ പാര്‍ട്ടികള്‍ ത്രികോണവും, ചതുഷ്‌ക്കോണവും മത്സരങ്ങള്‍ സൃഷ്ടിച്ച് മതേതര ജനാധിപത്യ ശക്തികളുടെ കരുത്ത് സ്വയം ചേര്‍ത്തിക്കളയുകയായിരുന്നു.

മതേതരജനാധിപത്യ ശക്തികളുടെ ചേരിയില്‍ ഉടലെടുത്ത ആം ആദ്മി പാര്‍ട്ടിയെന്ന നൂതന സംരംഭവും തനതായ ഒരു പങ്ക് വഹിക്കുകയുണ്ടായി. പാര്‍ലമെന്ററി ജനാധിപത്യം, ഇന്ത്യയില്‍ മാത്രമല്ല, ലോക നിലവാരത്തില്‍ തന്നെയും നേരിട്ടുകൊണ്ടിരിക്കുന്ന അപചയ പ്രവണതയ്ക്ക് മറുപടിയെന്നോണം നൂതന ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഒരു മാതൃകയാണ് അവര്‍ അവതരിപ്പിയ്ക്കാന്‍ ശ്രമിച്ചത്. ജനാധിപത്യ ഭരണ സമ്പ്രദായത്തിന്റെ അപചയമുഖങ്ങളായ അഴിമതിയും കെടുകാര്യസ്ഥതയും പരിഹരിക്കുന്നതിന് രാഷ്ട്രീയവും ഭരണവും സുതാര്യമാക്കുകയാണ് വേണ്ടതെന്ന അവരുടെ ഉത്തരം തികച്ചും ശരിയാണ്. സൈദ്ധാന്തിക തലത്തില്‍ ഇത്തരമൊരു ഉത്തരം നല്‍കുന്നതിന്  പകരം രാഷ്ട്രീയം സുതാര്യമാക്കേണ്ടതെങ്ങിനെയെന്ന് ഡല്‍ഹി സംസ്ഥാന തിരഞ്ഞെടുപ്പില്‍ സജീവമായി പങ്കെടുത്തുകൊണ്ട് അവര്‍ തെളിയിക്കുകയാണുണ്ടായത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും തിരഞ്ഞെടുപ്പ്  ഫണ്ട് സമാഹരണവും തികച്ചും സുതാര്യമായി ആര്‍ക്കും നോക്കിക്കാണാന്‍ പറ്റുംവിധം നിര്‍വ്വഹിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് പുതിയൊരു രാഷ്ട്രീയം അവര്‍ കാഴ്ച്ചവെയ്ക്കുകയായിരുന്നു. സ്വന്തമായി ഭൂരിപക്ഷമില്ലാതെയാണെങ്കിലും ഡല്‍ഹിയില്‍ ഭരിക്കാന്‍ കിട്ടിയ അവസരം ഉപയോഗിച്ച് സുതാര്യവും കാര്യക്ഷമവുമായ ഭരണത്തിനുള്ള പുതിയ ശ്രമങ്ങളെങ്കിലും അവതരിപ്പിച്ചിരുന്നുവെങ്കില്‍ ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെയ്ക്കാമായിരുന്നു. ഇപ്പോള്‍ അവര്‍ക്കുലഭിച്ച 2 ശതമാനം വോട്ട് 5-6 ശതമാനോ മറ്റോ ആയി വര്‍ദ്ധിച്ചിരുന്നെങ്കില്‍ ചിത്രം ആകെ മാറുമായിരുന്നു. ഡല്‍ഹിയില്‍ സീറ്റൊന്നും കിട്ടിയില്ലെങ്കിലും വോട്ടുശതമാനം ചെറിയ തോതില്‍ കൂടുകയും എല്ലായിടത്തും രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തതുവഴി ജനകീയ അടിത്തറ ശക്തിപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്നുകാണാം. പഞ്ചാബിലെ മുന്നേറ്റവും എടുത്തുപറയേണ്ടതു തന്നെ. ഒന്നര വര്‍ഷം മാത്രം പ്രായമായ ഒരു പാര്‍ട്ടി നാനൂറില്‍പ്പരം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും നൂറില്‍പ്പരം സീറ്റുകളില്‍ മോശമല്ലാത്ത വോട്ടു നേടുകയും ചെയ്തത് ചെറിയ കാര്യമല്ല. ഡല്‍ഹി ഭരണം കയ്യൊഴിച്ചതുപ്പോലുള്ള രാഷ്ട്രീയാബദ്ധങ്ങളും പക്വതയില്ലായ്മയുടെ  ഫലമായുണ്ടായ  വീഴ്ചകളും ഒഴിവാക്കപ്പെട്ടിരുന്നുവെങ്കില്‍ ഈ പുതിയ പാര്‍ട്ടിയ്ക്ക് സ്ഥിതി മെച്ചപ്പെടുത്താനാകുമായിരുന്നു. രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ലാത്ത തികച്ചും പുതിയ നേതൃത്വത്തിന്‍ കീഴിലുള്ള ശൈശവാവസ്ഥയിലുള്ള ഒരു പാര്‍ട്ടി നേരിടുന്ന പ്രശ്‌നങ്ങളാണിതെല്ലാം. ഈ ബാരാലിഷ്ടതകളെ മറികടക്കാന്‍ ഈ പാര്‍ട്ടിയ്ക്ക് എത്രത്തോളമാവുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും അതിന്റെ ഭാവി.

ഏറ്റവും ആധുനികമായ രീതികളും വന്‍തോതില്‍ പണവും ഉപയോഗിച്ചുകൊണ്ടുള്ള മോദിയുടെ പ്രചരണത്തെയും മുന്നേറ്റത്തെയും ഒരു പരിധിവരെ നേരിടാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിയുമെന്ന് ആ പാര്‍ട്ടിയെ പിന്തുണച്ചവരില്‍ ഒരു വിഭാഗം കരുതിയിരുന്നു. പഴയ രീതിയിലുള്ള സംഘടനാ സംവിധാനങ്ങളൊന്നുമില്ലാതെ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ഇത്തരം ഇടപെടലുകള്‍ സാധ്യമാവുമെന്നും ഇങ്ങിനെ ചിന്തിച്ചവര്‍ കരുതിയിരുന്നു. ഡല്‍ഹിയില്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ ലഭിച്ച വിജയം അഖിലേന്ത്യാ തലത്തില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു എന്നത് ശരിയാണ്. പക്ഷേ, ആ അന്തരീക്ഷം വോട്ടായി മാറണമെങ്കില്‍ ബൂത്ത് തലം വരെ സംഘടനാ സംവിധാനം പ്രവര്‍ത്തിക്കുക തന്നെ വേണം. സോഷ്യല്‍ മാധ്യമങ്ങള്‍ ഉപയോഗിച്ച് സംഘടനാ സംവിധാനമുണ്ടാക്കുന്നതിലും മറ്റൊരു പാര്‍ട്ടിക്കും കഴിയാത്ത വിധം ആം ആദ്മി പാര്‍ട്ടി മുന്നോട്ടുപോയി. പക്ഷേ, അടിസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും, നയിക്കാനും സാമൂഹ്യ മാധ്യമങ്ങള്‍ക്ക് കഴിയില്ലെന്നും, യഥാര്‍ത്ഥ സംഘടനാ പ്രവര്‍ത്തനം തന്നെയാണ് ആവശ്യമെന്നും അനുഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിയ്ക്കുകയാണ്. നിലവിലുള്ള പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ടുതന്നെ സുതാര്യമായ പ്രവര്‍ത്തനം എങ്ങിനെ സാധ്യമാകുമെന്ന പ്രശ്‌നമാണ് ഈ പാര്‍ട്ടി അഭിമുഖീകരിക്കുന്നത്. ഇത് ആം ആദ്മി പാര്‍ട്ടിയുടെ പ്രശ്‌നം മാത്രമല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി നേരിടുന്ന വെല്ലുവിളിയാണ്.

ഹിന്ദുത്വരാഷ്ട്രീയത്തെ എതിരിടാന്‍ പ്രതിജ്ഞാ ബദ്ധരായിട്ടുള്ളവര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ കരുനീക്കങ്ങള്‍ ഈ തിരിഞ്ഞെടുപ്പില്‍ അമ്പെ പാളിപ്പോയി. 2004-ല്‍ ബി.ജെ.പി. ഭരണം ഒഴിവാക്കാനായി യു.പി.എ. സര്‍ക്കാരിന് പിന്തുണ നല്‍കിയതുപോലുള്ള ഒരു നിലപാടിന് പകരം, യു.പി.എ.യ്ക്കും, എന്‍.ഡി.എ.യ്ക്കും എതിരെ ഒരു മൂന്നാം മുന്നണി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തത്. ബി.ജെ.പി. മുന്നണിയ്‌ക്കെതിരെ മറ്റെല്ലാ കക്ഷികളെയും ഒന്നിപ്പിയ്‌ക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് പകരം അത്തരം കക്ഷികളെ ശിഥിലീകരിക്കുന്ന ജോലിയാണ് കമ്മ്യൂണിസ്റ്റുകാര്‍ നിര്‍വ്വഹിച്ചത്. സ്വന്തം അടിത്തറയുള്ള സംസ്ഥാനങ്ങളില്‍ പോലും അഭൂതപൂര്‍വ്വമായ തിരിച്ചടിയാണ് അവര്‍ക്ക് ലഭിച്ചത്. ഭൂതകാല മാറാപ്പിന്‍ കെട്ടുകള്‍ നിമിത്തം, അതിവേഗം മാറിക്കൊണ്ടിരിക്കുകയും പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിയ്ക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ജനാധിപത്യവുമായി പൊരുത്തപ്പെടാനാവാതെ കമ്മ്യൂണിസ്റ്റുകാര്‍ പുറകോട്ടടിച്ചു കൊണ്ടിരിയ്ക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്ററി ജനാധിപത്യത്തിലൂടെ പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായി അധികാരം ലഭിച്ചപ്പോള്‍, ലെനിനിസ്റ്റ് സംഘടനാ ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രാദേശിക തലത്തില്‍ അധികാരി വര്‍ഗ്ഗമായി ജനങ്ങളുടെ മേല്‍ മേധാവിത്തം സ്ഥാപിക്കാന്‍ അധികകാലം വേണ്ടിവന്നില്ല. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സിലൂടെ ഒരു തുറവി ലഭിച്ചപ്പോള്‍ 35 കൊല്ലത്തെ ഇടതുമുന്നണി ഭരണം സൃഷ്ടിച്ച ഫാസിസ്റ്റ് അന്തരീക്ഷത്തില്‍നിന്ന് ജനങ്ങള്‍ മോചിതരാവുകയായിരുന്നു. കേരളത്തിലേതിനേക്കാള്‍ കൂടുതല്‍ മുസ്ലിങ്ങളുള്ള പശ്ചിമ ബംഗാളില്‍ നീണ്ട ഇടതു മുന്നണി ഭരണത്തിനുശേഷവും മുസ്ലിങ്ങളില്‍ ഭൂരിപക്ഷവും ദളിതര്‍ക്ക് സമാനമായ സാമൂഹ്യാവസ്ഥയിലാണെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തെളിയിച്ചിട്ടുണ്ടല്ലോ. തൃണമൂല്‍ കോണ്‍ഗ്രസ്സിലേയ്ക്കുള്ള മുസ്ലിംങ്ങളുടെ മാറ്റം ഈ തിരഞ്ഞെടുപ്പോടെ പൂര്‍ത്തിയായി എന്ന് കണക്കാക്കാം. ഇടതു മുന്നണിയുടെ വോട്ടുബാങ്കായ ദളിത് പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് ഗണ്യമായ ഒഴുക്ക് ബി.ജെ.പി.യിലേയ്ക്കാണ് ഉണ്ടായത്. ഇടതു മുന്നണിയ്ക്ക് നഷ്ടമായ വോട്ടുമുഴുവനും ബി.ജെ.പി.യ്ക്ക് ലഭിച്ചതായി കണക്കുകള്‍ കാണിക്കുന്നു.

കേരളത്തില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനുമെതിരായ ഭരണവിരുദ്ധ വികാരം ഫലപ്രദമായി ഉപയോഗിക്കാന്‍ ഇടതുമുന്നണിയ്ക്ക് കഴിയേണ്ടതായിരുന്നു. പക്ഷേ, ദയനീയമായി പരാജയപ്പെട്ടു. കിട്ടിയ 8 സീറ്റില്‍ രണ്ടെണ്ണം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടു നിമിത്തം കിട്ടിയതാണ്. പശ്ചിമ
ബംഗാളിലെ പോലെ തുടര്‍ച്ചയായി അധികാരം ലഭിക്കാത്തതുകൊണ്ട് ഫാസിസവല്‍ക്കരണം അത്രയ്ക്ക് രൂക്ഷമായിട്ടില്ല. എങ്കിലും അധികാരി വര്‍ഗ്ഗ പ്രവണത ഇവിടെയും പ്രകടമാണ്. അതിലുപരി കൊലപാതക രാഷ്ട്രീയത്തിന് നായകത്വം വഹിയ്ക്കുന്ന ഒരു ഗുണ്ടാ നേതൃത്വത്തിന്റെ പ്രതിച്ഛായയാണ് ഇവിടുത്തെ ഇടതുപക്ഷ മുന്നണി നേതൃത്വത്തിനുള്ളത്. 60 കൊല്ലത്തിലധികമായി ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പങ്കെടുക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക്, ഇന്ത്യന്‍ ജനാധിപത്യത്തിനനുസരിച്ച് സ്വയം രൂപാന്തരപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇതെല്ലാം കാണിക്കുന്നത്. അപ്പോള്‍ പിന്നെ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന സുതാര്യവത്ക്കരണം പോലുള്ള പുതിയ വെല്ലുവിളികളെ നേരിടാന്‍ അവര്‍ക്കെങ്ങിനെ കഴിയും.?

മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും ഭരണശൈലിയും നയസമീപനങ്ങളും വ്യക്തമായി തുടങ്ങുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ഭരണത്തിന്റെ പൊതുദിശ വിലയിരുത്തിക്കൊണ്ടു വേണം മതേതരജനാധിപത്യ പാര്‍ട്ടികള്‍ തങ്ങളുടെ തന്ത്രങ്ങള്‍ മെനയാന്‍. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ മതേതര ജനാധിപത്യ ശക്തികള്‍ ഭയപ്പെട്ടിരുന്നതെല്ലാം തന്നെയാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്.  തിരഞ്ഞെടുപ്പിന്  മുമ്പ് കണക്കുകൂട്ടിയതിലും ഫലപ്രദമായിട്ടാണ് മോദിയും കൂട്ടരും വര്‍ഗ്ഗീയധ്രുവീകരണ സാധ്യതകളെ ഉപയോഗപ്പെടുത്തിയത് എന്നത് പ്രകടമാണ്. ഇനിയും അത് കൂടുതല്‍ ആസൂത്രിതമായി ഉപയോഗപ്പെടും എന്നുതന്നെ കരുതേണ്ടിയിരിക്കുന്നു. മതാധിഷ്ഠിത രാഷ്ട്രീയത്തില്‍ അന്തര്‍ലീനമായ ഫാസിസ്റ്റു പ്രവണത മാത്രമല്ല, ഗുജറാത്തിലെ മോദി ഭരണത്തില്‍ പ്രകടമായിരുന്ന ഫാസിസ്റ്റ് ശൈലിയും പ്രധാനമന്ത്രിയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ മോദിയുടെ ശൈലിയിലും പ്രകടമാവുന്നതു കാണാം.
ഗുജറാത്തില്‍ മോദി ചെയ്തത് സ്വന്തം പാര്‍ട്ടിയിലെ എതിരാളികളെ മാത്രമല്ല, എതിരാളികളോ വിമര്‍ശകരോ ആവാന്‍ സാധ്യതയുള്ളവരെ കൂടി പൂര്‍ണ്ണമായും പിന്തള്ളുകയോ ഒതുക്കുകയോ ആണ്. പ്രധാനമന്ത്രിപദം ഏറ്റെടുത്ത ശേഷം മോദി ചെയ്തതും സമാനമായ കാര്യങ്ങളാണ്. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നത് ശക്തമായി തടയാന്‍ ശ്രമിച്ച അദ്വാനിയെയും, മുരളി മനോഹര്‍ ജോഷിയേയും മന്ത്രിസഭയില്‍ നിന്നൊഴിവാക്കി; വിമര്‍ശകരില്‍ നിന്ന് സുഷമാ സ്വരാജിനെ മാത്രം മന്ത്രിയാക്കുകയും ചെയ്തു. മന്ത്രിമാരുടെ എണ്ണം കുറക്കുകയും പ്രധാന വകുപ്പുകള്‍ വിശ്വസ്ഥര്‍ക്ക് മാത്രം നല്‍കുകയും മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന മന്ത്രിയുടെ മേല്‍നോട്ടം ഉറപ്പുവരുത്തുകയും ചെയ്യുന്നതൊക്കെ കാര്യക്ഷമമായ ഭരണം എന്ന ലക്ഷ്യം നേടാനാണെന്ന് പറയാം. ഡല്‍ഹിയില്‍ ഇരുന്ന് രാജ്യത്തെ ഭരണം മുഴുവന്‍ നിയന്ത്രിക്കുന്നതിനുവേണ്ടി സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസുകള്‍ തുറക്കുന്നതും കാര്യക്ഷമതയ്ക്കുവേണ്ടിയാണെന്ന് പറയാം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം സുഗമമാക്കാന്‍ ഇത് സഹായമാവും. തിരിച്ച് ഇന്ത്യയില്‍ നിലവിലുള്ള ഫെഡറല്‍ സംവിധാനത്തെ തുരങ്കം വെയ്ക്കാന്‍ ഇത് ഉപയോഗപ്പെടുത്തുകയുമാവാം. പക്ഷേ, അത്തരം പ്രകടമായ നടപടികള്‍ ഉണ്ടായാല്‍ മാത്രമേ അങ്ങിനെ വിമര്‍ശന മുന്നയിക്കാനാവൂ.

തന്നിലേയ്ക്ക് തന്നെ അധികാരം കേന്ദ്രീകരിക്കുന്ന മോദിയുടെ പ്രവര്‍ത്തന ശൈലിയെക്കുറിച്ചു പറയുമ്പോള്‍ ഇന്ദിരാഗാന്ധിയ്ക്കും ഈ ശൈലിയാണുണ്ടായിരുന്നതെന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്. ശരിയാണ്, ഇന്ദിരാഗാന്ധിയുടെ ആ ശൈലി അടിയന്തിരാവസ്ഥയിലേയ്‌ക്കെത്തുകയും ചെയ്തു. പക്ഷേ, ഇന്ദിരാഗാന്ധിയുടെയും മോദിയുടെയും രാഷ്ട്രീയം തമ്മിലുള്ള വ്യത്യാസം പ്രധാനമാണ്. മതേതര ജനാധിപത്യത്തില്‍ അടിയുറച്ചു നില്‍ക്കുന്ന ഒരു വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗം മാത്രമായിരുന്നു ഇന്ദിരാഗാന്ധി. ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞിരിക്കുന്ന കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ചെറിയൊരു കാലയളവിലെ അപഭ്രംശം മാത്രമായിരുന്നു ഇന്ദിരാഗാന്ധിയുടെ ശൈലി അടിയന്തിരാവസ്ഥയിലേയ്‌ക്കെത്തിച്ചത് എന്നുകാണാം. എന്നാല്‍ മതാധിഷ്ഠിത രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയുടെ ഒരു നേതാവില്‍ ഇത്തരം വ്യക്തികേന്ദ്രീകൃത ശൈലികൂടി ഉണ്ടാവുമ്പോള്‍ അത് ഉയര്‍ത്തുന്ന ഭീഷണി ഏറെ ഗൗരവസ്വഭാവമുള്ളതു തന്നെയാണ്.

കോര്‍പ്പറേറ്റുകള്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ടും അവരെ ആശ്രയിച്ചുകൊണ്ടും ഗുജറാത്തില്‍ നടപ്പിലാക്കിയ വികസന മാതൃകയുടെ വലിയ പതിപ്പ് തന്നെയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തയ്യാറെടുക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. വന്‍തോതില്‍ വിദേശ മൂലധനംകൂടി ആകര്‍ഷിക്കാന്‍ കഴിയുംവിധം, മന്‍മോഹന്‍ സിങ്ങിനും കൂട്ടര്‍ക്കും കഴിയാതെ പോയ ഉദാരവല്‍ക്കരണ നയമാണ് സ്വീകരിക്കാന്‍ പോകുന്നതെന്നതിന്റെ വ്യക്തമായ സൂചനകള്‍ വന്നുകഴിഞ്ഞു. പ്രതിരോധ മേഖലയില്‍ മുന്‍സര്‍ക്കാര്‍ വിദേശ നിക്ഷേപം 49 ശതമാനത്തില്‍ പരിമിതപ്പെടുത്തി നിറുത്തിയ പശ്ചാത്തലത്തില്‍ മോദി സര്‍ക്കാര്‍, 100 ശതമാനം വിദേശ നിക്ഷേപത്തിന് പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. പ്രതിരോധ മേഖലയായതുകൊണ്ട് വിദേശ നിക്ഷേപം അപകടമാണെന്ന ധാരണയ്ക്ക് സാധുതയൊന്നുമില്ല. ഏറ്റവുമധികം ആയുധങ്ങളും പ്രതിരോധ സാമഗ്രികളും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇവ നല്‍കുന്ന കമ്പനികളോ സമാന സ്ഥാപനങ്ങളോ ഇവിടെ വന്ന് പണം മുടക്കി അത്തരം ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിച്ച് തരുന്നതു കൊണ്ട് നമുക്കു ഗുണമേയുള്ളൂ. ഇവിടെ തൊഴില്‍ സാധ്യത വര്‍ദ്ധിയ്ക്കുന്നു. നമുക്ക് വിദേശ നാണ്യം ലാഭിക്കാനുമാകുന്നു. മറ്റ് ദോഷവശങ്ങളൊന്നുമില്ല താനും. കമ്പോള വ്യവസ്ഥയില്‍ അധിഷ്ഠിതമായ ജനാധിപത്യ ക്രമത്തില്‍ വിപണിയെ അമിതമായി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല. 91-ല്‍ മന്‍മോഹന്‍ സിങ്ങ് ആരംഭിച്ച ഉദാരവല്‍ക്കരണ നയം കാര്യമായ മാറ്റമൊന്നുമില്ലാതെ '98ലെയും, 99-2004 ലെയും വാജ്‌പേയി സര്‍ക്കാരും നടപ്പിലാക്കിയത് നാം കണ്ടതാണ്. ഇപ്പോഴും അതുതന്നെ തുടരുന്നു. മന്‍മോഹന്‍ സിങ്ങിനുണ്ടായിരുന്ന പരിമിതികള്‍ മോദിയ്ക്കില്ലാത്തുകൊണ്ട്, പുതിയ സര്‍ക്കാര്‍ കുറച്ചുകൂടി ധൈര്യം കാണിക്കുന്നു എന്ന് മാത്രം. വിമര്‍ശിക്കപ്പെടേണ്ടത്, നാമമാത്രമായ വിലയ്ക്ക് കോര്‍പ്പറേറ്റുകളുടെ വ്യവസായങ്ങള്‍ക്ക് ആവശ്യമായ ഭൂമി വിട്ടുകൊടുക്കല്‍, ദീര്‍ഘകാലത്തേയ്ക്ക് ഉല്‍പ്പാദന നികുതിയില്‍ വന്‍ ഇളവുകള്‍ നല്‍കല്‍ തുടങ്ങി പൊതു ഖജനാവിന് അഥവാ പൊതു ജനങ്ങള്‍ക്ക് വന്‍ നഷ്ടമുണ്ടാക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെയാണ്. സാധാരണക്കാരായ വ്യാപാര, വ്യവസായ സംരംഭകര്‍ക്കൊന്നും നല്‍കാത്ത ആനുകൂല്യങ്ങളാണിവ. തിരഞ്ഞെടുപ്പ് ഫണ്ടിനും മറ്റുമായി കോര്‍പ്പറേറ്റുകളെ ആശ്രയിക്കുന്ന എല്ലാ അധികാരപാര്‍ട്ടികളും ഇത്തരം ആനുകൂല്യങ്ങള്‍ അവര്‍ക്കു ചെയ്തുകൊടുക്കാറുമുണ്ട്. പക്ഷേ, മറ്റു പാര്‍ട്ടികള്‍ ചെയ്യുന്നതിനെയെല്ലാം വന്‍തോതില്‍ മറികടന്നുകൊണ്ടുള്ള അവിഹിത ആനുകൂല്യങ്ങളാണ് ഗുജറാത്തില്‍ മോദി നല്‍കിയത്. ആ അനുഭവത്തെ പിന്തുടര്‍ന്നുകൊണ്ടുള്ള നീക്കങ്ങളാണ് മോദി അഖിലേന്ത്യാ തലത്തിലും നടത്താന്‍ തുടങ്ങുന്നത്. നിയമവാഴ്ച എല്ലാവര്‍ക്കും ഒരു പോലെ ബാധകമാക്കുകയാണ് ഒരു ജനാധഇപത്യസമൂഹത്തിന്റെ ഉത്തരവാദിത്വം. കമ്പോളത്തെ നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ട് നിയമവ്യവസ്ഥ  കര്‍ക്കശമായി നടപ്പിലാക്കുന്ന പല പാശ്ചാത്യ രാജ്യങ്ങളുമുണ്ട്. ഇത്തരം രാജ്യങ്ങളില്‍ അഴിമതിയും കെടുകാര്യസ്ഥതയും വളരെ കുറവാണെന്നും കാണേണ്ടതുണ്ട്. നമ്മുടേതുപോലുള്ള ഒരു ജനാധിപത്യ വ്യവസ്ഥയിലും കോര്‍പ്പറേറ്റുകളായാലും മറ്റാരായാലും അവിഹിതമായ ആനുകൂല്യങ്ങള്‍ നേടുന്നത് കര്‍ക്കശമായും തടയേണ്ടതുണ്ട്.

പൊതുവില്‍ മോദി സര്‍ക്കാരിന്റെ വികസന നയം നമ്മുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും എന്നതില്‍ സംശയമില്ല. വന്‍കിട വ്യവസായങ്ങള്‍ ഹൈവേകള്‍, റെയില്‍വേ, ഊര്‍ജ്ജോല്‍പ്പാദനം തുടങ്ങി അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ ഊന്നുന്നതുകൊണ്ട് പൊതുവായി വികസനാന്തരീക്ഷം ഉണ്ടാകുകയും ചെയ്യും. യുവാക്കള്‍ക്ക് തൊഴില്‍ സാധ്യത വര്‍ദ്ധിക്കുകയും ചെയ്യും. പക്ഷേ, ഇതിനൊരു മറുവശമുണ്ട്. യു.പി.എ. സര്‍ക്കാര്‍ പെട്രോള്‍ വിലനിയന്ത്രണം പൂര്‍ണ്ണമായി എടുത്തു കളഞ്ഞതുപോലെ ഡീസല്‍ വില നിയന്ത്രണവും എടുത്തുകളയാന്‍ മോദി സര്‍ക്കാര്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. കോര്‍പ്പറേറ്റുകളോടുള്ള ബാധ്യത നിറവേറ്റലാണത്. നിയന്ത്രണമില്ലാതെ ഡീസല്‍ വിലവര്‍ദ്ധിക്കുകയും നിയന്ത്രിക്കാനാവാത്ത വിലക്കയറ്റം മുഴുവന്‍ സമൂഹത്തേയും ബാധിക്കുകയും ചെയ്യും. അപ്പോഴാണ് മോദിയെ രക്ഷകനായി കണ്ടവര്‍ക്ക് യാഥാര്‍ത്ഥ്യബോധം വീണ്ടെടുക്കാനാവുക. അധികാര കേന്ദ്രീകരണത്തിലൂടെ, മെച്ചപ്പെട്ട രീതിയില്‍ ഭരണ നിര്‍വ്വഹണം സാധ്യമാക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ച് ഈ നിഷേധാത്മക വശത്തെ മറികടക്കാനാകുമെന്ന് കണക്കുകൂട്ടാം. പക്ഷേ, അതും താല്‍ക്കാലികമായിരിക്കും. ജനാധിപത്യ വ്യവസ്ഥയിലെ നിയമവാഴ്ചയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യം വെയ്ക്കുന്ന ഒരാള്‍ക്ക് ഒരിക്കലും ഒരു വ്യക്തിയിലേയ്ക്ക്  അധികാരം  കേന്ദ്രീകരിക്കുന്നതിനെ അനുകൂലിയ്ക്കാനാവില്ല. വ്യക്ത്യധിഷ്ഠിത അധികാര കേന്ദ്രീകരണം നിയമവാഴ്ചയുടെ ലംഘനം മാത്രമല്ല, എല്ലാത്തരം അഴിമതിയുടെയും ശ്രോതസ്സുമായിരിക്കും. ഗുജറാത്തിലെ ഭരണ സംവിധാനത്തെ കുറിച്ച് വസ്തുനിഷ്ഠമായ ഒരു പഠനം നടത്തിയാല്‍ ഇതിന്റെ കൃത്യമായ ചിത്രം ലഭിക്കും. അഖിലേന്ത്യാ തലത്തില്‍ ഇത് എന്തെന്ത് സങ്കീര്‍ണ്ണരൂപഭാവങ്ങള്‍
കൈവരിക്കാന്‍ പോകുന്നു എന്നതു കണ്ടുതന്നെ അറിയണം.

വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തുണ്ടായതില്‍ നിന്ന് ഏറെ വ്യത്യസ്തമായ നീക്കങ്ങളൊന്നും വിദേശനയത്തിന്റെ കാര്യത്തില്‍ മോദി സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. കോണ്‍ഗ്രസ്സിന് കഴിയാത്തവിധം പാക്കിസ്ഥാനുമായി നല്ല ബന്ധമുണ്ടാക്കാനും കാശ്മീര്‍ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ കഴിയുംവിധമുള്ള ആലോചനകള്‍ ബന്ധപ്പെട്ട എല്ലാവരുമായി നടത്താനും വാജ്‌പേയി സര്‍ക്കാരിന് ആവുകയുണ്ടായി. മോദി അത് ആവര്‍ത്തിച്ചുകൂടെന്നില്ല. ഇസ്രായേലുമായുള്ള ബന്ധത്തിലും മുന്‍ ബി.ജെ.പി. സര്‍ക്കാര്‍ ചെയ്തത്, കൂടുതല്‍ ആത്മവിശ്വാസത്തോടെ നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചുകൂടെന്നില്ല.
യു.പി., ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പുകളിലേയ്ക്ക് ശ്രദ്ധതിരിക്കാന്‍ മോദി പാര്‍ട്ടിയോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഈ സംസ്ഥാനങ്ങില്‍ വന്‍തോതില്‍ ലോകസഭാംഗങ്ങളെ വിജയിപ്പിച്ച ജനങ്ങള്‍ നിയമസഭയിലേയ്ക്ക് കൂടി ബി.ജെ.പി. മുന്നണിയെ വിജയിപ്പിച്ചാലേ ഇപ്പോള്‍ നേടിയ വിജയത്തിന് ആധികാരികത ലഭിക്കൂ. പക്ഷേ, അത്തരമൊരു വിജയം നേടുക എളുപ്പമല്ലെന്നും മോദിയ്ക്കറിയാം. ലോകസഭാ തിരഞ്ഞെടുപ്പില്‍ ചതുഷ്‌ക്കോണ പഞ്ചകോണ മത്സരങ്ങള്‍ നടന്ന ഈ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അതാവര്‍ത്തിയ്ക്കുമെന്ന് ഉറപ്പിക്കാനാവില്ല. ബീഹാറില്‍ ജെ.ഡി.യു. സര്‍ക്കാരിന്, ബദ്ധവൈരികളായിരുന്ന ലല്ലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി. പിന്തുണയുമായി വന്നത് ശ്രദ്ധേയമാണ്. ലല്ലുവിന്റെ പാര്‍ട്ടിയ്ക്ക് അവരുടെ വോട്ടുശതമാനം 29.5ല്‍നിന്ന് 31 ആയി വര്‍ദ്ധിക്കുകയാണുണ്ടായത്. ജെ.ഡി.യു.വിന് എന്‍.ഡി.എ. വിഹിതം കുറഞ്ഞതിന് പകരംവെയ്ക്കാന്‍ ആര്‍.ജെ.ഡി. വോട്ട് ധാരാളം മതിയെന്ന് ചുരുക്കം. ജെ.ഡി.യുവും ആര്‍.ജെ.ഡിയും ഒരുമിച്ചു നിന്നാല്‍ സംസ്ഥാന ഭരണം അവരുടെ കയ്യില്‍ തന്നെയായിരിക്കും.

യു.പി.യിലെ സ്ഥിതിയും വ്യത്യസ്തമല്ല. ബി.എസ്.പി.യും എസ്.പി.യും തന്നെ ഒരുമിച്ചു നിന്നാല്‍ സംസ്ഥാന ഭരണം ബി.ജെ.പി.യ്ക്ക് വിട്ടുകൊടുക്കാതിരിക്കാം. ബാബറി മസ്ജിദ് തകര്‍പ്പെട്ടതിനുശേഷം 1993- ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ രണ്ടുപാര്‍ട്ടികള്‍ ഒന്നിച്ച് മത്സരിക്കുകയും ഭരണം നേടുകയും ചെയ്യുകയുണ്ടായി. കോണ്‍ഗ്രസ്സുകൂടി ഇത്തരമൊരു സഖ്യത്തില്‍ ചേരുകയാണെങ്കില്‍ അത് ശക്തമായ ഒരു മതേതര ജനാധിപത്യമുന്നണിയായി തീരും. തീര്‍ച്ചയായും ഇത്തരം പാര്‍ട്ടികള്‍ക്ക് എത്രത്തോളം ഒരുമിച്ചു നീങ്ങാനാകും എന്നതൊക്കെ കണ്ടുതന്നെ അറിയേണ്ടതാണ്. പുതിയ രാഷ്ട്രീയ സാഹചര്യത്തിന്റെ ഗൗരവാവസ്ഥ തിരിച്ചറിയുന്നവര്‍ക്ക് മതേതരജനാധിപത്യ ശക്തികള്‍ കെട്ടിപ്പടുക്കേണ്ട ഐക്യത്തിന്റെ ആവശ്യകത ബോധ്യമാവും.

എന്‍.ഡി.എ.യിലേയ്ക്ക് പുതിയ സഖ്യകക്ഷികള്‍ വരാനുള്ള സാധ്യത വര്‍ദ്ധിച്ചിട്ടുള്ളതുകൊണ്ടു, ലോകസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം അവര്‍ക്ക് അസാധ്യമല്ല. ഭരണഘടനാ ഭേദഗതിയെക്കുറിച്ച് അവര്‍ക്ക് ചിന്തിച്ചു തുടങ്ങാം. പക്ഷേ, ഇന്ത്യയുടെ മതേതര ജനാധിപത്യവ്യവസ്ഥയെ തകര്‍ക്കും വിധമുള്ള ഭേദഗതികളൊന്നും ഉടനെ പരിഗണിക്കപ്പെടുകയില്ലെന്ന് കരുതാം. എന്നാല്‍ ആ ലക്ഷ്യത്തിലെയ്ക്ക് നീങ്ങും വിധമുള്ള ചെറുകാല്‍വെയ്പ്പുകള്‍ ഇപ്പോഴേ ആരംഭിക്കുകയുമാവാം. ലോകസഭ പാസാക്കുന്ന ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കുക ഇന്നത്തെ നിലയ്ക്ക് സാധ്യവുമല്ല. രാജ്യസഭയിലെ അവസ്ഥയ്ക്ക് മാറ്റമുണ്ടാവണമെങ്കില്‍ യു.പി., ബിഹാര്‍ നിയമസഭകളില്‍ എന്‍.ഡി.എ. എം.എല്‍.മാരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കേണ്ടതുണ്ട്. അതാണ് മോദി ഈ തിരഞ്ഞെടുപ്പുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നതും. മതേതര ജനാധിപത്യശക്തികളുടെ മുന്നിലും ഈ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നിര്‍ണ്ണായകമാകുന്നതും ഇതുകൊണ്ടുതന്നെ.

ലോകസഭയിലേയും രാജ്യസഭയിലേയും ഭൂരിപക്ഷത്തിന്റെ കണക്കുകള്‍ക്കപ്പുറത്ത്, ഇന്ത്യന്‍ ജനാധിപത്യത്തിന് ആവശ്യമായിട്ടുള്ളത് ഒരു പുതിയ ജനാധിപത്യ രാഷ്ട്രീയമാണ്. നിലവിലുള്ള മതേതര ജനാധിപത്യപാര്‍ട്ടികള്‍ തങ്ങള്‍ക്കിടയില്‍ അധികാരം പങ്കിടാനുള്ള ഒരു ഉപാധി മാത്രമായിട്ടാണ് ജനാധിപത്യത്തെ കാണുന്നത്. ഒരു സാമൂഹ്യ സംഘടനാ രൂപമെന്ന നിലയ്ക്ക് ജനാധിപത്യം നിലവിലുള്ളപ്പോഴെല്ലാം ജനങ്ങളുടെ അധികാര പങ്കാളിത്തം എങ്ങിനെ ഉറപ്പുവരുത്താം എന്നതാണ് സമകാലീന ജനാധിപത്യ രാഷ്ട്രീയം നേരിടുന്ന വെല്ലുവിളി. ഒന്നും ജനങ്ങളുടെ മുന്നില്‍ മറച്ചുവെക്കാനില്ലാത്തവിധം രാഷ്ട്രീയത്തെ പൂര്‍ണ്ണമായും സുതാര്യമാക്കിക്കൊണ്ട് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള അന്വേഷണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതിന് നേര്‍വിപരീത ദിശയിലാണ് മോദിയുടെ വ്യക്തികേന്ദ്രീകൃത രാഷ്ട്രീയത്തിന്റെ പോക്ക്. അതുകൊണ്ട് ഇന്ത്യയിലെ മതേതര ജനാധിപത്യ ശക്തികള്‍ക്ക് മുന്നില്‍ മോദി രാഷ്ട്രീയം ഉയര്‍ത്തുന്ന വെല്ലുവിളിയ്ക്കുള്ള മറുപടി, ഈ പുതിയ സുതാര്യ രാഷ്ട്രീയത്തിനുവേണ്ടിയുള്ള അന്വേഷണത്തിലൂടെയും, ഇവിടുത്തെ മതേതര  ജനാധിപത്യശക്തികളെ  അതില്‍ പങ്കാളികളാക്കുന്നതിലൂടെയുമാണ് കണ്ടെത്തേണ്ടത്.

കെ.വേണു



No comments:

Post a Comment