Thursday 13 September 2012

സിവില്‍ സമൂഹവും രാഷ്ട്രീയപാര്‍ട്ടികളും: അണ്ണാഹസാരെ പ്രസ്ഥാനത്തിന്റെ പതനം


അണ്ണാഹസാരെയും സംഘവും ആരംഭിച്ച അഴിമതിക്കെതിരായ പ്രസ്ഥാനം ഒരു ചുരുങ്ങിയ സമയത്തിനുള്ളില്‍ അഖിലേന്ത്യാതലത്തില്‍ പ്രതികരണം സൃഷ്ടിക്കുകയും സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ ഇതുവരെ ദൃശ്യമല്ലാത്ത തരത്തിലുള്ള ഒരു സാമൂഹ്യചലനത്തിന് തുടക്കം കുറിക്കുകയുകയും ചെയ്തിരുന്നു. അവര്‍ അറബ് കലാപങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ട സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സാധ്യതകള്‍ ഇവിടത്തെ സാഹചര്യത്തിലും ഫലപ്രദമായി ഉപയോഗപ്പെടുത്തപ്പെടുകയുണ്ടായി. അണ്ണാഹസാരെയുടെ ഒന്നും രണ്ടും നിരാഹാര സമരത്തോടുള്ള ജനങ്ങളുടെ പ്രതികരണത്തില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായ സിവില്‍ സമൂഹപ്രതികരണത്തിന്റെ സ്വഭാവം വളരെ പ്രകടമായിരുന്നു. പക്ഷേ, ഈ സ്വഭാവത്തിന്റെ രാഷ്ട്രീയ പ്രാധാന്യം തിരിച്ചറിയാന്‍ കഴിയാതെ പോയത് അണ്ണാ സംഘത്തിന് തന്നെ ആയിരുന്നു.
ലോക്പാല്‍ ബില്‍ പാസാക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വാഗ്ദാന ലംഘനത്തില്‍ പ്രതിഷേധിച്ച് ഹരിയാനയിലെ ഹിസ്സാര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തുക എന്ന് പ്രഖ്യാപിച്ചുകൊണ്ട് അണ്ണാടീം രംഗത്തെത്തിയപ്പോള്‍ കക്ഷിരാഷ്ട്രീയത്തീനതീതമായ പ്രസ്ഥാനം എന്ന പ്രതിച്ഛായയാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്.
അണ്ണാടീം രാഷ്ട്രീയ പക്വതയില്ലായ്മയുടെ കാര്യത്തിലാണ് മുന്‍കൈ നേടിയിരിക്കുന്നതെന്ന് സമീപകാല സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. പുതിയ പ്രസിഡണ്ടിനും പ്രധാനമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടും അവയെക്കുറിച്ച് അന്വേഷണങ്ങളും തുടര്‍നടപടികളും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഇക്കഴിഞ്ഞ ജൂലൈ 25-നു കെജ്‌റിവാളും ടീമംഗങ്ങളില്‍ ചിലരും നിരാഹാരം ആരംഭിച്ചു. നാലാംദിവസം അണ്ണാഹസാരെയും അതില്‍ ചേരുകയും ചെയ്തു. പുതിയൊരു രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് 10-ാം ദിവസം നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തു.
അണ്ണാഹസാരെ പുതിയ പാര്‍ട്ടി രൂപീകരണപ്രഖ്യാപനം നടത്തിയപ്പോള്‍ താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയില്ലെങ്കിലും അതിന് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രഖ്യാപിച്ചു. അണ്ണാടീമിനെ പിരിച്ചുവിട്ടതായും പറഞ്ഞു. കേന്ദ്രത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും അഴിമതിയ്‌ക്കെതിരെയും മറ്റും ആത്മാര്‍ത്ഥമായി ഒന്നും ചെയ്യുകയില്ലെന്ന് ജനങ്ങളുടെ മുന്നില്‍ തെളിയിച്ചു കാണിക്കാനുള്ള ഒരു നിമിത്തമായിട്ടാണ് ഈ സമരനാടകം അരങ്ങേറിയത്. അപ്പോള്‍ പിന്നെ മറ്റൊരു രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കുകയല്ലാതെ സംശുദ്ധരാഷ്ട്രീയത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാവില്ലല്ലോ. ഈ സമരങ്ങളിലൂടെ പുതിയ രാഷ്ട്രീയപാര്‍ട്ടിരൂപീകരണം ഒഴിച്ചുകൂടാനാകാത്ത ഒരു നടപടിയായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നാണ് ഈ സംഘം വിലയിരുത്തുന്നത്. സ്വാഭാവികമായും രാഷ്ട്രീയപാര്‍ട്ടിക്കാര്‍ ചെയ്യുന്നതുപോലുള്ള അനുഷ്ഠാനസമരങ്ങള്‍ പ്രവര്‍ത്തകര്‍ ആരംഭിക്കുകയും ചെയ്തു.
ലോകമെമ്പാടും ആധുനിക ജനാധിപത്യവ്യവസ്ഥകള്‍ നേരിടുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍, ജനാധിപത്യപ്രക്രിയയ്ക്ക് തന്നെ പുതിയ മാനം നല്‍കാന്‍ സാധ്യതകള്‍ സൃഷ്ടിച്ചുകൊണ്ട്, ഇന്ത്യന്‍ ജനാധിപത്യ സമ്പ്രദായത്തിനുള്ളില്‍ നിന്നുതന്നെ ഏറെക്കുറെ സ്വയോത്ഭവമെന്ന് തോന്നിക്കുംവിധം ഉയര്‍ന്നുവന്ന ഒരു സിവില്‍ സമൂഹപ്രസ്ഥാനം ഒരു ഈര്‍ക്കില്‍ പാര്‍ട്ടിയായി രൂപാന്തരപ്പെടുന്ന ദുരന്തദൃശ്യമാണ് നാമിവിടെ കണ്ടത്. ജനലോക്പാല്‍ ബില്ലിന് വേണ്ടി അണ്ണാഹസാരെ നിരാഹാരം ആരംഭിച്ചപ്പോള്‍ ദില്ലിയില്‍ പ്രത്യക്ഷത്തില്‍ രൂപംകൊണ്ട വിപുലമായ ജനപിന്തുണയും സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെയും മറ്റും ലഭിച്ച ദശലക്ഷങ്ങളുടെ പിന്തുണയും വോട്ടുബാങ്ക് ആയി മാറ്റാമെന്നും അതുവഴി ഇന്ത്യയിലെ സിവില്‍ സമൂഹത്തെ ഒരു പുതിയ രാഷ്ട്രീയപ്രസ്ഥാനമായി പുനസ്സംഘടിപ്പിച്ചെടുക്കാമെന്നുമാണ് കെജ്‌റിവാളും പ്രശാന്ത്ഭൂഷണുമൊക്കെ കണക്കുകൂട്ടുന്നത്. ആദ്യഘട്ടത്തില്‍ ഏറെക്കുറെ അവര്‍ ആസൂത്രണം ചെയ്ത രീതിയില്‍ കാര്യങ്ങള്‍ നീങ്ങിയപ്പോള്‍, രണ്ടാം ഘട്ടത്തിലും തങ്ങളുടെ കണക്കുകൂട്ടലുകള്‍ വിജയിക്കുമെന്നാണ് അവര്‍ കരുതിയത്. അവിടെയാണ് അവര്‍ക്ക് തെറ്റിയത്. അറബ് കലാപങ്ങളുടെ പശ്ചാത്തലവും ഇന്ത്യന്‍ സാഹചര്യങ്ങളും തമ്മിലുള്ള ഗൗരവമേറിയ വ്യത്യാസം അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അറബ് രാജ്യങ്ങളില്‍ ജനാധിപത്യം ഇതുവരെ നിലവില്‍ വന്നിട്ടില്ല. സ്വേച്ഛാധിപത്യങ്ങള്‍ക്ക് കീഴില്‍ ദീര്‍ഘകാലമായി വീര്‍പ്പുമുട്ടിയ ജനങ്ങള്‍ അത്തരം രാഷ്ട്രീയവ്യവസ്ഥകളെ തകര്‍ത്തെറിയുക എന്ന ലക്ഷ്യംവെച്ച് മുന്നേറുകയായിരുന്നു. അത്തരമൊരു അണിനിരത്തലില്‍ രാസത്വരകത്തിന്റെയും ചിലപ്പോള്‍ സംഘാടനത്തിന്റെയും കടമകളാണ് സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ ഏറ്റെടുത്ത്.
ഇന്ത്യന്‍ സാഹചര്യം ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ്. ആറു പതിറ്റാണ്ടിന്റെ വളര്‍ച്ചയും അനുഭവസമ്പത്തുമുള്ള പാര്‍ലമെന്ററി ജനാധിപത്യവും പയറ്റിത്തെളിഞ്ഞ രാഷ്ട്രീയപാര്‍ട്ടികളുടെ വന്‍ നിരയുമാണ് ഇവിടെയുള്ളത്. ഈ രാഷ്ട്രീയപാര്‍ട്ടികളുടെ വോട്ടുബാങ്കുകളില്‍ നിന്നും അതിനു പുറത്തുമായി സിവില്‍ സമൂഹത്തിന്റെ രൂപീകരണവും വളര്‍ച്ചയും സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയിലൂടെ മാത്രമേ ഉരുത്തിരിയുകയുള്ളു. ഈ പാര്‍ലമെന്ററി വ്യവസ്ഥയെയും രാഷ്ട്രീയപാര്‍ട്ടികളെയും തകര്‍ക്കാനല്ല, മെച്ചപ്പെടുത്താനാണ് ജനങ്ങളെ അണിനിരത്തേണ്ടത്. രാഷ്ട്രീയപാര്‍ട്ടികളോട് ഇഞ്ചോടിഞ്ഞ് സമരം ചെയ്തുകൊണ്ടേ മുന്നോട്ടു നീങ്ങാനാകൂ. ഈ സമരത്തില്‍ സോഷ്യല്‍ നെറ്റുവര്‍ക്കുകളെയും മറ്റും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. സോഷ്യല്‍നെറ്റ് വര്‍ക്കുകളെ ഉപയോഗിക്കുന്ന കാര്യത്തില്‍ കെജ്‌റിവാളും കൂട്ടരും രണ്ടാം ഘട്ടത്തില്‍ പരാജയപ്പെട്ടത് എന്തെങ്കിലും സാങ്കേതികമായ വീഴ്ചകള്‍ കൊണ്ടല്ല. ഒന്നാംഘട്ടത്തില്‍ അവര്‍ സൃഷ്ടിച്ച കക്ഷിരാഷ്ട്രീയത്തിനതീതമായ പ്രസ്ഥാനം എന്ന പ്രതിച്ഛായ, കക്ഷിരാഷ്ട്രീയ ഇടപെടലിലൂടെ രണ്ടാം ഘട്ടത്തില്‍ അവര്‍തന്നെ തകര്‍ത്തതുകൊണ്ടാണ്. ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന മുദ്രാവാക്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ ജനങ്ങളെ അണിനിരത്താന്‍ തക്കവിധം സജീവമാവുകയുള്ളു. രാഷ്ട്രീയപാര്‍ട്ടികളുടെ എണ്ണംകൊണ്ടും വൈവിധ്യംകൊണ്ടും ജനങ്ങള്‍ പൊറുതിമുട്ടിനില്‍ക്കുന്ന അവസ്ഥയുള്ള നമ്മുടെ രാജ്യത്ത് പുതിയൊരു രാഷ്ട്രീയപാര്‍ട്ടി എന്ന ആശയം ഒട്ടും ആകര്‍ഷണീയമല്ല. അതുകൊണ്ടാണ് കെജ്‌റിവാളിന്റെയും കൂട്ടരുടെയും പുതിയ രാഷ്ട്രീയപാര്‍ട്ടി എന്ന ലക്ഷ്യപ്രഖ്യാപനത്തോട് ജനങ്ങള്‍ പ്രത്യക്ഷത്തിലും നെറ്റുവര്‍ക്കിലൂടെയും കാര്യമായി മുന്നോട്ടുവരാതിരുന്നത്. ദില്ലിയില്‍ ആയിരത്തിലധികം പേരും വിവിധ സംസ്ഥാനകേന്ദ്രങ്ങളില്‍ ഏതാനും നൂറുകളും മാത്രമാണ് അണിനിരന്നത്. ഒരു ചെറിയ രാഷ്ട്രീയഗ്രൂപ്പ് എന്നതിനപ്പുറം മുന്നോട്ടുപോകാന്‍ അവര്‍ക്കാവില്ല.
രാഷ്ട്രീയം എന്നത് ഒരു സമൂഹത്തിന്റെ എല്ലാ ജീവിതമേഖലകളെയും ക്രമീകരിക്കുന്ന ഭരണകൂടാധികാരം കയ്യാളുന്ന പ്രക്രിയയാണ്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഓരോ രാഷ്ട്രീയപാര്‍ട്ടിയും ഈ പൊതു അധികാരം തങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുന്ന പരിപാടിയാണ് മുന്നോട്ടുവെയ്ക്കുന്നത്. പക്ഷേ, പ്രയോഗത്തില്‍ ഓരോ പാര്‍ട്ടിയും തങ്ങളുടെ അധികാരപങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും ഉറപ്പിക്കാനും ഉതകുന്ന തന്ത്രങ്ങളിലേയ്ക്കും പരിപാടികളിയേക്കും ചുരുങ്ങുന്നു. ഇതാണ് കക്ഷിരാഷ്ട്രീയം. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഈ കക്ഷിരാഷ്ട്രീയം അനിവാര്യമായ തിന്മയായി മാറിയിരിക്കുന്നു. ഈ കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിതത്വം ഏറിയും കുറഞ്ഞും പ്രകടമാവുന്നതു കാണാം. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അപചയത്തില്‍ ഇതൊരു പ്രധാനപങ്കുവഹിക്കുന്നു. ആഗോളതലത്തില്‍തന്നെ പാര്‍ലമെന്ററി ജനാധിപത്യം നേരിടുന്ന ഘടനാപരമായ പ്രതിസന്ധിയിലെ ഒരു ഘടകം ഇതാണ്. ഈ കക്ഷിരാഷ്ട്രീയ പ്രവണതയെപ്പറ്റി ജനങ്ങള്‍ക്ക് വ്യക്തമായ തിരിച്ചറിവുണ്ട്. അതുകൊണ്ടാണ് പുതിയൊരു രാഷ്ട്രീയപാര്‍ട്ടി എന്തെല്ലാം ഉദാത്തമായ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ചാലും ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കാത്തത്.
ഓരോ തിരഞ്ഞെടുപ്പിലും അധികാരത്തിലെത്തുന്ന ജനപ്രതിനിധികള്‍ അടുത്ത തിരഞ്ഞെടുപ്പുവരെയുള്ള ഇടവേളയില്‍ തങ്ങളുടേത് കുത്തകാധികാരമെന്ന രീതിയിലാണ് പെരുമാറുന്നത്. ജനപ്രതിനിധികളെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് അവരുടെ ഇടുങ്ങിയ താല്പര്യങ്ങള്‍ക്കനുസരിച്ച് ഈ അധികാരം ഉപയോഗിക്കുന്ന കാര്യത്തില്‍ നേതൃത്വം നല്‍കുന്നത്. പലപ്പോഴും ജനവിരുദ്ധം തന്നെ ആയിപ്പോകുന്ന ഈ അധികാരപ്രയോഗത്തിന് മുന്നില്‍ അവരെ അധികാരത്തിലേറ്റിയ ജനങ്ങള്‍ നിസ്സഹായരായ കാഴ്ചക്കാരായി മാറുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഘടനാപരമായ പ്രതിസന്ധിയുടെ മറ്റൊരു വശമാണിത്. അണ്ണാടീമിന്റെ മുന്‍കയ്യില്‍ ഉയര്‍ന്നുവന്ന സിവില്‍ സമൂഹപ്രസ്ഥാനം ഇക്കാര്യമാണ് വളരെ സമര്‍ത്ഥമായി തുറന്നുകാട്ടിയത്. ജനാധിപത്യവ്യവസ്ഥയില്‍ വ്യാപകമായിതീര്‍ന്നിട്ടുള്ള അഴിമിതി നിയന്ത്രിക്കാന്‍ വേണ്ടി രൂപം നല്‍കിയ ലോക്പാല്‍ ബില്‍ 43 വര്‍ഷമായിട്ട് പാസാക്കാതെ എട്ട് ലോകസഭകള്‍ തട്ടിക്കളിച്ചുകൊണ്ടിരിക്കുകയാണ്. ജനപ്രതിനിധികളും അവരുടെ രാഷ്ട്രീയപാര്‍ട്ടികളും ജനങ്ങളോട് എത്രമാത്രം നിരുത്തരവാദപരമായിട്ടാണ് പെരുമാറുന്നതെന്ന് തെളിയിക്കപ്പെടുകയായിരുന്നു. കൂടുതല്‍ ഫലപ്രദമായ ഒരു ലോക്പാല്‍ ബില്‍ ലോകസഭ അടിയന്തിരമായി പാസാക്കണമെന്ന ആവശ്യം തത്വത്തിലെങ്കിലും അംഗീകരിക്കാന്‍ പാര്‍ലമെന്റിനെയും ഭരണപ്രതിപക്ഷങ്ങളെയും നിര്‍ബ്ബന്ധിതരാക്കാന്‍ ഈ സിവില്‍ സമൂഹപ്രസ്ഥാനത്തിന് കഴിഞ്ഞു എന്നത് ചരിത്രപ്രാധാന്യമുള്ള കാല്‍വെയ്പ് തന്നെയായിരുന്നു. ജനപ്രതിനിധികളുടെ മേല്‍ പൗരസമൂഹത്തിന്റെ മേല്‍നോട്ടം എന്ന ആശയവും അതിന്റെ പ്രയോഗവും സുദീര്‍ഘമായ ഒരു ചരിത്രപ്രക്രിയയിലൂടെ മാത്രം നേടിയെടുക്കാവുന്ന കാര്യമാണ്.
ഇത്രയും ഗൗരവമേറിയ ഒരു വിഷയം ലാഘവബുദ്ധിയോടെയും അപക്വമായും കൈകാര്യം ചെയ്ത അണ്ണാടീമിന്റെ സമീപനത്തിന്റെ കാരണങ്ങള്‍ ആ നേതൃത്വത്തിന്റെ ദൗര്‍ബ്ബല്യങ്ങളില്‍ തന്നെയാണ് കണ്ടെത്തേണ്ടത്. മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ മാത്രം ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുപോന്ന അണ്ണാഹസാരെക്ക് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാനാവാതെ വരുന്നതില്‍ അസ്വാഭാവികതയില്ല. കെജ്‌റിവാളിന്റെ 'അഴിമതിക്കെതിരെ ഇന്ത്യ' എന്ന സംഘടന, ചെറിയ ചെറിയ സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് തപ്പിതടഞ്ഞാണ് ലോക്പാല്‍ ബില്ലിലെത്തിയത്. വിഷയത്തിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ പ്രാധാന്യം തിരിച്ചറിയാനുള്ള പശ്ചാത്തലം അവര്‍ക്കുമുണ്ടായിരുന്നില്ല. ഇന്നത്തെ അവസ്ഥയില്‍ അഖിലേന്ത്യാതലത്തില്‍ പരിഗണന അര്‍ഹിക്കാത്ത വിധം ചെറിയൊരു ഈര്‍ക്കില്‍ പാര്‍ട്ടിയായി ഒതുങ്ങിയേക്കാമെങ്കിലും, അവര്‍ ആരംഭിച്ചുവെച്ച ചരിത്രപ്രധാനമായ സംരംഭത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയില്ല.
ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടികളും വരുത്തുന്ന വീഴ്ചകളും വ്യതിയാനങ്ങളും അപ്പപ്പോള്‍ കണ്ടെത്തി തിരുത്താന്‍ കഴിയുംവിധം ജാഗ്രത പുലര്‍ത്തുന്ന സിവില്‍ സമൂഹത്തിന്റെ പ്രതിനിധികള്‍ പാര്‍ലമെന്റ് മുതല്‍ പഞ്ചായത്ത് വരെ എല്ലാ തലങ്ങളിലും ഉയര്‍ന്നുവരേണ്ടതുണ്ട്. ഒരു രാഷ്ട്രീയപാര്‍ട്ടിയ്ക്ക് ഈ ജോലി നിര്‍വ്വഹിക്കാനാവില്ല. അധികാരത്തില്‍ പങ്കെടുക്കാതെ അധികാരത്തെ തിരുത്താന്‍ കഴിയുന്ന ഒരു ഉപരി രാഷ്ട്രീയശക്തി. സിവില്‍ സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഇത്തരം ഒരു തിരുത്തല്‍ശക്തിയാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.

കെ.വേണു.

(6-9-2012 ലെ മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

5 comments:

  1. മെന്ന് താങ്കളുടെ മാത്രുഭൂമി ലേഖനത്തിനും അതേലക്കത്തിൽ വന്ന കെ പി സേതുനാഥിന്റെ ലേഖനത്തിനും കൂടി ചേർന്ന് എഴുതിയ ദീർഘപ്രതികരണം കൊടുക്കുന്നു
    ................................
    ലും പൻ കേരളത്തെ ജനാധിപത്യവൽക്കരിക്കേണ്ട സാമൂഹ്യശക്തികൾ ആരൊക്കെ?

    ലക്കം 50 ആഴ്ചപ്പതിപ്പ്‌ സമകാലികപ്രസക്തമായ അടിസ്ഥാനചോദ്യങ്ങൾ
    ഉന്നയിക്കുന്ന ലേഖനങ്ങൾ കൊണ്ട്‌ ശ്രദ്ധേയമായി.കെ പി സേതുനാഥും കെ വേണുവും
    നടത്തുന്ന നിരീക്ഷണങ്ങൾ പൊതുസമൂഹം ഗൗരവമായി ചർച്ചചെയ്യേണ്ട
    വിഷയങ്ങളണ്‌.ചിലനിരീക്ഷണങ്ങൾ പങ്കുവെക്കട്ടെ.

    കേരളസമൂഹത്തിന്റെ ഇന്നത്തെ പെരുമാറ്റവൈചിത്ര്യങ്ങളുടെയും
    കാപട്യങ്ങളുടെയും കാരണങ്ങൾ സുകൃതക്ഷയത്തിന്റെയും
    പെരുമാറ്റദൂഷ്യത്തിന്റെയും പരിമിതവൃത്തത്തിനകത്ത്‌
    ഒതുങ്ങുന്നതല്ല.ആശ്രിതമായ ഒരു സമ്പദ്ഘടനയും അതോടൊപ്പമുള്ള സവിശേഷമായ
    സാമൂഹിക ചരിത്രപശ്ചാത്തലവും കൂടി ഇഴുകിച്ചേന്നുണ്ടായ പ്രശ്നസങ്കീർണ്ണതകളെ
    നേർക്കുനേർ തുറന്നു കാണിക്കാൻ അമാന്തിച്ചുകൂട.ലക്ഷണംകെട്ട[limpanized
    ]ഒരു പൊതുസമൂഹം തന്നെയാണ്‌ നമ്മുടേത്‌.മണൽകടത്ത്‌ നടത്തുകയും നോക്കു
    കൂലിവാങ്ങുകയും ചെയ്യുന്ന തൊഴിലാളി.അവരെ കുറ്റപ്പെടുത്തുന്ന മധ്യവർഗ
    ഉപരിവർഗങ്ങളോ?റിയൽ എസ്റ്റേറ്റ്‌ ഇടപാടുകാരും ബ്രോക്കർമാരും,നികുതിയിൽ
    നിന്നു രക്ഷനേടാൻ പഴുതുണ്ടാക്കുന്നവർ,മാലിന്യം പൊതുസ്ഥലത്തു
    തള്ളുന്നവർ,വ്യാജമദ്യം വിൽക്കുന്നവർ,അഴിമതിക്കാർ, കൈക്കൂലി
    വാങ്ങുന്നവർ,ജോലിക്കു കോഴകൊടുക്കുന്നവർ,പെൺ വാണിഭം
    നടത്തുന്നവർ,സ്ത്രീപീഢനത്തെ ന്യായീകരിക്കുന്നവർ അങ്ങനെ ഏതെങ്കിലും ഒരു
    സാമുഹിക തിന്മയുടെ പങ്ക്‌ പറ്റാത്തവരായി ആരുമില്ല ഇവിടെ എന്നു
    വന്നിരിക്കുന്നു.

    ഭൂമിക്കച്ചവടം, ഇലക്ട്രോണിക്‌ വ്യാപാരമടക്കമുള്ള മിക്കവ്യാപരങ്ങളും,
    വിവാഹാദി ഇടത്തട്ട്‌-ദല്ലാളന്മാർ വിലസുന്നമേഖലകൾ തുടങ്ങി സർക്കാർ
    സർക്കാരിതര സേവന മേഖലകളും രാഷ്ട്രീയ, നീതി നിർവ്വഹണ, ഭരണകൂടസംവിധാനങ്ങൾ
    വരെയുള്ള സമസ്ത ഇടപാടുകളും നുണയിലും പറ്റിക്കലിലും അധിഷ്ഠിതമായ
    സാമൂഹികബന്ധങ്ങളെയാണ്‌ നിരന്തരം
    സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്‌.അച്ചനമ്മമാർ നുണ പറയുന്നതു കേട്ട്‌ വളരാത്ത
    ഒരു കുട്ടിയും കേരളത്തിലുണ്ടാവില്ല..മാഫിയ,ക്വട്ടേഷൻ സംഘങ്ങളുടെ
    വളർച്ചക്കു പിന്നിലെന്ന പോലെ ഇതിന്റെയെല്ലാം കാരണം നാം പിന്തുടരുന്ന
    വികസനപാതയും അതിലടങ്ങിയമൂലധനവിപണിതാൽപര്യങ്ങളുമാണ്‌.

    ReplyDelete
  2. തുടർച്ച..
    ...........
    ഒരു പരാദ സമ്പട്‌ ഘടനയാണ്‌ നമ്മുടേത്‌.പുറത്തുനിന്ന് വന്നു ഉപരിതലത്തിൽ
    ഒഴുകിനടക്കുന്ന പണത്തിന്റെ ആവശ്യങ്ങളാണ്‌ നമ്മുടെ തൊഴിൽ മേഖലയെ
    മാറ്റിപ്പണിതത്‌.ഉൽപാദനത്തിലൂടേ ഇവിടെ സൃഷ്ടിക്കപ്പെടാത്ത പണവും
    അതുണ്ടാക്കുന്ന സമ്പദ്കേന്ദ്രീകരണവും അവിഹിതമായതൊഴിലുകളെ വളർത്തിയതിൽ
    അത്ഭുതമില്ല.പക്ഷെ ഇതിനു പരിഹാരമെന്ന രീതിയിൽ നടപ്പിലാക്കുന്ന
    കാര്യങ്ങളോ? ആശ്രിതത്വത്തെ പതിന്മടങ്ങ്‌
    ഇരട്ടിപ്പിക്കുന്നവയാണ്‌.വികസനത്തിനു വേണ്ടിയുള്ള പശ്ചാത്തല
    വികസനമെന്നത്‌ സ്വയം ഒരു വികസനതന്ത്രമായിരിക്കുന്നു.വിദഗ്ധരായതൊഴിൽ സേനയെ
    ഉണ്ടാക്കാനായി തുടങ്ങുന്ന സ്വാശ്രയ സ്വകാര്യ എഞ്ചിനീയറിംഗ്‌,എം ബി
    എ,മെഡിക്കൽ പഠനകേന്ദ്രങ്ങൾ സ്വയം ഒരു പണം തട്ടൽ വ്യവസായം മാത്രമായി
    മാറി.ഔട്ട്‌ സോഴ്സിങ്ങിനെ തടയാൻ മൂർത്തമായ ഒന്നും ചെയ്യുന്നുമില്ല.

    നമ്മുടെ വികസനത്തിന്റെ ആത്യന്തിക സ്രോതസ്സ്‌ നമ്മുടെ അമൂല്യമായ
    പ്രകൃതിയും പ്രകൃതി വിഭവങ്ങളുമാണ്‌.പിന്നെ
    അധ്വാനവും[മാനവവിഭവശേഷി}.അധ്വാനംതേടി വിദേശമൂലധനം കാര്യമായീവിടെ
    വരില്ല.ഉയർന്ന കൂലിയും അവകാശബോധവും തന്നെ കാരണം.ഔട്ട്സോഴ്സിങ്ങിന്റെയും
    വിഭവങ്ങൾ പാടെ കയ്യടക്കാൻ മൂലധനശക്തികൾ താൽപര്യമെടുക്കുന്നതിന്റെയും
    കാരണം വേറെയല്ല.പശ്ചാത്തലവികസനത്തിന്റെയും ടൂറിസ വികസനത്തിന്റെയും പേരിൽ
    പ്രകൃതിയേയും പ്രകൃതി വിഭവങ്ങളെയും തീറെഴുതുന്ന വികസനപാതയിലാണ്‌ നമ്മുടെ
    ഭരണാധികാരികൾ.കോർപ്പററ്റ്‌ മൂലധനത്തിന്റെ ചുഴലിക്കാറ്റിന്‌ വിട്ടു
    കൊടുക്കണോ പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും?.ചുഴലി പിൻ വാങ്ങിയാൽ
    ബാക്കിയാകുന്നത്‌ മരുഭൂമിയായിരിക്കും.

    ഉയർന്ന കൂലി ഒരു കുറ്റമാണെന്ന രീതിയിലാണ്‌ പലപ്പോഴും
    അവതരിപ്പിക്കപ്പെടാറ്‌.ആരോഗ്യ വിദ്യാഭ്യാസ സംവിധാനത്തിലൂടെ കൈവന്ന ജീവിത
    നിലവാരമാണ്‌ കൂലിയെ ഉയർത്തുന്നതിന്റെ ഒരു പ്രധാനഘടകം.സൗദി അറേബ്യയിൽ
    ഭൂരിപക്ഷം മലയാളികളും ജോലി ചെയ്യുന്നത്‌ 1500,2000 റിയാൽ
    ശമ്പളത്തിനാണെങ്കിൽ അവിടെ സൗദി പൗരന്മാർക്ക്‌ തൊഴിലില്ലായ്മ വേതനമായി
    കൊടുക്കുന്നത്‌ 5000 റിയാലാണ്‌.കൂലിവർദ്ധനവ്‌ വികസനത്തിന്റെ തന്നെ ഒരു
    ഉപോൽപന്നമാണെന്ന കാര്യം നാം മറക്കുന്നു.പിന്നെ ഉഴപ്പന്മാരാണെന്ന
    ആരോപണം.അത്‌ മാനേജ്‌മന്റ്‌ സംവിധാനത്തിന്റെ കുറവും നിരന്തരപുതുക്കലുകളും
    ഉത്തേജനപരിപാടികളുടെ കുറവുമാണ്‌.പുതിയസാഹചര്യത്തിൽ എത്തപ്പെടുമ്പോൾ
    മലയാളി നന്നായി ജോലിചെയ്യുന്നുണ്ടല്ലോ.

    കൃഷിയുടെ കാര്യത്തിൽ ഗൃഹാതുരവും കാൽപനികവുമായ കാഴ്ചപ്പാടുകളാണ്‌ നാം
    വെച്ചു പുലർത്തുന്നത്‌.തുണ്ടുവൽക്കരിക്കപ്പെട്ട ഭൂമിയിൽ കൃഷിക്കാർ
    ഒറ്റക്കൊറ്റക്കു നടത്തുന്ന ഒരു തരം പുരയിടകൃഷിയിലൂടെ കൃഷിയെ
    അഭിവ്ര്ദ്ധിപ്പെടുത്താമെന്ന വ്യാമോഹം സർക്കാരുകളും സമൂഹവും ഇപ്പോഴും
    വെച്ചു പുലർത്തുന്നു.കൃഷിയെ സംഘടിതമായി പുനസംഘടിപ്പിക്കേണ്ടതിന്റെ
    അനിവാര്യത നമുക്കിനിയും ബോധ്യപെട്ടിട്ടില്ല.അവിടെയും
    കോർപ്പറേറ്റുകൾക്കുവേണ്ടി ഭൂകേന്ദ്രീകരണം നടത്താനുള്ള സാധ്യതയായിരിക്കും
    ഭരണാധികാരികൾ തിരയുക.

    അതുപോലെയാണ്‌ 'മലയാളി ഇവിടെ ഒന്നും ചെയ്യില്ല പുറത്തുപോയാൽ ഏതു താഴ്‌ന്ന
    തരം ജോലിയും ചെയ്യുമെ'ന്ന ധാരണ.അധികവരുമാനം,വരുമാനം സമാഹരിക്കാനുള്ള
    സാഹചര്യം,തൊഴിൽ സുരക്ഷിതത്വം ഇവയുണ്ടെങ്കിൽ മലയാളി
    ചുമട്ടുതൊഴിൽ,ചെത്തുതൊഴിൽ[ഇതിലൊന്നും അന്യസംസ്ഥാനക്കാർ ഇല്ലല്ലോ] തുടങ്ങി
    തോട്ടിപ്പണിവരെ ഇവിടെത്തന്നെ ചെയ്യും.തൊഴിലിന്റെ ഉച്ച നീചത്വത്തെ
    കുറിച്ചുള്ള ജാതി വ്യവസ്ഥയുടെ അവശിഷ്ഠമായ ധാരണകൾ ഇപ്പോഴും
    നിലനിൽക്കുന്നതിന്റെ കാരണം മേൽപറഞ്ഞവയുടെ അഭാവമാണ്‌.അതിനു പുറമേ വളരെ
    അടഞ്ഞ കുടുംബ, വിവാഹ,ഭവന സങ്കൽപമാണ്‌ നാമിപ്പോഴും
    തുടരുന്നത്‌.ജീവിതകാലത്തെ അധ്വാനം മുഴുവൻ വിഴുങ്ങുന്നത്‌ വിവാഹങ്ങളും
    മറ്റ്‌ ആചാരങ്ങളും കുടുംബ പരിപാലനവും[ആരോഗ്യപാലനമടക്കം മറ്റു പലതും]
    ഗൃഹനിർമാണവുമാണ്‌.സാമൂഹികസുരക്ഷിതത്വസംവിധാനങ്ങളുടെ അഭാവവും പെൻഷൻ
    സമ്പ്രദായത്തിന്റെ തിരോധാനവുമെല്ലാം ഔട്ട്സോഴ്സിങ്ങിനെ
    ത്വരിതപ്പെടുത്തും.

    കേരളമെന്ന ആവാസവ്യവസ്ഥയുടെ സുസ്ഥിരമായനിലനിൽപാണ്‌ വികസനത്തിന്റെയും
    ക്ഷേമത്തിന്റെയും അടിത്തറയെന്ന ബോധ്യം നമ്മുടെ
    വികസനകാഴ്ചപ്പാടുകൾക്കില്ല.പ്രകൃതിയെ മറന്നുള്ള വികസനം ആഗോളതലത്തിൽ
    ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കെ ആ ബോധ്യം ആദ്യമുണ്ടാകേണ്ടിയിരുന്നത്‌
    നമുക്കാണ്‌.കാരണം അതിന്റെ ദൂഷ്യങ്ങൾ തീക്ഷ്ണമായി അനുഭവപ്പെടുക
    നമുക്കാണ്‌.എന്നിട്ടും പുതിയ ഡാം വേണം,ഗാഡ്ഗിൽ ശുപാർശകൾ
    തള്ളണം,അതിരപ്പിള്ളി പദ്ധതി വേണം എന്നൊക്കെ പറഞ്ഞ്‌ നാം കക്ഷിഭേദം മറന്ന്
    ഒന്നിച്ചു മുന്നോട്ടുതന്നെ.കൂടംകുളത്തിന്‌ അഭിവാദ്യം പറയാനും
    പൊതുസമൂഹത്തിനു മടിയില്ല.

    ReplyDelete
  3. ....
    കേരളത്തിന്റെ മൊത്തം ആഭ്യന്തരോൽപാദനം ദേശീയശരാശരിയേക്കാളും കടന്നിട്ടും
    ,സാമ്പത്തിക പ്രതിസന്ധി'യെന്ന വായ്ത്താരി ആവർത്തിക്കുന്ന
    സാമ്പത്തികശാസ്ത്രത്തിന്റെ താൽപര്യം ഭരണാധികാരികളും
    ബ്യൂറോക്രസിയുമടങ്ങുന്ന ദല്ലാളന്മാരുടെയും മൂലധനത്തിന്റെയും
    താൽപര്യമാകാതെ വയ്യ.നമ്മുടേ രാഷ്ട്രീയ,മത,ജാതി നേതൃത്വങ്ങളുടെ നിക്ഷിപ്ത
    താൽപര്യങ്ങളെ അവർ നടത്തുന്ന സാമ്പത്തിക,പ്രകൃതി ചൂഷണങ്ങളുടെ
    അടിസ്ഥാനത്തിൽ തുറന്നു കാണിക്കേണ്ടതുണ്ട്‌.അധ്വാനം, പ്രകൃതി എന്നിവയെ
    ചൂഷണം ചെയ്യുന്നതിന്റെ രാക്ഷസീയത പുറത്തുകൊണ്ടുവരുന്ന
    പൊതുവെളിപ്പെടുത്തലുകൾ നിരന്തരം വന്നുകൊണ്ടിരിക്കണം.പഴയ ജാതി
    ജന്മിത്തവ്യവസ്ഥയിലെന്നപോലെ നിശബ്ദരും ആശ്രിതരുമായ ഒരു അനുയായിവൃന്ദത്തെ
    വിധേയരായി നിലനിർത്താൻ ജാതി,മത
    കക്ഷിരാഷ്ട്രീയസ്ഥാപനങ്ങൾക്കാകുന്നുണ്ട്‌..മത,ജാതി ,രാഷ്ട്രീയവിമർശങ്ങൾ
    സാംസ്കാരിക,'രാഷ്ട്രീയ' ഭാഷ കൈവെടിഞ്ഞ്‌ സാമ്പത്തിക ഭാഷ
    വീണ്ടെടുക്കണം.ചൂഷണത്തെ നേർക്കു നേർ അനാവരണം ചെയ്യുന്ന ജനാധിപത്യ
    ചർച്ചകളാണ്‌ കെ വേണുവിനെപ്പോലുള്ളവർ ഉയർത്തേണ്ടത്‌,ചർച്ചകളെ അമിതമായി
    സൈദ്ധാന്തികവൽക്കരിക്കുകയോ ഏകപക്ഷീയമായ കുറ്റപ്പെടുത്തലുകളോ കൊണ്ട്‌
    മുർച്ചകുറക്കാൻ ഇടവരുത്തരുത്‌.തീർച്ചയായും അരാജകസമരങ്ങളെ സ്വാഗതം
    ചെയ്യേണ്ടതുണ്ട്‌.എന്നാൽ നാം ഏതുതരം അരാജകസമരങ്ങളെ സൃഷ്ടിക്കാനായി
    ഗൃഹപാഠം ചെയ്യണം എന്നതാണ്‌ പ്രധാനം.പ്രതിലോമ ആവശ്യങ്ങൾ ഉന്നയിച്ചും
    അതുണ്ടാവാമല്ലോ.

    ReplyDelete
  4. ..............
    വേണുവിന്റെ വിശകലനങ്ങളിലെ ആശയവാദസമീപനം വലതുപക്ഷ/പ്രതിലോമ/യാഥാസ്ഥിതിക
    പക്ഷത്തിന്റെ ആദർശവാദനിലപാടിൽ തന്നെ എത്തുന്നില്ലേ എന്നു
    സംശയിക്കേണ്ടിയിരിക്കുന്നു.സ്വാതന്ത്ര്യസമരവും നവോത്ഥാനവും ഒരു
    പൊതുമണ്ഡലത്തെ സാധ്യമാക്കിയതിന്റെ വസ്തുനിഷ്ഠഭൂമിക കെ പി സേതുനാഥ്‌
    വ്യക്തമാക്കുന്നുണ്ട്‌.ആ തലത്തിലേക്ക്‌ സ്വാതന്ത്ര്യ സമരത്തെ
    വ്യാപിപ്പിച്ചതിൽ വിവിധ സാമൂഹ്യശക്തികളുടെ പ്‌അങ്കും
    ഉണ്ടായിരുന്നു.കുടിയാന്മാരുടെ അവകാശങ്ങൾ കോൺഗ്രസ്സിന്റെ അജണ്ട ആയതോടേ ഒരു
    വിഭാഗം കോൺഗ്രസ്‌ വിട്ടു.ഈ വർഗം കോൺഗ്രസ്സിൽ തിരിച്ചെത്തുന്നത്‌
    സ്വാതന്ത്ര്യത്തിനു ശേഷമാണ്‌.തൊഴിലാളി,കർഷക,കർഷകത്തൊഴിലാളികളുടെയും
    ദളിതുകളുടെയും പ്രശ്നങ്ങൾ കോൺഗ്രസ്സിണ്‌ പഥ്യമല്ലായിരുന്നത്‌ കൊണ്ടാണ്‌
    കമ്യൂണിസ്റ്റു പാർട്ടിയും അംബേദ്കറിസ്റ്റ്‌ പ്രസ്ഥാനങ്ങളും വളർന്നു
    വന്നത്‌.സ്വാതന്ത്ര്യ സമരകാലത്തെ ആദർശാത്മകതയെ സാമാന്യവൽക്കരിക്കുമ്പോൾ
    കെ വേണു ഈ യാഥാർത്ഥ്യം കാണാതെ പോകരുത്‌.പ്രവിശ്യാ ഗവൺമന്റുകളിൽ
    ഭാഗഭാക്കായ കോൺഗ്രസ്‌ നേതാക്കളുടെ മൂല്യച്യുതിയെക്കെതിരെ
    സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ ഗാന്ധിജിക്ക്‌ വിമർശിക്കേണ്ടിവന്നതു
    ഓർക്കുക.

    വിവരാവകാശനിയമത്തിനു വേണ്ടിയുള്ള സമരമടക്കം കേരളത്തിനു പുറത്തു
    നടന്നിട്ടുള്ള സമരങ്ങളുടെ പ്രസക്തി അംഗീകരിക്കേണ്ടതു
    തന്നെയാണ്‌.രാഷ്ട്രീയ അപചയത്തെ യഥാർത്ഥ വില്ലനാക്കുമ്പോഴും അതിന്റെ
    വികസന,സാമ്പത്തിക തലങ്ങളെ വേണു കാണുന്നില്ല.യുവാക്കളിലെ
    മധ്യവർഗവ്യാമോഹങ്ങളുടെ ഭാഗമായ താൽകാലിക ആദർശാത്മകതയെ ഒരു
    പ്രസ്ഥാനമാക്കാമെന്ന വ്യാമോഹത്തെ പാടെ തള്ളിക്കളയണമെന്നല്ല
    പറയുന്നത്‌.അതിനെ വേണു തന്നെ സൂചിപ്പിക്കുന്ന താഴെ തട്ടിലുള്ളവരുടെ
    ജനാധിപത്യസമരങ്ങളുമായി ബന്ധിപ്പിക്കണം.രാഷ്ട്രീയ നേതൃത്വങ്ങളുടെ മൂലധന
    വിധേയത്വവും വികസനമോഹങ്ങളുമാണ്‌ അധികാരമോഹങ്ങളുടെ നിർണ്ണായകഘടകമെന്ന
    സത്യം കാണണം.മൂലധനശക്തികൾ ആര്‌ അധികാരത്തിലേറണമെന്ന്
    തീരുമാനിക്കുന്നസാഹചര്യത്തിൽ പ്രത്യേകിച്ചും.അധികാരം മാത്രം മതിയെങ്കിൽ
    ലാവലിൻ അഴിമതി എങ്ങനെയുണ്ടായി?മൂലധനം ഉണ്ടാക്കുന്ന അനുബന്ധ
    ആശ്രിതവിഭാഗങ്ങൾ നിരവധിയാണ്‌.ക്വട്ടേഷൻ സംഘങ്ങളും അതിൽ
    പെടും.ആദർശരാഷ്ട്രീയം നഷ്ടമാകുമ്പോൾ അതിനുള്ളീൽ ക്വട്ടേഷൻ സംഘങ്ങൾ രൂപം
    കൊള്ളും.

    ലാഭമാണ്‌ ഏറ്റവും വലിയ ചൂഷണം എന്നിരിക്കെ അഴിമതിയെ കേവലതിന്മയായി
    അവതരിപ്പിക്കുന്നത്‌ തന്നെ ഒരു ഗൂഢാലോചനയാണ്‌.അഴിമതിയുടെ സ്രോതസ്സിനെ
    പിടികൂടാൻ ആരും ധൈര്യപ്പെടില്ല.കൊലപാതകതിന്റെ ഗൂഢാലോചനപുറത്തു
    വരാത്തപോലെ.ഐസ്ക്രീം കേസിൽ അന്ന് മുഖ്യധാരാമാധ്യമങ്ങൾ ഒത്തൊരുമിച്ച്‌
    വാർത്തകൾ പൂഴ്ത്തിവെച്ചത്‌ വേണുവിന്റെ നേരിട്ടുള്ള അനുഭവമാണങ്കിൽ അതിന്റെ
    കാരണം അദ്ദേഹത്തെപ്പോലെ ഒരാൾ ചുഴിഞ്ഞു നോക്കേണ്ടതല്ലേ? ആ കേസിനു പിന്നിലെ
    വൻ അഴിമതികൾ,കോഴിക്കോട്‌ വിമാനത്താവളത്തിലൂടെ വന്ന വലിയ അളവിലുള്ള
    കള്ളക്കടത്ത്‌ സ്വർണം ഒക്കെ എന്തിനായിരിക്കാമെന്ന് അദ്ദേഹം അന്വേഷിച്ചോ?
    കുഞ്ഞാലിക്കുട്ടിയുടെ ജിമ്മിനു സ്തുതിപാടിയ മാധ്യമങ്ങൾ പങ്കുവെക്കുന്ന
    വികസനസങ്കൽപം ഇപ്പോഴും വ്യത്യസ്തമൊന്നുമല്ല.

    ReplyDelete
  5. വലതുപക്ഷ യാഥാസ്ഥിതികശക്തികളും കപട രാഷ്ട്രീയനേതൃത്വങ്ങളും ഉപയോഗിച്ച്‌
    വിലകെട്ട ആദർശം,ധാർമ്മികത,മൂല്യങ്ങൾ തുടങ്ങിയ പദങ്ങൾ ഉപയോഗിക്കാതിരിക്കാൻ
    ശ്രമിക്കലാണ്‌ വേണുവിനെപ്പോലുള്ളവർ സത്യസന്ധതയുണ്ടെങ്കിൽ
    വേണ്ടത്‌.പൊതുസമൂഹത്തിന്റെ ആദർശാത്മകതയുടെ സൂചിക താഴുന്നതിന്റെ
    സാമ്പത്തികശാസ്ത്രം വേണു കാണുന്നില്ല.അടിമുടി
    സാമ്പത്തികവൽക്കരിക്കപ്പെട്ട ബന്ധങ്ങളാണ്‌ സമൂഹത്തിൽ
    നിലനിൽക്കുന്നത്‌.മാനുഷിക ഇടപാടുകളുടെയും സേവന,സഹകണങ്ങളുടെയും സകലമേഖലയും
    കൂടുതൽ നഗ്നമായ വിപണിമൂല്യങ്ങൾക്കടിപ്പെടുകയാണ്‌.ഇതിനെ കാണാത്ത
    അധികാരവിമർശനം നിഷ്ഫലമാണ്‌.കേരളീയരുടെ പാരിസ്ഥിതിക പൗരബോധമില്ലായ്മയെ
    വിചാരണ ചെയ്യുന്ന വേണു കേരളത്തിന്റെ പ്രകൃതിയെ മൂലധനശക്തികൾക്ക്‌
    തീറെഴുതുന്ന ഭരണകൂട നീക്കത്തെ വികസന കാഴ്ചപ്പാടുമായി ബന്ധിപ്പിച്ച്‌
    കാണുന്നില്ല.അധികാരത്തിന്റെ അപചയമെന്ന ആദർശവാദനിലപാട്‌ മാത്രമാണ്‌
    അദ്ദേഹം പുലർത്തുന്നത്‌.അതേസമയം ആദർശാത്മകതയുടെ അടിസ്ഥാനം മൂലധനവും
    അധികാരവും ചേർന്നുണ്ടാക്കുന്ന വൈരുദ്ധ്യങ്ങളാണുതാനും.ഭരണവർഗം ഈ
    ആദർശാത്മകതയെ അതിജീവനത്തിനുള്ള തന്ത്രമായി വഴിതിരിച്ചു വിടുകയും
    ചെയ്യും.അവിടെയാണ്‌ വേണുവിന്റെ കാത്തിരുന്നു കാണാമെന്നതരത്തിലുള്ള
    വിധിവാദം ചോദ്യം ചെയ്യപെടുന്നത്‌.പൗരസമൂഹത്തിന്റെ വിഭജനം
    ജനാധിപത്യവൽക്കരണത്തിന്റെ ഉത്തരവാദിത്തം താഴെ തട്ടിലുള്ള
    വിഭാഗങ്ങൾക്ക്മേൽ അർപ്പിക്കുന്നുണ്ട്‌.പൗരസമൂഹത്തിന്റെ ഇളക്കങ്ങളെ ദളിത്‌
    ആദിവാസി വിഭാഗങ്ങളുടെ താൽപര്യങ്ങളെ മുന്നിർത്തി വഴിതിരിച്ചു വിടുകയണ്‌
    വേണ്ടത്‌.

    ലുംപനൈസ്‌ ചെയ്യപ്പെട്ട തൊഴിലാളിയും തൊഴിലാളികളുടെ പാർട്ടിയും
    വ്യക്ത്യാദർശങ്ങളുടെ പിടിവലിയിൽ കുടുങ്ങികിടക്കുന്നതിൽ അത്ഭുതമില്ല്അ.വി
    എസ്‌ അച്യുതാനന്ദന്‌ ഒരു സാധ്യതയാകാൻ കഴിയാതെ പാർട്ടിയെ പരിമിതിയിൽ
    കുരുക്കിയിടാൻ മാത്രമേ ആകുന്നുള്ളൂ.തൊഴിലാളിവർഗ ബ്യൂറോക്രസിയും
    ലുംപനൈസേഷനും ശക്തിപ്പെടുന്നുണ്ടെങ്കിലും മൂലധനവുമായി
    അധ്വാനപക്ഷത്തുനിന്ന് വിലപേശാൻ അതിനുള്ള ശക്തി അഖിലേന്ത്യാതലത്തിൽ തന്നെ
    വർദ്ധിച്ചു വരികയാണ്‌.ട്രേഡ്‌ യൂനിയനിസം പാർട്ടിയിൽനിന്ന്
    വേറിട്ടൊരസ്തിത്വം കൈവരിച്ചുകൊണ്ടിരിക്കയാണെന്നു വേണം പറയാൻ.നവലിബറൽ
    നയങ്ങൾ ട്രേഡ്‌ യൂനിയൻ ബ്യൂറോക്രസിക്ക്‌ മേൽ ചെലുത്തുന്ന സമ്മർദ്ദം അതിനെ
    ജനാധിപത്യവൽക്കരിച്ചേക്കാം.

    ആദിവാസി, ദളിത്‌,സ്ത്രീ എന്നിവർ അനുഭവിക്കുന്ന ചൂഷണത്തിന്റെ പച്ചയായ
    യാഥാർത്ഥ്യം മുമ്പിലുണ്ടായിരിക്കെ അവയെ ആലങ്കാരികരാഷ്ട്രീയഭാഷയിൽ
    വിശദീകരിക്കേണ്ടതില്ല.ഭൂമിയും അധ്വാനവും അടിസ്ഥാനമാക്കി ചൂഷണത്തിന്റെ
    നൃശംസത ഒരു സാമൂഹികപ്രശ്നമായി നിരന്തരം
    ഉയർത്തപ്പെടണം.ജനാധിപത്യവൽക്കരണത്തിന്റെ പ്രഥമവും പ്രധാനവുമായ അടിത്തറ
    ആദിവാസി,ദളിത്‌,സ്ത്രീ എന്നിവരുടെ ഭൂമിയുടെയും വിഭവങ്ങളുടെയും പൊതുവിൽ
    സമ്പത്തിന്റെ ന്യായമായ പങ്കിന്മേലുള്ള ഉടമസ്ഥാവകാശമാണ്‌.കാരണം ഏറ്റവും
    വിലകുറഞ്ഞ അധ്വാനം വിൽക്കുന്നവർ അവരാണ്‌.മധ്യവർഗ ജനാധിപത്യമോഹങ്ങളുടെ
    പിറകെ പോകാതെ നഗ്നമായ സാമൂഹ്യയാഥാർത്ഥ്യങ്ങളിലേക്കു തന്നെ തിരിച്ചു
    വരണം.പ്രത്യശാസ്ത്ര ശാഠ്യങ്ങൾക്കിനി
    പ്രസക്തിയില്ല.അപമാനവീകരിക്കപ്പെടുന്ന അധ്വാനശരീരങ്ങളും പ്രകൃതിയും
    മാത്രമാകട്ടെ നമ്മുടെ അടിസ്ഥാനം.

    ReplyDelete