Saturday, 19 May 2012

ഇനിയും ഇത് തുടര്‍ന്നുകൂടാ


ഇനിയും ഇത് തുടര്‍ന്നുകൂടാ

കെ. വേണു

ആധുനിക കേരളത്തിന്റെ രാഷ്ട്രീയ മുഖം എത്രമാത്രം ഭീബത്സമായിരിക്കുന്നു എന്ന രാഷ്ട്രീയ വസ്തുതയാണ് ടി.പി. ചന്ദ്രശേഖരന്‍  വധത്തിലൂടെ  പ്രകടമായിരിക്കുന്നത്. അവകാശരാഷ്ട്രീയത്തിന്റെയും പ്രബുദ്ധരാഷ്ട്രീയത്തിന്റെയും മികച്ച മാതൃകയായി അഖിലേന്ത്യാതലത്തില്‍ തന്നെ പരിഗണിക്കപ്പെട്ടുപോന്ന കേരളത്തില്‍ ഇന്ന് നടക്കുന്നത് ഭിന്ന രാഷ്ട്രീയക്കാരെയും വിമതരെയുമെല്ലാം മൃഗീയവും നിഷ്ഠൂരവുമായ രീതിയില്‍ ആക്രമിക്കുകയും  കൊന്നൊടുക്കുകയും  ചെയ്യുന്ന രാഷ്ട്രീയപകപോക്കലുകളാണ്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സമൂഹം ഒറ്റക്കെട്ടായി ഉയര്‍ന്ന് നിന്ന് അവയെ അപലപിക്കുന്നതിന് പകരം, പുരോഗമനരാഷ്ട്രീയത്തിന്റെയും വര്‍ഗ്ഗരാഷ്ട്രീയത്തിന്റെയും മറ്റും തുടര്‍ച്ചയാണ് ഇത്തരം സംഭവങ്ങളെന്ന് വരുത്തിതീര്‍ത്ത് അവയെ ന്യായീകരിക്കാനും അല്ലെങ്കില്‍ ചെറിയ പാളിച്ചകളും  വ്യതിയാനങ്ങളുമെന്ന് പറഞ്ഞ് ലഘൂകരിക്കാനും ശ്രമിക്കുന്ന പ്രബലമായ ഒരു ചിന്താഗതി സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നതാണ് സ്ഥിതിഗതികളെ ഗുരുതരമാക്കുന്നത്. ഈ അവസ്ഥാ വിശേഷം പെട്ടെന്ന് ഉയര്‍ന്നുവരുന്നതല്ല. പടിപടിയായി ദശകങ്ങളിലൂടെ വളര്‍ന്ന് വന്ന് ഇപ്പോഴത്തെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നതാണ്. ഇനിയും ഇത്തരം സംഭവങ്ങള്‍ തുടര്‍ന്ന് കൂടെന്ന് നിലപാടെടുക്കുവാനും പ്രഖ്യാപിക്കാനും ശേഷിയുള്ള ഒരു പൊതുസമൂഹം കേരളത്തില്‍ ഇനിയും അവശേഷിക്കുന്നുണ്ടോ എന്നാണ് അന്വേഷിക്കേണ്ടത്. ഇല്ലെങ്കില്‍, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അതീതമായി അത്തരമൊരു പൊതുസമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍, കേരളത്തിന്റെ ജനാധിപത്യഭാവിയില്‍ ആശങ്കയുള്ളവര്‍ മുന്നോട്ടുവരേണ്ടതുണ്ട്. കേരളീയ സമൂഹത്തിന്റെ മനസ്സാക്ഷി മരവിച്ചിട്ടില്ലെന്നും പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും തന്നെയാണ് കോഴിക്കോടും വടകരയിലും മറ്റും ടി.പി.യ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ തടിച്ചുകൂടിയ അഭൂതപൂര്‍വ്വമായ ജനാവലി തെളിയിച്ചത്.

ഇത്തരം രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന പ്രവണതയുടെ അടിവേരുകള്‍ തന്നെ പിഴുതെറിഞ്ഞുകൊണ്ട് കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ ശുദ്ധീകരിക്കാനുള്ള  ഒരു യജ്ഞം തന്നെയാണ് ആവശ്യമായിട്ടുള്ളത്. ഈ രാഷ്ട്രീയപ്രവണതകളും ബന്ധപ്പെട്ട പ്രവര്‍ത്തന ശൈലികളും ശരിയായി തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ഇപ്പോഴത്തെ സംഭവത്തിന് പിന്നില്‍ ആരെന്ന് കൃത്യമായി തെളിയിക്കപ്പെടാതെ ഇത്തരമൊരു അന്വേഷണത്തിന് പ്രസക്തിയുണ്ടോ എന്ന ചോദ്യമുണ്ട്. സംഭവത്തില്‍ പങ്കെടുത്ത പ്രതികളാരൊക്കെ എന്ന് കൃത്യമായി കണ്ടെത്തുന്നതിനേക്കാള്‍ പ്രധാനം രാഷ്ട്രീയപശ്ചാത്തലവും സാഹചര്യങ്ങളും വസ്തുനിഷ്ഠമായി വിലയിരുത്തുക എന്നതാണ്. ടി.പി. കൊല്ലപ്പെടുന്നതിന് കുറച്ച് മുമ്പ്  അവരുടെ പത്രത്തില്‍ അവരുടെ സംഘടന നേരിടുന്ന ആക്രമണ പരമ്പരകളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 2008 ല്‍ സി.പി.എമ്മിനെതിരായി രാഷ്ട്രീയവിമര്‍ശനങ്ങളുന്നയിച്ചതിന്റെ പേരില്‍ നടപടികള്‍ക്ക് വിധേയരാകുകയും  സംഘടിതമായി പുറത്തുവന്ന് ആര്‍.എം.പി രൂപീകരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് തുടര്‍ടച്ചയായ ആക്രമണ പരമ്പരകളെയാണ് അവര്‍ നേരിട്ടത്. കേരളത്തിലെ സാഹചര്യത്തില്‍, സി.പി.എമ്മില്‍നിന്ന് വിഘടിച്ച് വരുന്നവരെ മറ്റേതെങ്കിലും പാര്‍ട്ടിക്കാരോ സംഘടനകളോ ഇങ്ങനെ സംഘടിതമായി ആക്രമിച്ചുകൊണ്ടിരിക്കും എന്ന് കരുതുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. അവര്‍ പുറത്തുവരികയും പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഓഞ്ചിയം പഞ്ചായത്ത് വിമതര്‍ പിടിച്ചെടുക്കുകയും ചെയ്തത് സി.പി.എമ്മിന് വലിയ രാഷ്ട്രീയനഷ്ടമാണ്  ഉണ്ടാക്കിയത്.  സി.പി.എമ്മിന് രാഷ്ട്രീയനഷ്ടമുണ്ടാക്കിയവരെ മറ്റുള്ളവര്‍ എന്തിന് ആക്രമിക്കണം. തങ്ങള്‍ക്ക് രാഷ്ട്രീയനഷ്ടമുണ്ടാക്കുന്നവര്‍ക്ക് നേരെ പ്രതികാര നടപടികളെടുക്കുക എന്നത് സി.പി.എം ഇതുവരെ എക്കാലത്തും സ്വീകരിച്ചുപോന്നിട്ടുള്ള  ശൈലിയുമാണ്.  കൂടുതല്‍ നഷ്ടമുണ്ടാക്കാതിരിക്കാനുള്ള മുന്‍കരുതലും താക്കീതുമാണ് ഇത്തരം നടപടികള്‍. ടി.പി. വിശദീകരിച്ചിട്ടുള്ള ആക്രമണ പരമ്പരയില്‍ ഏറ്റവും പ്രധാനം ഇപ്പോള്‍ ഓഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ടായ ജയരാജനും അവരുടെ യുവജനനേതാവ് ജയനും നേരെ നടന്ന ആക്രമണങ്ങളാണ്. ബോംബേറും വടിവാള്‍കൊണ്ട് ശരീരം മുഴുവന്‍ വെട്ടിമുറിവേല്‍പ്പിക്കുകയും ചെയ്യുന്ന രീതി തന്നെയാണ് രണ്ട് ആക്രമണങ്ങളിലും പ്രയോഗിക്കപ്പെട്ടത്. രണ്ടുപേരും ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെടുകയായിരുന്നു. ജയന്റെ നില തികച്ചും ഗുരുതരമായിരുന്നു. ഇടതുമുന്നണി ഭരിക്കുമ്പോള്‍ ഉണ്ടായ ഈ സംഭവങ്ങളില്‍ വധശ്രമത്തിന് കേസെടുത്തു എന്നല്ലാതെ കാര്യമായ അന്വേഷണമുണ്ടായിട്ടില്ല. പ്രതികള്‍ അറസ്റ്റുചെയ്യപ്പെട്ടുമില്ല. സി.പി.എം അനുഭാവികളായ പോലീസ് ഉദ്യോഗസ്ഥരെയാണ് ആ പ്രദേശത്തെ സ്റ്റേഷനുകളില്‍ നിയമിച്ചിരുന്നതും. ഈ സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള ടി.പി.യുടെ ലേഖനം നല്‍കുന്ന ചിത്രം വളരെ വ്യക്തമാണ്. ജയരാജനും ജയനും നേരെ നടന്ന ആക്രമണരീതി തന്നെ കൂടുതല്‍ ശക്തമായും ഫലപ്രദമായും പ്രയോഗിക്കുകയാണ് ടി.പി.ക്ക് നേരെ ചെയ്തതെന്നും 
വ്യക്തമാണ്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന താരതമ്യേന മെച്ചപ്പെട്ട പോലീസ് അന്വേഷണം  ഫലപ്രദമായ  രീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ മുമ്പുനടന്ന സംഭവങ്ങളുമായുള്ള ബന്ധം വ്യക്തമാവും. പ്രതികളെ കണ്ടെത്താനാവുകയും ചെയ്യും. പക്ഷേ, ഇത്തരം രാഷ്ട്രീയ ആക്രമണപരമ്പരകളുടെ, പിന്നിലുള്ള പ്രേരകശക്തികളെ കണ്ടെത്താന്‍, ആ സംഭവങ്ങളില്‍ പങ്കെടുക്കുന്നവരുടെ പേരും വിലാസവുമൊന്നും ആവശ്യമില്ല. സി.പി.എമ്മില്‍ നിന്ന് രാഷ്ട്രീയവിമര്‍ശനമുന്നയിച്ച് പിരിഞ്ഞുപോവുകയും ഒരു മേഖലയിലെങ്കിലും പാര്‍ട്ടിക്ക് വലിയ നഷ്ടമുണ്ടാക്കുകയും ചെയ്തവരോടുള്ള പ്രതികാര നടപടികള്‍ എന്നതിനേക്കാള്‍ അവര്‍ വളരാതിരിക്കുകയും തകരുകയും ചെയ്യുക എന്നത് സി.പി.എമ്മിന്റെ ആവശ്യമായിരുന്നു. ഓഞ്ചിയം മേഖലയില്‍ ചന്ദ്രശേഖരന്റെയും കൂട്ടരുടെയും ജനപിന്തുണ കുറയുകയല്ല, വളരുകയാണുണ്ടാവുന്നതെന്ന് കണ്ട സി.പി.എം. നേതൃത്വം കോഴിക്കോട്ട് നടന്ന പാര്‍ട്ടികോണ്‍ഗ്രസ്സിന് മുമ്പ് തന്നെ ചന്ദ്രശേഖരനെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ തീവ്രശ്രമം നടത്തുകയുണ്ടായി. തിരിച്ചുവരുന്ന അണികളെ സ്വീകരിക്കാമെങ്കിലും കുലംകുത്തികളായ ചന്ദ്രശേശരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ തിരിച്ചെടുക്കില്ലെന്ന് ഉറക്കെ പ്രഖ്യാപനം നടത്തിയ പിണറായി വിജയന്റെ വാക്കുകള്‍ വിസ്മരിച്ചുകൊണ്ടാണ് അതേ നേതൃത്വം ചന്ദ്രശേഖരനുമായി സംഭാഷണത്തിന് ശ്രമിച്ചത്. പക്ഷേ, ടി.പി.അല്പം പോലും വഴങ്ങിയില്ല., സംഭാഷണത്തിന് നിന്ന് കൊടുത്തതേയില്ല. അപ്പോള്‍ പിന്നെ സി.പി.എമ്മിന്റെ പതിവ് ശൈലിയില്‍ അവരുടെ മുന്നില്‍ മറ്റുമാര്‍ഗ്ഗമില്ല. ശല്യകാരിയായ നേതൃത്വത്തെ തുടച്ചുനീക്കുകതന്നെ. അതാണിപ്പോള്‍ സംഭവിച്ചതെന്ന് കാണാന്‍ വിഷമമില്ല.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ ഇത്തരമൊരു രാഷ്ട്രീയാബദ്ധം സി.പി.എം. ചെയ്യുമോ എന്ന ന്യായമായ ചോദ്യം അവരുടെ നേതൃത്വത്തില്‍ നിന്നുതന്നെ പലരും ഉന്നയിച്ചിട്ടുണ്ട്. സി.പി.എമ്മിനെ പ്രതിരോധിക്കാനായി ഫേസ്ബുക്ക് ചര്‍ച്ചകളിലും മറ്റും ഇടപെടുന്നവര്‍ അധികവും ഉന്നയിക്കുന്നത് ഇത്തരം ചോദ്യങ്ങളാണ്. ഇത്തരം അക്രമസംഭവങ്ങള്‍ ആസൂത്രണം ചെയ്യുകയും നടത്തുകയും ചെയ്യുന്നത് വിശദമായ രാഷ്ട്രീയചര്‍ച്ചകള്‍ നടത്തുകയോ കമ്മിറ്റിതല തീരുമാനങ്ങള്‍ എടുക്കുകയോ ചെയ്തിട്ടല്ലെന്നതാണ് യാഥാര്‍ത്ഥ്യം. സൈനികം എന്നുപറയാവുന്ന ഇത്തരം നടപടികള്‍ അങ്ങിനെ ചര്‍ച്ചചെയ്ത് തീരുമാനിക്കാനോ നടപ്പിലാക്കാനോ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചുകൊണ്ടുള്ള വ്യത്യസ്തമായ ചില പ്രവര്‍ത്തന ശൈലികള്‍ സി.പി.എമ്മില്‍  വളര്‍ന്നുവന്നിട്ടുണ്ട്.  സംഭവങ്ങളുടെ വലിപ്പചെറുപ്പമനുസരിച്ച് വിവിധ തലങ്ങളില്‍ തീരുമാനമെടുക്കുന്നതിന് പ്രത്യേക വ്യക്തികള്‍ക്ക് ചുമതല നല്‍കുന്ന രീതിയാണ് സ്വീകരിച്ചുപോന്നിട്ടുള്ളത്. അതുകൊണ്ട് തീരുമാനമെടുക്കുന്ന വ്യക്തി ഉള്‍പ്പെടുന്ന കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ തീരുമാനത്തെകുറിച്ച് അറിയണമെന്നില്ല. സംഭവം നടക്കുമ്പോള്‍ മാത്രമേ അവരും അത് അറിയുന്നുണ്ടാകു. 1930 കള്‍ മുതല്‍ക്ക് സോവിയറ്റ് പാര്‍ട്ടിയില്‍ സ്റ്റാലിന്‍ വളര്‍ത്തിക്കൊണ്ടുവന്ന തികച്ചും ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റുശൈലിയുടെ ഒരു ചെറുവകഭേദമാണ് കുറച്ചുകാലമായി സി.പി.എം.  സംഘടിപ്പിക്കുന്ന  അക്രമസംഭവങ്ങളില്‍ പ്രയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒരു ജനാധിപത്യസമൂഹത്തില്‍ ഒരു തരത്തിലും അനുവദിക്കപ്പെടാന്‍ പാടില്ലാത്ത തലത്തിലേക്ക് ഈ ശൈലി എത്തിച്ചേര്‍ന്നിരിക്കുന്നു.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തില്‍, പ്രത്യേകിച്ചും സി.പി.എമ്മില്‍ ഇത്തരമൊരു ഫാസിസ്റ്റുശൈലി കടന്നുവരികയും, വേരുറയ്ക്കുകയും ചെയ്തത് എങ്ങിനെ എന്ന് ചരിത്രപരമായിതന്നെ 
പരിശോധിക്കേണ്ട സംഗതിയാണ്. ഇത്തരമൊരു പരിശോധന ഇവിടെ അസാധ്യമാണ്. ഒരു എത്തിനോട്ടം മാത്രമാണ് കരണീയമായിട്ടുള്ളത്.

തെലുങ്കാനാ സമരവും പുന്നപ്രവയലാറും കല്‍ക്കത്താ തിസീസുമെല്ലാം നടപ്പിലാക്കുന്ന കാലത്ത്, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി പാര്‍ലമെന്ററി ജനാധിപത്യമോ നിയമവിധേയ പ്രവര്‍ത്തനമോ അംഗീകരിച്ചിരുന്നില്ല. സായുധ സമരത്തിലൂടെ അധികാരം പിടിച്ചുപറ്റുകയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ മാത്രം മേധാവിത്വത്തിലുള്ള ഭരണത്തെക്കുറിച്ച് സ്വപ്നം കാണുകയും ചെയ്യുന്നവരായിരുന്നു അന്നത്തെ കമ്മ്യൂണിസ്റ്റുകാര്‍. സ്റ്റാലിന്റെ മദ്ധ്യസ്ഥതയില്‍ തെലുങ്കാനാ സമരം പിന്‍വലിച്ച്  പാര്‍ലമെന്ററി  മാര്‍ഗ്ഗം സ്വീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍, രഹസ്യപാര്‍ട്ടിയും വിപ്ലവപ്രവര്‍ത്തനവും ഒരു വശത്ത് നിലനിര്‍ത്തിക്കൊണ്ട് പാര്‍ലമെന്ററി പ്രവര്‍ത്തനം ഏറ്റെടുക്കുകയെന്ന ഇരട്ടത്താപ്പുനയമാണ് അന്ന് സ്വീകരിച്ചത്. രഹസ്യപാര്‍ട്ടി നിലവിലില്ലാതായെങ്കിലും പാര്‍ലമെന്ററി വ്യാമോഹത്തില്‍ കുടുങ്ങിയിട്ടില്ലെന്ന് തെളിയിക്കാനും വിപ്ലവപാര്‍ട്ടിയുടെ മുഖം നിലനിര്‍ത്താനുമായി പാര്‍ലമെന്റേതര സമരങ്ങള്‍ എന്ന പേരില്‍ പല രീതിയിലുള്ള രഹസ്യപ്രവര്‍ത്തനങ്ങളും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും അക്രമങ്ങളും കമ്മ്യൂണിസ്റ്റുകാര്‍ നടത്തിക്കൊണ്ടു പോന്നിരുന്നു. പല രീതിയിലും രൂപത്തിലും ഇപ്പോഴും അതെല്ലാം തുടര്‍ന്നുകൊണ്ടിരിക്കുന്നു. 1957 ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി അധികാരത്തില്‍ വരുന്നതുവരെ, പോലീസിന്റെ ഭാഗത്തുനിന്നും ശത്രുവര്‍ഗ്ഗങ്ങളുടെ ഭാഗത്തുനിന്നും കമ്മ്യൂണിസ്റ്റുകാര്‍  നിരന്തരം  ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു.

1957ല്‍ അധികാരത്തില്‍ വന്നതോടെ, സ്ഥിതിഗതികള്‍ക്ക് മാറ്റം വന്നു. പാര്‍ട്ടിയുടെ രഹസ്യയൂണിറ്റുകള്‍ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി.വിമോചന സമരകാലത്ത് ഈ സെല്‍ഭരണം പ്രധാനവിമര്‍ശന വിഷയങ്ങളില്‍ ഒന്നായിരുന്നു. രണ്ടു ദശകങ്ങള്‍ കൊണ്ടാണ് അധികാര പാര്‍ട്ടിയിലേക്കുള്ള പരിവര്‍ത്തനം നടന്നത്. ചുരുങ്ങിയ സമയത്തേക്കാണെങ്കിലും ഇടയ്ക്കിടയ്ക്ക് അധികാരത്തില്‍ വരാന്‍ കഴിഞ്ഞതിലൂടെയാണ് .ഈ മാറ്റം സാധ്യമായത്. അടിയന്തിരാവസ്ഥയ്ക്കു ശേഷം സി.പി.എമ്മില്‍ ഈ മാറ്റം കൂടുതല്‍ പ്രകടമായിരുന്നു. 1980 കളുടെ ആരംഭത്തില്‍ സജീവമായിരുന്ന നക്‌സലൈറ്റുകള്‍ക്കെതിരെ, രാഷ്ട്രീയ അസഹിഷ്ണുതയുടെ രൂപത്തില്‍ വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. തിരിച്ചടിക്കില്ലെന്ന നക്‌സലൈറ്റു നിലപാടു നിമിത്തമാണ് അന്ന് പരസ്പര സംഘട്ടനങ്ങളും ഒഴിവാക്കപ്പെട്ടത്. എന്നാല്‍ തുടര്‍ന്ന് ആര്‍.എസ്.എസുമായി ആരംഭിച്ച സംഘട്ടനങ്ങള്‍ പരസ്പര ആക്രമണങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും നയിച്ചു.

60കളില്‍ സി.പി.എം. ആരംഭിച്ച ഗോപാലസേന പ്രകടനപരമായിരുന്നെങ്കില്‍ 80കള്‍ ആയപ്പോഴേക്കും വളണ്ടിയര്‍സേന പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും സജ്ജരാക്കപ്പെട്ടവരെകൂടി ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്നു. ഡിഫന്‍സ് വളണ്ടിയര്‍മാര്‍ എന്ന പേരില്‍ ഇത്തരം കാര്യങ്ങള്‍ക്കുവേണ്ടി പ്രത്യേകം പരിശീലിപ്പിക്കപ്പെട്ടു. ആര്‍.എസ്.എസുകാരെയും മറ്റ് എതിരാളികളെയും കൊലപ്പെടുത്തുന്നതിനുവേണ്ടി, ഈ ഡിഫന്‍സ് വളണ്ടിയര്‍മാരില്‍ നിന്ന് പ്രത്യേകം കോര്‍ഗ്രൂപ്പുകളെ പരിശീലിപ്പിക്കാനും തുടങ്ങി. ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് വേണ്ടി സജ്ജരായവരെ വിപ്ലവത്തിന് വേണ്ടി പാര്‍ട്ടി പറയുന്ന ഏത് കൃത്യവും സന്തോഷത്തോടെ ഏറ്റെടുക്കുവാന്‍ കഴിയും വിധം മാനസികമായി തയ്യാറാക്കുന്ന പരിശീലനമാണ് നല്‍കിയിരുന്നത്. തങ്ങളുടെ പാര്‍ട്ടിയുടെമാത്രം ഭരണം വരുന്ന നാളെയെ സ്വപ്നം കണ്ടുകൊണ്ട്, അത്തരം ലക്ഷ്യസാക്ഷാത്ക്കാരത്തിന് വേണ്ടി, എതിരാളികളെ മുഴുവന്‍ അരിഞ്ഞുവീഴ്ത്തുന്നത് പാവനകര്‍ത്തവ്യമായി കണക്കാക്കാനാണ് പരിശീലിപ്പിക്കപ്പെട്ടത്. തങ്ങളുടെ പാര്‍ട്ടിയുടെ മാത്രം ഭരണമുള്ള നാളെയെ ക്കുറിച്ചുള്ള സങ്കല്പം ശക്തമാവുന്നതിനനുസരിച്ച് മറ്റ് പാര്‍ട്ടിക്കാരെയും മറ്റും തുടച്ചുനീക്കുന്നത് ആവശ്യവും ന്യായവുമായിത്തീരുന്നു. ഒരു കുറ്റബോധവും തോന്നേണ്ടതില്ലെന്നു ചുരുക്കം. ആദ്യകാലങ്ങളില്‍ ഇങ്ങനെ മാനസികമായും  ആശയപരമായും സജ്ജമാക്കപ്പെട്ടവരാണ് കൊലപാതകങ്ങള്‍ അടക്കമുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ക്രമേണ ഇത്തരം വിശ്വാസങ്ങള്‍ ദുര്‍ബലമാവുകയും വിപ്ലവത്തിലുള്ള പ്രതീക്ഷതന്നെ നഷ്ടപ്പെടുകയും ചെയ്തപ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിസഖാക്കളെ കിട്ടാതായി തുടങ്ങി. അങ്ങിനെയാണ് ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ക്വട്ടേഷന്‍ സംഘങ്ങളെ ആശ്രയിക്കേണ്ടി വന്നത്. രാഷ്ട്രീയമായി ബന്ധവും താല്പര്യവും ഉള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ തന്നെ വളര്‍ത്തിയെടുക്കാനും സി.പി.എം. ശ്രദ്ധ ചെലുത്തിയിരുന്നു.

അക്രമരാഷ്ട്രീയം സി.പി.എമ്മിന്റെ മാത്രം കുത്തകയായിരുന്നില്ല. മറ്റ് വിവിധ പാര്‍ട്ടികള്‍ ഇതില്‍ പങ്കാളികളായിരുന്നു. സി.പി.എമ്മിനെ നേരിടാന്‍ കെല്പുള്ള ഒരേ ഒരു സംഘടന ആര്‍.എസ്.എസ്. -ബി.ജെ.പി. കൂട്ടുകെട്ടാണ്. രണ്ടുകൂട്ടരുടെയും സ്വഭാവ സമാനതകള്‍ അവര്‍ തമ്മിലുള്ള സംഘട്ടനത്തിന് കാരണമാകുന്നതായി കാണാം. കാഡര്‍ സ്വഭാവം രണ്ടു കൂട്ടര്‍ക്കുമുണ്ട്. രാഷ്ട്രീയസമീപനങ്ങളില്‍ ഫാസിസ്റ്റ് അംശം രണ്ട് കൂട്ടരിലും കാണാം. രണ്ട് ഫാസിസ്റ്റു സംഘടനകള്‍ പരസ്പരം ഏറ്റുമുട്ടിയേ തീരൂ.  രണ്ടുകൂട്ടരും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവില്ല എന്നതാണ്  പ്രശ്‌നം.

കണ്ണൂര്‍ ജില്ലയുടെ ചില മേഖലകളില്‍ സി.പി.എം. ഉണ്ടാക്കിയ പാര്‍ട്ടിഗ്രാമങ്ങളില്‍ കടന്നുചെല്ലാന്‍പോലും മറ്റുള്ളവര്‍ക്ക് കഴിയാതായിരുന്ന സാഹചര്യത്തിലാണ് കെ. സുധാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് അക്രമരാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത്. സി.പി.എമ്മിന്റെ അക്രമണത്തെ നേരിടാനായി മാത്രമായിരുന്നു അത്. ആര്‍.എസ്.എസിനെപ്പോലെ കണ്ണൂരിലെ കോണ്‍ഗ്രസ്സും സി.പി.എമ്മിനെ നേരിടാന്‍ കഴിയുന്ന ശക്തിയായി മാറി. വടക്കന്‍ മലബാറിലെ ചില പോക്കറ്റുകളില്‍ മുസ്ലിലീഗും തങ്ങളുടെ  പാര്‍ട്ടിഗ്രാമങ്ങളുണ്ടാക്കിയത്  അക്രമത്തിന് കാരണമായിതീരുകയുണ്ടായി. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ അങ്ങിങ്ങ് ചെറുതും വലുതുമായ പല സംഘട്ടനങ്ങളിലും ഏര്‍പ്പെടാറുണ്ട്. പക്ഷേ, മൊത്തം സംഘട്ടനങ്ങളുടെ കണക്കെടുത്താല്‍ ബഹുഭൂരിപക്ഷത്തിലും ഒരുപക്ഷത്ത് സി.പി.എം ഉണ്ടെന്ന് കാണാം. മറ്റു പാര്‍ട്ടികള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ അപൂര്‍വ്വവും യാദൃശ്ചികവുമായി സംഭവിക്കുന്നതാണ്. അതേ സമയം സി.പി.എമ്മുമായി ബന്ധപ്പെട്ട സംഘട്ടനങ്ങളില്‍ എല്ലാം ചിട്ടയായി ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളതായി കാണാം.

തലശ്ശേരിയിലെ ഒരു സ്‌കൂളില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന ബി.ജെ.പി നേതാവ് വിജയകൃഷ്ണനെ, ആ കുട്ടികളുടെ മുന്നിലിട്ട് മൃഗീയമായി വെട്ടിക്കൊന്ന സംഭവം കേരളീയ സമൂഹത്തെ ഞെട്ടിക്കുകയുണ്ടായി. എം.എന്‍. വിജയനെപ്പോലുള്ള ഒരു ഒന്നാംനിര ഇടതുപക്ഷ ബുദ്ധിജീവി ആ സംഭവത്തെ കലവറയില്ലാതെ ന്യായീകരിക്കുന്നതുകണ്ടപ്പോള്‍ കേരളീയ സമൂഹം ശബ്ദിക്കാനാകാതെ മിഴിച്ചു നില്കയാണ് ചെയ്തത്. ഇവിടെ ഏറ്റവും നീചമായ രീതിയില്‍ ചവിട്ടിമെതിക്കപ്പെട്ടത് ഒരു ജനാധിപത്യസമൂഹത്തിന്റെ രാഷ്ട്രീയമൂല്യങ്ങളാണ്. സംരക്ഷിക്കപ്പെടേണ്ട ജനാധിപത്യരാഷ്ട്രീയമൂല്യങ്ങള്‍  എന്തെല്ലാം എന്ന് പോലും തിരിച്ചറിയാനാകാത്ത ഒരു സമൂഹമായി കേരളം അധഃപതിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്. ആ പതനത്തില്‍ നിന്ന് കേരളം ഇപ്പോഴും മുക്തിനേടിയിട്ടില്ല. പ്രതിപക്ഷ ബഹുമാനം, ഭിന്നാഭിപ്രായങ്ങളോടുള്ള സഹിഷ്ണുത തുടങ്ങിയവ ഒരു ജനാധിപത്യസമൂഹത്തിന്റെ അടിസ്ഥാനഗുണങ്ങളാണ്. എന്നാല്‍ കേരളത്തില്‍ അത്തരം ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ച് ജനങ്ങള്‍ ഒട്ടും ഉല്‍ക്കണ്ഠപ്പെടാറില്ല.

സമീപകാലത്ത് സംഭവിച്ച ഷുക്കൂര്‍ വധത്തിന്റെ കാര്യം നോക്കുക. നിലവിലുള്ള ജനാധിപത്യവ്യവസ്ഥയുടെ രാഷ്ട്രീയക്രമത്തെ പാടെ വെല്ലുവിളിച്ചുകൊണ്ട് ഒരു സമാന്തരഅധികാര സംവിധാനം നടപ്പിലാക്കുകയാണ് അവിടെ ഉണ്ടായത്. പ്രതിയെന്ന് സംശയിക്കപ്പെടുന്ന ആളുടെ ഫോട്ടോ മൊബൈല്‍ഫോണിലൂടെ കൈമാറി പരിശോധിക്കുകയും ഉറപ്പുവരുത്തുകയും ചെയ്തിട്ട് ഉണ്ടാക്കിയ വിധിനടപ്പിലാക്കുകയാണ് ചെയ്തത്. ഈ രാഷ്ട്രീയവെല്ലുവിളിയുടെ സ്വഭാവം തിരിച്ചറിഞ്ഞ് അത് ആവര്‍ത്തിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കാനായി കേരളീയ സമൂഹം ഒന്നും ചെയ്തില്ല. പ്രശ്‌നം ഗൗരവപൂര്‍വ്വം പരിഗണിക്കാന്‍പോലും നമ്മള്‍ തയ്യാറായില്ല. സി.പി.എമ്മും ലീഗും തമ്മിലുള്ള ചില രാഷ്ട്രീയ പ്രശ്‌നങ്ങള്‍ എന്ന നിലയ്ക്ക് മാത്രമാണ് പലരും ആ പ്രശ്‌നത്തെ നോക്കിക്കണ്ടത്.

ഇടതുമുന്നണി ഭരണത്തിലിരിക്കുമ്പോള്‍ പരിയാരം സഹകരണ മെഡിക്കല്‍ കോളേജിന്റെ സഹകരണസംഘത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പോലീസിനെ ഉപയോഗിച്ച് യഥാര്‍ത്ഥ സഹകാരികളില്‍ ഭൂരിപക്ഷത്തെ വോട്ടു ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും പരസ്യമായി കള്ളവോട്ട് ചെയ്ത് ഭൂരിപക്ഷമുണ്ടാക്കുകയും ചെയ്തത് ടി.വി. ചാനലുകള്‍ യാതൊരു മറയും കൂടാതെ നമുക്കു കാണിച്ചുതന്നിരുന്നു.ഒരു ജനാധിപത്യപ്രക്രിയയില്‍ പോലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് കൃത്രിമമായ ഭൂരിപക്ഷമുണ്ടാക്കി അധികാരം പിടിച്ചെടുക്കുന്ന കാഴ്ചയാണ് ദൃശ്യമാദ്ധ്യമങ്ങള്‍ കാണിച്ചുതന്നത്. വന്‍ഭൂരിപക്ഷം യഥാര്‍ത്ഥത്തില്‍ ഉണ്ടായിട്ടും പരാജയപ്പെടേണ്ടിവന്ന പക്ഷത്തിന് കോടതിയെ സമീപിക്കേണ്ടിവന്നു. ദൃശ്യമാദ്ധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട കോടതി സത്യം മനസ്സിലാക്കി ഉചിതമായ തീരുമാനങ്ങളെടുക്കുമെന്ന് പ്രതീക്ഷിച്ചുപോവുക സ്വാഭാവികം. പക്ഷേ, സംഭവിച്ചത് നേരെ തിരിച്ചും. കണ്ട കാഴ്ചകള്‍ക്ക് വിപരീതമായി പോലീസ് നല്‍കിയ കള്ളറിപ്പോര്‍ട്ടുകളെ മുഖവിലയ്‌ക്കെടുത്തുകൊണ്ടുള്ള വിധിയാണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായത്. ഭൂരിപക്ഷത്തിന്റെ വോട്ടവകാശം പോലീസിനെ ഉപയോഗിച്ച് തടഞ്ഞുവെച്ച് ന്യൂനപക്ഷം അധികാരം പിടിച്ചെടുത്ത്, കോടതിയുടെ സഹായത്തോടെ ഭരണം നടത്തുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മുരത്ത സ്റ്റാലിനിസ്റ്റുകള്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ഫാസിസ്റ്റ് രീതിയാണിത്. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയിലെ പഴുതുകളും ദുര്‍ബലവശങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട്, അധികാരത്തിന്റെ എല്ലാ മേഖലകളിലേക്കും നുഴഞ്ഞുകയറാനും പിടിച്ചുകയറാനുമുള്ള തീവ്രശ്രമങ്ങളാണ് സി.പി.എം. നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് കാണാന്‍ പ്രയാസമില്ല.

ഇടതുമുന്നണി ഇപ്പോള്‍ അധികാരത്തിലില്ലെങ്കിലും കേരളത്തിലെ വിവിധ അധികാരമേഖലകളില്‍, അധികാരത്തിലുള്ള യു.ഡി.എഫിനെയും കോണ്‍ഗ്രസ്സിനെയും അപേക്ഷിച്ച് യഥാര്‍ത്ഥ നിയന്ത്രണാധികാരം സി.പി.എമ്മിന്റെ കയ്യിലാണ്. സാധാരണ സര്‍ക്കാര്‍ ജീവനക്കാരെ കൂടാതെ ഗസറ്റ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ എഞ്ചീനീയര്‍മാര്‍, ബാങ്ക് ഓഫീസര്‍മാര്‍, കോടതി ജീവനക്കാര്‍, പോലീസ് സേന എന്നിവിടങ്ങളിലെല്ലാമുള്ള സംഘടനകളുടെ മേലുള്ള പൊതുമേധാവിത്തം കൂടാതെ, ട്രേഡ് യൂണിയനുകള്‍ക്കുള്ളില്‍ രഹസ്യഫ്രാക്ഷനുകളുണ്ടാക്കി പ്രവര്‍ത്തിക്കുന്ന ജനാധിപത്യവിരുദ്ധശൈലി കൂടി ഉപയോഗിച്ചുകൊണ്ട് , ഈ അധികാര മേഖലകളെയെല്ലാം തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ സി.പി.എം. നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കുറെയെല്ലാം നേട്ടമുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്.

ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ആറുപതിറ്റാണ്ടിലധികം പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഇവിടത്തെ കമ്മ്യൂണിസ്റ്റുകാര്‍ ജനാധിപത്യവിപ്ലവം പൂര്‍ത്തീകരിക്കുന്നതിന്, പാര്‍ലമെന്ററി പാത സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നും അത് ശുഭോദര്‍ക്കുമായ ഒരു നീക്കമാണെന്നും ആണ് ഈ ലേഖകന്‍ ഉള്‍പ്പെടെ ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്ന പലരും കരുതിയിരുന്നത്. കഴിഞ്ഞ അഞ്ചുപത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടിരേഖകളില്‍, അറച്ചറച്ചാണെങ്കിലും വരുത്തിക്കൊണ്ടിരുന്ന മാറ്റങ്ങള്‍ സസുക്ഷ്മം നിരീക്ഷിച്ചുകൊണ്ടാണ് ഈ നിഗമനത്തിലേക്ക് എത്തിയിരുന്നത്. എന്നാല്‍, സംഘടനാരംഗത്തും ബഹുജനസംഘടനകളുടെ തലത്തിലുമെല്ലാം തനി സ്റ്റാലിനിസ്റ്റ് രീതി തന്നെ മുറുക്കെ പിടിയ്ക്കുന്നത് കണ്ടപ്പോള്‍ ഗൗരവമേറിയ പല സംശയങ്ങളും എന്റെ മനസ്സില്‍ ഉയര്‍ന്നുവന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ ജനാധിപത്യത്തിന്റെ പാതയിലാണ് നീങ്ങുന്നതെന്ന എന്റെ വിലയിരുത്തല്‍ ഞാന്‍ തിരുത്തുകയാണ്. ഇത്രയും കാലംകൊണ്ട്് അവര്‍ പഠിച്ചത് പാര്‍ലമെന്ററി ജനാധിപത്യം സൃഷ്ടിക്കുന്ന ഭരണസമ്പ്രദായത്തിന്റെ ദൗര്‍ബല്യങ്ങളും പഴുതുകളുമെല്ലാം എന്താണെന്ന കാര്യമാണ്. ഈ പഠിച്ച കാര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇതുവരെ സ്വീകരിച്ചുപോന്ന ലെനിനിസ്റ്റ് മുന്നണിപ്പടശൈലിയിലെ നേതൃത്വത്തിന്റെ ഗൂഢാലോചനീരീതികളും സ്റ്റാലിന്റെ നിഷ്ഠൂരമായ അധികാരപ്രയോഗരീതികളും പ്രയോഗത്തില്‍ വരുത്തിയാല്‍ നിലവിലുള്ള ഭരണവ്യവസ്ഥയെ തകര്‍ക്കാതെ ജനാധിപത്യവ്യവസ്ഥയിലെ അധികാരമേഖലകള്‍ പലതും കയ്യടക്കാം എന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. ഈ ശൈലി ഉപയോഗിച്ചുകൊണ്ട് ഇപ്പോള്‍ അവര്‍ക്ക് സ്വാധീനമുള്ള മൂന്ന് സംസ്ഥാനങ്ങളിലും  താത്ക്കാലികമായി പലനേട്ടങ്ങളും ഉണ്ടാക്കാന്‍ കഴിഞ്ഞേക്കാമെങ്കിലും അവരുടെ കണക്കുകൂട്ടല്‍ ഒരു വ്യാമോഹമായി അവസാനിക്കാനാണ് സാധ്യത. കാരണം ജനാധിപത്യവ്യവസ്ഥയ്ക്ക് അനവധി ദൗര്‍ബല്യങ്ങളും പഴുതുകളുമൊക്കെയുണ്ടെങ്കിലും അതൊരു തുറന്ന വ്യവസ്ഥയാണ്. ഭരണവ്യവസ്ഥയെ നിരന്തരം സുതാര്യമാക്കിമാറ്റാനള്ള അനവധി സാധ്യതകളാണ് തുറന്നുവന്നുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിന്റെ ഈ അപ്രതിരോധ്യമായ സുതാര്യവല്‍ക്കരണ പ്രക്രിയയ്ക്കു മുന്നില്‍ ലെനിനിസ്റ്റ്, സ്റ്റാലിനിസ്റ്റ് ഗൂഢാലോചനാരീതികള്‍ക്കൊന്നും പിടിച്ചുനില്‍ക്കാനാവില്ല.

പക്ഷേ, താത്ക്കാലികമായും  പരിമിതമായ തലങ്ങളിലും അതിന് സൃഷ്ടിക്കാന്‍ കഴിയുന്ന അപകടങ്ങള്‍ കുറച്ചുകാണേണ്ടതില്ല. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയെ ഗ്രസിച്ചിട്ടുള്ള മാരകമായ കാന്‍സര്‍ തന്നെയാണ് ഈ ലെനിനിസ്റ്റ്, സ്റ്റാലിനിസ്റ്റ്, ഇന്ത്യന്‍ കമ്മ്യൂണിസം. ഭാഗ്യത്തിന് , ഇപ്പോഴുള്ള കേരളം ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങള്‍ക്കപ്പുറത്തേയ്ക്ക് ഒരിഞ്ച്‌പോലും നീങ്ങാനാവാത്ത അവസ്ഥയിലായതുകൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തെ ഗ്രസിക്കാന് അതിനാവില്ല. എങ്കിലും ഈ മൂന്ന് സംസ്ഥാനങ്ങളിലും അതിപ്പോഴും ഒരു മാറാരോഗം തന്നെയാണ്. കേരളത്തില്‍ ഇപ്പോഴിത് സവിശേഷമായ ഒരു ഘട്ടത്തില്‍ എത്തിനില്ക്കുകയാണ്. നെയ്യാറ്റിന്‍കരയിലെ എം. എല്‍.എ. സ്ഥാനം രാജിവെച്ചുകൊണ്ട് ശെല്‍വരാജ് പുറത്തുവിട്ട പ്രസ്ഥാവനയില്‍ കേരളത്തിലെ സി.പി.എം. കണ്ണൂര്‍ ലോബിയുടെ പിടിയിലാണെന്ന് പറയുകയുണ്ടായി. ശരിയാണത്.

ടി.പി.  ചന്ദ്രശേഖരനെപ്പോലെ  സത്യസന്ധനും അര്‍പ്പണബോധവുമുള്ളവനുമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയിട്ട് ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടില്‍, പക്ഷേ, ഞെട്ടിപ്പിക്കുന്ന കൊലച്ചിരിയുമായി ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ കഴിയുന്ന കമ്മ്യൂണിസ്റ്റു ഗുണ്ടാസംഘമാണ് ഈ കണ്ണൂര്‍ ലോബി. അച്ചുതാനന്ദന്മാര്‍ക്കോ തോമസ് ഐസകുമാര്‍ക്കോ ഒന്നും ഈ കഴുകന്മാരുടെ പിടിയില്‍ നിന്ന് അതിനെ മോചിപ്പിക്കാനാവില്ല. അങ്ങിനെ മോചിപ്പിക്കേണ്ട ഒരു സാധനമല്ല അതെന്നും തിരിച്ചറിയണം.
ചന്ദ്രശേഖരനും സഖാക്കള്‍ക്കും തെറ്റിപ്പോയത് ഇവിടെത്തന്നെയാണ്. ലെനിനിസത്തിന്റെയും   സ്റ്റാലിനിസത്തിന്റെയും കണ്ണൂര്‍ലോബിയുടെയുമെല്ലാം ഫാസിസത്തിന്റെ പ്രചോദനകേന്ദ്രം ചന്ദ്രശേഖരനെപ്പോലുള്ള നിഷ്‌കളങ്കരായ സഖാക്കള്‍ താലോലിക്കുകയും മാറോടുചേര്‍ത്തു പിടിക്കുകയും ചെയ്ത ആ ഉദാത്ത സങ്കല്പം അതെ, തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം, അതുതന്നെയാണ് . പാരീസ് കമ്മ്യൂണിന്റെ നൈമിഷികമായ ഉദാത്തപ്രഭയില്‍ തിളങ്ങിനിന്ന തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യസങ്കല്പം ലെനിനിന്റെ കയ്യില്‍ സ്ഥായീരൂപം കൈവരിച്ചപ്പോള്‍, ഏകപാര്‍ട്ടി സ്വേച്ഛാധിപത്യമായി മാറിയത് അനിവാര്യമായ ചരിത്രപ്രക്രിയയുടെ ഫലം തന്നെയായിരുന്നു. അതിന്റെ ഘടനാപരമായ തനതുരൂപം തന്നെയാണ് അതിനെ സ്റ്റാലിനിസ്റ്റ് ഫാസിസത്തിലേക്ക് നയിച്ചതും. ഏകപാര്‍ട്ടി സ്വേച്ഛാധിപത്യത്തിന്റെ ഘടനയ്ക്കുള്ളില്‍ മാവോയുടെ രണ്ടുലൈന്‍ സമരത്തിനിപ്പുറമുള്ള ജനാധിപത്യമൊന്നും പ്രയോഗിക്കാനാവില്ല എന്ന് വിലപ്പെട്ട ചരിത്രാനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. നൂറ്റാണ്ടിലേറെക്കാലം കൊണ്ട് ചരിത്രം കനത്ത വിലനല്‍കിപഠിപ്പിച്ച പാഠങ്ങളെ പാടെ അവഗണിച്ചുകൊണ്ട് ഇത്തരം സങ്കല്പങ്ങള്‍ക്ക് പിന്നാലെ വൈകാരികമായി മുന്നോട്ടുനീങ്ങുന്നതിലര്‍ത്ഥമില്ല.
മനുഷ്യസമൂഹത്തിന്റെ ജനാധിപത്യചരിത്രത്തെ കൂടുതല്‍ തെളിമയോടെ നോക്കിക്കാണാന്‍  സമയമായിരിക്കുന്നു.  ജനാധിപത്യം മുതലാളിത്തത്തിന്റെ സൃഷ്ടിയല്ല. ഗോത്രസമൂഹകാലം മുതല്‍ക്കേ പ്രവര്‍ത്തനമാരംഭിച്ച സാമൂഹ്യസംഘടനാ രൂപമാണത്. മനുഷ്യസമൂഹത്തിന്റെ ചരിത്രത്തിലുടനീളം ഈ സാമൂഹ്യസംഘടനാ രൂപം വിവിധരൂപങ്ങള്‍ കൈവരിച്ചിട്ടുണ്ട്. പാര്‍ലമെന്ററി ജനാധിപത്യം അതിലൊന്നുമാത്രമാണ്.  അത്  ജനാധിപത്യത്തിന്റെ അവസാനരൂപമല്ലതാനും. മനുഷ്യസമൂഹം നിലനില്‍ക്കുന്നിടത്തോളം കാലം ജനാധിപത്യം നിരന്തരം വികസിച്ചുകൊണ്ടിരിക്കും. മനുഷ്യസമൂഹം നേരിടുന്ന എല്ലാവിധ പ്രശ്‌നങ്ങളും, ഉച്ചനീചത്വത്തിന്റെതായാലും, വികസനത്തിന്റെതായാലും, പരിസ്ഥിതിസംരക്ഷണത്തിന്റെതായാലും ലിംഗസമത്വത്തിന്റെതായാലും, മറ്റെന്തു പ്രശ്‌നങ്ങളായാലും ജനാധിപത്യപ്രക്രിയയിലൂടെ തന്നെയാണ് പരിഹരിക്കാനാവുക. ജനാധിപത്യത്തിന്റെ അനുസ്യൂതപ്രവാഹമാണ് മനുഷ്യസമൂഹത്തിന്റെ ഭാവിദിശാസൂചകം.

5 comments:

  1. ഇന്ന് മെയ്‌ 21ഉം,സംഭവം നടന്ന മെയ്‌ 4 ഉം, തമ്മില്‍. നമുക്കുള്ള ധാരണകളില്‍ വലിയ വ്യതാസം ഉണ്ട്. പിന്നെ പല തലത്തില്‍, വിധത്തില്‍ ചന്ദ്രശേഖരന്‍ വധം ചര്ച്ചചെയ്യപെടുന്നുണ്ട് . യു ഡി എഫ –എല്‍ ഡി .എഫ തലത്തില്‍ ,എല്‍ .ഡി .എഫ ലെ ഘടക കഷികള്‍ക്കിടയില്‍ , ഭരണകൂടത്തില്‍ വിശ്വസികുന്നവേര്‍ തമ്മില്‍.,പിന്നെ ഇടതുപക്ഷത്തില്‍ തന്നെ കപട ഇടതുപക്ഷങ്ങള്‍ തമ്മില്‍.

    "കമ്യൂണിസം തകർന്നു എന്ന വ്യാപക പ്രചാരണം നടത്തിയതിന്റെ ഒരു ചെറിയ പതിപ്പാണ്‌" ഈ പ്രതികരണങ്ങള്‍ എന്നാ ഒരഭിപ്രായവും പ്രചരിപ്പികുന്നുണ്ട്.

    രാഷ്ട്രീയവര്‍ഗ്ഗം,(മുതലാളി/തൊഴിലാളി) അത് എതുപേരില്‍ അറിഞ്ഞാലും അവരുടെ 'മാനിഫെസ്റ്റോ' തയ്യാറാക്കുന്നത് തന്നെ ഭൂരിപക്ഷേതര താല്പര്യങ്ങളെയാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാനം പൗരന്റെ സ്വാതന്ത്ര്യവും അതുപോലെ ഓരോ പൗരനും ഒരുപോലെ നീതി എത്തിപ്പിടിക്കാവുന്നതുമാവണം വ്യവസ്ഥിതി.അതാണോ ലെനിനിസ്റ്റു ഘടനയില്‍ ഉള്ളത് ?

    അക്കാരണത്താല്‍ത്തന്നെ ഏതൊരു ജനാധിപത്യ വ്യവസ്ഥിതിയിലും, ഭരണഘടനാ-നീതിനിര്‍വ്വഹണവും നിയമനിര്‍മ്മാണവും വളരെ ശ്രദ്ധാപൂര്‍വ്വം സമതുലിതമായി നിലനിര്‍ത്തപ്പെടേണ്ടതുണ്ട്. അവ സ്വാര്‍ത്ഥകമായി വേര്‍പെടുത്തപ്പെട്ടില്ലെങ്കില്‍ അത് ഭരണത്തിന്റെ ഇടനാഴികളെ വഷളാക്കുകയും അധികാരം കുമിഞ്ഞുകിട്ടുന്നവര്‍ ജനാധിപത്യ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തുവാനും തദ്വാരാ ജനങ്ങള്‍ക്ക് ജന്മസിദ്ധമായി അവകാശപ്പെട്ട സ്വാതന്ത്ര്യവും തുല്യതയും നിഷേധിക്കപ്പെടുകയും വ്യവസ്ഥതന്നെ ഹാനികരമാവാനും, ഫാസിസ്റ്റ് സമ്പ്രദായങ്ങളിലേക്ക് അത് കൂപ്പുകുത്താനും ഇടയാവും. ഇതാണ് നാം ലെനിനിസ്റ്റ്‌ ഘടനയില്‍ കണ്ടത് . ഈ ലെനിനിസ്ടുകളെ എങ്ങിനെ ആധുനികം , വിപ്ലവം എന്ന് വിലയിരുത്താന്‍ ആവും ?

    താങ്കള്‍ പറയുന്നത് ശരി ആണ് .

    ReplyDelete
  2. സമൂഹത്തില്‍ നിന്നും വര്‍ഗങ്ങള്‍ ഉടലെടുതതിലൂടെ , ഉണ്ടായ ഭരണകൂട ഭരണങ്ങളില്‍ നിന്നും സമൂഹത്തിലേക്ക് , കംമുനിലേക്ക് അധികാരം തിരിച്ചു പിടിക്ക, എന്നതാണ് കമ്മ്യൂണിസം! .

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. സർ, ഇനിയും അവർ തുടർന്നു കൊണ്ടേയിരിക്കും, കാരണം ഇത് സാധാരണ പർട്ടിയല്ല, ജയിലിൽ കിടന്ന് അരിവാൾ ചുറ്റിക വരച്ച ധീര രക്തസക്ഷികളുടെ പാർട്ടിയാണ്.

    “ആദ്യമവർ കമ്മ്യൂണിസ്റ്റുകളെത്തേടി വന്നു
    ഞാനൊന്നും മിണ്ടിയില്ല കാരണം ഞാനൊരു കമ്മ്യൂണിസ്റ്റായിരുന്നില്ല.
    പിന്നീടവർ ട്രേഡ് യൂണിയനിസ്റ്റുകളെത്തേടി വന്നു
    ഞാനൊന്നും മിണ്ടിയില്ല കാരണം ഞാനൊരു ട്രേഡ് യൂണിയനിസ്റ്റായിരുന്നില്ല.
    പിന്നീടവർ യഹൂദന്മാരേത്തേടി വന്നു
    ഞാനൊന്നും മിണ്ടിയില്ല കാരണം ഞാനൊരു യഹൂദനായിരുന്നില്ല
    പിന്നീടവർ എന്നേയും തേടി വന്നു
    അപ്പോൾ എനിക്ക് വേണ്ടിപ്പറയാൻ ആരുമുണ്ടായിരുന്നില്ല.“-മാർട്ടിൻ നീമോല്ലെർ

    അന്ന് കമ്മ്യൂണിസ്റ്റുകളെത്തേടി ഹിറ്റ്ലറുടെ പട്ടാളം എത്തിയപ്പോൾ പർലമെന്റിനു തീയിട്ടുവെന്ന കള്ള പ്രചാരണവുമയിട്ടാണു. ഇന്ന് പർട്ടിയെ തകർക്കാൻ ശ്രമിക്കുന്നൂവെന്ന കാരണവുമായി അഭിനവ ഹിറ്റലർമാർ അനേക ഗീബത്സുമാരുമായി കള്ള പ്രചാരണം നടത്തി ശിക്ഷ വിധിക്കുമ്പോൾ, ചരിത്രപരമായ ഒരു “ മാറ്റം” സൈദ്ധാന്തികമായി എഴുതിച്ചെർക്കുകയാണ്-സ്റ്റാലിനിസ്റ്റ് രീതിയിൽ ഫാസിസം എങ്ങനെ കമ്മ്യൂണിസ്റ്റ് പ്രത്യയശസ്ത്രത്തോടൊപ്പം ചേർക്കാം- തൊഴിലളി വർഗ്ഗ സർവ്വധിപത്യം നിലവിൽ വരുത്തുന്നതിനായി ചരിത്ര സമരത്തിനൊരുങ്ങുമ്പൊൾ ഉണ്ടാകുന്ന അനിവര്യമായ പ്രധിരോധങ്ങളാണ് ഇതെല്ലാമെന്ന് അങ്ങ് സിങ്ങൂരിലും നന്ദി ഗ്രാമിലുമുള്ള പട്ടിണിപ്പാവങ്ങളായ നിരക്ഷരെപ്പോലും മനസ്സിലാക്കാൻ പാർട്ടിക്ക് കഴിഞില്ല. എന്നാൽ കേരളത്തിൽ പാർട്ടി ജിഹ്വകളീലൂടെ പൊതുജന സമാന്യത്തെ 50-50 സംശയത്തിലേക്കെത്തിക്കാൻ കിണഞ്ഞു ശ്രമിക്കുമ്പോൾ ഇവിടെ നിയമവും,ആശയവും മത്രമല്ല, സധാരണ ജനങ്ങളുടെ ചിന്തയെ വരെ ഫസിസ്റ്റ് രീതിയിൽ കടന്ന് അക്രമിക്കുകയണ് ഇക്കൂട്ടർ ചെയ്യുന്നത്. സ്വേച്ചാധിപഥ്യത്തിനെതിരെ ഫ്രഞ്ച് വിപ്ലവം നടന്നുവെങ്കിലും ശേഷം അധികാരത്തിൽ വന്ന നെപ്പോളിയൻ തന്നെ സ്വേച്ചാധിപതിയായത് ചരിത്രത്തിന്റെ വൈരുദ്ധ്യം. ലോകത്ത് അധികാരം മാറ്റ്മില്ലാതെ ചെറിയ കൂട്ടത്തിന്റെ കൈയ്യിൽ തുടരെ തുടരെ ഏൽ‌പ്പിക്കപ്പെടുമ്പോൾ മറക്കാതിരിക്കുക “ഇനിയും നെപ്പോളിയൻമാർ ജനിച്ചുകൊണ്ടേയിരിക്കും”

    ReplyDelete
  5. ടി.പി ചന്ദ്രശേഖരന്റെ നരബലിയെ വലതുപക്ഷത്തുനിന്നും തീവ്ര ഇടതുപക്ഷത്തു നിന്നും സമീപിക്കുന്ന വിശകലനങ്ങളും ഇതിനകം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെ. വേണുവിനെപ്പോലുള്ളവര്‍ മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനപ്രശ്‌നമായി ഈ കൊലപാതകത്തെ അവതരിപ്പിക്കുകയും ലെനിനിസ്റ്റ് പാര്‍ട്ടി സങ്കല്പത്തിന്റെ പ്രശ്‌നമാണിതെന്നു സമര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. യഥാര്‍ത്ഥ ജനാധിപത്യം പൂത്തുലയാത്തതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം എന്നാണദ്ദേഹത്തിന്റെ വാദം. അദ്ദേഹം ആവേശപൂര്‍വ്വം പ്രസംഗിക്കുന്ന ജനാധിപത്യം മാഫിയാസംഘങ്ങളുടെ ആയുധപ്പുരകള്‍ക്കും കള്ളപ്പണത്തിനും മുകളിലാണ് കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത് എന്ന് ജനങ്ങള്‍ക്ക് ഇതിനകം ബോധ്യമാണ്. ഈ ജനാധിപത്യമാണ് ചന്ദ്രശേഖരന്റെ കൊലയാളികള്‍ക്ക് മറയായിത്തീര്‍ന്നിട്ടുള്ളതും.

    കെ. വേണു ലെനിനിസ്റ്റ് ഉള്ളടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനമായി തെറ്റിദ്ധരിച്ചിട്ടുള്ള സി.പി.ഐ.എമ്മിന്റെ വര്‍ഗ്ഗ ഉള്ളടക്കം എന്താണെന്ന് ടി.പി ചന്ദ്രശേഖരന്‍ മുമ്പേ രേഖപ്പെടുത്തിയതുമാണ്. സി.പി.ഐ.എം ജനാധിപത്യ വല്‍ക്കരിക്കപ്പെടുമെന്ന പ്രത്യാശ തകര്‍ന്നതുപോലെ ആ പാര്‍ട്ടിക്ക് ഒരു ഫാസിസ്റ്റ് ഉള്ളടക്കമുണ്ട് എന്ന തിരിച്ചറിവിലേക്കും കെ. വേണുവിന് വൈകാതെ എത്തിച്ചേരേണ്ടിവരും. ലെനിനിസ്റ്റ് ഉള്ളടക്കമില്ലാത്ത ഒരു പാര്‍ട്ടിയെ മുന്‍നിര്‍ത്തി കെ. വേണു നടത്തുന്ന സൈദ്ധാന്തിക ആക്രമണങ്ങള്‍ വസ്തുനിഷ്ഠമേയല്ല.

    ReplyDelete