കമ്മ്യൂണിസ്റ്റുസ്വപ്നവും പ്രത്യയശാസ്ത്രവും
- കെ. വേണു
കേരളത്തിലെ വോട്ടര്‍മാരില്‍ 40-45 ശതമാനം സ്ഥിരമായി കമ്മ്യൂണിസ്റ്റിടതുപക്ഷത്തിന് വോട്ടുചെയ്യുന്നവരാണ്. ശേഷിക്കുന്നവരിലും ചെറിയതോതിലൊരു കമ്മ്യൂണിസ്റ്റാഭിമുഖ്യം ദൃശ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ്സുകാരില്‍ ഗണ്യമായ വിഭാഗത്തില്‍ പ്രകടമാവുന്ന സോഷ്യലിസ്റ്റാഭിമുഖ്യമാണ് ഈ ധാരണയ്ക്കടിസ്ഥാനം. 1940കളിലും '50കളിലും കേരളത്തില്‍ ശക്തമായി സ്വാധീനം ചെലുത്തിയ കമ്മ്യൂണിസ്റ്റുസ്വപ്നത്തിന്റെ പിന്‍തുടര്‍ച്ച, ഏറെ ദുര്‍ബലപ്പെട്ട അവസ്ഥയിലാണെങ്കിലും, കേരളാന്തരീക്ഷത്തില്‍ പ്രകടമാണ്. അവ്യക്തരൂപത്തിലാണെങ്കിലും ഇങ്ങിനെയൊരു കമ്മ്യൂണിസ്റ്റു സ്വപ്നം താലോലിക്കുന്ന ഒരു സമൂഹം കേരളത്തിലെ പോലെ (ഒരുപക്ഷേ, പശ്ചിമബംഗാളിലും) ലോകത്ത് മറ്റെവിടെയെങ്കിലും കാണുമെന്ന് തോന്നുന്നില്ല. ഏറെക്കാലം കമ്മ്യൂണിസ്റ്റു ഭരണം നിലനിന്ന സോവിയറ്റു യൂണിയനിലും ചൈനയിലും മറ്റിടങ്ങളിലുമെല്ലാം കമ്മ്യൂണിസ്റ്റു സ്വപ്നം താലോലിക്കുന്നവരെ കാണാന്‍ പ്രയാസമായിരിക്കും. അവിടങ്ങളിലെ പുതിയ തലമുറ കമ്മ്യൂണിസത്തെ താലോലിക്കുകയല്ല, വെറുക്കുകയാണ് ചെയ്യുന്നത്. പഴയ കമ്മ്യൂണിസ്റ്റുകാലത്തെക്കുറിച്ച് ഗൃഹാതുരത്വത്തോടെ ഓര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ വളരെ വിരളമായിട്ടെങ്കിലും ഈ സമൂഹങ്ങളില്‍ കാണാമെങ്കിലും അവര്‍ക്ക് പുതിയ തലമുറയെ പ്രചോദിപ്പിക്കാന്‍ കഴിയാറില്ല.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നടക്കുന്ന സ്വേച്ഛാധിപത്യവിരുദ്ധ, ജനകീയസമരങ്ങളുടെ പേരും പറഞ്ഞ് അവിടങ്ങളില്‍ കമ്മ്യൂണിസം പുനര്‍ജനിക്കുന്നു എന്ന് വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്നവരെ ഇവിടെ കാണാം. ഈ ദിശയിലുള്ള സംഘടിതമായ പ്രചരണം തന്നെ ഇവടെ നടക്കുന്നുണ്ട്. ലാറ്റിനമേരിക്കയില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ നന്നേ കുറവാണ്. ഉള്ളവ തന്നെ, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളെന്ന് പോലും വിളിക്കാന്‍ പറ്റാത്തവിധം പരിഷ്‌ക്കരിക്കപ്പെട്ടവയാണ്. മുഖ്യമായും ജനാധിപത്യത്തിനും സാമൂഹ്യനീതിക്കും വേണ്ടി പോരാടുന്ന പാര്‍ട്ടികളും പ്രസ്ഥാനങ്ങളുമാണ് അവിടെയുള്ളത്. ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പലതരം സാമൂഹ്യകൂട്ടായ്മകളും മറ്റും വളര്‍ത്തിയെടുക്കാനുള്ള പരീക്ഷണങ്ങള്‍ അവിടെ നടക്കുന്നുണ്ട്. ജനാധിപത്യപരമായ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുള്ള അന്വേഷണങ്ങളാണിവ. ക്യൂബന്‍ കമ്മ്യൂണിസം ഇന്ന് ലാറ്റിനമേരിക്കയ്ക്ക് പ്രചോദനമല്ല. ക്യൂബയിലെ സാധാരണക്കാരില്‍ ഗണ്യമായ വിഭാഗം സ്ഥിരം തൊഴുലുണ്ടായിരുന്നത് നഷ്ടപ്പെട്ട് സ്വയംതൊഴില്‍ കണ്ടെത്താനുള്ള ബദ്ധപ്പാടിലാണ്. അവശേഷിക്കുന്നവര്‍ എന്നാണ് തൊഴില്‍ നഷ്ടപ്പെടാന്‍ പോകുന്നതെന്ന ആശങ്കയിലുമാണ്. കമ്മ്യൂണിസ്റ്റുസ്വപ്നമെല്ലാം അവര്‍ എന്നേ വിസ്മരിച്ചുകഴിഞ്ഞിരിക്കുന്നു.
യൂറോപ്പില്‍ ചില കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഇപ്പോഴും ആ പേര് നിലനിര്‍ത്തുന്നുണ്ട്. പക്ഷേ, ഗണ്യമായ തോതില്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ട പാര്‍ട്ടികളാണവ. കമ്മ്യൂണിസം ജനാധിപത്യവിരുദ്ധമാണെന്ന് വിലയിരുത്തി കമ്മ്യൂണിസ്റ്റു സങ്കല്പത്തെ തിരസ്‌കരിച്ചുകൊണ്ട്, ജനാധിപത്യത്തിലൂടെ സോഷ്യലിസം എന്ന സോഷ്യല്‍ ഡെമോക്രാറ്റിക് നിലപാടെടുത്തിട്ടുള്ള പാര്‍ട്ടികളാണ് പിന്നെയുള്ളത്. കമ്മ്യൂണിസ്റ്റു സ്വപ്നം ഇപ്പോഴും കാണുന്നവര്‍ കമ്മ്യൂണിസ്റ്റു തീവ്രവാദികളാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന അവര്‍ക്ക് സാമൂഹ്യശക്തിയായി മാറാന്‍ കഴിയാറില്ല, കഴിയുകയുമില്ല.
ലോകനിലവാരത്തില്‍ കമ്മ്യൂണിസത്തിനേറ്റ തിരിച്ചടിയുടെ വ്യാപ്തി ഇത്ര വിപുലവും ആഴത്തിലുള്ളതും ആയിരിക്കുമ്പോഴാണ്, ഇതൊന്നും അറിയാതെ, പഴയ കമ്മ്യൂണിസ്റ്റു സ്വപ്നം താലോലിക്കാന്‍ മുതിരുന്ന ഒരു സമൂഹം ഇവിടെയുള്ളത്. ആ സ്വപ്നത്തിന് പഴയ കാലത്തെ തീവ്രതയൊന്നും ഇപ്പോഴില്ലെങ്കിലും അതിനെ കയ്യൊഴിയാനാകാത്ത അവസ്ഥയിലുമാണ് കേരളീയ സമൂഹം. '30 കളിലും '40കളിലും സോവിയറ്റ് യൂണിയനില്‍ സ്റ്റാലിന്‍ നടപ്പാക്കിയ ഫാസിസ്റ്റുഭീകരതയെക്കുറിച്ച് ഒന്നുമറിയാതെ അവിടെ നിലനില്‍ക്കുന്നു എന്ന് കരുതപ്പെട്ടിരുന്ന സ്വര്‍ഗ്ഗാന്തരീക്ഷം ഇവിടെ പുനരുല്‍പ്പാദിപ്പിക്കുന്നതിനെക്കുറിച്ചുള്ള സ്വപ്നമാണ് അന്ന് മുതല്‍ മലയാളികള്‍ താലോലിക്കാന്‍ തുടങ്ങിയത്. ക്രമേണ ഈ സ്വപ്നസങ്കല്പം മതവല്‍ക്കരണത്തിന് വിധേയമാവുകയായിരുന്നു. യുക്തിബോധത്തിന് സ്ഥാനമില്ലാതെ വിശ്വാസദാര്‍ഢ്യമായി അത് മാറുകയായിരുന്നു. സ്റ്റാലിന്റെ സോവിയറ്റ് യൂണിയനില്‍ നിലനിന്നുരുന്നത് സ്വര്‍ഗ്ഗമല്ല, നരകമായിരുന്നു എന്ന് തെളിയിക്കുന്ന വസ്തുതകളുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായിട്ടും മലയാളിയുടെ സ്വപ്നസൗധത്തിന് ഒരു ഇളക്കവും തട്ടിയിട്ടില്ല. സോവിയറ്റ് യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള വസ്തുതാപരമായ വെളിപ്പെടുത്തലുകളെല്ലാം അമേരിക്കന്‍ പ്രചരണവും സി.ഐ.എ. ഗൂഢാലോചനയുമെല്ലാമായി ചിത്രീകരിച്ച് സ്വയം സമാശ്വസിക്കാന്‍ മലയാളി പരിശീലിപ്പിക്കപ്പെട്ടു. ഇപ്പോഴും ഈ മൗഢ്യാവസ്ഥയില്‍ നിന്ന് മോചിതനാകാന്‍ ആവാതെ, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം പുറത്തു വന്ന ഞെട്ടിക്കുന്ന വിവരങ്ങളോടെല്ലാം മുഖം തിരിച്ചുനിന്നുകൊണ്ട് അന്ധമായ നിശ്ചയദാര്‍ഢ്യത്തെ അഭിപ്രായസ്ഥിരതയുടെ ഫ്യൂഡല്‍ ധാര്‍മ്മികതയായി ചിത്രീകരിച്ച് മൂഢസ്വര്‍ഗ്ഗത്തില്‍ തുടരാനാണ് 'ഇടതുപക്ഷ' മലയാളി സമൂഹം സജ്ജമായത്.
രാഷ്ട്രീയവിശ്വാസങ്ങള്‍ മതവല്‍ക്കരണത്തിന് വിധേയമാകുമ്പോള്‍ അത്തരം സമൂഹങ്ങള്‍ക്ക് സംഭവിക്കുന്ന സ്തംഭനാവസ്ഥയുടെ ദൃഷ്ടാന്തമാണ് ഇന്നത്തെ 'ഇടതുപക്ഷ' മലയാളി സമൂഹം.
പൊതുസമൂഹത്തിന്റെ രാഷ്ട്രീയവിശ്വാസം ഇത്തരം മതവല്‍ക്കരണത്തിന് വിധേയമാകുന്ന പ്രക്രിയ മനസ്സിലാക്കാവുന്നതേയുള്ളു. എന്നാല്‍ ഈ മതവല്‍ക്കരണത്തോടൊപ്പം നില്ക്കുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്യുന്ന ഒരു നേതൃ, ബുദ്ധിജീവി വിഭാഗം കൂടിയുണ്ട്. നേതൃത്വനിരയിലുള്ളവരും ബുദ്ധിജീവികളും കര്‍ശനമായി പുലര്‍ത്തേണ്ടതായ ബുദ്ധിപരമായ സത്യസന്ധതയാണ് ഇത്തരം പ്രക്രിയയില്‍ കാറ്റില്‍ പറത്തപ്പെടുന്നത്. വര്‍ഗ്ഗപരമായ പക്ഷപാതിത്വത്തിന്റെ പേരും പറഞ്ഞ് വസ്തുനിഷ്ഠതയെയും സത്യദീക്ഷയെയും കയ്യൊഴിയാന്‍ ഇത്തരക്കാര്‍ക്ക് ഒരു മടിയുമില്ല. സോവിയറ്റ് സ്വര്‍ഗ്ഗസങ്കല്പത്തെ ആധാരമാക്കി കെട്ടിപ്പൊക്കിയ സ്വപ്നസൗധം ഏകപാര്‍ട്ടി സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കും. അത് അപകടകരമാണ് എന്നെല്ലാം അവര്‍ സമ്മതിക്കും. എന്നാല്‍ ഈ അപകടം ഒഴിവാക്കാന്‍ മാര്‍ഗ്ഗമെന്ത് എന്ന് ചോദിച്ചാല്‍ ഉത്തരമില്ല. എളുപ്പത്തില്‍ ഉത്തരം കണ്ടെത്താനാവുകയില്ലെന്നതും ശരിതന്നെ. സോഷ്യലിസം അഥവാ സാമ്പത്തിക സ്ഥിതി സമത്വം നടപ്പിലാക്കണമെങ്കില്‍ അത്തരമൊരു സമഗ്രാധിപത്യരാഷ്ട്രീയസംഘടനയല്ലാതെ മറ്റെന്ത് മാര്‍ഗ്ഗമാണ് നിര്‍ദ്ദേശിക്കാനുള്ളത് എന്ന് ചോദിച്ചാലും ഉത്തരമില്ല. ബദല്‍മാര്‍ഗ്ഗമായി പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിക്കാന്‍ അവര്‍ക്കാവുകയുമില്ല. പ്രാതിനിധ്യജനാധിപത്യം, വികേന്ദ്രീകൃതജനാധിപത്യം എന്നിവയൊക്കെ പാര്‍ലമെന്ററി ജനാധിപത്യഘടനയുടെ രൂപാന്തരണങ്ങള്‍ മാത്രമാണെന്ന് അംഗീകരിക്കേണ്ടിവരുമ്പോള്‍, ഇത്തരക്കാര്‍ വീണ്ടും ഏകപാര്‍ട്ടി ഭരണവ്യവസ്ഥയെ ന്യായീകരിക്കാന്‍ തുടങ്ങും. സ്റ്റാലിന്റെ ഫാസിസ്റ്റ് ഭീകരതകളെ ന്യായീകരിക്കാന്‍ തയ്യാറാവുക വരെ ചെയ്യും.
മാനവചരിത്രം നിര്‍ണ്ണായകമായ ഒരു ദശാസന്ധിയെ ആണ് അഭിമുഖീകരിക്കുന്നത്. ജനാധിപത്യത്തിന്റെ മാര്‍ഗ്ഗമാണോ, സ്വേച്ഛാധിപത്യത്തിന്റെ മാര്‍ഗ്ഗമാണോ മനുഷ്യസമൂഹം തിരഞ്ഞെടുക്കേണ്ടത് എന്ന ചോദ്യമാണ് ചരിത്രം ഉയര്‍ത്തിയിരിക്കുന്നത്. ഏത് പക്ഷത്ത് നില്ക്കുന്നു എന്ന് തീരുമാനിക്കാതെ സത്യസന്ധമായ രാഷ്ട്രീയനിലപാടെടുക്കാന്‍ ഈ കാലഘട്ടത്തില്‍ ഒരാള്‍ക്കും കഴിയില്ല. എന്നാല്‍ മുകളില്‍ പറഞ്ഞ രാഷ്ട്രീയനേതൃത്വങ്ങളും ബുദ്ധിജീവികളും ഇക്കാര്യത്തില്‍ നിലപാടെടുക്കില്ല. നിശ്ശബ്ദതകൊണ്ടും അവ്യക്തമായ നിലപാടുകള്‍ക്കൊണ്ടും ഇത്തരക്കാര്‍ അവസരവാദപരമായ രാഷ്ട്രീയക്കളികള്‍ നടത്തിക്കൊണ്ടിരിക്കും.
ഇത്തരം അവസരവാദ രാഷ്ട്രീയത്തിലെ കോമാളികളാവുന്ന ബുദ്ധിജീവികള്‍ ഇവിടെ മാത്രമല്ല ഉള്ളത്. ഇത്തരക്കാരെ ലോകവ്യാപകമായി തന്നെ കാണാം. പാശ്ചാത്യലോകത്ത് ഇത്തരക്കാര്‍ ഏറും. മുതലാളിത്തലോകത്തിന്റെ പ്രതിസന്ധികളുടെയും അപചയത്തിന്റെയും നടുക്കുനിന്ന് അനീതികള്‍ക്കെതിരെ നിലപാടെടുത്ത് പുരോഗമനപക്ഷത്ത് നില്ക്കാന്‍ ശ്രമിക്കുന്നവരെല്ലാം മുതലാളിത്തവ്യവസ്ഥയെത്തന്നെ തകര്‍ത്ത് പകരം ഒരു സാമൂഹ്യവ്യവസ്ഥ വളര്‍ത്തിക്കൊണ്ടുവരണമെന്ന് വാദിക്കും. എന്താണീപകരം വ്യവസ്ഥ എന്ന ചോദ്യത്തിന് സോഷ്യലിസം എന്ന അവ്യക്ത മറുപടിയായിരിക്കും ലഭിക്കുക. ഇക്കൂട്ടരില്‍ പലരും സ്റ്റാലിനിസത്തെ വിമര്‍ശിക്കും. പക്ഷേ, ലെനിനെ തൊടില്ല. മാര്‍ക്‌സിനെയും. ജനാധിപത്യത്തെ പിടിച്ച് ആണയിടുകയും ചെയ്യും. മാര്‍ക്‌സും ലെനിനുമൊക്കെ ജനാധിപത്യത്തെ മനസ്സിലാക്കിയതില്‍ സംഭവിച്ച ഗുരുതരമായ പാളിച്ചകള്‍ തിരിച്ചറിയാനോ തിരുത്താനോ ഒന്നും ഇവര്‍ തയ്യാറാവുകയുമില്ല. അറബ് കലാപങ്ങളെ തുടര്‍ന്ന് ഉടലെടുത്ത വാള്‍സ്ട്രീറ്റ് ഉപരോധം പോലുള്ള ജനാധിപത്യകലാപങ്ങളുടെ പുതുരൂപങ്ങളോടൊക്കെ ഇത്തരക്കാര്‍ക്ക് പുച്ഛമാണ്. ജനാധിപത്യത്തിന്റെ പുതിയ സാധ്യതകള്‍ മനസ്സിലാക്കാന്‍ സ്ലോവായ് സിസെക്കിനെപ്പോലുള്ള ബുദ്ധിജീവികള്‍ക്ക് കഴിയുന്നില്ലെന്ന് വാള്‍സ്ട്രീറ്റ് കലാപത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലുകള്‍ കാണിക്കുന്നു. മുതലാളിത്ത വ്യവസ്ഥയെ അടിസ്ഥാപരമായി അത് ചോദ്യം ചെയ്യുന്നില്ല എന്നാണ് വിമര്‍ശനം. മുതലാളിത്തത്തെ അടിയോടെ തകര്‍ക്കാവുന്ന പരിപാടിയിലും കുറഞ്ഞതൊന്നും പുരോഗമനപരമോ റാഡിക്കലോ ആവില്ലെന്നുള്ള ഇവരുടെ വാദം കാണുമ്പോള്‍ മനുഷ്യചരിത്രത്തിന്റെ വളര്‍ച്ചയെ മനസ്സിലാക്കുന്നതില്‍ ഇത്തരക്കാര്‍ എത്ര പിന്നിലാണെന്ന് കാണാം.
'മാര്‍ക്‌സ് എന്തുകൊണ്ട് ശരിയായിരുന്നു.' എന്ന അടുത്തകാലത്ത് പാശ്ചാത്യലോകത്ത് ഏറെ വിറ്റഴിക്കപ്പെട്ട ടെറി ഈഗിള്‍ട്ടന്റെ പുതിയ (2011) പുസ്തകം നോക്കുക. വളരെ ഉപരിപ്ലവമായി, കമ്മ്യൂണിസ്റ്റ് പ്രയോഗം സൃഷ്ടിച്ച അനുഭവപാഠങ്ങളെ ഗൗരവപൂര്‍വ്വം വിലയിരുത്താന്‍ യാതൊരു ശ്രമവും നടത്താതെ, മുതലാളിത്തത്തിന്റെ പരാധീനതകളെ മുന്‍നിര്‍ത്തി മാര്‍ക്‌സിസത്തെ ന്യായീകരിക്കാനുള്ള ദുര്‍ബലശ്രമമാണ് അതില്‍ നടത്തിയിട്ടുള്ളത്. കമ്മ്യൂണിസ്റ്റു പ്രസ്ഥാനം അഭിമുഖീകരിക്കുന്ന കേന്ദ്രരാഷ്ട്രീയ പ്രതിസന്ധികളെ സ്പര്‍ശിക്കാതെ, ഉപരിതല ചര്‍ച്ചകളില്‍ ഒുതുങ്ങുകയാണ് പാശ്ചാത്യബുദ്ധിജീവികളില്‍ അധികപേരും ചെയ്തുകൊണ്ടിരിക്കുന്നത്.
ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അപചയാവസ്ഥയെക്കുറിച്ച് പരിശോധിക്കാം. ഇന്ത്യയിലെ മുഖ്യധാരാ കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ ഒരുമിച്ച് വന്നിരിക്കുകയാണല്ലോ. രണ്ടു പാര്‍ട്ടികളുടെയും സംസ്ഥാനസമ്മേളനങ്ങള്‍വരെയുള്ള സമ്മേളനപരമ്പരകള്‍ ഒരുമിച്ചു നടന്നത് കേരളം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ആ സമ്മേളനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളിലും മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചകളിലും തെളിഞ്ഞു വന്ന ഒരു സംഗതിയുണ്ട്. കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ഭാവി സംബന്ധിച്ച് എന്തെങ്കിലും പരിപാടി മുന്നോട്ടു വെയ്ക്കുകയോ നയസമീപനങ്ങള്‍ ആവിഷ്‌ക്കരിക്കുകയോ ഒന്നും ഈ സമ്മേളനങ്ങളില്‍ ഉണ്ടായിട്ടില്ല. ഔപചാരികമായി വിവിധഘടകങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ ചില പ്രശ്‌നങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നല്ലാതെ, കേരളത്തിന് വേണ്ടി ഒരു സമഗ്രപരിപാടിയും സമീപനവും വികസിപ്പിക്കാന്‍ ഒരു ശ്രമവും നടന്നിട്ടില്ലെന്നത് ഒരു വസ്തുതയാണ്. അതുകൊണ്ടുതന്നെ സംഘടനാപരമായ പ്രശ്‌നങ്ങളും സി.പി.എമ്മിലാണെങ്കില്‍ വിഭാഗീയതയെന്ന് വിളിക്കപ്പെടുന്ന ഗ്രൂപ്പുപോരിന്റെ കഥകളും തര്‍ക്കങ്ങളുമാണ് മുന്നിട്ടുനിന്നതെന് കാണാം. ഈ പാര്‍ട്ടികളെക്കുറിച്ച് ഇത്തരം ഗൗരവപൂര്‍വ്വമായ ഒരു വിമര്‍ശനം ഉന്നയിക്കുന്നതില്‍ അര്‍ത്ഥമില്ല.
കഴിഞ്ഞ അമ്പതു വര്‍ഷമായി കേരളത്തില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ പ്രധാന പങ്കുവഹിക്കുന്ന മുന്നണി രാഷ്ട്രീയം വേരുറച്ചതിനുശേഷം, കേരളത്തിന്റെ സാമൂഹ്യസാമ്പത്തിക മേഖലകളില്‍ ഏടുത്തുപറയാവുന്ന വളര്‍ച്ചയോ വികാസമോ ഉണ്ടായിട്ടില്ല. ഉണ്ടായത് മുരടിപ്പുമാത്രം. '40-'50കളില്‍ കേരളം നേടിയ രാഷ്ട്രീയ മുന്നേറ്റം വോട്ടുബാങ്ക് രാഷ്ട്രീയമായി അധ:പതിക്കുകയാണ് ഈ അരനൂറ്റാണ്ടുകൊണ്ട് ഉണ്ടായത്. അതില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ പങ്ക് ഒട്ടും ചെറുതല്ല. അധികാരം പങ്കിടുകയും അതില്‍ നിന്ന് ലഭ്യമാവുന്ന ആനുകൂല്യങ്ങള്‍ സമാഹരിക്കുകയും വീതിച്ചെടുക്കുകയും ചെയ്യുക എന്നതിനപ്പുറം മറ്റൊരു രാഷ്ട്രീയമില്ലാത്ത അവസ്ഥയിലേക്ക് കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ എത്തിപ്പെട്ടിരിക്കുന്നു. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ ഈ പാര്‍ട്ടി സമ്മേളനങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
സി.പി.എം. സംസ്ഥാനസമ്മേളനം നടത്താന്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയെ ഏല്പിക്കുകയാണ് ചെയ്തതെന്ന് സി.പി.ഐ. നേതൃത്വം ആരോപിച്ചത് സി.പി.എം. നിഷേധിച്ചെങ്കിലും അതൊരു വസ്തുത ആയിരുന്നു എന്ന് സംഭവങ്ങള്‍ നിരീക്ഷിച്ചവര്‍ക്ക് മനസ്സിലാകും.
സി.പി.ഐയ്ക്കും ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനാവില്ല. അവര്‍ക്കും ബോര്‍ഡുകള്‍ സ്ഥാപിക്കാനും പോസ്റ്ററുകളൊട്ടിക്കാനുമൊക്കെ കൂലിയ്ക്കു ആളുകളെ ഏല്പിക്കേണ്ട സ്ഥിതിയാണുള്ളത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഇത്തരം രീതികളാണ് ഉപയോഗിക്കുന്നത്. സി.പി.എമ്മിന്റെ പക്കല്‍ കൂടുതല്‍ പണമുള്ളതുകൊണ്ട് അവര്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനികളിലേക്ക് എത്തി എന്ന് മാത്രം. സി.പി.ഐ തങ്ങളുടെ കൂടി പ്രശ്‌നമായി ഇതിനെ കാണുകയാണ് വേണ്ടിയിരുന്നത്. രാഷ്ട്രീയം അധികാരം പിടിക്കാനുള്ള പ്രവര്‍ത്തനം മാത്രമാവുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന പരിണാമമാണിത്. കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ തൊഴിലാളിവര്‍ഗ്ഗപാര്‍ട്ടികളെന്ന് സ്വയം അവകാശപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ഈ പ്രക്രിയയിലൂടെ അവര്‍ അധികാര പാര്‍ട്ടികളായി മാറിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ഈ വര്‍ഗ്ഗപരമായ മാറ്റം കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും തൊഴിലാളി വിഭാഗങ്ങളും തമ്മിലുള്ള ബന്ധത്തിലും പ്രകടമായി കാണാം. ഈ ലേഖകന്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിരുന്ന 'സമീക്ഷ' മാസികയുടെ ഏതാനും വര്‍ഷം മുമ്പത്തെ ഒരു മേയ് ദിനപതിപ്പില്‍ കേരളത്തിലെ തൊഴിലാളികളെക്കുറിച്ചും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെക്കുറിച്ചും ഒരു സര്‍വ്വെ നടത്തി പ്രസിദ്ധീകരിക്കുകയുണ്ടായി. പൊതുവില്‍ മനസ്സിലാക്കപ്പെടാത്ത ഒട്ടേറെ വസ്തുതകള്‍ പുറത്ത് വരികയുണ്ടായി. കാര്‍ഷികമേഖലയില്‍ ഉള്‍പ്പെടെ കേരളത്തില്‍ ഏതെങ്കിലും വിധത്തില്‍ അധ്വാനത്തില്‍ ഏര്‍പ്പെട്ടു ജീവിക്കുന്നവരുടെ എണ്ണം ഒരു കോടിയിലധികം വരുമെന്ന് ഞങ്ങള്‍ കണക്കാക്കുകയുണ്ടായി. അതില്‍ 15 ലക്ഷത്തോളം പേര്‍ മാത്രമേ വിവിധ ട്രേഡ് യൂണിയനുകളിലായി സംഘടിതരായിരുന്നുള്ളൂ. ഇവരില്‍ തന്നെ 5 1/2 ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാര്‍ എയ്ഡഡ് അദ്ധ്യാപകരുമാണ്. വ്യവസായ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും തോട്ടം തൊഴിലാളികളും പരമ്പരാഗത വ്യവസായ തൊഴിലാളികളും ആണ് അവശേഷിക്കുന്ന സംഘടിതര്‍. കാര്‍ഷികതൊഴിലാളികള്‍ ആദ്യകാലത്ത് വിപുലമായി സംഘടിപ്പിക്കപ്പെട്ടിരുന്നു. പക്ഷേ, പിന്നീട് അവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ചെത്ത്, നെയ്ത്ത്, ചകിരി മേഖലകളിലും സംഘടിതശക്തി ഗണ്യമായി കുറഞ്ഞു. കമ്മ്യൂണിസ്റ്റുകാരുടെ ട്രേഡ്‌യൂണിയനുകളുടെ മുഖ്യ അടിസ്ഥാനം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ചുമട്ടുതൊഴിലാളികളും സംഘടിതവ്യവസായ തൊഴിലാളികളുമാണ്.
കേരളത്തിലെ തൊഴില്‍ മേഖല മുഴുവന്‍ സംഘടിതമാണ് എന്ന ധാരണ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത സംഗതിയാണ്. കേരളത്തില്‍ ഉല്‍പ്പാദനത്തിലധിഷ്ഠിതമായ വ്യവസായങ്ങള്‍ നന്നെ കുറവായതുകൊണ്ടും, ഇവിടത്തെ മുഖ്യ സാമ്പത്തിക പ്രവര്‍ത്തനം ഉല്പന്ന വിപണനമായതുകൊണ്ടും ഏറ്റവും വലിയ തൊഴില്‍ വിഭാഗം വില്പന തൊഴിലാളികളാണ്. പെട്ടിക്കട മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരെയുള്ള വില്പനകേന്ദ്രങ്ങളിലെ തൊഴിലാളികളും ഹോട്ടല്‍ തൊഴിലാളികളും ചേര്‍ന്നാല്‍25-30 ലക്ഷം വരുമെന്നാണ് കണക്കാക്കിയത്. ആശുപത്രി ജീവനക്കാരെ കൂടി ഇതില്‍ ഉള്‍പ്പടുത്താം. നിര്‍മ്മാണ മേഖലയില്‍ 20 ലക്ഷത്തോളം പേര്‍ ഉള്ളതില്‍ പകുതിയോളവും അന്യസംസ്ഥാനക്കാരാണ്. ഇവരെല്ലാം അസംഘടിതരാണ്. സ്വകാര്യവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, സ്വകാര്യസ്ഥാപനങ്ങളിലെ വെള്ളക്കോളര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ ആകെ 20 ലക്ഷത്തിലധികം വരും. ഇവരും അസംഘടിതര്‍. സ്വാശ്രയ, അണ്‍ എയ്ഡഡ്, പാരലല്‍ കോളേജ് അധ്യാപകര്‍ 4 ലക്ഷത്തോളം വരും. തികച്ചും അസംഘടിതര്‍. ചെറുകിട, ഇടത്തരം കര്‍ഷകരാണ് മറ്റൊരു അധ്വാനിക്കുന്ന വിഭാഗം. ഇപ്പറഞ്ഞ വിഭാഗങ്ങളില്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് മാത്രമാണ് ഭേദപ്പെട്ട കൂലിയുള്ളത്. കാര്‍ഷികവിഭാഗങ്ങളെയും മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ള തൊഴിലാളി വിഭാഗങ്ങളുടെ വേതനം ഏറെ താഴ്ന്നതാണ്. നഴ്‌സുമാര്‍ സംഘടിക്കാന്‍ തുടങ്ങിയപ്പോഴാണല്ലോ അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന തുച്ഛമായ വേതനത്തെകുറിച്ച് ജനങ്ങള്‍ അറിയുന്നത്. പീടിക, ഹോട്ടല്‍ തൊഴിലാളികളുടെയും സ്വകാര്യവെള്ളക്കോളര്‍ തൊഴിലാളികളുടെയും വേതനം നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനത്തിന്റെ 25 ശതമാനം പോലും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നിട്ടും ഈ വിഭാഗങ്ങളൊന്നും സംഘടിതരല്ല. ചുരുക്കത്തില്‍ കേരളത്തിലെ ബഹുഭൂരിപക്ഷം തൊഴിലാളികളും അധ്വാനിക്കുന്ന വിഭാഗങ്ങളും അസംഘടിതരും മിനിമം കൂലിപോലും ലഭിക്കാത്തവരുമാണ്. കുറഞ്ഞ വേതനവും കൂലിയും ലഭിക്കുന്ന ഇവരെ സംഘടിപ്പിക്കാന്‍ ട്രേഡ് യൂണിയന്‍ നേതൃത്വങ്ങള്‍ക്ക് താല്പര്യമില്ല. വരുമാനം കിട്ടില്ലെന്നത് ഒരു കാരണം. കൂടാതെ ഈ തൊഴിലാളികള്‍ക്ക് പണികൊടുക്കുന്ന സ്ഥാപന ഉടമകളില്‍ ഗണ്യമായ വിഭാഗം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവരായിരിക്കും. യൂണിയന്‍ സംഘടിപ്പിച്ച് ആ വരുമാനം നഷ്ടപ്പെടുത്താതിരിക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കുന്നത് സ്വാഭാവികം മാത്രം. കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളിലെ വെള്ളക്കോളര്‍ ജീവനക്കാര്‍ക്ക് 2000 മുതല്‍ 4000 വരെ ലഭിക്കുന്ന വേതനം ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇത്തരം ജോലികള്‍ക്ക് ലഭിക്കുന്ന വേതനത്തെക്കാള്‍ കുറവാണ്. ഉശിരന്‍ തൊഴിലാളി സംഘടനകളുടെയും സമരങ്ങളുടെയും നാടെന്ന് പരക്കെ കണക്കാക്കപ്പെടുന്ന കേരളത്തിലെ തൊഴിലാളി വിഭാഗങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ ഇതെല്ലാമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും അവരുടെ നേതൃത്വത്തിലുള്ള ട്രേഡ് യൂണിയനുകളും ആരുടെ താല്പര്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ഇതില്‍നിന്ന് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്.
കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ അധികാരിവര്‍ഗ്ഗപാര്‍ട്ടികളായി മാറിയിരിക്കുന്നു എന്ന വിലയിരുത്തലിനെ തികച്ചും സാധൂകരിക്കുന്ന വസ്തുതകളാണ് മേല്‍ചൊന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുമായോ അവരുടെ തൊഴില്‍ മേഖലകളുമായോ കേരളത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് താല്‍പ്പര്യപൂര്‍വ്വമായ ബന്ധമില്ലെന്ന വസ്തുത പ്രകടമായിരിക്കെ, കേരളത്തിലെ സാമൂഹ്യസാമ്പത്തിക ഘടനയില്‍ സജീവമായി ഇടപെടാന്‍ അവര്‍ക്ക് താല്‍പ്പര്യമില്ലാതെ വരുന്നത് സ്വാഭാവികം മാത്രം. കഴിഞ്ഞ അരനൂറ്റാണ്ട് കാലമായിട്ട് മുന്നണി രാഷ്ട്രീയത്തിലെ കളികളിലും വോട്ടുബാങ്ക് സംരക്ഷിച്ചു നിര്‍ത്തുന്നതിലും മാത്രമായി കമ്മ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയ പ്രവര്‍ത്തനം ചുരുങ്ങിപ്പോകുന്നത് ഈ യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ടുകൊണ്ടാണ്. വോട്ടുബാങ്ക് നിലനിര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നത് അധികാരസംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ്. വോട്ടുബാങ്ക് വിപുലീകരിക്കുന്നതിനായി ജാതിമതസാമൂഹ്യവിഭാഗങ്ങളെയും മറ്റും കൂടുതല്‍ പ്രകടമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ അവര്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.
ഇന്ത്യയിലെ സങ്കീര്‍ണ്ണമായ സാമൂഹ്യസാഹചര്യങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. യൂറോപ്യന്‍ സാഹചര്യങ്ങളില്‍നിന്ന് മാര്‍ക്‌സ് വികസിപ്പിച്ചെടുത്ത, സാമൂഹ്യപ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിന് ഉപയുക്തമാകുന്ന വര്‍ഗ്ഗസമീപനം തികച്ചും യാന്ത്രികമായി ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രയോഗിക്കാന്‍ ശ്രമിച്ചതിന്റെ പലമായിട്ടാണ്, ആരംഭത്തില്‍ വേരോട്ടമുണ്ടായ രണ്ടുമൂന്ന് സംസ്ഥാനങ്ങളിലൊഴികെ അരനൂറ്റാണ്ടായിട്ടും കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് പുതിയൊരു മേഖലയിലേക്ക് കടന്നുചെല്ലാനാവാതെ വന്നത്. വര്‍ണ്ണജാതിവ്യവസ്ഥയിലധിഷ്ഠിതമായ ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയെ മനസ്സിലാക്കാന്‍ വര്‍ഗ്ഗസമീപനം തികച്ചും അപര്യാപ്തമാണ്. വര്‍ഗ്ഗവും ജാതിയും തമ്മിലുള്ള ബന്ധവും അന്തരവും തിരിച്ചറിഞ്ഞാലേ ഇന്ത്യയിലെ സാമൂഹ്യയാഥാര്‍ത്ഥ്യത്തെ ശരിയായി മനസ്സിലാക്കാനും ഇടപെടാനും കഴിയൂ. എന്നാല്‍ എല്ലാ സാമൂഹ്യപ്രശ്‌നങ്ങളെയും വര്‍ഗ്ഗസമരത്തിലേക്ക് ചുരുക്കിക്കൊണ്ടുവരുന്ന വര്‍ഗ്ഗന്യൂനീകരണസമീപനം സ്വീകരിച്ച ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന് ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാനേ കഴിഞ്ഞില്ല.
കേരളത്തില്‍, കോണ്‍ഗ്രസ്സിലൂടെയും കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റു പാര്‍ട്ടിയിലൂടെയും കടന്നുവന്ന്, വര്‍ണ്ണ,ജാതി പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിചയം നേടിയ ഒരു നേതൃത്വനിരയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയതെന്നതുകൊണ്ട്, അവര്‍ അക്കാലത്ത് കേരളീയസമൂഹത്തെ സാമൂഹ്യനവോത്ഥാനത്തിലേക്ക് നയിച്ചുകൊണ്ടിരുന്ന ശ്രീനാരായണ, അയ്യങ്കാളി പ്രസ്ഥാനങ്ങളില്‍ ഉള്‍ച്ചേര്‍ന്നുകൊണ്ട് ആ സാമൂഹ്യവിഭാഗങ്ങളെ തങ്ങളുടെ സാമൂഹ്യാടിത്തറയാക്കാന്‍ ശ്രമിക്കുകയും വലിയൊരു പരിധിവരെ വിജയിക്കുകയും ചെയ്തു. പക്ഷേ, പ്രായോഗികമായി വിജയിച്ച ഈ ഇടപെടല്‍ കമ്മ്യൂണിസ്റ്റുകാരുടെ വര്‍ഗ്ഗന്യൂനീകരണ നിലപാടില്‍ മാറ്റമുണ്ടാക്കാന്‍ പര്യാപ്തമായില്ല. തങ്ങളോടടുപ്പിച്ച ഈ സാമൂഹ്യവിഭാഗങ്ങളിലെ കര്‍ഷകത്തൊഴിലാളികളുടെയും ചകിരിത്തൊഴിലാളികളുടെയും തൊഴില്‍ അവകാശങ്ങള്‍ വര്‍ഗ്ഗസമരത്തിലൂടെ നേടിക്കൊടുക്കുന്നതില്‍ മാത്രമാണ് പാര്‍ട്ടി ശ്രദ്ധിച്ചത്. സമീപകാലത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അംബ്‌ദേകര്‍ രാഷ്ട്രീയം ശക്തിപ്രാപിക്കുകയും ദളിത്, പിന്നോക്കവിഭാഗങ്ങള്‍ തങ്ങള്‍ക്കര്‍ഹമായ രാഷ്ട്രീയാധികാര പങ്കാളിത്തത്തിന് വേണ്ടി മുന്നേറുകയും ചെയ്തപ്പോള്‍, കേരളത്തിലെ ദളിത് സമൂഹത്തിലെ യുവതലമുറയില്‍ നിന്നുള്ളവര്‍ തങ്ങളിവിടെ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിയാന്‍ തുടങ്ങി. കമ്മ്യൂണിസ്റ്റുകാര്‍ ഇവിടെ തങ്ങള്‍ക്ക് സാമ്പത്തികാവകാശങ്ങള്‍ നേടാന്‍ സഹായിച്ച്, തങ്ങള്‍ക്ക് അര്‍ഹമായ രാഷ്ട്രീയാധികാരപങ്കാളിത്തത്തിന്റെ മേഖലയില്‍നിന്ന് ബോധപൂര്‍വ്വം തങ്ങളെ ഒഴിവാക്കുകയായിരുന്നു എന്ന് തിരിച്ചറിയുകയും അത് തുറന്നുപറഞ്ഞുകൊണ്ടുള്ള ആശയസമരവും സംഘടനാപ്രവര്‍ത്തനവും ആരംഭിക്കുകയും ചെയ്തപ്പോഴാണ് വിഷയത്തിന്റെ ഗൗരവം കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചറിഞ്ഞത്. തങ്ങളുടെ വോട്ടുബാങ്കിലെ പ്രധാനഘടകമായ ദളിതരെ പിടിച്ചുനിര്‍ത്താനായി കര്‍ഷകത്തൊഴിലാളികളുടെ ദളിത് സംഘടനയുണ്ടാക്കി റാലി നടത്തുകയുമൊക്കെ ചെയ്‌തെങ്കിലും ജാതിപ്രശ്‌നം കൈകാര്യം ചെയ്യാന്‍ തക്കവിധം തങ്ങളുടെ പ്രത്യയശാസ്ത്രനിലപാടുകളില്‍ തിരുത്തല്‍ വരുത്താന്‍ യാതൊരു ശ്രമവും രണ്ടു കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും നടത്തിയിട്ടില്ല. ഉടനെയൊന്നും അവര്‍ക്കതിന് കഴിയുകയുമില്ല.
ബാബറി മസ്ജിദ് പ്രശ്‌നം സജീവമായിരുന്നപ്പോള്‍പോലും മുസ്ലിം ന്യൂനപക്ഷത്തോട് തത്വാധിഷ്ഠിതമായ സമീപനം സ്വീകരിക്കാന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ല. മതാധിഷ്ഠിത രാഷ്ട്രീയത്തേയും തീവ്രവാദത്തേയും ശക്തമായി നേരിടുകയും പ്രഖ്യാപിത മതേതര ജനാധിപത്യ നിലപാട് സ്വീകരിക്കുകയും ചെയ്തുപോന്നിട്ടുള്ള മുസ്ലീംലീഗിനെ പലപ്പോഴും മുസ്ലിം എന്ന പേരിന്റെ അടിസ്ഥാനത്തില്‍ വര്‍ഗ്ഗീയകക്ഷിയായി മുദ്രകുത്തുന്ന സമീപനം രണ്ട് കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും സ്വീകരിച്ചിരുന്നു. മറ്റു ചിലപ്പോള്‍ അവരുമായി കൂട്ടുകൂടുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ചിലപ്പോള്‍ ലീഗിനെ പിളര്‍ത്ത് ഒരു വിഭാഗവുമായി കൂട്ടുകൂടുക, മറ്റൊരിക്കല്‍ ശരിയത്ത് പ്രശ്‌നമുന്നയിച്ച് മുസ്ലിം വിരുദ്ധ നിലപാടെടുത്ത് ഹിന്ദു വോട്ടുകളെ ആകര്‍ഷിക്കുക, പി.ഡി.പി. വോട്ടു കിട്ടാനായി മ്അദനിയെ മഹാത്മാഗാന്ധിയുമായി തുലനം ചെയ്യുക എന്നിങ്ങനെ അവസരവാദ നിലപാടുകളാണ് സി.പി.എം. സ്വീകരിച്ചു പോന്നിട്ടുള്ളത്. ഗുജറാത്തില്‍ നരേന്ദ്രമോഡി നടത്തിയ വംശീയഹത്യക്ക് വിധേയരായ മുസ്ലിം സമുദായത്തിന്റെ ദൈന്യാവസ്ഥയോട് പ്രതികരിച്ചുകൊണ്ട് ഇരകളുടെ സ്വത്വരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച ചില പാര്‍ട്ടി ബുദ്ധിജീവികള്‍ക്ക് പാര്‍ട്ടി ആദ്യം പിന്തുണ നല്‍കി. എന്നാല്‍ സ്വത്വരാഷ്ട്രീയം വര്‍ഗ്ഗരാഷ്ട്രീയത്തെ ദുര്‍ബ്ബലപ്പെടുത്തുമെന്ന വിമര്‍ശനം ഉയര്‍ന്നുവന്നപ്പോള്‍ ഔദ്യോഗിക നേതൃത്വം നിലപാട് മാറ്റി. ഇപ്പോല്‍ കേന്ദ്രനേതൃത്വം പ്രത്യയശാസ്ത്രപ്രമേയത്തില്‍ സ്വത്വരാഷ്ട്രീയത്തെ പാടെ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.
ഇത്തരം വിഷയങ്ങളില്‍ തത്വാധിഷ്ഠിത സമീപനം സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നതുതന്നെയാണ് പ്രശ്‌നം. ജാതി ഉള്‍പ്പെടെയുള്ള മര്‍ദ്ദിത സാമൂഹ്യവിഭാഗങ്ങള്‍ക്കെല്ലാം സ്വത്വരാഷ്ട്രീയം ഉയര്‍ത്തിപ്പിടിയ്ക്കാന്‍ അര്‍ഹതയും അവകാശവുമുണ്ട്. അതേസമയം മര്‍ദ്ദിതാവസ്ഥയില്‍നിന്ന് മോചനം ലഭിക്കുകയും തുല്യസാമൂഹ്യപദവി യാഥാര്‍ത്ഥ്യമാവുകയും ചെയ്താല്‍ അതിന് ശേഷവും സ്വത്വരാഷ്ട്രീയം തുടരുന്നത് വിഭാഗീയതയിലേക്ക് നയിച്ചേക്കാം എന്ന പ്രശ്‌നമാണ് പരിഗണിയ്‌ക്കേണ്ടതുള്ളത്. ഇപ്പോള്‍ മര്‍ദ്ദിതാവസ്ഥയിലുള്ള സാമൂഹ്യവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഈ വിഭാഗീതയുടെ പ്രശ്‌നം അടിയന്തിര പ്രശ്‌നമല്ല താനും.
കൃസ്ത്യന്‍ സമുദായ വോട്ടില്‍ കണ്ണുനട്ട് മതവിശ്വാസികളായ സ്വതന്ത്രസ്ഥാനാര്‍ത്ഥികളെ പാര്‍ലമെന്റിലേക്കും അസംബ്ലിയിലേക്കും സി.പി.എം. വിജയിപ്പിച്ച് അയച്ചിട്ടുണ്ട്. പക്ഷെ, ഇത്തരം മതവിശ്വാസികള്‍ക്ക് പാര്‍ട്ടി അംഗത്വം കൊടുത്ത് അവര്‍ മതചടങ്ങുകളില്‍ പങ്കെടുത്ത് വിവാദമായപ്പോള്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും മതവും തമ്മിലുള്ള ബന്ധം തത്വാധിഷ്ഠിതമായി നിര്‍വ്വചിക്കാനാവാതെ സി.പി.എം. നേതൃത്വം ആശയക്കുഴപ്പത്തില്‍ പെടുന്നത് കേരളം കണ്ടതാണ്. ഒരു വശത്ത് വിപ്ലവപാര്‍ട്ടിയിലെ കാഡര്‍ സ്വീകരിക്കേണ്ട മതവിരുദ്ധ സമീപനത്തെക്കുറിച്ച് ലെനിന്‍ പറഞ്ഞത് ഉദ്ധരിക്കുക, മറുവശത്ത് ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കുമ്പോള്‍ മതവിശ്വാസികളെകൂടി പാര്‍ട്ടിയില്‍ ചേര്‍ക്കേണ്ടിവരുന്നതിനെ ന്യായീകരിക്കുക. ഈ വൈരുദ്ധ്യത്തിന്റെ കാരണം ഒരേ സമയം വിപ്ലവപാര്‍ട്ടിയും ജനാധിപത്യപാര്‍ട്ടിയും ആണെന്ന കപടധാരണ സൃഷ്ടിക്കാന്‍ ശ്രമിച്ചതാണെന്ന് തുറന്ന് പറഞ്ഞ് തിരുത്തുന്നതിന് പകരം, അത് മൂടിവെയ്ക്കാന്‍ ശ്രമിക്കുകയാണ് കുറച്ചുനാള്‍ മുമ്പ് സി.പി.എം. ചെയ്തത്.
ഇപ്പോള്‍ വീണ്ടും വോട്ടുബാങ്ക് ലക്ഷ്യംവെച്ച് യേശുക്രിസ്തുവിനെ വിപ്ലവകാരിയായി അവതരിപ്പിച്ചുകൊണ്ട് സി.പി.എം. രംഗത്തുവന്നിരിക്കുകയാണ്. ക്രിസ്തുമതത്തിനുള്ളില്‍നിന്ന് വിമോചനദൈവശാസ്ത്രം ഉയര്‍ന്നുവന്നകാലത്ത് അവരാണ് യേശുവിനെ വിപ്ലവകാരിയായി അവതരിപ്പിച്ചത്. ലാറ്റിനമേരിക്കയില്‍ ചില സൈനിക സ്വേച്ഛാധിപത്യങ്ങള്‍ക്കെതിരായി തീവ്രവാദികള്‍ നടത്തിക്കൊണ്ടിരുന്ന ഒളിപ്പോരില്‍ പങ്കുചേരാന്‍ ചില പാതിരിമാര്‍തന്നെ സന്നദ്ധരായി മുന്നോട്ടുവന്ന കാലത്ത് അവരാണ് ഈ ആശയം മുന്നോട്ടുവെച്ചത്. വിശ്വാസികളായി തുടര്‍ന്നുകൊണ്ട് അനീതിക്കെതിരായ പോരാട്ടത്തില്‍ പങ്കുചേരാന്‍ ക്രിസ്തുവിനെ മാതൃകയാക്കുകയാണ് അവര്‍ ചെയ്തത്. കമ്മ്യൂണിസ്റ്റുകാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ലോകനിലവാരത്തില്‍തന്നെ നടക്കുകയുണ്ടായി. ഭൗതികവാദികളായ പോരാളികളും വിശ്വാസികളായ പോരാളികളും എന്ന നിലയ്ക്കാണ് ആ ചര്‍ച്ചകള്‍ നടന്നത്. അത് സ്വാഭാവികവുമായിരുന്നു. ഇപ്പോള്‍ ഭൗതികനിലപാടില്‍ തുടരുന്ന ഒരു കമ്മ്യൂണിസ്റ്റുപാര്‍ട്ടി വിമോചനദൈവശാസ്ത്രനിലപാട് ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകുന്ന പൊരുത്തക്കേട് പ്രകടമാണ്.
വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം ദാര്‍ശനികാടിസ്ഥാനമായി സ്വീകരിക്കുന്ന സി.പി.എം. ഒരു മതേതലപാര്‍ട്ടിയല്ല, മതവിരുദ്ധപാര്‍ട്ടിയാണ്. സി.പി.എം. ഒരു ജനാധിപത്യപാര്‍ട്ടി ആവുന്നതോടെ മാത്രമേ അതിന് മതേതരപാര്‍ട്ടിയാവാനും കഴിയൂ. ഒരു മതേതര ജനാധിപത്യക്രമത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണകൂടത്തെ പ്രതിനിധാനം ചെയ്യാന്‍ അര്‍ഹതയുള്ളവരായതുകൊണ്ട് മതങ്ങളോട് ഭരണകൂടം സ്വീകരിക്കുന്ന തുല്യസമീപനവും ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാത്ത സമീപനവും രാഷ്ട്രീയപാര്‍ട്ടികളും പാലിക്കേണ്ടതുണ്ട്. മതേതരവ്യവസ്ഥയില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിക്കേണ്ട മതേതരസമീപനമാണ് സി.പി.എം. ലംഘിച്ചിരിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മതകാര്യങ്ങളില്‍ അഭിപ്രായം പറയാം. പക്ഷേ, വിശ്വാസികളുടെ വിശ്വാസങ്ങള്‍ക്ക് മുറിവേല്‍പ്പിക്കുംവിധം അഭിപ്രായം പറയുന്നത് കുറ്റകരമാവുകയും ചെയ്യും. അതാണ് ഇവിടെ സംഭവിച്ചിട്ടുള്ളതും. പ്രായോഗികതലത്തില്‍ ഇതൊരു വോട്ടുബാങ്ക് രാഷ്ട്രീയക്കളിയാണെന്ന് സമൂഹം തിരിച്ചറിയുന്നത് സി.പി.എമ്മിന് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്നതാണ് പ്രധാനം.
സി.പി.എം. ഇപ്പോള്‍ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രതിസന്ധി സാഹചര്യങ്ങള്‍ ഈ പാര്‍ട്ടിയെ ഒരു യഥാര്‍ത്ഥ ജനാധിപത്യ പാര്‍ട്ടിയാവാന്‍ നിര്‍ബ്ബന്ധിക്കുന്നുവെങ്കിലും അതിന് അങ്ങനെ ആകാന്‍ കഴിയുന്നില്ലെന്നതാണ്. ആദ്യകാലങ്ങളില്‍ പാര്‍ലമെന്ററി ജനാധിപത്യത്തില് പങ്കെടുക്കുന്നത് അടവുപരമായി അഥവാ താല്‍ക്കാലികമായ നടപടിയായിട്ടാണെന്ന് പറഞ്ഞിരുന്നുവെങ്കില്‍ സമീപകാലത്ത് ആ സമീപനം മാറ്റി. 2002ല്‍ പാര്‍ട്ടി പരിപാടിയില്‍ വരുത്തിയ ഭേദഗതിയില്‍ ജനകീയജനാധിപത്യവിപ്ലവം പൂര്‍ത്തീകരിക്കുന്നതിന് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മാര്‍ഗ്ഗം സ്വീകാര്യമായി പറഞ്ഞുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രാധാന്യം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനനുസൃതമായി പാര്‍ട്ടിയുടെ സമീപനത്തില്‍ മാറ്റം വരുത്താനായിട്ടുമില്ല. പാര്‍ട്ടിയുടെ ഈ ജനാധിപത്യവല്‍ക്കരണ ലക്ഷ്യമാണ് പ്രകാശ് കാരാട്ട് തന്റെ ലണ്ടന്‍പ്രസംഗത്തില്‍ ഉന്നയിച്ചത്. സോഷ്യലിസ്റ്റ് സമൂഹത്തില്‍ പാര്‍ട്ടിയും ഭരണകൂടവും വേറിട്ടുനില്‍ക്കണമെന്നതും ബഹുകക്ഷി ജനാധിപത്യ സമ്പ്രദായമായിരിക്കും രാഷ്ട്രീയരൂപമെന്നതും ഈ ജനാധിപത്യവല്‍ക്കരണ പ്രക്രിയയിലെ രണ്ട് പ്രധാന ഘടകങ്ങള്‍ തന്നെയാണ്. ജനകീയജനാധിപത്യവിപ്ലവം പാര്‍ലമെന്ററി സമ്പ്രദായത്തിലൂടെ പൂര്‍ത്തീകരിക്കുകയും സോഷ്യലിസ്റ്റു സമൂഹത്തില്‍ ബഹുകക്ഷി ജനാധിപത്യം നിലവില്‍ കൊണ്ടുവരികയും ചെയ്യുമെന്ന് പറഞ്ഞാല്‍ മൊത്തത്തില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിലൂടെ സോഷ്യലിസത്തിലേയ്‌ക്കെത്താമെന്ന രാഷ്ട്രീയ പരിപാടിയാണ് ഉരുത്തിരിഞ്ഞു വരുന്നത്. അത് ഇതുവരെയുള്ള സി.പി.എമ്മിന്റെ പ്രത്യയശാസ്ത്രനിലപാടില്‍നിന്നുള്ള ശ്രദ്ധേയമായ വ്യതിചലനമാണ്. പക്ഷേ, പ്രകാശ് കാരാട്ടിന്റെ ഈ നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുന്ന പ്രത്യയശാസ്ത്രപ്രമേയത്തില്‍ ഉന്നയിച്ചിട്ടേയില്ല.
ചൈനയില്‍ ഇന്ന് നിലനില്‍ക്കുന്ന, വളരെ പരിമിതമായ ജനാധിപത്യാവകാശങ്ങള്‍ അനുവദിച്ചുകൊണ്ട്, കമ്മ്യൂണിസ്‌ററുപാര്‍ട്ടിയുടെ മേധാവിത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണസമ്പ്രദായമാണ് ഇന്ത്യയില്‍ ഭാവിയില്‍ അവര്‍ ലക്ഷ്യം വെക്കുന്ന സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ മാതൃകയായി പ്രത്യയശാസ്ത്ര പ്രമേയം അവതരിപ്പിച്ചിട്ടുള്ളത്. സി.പി.എം. നേതൃത്വം ചെന്നുപെട്ടിട്ടുള്ള ആശയക്കുഴപ്പത്തിന്റെ സ്വഭാവം അതീവഗുരുതരമാണെന്ന് പറയാതെ വയ്യ. ചൈനയുടെ സാമ്പത്തിക മേഖലയില്‍ പൊതുമേഖല ഇപ്പോഴും പകുതിയിലേറെ ഉണ്ടെങ്കില്‍ വിപണി സമ്പദ്‌വ്യവസ്ഥ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. വിപണിയുടെ മേല്‍ കേന്ദ്രീകൃതമായ നിയന്ത്രണവും പാര്‍ട്ടിയുടെ മേല്‍നോട്ടവുമൊക്കെ ഉണ്ടെങ്കിലും മത്സരാധിഷ്ഠിത വിപണിയുടെ പ്രവര്‍ത്തനം അതിന്റേതായ നിയമമനുസരിച്ചുതന്നെ മുന്നേറും എന്ന ചരിത്രപാഠമാണ് സി.പി.എം. നേതൃത്വം ഉള്‍ക്കൊള്ളാതിരിക്കുന്നത്. അതായത് മത്സരാധിഷ്ഠിതവിപണിയുടെ നിയമങ്ങള്‍ കേന്ദ്രീകൃത രാഷ്ട്രീയഘടനയെ അധികനാള്‍ തുടരാന്‍ അനുവദിക്കുകയില്ലെന്നത് അനിഷേധ്യമായ നിയമമാണ്. തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ജനാധിപത്യവിരുദ്ധ രാഷ്ട്രീയഘടനയെ ചൂണ്ടിക്കാണിച്ചിട്ട്, ഏറെ പരീക്ഷണങ്ങളെ അതിജീവിച്ചുകൊണ്ട് പക്വതയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന് പകരം നിര്‍ദ്ദേശിക്കാന്‍ തയ്യാറാകുന്ന ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ ആശയപരമായ പാപ്പരത്തം അമ്പരപ്പിക്കുന്നതാണ്. ഏകപാര്‍ട്ടി ഭരണസമ്പ്രദായം ചരിത്രത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കാന്‍ കെല്‍പ്പില്ലാത്തതും ഒരു ഘട്ടം കഴിഞ്ഞാല്‍ കടലാസുകൊട്ടാരംപോലെ തകര്‍ന്നടിയുന്നതുമാണെന്നും മുന്‍ സോഷ്യലിസ്റ്റുരാജ്യങ്ങളുടെ തകര്‍ച്ചാപരമ്പരയില്‍നിന്ന് ആര്‍ക്കും കാണാന്‍ കഴിയുന്ന കാര്യമായിരുന്നു. അന്നത്തെ തകര്‍ച്ചകള്‍ മുന്‍കൂട്ടിക്കാണാന്‍ പലര്‍ക്കും കഴിഞ്ഞിരുന്നപ്പോള്‍ അത് കാണാന്‍ കഴിയാതെപോയ ഈ ഹ്രസ്വദൃഷ്ടികള്‍ അതിനുശേഷമെങ്കിലും പാഠം പഠിക്കുമെന്ന് പ്രതീക്ഷിച്ചുപോയിരുന്നു. തെറ്റിപ്പോയി. ഇന്ത്യയിലേതുപോലെ അതിബൃഹത്തും സങ്കീര്‍ണ്ണവും ചലനാത്മകവുമായ ഒരു ജനാധിപത്യസാമൂഹ്യക്രമത്തിന്റെ ഭാവിയെക്കുറിച്ച് എന്തെങ്കിലും പറയാന്‍ ഇത്തരക്കാര്‍ക്ക് യാതൊരു അര്‍ഹതയുമില്ലതന്നെ.
സി.പി.എം. നേതൃത്വം ഇപ്പോള്‍ ചര്‍ച്ചയ്ക്ക് അവതരിപ്പിച്ചിട്ടുള്ള ഈ പ്രത്യയശാസ്ത്രപ്രമേയം മുഖ്യഉള്ളടക്കത്തില്‍ മാറ്റമില്ലാതെ അംഗീകരിക്കപ്പെടുകയാണെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യ സമൂഹത്തിന് അപമാനകരമായ ഒരനുഭവമായിരിക്കും അതെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.