സാമുദായിക രാഷ്ട്രീയവും മതേതര രാഷ്ട്രീയവും
കെ.വേണു
സമീപകാലത്തായി, മത,ജാതി സംഘടനകളെ പ്രതിനിധാനം ചെയ്യുന്ന സാമുദായിക ശക്തികള്‍ രാഷ്ട്രീയ കാര്യങ്ങളില്‍ കൂടുതല്‍ ശക്തമായും അവിഹിതമായും ഇടപെടുന്നു, നമ്മുടെ ജനാധിപത്യ മതേതര വ്യവസ്ഥയ്ക്ക് തന്നെ അത് ദോഷം ചെയ്യും, അതുകൊണ്ട് ഈ പ്രവണതയെ പ്രോത്സാഹിപ്പിച്ചുകൂടാ എന്നെല്ലാമുള്ള അഭിപ്രായ പ്രകടനങ്ങളും തുടര്‍ന്നുള്ള വിവാദങ്ങളും നമ്മുടെ രാഷ്ട്രീയാന്തരീക്ഷത്തില്‍ സജീവമായിട്ടുണ്ട്. നമ്മുടെ മതേതര ജനാധിപത്യ വ്യവസ്ഥ നിലനില്ക്കുകയും ശക്തിപ്പെടുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരെയെല്ലാം വ്യാകുലപ്പെടുത്തുന്ന സ്ഥിതി വിശേഷമാണിത്. തീര്‍ച്ചയായും, ഗൗരവമുള്ള വിഷയം തന്നെ. സാമുദായിക രാഷ്ട്രീയം ഒരു സുപ്രഭാതത്തില്‍ പൊട്ടിപ്പുറപ്പെട്ടതൊന്നുമല്ല. അതുകൊണ്ടുതന്നെ, നമ്മുടെ ജനാധിപത്യ വ്യവസ്ഥയെ അതങ്ങു വിഴുങ്ങാനൊന്നും പോകുന്നുമില്ല. എങ്കിലും വിഷയം ഗൗരവമുള്ളതാണെന്ന് തിരിച്ചറിയുകയും പരിഹാര സാധ്യതകളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യം തന്നെയാണ്. മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയെന്ന ആവശ്യം ഉന്നയിക്കുകയും നേടിയെടുക്കുകയും ചെയ്ത രീതിയെക്കുറിച്ചെല്ലാമാണ് വിവാദമുണ്ടായതെങ്കിലും, വിഷയത്ത കൂടുതല്‍ വിപുലമായ പശ്ചാത്തലത്തില്‍ തന്നെ പരിശോധിക്കേണ്ടതുണ്ട്.
നേരിയ ഭൂരിപക്ഷത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ തീരുമാനങ്ങളെടുക്കാന്‍ മടിക്കുന്ന യു.ഡി.എഫ് നേതൃത്വത്തിന്റെ പക്വതയില്ലാത്ത നടപടികളാണ് ഈ വിഷയത്തെ വഷളാക്കിയതെന്ന കാര്യത്തില്‍ ഇപ്പോള്‍ ആര്‍ക്കും സംശയമുണ്ടെന്ന് തോന്നുന്നില്ല. ഉചിതമായ തീരുമാനങ്ങളും നടപടികളും ഉണ്ടായിരുന്നെങ്കില്‍ ഈ വിവാദം ഉണ്ടാകുമായിരുന്നില്ലെന്ന് ചുരുക്കം. അതുകൊണ്ടുമാത്രം ആരംഭത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങളുടെ ഗൗരവവും പ്രസക്തിയും കുറയുന്നില്ല. അവ നമ്മുടെ മുന്നില്‍ ഉണ്ടായിരുന്നു; ഇപ്പോഴും ഉണ്ട്. കേരളത്തിലെന്ന പോലെ അഖിലേന്ത്യാ തലത്തിലും.
അടുത്ത കാലത്ത് സാമുദായിക രാഷ്ട്രീയം ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടത് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പു വേളയില്‍, പ്രത്യേകിച്ചും ഉത്തര്‍പ്രദേശിലാണ്. അവിടെ കോണ്‍ഗ്രസ്സിനെപ്പോലുള്ള അഖിലേന്ത്യാ മതേതര പാര്‍ട്ടികള്‍ക്ക് സാമുദായിക പാര്‍ട്ടികളായി കണക്കാക്കപ്പെടുന്നവരുടെ മുന്നില്‍ ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. കഴിഞ്ഞ രണ്ടുദശകത്തിലധികം കാലമായി യു.പി.യിലും ബീഹാറിലുമെല്ലാം ഇതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതാകട്ടെ, ഇന്ത്യയിലെ ജനാധിപത്യ മതേതര സംവിധാനത്തെ തളര്‍ത്തുകയല്ല, വളര്‍ത്തുകയാണ് ചെയ്യുന്നതെന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്.
ഇന്ത്യന്‍ ജനാധിപത്യ മതേതര വ്യവസ്ഥ നിലവില്‍ വന്നിട്ട് ദശകങ്ങള്‍ പിന്നിട്ടിട്ടും ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളായ ദളിത്, ആദിവാസി, പിന്നോക്ക സമുദായങ്ങള്‍, സവര്‍ണ്ണ ഫ്യൂഡല്‍ ശക്തികള്‍ അടക്കി വാണിരുന്ന അധികാരത്തിന്റെ കോട്ട കൊത്തളങ്ങളില്‍ നിന്ന് അയിത്തക്കാരായി അകറ്റി നിര്‍ത്തപ്പെടുക തന്നെയായിരുന്നു. യു.പി., ബീഹാര്‍ പോലുള്ള പ്രമുഖ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ സവര്‍ണ്ണ ഫ്യൂഡല്‍ ശക്തികളിലൂടെയാണ് കോണ്‍ഗ്രസ്സ് തങ്ങളുടെ അധികാരകുത്തക ഉറപ്പിച്ചിരുന്നത്. 1980 കളുടെ രണ്ടാം പകുതിയില്‍, ബാബറി മസ്ജിദ് പ്രശ്‌നം ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍ റാം മനോഹര്‍ ലോഹ്യയുടെയും ഡോ. അംബേദ്കറുടെയും ജാതിവിരുദ്ധ ആശയങ്ങളുടെ സ്വാധീനത്തില്‍ പിന്നോക്ക, ദളിത് ജനവിഭാഗങ്ങള്‍ സ്വയം സംഘടിക്കുകയും അര്‍ഹമായ അധികാരത്തിന്റെ പങ്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ പിടിച്ചുപറ്റുകയും ചെയ്യുകയാണുണ്ടായത്. ഇന്ത്യയിലെ, സഹസ്രാബ്ധങ്ങള്‍ പഴക്കമുള്ള വര്‍ണ്ണജാതിവ്യവസ്ഥയെ യഥാര്‍ത്ഥ ജനാധിപത്യവല്‍ക്കരണത്തിന് വിധേയമാക്കുന്ന പ്രക്രിയയുടെ ആദ്യത്തെ ചുവടുവെപ്പായിരുന്നു അത്.
സാമുദായിക രാഷ്ട്രീയത്തിലൂടെ ശക്തിപ്പെടുന്ന സ്വത്വരാഷ്ട്രീയം ജനാധിപത്യ മതേതര വ്യവസ്ഥയെ എങ്ങിനെ ബാധിക്കുന്നു എന്ന പ്രശ്‌നം ഗൗരവമുള്ളതാണ്. മര്‍ദ്ദിത ജാതി, സാമൂഹ്യവിഭാഗങ്ങള്‍ സ്വയം സംഘടിച്ച് അധികാരപങ്കാളിത്തം പിടിച്ചുപറ്റുമ്പോള്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നടമാടുന്ന അപചയ പ്രവണതകളെല്ലാം ഈ സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ബാധിക്കുന്നത് സ്വഭാവികം മാത്രം. അധികാര ദുര്‍വിനിയോഗത്തിന്റെയും അഴിമതിയുടെയും മറ്റും കേന്ദ്രങ്ങളായി ഇത്തരം പ്രസ്ഥാനങ്ങളും രൂപാന്തരപ്പെടുന്നു. ഇത്തരം അപഭ്രംശങ്ങളെല്ലാം ഉള്ളപ്പോഴും, യു.പി.യിലെയും ബീഹാറിലെയും അനുഭവങ്ങള്‍ കാണിക്കുന്നത്. അടുത്തകാലം വരെയും ഗ്രാമീണതലങ്ങളിലെ അധികാരകേന്ദ്രങ്ങളിലേക്ക് പോലും പ്രവേശനം നിഷേധിച്ചിരുന്ന ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ക്ക് അധികാരപങ്കാളിത്തം സാധ്യമായതോടെ അത്തരം വിലക്കുളെല്ലാം അപ്രസക്തമായി തീര്‍ന്നു എന്നാണ്. അവരുടെ സാമൂഹ്യപദവിയില്‍ വലിയ പൊളിച്ചെഴുത്തുണ്ടായി എന്നത് വളരെ പ്രധാനപ്പെട്ട സംഗതിയാണ്.
കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും ഇപ്പോഴും മതേതര ജനാധിപത്യവ്യവസ്ഥയെ മനസ്സിലാക്കുന്നത് പാശ്ചാത്യസങ്കല്പത്തിന്റെ അടിസ്ഥാനത്തിലായതുകൊണ്ട് വര്‍ണ്ണ, ജാതി വ്യവസ്ഥ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയാതെ പകച്ചുനില്ക്കുകയാണ്. സ്വത്വരാഷ്ട്രീയം വിഭാഗീയമാണെന്ന് പറഞ്ഞ് അതിനെ എതിര്‍ക്കുകയും എന്നാല്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വഴങ്ങി ജാതി, മത, സാമൂഹ്യവിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പുനയമാണ് അവര്‍ സ്വീകരിച്ചുപോന്നിട്ടുള്ളത്. യു.പി.യിലും ബീഹാറിലുമെല്ലാം കമ്മ്യൂണിസ്റ്റുകാര്‍ പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ടത് ഈ വിഷയത്തോടുള്ള നിഷേധാത്മകമായ സമീപനം നിമിത്തമാണ്. കോണ്‍ഗ്രസ്സിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. രാഹുല്‍ ഗാന്ധി യു.പിയില്‍ ഇടപെടാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയത്തില്‍ കലാശിക്കുകയാണുണ്ടായത്. വര്‍ണ്ണജാതിവ്യവസ്ഥയുടെ സമൂര്‍ത്ത രൂപങ്ങളെ നേരിടാന്‍ ജനാധിപത്യ മതേതര രാഷ്ട്രീയത്തിന്റെ അമൂര്‍ത്ത മാതൃകകള്‍ തികച്ചും അപര്യാപ്തമാണ് എന്ന വസ്തുതയാണ് രാഹുല്‍ ഗാന്ധി മനസ്സിലാക്കാതെ പോയത്.
കേരളത്തിലേക്ക് കടക്കുമ്പോള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാണ്. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലൊന്നും കാണാത്തവിധം അടിയില്‍ നിന്നുള്ള സാമൂഹ്യനവോത്ഥാനത്തിന് തുടക്കം കുറിക്കുകയും അത് ജനാധിപത്യവല്‍ക്കരണത്തിലേക്കും പ്രബുദ്ധ രാഷ്ട്രീയവല്‍ക്കരണത്തിലേക്കും വളരുകയും ചെയ്ത സമൂഹമാണ് കേരളത്തിലേത്. അഖിലേന്ത്യാതലത്തില്‍ സമീപകാലത്ത് ആരംഭിച്ച സാമുദായിക രാഷ്ട്രീയത്തിന്റെ സംഘടിതമായ മുന്നേറ്റം കേരളത്തില്‍ 1930 കളില്‍ തന്നെ ആരംഭിച്ചതാണ്. മാറുമറയ്ക്കാനും വഴിനടക്കാനും വിദ്യാഭ്യാസം ചെയ്യാനും ആരാധനാ സ്വാതന്ത്ര്യത്തിനും മറ്റുമായി ആരംഭിച്ച സാമൂഹ്യനവോത്ഥാന പ്രക്രിയ, വിദേശ ബ്രാഹ്മണ അധികാര കുത്തകയ്‌ക്കെതിരായി മലയാളി മെമ്മോറിയലും സവര്‍ണ്ണാധികാര കുത്തകയ്‌ക്കെതിരായി ഈവഴ മെമ്മോറിയലും ഉയര്‍ന്നുവന്നതിന്റെ തുടര്‍ച്ചയായിട്ടുതന്നെയാണ് രാഷ്ട്രീയാധികാരം സാമുദായികമായി പങ്കുവെയ്ക്കപ്പെടണമെന്നുള്ള ആവശ്യവുമായി 1930-കളില്‍ നിവര്‍ത്തന പ്രക്ഷോഭം ശക്തിപ്പെട്ടത്. അയിത്തജാതി സമൂഹങ്ങള്‍ക്ക് അധികാരം സംവരണം ചെയ്യണമെന്ന ഡോ.അംബേദ്കറുടെ നിലപാടിനെതിരെ മഹാത്മാഗാന്ധി നിരാഹാരം നടത്തിയതിനെ തുടര്‍ന്ന് ഉണ്ടായ പൂനാകരാറിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ നിവര്‍ത്തനപ്രക്ഷോഭം ഉയര്‍ന്നുവന്നതെന്നത് അഖിലേന്ത്യാസംഭവവികാസങ്ങളുടെ സ്വാധീനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. നിവര്‍ത്തന പ്രക്ഷോഭം ഭാഗിക വിജയം നേടിയെങ്കിലും സാമുദായിക രാഷ്ട്രീയം പിന്നീട് മുന്നോട്ടുപോയില്ല. പുതുതായി രംഗത്തുവന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തിരുവിതാംകൂറിലും കൊച്ചിയിലും സജീവമായി തീര്‍ന്ന സ്റ്റേറ്റ് കോണ്‍ഗ്രസ്സും കൂടി ഈ സാമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പങ്കിട്ടെടുക്കുകയായിരുന്നു.
വര്‍ഗ്ഗസമരസമീപനത്തിലൂടെ ദളിത്, പിന്നോക്ക വിഭാഗങ്ങളിലെ ഭൂരിഭാഗം വരുന്ന തൊഴിലാളി, ദരിദ്ര വിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കഴിഞ്ഞു. അവരുടെ മുഖ്യസാമൂഹ്യാടിസ്ഥാനമായി ഈ സമുദായങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതു കാണാം. മറ്റു സമുദായങ്ങളിലെ ദരിദ്ര, തൊഴിലാളി വിഭാഗങ്ങളിലെ ചെറിയൊരു ഭാഗത്തെ മാത്രമേ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞുള്ളൂ. ദളിത് സമുദായത്തിലെ ചെറിയൊരു വിഭാഗവും പിന്നോക്കക്കാരിലെ സമ്പന്ന ഇടത്തരം വിഭാഗങ്ങളിലെ ഗണ്യമായ ഭാഗവും നായര്‍, ക്രിസ്ത്യന്‍ സമുദായങ്ങളിലെ ഭൂരിഭാഗവുമാണ് കോണ്‍ഗ്രസ്സിന്റെ സാമൂഹ്യാടിസ്ഥാനമായി മാറിയത്. ഇടക്കാലത്ത് ശ്രദ്ധേയമായ സാന്നിദ്ധ്യമായിരുന്ന സോഷ്യലിസ്റ്റു പ്രസ്ഥാനത്തിന് സാമുദായികാടിസ്ഥാനം ഉണ്ടായിരുന്നില്ല. ചെറിയ തോതിലാണെങ്കിലും എല്ലാ സമുദായങ്ങളിലുമായി അവര്‍ വ്യാപരിച്ചു കിടക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ്സിലെ ക്രിസ്ത്യന്‍ സമുദായത്തിലെ ഗണ്യമായ വിഭാഗവും നായര്‍ സമുദായത്തില്‍ നിന്നൊരു ചെറുവിഭാഗവും ചേര്‍ന്നാണ് കേരളാ കോണ്‍ഗ്രസ്സുണ്ടായത്.
നിവര്‍ത്തന പ്രക്ഷോഭത്തിലൂടെ വളര്‍ന്നുവന്ന സാമുദായിക രാഷ്ട്രീയത്തെ ഫലപ്രദമായി മറികടന്നുകൊണ്ട് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും ചേര്‍ന്ന്, കേരളത്തില്‍ ശക്തമായ ഒരു മതേതര ജനാധിപത്യരാഷ്ട്രീയത്തിന് അടിത്തറ പാകി എന്ന് വ്യാഖ്യാനിക്കപ്പെടാറുണ്ട്. തീര്‍ച്ചയായും, ഒട്ടുമൊത്തത്തില്‍ നോക്കിയാല്‍ 1940-കളിലും '50-കളിലും കേരളത്തില്‍ ഉയര്‍ന്നുവന്ന പ്രബുദ്ധ രാഷ്ട്രീയത്തിന്റെ പശ്ചാത്തലം അതുതന്നെയായിരുന്നു. പക്ഷേ, ചരിത്രപരമായി ഈ പ്രക്രിയയെ വിലയിരുത്തുമ്പോള്‍ അതിന്റെ പരിണതഫലം ഗുണാത്മകം മാത്രമായിരുന്നില്ലെന്ന് കാണാം. ജാതിവിവേചനത്തിന്റെ സാമൂഹ്യഘടനയില്‍ നിന്ന് മോചനം നേടണമെങ്കില്‍ മര്‍ദ്ദിതജാതി സമൂഹങ്ങള്‍ തങ്ങള്‍ക്ക് അര്‍ഹമായ അധികാര പങ്കാളിത്തം കൈക്കലാക്കണമെന്ന ഡോ. അംബേദ്കര്‍ നിലപാടിനെ പാടെ അവഗണിച്ചുകൊണ്ടും തമസ്‌ക്കരിച്ചുകൊണ്ടും ദളിത്, പിന്നോക്ക വിഭാഗങ്ങളിലെ അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തെ കൂലികൂടുതലും തൊഴിലവകാശങ്ങളും ലക്ഷ്യമാക്കിയുള്ള സാമ്പത്തിക സമരങ്ങളില്‍ തളച്ചിടുകയാണ് കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തത്. ഡോ. അംബേദ്കര്‍ ബ്രിട്ടീഷ് ഏജന്റായിരുന്നു എന്ന് കേരളത്തിലെ ദളിതരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകാര്‍ ഈ വഞ്ചനയ്ക്ക് കളമൊരുക്കിയത്. കേരളത്തിലെ ദളിതരെ കമ്മ്യൂണിസ്റ്റുകാര്‍ സംഘടിപ്പിച്ചിട്ട് ആറ് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. കേരളീയ സമൂഹത്തിലെ അഞ്ചിലൊന്നോളം വരുന്ന ദളിത് ആദിവാസി സമൂഹത്തിന് കേരളത്തിന്റെ സമ്പത്തില്‍ ഒരു ശതമാനം പോലും പങ്കുകൊള്ളാനായിട്ടില്ല. അധികാരത്തിന്റെ കാര്യത്തില്‍ വട്ടപൂജ്യവും.
കേരളത്തിലെ ദളിതരുടെ ഈ അവസ്ഥയുമായി ഇപ്പോഴത്തെ യു.പി., ബീഹാര്‍ ദളിതരുടെ അവസ്ഥ താരതമ്യം ചെയ്യണം. രാഷ്ട്രീയാധികാരപങ്കാളിത്തം ഗ്രാമതലത്തില്‍ വരെ അനുഭവിച്ചറിയാന്‍ കഴിഞ്ഞ യു.പി.യിലെയും ബീഹാറിലെയും ദളിത്, പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹ്യപദവിയിലുണ്ടായ ശ്രദ്ധേയമായ മുന്നേറ്റം കേരളത്തിലെ ദളിതര്‍ക്ക് തികച്ചും അപ്രാപ്യമാണ്. ഇങ്ങനെ പരിശോധിക്കുമ്പോള്‍ കേരളത്തില്‍ ഇന്ന് സാമുദായിക രാഷ്ട്രീയം ഏറ്റവുമധികം ആവശ്യമായിട്ടുള്ളത് ദളിത് സമൂഹത്തിനും ആദിവാസികള്‍ക്കുമാണെന്നു കാണാം. പക്ഷേ, കേരളത്തിലെ ദളിതരാകട്ടെ, കമ്മ്യൂണിസ്റ്റുകാരുടെ വര്‍ഗ്ഗസമരരാഷ്ട്രീയത്തില്‍ കുടുങ്ങി സാമുദായിക രാഷ്ട്രീയത്തില്‍ നിന്ന് തികച്ചും അകന്നു നില്ക്കുകയും ചെയ്യുന്നു. ഇന്നത്തെ ദളിത് സമൂഹത്തിലെ യുവതലമുറയിലെ ചെറിയൊരു വിഭാഗം മാത്രമാണ് ചരിത്രപരമായി തങ്ങള്‍ വഞ്ചിക്കപ്പെട്ടതെങ്ങിനെയാണെന് ന് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുള്ളത്. അപ്പോഴും ഭൂരിപക്ഷം ദളിതരും തങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവ് നേടാന്‍ കഴിയാത്തവരുമാണ്. എസ്.എന്‍.ഡി.പിയുടെയും മറ്റും സംഘടിത പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാഭ്യാസരംഗത്തും മറ്റും ഉണ്ടാക്കിയ നേട്ടങ്ങള്‍ കേരളത്തിലെ പിന്നോക്ക സമുദായത്തിന്റെ സാമൂഹ്യപദവിയില്‍ ഗുണകരമായ മാറ്റമുണ്ടാക്കിയിട്ടുണ്ടെങ്കി ലും, രാഷ്ട്രീയാധികാര പങ്കാളിത്തത്തിന്റെ അഭാവം അവരെയും പിന്നോക്കാവസ്ഥയില്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയാധികാര പങ്കാളിത്തത്തിന്റെ പ്രശ്‌നത്തില്‍ കേരളത്തിലെ പിന്നോക്കക്കാര്‍ ഇനിയും ഏറെ മുന്നോട്ടുപോവാനുണ്ട്. ദളിത് പിന്നോക്ക വിഭാഗങ്ങളുടെ രാഷ്ട്രീയാധികാരപങ്കാളിത്തം ഉറപ്പുവരുത്താതിരിക്കുന്നിടത്തോ ളം കാലം നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാനം ദുര്‍ബലം തന്നെയാണ്.
1940കളിലും '50-കളിലും ഉണ്ടായ പ്രബുദ്ധ മതേതര ജനാധിപത്യ രാഷ്ട്രീയത്തിന്റെ പരിണതഫലമാണ് കേരളത്തിലെ ദളിത്, ആദിവാസി വിഭാഗങ്ങളുടെ തികഞ്ഞ പിന്നോക്കാവസ്ഥയും, പിന്നോക്ക വിഭാഗങ്ങളുടെ ഭാഗികമായ ദുര്‍ബലാവസ്ഥയുമെന്ന് നമ്മള്‍ കണ്ടു. '60കള്‍ മുതല്‍ക്കുള്ള കേരള രാഷ്ട്രീയം മുന്നണി രാഷ്ട്രീയത്തിന്റേതാണ്. ജനാധിപത്യസമ്പ്രദായത്തില്‍ മുന്നണിരാഷ്ട്രീയം മോശമായ സംഗതിയല്ല. അധികാരം ഏതെങ്കിലും ഒറ്റപാര്‍ട്ടിയുടെ കയ്യില്‍ കേന്ദ്രീകരിക്കാതെ ബഹുസ്വരതയ്ക്ക് അത് അവസരമുണ്ടാക്കുന്നു. നല്ലതുതന്നെ. പക്ഷേ, ഒരു നിയോജക മണ്ഡലത്തില്‍ മാത്രം സ്വാധീനമുള്ള ഒരു പാര്‍ട്ടി മുന്നണിയിലെ ഘടകകക്ഷിയായാല്‍ ഏക എം.എല്‍.എയ്ക്ക് മന്ത്രിവരെ ആകാന്‍ കഴിയുന്നു. ഇപ്പോള്‍ സംഭവിച്ചിട്ടുള്ളതുപോലെ നേരിയ ഭൂരിപക്ഷത്തോടെ മുന്നണി ഭരണം നടക്കുമ്പോള്‍ ഇത് ഉറപ്പാണ്. അഥവാ മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിലും കോര്‍പ്പറേഷനുകളിലും മറ്റു സംവിധാനങ്ങളിലുമായി അധികാരപങ്കാളിത്തം ഉറപ്പുവരുത്തപ്പെടുന്നു. ഇത്തരം ഈര്‍ക്കിള്‍ പാര്‍ട്ടികള്‍ ഉള്‍പ്പെടെ എല്ലാ മുന്നണിപാര്‍ട്ടികളും തങ്ങളുടെ വോട്ടുബാങ്ക് സംരക്ഷിക്കാനായി ഏതു മാര്‍ഗ്ഗവും സ്വീകരിക്കാന്‍ തയ്യാറാകുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ഈ വോട്ട് ബാങ്ക് രാഷ്ട്രീയം എത്രമാത്രം അധഃപതിക്കാം എന്നതിന്റെ അനവധി ദൃഷ്ടാന്തങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അവയൊക്കെ എണ്ണിപ്പറയുന്നതില്‍ അര്‍ത്ഥമില്ല.
രണ്ടു മുന്നണികള്‍ക്കും അവരവരുടേതായ സാമൂഹ്യാടിസ്ഥാനമുണ്ടെന്ന് നേരത്തെ കാണുകയുണ്ടായി. ഈ സാമൂഹ്യാടിസ്ഥാനങ്ങളുടെ സ്വഭാവത്തിലുള്ള വ്യത്യാസം ശ്രദ്ധേയമാണ്. ദളിത്, പിന്നോക്ക സമുദായങ്ങളാണല്ലോ ഇടതുപക്ഷത്തിന്റെ മുഖ്യസാമൂഹ്യാടിസ്ഥാനം. ദളിത് സമുദായത്തിന് തനതായ ഒരു സാമൂദായിക അസ്തിത്വമോ നേതൃത്വമോ വളര്‍ന്നുവരാതെ നോക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകാര്‍ പൂര്‍ണ്ണവിജയം നേടി. ഇപ്പോഴും ഈ അവസ്ഥ തുടരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ രംഗത്ത് വരുന്നതിന് മുമ്പുതന്നെ എസ്. എന്‍.ഡി.പി.യുടെ സംഘടനയും നേതൃത്വവും രൂപംകൊണ്ടുകഴിഞ്ഞിരുന്നതുകൊണ്ട് പിന്നോക്കക്കാരുടെ നേതൃത്വത്തെ ഇല്ലായ്മചെയ്യാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കായില്ല. പക്ഷേ, വര്‍ഗ്ഗരാഷ്ട്രീയം ഉപയോഗിച്ച് അധ്വാനിക്കുന്ന വര്‍ഗ്ഗത്തില്‍പ്പെട്ട പിന്നോക്ക ഭൂരിപക്ഷത്തെ നേടിയെടുക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കഴിഞ്ഞതോടെ പിന്നോക്ക നേതൃത്വം ദുര്‍ബലമായി. ഏറെകാലത്തേയ്ക്ക് എസ്.എന്‍.ഡി.പി. വിവാഹങ്ങള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കും മേല്‍നോട്ടം വഹിക്കുന്ന സംഘടനയായി ഒതുങ്ങേണ്ടി വന്നു. വിദ്യാഭ്യാസരംഗത്ത് മോശമല്ലാത്ത അടിസ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് അവര്‍ക്ക് വലിയൊരു പരിധിവരെ പിടിച്ചുനില്‍ക്കാനായത്. സമീപകാലത്ത് രാഷ്ട്രീയാധികാരപങ്കാളിത്തത്തി ന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള ചില നീക്കങ്ങള്‍ അവര്‍ ആരംഭിച്ചുവെങ്കിലും സാമൂഹ്യാടിസ്ഥാനത്തിലെ ഗണ്യമായ പങ്ക് ഇപ്പോഴും കമ്മ്യൂണിസ്റ്റുകാരുടെ നിയന്ത്രണത്തില്‍ ആയതുകൊണ്ട് നേതൃത്വത്തിന്റെ വിലപേശല്‍ ശക്തി ദുര്‍ബലം തന്നെയാണ്. ഇടതുപക്ഷത്തിന്റെ സാമൂഹ്യാടിത്തറയില്‍ സാമുദായിക രാഷ്ട്രീയം ഉന്നയിച്ച് വിലപേശാന്‍ കഴിയുന്നവര്‍ കുറവായതുകൊണ്ടാണ് അവര്‍ക്ക് അത്തരം വിവാദങ്ങളില്‍ അധികം ഏര്‍പ്പെടേണ്ടി വരാത്തത്. ഈ സാമൂഹ്യാടിസ്ഥാനം അധികാരം ഉറപ്പിക്കാന്‍ അപര്യാപ്തമാണെന്നറിയാവുന്നതുകൊ ണ്ട് മറ്റ് വിഭാഗങ്ങളില്‍ നിന്ന് പിന്തുണ നേടാനുള്ള കരുനീക്കങ്ങളില്‍ ഏതറ്റം വരെ പോകാനും അവര്‍ മടിക്കാറുമില്ല. മുസ്ലിം ലീഗില്‍ നിന്നും കേരളാ കോണ്‍ഗ്രസ്സില്‍നിന്നും ഓരോ വിഭാഗങ്ങളെ അടര്‍ത്തിയെടുത്ത് കൂടെ നിര്‍ത്തുന്നതു മുതല്‍ക്ക്, മ്അദനിയെ മഹാത്മാഗാന്ധിയോട് തുല്യപ്പെടുത്തി പി.ഡി.പി. വോട്ടുനേടാനുള്ള നീക്കം വരെയുള്ള അപഹാസ്യമായ സാമുദായിക രാഷ്ട്രീയകളികള്‍ നടത്തിയിട്ടുള്ളതും ഇടതുപക്ഷം തന്നെയാണ്.
പിന്നോക്ക വിഭാഗത്തിലെ ചെറുവിഭാഗത്തോടൊപ്പം ക്രിസ്ത്യന്‍ നായര്‍ സമുദായങ്ങളാണ് കോണ്‍ഗ്രസ്സിന്റെ മുഖ്യസാമൂഹ്യാടിസ്ഥാനം എന്നതുകൊണ്ടും അവര്‍ക്ക് കൂടുതല്‍ വിലപേശല്‍ ശക്തിയുള്ളതുകൊണ്ടും കോണ്‍ഗ്രസ്സ് മുന്നണിയ്ക്ക് സാമുദായിക രാഷ്ട്രീയം കൂടുതല്‍ തുറന്ന രീതിയില്‍ കൈകാര്യം ചെയ്യേണ്ടിവരുന്നു. ജനാധിപത്യപാര്‍ട്ടികള്‍ സാമുദായിക ശക്തികളെ തുറന്ന് അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്നതുകൊണ്ട് ഇത്തരം ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അവര്‍ക്ക് പ്രശ്‌നങ്ങളില്ലാതാനും.
രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ വോട്ടുബാങ്ക് സംരക്ഷിക്കാനും വികസിപ്പിക്കാനും വേണ്ടി തത്വരഹിതവും ഗര്‍ഹണീയവുമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതും സാമുദായിക ശക്തികള്‍ തങ്ങള്‍ക്കില്ലാത്ത സാമുദായിക പ്രാതിധിധ്യം അവകാശപ്പെട്ടുകൊണ്ട് രാഷ്ട്രീയപാര്‍ട്ടികളുമായി അവിഹിതമായ വിലപേശല്‍ നടത്തുന്നതുമാണ് ജനാധിപത്യമതേതര സംവിധാനത്തിന് ദോഷംചെയ്യുക. ഈ രണ്ടു പ്രവണതകളും പരിധിവിട്ടു ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് ജനാധിപത്യ മതേതര ശക്തികളെ ആശങ്കപ്പെടുത്തുന്ന സംഗതി. ആരോഗ്യകരമായ തലത്തില്‍ മതേതര ജനാധിപത്യ ഘടനയെ സംരക്ഷിച്ച് നിര്‍ത്തുന്നതിന് എന്തെങ്കിലും മാനദണ്ഡങ്ങള്‍ കണ്ടെത്താനും നിയന്ത്രണങ്ങള്‍ ചെലുത്താനും ആവുമോ എന്നാണ് പരിശോധിക്കേണ്ടത്.
ഡോ. അംബേദ്കര്‍ സാമുദായിക രാഷ്ട്രീയത്തില്‍ ഊന്നിയത് ഇന്ത്യയിലെ വര്‍ണ്ണ ജാതിവ്യവസ്ഥയെ മറികടക്കാന്‍ അത് അനിവാര്യമാണെന്നതുകൊണ്ടാണ്. പക്ഷേ, കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഏറെ വ്യത്യസ്തമായ സംഗതികളാണ്. ഇപ്പോഴും അധികാരത്തിന്റെ പങ്ക് അല്പം പോലും ലഭിച്ചിട്ടില്ലാത്ത ദളിത്, ആദിവാസി വിഭാഗങ്ങളാണ് കേരളത്തില്‍ സാമുദായിക രാഷ്ട്രീയം ശക്തമായി ഉന്നയിക്കേണ്ടത്. പക്ഷേ, അവര്‍, അതിന് തികച്ചും അശക്തരായി മാറിയിരിക്കുന്നു. മറിച്ച്, പണ്ടു മുതല്‍ക്കേ സാമൂഹ്യപദവിയില്‍ മേധാവിത്വപരമായ സ്ഥാനം ശക്തമായിത്തന്നെ നിലനിര്‍ത്തിയിരുന്ന സാമുദായികശക്തികള്‍ ഇപ്പോള്‍ കൂടുതല്‍ ശക്തമായി വിലപേശാനും മറ്റും ശ്രമിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ആരോഗ്യകരമായ ജനാധിപത്യമതേതര അന്തരീക്ഷത്തിന് ഒട്ടും ചേര്‍ന്നതല്ല ഈ സാഹചര്യം. പക്ഷേ, പാര്‍ലമെന്ററി രാഷ്ട്രീയം എത്തിനില്ക്കുന്ന വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ സാഹചര്യത്തില്‍ ഇത്തരം പ്രവണതകളെ തടഞ്ഞുനിര്‍ത്താനോ നിയന്ത്രിക്കാനോ എളുപ്പത്തില്‍ സാധ്യമാവില്ല. തത്വവിചാരം കൊണ്ട് പരിഹരിക്കാവുന്നവയല്ല ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍. ഇത്തരം പ്രവണതകളെ മറികടക്കാന്‍ കഴിയുന്ന പുതിയ സാമൂഹ്യരാഷ്ട്രീയ ഇടപെടലുകളാണാവശ്യം. സാമുദായിക ശക്തികള്‍ രാഷ്ട്രീയത്തില്‍ ഇടപെടരുത് എന്നെല്ലാം ചട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതിലര്‍ത്ഥമില്ല. ജനാധിപത്യസമൂഹത്തില്‍ ഏത് വ്യക്തികള്‍ക്കായാലും സംഘടനകള്‍ക്കായാലും രാഷ്ട്രീയപ്രശ്‌നങ്ങളില്‍ ഇടപെടാനും അഭിപ്രായം പറയാനും സ്വാതന്ത്ര്യമുണ്ട്. അത് തടയുന്നത് ജനാധിപത്യ കീഴ്‌വഴക്കമല്ല.
സാമൂഹ്യമായി അവശതകളുള്ള സമുദായങ്ങള്‍ സംഘടിക്കുന്നതും തുല്യമായ സാമൂഹ്യപദവിക്കുവേണ്ടി സമരം ചെയ്യുന്നതും ന്യായമാണ്. സ്വത്വ രാഷ്ട്രീയത്തിന്റെ പ്രസക്തി അവിടം വരെയാണ്. തുല്യമായ സാമൂഹ്യപദവി ലഭ്യമായവയും ഉള്ളവയുമായ സമുദായങ്ങള്‍ സാമുദായികമായി സംഘടിക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. അത്തരം സാമുദായിക ശക്തികള്‍ പരസ്പരം മത്സരിക്കുമ്പോള്‍ സാമുദായിക രാഷ്ട്രീയം വര്‍ഗ്ഗീയമായി മാറാന്‍ എളുപ്പമാണ്. രാഷ്ട്രീയ പാര്‍ട്ടികളോ സാമുദായിക സംഘടനകളോ ബന്ധപ്പെട്ട മൊത്തം സമുദായത്തെ പ്രതിനിധീകരിച്ച് അവകാശവാദങ്ങള്‍ ഉന്നയിക്കുകയും മറ്റു സമുദായങ്ങളുമായി കണക്കുപറയുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്യുമ്പോള്‍ സമുദായങ്ങള്‍ തമ്മിലുള്ള ശത്രുതയിലേക്കും വൈരത്തിലേയ്ക്കും നയിക്കുന്നു. അത് വര്‍ഗ്ഗീയ വികാരത്തെ വളര്‍ത്തുകയും സംഘട്ടനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.
മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ സംഘടനയുണ്ടാക്കുന്നതല്ല പ്രശ്‌നം. സമീപനാണ് പ്രശ്‌നം. മുസ്ലിം ലീഗിന്റെ പേര് ചൂണ്ടിക്കാട്ടി അവരെ വര്‍ഗ്ഗീയ പാര്‍ട്ടിയായി ചിത്രീകരിക്കുന്ന രീതിയുണ്ട്. അതിലര്‍ത്ഥമില്ല. മതേതര ജനാധിപത്യനിലപാട് തത്വത്തിലും പ്രയോഗത്തിലും അവര്‍ സ്വീകരിക്കുന്നിടത്തോളം കാലം അവര്‍ വര്‍ഗ്ഗീയപാര്‍ട്ടിയാവില്ല. ബാബറി മസ്ജിദ് സന്ദര്‍ഭത്തിലും മുസ്ലിം തീവ്രവാദത്തെ നേരിടുന്നതിലുമെല്ലാം അവര്‍ തങ്ങളുടെ മതേതര ജനാധിപത്യ നിലപാട് തെളിയിച്ചിട്ടുണ്ട്. അത്രത്തോളം നല്ലത്. ഇങ്ങനെ പരിശോധിക്കാന്‍ മിനക്കെടാത്തവരെ സംബന്ധിച്ചിടത്തോളം അവരുടെ പാര്‍ട്ടിയുടെ പേര് വര്‍ഗ്ഗീയധ്വനിയുള്ളതാണ്. ഇത്തരം ധ്വനിയുള്ള പേര് നിലനിര്‍ത്താന്‍ അവര്‍ നിര്‍ബന്ധം പിടിക്കുന്നിടത്തോളം കാലം, സമീപനത്തിലും പെരുമാറ്റത്തിലുമെല്ലാം നിതാന്ത ജാഗ്രത പുലര്‍ത്താന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. പക്ഷേ, അഞ്ചാം മന്ത്രിവിവാദത്തില്‍ അവര്‍ ഈ ജാഗ്രത പുലര്‍ത്തിയതായി കാണുന്നില്ല.
കോണ്‍ഗ്രസ്സിന് മന്ത്രിമാരെ നല്‍കിയ കണക്കില്‍ തന്നെ തങ്ങള്‍ക്കും മന്ത്രിമാരെ വേണമെന്ന് ലീഗിന് ആവശ്യപ്പെടാം. നേരിയ ഭൂരിപക്ഷത്തില്‍ നില്ക്കുന്ന മുന്നണിഭരണം, ഒരു എം.എല്‍.എ. ഉള്ള പാര്‍ട്ടിക്ക് ഒരു മന്ത്രിയെ വീതം മൂന്ന് മന്ത്രിമാരെ കൊടുക്കാന്‍ നിര്‍ബന്ധിതമായി നില്ക്കുന്ന സാഹചര്യത്തില്‍, അത്തരം സങ്കീര്‍ണ്ണതകളോട് മുഖം തിരിഞ്ഞുനിന്നുകൊണ്ട് ലീഗ് തങ്ങളുടെ ആവശ്യം നേടാനായി സമ്മര്‍ദ്ദതന്ത്രങ്ങള്‍ പ്രയോഗിച്ചത് ആരോഗ്യകരമായ മുന്നണി രാഷ്ട്രീയത്തിന് ചേരുന്നതായിരുന്നില്ല. ആദ്യമേ നേതൃത്വം ഇക്കാര്യത്തില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ മുതല്‍ ഒരു വിഭാഗം അണികളുടെ വൈകാരിക പ്രകടനങ്ങള്‍ക്ക് നേതൃത്വം കീഴ്‌പ്പെടാന്‍ നിര്‍ബന്ധിതമാകുന്നതുവരെയുള്ള കാര്യങ്ങള്‍ അനാരോഗ്യപ്രവണതകള്‍ തന്നെയാണ്. കേരളത്തിലെ ഒരു പ്രധാന സാമുദായിക പാര്‍ട്ടിയായ മുസ്ലിം ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഇത്തരം വ്യതിയാനങ്ങള്‍ കേരളത്തില്‍ നിലനില്‍ക്കുന്ന സൂക്ഷ്മമായ സാമുദായികസന്തുലനത്തെ ദോഷകരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
രാഷ്ട്രീയപാര്‍ട്ടികളുടെയും സമുദായസംഘടനകളുടെയും നേതൃത്വങ്ങള്‍ ഗുരുതരസ്വഭാവമുള്ള പല പാളിച്ചകളും നിരന്തരമായി വരുത്തികകൊണ്ടിരിക്കുന്നുണ്ടെങ് കിലും കേരളത്തിലെ പൊതുസമൂഹം മതേതരജനാധിപത്യശൈലി ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കൂടുതല്‍ പക്വതകാട്ടി പോന്നിട്ടുണ്ട്. ഇത്തരമൊരു പൊതു സമൂഹത്തിന്റെ നിലനില്പും വളര്‍ച്ചയ്ക്കുള്ള സാധ്യതകളുമാണ് ജനാധിപത്യ മതേതര ശക്തികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകം.
Saw this only now, it makes some very candid observations. Was it published in print somewhere?
ReplyDelete