ഇന്ത്യയില്‍ കമ്മ്യൂണിസം എന്തുകൊണ്ട് പരാജയപ്പെട്ടു?
കെ. വേണു
വികസിത മുതലാളിത്ത രാജ്യങ്ങളിലാണ് കമ്മ്യൂണിസ്റ്റു വിപ്ലവം നടക്കുകയെന്ന മാര്‍ക്‌സിന്റെ വിലയിരുത്തല്‍ യാഥാര്‍ത്ഥ്യമാകാതിരുന്ന പശ്ചാത്തലത്തിലാണ്, സാമ്രാജ്യത്വ ശൃംഖലയിലെ ദുര്‍ബല കണ്ണിയെന്ന് ലെനിന്‍ വിലയിരുത്തിയ റഷ്യയില്‍ വിപ്ലവസാധ്യത അദ്ദേഹം പ്രവചിച്ചത്. റഷ്യന്‍ പാത വ്യത്യസ്തരീതിയില്‍ പിന്തുടര്‍ന്ന മാവോയ്ക്ക് ചൈനയിലും വിപ്ലവലക്ഷ്യം നേടാനായി. ചൈനീസ് അവസ്ഥയോട് പല രീതിയില്‍ സാദൃശ്യമുണ്ടായിരുന്ന ഇന്ത്യയിലും ആ രീതിയിലുള്ള ഒരു വിപ്ലവത്തിന്റെ സാധ്യത കാണാന്‍ കഴിയുമായിരുന്നു. റഷ്യയിലും ചൈനയിലും കമ്മ്യൂണിസ്റ്റു ലക്ഷ്യം നേടുന്നതില്‍ വിപ്ലവങ്ങള്‍ വിജയിച്ചില്ലെങ്കിലും ഏറെ പിന്നോക്കാവസ്ഥയിലായിരുന്ന ആ സമൂഹങ്ങളെ സാമ്പത്തിക തലത്തിലെങ്കിലും ഗണ്യമായി മുന്നോട്ടു നയിക്കാന്‍ ആ പരിവര്‍ത്തനങ്ങള്‍ സഹായകമായി. ചൈനയില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി രൂപം കൊണ്ട കാലഘട്ടത്തില്‍ തന്നെ ഇന്ത്യയിലും കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന് തുടക്കം കുറിച്ചുവെങ്കിലും അതിബൃഹത്തും സങ്കീര്‍ണ്ണവുമായ ഇന്ത്യന്‍ സമൂഹത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരു രാഷ്ട്രീയശക്തിയായി വളരാന്‍പോലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിനായില്ലെന്ന യാഥാര്‍ത്ഥ്യം നമ്മുടെ മുന്നിലുണ്ട്.
കമ്മ്യൂണിസ്റ്റ് ലക്ഷ്യം നേടുന്നതിന് മാര്‍ക്‌സിസം അവതരിപ്പിച്ച രാഷ്ട്രീയ സാമ്പത്തിക പദ്ധതികള്‍ അടിസ്ഥാനപരമായി പാളിപ്പോയെങ്കിലും മാര്‍ക്‌സിന്റെ ചരിത്ര, സാമൂഹിക വിശകലനരീതി റഷ്യന്‍, ചൈനീസ് സമൂഹങ്ങളെ മനസ്സിലാക്കുന്നതിനും, താരതമ്യേന ഫലപ്രദമായ രീതിയില്‍ ഇടപെടുന്നതിനും അവിടങ്ങളിലെ കമ്മ്യൂണിസ്റ്റു നേതൃത്വങ്ങളെ സഹായിക്കുകയുണ്ടായി. എന്നാല്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു നേതൃത്വം ആരംഭം മുതല്‍ക്കേ ഇന്ത്യന്‍ സമൂഹത്തിന്റെ ചലനനിയമങ്ങളും സവിശേഷതകളും മനസ്സിലാക്കുന്നതില്‍ അമ്പേ പരാജയപ്പെടുകയായിരുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ നിന്ന് ഉടലെടുത്ത മാര്‍ക്‌സിന്റെ വര്‍ഗ്ഗസിദ്ധാന്തം തികച്ചും യാന്ത്രികമായി ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിക്കാന്‍ ശ്രമിച്ച ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇവിടത്തെ വര്‍ണ്ണ-ജാതി വ്യവസ്ഥയെ മനസ്സിലാക്കാന്‍ അല്പം പോലും കഴിഞ്ഞില്ല. ലോകനിലവാരത്തില്‍ തന്നെ നോക്കിയാല്‍ താരതമ്യേന ചലനാത്മകമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യപ്രക്രിയയില്‍ സജീവമായി ഇടപെട്ടുകൊണ്ട് മര്‍ദ്ദിത ജാതി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സാമൂഹ്യവിഭാഗങ്ങള്‍ സ്വത്വരാഷ്ട്രീയം ഉപയോഗിച്ചുകൊണ്ട് താന്താങ്ങളുടെ രാഷ്ട്രീയാധികാര പങ്കാളിത്തം പിടിച്ചുപറ്റുന്നത് നോക്കിനിന്ന് അന്തം വിടാന്‍ മാത്രമേ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കഴിയുന്നുള്ളൂ.
മാര്‍ക്‌സും ലെനിനും സൃഷ്ടിച്ച ജനാധിപത്യത്തെക്കുറിച്ചുള്ള വികലമായ ധാരണകള്‍ കുറെകൂടി പ്രാകൃതരൂപത്തില്‍ മനസ്സിലാക്കിയ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍, അരനൂറ്റാണ്ടിലധികം ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രവര്‍ത്തിച്ചിട്ടും മെയ്‌വഴക്കത്തോടെ അതില്‍ ഇടപെടാനോ, അതിനെ മെച്ചപ്പെടുത്തിയെടുക്കുന്നതിന് ക്രിയാത്മകമായി നിര്‍ദ്ദശങ്ങളും പ്രായോഗികപദ്ധതികളും മന്നോട്ടുവെയ്ക്കുന്നതിനോ ആവാതെ നിസ്സഹായരായി നോക്കിനില്‍ക്കുകയാണ് ചെയ്യുന്നത്. കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ അനവധി തവണ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാതെയുള്ള തീരുമാനങ്ങളെടുത്ത് പരാജയമടഞ്ഞതിന്റെ കഥകള്‍ കാണാം. ഇന്നും അതേ ചരിത്രം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
1942ല്‍ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് ക്വിറ്റിന്ത്യാ സമരം ആരംഭിച്ചപ്പോള്‍, രണ്ടാം ലോകയുദ്ധത്തില്‍ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള അച്ചുതണ്ടുശക്തികളുമായി സോവിയറ്റുയൂണിയന്‍ സഖ്യമുണ്ടാക്കിയതിന്റെ പേരില്‍ ഇന്ത്യയുടെ മേല്‍ കൊളോണിയല്‍ ആധിപത്യം ഉറപ്പിച്ചിരുന്ന ബ്രിട്ടന് അനുകൂലമായി ക്വിറ്റിന്ത്യാ സമരത്തെ എതിര്‍ക്കാന്‍ ഇന്ത്യയിലെ അവിഭക്ത കമ്മ്യൂണിറ്റുപാര്‍ട്ടി മുന്നോട്ടുവന്നു. അവരുടെ മുന്നില്‍ ഇന്ത്യയുടെ കൊളോണിയല്‍ അവസ്ഥയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും ഒന്നും പ്രശ്‌നമായിരുന്നില്ല. സ്റ്റാലിന്റെ സോവിയറ്റുയൂണിയന്‍ ലോകയുദ്ധത്തില്‍ സ്വീകരിക്കുന്ന രാഷ്ട്രീയതന്ത്രങ്ങളെ പിന്തുണയ്ക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. മുസ്ലിം ലീഗ് പാകിസ്ഥാന്‍ വിഭജനപ്രശ്‌നം ഉന്നയിച്ച കാലത്ത്, സോവിയറ്റ് യൂണിയന്‍ ഭാഷാദേശീയതകള്‍ക്ക് വിട്ടുപോകാന്‍ ഉള്‍പ്പെടെയുള്ള സ്വയം നിര്‍ണ്ണയാവകാശം നല്‍കിയിട്ട് അവയെ സ്വമേധയാ ഐക്യപ്പെടുത്തുകയാണ് ലെനിന്റെ നേതൃത്വത്തില്‍ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി, നിര്‍ദ്ദേശിക്കപ്പെട്ട പാകിസ്ഥാന്‍ മേഖലകളിലെ ഭാഷാദേശീയതകള്‍ക്ക് അപ്രകാരം ഐക്യപ്പെടാനും വേറിട്ടുപോകാനും അനുവദിക്കണമെന്ന പ്രമേയം കമ്മ്യൂണിസ്റ്റു പാര്‍ട്ടി 1943-ലെ ഒന്നാം കോണ്‍ഗ്രസ്സില്‍ പാസാക്കി. സ്റ്റാലിന്‍ ഭാഷാ ദേശീയതകളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു എന്ന ചരിത്രസത്യം മൂടിവെച്ചു. അധികം താമസിയാതെ ഈ നിലപാട് അവര്‍ വിഴുങ്ങുകയും ചെയ്തു, ഒരു വിശദീകരണവും നല്‍കാതെ.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ പി.സി. ജോഷിയുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി അതിനെ സ്വാഗതം ചെയ്യുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ ദേശീയശക്തി ആയി അംഗീകരിച്ച് പിന്തുണയ്ക്കുകയും ചെയ്തു. പക്ഷേ, ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും 1948 ഫെബ്രുവരിയില്‍ നടന്ന രണ്ടാം കോണ്‍ഗ്രസ്സില്‍ വെച്ച് ബി.ടി.രണദിവയുടെ നേതൃത്വത്തില്‍ അംഗീകരിക്കപ്പെട്ട കല്‍ക്കത്ത തിസീസ് എന്നറിയപ്പെടുന്ന നിലപാടനുസരിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യം മിഥ്യയായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സാമ്രാജ്യത്വസേവ ചെയ്യുന്ന പാര്‍ട്ടിയും. ഉടന്‍ വിപ്ലവത്തിനുള്ള ആഹ്വാനവും. ഒരു കൊല്ലം കഴിഞ്ഞപ്പോഴേയ്ക്കും, കല്‍ക്കത്താ തിസീസ് സൃഷ്ടിച്ച സാഹസിക സംരംഭങ്ങളുടെ തിക്താനുഭവങ്ങളുടെ പശ്ചാച്ചലത്തില്‍, രാജേശ്വരറാവുവിന്റെ നേതൃത്വത്തില്‍ തെലുങ്കാനയില്‍ നടന്നുകൊണ്ടിരുന്ന ചൈനീസ് മാതൃകയിലുള്ള ജനകീയ യുദ്ധം ഇന്ത്യയക്ക് മാതൃകയായി പ്രഖ്യാപിക്കപ്പെട്ടു. 1951- ലെത്തിയപ്പോഴേയ്ക്കും സ്റ്റാലിന്റെ ഇടപെടലിലൂടെ, ഇന്ത്യയിലെ പാര്‍ലമെന്ററി സമ്പ്രദായത്തില്‍ സജീവമായി ഇടപെട്ടുകൊണ്ട് വിപ്ലവലക്ഷ്യം നേടുന്നതിനെ കുറിച്ചുള്ള പ്രത്യയ ശാസ്ത്ര നിലപാട് സ്വീകരിക്കുകയും ചെയ്തു. പാര്‍ലമെന്റില്‍ പങ്കെടുക്കുന്നത് അടവുപരമായ താല്ക്കാലിക നടപടിമാത്രമാണെന്നും, വിപ്ലവലക്ഷ്യം കൈവിടാത്ത വിപ്ലവപാര്‍ട്ടിയായി തുടരുമെന്നും അണികളെ ബോധ്യപ്പെടുത്തിക്കൊണ്ടായിരുന് നു തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിലേക് കുള്ള പ്രവേശം. രണ്ടുമൂന്നു വര്‍ഷത്തെ ചുരുങ്ങിയ കാലയളവിനുള്ളില്‍ പരസ്പര വിരുദ്ധമായ നാലു നിലപാടുകള്‍ എടുത്ത മറ്റൊരു നേതൃത്വം എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. കഴിഞ്ഞ അറുപതുകൊല്ലമായിട്ട് ഒരു തിരഞ്ഞെടുപ്പു പാര്‍ട്ടിമാത്രമായി അന്നത്തെ അവിഭക്ത പാര്‍ട്ടിയും ഇപ്പോഴത്തെ രണ്ടു മുഖ്യധാരാ കമ്മ്യുണിസ്റ്റു പാര്‍ട്ടികളും പ്രവര്‍ത്തിച്ചു പോരുന്നുവെങ്കിലും വിപ്ലവപാര്‍ട്ടികളെന്ന പൊയ്മുഖം നിലനിര്‍ത്താന്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കാന്‍ ഇപ്പോഴും അവയ്ക്കായിട്ടുമില്ല.
ഒരു വശത്ത് ഭരണഘടനയെ പിടിച്ച് ആണയിട്ടുകൊണ്ട് എം.എല്‍.എ. മാരും എം.പി.മാരും ആവുക. മറുവശത്ത് പാര്‍ലമെന്റേതര സമരങ്ങള്‍ എന്ന ഓമനപ്പേരിട്ട്, അക്രമസമരങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ട് വിപ്ലവ പാര്‍ട്ടി പരിവേഷം നിലനിര്‍ത്തുക. സത്യദീക്ഷയോ, തത്വദീക്ഷയോ ഇല്ലാത്ത ഇത്തരം പ്രവര്‍ത്തനശൈലികള്‍ ഒരു ജനാധിപത്യസമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല. പക്ഷേ, ഈ കാപട്യം മൂടിവെയ്ക്കാനായി ജനാധിപത്യത്തെ ബൂര്‍ഷ്വാ ജനാധിപത്യമെന്ന് മുദ്രകുത്തുകയും അവഹേളിക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചുപോന്നിട്ടുള്ളത്. അതുവഴി ജനാധിപത്യവിരുദ്ധമായ അക്രമസമരങ്ങള്‍ക്ക് പുരോഗമനപരിവേഷം നിലനിര്‍ത്താനും അവര്‍ ശ്രമിച്ചുപോന്നിട്ടുണ്ട്. പക്ഷേ, ഇത്തരം കാപട്യങ്ങള്‍ അധികനാള്‍ തുടരാനാവില്ലെന്ന യാഥാര്‍ത്ഥ്യമാണ് കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ മുന്നില്‍ പ്രത്യയശാസ്ത്ര പ്രതിസന്ധികളും മറ്റുമായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടിയും ഭരണകൂടവും ഒന്നല്ല രണ്ടായി പ്രവര്‍ത്തിക്കണം എന്ന് പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ട് പറയുകയും, എന്നാല്‍ പ്രത്യയശാസ്ത്ര പ്രമേയം അതേക്കുറിച്ച് ഒന്നും പറയാതെ പഴയ നിലപാടു ആവര്‍ത്തിക്കുകയും ചെയ്യുന്നത് ഈ ആശയക്കുഴപ്പത്തിന്റെ ലക്ഷണമാണ്.
രണ്ടാം ലോകമഹായുദ്ധത്തോടു കൂടി, രാജ്യങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന വെട്ടിപ്പിടുത്ത രാഷ്ട്രീയത്തിന് ചരിത്രപരമായ അന്ത്യം കുറിച്ചുവെന്നും, രാജ്യങ്ങള്‍ക്കിടയിലെ ജനാധിപത്യം എന്ന പുതിയ ചരിത്ര പ്രക്രിയയ്ക്ക് തുടക്കമായി എന്നും യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇപ്പോഴും അംഗീകരിക്കാനാവുന്നില്ല. ഐക്യരാഷ്ട്രസഭയിലെ വീറ്റോ അധികാരവും അമേരിക്കയുടെ ലോകപോലീസ് ചമയലും പഴയ വെട്ടിപ്പിടുത്ത രാഷ്ട്രീയത്തിന്റെ അവശിഷ്ടങ്ങളാണെങ്കിലും, അവയ്ക്ക് അധികനാള്‍ തുടരാനാവില്ല. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധത്തില്‍ നിലനിന്നിരുന്ന കയ്യൂക്കുള്ളവര്‍ കാര്യക്കാര്‍ എന്ന അവസ്ഥയ്ക്ക് അന്ത്യം കുറിക്കുന്ന നടപടിയുടെ തുടക്കമാണ് ലോകവ്യാപാരത്തിന് പൊതുചട്ടങ്ങള്‍ ഉണ്ടാക്കാനുള്ള ലോകവ്യാപാര സംഘടനയുടെ ശ്രമങ്ങള്‍. ഇപ്പോള്‍ വികസിത രാജ്യങ്ങള്‍ക്ക് മേധാവിത്താവസ്ഥയുണ്ടെങ്കിലും, വീറ്റോ അധികാരമില്ലാതെ പൊതുസമ്മതാടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കുന്ന ലോകവ്യാപാരസംഘടനയുടെ രീതികള്‍, വ്യാപാരരംഗത്തും ജനാധിപത്യം അനിവാര്യമാക്കിത്തീര്‍ക്കും.
വെട്ടിപ്പിടുത്ത രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയായി നിലനില്ക്കുന്ന വ്യാപാരരംഗത്തെ കഴുത്തറുപ്പന്‍ മത്സരത്തിനും അതേപടി തുടരാനാവില്ലെന്നാണ് സമീപകാല ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ ലക്ഷ്യം വെച്ചപോലെ വിപണിയെ നിര്‍മ്മാര്‍ജനം ചെയ്യുക അസാധ്യവും അപ്രായോഗികവുമാണ്. കഴുത്തറുപ്പന്‍ മത്സരത്തിനു ചരിത്രമുന്നേറ്റത്തില്‍ പിടിച്ചുനില്‍ക്കാനാവില്ല. ആരോഗ്യകരവും ജനാധിപത്യപരവുമായ സാമൂഹ്യനിയന്ത്രണത്തിന് വിധേയമാകുന്ന വിപണിയുടെ രാഷ്ട്രീയമാണ് 21-ാം നൂറ്റാണ്ടില്‍ നാം കാണാന്‍ പോകുന്നത്. ഈ പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചുകൊണ്ട്, വിപണിക്കു വേണ്ടിയുള്ള വെട്ടിപ്പിടുത്തങ്ങള്‍ ലോകയുദ്ധത്തിലേക്ക് നയിക്കുന്നതിനെക്കുറിച്ച് പറഞ്ഞ ലെനിന്റെ സാമ്രാജ്യത്വ സിദ്ധാന്തങ്ങള്‍ അതേപടി ഉരുവിടാന്‍ ശ്രമിക്കുന്ന സി.പി.എമ്മിന്റെ പുതിയ പ്രത്യയശാസ്ത്ര പ്രമേയം അവരുടെ ആശയപരമായ പാപ്പരത്തത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
ഇതിനേക്കാള്‍ അമ്പരപ്പിക്കുന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള അവരുടെ നിഷേധാത്മക സമീപനം. നേരത്തെ സൂചിപ്പിച്ചതുപോലെ ബൂര്‍ഷ്വാജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് മിഥ്യാപരമായ ജനാധിപത്യാവകാശങ്ങളാണുള്ളതത്രെ. അവ ഉപയോഗപ്പെടുത്താനുള്ള കഴിവുകള്‍ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയും ചെയ്യുന്നുവത്രെ. ഇതിന് പകരം, യഥാര്‍ത്ഥ ജനാധിപത്യം സാധ്യമാവണമെങ്കില്‍, മുവുവന്‍ ജനങ്ങളുടെയും സാമ്പത്തികശാക്തീകരണം സംഭവിക്കണം. പഴയ സോഷ്യലിസ്റ്റ് സങ്കല്പം തന്നെയാണിത്. മുഴുവന്‍ സമൂഹത്തിന്റെയും സാമ്പത്തിക ശാക്തീകരണം എങ്ങനെ സാധ്യമാവും എന്നതാണ് പ്രശ്‌നം. ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ജനാധിപത്യസമ്പ്രദായത്തിന് ആ ലക്ഷ്യം നേടാനാവില്ല എന്നുതന്നെയാണ് വിലയിരുത്തല്‍. പിന്നെയുള്ള ബദല്‍ സോവിയറ്റ് മോഡല്‍ സാമ്പത്തിക കേന്ദ്രീകരണം തന്നെ. പൊതുമേഖലാ കേന്ദ്രീകരണം. എന്നാല്‍ ചൈനയിലെപ്പോലെ വിപണിയാകാം. പക്ഷേ, അത് കേന്ദ്രീകൃതനിയന്ത്രണത്തിലാകണം. ജനാധിപത്യപരമായ അവകാശങ്ങളും ബഹുസ്വരതയുമെല്ലാം അനുവദിക്കപ്പെടുന്നത്, തൊഴിലാളി വര്‍ഗ്ഗഭരണകൂടത്തിന് കീഴില്‍ സോഷ്യലിസം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരിക്കുമത്രെ. ഇന്ന് ചൈനയില്‍ നിലനില്ക്കുന്നത് ഒരു ടെക്‌നോക്രാറ്റ് നേതൃത്വത്തിന്റെ സ്വേച്ഛാധിപത്യഭരണമാണ്. അതാകട്ടെ ആന്തരികസംഘര്‍ഷങ്ങള്‍ക്കൊണ്ട് തകര്‍ച്ചയുടെ വക്കിലാണ് താനും. ചൈനയില്‍ നിലനില്‍ക്കുന്ന സ്വേച്ഛ്വാധിപത്യപരമായ മുതലാളിത്തം (Authoritarian Capitalism) കൂടുതല്‍ വികസന സാധ്യത നല്‍കുന്നതുകൊണ്ട് ഇന്ത്യക്ക് പരീക്ഷിക്കാവുന്ന മാതൃകയാണെന്ന് കരുതുന്ന മുതലാളിത്തത്തിന്റെ വക്താക്കളുണ്ട്. പക്ഷേ ഈ മാതൃക അതിജീവനശേഷിയുള്ളതല്ലെന്നതാണ്് ഏറ്റവും പ്രധാന സംഗതി. തൊഴിലാളികള്‍ക്കും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും സംഘാടന അവകാശങ്ങളും മറ്റും നിഷേധിച്ചുകൊണ്ടുള്ള ഭീകരമായ സ്വേച്ഛാധിപത്യഭരണമാണ് നിലനില്ക്കുന്നത്. അത്തരം ഘടനകള്‍ ആന്തരികമായി തകരാന്‍ ബാദ്ധ്യസ്ഥമാണ്. അതുകൊണ്ടുതന്നെ അതിനെ ഒരു മാതൃകയാക്കാന്‍ സാമാന്യബുദ്ധിയുള്ള ആരും തയ്യാറാവുകയുമില്ല.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസ്ഥയെക്കുറിച്ചുനോക്കാം. തുല്യമായ സാമ്പത്തികശാക്തീകരണം ഇല്ലാത്തതുകൊണ്ട് അതിവിപുലമായ ഉച്ചനീചത്വം ജനാധിപത്യത്തെ പ്രഹസനമാക്കുന്നു എന്നു വിമര്‍ശനത്തിന് കാമ്പുണ്ട്. പക്ഷേ, ഈ അവസ്ഥയെ മറികടക്കാനായി, സാമ്പത്തികശാക്തീകരണം കൊണ്ടുവന്നാല്‍ അത് ഒരു തരത്തിലും ജനാധിപത്യാവകാശങ്ങളെ ശക്തിപ്പെടുത്തുന്നില്ല. മറിച്ച് ജനാധിപത്യാവകാശങ്ങളെ പൂര്‍ണ്ണമായി നിഷേധിക്കുന്നതിലേയ്ക്കാണ് അത് നയിക്കുക. കേന്ദ്രീകരണത്തിന് പകരം സഹകരണസംഘങ്ങളും മറ്റ് രൂപങ്ങളും പ്രയോജനപ്രദമല്ല. കാരണം, അവയൊക്കെ പുതിയ അധികാരി വര്‍ഗ്ഗങ്ങളെ സൃഷ്ടിക്കുകയല്ലാതെ, അധികാര വികേന്ദ്രീകരണത്തിലേക്ക് നയിക്കുന്നില്ല എന്നതാണ് വസ്തുത.
ഇന്ത്യയെപ്പോലുള്ള ജനാധിപത്യസമൂഹങ്ങളില്‍ ജനാധിപത്യത്തിന്റെ നാലുതൂണുകള്‍ക്ക് സംഭവിക്കുന്ന അപചയമാണ് മറികടക്കപ്പെടേണ്ടത്. അതിനുള്ള മാര്‍ഗ്ഗം സിവില്‍ സമൂഹത്തിന്റെ ജാഗ്രതയോടുകൂടിയ ഇടപെടലാണെന്നും ഇന്ത്യന്‍ ജനാധിപത്യസമ്പ്രദായം തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. അത് തീര്‍ച്ചയായും ജനാധിപത്യസമ്പ്രദായത്തിന്റെ ഘടനയില്‍ തന്നെ പുതിയ തലങ്ങള്‍ സൃഷ്ടിച്ചേക്കാം. ജനാധിപത്യ ഭരണസമ്പ്രദായത്തെ പൂര്‍ണ്ണമായും സുതാര്യമാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് അത് നീങ്ങുക. വിപണിയുടെ മേലെയുള്ള ജനാധിപത്യപരമായ സാമൂഹ്യനിയന്ത്രണം കൂടി സാധ്യമായാല്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ സാമൂഹ്യനീതിയുടെ ഘടകം കൂടി പ്രായോഗികതലത്തിലെത്തും. ഇത്തരം പ്രായോഗികമായ സാധ്യതകള്‍ നിലനില്‍ക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന് പകരം ചൈനയിലെ ടെക്‌നോ ക്രാറ്റ് സ്വേച്ഛാധിപത്യത്തെ അവതരിപ്പിക്കാന്‍ തയ്യാറായ സി.പി.എം.നേതൃത്വത്തിന്റെ തൊലിക്കട്ടി അപാരം തന്നെ.
No comments:
Post a Comment